Tuesday, December 8, 2009

തിരുവില്വാമല ഐവര്‍മഠം ശ്മശാനം

കുറച്ചു കാലമായി ഐവര്‍മഠം എന്ന ശ്മശാനം ചിത്രകാരനെ വേട്ടയാടുന്നു. ഇന്നലെയാണ് (7.12.09)നിയതമായ രൂപമില്ലാതിരുന്ന ആ ശ്മശാനത്തിന്റെ ബ്രാന്‍ഡ് നാമത്തിനു പിന്നിലുള്ള ഭൂപ്രകൃതി ഹൃദിസ്ഥമാക്കാനായത്.ഒരു പത്തു വര്‍ഷം മുന്‍പ് ഭാരതപ്പുഴയുടെ തീരത്തുള്ള തിരുവില്വാമല (പാലക്കാട് ജില്ല) ശ്മശാനത്തെക്കുറിച്ച് ഒന്നും കേട്ടിരുന്നില്ല.എന്നാല്‍ അടുത്തകാലത്തായി കോഴിക്കോട്,മലപ്പുറം,പാലക്കാട്,തൃശൂര്‍ ജില്ലകളിലുള്ള ജനങ്ങളുടെ പൊതുശ്മശാനം തിരുവില്വാമല പഞ്ചായത്തിലാണ്.ഒ.വി.വിജയന്റെ ശവസംസ്ക്കാര ചടങ്ങുകളെക്കുറിച്ചുള്ള ബഹളങ്ങള്‍ക്കിടയിലാണ് ഐവര്‍ മഠം എന്നൊരു ശവസംസ്ക്കാര വ്യവസായത്തെക്കുറിച്ച് ചിത്രകാരന്‍ ആദ്യമായി കേള്‍ക്കുന്നത്. ഇപ്പോള്‍,ഐവര്‍ മഠം എന്നത് ശവസംസ്ക്കാരത്തിന്റെ ഒരു ബ്രാന്‍ഡ് നൈം ആയിരിക്കുന്നു ഇവിടങ്ങളില്‍. എന്തോ... നേരിട്ട് സ്വര്‍ഗത്തിലേക്ക് പിതൃക്കളെ വണ്ടി കയറ്റി വിടുന്ന ആസ്ഥാനം.നൂറോളം മൃതദേഹം ഒരേസമയം ഭാരതപ്പുഴയുടെ തീരത്തുള്ള ഈ ശ്മശാനത്തില്‍ ദഹിപ്പിക്കാം ! ഈ ശ്മശാനത്തെ ആകര്‍ഷകമാക്കുന്നത് അതിന്റെ നടത്തിപ്പിലെ പ്രഫഷണലിസം തന്നെയാണ്. ശ്മശാനത്തിന്റെ വിസിറ്റിങ്ങ് കാര്‍ഡ് പലരുടേയും കയ്യില്‍ കാണും. അതിലെ ഫോണ്‍ നംബറില്‍ ഒന്നു വിളിച്ചുപറയുകയേ വേണ്ടു.മൃദദേഹത്തിനുള്ള അവസാനത്തെ വിറകുകൊണ്ടുള്ള കട്ടിലും രാമച്ചം,ചന്ദനത്തിരി,മണ്‍കുടം,കിണ്ടി,വെള്ളം...എല്ലാം റെഡിയായിക്കഴിഞ്ഞു.ആംബുലന്‍സ് അയക്കണമെന്ന് ആവശ്യപ്പെട്ടാല്‍ അതും റെഡി. മരിക്കാന്‍ ഇത്രയും നല്ല സാഹചര്യം നമ്മുടെ നാട്ടിലുണ്ടായിരുന്നില്ലെന്ന് മനസ്സിലാകും ശ്മശാന നടത്തിപ്പുകാരുടെ പ്രഫഷണലിസം കണ്ടാല്‍. ശ്മശാനത്തില്‍ അംബുലന്‍സില്‍ നിന്നും ഇറങ്ങിയപാടെ മൃദദേഹത്തെ അനുഗമിക്കുന്നവരെത്തേടി മണ്‍ കുടവുമായി ഒരാള്‍ വരും. ചടങ്ങു നടത്തേണ്ടവര്‍ കുളിച്ച് ഈറനായി വരണം...
ചിതകൊളുത്തേണ്ട മൂത്ത പുത്രന്‍ മുങ്ങിക്കുളിക്കിടക്ക് മണ്‍ കുടത്തില്‍ കര്‍മ്മം ചെയ്യാനുള്ള വെള്ളവും എടുക്കേണ്ടതാണ്.
കുളിച്ചെത്തിയവര്‍ മൃതദേഹം ചിതയില്‍ വച്ചുകഴിഞ്ഞ് പഞ്ചായത്തിനുള്ള ഫീസായ 50 രൂപയും,സംസ്ക്കാരത്തിനാവശ്യമായ ചിലവുകള്‍ക്കാവശ്യമായ 1450 രൂപയുടെ ബില്ലും അടക്കാം. മരണാനന്തര ചടങ്ങുകള്‍ക്കുവേണ്ടിയുള്ള അസ്ഥിശേഖരിക്കാന്‍ വരുംബോള്‍ തൊട്ടടുത്ത ഐവര്‍മഠം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ അടക്കാനുള്ള 275രൂപകൂടി കൊണ്ടുവന്നാല്‍ ചിലവുകളെല്ലാം തീര്‍ന്നു.
പഞ്ചായത്ത് ശ്മശാനം ലേലത്തില്‍ പിടിക്കുന്നവരാനത്രേ ശവസംസ്ക്കാര ചടങ്ങിനുള്ള സൌകര്യങ്ങളൊരുക്കുന്നത്.

