Monday, December 28, 2009

ഹര്‍ത്താല്‍-ഞാഞ്ഞൂലുകള്‍ പത്തിവിടര്‍ത്തുന്നു !

നാളെ 29.12.09 സുന്ദരമായൊരു ഹര്‍ത്താല്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കയാണ്.കുപ്പിയും, കോഴിയും, സീരിയലും,വാര്‍ത്താ ചാനലുകളുമായി മലയാളി അവന്റെ ഭീരുത്വവും അരാഷ്ട്രീയതയും ആഘോഷിക്കുന്ന മഹത്തായ ദിനമാണ് ഹര്‍ത്താല്‍ ! അത്യാസന്ന നിലയില്‍ കിടക്കുന്ന 2009 ന്റെ ശ്വാസം നിലക്കുന്നതിനു മുന്‍പ് ഹര്‍ത്താല്‍ നടത്താനുള്ള ഞാഞ്ഞൂല്‍ സംഘടനയുടെ അതിസാമര്‍ത്ഥ്യത്തെ അഭിനന്ദിക്കുകതന്നെ വേണം.

ജനങ്ങളുടെ സ്വാഭാവിക മതേതര രാഷ്ട്രീയം ജീര്‍ണ്ണത ബാധിച്ച് നിഷ്പ്രഭമാകുന്ന സന്ദര്‍ഭങ്ങളിലാണ് ഞാഞ്ഞൂലുകള്‍ക്ക് തങ്ങളുടെ ഭാഗ്യം പരീക്ഷിക്കാന്‍ ഉള്‍‌വിളിയുണ്ടാകുക.വിലക്കയറ്റത്തിനെതിരെ നടത്തുന്ന ഹര്‍ത്താല്‍ വഴിപാടിലൂടെ ഇങ്ങനെയൊരു സംഘടനയുണ്ടെന്ന് ജനങ്ങളെ അറിയിക്കുക എന്നതാണ് ലക്ഷ്യമെന്നു തോന്നുന്നു.ബ്രാഹ്മണ ജനതാ പാര്‍ട്ടിയുടെ തൊഴിലാളി വിഭാഗം
ഹര്‍ത്താല്‍ നടത്തുന്നത് വിഹ്വലമാകാനിരിക്കുന്ന നമ്മുടെ ഭാവിയിലേക്കുള്ള ഒരു എളിയ വര്‍ഗ്ഗീയ നിക്ഷേപം തന്നെയാണ്.മത പ്രീണന രാഷ്ട്രീയത്തിന്റെ വിടവിലൂടെ സമൂഹത്തിലേക്ക് വേരാഴ്ത്താന്‍ അവര്‍ക്കും കൊതിയുണ്ടാകും.

ഹര്‍ത്താലുകള്‍ പ്രഖ്യാ‍പിക്കുന്ന നേതാക്കളെയും,കടയടപ്പിക്കാനും വാഹനം തടയാനും പുറത്തിറങ്ങുന്ന ഹര്‍ത്താല്‍ പ്രചാരകരെയും അറസ്റ്റു ചെയ്ത് ജനജീവിതത്തിനു തടസ്സമുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട നമ്മുടെ
സര്‍ക്കാര്‍ ധാര്‍മ്മിക ശക്തിയില്ലാതെ പകലുറങ്ങുംബോള്‍ ... അരങ്ങ് വര്‍ഗ്ഗീയ ശക്തികള്‍ക്ക് ഒഴിഞ്ഞുകൊടുത്ത് നമുക്ക് മാളങ്ങളിലേക്ക് ഉള്‍വലിയാം ! ജയ് ഹര്‍ത്താല്‍ !!!

25 comments:

Pyari said...

കഷ്ടം തന്നെ ... :(

Unknown said...

ഹർത്താൽ ആരു നടത്തിയാലും ഭരണപക്ഷമായാലും പ്രെതിപക്ഷമായാലും ഞഞ്ഞൂലായാലും മലമ്പാമ്പ് ആയാലും എതിർക്കപെടേണ്ടത് തന്നെയാണ്.

ജനശക്തി said...

ഹര്‍ത്താല്‍, ബന്ദ് തുടങ്ങിയ സമരരൂപങ്ങളെ പൂര്‍ണ്ണമായി തള്ളിപ്പറയുന്നതില്‍ കാര്യമില്ല. വലിച്ചുനീട്ടിയാല്‍ ഒരു തരത്തിലുള്ള പ്രതിഷേധവും പാടില്ല എന്നതിലേക്കേ ഇത്തരം കാടടപ്പന്‍ അഭിപ്രായങ്ങള്‍ എത്തൂ.

ചൊവ്വാഴ്ചത്തെ ഹര്‍ത്താലിനു ന്യായീകരണമുണ്ടോ എന്ന് പരിശോധിക്കാന്‍ ചില വിവരങ്ങള്‍ താഴെ. തീരുമാനം വായനക്കാര്‍ക്ക് വിടുന്നു..

