Saturday, March 6, 2010

പയ്യന്നൂരിലെ ചിത്രലേഖയും ജാതിപീഢനവും

പയ്യന്നൂരിലെ ചിത്രലേഖ എന്ന സ്ത്രീയും കുടുംബവും ജാതിയുടെ പേരില്‍ കഠിനമായ അപമാനം അനുഭവിക്കേണ്ടിവരുന്നു എന്ന ഒരു വാര്‍ത്ത ഇപ്പോള്‍ ബ്ലോഗിലും പ്രാധാന്യം നേടിയിരിക്കുന്നു. സ്വന്തമായി ഓട്ടൊ റിക്ഷ ഓടിച്ച് ഉപജീവനം നടത്തുന്ന അവരെ നിരന്തരം അപമാനിച്ചുകൊണ്ട് പയ്യന്നൂരിലെ ഓട്ടോറിക്ഷ തൊഴിലാളികളും,അയല്‍‌വാസികളും തങ്ങളുടെ സംസ്ക്കാരശൂന്യതയാല്‍ ലോകത്തിനുമുന്നില്‍ അപഹാസ്യരാകാനുള്ള തയ്യാറെടുപ്പിലാണെന്നു തോന്നുന്നു. സി.പി.എം ന് വന്‍ ജന സ്വാധീനമുള്ള ഒരു പ്രദേശത്ത് ഇത്തരമൊരു സംഭവം ഉണ്ടാകുന്നത് സി.പി.എമ്മിന്റെ ജാതീയ നിലപാടുകളുടെ കാപട്യമായി വിലയിരുത്തപ്പെടേണ്ടതാണ്. മാനവിക നിലപാടുകള്‍ എന്ന ബ്ലോഗില്‍ സൂചിപ്പിക്കുന്ന തരത്തിലുള്ള ജാതീയ പീഢനം അവിടെ നടക്കുന്നുണ്ടെങ്കില്‍ കേരളം ഒന്നടങ്കം അപലപിക്കേണ്ടതും, സാംസ്ക്കാരിക കേരളത്തിന് അപമാനകരമായതുമായ ഗുരുതരമായ കുറ്റകൃത്യമാണ്. മാനവിക നിലപാടുകള്‍ എന്ന ബ്ലോഗിലെ പോസ്റ്റിലേക്കുള്ള ലിങ്ക് :
സി.പി.എമ്മിന്റെ ദളിതുപീഢനം !
ആ പോസ്റ്റിന് ചിത്രകാരന്‍ എഴുതിയ കമന്റ് താഴെ:

chitrakaran പറഞ്ഞു...

ചിത്രലേഖയുടെ ഓട്ടോറിക്ഷ കത്തിക്കല്‍ പ്രശ്നം ചെറിയ പത്രവാര്‍ത്തയായി എപ്പോഴോ വായിച്ചിരുന്നു. പേരിന്റെ സൌന്ദര്യംകൊണ്ടാണ് ശ്രദ്ധിച്ചതെന്നു പറയുകയാണു ശരി. കാരണം പയ്യന്നൂര്‍ തളിപ്പറംബ് പ്രദേശത്ത് ദിവസവും ഒന്നോ രണ്ടോ കാറുകളും, ഓട്ടോയോ, നാലഞ്ചു ബൈക്കുകളോ കത്തിക്കുക, റബ്ബറ് തോട്ടവും വാഴത്തോട്ടവും മറ്റു കൃഷികളും വെട്ടി നശിപ്പിക്കുക എന്നതൊക്കെ ഉച്ചപൂജ,അത്താഴപൂജ എന്നൊക്കെപ്പറയുന്നതുപോലെ എല്ലാ ദിവസവും ആവര്‍ത്തിക്കുന്ന സാധാരണ സംഭവമാണ്. വിരോധത്തിനിരയായാല്‍ വീടും പറംബും ഉപേക്ഷിച്ചുപോകുകയാണ് ഇവിടത്തെ സുരക്ഷിത മാര്‍ഗ്ഗം. നമ്മുടെ വീടിന്റെ പൂജാമുറിയില്‍ രാഷ്ട്രീയക്കാരന്‍ കുഴിയെടുത്ത് തെങ്ങിന്‍ തൈ നട്ടാലും പ്രതിഷേധിച്ചുകൂട.(പാര്‍ട്ടി-ആര്‍ എസ് എസ് ഗ്രാമങ്ങളില് അതൊക്കെ നാടന്നിട്ടുണ്ട്.‍)ചിലപ്പോള്‍ രാവിലെ ഉണര്‍ന്ന് വാതില്‍ തുറക്കുംബോള്‍ കാണുക എതിര്‍ പാര്‍ട്ടിക്കാര്‍ വീട്ടിന്റെ കോലായിലോ വാതില്‍ക്കലോ അവസാന മുന്നറിയിപ്പായി റീത്ത് വച്ചതായിരിക്കും ! പക്ഷേ ഇതെല്ലാം ചില സ്ഥലങ്ങളിലേ ഉള്ളു കെട്ടോ.
പറഞ്ഞുവരുന്നത് അത്രയും രാഷ്ടീയ ഭക്തിഭ്രാന്ത് ബാധിച്ച സ്ഥലമാണിതെന്നാണ്.