ഈ ശ്മശാനം യശാശാരീരയായ ഭാരതപ്പുഴയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത് എന്നതായിരിക്കണം ഇത്ര തിരക്കുപിടിച്ച് ശ്മശാനമാകാന്‍ കാരണം. ഭാരതപ്പുഴ എന്ന കാടുപിടിച്ച വയലുപോലെയോ
,പറംബു പോലെയോ ഉള്ള നദിയുടെ ശവത്തിന്റെ ഓരത്തുകൂടി ഏതാണ്ട് ഒഴുകിക്കൊണ്ടിരിക്കുന്ന ഒരു ചോലയിലെ വെള്ളം മണല്‍ ചാക്കുകളിട്ട് തടഞ്ഞു നിര്‍ത്തിയാണ് സംസ്ക്കാര ചടങ്ങിനായി എത്തിച്ചേരുന്നവര്‍ ഏതാണ്ട് മുട്ടോളം മാത്രം വെള്ളത്തില്‍ മുങ്ങിക്കുളിക്കുന്നത്.

നമ്മുടെ സമൂഹത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ മരണമണികൂടി ഐവര്‍മഠം പോലുള്ള ശ്മശാനങ്ങളില്‍ മുഴങ്ങുതായി ചിത്രകാരനു കാണാനായി.മതങ്ങളില്‍ നിന്നും,ആചാരങ്ങളില്‍ നിന്നും വേര്‍പ്പെടുത്തേണ്ടിയിരുന്ന ജനന മരണ വിവാഹപരമായ സാമൂഹ്യാ‍വശ്യങ്ങളെ ഏറ്റെടുത്ത് നടത്താനുള്ള ബുദ്ധിവൈഭവം പ്രകടിപ്പിക്കേണ്ടിയിരുന്ന പുരോഗമന പ്രസ്ഥാനങ്ങള്‍ നവ സാമൂഹ്യസൃഷ്ടിയെ എത്ര ഉദാസീനമായും,ഉത്തരവാദിത്വരഹിതമായുമാണ് ഹൈന്ദവ സവര്‍ണ്ണ ആചാരങ്ങള്‍ക്കും അനുഷ്ടാനങ്ങള്‍ക്കും അടിയറവച്ച് ഒഴിഞ്ഞു മാറിനില്‍ക്കുന്നതെന്ന് ചിത്രകാരന്‍ അതിശയത്തോടെ നോക്കി നില്‍ക്കുന്നു. ജനപിന്തുണയുള്ള നല്ലൊരു ആശയത്തിന്റെ തുടര്‍ ചിന്തകളുടെ അഭാവം കാരണമുള്ള അസന്ന മരണത്തിന് സാക്ഷിയാകേണ്ടിവരുമല്ലോ എന്നൊരു വേദന...