ബി.ജെ.പി ഭരിക്കുന്ന കര്‍ണ്ണാടകത്തില്‍ അരിക്ക് 42 രൂപയാണത്രെ വില. മറ്റു സാധനങ്ങള്‍ക്കും പൊള്ളുന്ന വില തന്നെ. പഞ്ചസാര, മൈദ, മുളക്, മല്ലി, പയറുവര്‍ഗങ്ങള്‍ എന്നിവയ്ക്കും കേരളത്തിലേതിനേക്കാള്‍ വിലയാണ്. ചെറിയ ഉള്ളിക്ക് വില ഇരട്ടിയോളവും.

മറ്റൊരു പ്രസക്തമായ വിവരവും ഉണ്ട്.

2009ലെ ദാരിദ്ര്യ സൂചികപ്രകാരം ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ പതിനൊന്നാം സ്ഥാനമാണ് കര്‍ണാടകത്തിന്. ബിജെപി ഭരിക്കുന്ന മധ്യപ്രദേശാണ് ഏറ്റവും പിന്നില്‍. ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യക്കൊപ്പമാണ് മധ്യപ്രദേശിന്റ സ്ഥാനം. തൊട്ടടുത്ത് ബിജെപിതന്നെ ഭരിക്കുന്ന ഗുജറാത്തുണ്ട്. കേരളമാകട്ടെ ഭക്ഷ്യസുഭിക്ഷ സംസ്ഥാനമായ പഞ്ചാബിന് പിന്നില്‍ രണ്ടാംസ്ഥാനത്താണ്.

Jijo said...

ഹര്‍ത്താലിണ്റ്റെ കാര്യത്തില്‍ ജനശക്തിയോട്‌ യോജിക്കാന്‍ വയ്യ. ഹര്‍ത്താലും ബന്ദും ഏതു തരത്തിലാണ്‌ നല്ല പ്രതിഷേധമാകുന്നത്‌? പണ്ട്‌ ബ്രിട്ടീഷുകാര്‍ ഭരിച്ചിരുന്നപ്പോള്‍ ഒരു ദിവസം പണി മുടക്കിയാല്‍ അവന്‍മാര്‍ക്ക്‌ വമ്പിച്ച നഷ്ടം വരുമായിരുന്നു. ഇന്ന് ഒരു തൊഴില്‍ ശാലയില്‍ പണിമുടക്കിയാല്‍ മുതലാളിമാര്‍ക്ക്‌ നഷ്ടം സംഭവിക്കും. ഇവിടെ രണ്ടു സ്ഥലത്തും ആരോടാണോ പ്രതിഷേധം കാണിക്കുന്നത്‌ അവര്‍ക്കാണ്‌ താല്‍ക്കാലികമായെങ്കിലും നഷ്ടം സംഭവിക്കുന്നത്‌. ഒരു ജനാധിപത്യ സംവിധാനത്തില്‍ എങ്ങിനെയാണ്‌ ഹര്‍ത്താലും ബന്ദും പ്രവര്‍ത്തിക്കുന്നത്‌? ജനങ്ങള്‍ തന്നെ മുന്നിട്ടിറങ്ങി ഒരു ഹര്‍ത്താല്‍ നടത്തുന്നത്‌ മനസ്സിലാക്കാം. പക്ഷെ അവരെ നിര്‍ബന്ധിച്ച്‌ വീട്ടിലിരുത്തുന്നത്‌ എന്തു പ്രതിഷേധമാണ്‌? ഹര്‍ത്താല്‍ ദിവസം റോഡ്‌ ബ്ളോക്ക്‌ ചെയ്യുന്നതും, വാഹനങ്ങള്‍ക്ക്‌ കല്ലെറിയുന്നതും എന്തിണ്റ്റെ അവകാശത്തിലാണ്‌? നിര്‍ബന്ധിത ഹര്‍ത്താല്‍ ഏതു അളവുകോലു കൊണ്ട്‌ അളന്നാലും അവകാശ നിഷേധമാണ്‌. ജനശക്തിയേ പോലുള്ള പുരോഗമന പ്രസ്ഥാനങ്ങള്‍ ഇത്തരം പ്രതിഷേധ പ്രഹസനങ്ങളെ തള്ളിപ്പറയേണ്ട കാലമായിരിക്കുന്നു.