എന്നാല്‍ പയ്യന്നൂരിന് ഈ രാഷ്ട്രീയ അതിപ്രസരത്തിന്റെ പശ്ചാത്തലത്തിനു പുറമെ സവര്‍ണ്ണതയുടെ കുലിന പരിവേഷം കൂടിയൂണ്ട്.
പയ്യന്നൂരിലെ ക്ഷേത്രങ്ങള്‍,ജ്യോത്സ്യത്തിന്റേയും,പൊതുവാളന്മാരുടേയും,സവര്‍ണ്ണ ഉദ്ദ്യോഗസ്ഥന്മാരുടേയും അയ്യരുകളികൂടിയ ഈ ഭാഗത്തെ സവര്‍ണ്ണ സാന്ദ്രത ഏത് കമ്മ്യൂണിസ്റ്റിനേയും സവര്‍ണ്ണ മൂല്യങ്ങളുടെ ആരാധകനും വക്താവുന്മാക്കുന്ന സാഹചര്യം നിലവിലുണ്ട്.ഈ സവര്‍ണ്ണ സാന്നിദ്ധ്യം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ കാര്യസാദ്ധ്യത്തിനുവേണ്ടിയുള്ള കഴുതക്കാലായി ആദരിക്കുകയും പൊക്കിവക്കുകയും കൂടി ചെയ്യുംബോള്‍ പാര്‍ട്ടി സവര്‍ണ്ണവല്‍ക്കരിക്കപ്പെടുകയും സവര്‍ണ്ണ ശീലങ്ങള്‍ നാട്ടുനടപ്പും ആചാര വിശ്വസങ്ങളുമായി പുരോഗമന ചിന്താഗതിക്കാരെക്കൂടി വിലങ്ങിടുകയും ചെയ്യുന്നത് ആരും അറിയാതിരിക്കുകയാണു ചെയ്യുന്നത്.