ഈ പോസ്റ്റിലെ ചിത്രങ്ങള്‍ മൊബൈല്‍ ക്യാമറ ഉപയോഗിച്ച് എടുത്തതായതിനാലും, മരണാനന്തര ചടങ്ങിനു വന്ന ആള്‍ പ്രകടമായി ചിത്രങ്ങള്‍ എടുക്കുന്നതില്‍ അനുഭവപ്പെടുന്ന സ്നേഹശൂന്യതയുടെ മനസ്സാക്ഷിക്കുത്തുള്ളതിനാലും പടങ്ങള്‍ ഗുണനിലവാരമുള്ളതാകില്ല. എങ്കിലും ചിത്രകാരനൊപ്പം ബ്ലോഗര്‍മാരെ തിരുവില്വാമലയിലെ ഈ ശ്മശാനത്തില്‍ എത്തിക്കാനുള്ള ,അനുഭവം പങ്കുവക്കാനുള്ള ശ്രമമായി കണ്ട് പാകപ്പിഴകള്‍ പൊറുക്കുക. ജീവിതത്തിന്റെ നിസാരതയെ ഓര്‍ക്കാന്‍ ഇടക്കൊക്കെ ശ്മാശന സന്ദര്‍ശനം നമ്മെ സഹായിക്കും.
ശ്മശാനത്തിന്റെ പ്രവേശന കവാടം
പ്രേതങ്ങള്‍ക്ക് തണലൊരുക്കുന്ന ശ്മശാനത്തിന്റെ നടുക്കുള്ള പാലമരം.
വിവിധ ചിതകളില്‍ നിന്നും ഉയരുന്ന പുക... ഒന്നായി പരമാത്മാവില്‍ ലിയിക്കുകയാണ് !
മുട്ടോളം വെള്ളത്തില്‍ ഒരു മുങ്ങിക്കുളി. ഭാരതപ്പുഴയില്‍ മണല്‍ ചാക്കുകളിട്ടാണ് ഈ മുട്ടോളം വെള്ളം സംഘടിപ്പിക്കുന്നത്.
ചിതക്ക് ചുറ്റും പ്രതിക്ഷണംവക്കുന്ന കുടുംബാംഗങ്ങള്‍ . ഫെമിനിസ്റ്റുകള്‍ക്ക് പ്രാതിനിധ്യം ലഭിക്കാത്ത അപൂര്‍വ്വം ചടങ്ങുകളിലൊന്ന്.
പരേതന്റെ മൃതശരീരവുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ച് ... (യാഥാര്‍ത്ഥ്യബോധത്തോടെ അഗ്നിക്കു വിട്ടുകൊടുത്ത് ) ജീവിതത്തിന്റെ കര്‍ത്തവ്യ ബോധങ്ങളിലേക്ക് വിടുതല്‍ വാങ്ങുന്ന നിമിഷങ്ങള്‍.
എവിടെനിന്നോ വരാനുള്ള ശവത്തിനുവേണ്ടി ഒരുങ്ങിക്കൊണ്ടിരിക്കുന്ന ചിത
നിരനിരയായുള്ള ചിതകളുടെ ക്യൂ...
കോണ്‍ക്രീറ്റ് മേല്‍ക്കൂരക്കു കീഴിലെ വി.ഐ.പി.ചിതകള്‍.

ശവസംസ്ക്കാരം തൊഴിലും വ്യവസായവുമാകുന്നു...!!!
ശ്മശാനത്തില്‍ വന്നിറങ്ങിയതും കുളിക്കാനായി പോകുന്ന പരേതന്റെ ബന്ധുക്കള്‍

20 comments:

Sabu Kottotty said...

ജീവിതത്തിന്റെ നിസാരതയെ ഓര്‍ക്കാന്‍ ഇടക്കൊക്കെ ശ്മാശന സന്ദര്‍ശനം നമ്മെ സഹായിക്കും.

വളരെ ശരി...

നാട്ടുകാരന്‍ said...

ഐവർമഡം സന്ദർശനം ജീവിതത്തിന്റെ ക്ഷണികതയേക്കുറിച്ചുള്ള നല്ലൊരു പാഡമാണ്.

Anonymous said...

“മതങ്ങളില്‍ നിന്നും,ആചാരങ്ങളില്‍ നിന്നും വേര്‍പ്പെടുത്തേണ്ടിയിരുന്ന ജനന മരണ വിവാഹപരമായ സാമൂഹ്യാ‍വശ്യങ്ങളെ ഏറ്റെടുത്ത് നടത്താനുള്ള ബുദ്ധിവൈഭവം പ്രകടിപ്പിക്കേണ്ടിയിരുന്ന പുരോഗമന പ്രസ്ഥാനങ്ങള്‍ നവ സാമൂഹ്യസൃഷ്ടിയെ എത്ര ഉദാസീനമായും,ഉത്തരവാദിത്വരഹിതമായുമാണ് ഹൈന്ദവ സവര്‍ണ്ണ ആചാരങ്ങള്‍ക്കും അനുഷ്ടാനങ്ങള്‍ക്കും അടിയറവച്ച് ഒഴിഞ്ഞു മാറിനില്‍ക്കുന്നതെന്ന് ചിത്രകാരന്‍ അതിശയത്തോടെ നോക്കി നില്‍ക്കുന്നു“
നോ ഫർതർ കമന്റ്സ്.

