Friday, December 25, 2009

കേരളം മദ്യാഘോഷങ്ങളുടെ നാട് !

ഇന്ന് ക്രിസ്തുമസ്സാണ്. ക്രിസ്തുമസ് ആഘോഷിക്കാനായി കേരളത്തിലെ ജനങ്ങള്‍ ഇന്നലെ ബീവറേജസ്സിനു കൊടുത്തത് 28 കോടി രൂപയാണത്രേ. ന്യൂ ഇയര്‍ ആഘോഷത്തിന്റെ മുന്‍പുള്ള സാമ്പിള്‍ മദ്യാഘോഷമായ ക്രിസ്തുമസ് ഏതോ മദ്യ കോണ്ട്രാക്റ്ററുടെ ജന്മദിനമായതുകൊണ്ടല്ല കേരള ജനത ക്രിസ്തുമസിന് ഇത്രയും മദ്യം ഉപഭോഗിക്കുന്നത്.മദ്യം കേരളത്തിന്റെ അത്താണിയായിരിക്കുന്നു എന്നതാണ് സത്യം. ലക്ഷ്യബോധം നഷ്ടപ്പെട്ട ജനം മദ്യം എന്ന അത്താണിയില്‍ തങ്ങളുടെ ജീവിതം ഇറക്കിവച്ച് സദാ വിശ്രമിക്കാന്‍ ആഗ്രഹിക്കുന്നു.
വല്ലവനും വിദേശത്ത് ദാസ്യവൃത്തിയിലൂടെ അദ്ധ്വാനിച്ചുണ്ടാക്കുന്ന പണം കമ്മീഷനിലൂടെയോ,തട്ടിപ്പിലൂടെയോ,കൈക്കൂലിയിലൂടെയോ മെയ്യനങ്ങാതെ കൈക്കലാക്കി മദ്യഷോപ്പിലോ ദൈവ സന്നിധിയിലോ എത്തിച്ച് ലഹരിയിലാറാടുക എന്നത് നമ്മുടെ ശീലമായിരിക്കുന്നു. അവരെ കുറ്റം പറയാനാകില്ല. മറ്റൊരു ലക്ഷ്യ ബോധം നല്‍കാന്‍ അവരുടെ മാതാപിതാക്കള്‍ പ്രബുദ്ധരല്ല. മദ്യത്തിന്റെ അമിതോപയോഗം വിരല്‍ ചൂണ്ടുന്നത് നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന അവിശുദ്ധമായ ധന ഇടപാടുകളുടെ ആധിക്യത്തെക്കുറിച്ചുകൂടിയാണ്. ജനം ഒന്നാകെ സ്വാര്‍ത്ഥ ശക്തികളുടെയും,കരിഞ്ചന്തയുടേയും ഏജന്റുമാരാകുന്നതിന്റെ ഫലമായി ലഭിക്കുന്ന പണം അധാര്‍മ്മികതയിലേക്ക് തിരിച്ചൊഴുകുന്നു !

മദ്യകച്ചവടം,ഭക്തി കച്ചവടം,വിദ്യാഭ്യാസ കച്ചവടം,ഭൂമി കച്ചവടം,കറന്റ് കച്ചവടം,ഗ്രാന്‍ഡ് കേരള ഷോപ്പിങ്ങ് കച്ചവടം,ടൂറിസം കച്ചവടം,മണല്‍ കച്ചവടം,റോഡ് റിപ്പയറിങ്ങ് കച്ചവടം,സിനിമ കച്ചവടം,ക്രമസമാധാന കച്ചവടം,ഭരണ നീതി കച്ചവടം ... തുടങ്ങിയ അനവധി കച്ചവടങ്ങള്‍ അഞ്ചു വര്‍ഷത്തേക്ക് ഏറ്റെടുത്ത് നടത്തുന്നതിനുള്ള സംവിധാനത്തെയാണ് ഗവണ്മെന്റ് എന്നു പറയുന്നതെന്നു തോന്നുന്നു.അല്ലാതെ, സമൂഹത്തിന്റെ ഒരു നൂറുവര്‍ഷത്തെയെങ്കിലും വികസന സാധ്യതകളെ കണക്കിലെടുത്ത് അതിനനുസരിച്ചുള്ള സാമൂഹ്യവും സാംസ്ക്കാരികവും ശാസ്ത്രീയവുമായ അടിത്തറയും സ്ട്രക്ച്ചറും ആസൂത്രണം ചെയ്ത് ഒരു ദേശീയതയായി വളരുക എന്നത് നമ്മുടെ അജണ്ടയിലില്ലെന്നു മാത്രമല്ല... സ്വപ്നത്തില്‍ പോലുമില്ല ! കന്നുകാലികളെ മേക്കുന്ന കാലിച്ചെക്കന് ഉള്ള രാഷ്ട്രീയ ബോധം പോലും നമ്മുടെ രാഷ്ട്രീയക്കാര്‍ക്കില്ല. ജനങ്ങള്‍ എവിടേക്കു പോകുന്നോ അവിടെയൊക്കെ കച്ചവടവിഭവങ്ങളായ മദ്യവും,ഭക്തിയും,... നീണ്ട ക്യൂകള്‍ ഏര്‍പ്പെടുത്തി കൊള്ളവിലക്ക് കച്ചവടം ചെയ്യുക എന്നതായിരിക്കുന്നു ഭരണം.