എണ്റ്റെ നാളത്തെ നഷ്ടം ഞാന്‍ പറയാം. പത്ത്‌ പേറ്‍ പണിയെടുക്കുന്ന ഒരു ചെറിയ ഐടി സ്ഥാപനമാണ്‌ ഞങ്ങളുടേത്‌. അമേരിക്കയില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നും കിട്ടുന്ന പ്രൊജക്റ്റുകളാണ്‌ ഞങ്ങളുടെ ചോറ്‌. വര്‍ഷത്തില്‍ പത്ത്‌ പന്ത്രണ്ട്‌ ലക്ഷം രൂപ റ്റാക്സ്‌ ഇനത്തില്‍ ഞങ്ങള്‍ ഖജനാവിലേയ്ക്ക്‌ അടയ്ക്കുന്നുണ്ട്‌. പത്ത്‌ കുടുംബങ്ങളും ഇത്‌ കൊണ്ട്‌ ജീവിക്കുന്നു. വളരെ പെട്ടെന്ന് ചെയ്ത്‌ തീര്‍ക്കേണ്ട ഒരു വര്‍ക്ക്‌ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നു. അമേരിക്കക്കാരൊക്കെ അവധി കഴിഞ്ഞ്‌ വരുന്നതിന്‌ മുന്‍പു എല്ലാം ചെയ്തു തീര്‍ക്കണമെന്നാണ്‌ വ്യവസ്ഥ. ഇന്നെനിക്കൊരു മെയില്‍ നാട്ടില്‍ നിന്നും വന്നിരിക്കുന്നു. നാളെ ഹര്‍ത്താലായതു കാരണം ആരും ജോലിക്ക്‌ വരില്ലായെന്ന്. കഴിഞ്ഞ ഹര്‍ത്താലിന്‌ എണ്റ്റെ പ്രൊജക്റ്റ്‌ മാനേജര്‍ ജോലിക്ക്‌ വരുന്നതിനിടയില്‍ കല്ലേറ്‌ കൊണ്ട്‌ ആശുപത്രിയില്‍ ആയതു കൊണ്ട്‌ ഇപ്രാവശ്യം എനിക്കവരെ നിര്‍ബന്ധിക്കാനാവില്ല. അതും ഇപ്രാവശ്യം ബി.ജെ.പി ഹര്‍ത്താലാണ്‌. എന്തും സംഭവിക്കാം. ഒരു ദിവസത്തെ നഷ്ടം ചിലപ്പോള്‍ വളരെ വലുതാവാം. ചിലപ്പോള്‍ കഷ്ടപ്പെട്ട്‌ കിട്ടിയ ഒരു കസ്റ്റമര്‍ തന്നെ നഷ്ടപ്പെടാം. ചിലപ്പോള്‍ നമ്മുടെ കസ്റ്റമറ്‍ക്ക്‌ നമ്മേക്കാള്‍ കൂടുതല്‍ നഷ്ടം വരാം. അത്‌ പിന്നെ കേസും കൂട്ടവും ആയി നമ്മുടെ നേര്‍ക്ക്‌ തന്നെ വരും.

എനിക്കോ അല്ലെങ്കില്‍ മറ്റു ഐ ടി കമ്പനികള്‍ക്കോ മാത്രമല്ലല്ലോ നഷ്ടം. നഷ്ടം മുഴുവന്‍ ജനങ്ങള്‍ക്കുമല്ലേ? ജനങ്ങള്‍ എങ്ങിനേയുമൊക്കെ ജീവിച്ചു പൊയ്ക്കോളും എന്ന ഒരു ധാരണയില്‍ നിന്നാണ്‌ ഇത്തരം നാട്‌ സ്തംഭിപ്പിച്ച്‌ നടത്തുന്ന പ്രതിഷേധങ്ങള്‍ ഉടലെടുക്കുന്നത്‌. നാട്‌ സ്തംഭിച്ചാല്‍ നാട്ടാര്‍ക്ക്‌ തന്നെ നഷ്ടം. നാടിനെ കുറിച്ച്‌ വേവലാതിയല്ല, മറിച്ച്‌ അധികാരം നേടാനും കീശ വീര്‍പ്പിക്കാനുമുള്ള കൊതിയാണ്‌ ഇത്തരം സമരങ്ങള്‍ക്ക്‌ പിന്നില്‍. മറ്റുള്ളവരെ നിര്‍ബന്ധപൂര്‍വ്വം പങ്കെടുപ്പിക്കുന്നത്‌ ഒരിക്കലും നീതീകരിക്കത്തക്കതല്ല.

ഹര്‍ത്താലു കൊണ്ട്‌ ആര്‍ക്കാണ്‌, എന്താണ്‌ ഗുണമെന്ന് ജനശക്തിയില്‍ നിന്നും കേള്‍ക്കാന്‍ ആഗ്രഹമുണ്ട്‌.

ജനശക്തി said...

"ജനങ്ങള്‍ തന്നെ മുന്നിട്ടിറങ്ങി ഒരു ഹര്‍ത്താല്‍ നടത്തുന്നത്‌ മനസ്സിലാക്കാം"

എന്ന് ജിജോ എഴുതിയല്ലോ. അപ്പോള്‍ ആ സമരരൂപത്തോട് ജിജോക്കും എതിര്‍പ്പില്ലെന്ന് തന്നെയല്ലേ അര്‍ഥം?