Joker said...

Good Post , Thanks

Unknown said...

ഭീകരമാണത് ചിത്രകാരാ
പലവട്ടം അവിടെ എനിക്കു പോവേണ്ടീ വന്നിട്ടുണ്ട്.ഓരോതവണയും മനം മടുക്കുകയും ചെയ്യും. സ്വന്തം ഭൂമിയില്‍ തന്റെ അച്ഛനമ്മമാരുടെ മൃതദേഹം സംസ്കരിക്കാന്‍ പോലും തയ്യാറാവാത്ത ഒരു തലമുറയാണ് ഐവര്‍മഠത്തിന്റെ ഉപഭോക്താക്കള്‍ ‍.

(മൃതദേഹം സംസ്കരിക്കാന്‍ പോലും സ്ഥലമില്ലാത്ത ദരിദ്രരായ ലക്ഷം വീടുകാരോടും അതിദരിദ്രരായ ഫ്ലാറ്റ് നിവാസികളോടും മാപ്പു ചോദിക്കുന്നു.)

ശ്മശാനത്തില്‍ പ്രൊഫഷണലിസം മാത്രമേ ഉള്ളൂ . വിസിറ്റിങ് കാര്‍ഡുകളും ഫോണ്‍ നമ്പറുകളും മാത്രമല്ല ഉള്ളത്. തൊട്ടടുത്ത് കര്‍മങ്ങള്‍ ചെയ്യാന്‍ ഇരയെ കാത്തിരിക്കുന്ന മഹാ കാര്‍ക്മികര്‍ പോലും മന്ത്രങ്ങള്‍ ചൊല്ലുന്നത് എല്ലാവരും കേക്കുന്നില്ലേ എന്ന് ശ്രദ്ധിച്ചു കൊണ്ടാണ്.

സലിം കുമാറിന്റെ ഒച്ചയില്‍

മെരിച്ചെവെരുഠ ഏത്മേവിന്ന് ശേന്തികെര്‍മെങ്ങെള്‍

എന്ന മട്ടില്‍ ഒച്ച്ച വെയ്ക്കുന്ന വേന്ദ്രന്മാര്‍ ആണ് അവിടെ.

Unknown said...

in Aivar madam there is no time to remember the DEAD. they are always looking for MONEY

Truthaboutlies said...

ജോലിയും കൂലിയും ഇല്ലാതെ തെണ്ടി തിരിഞ്ഞു നടക്കുന്ന കാലത്ത് ഞാനും കൂടുകാരും പകലും രാത്രിയും ഇല്ലാതെ സമയം കളഞ്ഞിരുന്നത് ഒരു ശവപ്പറമ്പില്‍ ആയിരുന്നു അന്നൊന്നും മരണത്തിനെ കുറിച്ചോ ജീവിതത്തിന്റെ നിസാരതയെ കുറിച്ച് ഓര്‍ക്കാരുണ്ടായിരുന്നില്ല ഇന്നിപോള്‍ ഈ പോസ്റ്റ്‌ കണ്ടപ്പോള്‍ എന്തോ ഒരു പേടി..എല്ലാവര്ക്കും ഇത് പോലെ ഉള്ള ചെറിയ ചെറിയ reimnder നല്ലതാണു.. പലരും സ്ഥലം ഉണ്ടായിട്ടും ഇത്തരം ശ്മശാനത്തില്‍ ദഹിപ്പിക്കാന്‍ കാരണം സ്വന്തം സ്ഥലത്ത് അച്ഛന്റെയോ അമ്മയുടെയോ ശവ ക്കല്ലറ ഉണ്ടാക്കിയാല്‍ ഭാവിയില്‍ ആ സ്ഥലം വില്‍ക്കാന്‍ തടസ്സങ്ങള്‍ ഉണ്ടാവുന്നത് തടയാന്‍ കൂടി ആയിരിക്കും എന്നാണ് തോന്നുന്നത്

ഷൈജൻ കാക്കര said...

ഇതെന്താ ഐവർ മഠത്തിന്റെയും പഞ്ചായത്തിന്റെയും കൂട്ടുകച്ചവടമോ?