സ്വന്തം ജനങ്ങളുടെ ശാരീരികവും,മാനസികവും,സാംബത്തികവും,സാംസ്ക്കാരികവുമായ ശക്തിക്ഷയങ്ങള്‍ക്കെതിരെ ജാഗരൂകരാകേണ്ട ഗവണ്മെന്റ് ഒരു കൂട്ടിക്കൊടുപ്പുകാരന്റെ സ്ഥാനത്തേക്ക് സ്വയം താഴുന്നത് ഒരു സമൂഹത്തിനും ആശാസ്യമല്ല. ലഭ്യമായ മനശ്ശാസ്ത്രജ്ഞരുടേയും,സാമൂഹ്യ ശാസ്ത്രജ്ഞരുടേയും, യൂണിവേഴ്സിറ്റികളുടേയും സഹായം ഉപയോഗപ്പെടുത്തിക്കൊണ്ട് സമൂഹത്തിന്റെ മദ്യദീന കാരണം കണ്ടെത്തി ചികിത്സിക്കേണ്ടത് സമൂഹത്തിന്റെ, അതായത് ഗവണ്മെന്റിന്റെ ചുമതല തന്നെയാണ്.

അബ്കാരികളുടെ മാസപ്പടികൊണ്ട് കഴിഞ്ഞുകൂടുന്ന ദല്ലാളന്മാര്‍ക്ക് അതിനു കഴിയില്ലെന്നത് മറ്റൊരു കാര്യം !

8 comments:

Unknown said...

ചിത്രകാരന്റെ ചിന്തയോടു പൂര്‍ണ്ണമായും യോജിക്കുന്നു.

മദ്യം എന്നു മാത്രമല്ല, ഏതൊരു തെറ്റിനു പിന്നിലും നല്ലതല്ലാത്ത പണത്തിന്റെ ശക്തിയുണ്ടാകും. നല്ല വഴിയിലൂടെ അല്ലാതെ സമ്പാദിച്ച, അളവില്‍ കവിഞ്ഞ പണം എവിടെയൊക്കെ ഉണ്ടൊ, അവിടെയൊക്കെ തിന്മയും കാണാം.

നന്ദന said...

അപ്പോള്‍ കുറച്ചു പേരെ മദ്യസേവ നടത്താത്തവരായുള്ളൂ

കാലം said...

കൂട്ടിക്കൊടുപ്പുകാരന്റെ ചാരിത്ര പ്രസംഗം!!!

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

നല്ല ചിന്തകൾ ... കേരളം മദ്യാഘോഷങ്ങളുടെ മാത്രം നാടല്ല.. ആഘോഷങ്ങളുടെ മൊത്തക്കച്ചവടക്കാർക്ക് ഏറ്റവും പ്രിയപ്പെട്ട കമ്പോളമാണു നമ്മുടെ കേരളമിന്നു. ജനനും മരണവും അതിനിടക്കുള്ള ഓരോ കുഞ്ഞു സംഭവങ്ങളും മലയാളിക്കിന്നു ആഘോഷമല്ലേ? ഇവിടെയുള്ള ഞാഞ്ഞൂൽ ആഘോഷങ്ങൾ പോരാതെ നമ്മൾ ഇന്നു പാശ്ചാത്യർ ദൂരെക്കളഞ്ഞ പല ആഘോഷങ്ങളും ചവറ്റുകൊട്ടയിൽ നിന്നു പെറുക്കിയെടുത്ത് സ്വീകരണമുറിയിൽ പ്രദർശിപ്പിക്കുകയാണ്.. കോർപ്പറേറ്റ് മൊത്തക്കച്ചടക്കണ്ണുകൾ മലയാളിയെ നോക്കി കണ്ണിറുക്കി നമ്മളോടു ചോദിക്കുകയല്ലേ..”നിങ്ങളില്ലാതെ ഞങ്ങൾക്കെന്താഘോഷം...”

തറവാടി said...

ചോദ്യവും ഉത്തരവും ഈ പോസ്റ്റില്‍ ഉള്ളസ്ഥിതിക്ക് വായനക്കാരന്റെ അഭിപ്രായത്തിന് വലിയ പ്രസക്തിയില്ലല്ലോ!

മലയാളം ഭാഷയിലെ കുറച്ച് നെഗറ്റീവ്( എനിക്ക്) വാക്കുകള്‍ കുത്തിനിറച്ചല്ലാതെ പോസ്റ്റെഴുതാന്‍ ചിത്രകാരന് സാധ്യമല്ലല്ലോ അപ്പോ അതും വിട്ടു.