“സോഷ്യലിസ്റ്റ് പ്രത്യയശാസ്‌ത്രത്തെയും തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തെയും മാത്രമല്ല പുരോഗമനപരമായ എല്ലാ ആശയങ്ങളെയും പ്രസ്ഥാനങ്ങളെയും തിരസ്‌ക്കരിക്കുന്ന നവ ലിബറല്‍ നയങ്ങള്‍ തൊഴിലാളികളെയും മറ്റിതര ബഹുജനങ്ങളെയും അവരുടെ ആര്‍ജിതമായ എല്ലാവിധ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ നിന്നും സമരപ്രക്ഷോഭങ്ങളില്‍ നിന്നും അന്യരാക്കിക്കൊണ്ടിരിക്കുന്നു. അതിജീവനത്തിന്റെയും പ്രതിരോധത്തിന്റെതുമായ പ്രക്ഷോഭവഴികളും സമരമാര്‍ഗങ്ങളും ജനാധിപത്യവിരുദ്ധവും വികസനവിരുദ്ധവുമാണെന്ന് വന്‍ മാധ്യമ സഹായത്തോടെ പ്രചാ‍രണം നടത്തുന്നു. കോടതികള്‍ ഇടപെട്ട് പണിമുടക്ക് നിരോധിക്കുകയും വിദ്യാര്‍ത്ഥി രാഷ്‌ട്രീയം നിരോധിക്കുകയും ബന്ദ് പോലുള്ള വിപുലമായ ബഹുജനപങ്കാളിത്തമുള്ള സമരമുറകള്‍ നിയമവിരുദ്ധമാക്കുകയും ചെയ്യുന്നു. നിക്ഷേപത്തിനും വ്യവസായവല്‍ക്കരണത്തിനും തടസ്സം തൊഴില്‍ സമരങ്ങളാണെന്ന് പ്രചരിപ്പിച്ച് തൊഴില്‍ത്തര്‍ക്ക നിയമങ്ങളും വ്യവസായബന്ധനിയമവും തൊഴിലാളികള്‍ക്കെതിരായി ഭേദഗതി ചെയ്യുന്നു. മൂലധന അദ്ധ്വാന ബന്ധങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഉല്പാദനത്തിന്റെയും ഫൈനാന്‍സിംഗിന്റെയും സാര്‍വദേശീയവല്‍ക്കരണം തൊഴിലാളികളെ സംബന്ധിച്ചിടത്തോളം കുറഞ്ഞകൂലിയും അരക്ഷിതത്വവും രാഷ്‌ട്രീയ അടിച്ചമര്‍ത്തലുമായി പരിണമിച്ചുകൊണ്ടിരിക്കുന്നു. അത് ദേശീയ രാഷ്‌ട്രസമൂഹങ്ങളെ അപകടപ്പെടുത്തുന്നു. മൂലധനത്തിന്റെ ഈ ലാഭാര്‍ത്തമായ ആഗോളവല്‍ക്കരണപ്രക്രിയയെ അരാഷ്‌ട്രീയവല്‍ക്കരണത്തിലൂടെ മറച്ചുപിടിക്കാനാണ് നവലിബറല്‍ ഭരണകൂടങ്ങള്‍ ആസൂത്രിത പരിപാടികളിലൂടെ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മാർൿസ് നിരീക്ഷിക്കുന്നതുപോലെ ലക്ഷ്യബോധത്തോടെ പുതിയ പുതിയ സാങ്കേതികവിദ്യകള്‍ ആവിഷ്‌ക്കരിച്ച് സാമൂഹ്യക്ഷേമപരമായ എല്ലാ ആനുകൂല്യങ്ങളും വെട്ടിക്കുറച്ചുകൊണ്ട് സാമ്പത്തികാധിപത്യശക്തികള്‍ക്ക് വേണ്ടി ഭരണം നടത്തുന്ന മുതലാളിത്തം ഇന്ന് അതിന്റെ പ്രത്യയശാസ്‌ത്ര ഉപകരണങ്ങളിലൂടെ സമൂഹത്തെ ആകെ അരാഷ്‌ട്രീയവല്‍ക്കരിക്കുകയും പരമ്പരാഗതമായ എല്ലാവിധ പ്രതിരോധസംഘടകളെയും നിര്‍ജീവമാക്കി പുതിയ രീതിയിലുള്ള സാമൂഹ്യ അടിമത്തം ഘടനാപരമായി രൂപപ്പെടുത്തുകയുമാണ്.“
(രാഷ്ട്രീയവിരുദ്ധതയുടെ രാഷ്ട്രീയം)
(തുടരും)

ജനശക്തി said...

പ്രസക്തമായ മറ്റൊരു ലേഖനം (Distortion of democracy) ഇവിടെ

അതില്‍ നിന്നും പ്രസക്തമായ ഒരു ഭാഗം മാത്രം കോട്ട് ചെയ്യുന്നു.

In a bandh called for an issue which affects the lives of millions of people, say a savage hike in the price of foodgrains in the public distribution system, it is possible t hat some people will be inconvenienced if the transport workers respond to the call, or employees of a public utility do not work. This is seen as an infringement of the rights of the persons concerned and gets translated into the bandh itself being decl ared as not just illegal but also unconstitutional. By the same logic, a strike called by a majority of workers can be considered an infringement of the right to work of the minority and illegalised.