മൃതശരിരം കത്തിക്കുന്ന പരിപാടി മത്രമെയുള്ളൊ? കുറെ ഹിന്ദുക്കളും ക്രിസ്താനികളും ചെയ്യുന്ന കുഴിച്ചിടലും മുസ്ലിങ്ങളുടെ ഖബറടക്കലുമ്മില്ലേ?

ഐവർ മഠത്തിൽ കാര്യങ്ങൾ ഭംഗിയായി നടക്കുന്നുണ്ടല്ലോ, അല്ലാതെ കത്തിതീരാത്ത അവശിഷ്ടങ്ങൽ ഭാരത പുഴയിലേക്ക്‌ വലിച്ചെറിയുന്നില്ലല്ലോ? മറ്റുചില പൊതുശ്മശാനങ്ങൾ പോലെ, കാവൽക്കാരനെ കാത്ത്‌ മൃതശരീരം വെളിയിൽ ബോറടിച്ച്‌ കിടക്കേണ്ടല്ലോ?

പൊതു ശ്മശാനങ്ങളിൽ കത്തിച്ച്‌ (ഇലക്ട്രിക്ക്‌) അതിന്റെ ചാരം സ്വന്തം വീട്ടുപറമ്പിലോ സിമിത്തേരിയിലോ ഭാരതപുഴയിലോ ഖബർസ്ഥാനിലോ എവിടെ വേണമെങ്ങിലും സ്വന്തം ആചാരപ്രകാരം ചെയ്യട്ടെ!

Cartoonist said...

അരുണ്‍ തകര്‍ത്തവതരിപ്പിച്ചിരിക്കുന്നതുകൊണ്ട് ഞാന്‍ ‘കമാ’ന്ന് മിണ്ടുന്നില്ല.

അനില്‍@ബ്ലോഗ് // anil said...

ചിത്രകാരാ,
ഐവര്‍ മഠത്തിന്റെ ഐതീഹ്യമോ കഥകളോ എന്തെങ്കിലുമാവട്ടെ, ഞാനതിലേക്ക് കടക്കുന്നില്ല.
ശവസംസ്കാരം ഇന്നൊരു ആഘോഷമാണ്, മിക്കവാറും എല്ലാ മത വിഭാഗങ്ങളിലും. എത്ര തന്നെ പുരോഗമന ചിന്താഗതിക്കാരായാലും മരണത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായ് ചടങ്ങുകള്‍ നടത്തുന്നു. കഴിഞ്ഞ വര്‍ഷം ഇതേ സമയമാണ് എന്റെ അച്ഛന്റെ ശവദാഹത്തിനായി അവിടെ പോയത്.

ഐവര്‍മഠം പോലെയുള്ള സ്ഥലങ്ങള്‍ കൃസ്ത്യന്‍ മുസ്ലീം സമുദായങ്ങളുടെ ഖബറിടങ്ങളെപ്പോലെ കണക്കാക്കിയാല്‍ മതി. ശവദാഹം നടത്താന്‍ വീട്ടുവളപ്പില്‍ അസൌകര്യമാകുന്നത് പലകാരണങ്ങളാണ്. അവയില്‍ ഏറ്റവും പ്രധാനമായത് പരിസര വാസികള്‍ക്കുള്ള ബുദ്ധിമുട്ടാണ്. പണ്ടൊക്കെ മരണമെന്ന സംഗതിക്കുമുന്നില്‍ ഇവരൊക്കെ കോമ്പ്രമൈസ് ചെയ്തു വന്നിരുന്നെങ്കിലും ഇന്ന് എതിര്‍പ്പുകള്‍ വ്യാപകമാണ്. ചെറു ചെരു തുണ്ടുകളായ ഭൂമിയില്‍ എവിടെയിട്ട് ദഹിപ്പിക്കും? അങ്ങിനെ നല്ലോരു ശതമാനം ആളുകളും (ചുരുങ്ങിയ പക്ഷം സമീപ പ്രദേശങ്ങളിലെ )ഐവര്‍ മഠത്തിലേക്ക് പോകുന്നു. ശവമടക്കിന് സ്വന്തമായി സ്ഥലമില്ലാത്ത ആളുകള്‍ക്ക് ഇതൊരു ആശ്വാസമാണ്. ഒരു പൊതു ശ്മശാനം എന്ന നിലയില്‍ ഐവര്‍ മഠം ചെയ്യുന്നത് നല്ല കാര്യം തന്നെയാണ്.