അതുകൊണ്ടുതന്നെ ഈ ദുരവസ്ഥയെ നേരിടുംബോള്‍ സി.പി.എം എന്ന പാര്‍ട്ടിയെ പ്രതിസ്ഥാനത്തു നിര്‍ത്തുന്ന പ്രവണത പ്രായോഗികമല്ലെന്നു മാത്രമല്ല,ആത്മഹത്യാപരം കൂടിയാണെന്നാണ് ചിത്രകാരന്റെ അഭിപ്രായം.
കാരണം,പാര്‍ട്ടി സവര്‍ണ്ണതയുടെ ഇരകൂടിയാണിവിടെ. നമ്മുടെ ശത്രു സവര്‍ണ്ണതയാണ്; സവര്‍ണ്ണര്‍പോലുമല്ല എന്നതും ഓര്‍ക്കണം. അപ്പോള്‍,സവര്‍ണ്ണ ഹിന്ദുത്വ അജണ്ടക്ക് എതിരെ സ്വാഭാവികമായി അണിനിരക്കാന്‍ തയ്യാറുള്ള പയ്യന്നൂരിലെ സി.പി.എം.നെ ശത്രു പക്ഷത്ത് നിര്‍ത്തുന്നത് ബുദ്ധിശൂന്യതയാകും. കാരണം അവിടത്തെ പാര്‍ട്ടി അണികള്‍ അത്യന്തം ആത്മാര്‍ത്ഥതയുള്ളവരും, സത്യസന്ധരുമാണ്.പാര്‍ട്ടി ഭക്തിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന അവര്‍ തങ്ങളുടെ നേതാക്കളായ സവര്‍ണ്ണരുടെ ജാതീയ അജണ്ടകള്‍ക്ക് വഴിപ്പെട്ട്
പ്രകടമാക്കുന്ന സവര്‍ണ്ണതയേയും,അയിത്തത്തേയും വളരെ ശ്രദ്ധയോടെ വിഷമിറക്കേണ്ടതാണ്. അവിടത്തെ സി.പി.എം.സവര്‍ണ്ണ നേതാക്കളെക്കൊണ്ടുതന്നെ ഈ സവര്‍ണ്ണ വിഷം ഇറക്കുകയാണ് വേണ്ടത്.
അല്ലാതുള്ള മാര്‍ഗ്ഗം ചിത്രലേഖ എന്ന ആ സ്ത്രീയെ ഇനിയും ദ്രോഹിക്കുന്ന
തരത്തില്‍ വളരാനാണു സാധ്യത.മാത്രമല്ല,അതിനായി അവര്‍ണ്ണശക്തിയായ സി.പി.എമ്മിനെ സവര്‍ണ്ണരാക്കി സവര്‍ണ്ണതക്ക് ശക്തികൂട്ടുകയും ചെയ്യുന്നുണ്ട്.

എന്നാല്‍,അഖിലേന്ത്യ തലത്തിലുള്ള സി.പി.എമ്മിന്റെ ദളിത സ്നേഹകാപട്യം തുറന്നുകാണിക്കാനും, ആ പാര്‍ട്ടിയെ തകര്‍ക്കാനും,മറ്റൊരു പുരോഗമന പാര്‍ട്ടിയെ അവരോധിക്കാനുമാണെങ്കില്‍ ...കുഴപ്പമില്ല. ചിത്രലേഖയുടെ ത്യാഗോജ്ജ്വലമായ തുടര്‍ന്നുള്ള സമരത്തിലൂടെ അഖിലേന്ത്യതലത്തില്‍ തന്നെ നല്ല ശക്തിലഭിക്കും.പക്ഷേ,ഒരു സ്ത്രീയെ അതിനു കുരുതികൊടുക്കണൊ ?

സി.പി.എമ്മിനെ സവര്‍ണ്ണ മൂല്യങ്ങള്‍ ഹൈജാക്കു ചെയ്തു എന്ന സത്യം
പാര്‍ട്ടി അണികളെ ഓര്‍മ്മിപ്പിക്കുന്ന സാംസ്ക്കാരിക വിദ്യകളാണ് കൂടുതല്‍ ഉചിതം. സി.പി.എം പാര്‍ട്ടി മോശമാണെന്നു പറയുന്നത്...വിശ്വാസികളോട് ദൈവമില്ലെന്നു പറയുന്നതുപോലെ അവര്‍ക്ക് മനസ്സിലാക്കാനാകാത്ത കാര്യമാണ് :)പാര്‍ട്ടി അണികള്‍ അത്രക്ക് അന്ധരാണ്.

എന്തുതന്നെയാലും ചിത്രലേഖയുടെ അയിത്തത്തിനും, വിവേചനത്തിനുമെതിരായ സമരത്തിന് ചിത്രകാരന്റെ പിന്തുണ അറിയിക്കുന്നു.മാര്‍ച്ച് 12 ന് കണ്‍‌വെന്‍ഷനില്‍ പങ്കെടുക്കാനും ശ്രമിക്കും.
2010, മാര്‍ച്ച് 2 9:37 pm

1 comment:

ചന്തു said...

chitrakaran inganeyum prathishedikuna kanumpo santhosham