Next the target would be public demonstrations. In fact the Calcutta High Court is hearing a petition to curtail street demonstrations. More recently, the Delhi High Court has asked the government to implement guidelines on holding demonstrations and ral lies in public places

ഇതിന്റെ പോക്ക് എങ്ങോട്ടായിരിക്കും എന്ന് പറയേണ്ടല്ലോ. ഒരു തരത്തിലുള്ള പ്രതിഷേധവുമില്ലാത്ത വിധേയന്മാരായി ‘ജനം’ കഴിഞ്ഞുകൊള്ളണം എന്നു തന്നെ.

മറ്റൊന്ന്, എത്രയോ സമരങ്ങളിലൂടെയും, പ്രതിഷേധങ്ങളിലൂടെയും ഒക്കെയാണ് നാം ഇന്നനുഭവിക്കുന്ന പല അവകാശങ്ങളും ആനുകൂല്യങ്ങളും ഒക്കെ നേടിയിട്ടുള്ളത്.

എത്രയോ ജനവിരുദ്ധനയങ്ങളെയും നടപടികളെയും ഒക്കെ തിരുത്തിക്കുവാന്‍ ബന്ദുകള്‍ക്കും, പണിമുടക്കുകള്‍ക്കും, മറ്റു പ്രതിഷേധസമരങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ട് എന്ന ചരിത്രപാഠം മറക്കുന്നതും ശരിയല്ല.

prashanth said...

ഹര്‍ ത്താല്‍ നടത്താം ! എന്തിനാണോ അത് നടത്തുനത് അതിനോട് യോജിക്കുന്നവര്‍ക്ക് വീട്ടിനുള്ളില്‍ തന്നെ ഇരിക്കാം, പ്രതിഷേധിക്കാം, പക്ഷെ ആരും ജോലിക്ക് പോകരുത്, നാട് മുഴുവന്‍ സ്തംഭിപ്പിക്കണം എന്നോന്നും പറയാന്‍ എവനും അധികാരവും അവകാശവും ഇല്ല, അത് അനുവദിക്കുകയുമരുത്. കോടതി ബന്ദ് നിര്ത്തലാക്കിയപ്പോള്‍ അതിനെ തന്നെ ഹര്ത്താല്‍ എന്നു പറഞ്ഞ് നടത്താന്‍ തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളെ, നിങ്ങള്‍ക്ക് നാണമില്ലെ ഇങ്ങിനെ പൊതു ജനങ്ങളെ പറ്റിക്കാന്‍ !

Anonymous said...

ഒരു ഹർ‌ത്താൽ‌ നടത്തി കടകളടപ്പിച്ചതുകൊണ്ടോ വാഹനങ്ങൾ‌ തടഞ്ഞതുകൊണ്ടോ ബസുകൾക്കു കല്ലെറിഞ്ഞതുകൊണ്ടോ ഒരു ചുക്കും ഇവിടെ നടക്കാൻ പോണില്ല.. കുറെ കഷ്ടനഷ്ടങ്ങൾ‌ ജനങ്ങൾ‌ക്കും പൊതുമുതലിനും ഉണ്ടാകുമെന്നല്ലാതെ! ഇച്ഛാശക്തിയുള്ള ഭരണകർ‌ത്താക്കൾ‌ മാത്രം മതി നിലവിലുള്ള സംവിധാനങ്ങൾ‌ ഉപയോഗിച്ചു കാര്യനിർ‌വ്വഹണം നടത്താൻ‌.. ശുഭ്രവസ്ത്രവും ധരിച്ചു കക്ഷത്തൊരു ഡയറിയും വെച്ചു നടക്കുന്നതല്ല രാഷ്ട്രീയമെന്നറിയുക, നമ്മുടെ ലോക്കൽ‌ നേതാക്കൾ‌! ജനങ്ങളോട് ഏറ്റവുമടുത്തു നിൽ‌ക്കുന്ന, അല്ലെങ്കിൽ ജനങ്ങളിലൊരാളായ ഒരുവനു മാത്രമേ പൊതുവായ ആവശ്യങ്ങൾ‌ അറിയാൻ‌ പറ്റുകയുള്ളു.. അങ്ങനെയുള്ളവരാണു ഭരിക്കുന്നതെങ്കിൽ‌ എന്തിനാണ് ഇത്തരം അർ‌ത്ഥശൂന്യമായ മാർ‌ഗ്ഗങ്ങളിലൂടെ (ബന്ദ്, ഹർ‌ത്താൽ‌..) ജനങ്ങൾ‌ ആവശ്യങ്ങൾ‌ നേടിയെടുക്കുന്നത്? തന്നെയുമല്ല ജനങ്ങളല്ലല്ലോ ഈ സമരമുറകൾ‌ ഒന്നും ആഹ്വാനം ചെയ്യുന്നതും നടത്തുന്നതും.! ജനമെന്ന കഴുത ഇതെല്ലാം സഹിക്കുക മാത്രമല്ലേ ചെയ്യുന്നുള്ളു..? ഇന്നും സാധാരണക്കാരന്റെ ആവശ്യങ്ങൾ‌ അവന്റേതു മാത്രമാണ്. അവന്റെ ന്യായമായ ആവശ്യങ്ങൾക്കുപോലും അവൻ‌ സർക്കാർ‌ ഓഫീസുകളുടെ തിണ്ണ നിരങ്ങണം.. ഓഫീസർ‌മാരുടെ കാലുപിടിക്കണം.. കൈക്കൂലി കൊടുക്കണം.. എന്നിട്ടും പാർട്ടികളും പാർ‌ട്ടിയോട് അന്ധമായ അനുഭാവമുള്ളവരും പാർട്ടി ക്ലാസുകളിലെ ആശയങ്ങളും ന്യായീകരണങ്ങളും വെള്ളം തൊടാതെ വിഴുങ്ങുന്നവരും ഹർ‌ത്താലടക്കമുള്ള ജനദ്രോഹപരമായ സമരമുറകളെ അനുകൂലിക്കുന്നതു കാണുമ്പോൾ‌ പുച്ഛവും വെറുപ്പും മാത്രമാണു തോന്നുന്നത്.. ഞാനടക്കമുള്ള പൊതുജനത്തോട് സഹതാപവും..!