പിന്നെ ബിസിനസ്സ്.
നിത്യവും ചെയ്യുന്ന തൊഴിലില്‍ അഭിവൃദ്ധിക്കായാണ് എല്ലാവരും ശ്രമിക്കുക.തങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ശവദാഹ തൊഴിലാളികളും ശ്രമിക്കുന്നു എന്ന് കരുതിയാല്‍ മതി.

ദൈവങ്ങളെ വച്ചുള്ള കച്ചവടങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതെല്ലാം ക്ഷന്തവ്യം.
ഏതായാലും ഇത്തരം സംരഭങ്ങള്‍ പരമാവധി പ്രോത്സാഹിപ്പിക്കപ്പെടണം എന്നുതന്നെയാണ് എന്റെ അഭിപ്രായം.

അനില്‍@ബ്ലോഗ് // anil said...

ചിത്രങ്ങള്‍ കണ്ട് മനസ്സു തകര്‍ന്നു.
കത്തുന്ന ചിതകളുടെ ഗന്ധം തലച്ചോറിലേക്ക് ഇരച്ചു കയറുന്നു.

പാട്ടോളി, Paattoli said...

ഏറെ കമന്റുകളിലും ഭയവും അറപ്പും ഒക്കെ മറഞ്ഞിരിക്കുന്നു...
മരണത്തെ ഒരു മോചനമായി കാണുക...
അനിവാര്യതയെ സസന്തോഷം സ്വീകരിക്കുക...

പാവത്താൻ said...

“പലരും സ്ഥലം ഉണ്ടായിട്ടും ഇത്തരം ശ്മശാനത്തില്‍ ദഹിപ്പിക്കാന്‍ കാരണം സ്വന്തം സ്ഥലത്ത് അച്ഛന്റെയോ അമ്മയുടെയോ ശവ ക്കല്ലറ ഉണ്ടാക്കിയാല്‍ ഭാവിയില്‍ ആ സ്ഥലം വില്‍ക്കാന്‍ തടസ്സങ്ങള്‍ ഉണ്ടാവുന്നത് തടയാന്‍ കൂടി ആയിരിക്കും എന്നാണ് തോന്നുന്നത്“
തെറ്റ്.ഹൈന്ദവാചാരപ്രകാരം ജഡം സംസ്കരിച്ച ശേഷം അവിടം ശുദ്ധമാക്കി കൃഷിഭൂമിയാക്കി മാറ്റുന്ന ഒരു ചടങ്ങു കൂടിയുണ്ട് എന്നാണു ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്.ഒരിക്കലും അവിടെ കല്ലറയും സ്മാരകവും ഒന്നും ഉണ്ടാക്കേണ്ടതില്ല. മൃതശരീരം ദഹിപ്പിക്കുകയോ, കുഴിച്ചിടുകയോ ചക്കിലാട്ടി എണ്ണയെടുക്കുകയോ ചെയ്യുന്നതില്‍ എന്തു പുരോഗമനം? മറ്റുള്ളവര്‍ക്ക് ഉപദ്രവമാകാത്ത രീതിയില്‍ ഡിസ്പോസ് ചെയ്യണം അത്ര തന്നെ.

കിംവദന്‍ said...

തിരുവില്വാമല ഐവർമഠം പാലക്കാട് ജില്ലയിൽ അല്ല. തൃശ്ശൂർ ജില്ലയിലാണ്. പട്ടിപ്പറമ്പു മുതൽ ലക്കിടി പാലം വരെ തൃശ്ശൂർ ജില്ലയാണ്. ലക്കിടി പാലം/റെയിൽവേ ഗേറ്റ് കഴിഞ്ഞാൽ വീണ്ടും പാലക്കാട് ജില്ല

മഹാഭാരത യുദ്ധത്തിനു ശേഷം പഞ്ചപാണ്ഡവർ വന്ന് യുദ്ധത്തിൽ മരിച്ച ബന്ധുക്കൾക്കായി ബലി ഇട്ടത് ഇവിടെയാണെന്നും അത് കൊണ്ട് ഇവിടം ഐവർ മഠം എന്ന പേരിൽ അറിയപ്പെടുന്നു എന്നും പുരാണം. വിജയനും വി കെ എന്നും കത്തിതീർന്നത് ഇവിടെ തന്നെ.

Unknown said...