പറയാനുള്ളത് / ചോദിക്കാനുള്ളത് രണ്ട് കാര്യങ്ങളാണ്:

>>വല്ലവനും വിദേശത്ത് ദാസ്യവൃത്തിയിലൂടെ അദ്ധ്വാനിച്ചുണ്ടാക്കുന്ന പണം<<

അല്ല, കഠിനാധ്വാനം ചെയ്ത് കിട്ടുന്ന പണം. വിദേശത്ത് നിന്നും ലഭിക്കുന്നത് ദാസ്യവൃത്തിചെയ്തല്ല
മിസ്റ്റര്‍ ചിത്രകാരന്‍,

രാവും പകലും കഠിനാധ്വാനം ചെയ്താണ്. താങ്കളെപ്പോലുള്‍ലവര്‍ക്കൊന്നും അതുമനസ്സിലാകില്ല!
പണി ആര്‍ക്ക് ചെയ്തു എന്നത് റലവന്റല്ല, എന്ത് പണി , എങ്ങിനെ ചെയ്തു എന്നതിനേ റലവന്‍സിയുള്ളൂ.

ഒരു.ഓടി:

സിനിമക്ക് ക്യൂ നില്‍ക്കുമ്പോഴും ബാങ്കില്‍ നില്‍ക്കുമ്പോഴും തൊട്ട് പിന്നിലുള്ളവന്റെ ശ്വാസോച്ഛാസം മുന്നില്‍ നില്‍ക്കുന്നവന്റെ ചെവിക്കടുത്താവും എന്നാല്‍ കള്ള് വാങ്ങാന്‍ നില്‍ക്കുന്ന് ക്യൂ കാണുമ്പോഴാണ് മര്യാദയുള്ളവരും ഉണ്ടെന്ന് ഉറപ്പിക്കാനാവുന്നത്, എന്തൊരു വിനയം.

ക്യൂ വളഞ്ഞ് തിരിഞ്ഞ് തൊട്ടടുത്ത റോടില്‍ മുട്ടിയാലും ഒരുത്തനും ഇടയില്‍ കയറി അന്യായം കാണിക്കില്ല.

നല്ല ക്യൂ എന്താണെന്ന് കുട്ടികളെ പറഞ്ഞു മനസ്സിലാക്കിക്കാന്‍ ഇത്രയും നല്ല ഉദാഹരണം ഇല്ല തന്നെ! അദിശയോക്തിയല്ല സത്യം :)

പുലരി said...

പൊതു പ്രവർത്തനവും- ലൈംഗിക അരാജകത്വവും.
പുലരി ലേക്ക് സ്വാഗതം

Hari | (Maths) said...

"ക്രിസ്തുമസ് ആഘോഷിക്കാനായി കേരളത്തിലെ ജനങ്ങള്‍ ഇന്നലെ ബീവറേജസ്സിനു കൊടുത്തത് 28 കോടി രൂപയാണത്രേ. ന്യൂ ഇയര്‍ ആഘോഷത്തിന്റെ മുന്‍പുള്ള സാമ്പിള്‍ മദ്യാഘോഷമായ ക്രിസ്തുമസ് ഏതോ മദ്യ കോണ്ട്രാക്റ്ററുടെ ജന്മദിനമായതുകൊണ്ടല്ല കേരള ജനത ക്രിസ്തുമസിന് ഇത്രയും മദ്യം ഉപഭോഗിക്കുന്നത്"

വര്‍ഷങ്ങളായി നടമാടിക്കൊണ്ടിരിക്കുന്ന ഒരു നഗ്നസത്യം തന്നെയാണ് ചിത്രകാരന്‍ സരസമായി, എന്നാല്‍ തീഷ്ണമായ വാക്കുകളുടെ അകമ്പടിയോടെ അവതരിപ്പിച്ചിരിക്കുന്നത്.

ഇവിടെ സൃഷ്ടി-സ്ഥിതി-സംഹാരചുമതലയിലുള്ളവരെത്തന്നെയാണ് പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ടത്. അതുതന്നെയാണ് ഈ പോസ്റ്റിലൂടെ ചിത്രകാരന്‍ ചെയ്തിരിക്കുന്നതും.

"മദ്യത്തിന്റെ അമിതോപയോഗം വിരല്‍ ചൂണ്ടുന്നത് നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന അവിശുദ്ധമായ ധന ഇടപാടുകളുടെ ആധിക്യത്തെക്കുറിച്ചുകൂടിയാണ്"

പക്ഷെ ഇവിടെ മദ്യത്തിന്‍റെ അമിതോപയോഗം അവിശുദ്ധമായ ഒരു ബന്ധത്തിന്‍റെ മാത്രം ബാക്കിപത്രമായാണോ? അധമമാര്‍ഗങ്ങളിലൂടെ പണം സമ്പാദിക്കുന്നവനും ‍ കൂലിത്തൊഴിലെടുത്ത് കിട്ടിയ പണം വൈകുന്നേരം ബാറില്‍ക്കൊടുത്ത് ഇറങ്ങുന്നവനും ഇവിടെ ഇരകളല്ലേ?

എന്തായാലും ചിത്രകാരന്‍റെ ഉദ്ദേശശുദ്ധിയോട് പരിപൂര്‍ണമായി യോജിക്കുന്നു.

Maths Blog Team

ചാണക്യന്‍ said...

സർക്കാര് കൊടുത്തില്ലെങ്കിൽ ജനം വാറ്റി കുടിക്കും..:):):):)