ലംബൻ said...

ഒരു ഹർ‌ത്താൽ‌ നടത്തി കടകളടപ്പിച്ചതുകൊണ്ടോ വാഹനങ്ങൾ‌ തടഞ്ഞതുകൊണ്ടോ ബസുകൾക്കു കല്ലെറിഞ്ഞതുകൊണ്ടോ ഒരു ചുക്കും ഇവിടെ നടക്കാൻ പോണില്ല.. കുറെ കഷ്ടനഷ്ടങ്ങൾ‌ ജനങ്ങൾ‌ക്കും പൊതുമുതലിനും ഉണ്ടാകുമെന്നല്ലാതെ!
njan poornamayum ratheeshinodu yogikkunnu.

Unknown said...

ജനശക്തിയുടെ കമന്റുകൾ കാണുമ്പോൾ പ്രതിഷേദിക്കാൻ ഹർത്താൽ മാത്രമെ ഇന്ന് നിലവിലുള്ളൂ എന്ന് തോന്നിപോകുന്നു

കഷ്ടം

ഷൈജൻ കാക്കര said...

ഹർത്താൽ ദിവസവും മറ്റു സമര ദിവസങ്ങളിലും ജോലി ചെയ്‌തിലെങ്ങിലും മാസ ശമ്പളം കിട്ടും.

ദിവസകൂലിക്കാരന്‌ ഒരു ദിവസത്തെ അന്നം, അതു തടയാൻ, ഈ ഹർത്താലിന്‌ പറ്റും.

അതാണ്‌ ഹർത്താലിന്റെ വിജയം.

അങ്ങനെ ഞാനും "അരാഷ്ട്രീയവാദിയായി".

നിലാവ്‌ said...