ജീവിതത്തിന്റെ നിസ്സാരതയെ ഓര്‍ക്കാന്‍ ഇടക്കൊക്കെ ശ്മാശന സന്ദര്‍ശനം നമ്മെ സഹായിക്കും എന്ന ചിത്രകാരന്റെ വാക്കുകളില്‍ അല്പം ദാര്‍ശനികവ്യഥ അനുഭവപ്പെടുന്നുണ്ട്. അല്പം ചിന്തിച്ചാല്‍ തന്നെ ജീവിതം ക്ഷണികമാണെന്ന് ഭൌതികവാദികള്‍ക്കും വിശ്വാസികള്‍ക്കും ഒരേ പോലെ ബോധ്യമാകും. അകളങ്കമായ പാരസ്പര്യവും സൌഹാര്‍ദ്ദവും കൊണ്ട് എല്ലാവര്‍ക്കും ഈ ജീവിതം ഉത്സവം പോലെ ആഘോഷിച്ച് തീര്‍ക്കാമായിരുന്നു.

സ്വന്തമായി സ്ഥലം ഉണ്ടെങ്കിലും ഇല്ലെങ്കിലും പൊതുശ്മശാനത്തില്‍ മൃതദേഹം സംസ്ക്കരിക്കുന്നതാണ് ശരി. സമുദായമേതായാലും, ശവക്കല്ലറകളും സ്മാരകങ്ങളും തീര്‍ത്ത് ഭൂമിയിലെ ഇടങ്ങള്‍ വെറുതെ പാഴാക്കുന്നതിലും യുക്തിസഹമായത് ദഹിപ്പിക്കുന്നതാണ്. മണ്ണില്‍ നിന്ന് ഉണ്ടായത്, മണ്ണിനാല്‍ വളര്‍ന്നത്, മണ്ണോട് മണ്ണായി കലരട്ടെ!

Muralee Mukundan , ബിലാത്തിപട്ടണം said...

വളരെ നല്ല വിവരണങ്ങൾ....
ത്രിശ്ശൂർജില്ലയുടെ ഓരത്തുകിടക്കുന്ന മരണാനന്തരം പുണ്യം കിട്ടുന്ന ഒരു പാപനാശിനിയാണ് ഈ സ്ഥലമെന്ന് വിശ്വാസികളും,അല്ലാത്തവരുമായ ഹിന്ദുക്കൾ കരുതുന്നു.
ഐവര്‍ മഠത്തിന്റെ ഐതീഹ്യമോ മറ്റോ എന്തായാലും സമീപജില്ലക്കാരായ പലർക്കും ഏറ്റവും എളുപ്പത്തിലുള്ള മരണാനന്തരചടങ്ങുകൾക്കുള്ള വേദിയാണിവിടം !
പ്രത്യക്ഷമായും,പരോക്ഷമായും ഈ ചടങ്ങുകളുടെ പേരിൽ അനേകമ്പേർക്ക് ഒരു തൊഴിൽ മേഖലയും കൂടിയാണിവിടം..കേട്ടൊ അരുൺ

Unknown said...

ശ്മശാനത്തില്‍ നിന്നു പുറത്തേയ്ക്ക് കടക്കുന്നത് വരേ ഉള്ളൂ ജീവിതത്തിന്റെ ക്ഷണികത . ജീവിതം ഒരു ആഘോഷം തന്നെയാണ് .

@ അനില്‍
ഞാന്‍ കമന്റ്റ് ടൈപ്പ് ചെയ്യുംപ്പോള്‍ തന്നെ അയല്‍ക്കാരുടെ എതിര്‍പ്പിനെ പറ്റിയുള്ള പ്രശ്നം എന്റെ ഒരു സുഹൃത്ത് അവതരിപ്പിച്ചു. അയാള്‍ക്കും കൂടിയാണ് ഈ മറുപടി.

പത്തോ പന്ത്രണ്ടോ സെന്റ് ഭൂമി എങ്കിലും ഉണ്ടെങ്കില്‍ ഒരു ചൂള ഒരുക്കാന്‍ ഒറ്റൂം ആര്‍ക്കും ബുദ്ധിമുട്ടു വരില്ല . അയല്‍ക്കാരുടെ എതിര്‍പ്പുകളെ കാര്യമായി വകവെയ്ക്കുന്നവനല്ല മിക്കവാറൂം മലയാളികളും . ഒരു കൊട്ട ഈഗോ ചുമന്നു നടക്കുന്ന അവന്‍ ഈ കാര്യത്തില്‍ മാത്രം അയല്‍ക്കാരുടേ വാക്കു കേക്കുന്നെങ്ക്ങ്കില്‍ അതിനര്‍ഥം അത് അയല്‍ക്കാരന്റെ അല്ല മറിച്ച് അവന്റെ ആവശ്യമാണ് എന്നതാണ് .

@ കാക്കര

കാര്യങ്ങള്‍ അത്ര ഭംഗിയൊന്നും അല്ല .
പകുതി കത്ത്യ ശവങ്ങള്‍ വലിച്ചെറിയുന്നില്ല എന്നത് ശരി തന്നെ .ചിലപ്പോള്‍ കാത്തുനില്‍ക്കേണ്ടി വരും എന്നാണ് എന്റെ അനുഭവം . മാത്രമല്ല തൊട്ടടുത്ത ചിതയില്‍ മുമ്പ് ദഹിപ്പിച്ച ശരീരത്തിന്‍ലെ തലയോടും എല്ലും ഒക്കെ നമ്മളെ നോക്കി ചിരിക്കുന്നും ഉണ്ടാവും

@
കെ പി എസ്

ഹിന്ദു മേല്‍ജാതി വിശ്വാസപ്രകാരം ശവം ദഹിപ്പിച്ചാല്‍ അഞ്ചാം ദിവസം എല്ല് പെറുക്കി എടുത്ത് ചുടാത്ത മണ്‍കുടത്തില്‍ ആക്കി പ്ലാവിന്റെ ചോട്ടില്‍ കുഴിച്ചിടണം , എല്ല് വളമാക്കി മാറ്റുന്ന കാര്യം പ്ലാവിന്റെ വേര് നോക്ക്കിക്കൊള്ളും . മാത്രമല്ല പതിനൊന്നാം ദിവസം മുതല്‍ ഭൂമി കൃഷിയ്ക്ക് ഉപയോഗിക്കുകയും വേണം . അതു കൊണ്ട് ഭൂമി ഉപയോഗശൂന്യമാവുക എന്ന പ്രശ്നമേ ഉദിക്കുന്നില്ല . ഐവര്‍ മഡത്തിലും മറ്റും ബാക്കി വരുന്ന എല്ല് മുഴുവന്‍ ഭാരതപ്പുഴയിലേയ്ക്ക് തട്ടുകയാണ് (കര്‍മത്തിന്റെ പേരില്‍ തന്നെ ) ചെയ്യുന്നത്. ലക്കിടിയിലും തിരുനാവായയിലും ഒക്കെ ഇറങ്ങി ചെരിപ്പിടാതെ നൂറൂ,മീറ്റര്‍ ഭാരതപ്പുഴയില്‍ കൂടി നടന്ന് കാല്‍ മുറിയാതെ തിരിച്ചു കയറാന്‍ അതിയായ ഭാഗ്യം വേണം .

Unknown said...

@ ബിലാത്തി
തൊഴില്‍ എന്ന സങ്കല്പം ഒരു ശവദാഹഫാക്റ്ററിയില്‍ മാത്രമല്ല ഉള്ളത്. നാട്ടില്‍ തന്നെ മാവു വെട്ടുന്നവന്‍ , അല്ലെങ്കില്‍ കുഴി കുത്തുന്നവന്‍ അതുമല്ലെങ്കില്‍ ചൂള ഒരുക്കുന്നവന്‍ ,ഒക്കെ ചെയ്യുന്നത് തൊഴില്‍ തന്നെയാണ് .

ഇ.കെ.യം.എളമ്പിലാട് said...

ചിത്രകാരന്‍ ശ്മശാനത്തിലോക്കെ പോകുമോ ?

ഷൈജൻ കാക്കര said...

ഐവർ മഠത്തിൽ കുഴിച്ചിടുന്ന പരിപാടിയുണ്ടൊ? പഞ്ചായത്തിന്റെ പൊതു ശ്മശാനം അല്ലേ?

"പുരോഗമനത്തിന്‌ വേണ്ടി" എല്ലാ ആചാരങ്ങളും മാറ്റിമറിക്കേണ്ടതില്ല പക്ഷെ ജീവിച്ചിരിക്കുന്നവർക്ക്‌ ശാപമായി മാറരുത്‌ ആചാരങ്ങൾ. ശാപമായാൽ അത്‌ അനാചാരവും!

എന്തായാലും ആറടി മണ്ണിന്‌ കച്ചവടം ചെയ്യുന്ന ചില ക്രിസ്ത്യൻ രീതിയേക്കൾ ഖബർസ്ഥാനിലെ മുസ്ലിം മൃതശരീരങ്ങളെ ഞാൻ ബഹുമാനിക്കുന്നു.

കെ.പി.എസ്‌,
ഇലക്റ്റ്രിക്‌ ദഹിപ്പിക്കലാണോ? അല്ലെങ്ങിൽ....