സോഷ്യലിസ്റ്റ് പ്രത്യയശാസ്‌ത്രത്തെയും തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തെയും മാത്രമല്ല പുരോഗമനപരമായ എല്ലാ ആശയങ്ങളെയും പ്രസ്ഥാനങ്ങളെയും തിരസ്‌ക്കരിക്കുന്ന നവ ലിബറല്‍ നയങ്ങള്‍ തൊഴിലാളികളെയും മറ്റിതര ബഹുജനങ്ങളെയും അവരുടെ ആര്‍ജിതമായ എല്ലാവിധ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ നിന്നും സമരപ്രക്ഷോഭങ്ങളില്‍ നിന്നും അന്യരാക്കിക്കൊണ്ടിരിക്കുന്നു. അതിജീവനത്തിന്റെയും പ്രതിരോധത്തിന്റെതുമായ പ്രക്ഷോഭവഴികളും സമരമാര്‍ഗങ്ങളും ജനാധിപത്യവിരുദ്ധവും വികസനവിരുദ്ധവുമാണെന്ന് വന്‍ മാധ്യമ സഹായത്തോടെ പ്രചാ‍രണം നടത്തുന്നു. കോടതികള്‍ ഇടപെട്ട് പണിമുടക്ക് നിരോധിക്കുകയും വിദ്യാര്‍ത്ഥി രാഷ്‌ട്രീയം നിരോധിക്കുകയും ബന്ദ് പോലുള്ള വിപുലമായ ബഹുജനപങ്കാളിത്തമുള്ള സമരമുറകള്‍ നിയമവിരുദ്ധമാക്കുകയും ചെയ്യുന്നു. നിക്ഷേപത്തിനും വ്യവസായവല്‍ക്കരണത്തിനും തടസ്സം തൊഴില്‍ സമരങ്ങളാണെന്ന് പ്രചരിപ്പിച്ച് തൊഴില്‍ത്തര്‍ക്ക നിയമങ്ങളും വ്യവസായബന്ധനിയമവും തൊഴിലാളികള്‍ക്കെതിരായി ഭേദഗതി ചെയ്യുന്നു. മൂലധന അദ്ധ്വാന ബന്ധങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഉല്പാദനത്തിന്റെയും ഫൈനാന്‍സിംഗിന്റെയും സാര്‍വദേശീയവല്‍ക്കരണം തൊഴിലാളികളെ സംബന്ധിച്ചിടത്തോളം കുറഞ്ഞകൂലിയും അരക്ഷിതത്വവും രാഷ്‌ട്രീയ അടിച്ചമര്‍ത്തലുമായി പരിണമിച്ചുകൊണ്ടിരിക്കുന്നു. അത് ദേശീയ രാഷ്‌ട്രസമൂഹങ്ങളെ അപകടപ്പെടുത്തുന്നു. മൂലധനത്തിന്റെ ഈ ലാഭാര്‍ത്തമായ ആഗോളവല്‍ക്കരണപ്രക്രിയയെ അരാഷ്‌ട്രീയവല്‍ക്കരണത്തിലൂടെ മറച്ചുപിടിക്കാനാണ് നവലിബറല്‍ ഭരണകൂടങ്ങള്‍ ആസൂത്രിത പരിപാടികളിലൂടെ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മാർൿസ് നിരീക്ഷിക്കുന്നതുപോലെ ലക്ഷ്യബോധത്തോടെ പുതിയ പുതിയ സാങ്കേതികവിദ്യകള്‍ ആവിഷ്‌ക്കരിച്ച് സാമൂഹ്യക്ഷേമപരമായ എല്ലാ ആനുകൂല്യങ്ങളും വെട്ടിക്കുറച്ചുകൊണ്ട് സാമ്പത്തികാധിപത്യശക്തികള്‍ക്ക് വേണ്ടി ഭരണം നടത്തുന്ന മുതലാളിത്തം ഇന്ന് അതിന്റെ പ്രത്യയശാസ്‌ത്ര ഉപകരണങ്ങളിലൂടെ സമൂഹത്തെ ആകെ അരാഷ്‌ട്രീയവല്‍ക്കരിക്കുകയും പരമ്പരാഗതമായ എല്ലാവിധ പ്രതിരോധസംഘടകളെയും നിര്‍ജീവമാക്കി പുതിയ രീതിയിലുള്ള സാമൂഹ്യ അടിമത്തം ഘടനാപരമായി രൂപപ്പെടുത്തുകയുമാണ്.“മനസ്സിലാകാത്തവർക്കു വേണ്ടി ലളിതമായി പറയാം.വിഘടനവാദികളും പ്രതിക്രിയാ വാദികളും പ്രദമദൃഷ്ട്യ അകൽച്ചയിലായിരുന്നെങ്കിലും അവർക്കിടയിലുള്ള അന്തർദ്ധാര സജീവമായിരുന്നു എന്നുവേണം കരുതാൻ...അതാണ്‌ ഇപ്പോഴത്തെ വിലക്കയറ്റത്തിനു കാരണം. അല്ലാതെ ഒരുത്തനും സ്വന്തം പറമ്പിൽ ഒരു വഴുതിന നടാൻ മനസ്സുകാണിക്കത്തതുകൊണ്ടല്ല.ലക്ഷക്കണക്കിന്‌ ഏക്കർ കൃഷിഭൂമി തരിശാക്കിയിട്ടിട്ട്‌ മുദ്രാവക്യം വിളിച്ചാൽ അവശ്യ സാധനങ്ങളുടെ വില കുറയുമെന്ന് ധരിച്ചിരിക്കുന്ന പമ്പര വിഢികളെക്കുറിച്ച്‌ എന്തു പറയാൻ? (രണ്ടു കൊല്ലം മുൻപു വരെ വർഷത്തിൽ 3 തവണ കൃഷിയിറക്കിയിരുന്നനെൽപാടമുണ്ടായിരുന്നു ഈയുള്ളവന്‌..വെള്ളം കൊണ്ടുവന്നിരുന്ന തോട്‌ അടച്ചുകെട്ടി പ്രമാണികൾ ബംഗ്ലാവ്‌ പണിതപ്പോൾ അതിനെതിരെ ജില്ലാ കോടതിയിൽ ഹർജി നൽകിയിരിക്കുകയാണിപ്പോൾ. ഹർജി പിന്‌വലിക്കണായി എന്റെമേൽ സമ്മർദ്ദം ചെലുത്തുന്നു കുട്ടിസഖാവായ പഞ്ചായത്ത്‌ മെംബർ.എന്നിട്ടിപ്പോൾ ഹർത്താലിനെ ന്യായീകരിക്കുന്നു മാന്യന്മാർ..സ്വന്തം കൈ കൊണ്ട്‌ ഒരു ചെടിക്ക്‌ വെള്ളമൊഴിക്കാത്ത ബുദ്ധിജീവികൾ)

ഇ.എ.സജിം തട്ടത്തുമല said...

എന്തുചെയ്യാം. നിഷ്പ്രയോജനമായ സമരരീതികൾ! കേവലം വഴിപാടുകൾ. ഒരു പാർട്ടിമാത്രം വിചാരിച്ചാൽ ഇതു നിർത്താനാവില്ലല്ലോ. ഈയുള്ളവൻ സമ്പൂർണ്ണ ഹർത്താൽ വിരോധിയല്ല. എന്നാൽ ഹർത്താലിനെ സംബന്ധിച്ചുള്ള അഭിപ്രായങ്ങൾ ബ്ലോഗിൽ നേരത്തെ പോസ്റ്റിട്ട് വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമായും വാഹനയോട്ടം തടസ്സപ്പെടുത്തുന്ന ഹർത്താൽ രീതിയോടാണ് എതിർപ്പ്. പിന്നെ അക്രമത്തോടും. മറ്റൊക്കെ സഹിക്കാം.

പുലരി said...

വായിക്കുക പുലരിയില്‍

പര്‍ദ്ദയുടെ രാഷ്ട്രിയവും ജനകിയതയും
വാസ്തവത്തിൽ പർദ്ദയെ അല്ല എതിർക്കുന്നവർ ലക്ഷ്യം വെക്കുന്നത്‌, മറിച്ച്‌ ഇസ്ലാമിക മൂല്യങ്ങളെ തന്നെയാണു

Anonymous said...

ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കുന്നത് ഞാഞ്ഞൂലുകളായാലും പെരുമ്പാമ്പുകളായാലും അവ എതിര്‍ക്കപ്പെടണം. കാരണം അവ ബാധിക്കുന്നത് നമ്മുടെ നിത്യജീവിതത്തെയാണ്. നിത്യവൃത്തിക്കായി പണിയെടുക്കുന്ന എത്രയോ കുടുംബങ്ങളെ ഇതു ബാധിക്കുമെന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്നവര്‍ എന്തുകൊണ്ട് ചിന്തിക്കുന്നില്ല?

പൊതുവില്‍ മലയാളികള്‍ ഹര്‍ത്താലെന്നു കേള്‍ക്കുമ്പോഴേ, ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തിത്തുടങ്ങും. സകുടുംബം ഒന്നു വീട്ടിലിരിക്കാന്‍, അല്ലെങ്കില്‍ ഒന്നു വിരുന്നു പോകാന്‍, അവന് കിട്ടുന്ന ഈ അസുലഭ അവസരം വേണ്ട വിധം ആഘോഷിച്ചു കളയും. മാസങ്ങള്‍ക്കുമുമ്പേ അവധി ദിനങ്ങളിലെല്ലാം പ്രോഗ്രാം ചാര്‍ട്ടു ചെയ്ത് വെച്ചിരിക്കുന്ന അവന് ഇടയ്ക്ക് വീണു കിട്ടുന്ന ഈ അവസരം/ലോട്ടറി 'വേണ്ട വിധം ആഘോഷിക്കാന്‍' തീരുമാനിച്ചാല്‍ ആര്‍ക്കാണ് കുറ്റം പറയാന്‍ കഴിയുക?

പിന്നെ, ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നവന്‍റെ കൊടിയുടെ നിറം നോക്കി എതിര്‍ക്കുന്നവരുടെ ഉദ്ദേശശുദ്ധി തിരിച്ചറിയേണ്ടതുണ്ട്. പ്രതിഷേധത്തിന് ജനജീവിതം സ്തംഭിപ്പിക്കുന്ന ബന്ദ് പേരുമാറ്റിയെത്തിയ ഹര്‍ത്താല്‍ മാത്രമല്ലല്ലോ ഉള്ളത്. ഇവിടെയാണ് നമ്മള്‍ ജപ്പാനെയും ചൈനയെയുമൊക്കെ കണ്ടു പഠിക്കേണ്ടത്.

എഴുതുക, ചിത്രകാരാ ഇനിയും ഈ അസംബന്ധങ്ങള്‍ക്കെതിരെ.

ഹരി

ചാണക്യന്‍ said...

ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിച്ച് മൂർച്ച കുറഞ്ഞ ഒരു ആയുധമായി മാറിയിരിക്കുന്നു ഹർത്താൽ.....

Unknown said...

ചിത്രകാരാ,
സൂചനകളിലൂടെയാണെങ്കിലും താങ്കൾ ഉദ്ദേശിച്ചത് ആരൊക്കെയാണെന്നു വ്യക്തമാണ്. ഒരു സാങ്കേതിക പിഴവ് ചൂണ്ടിക്കാണിച്ചു കൊള്ളട്ടെ. ബി.എം.എസ്. എന്നത് ബി.ജെ.പി.യുടെ തൊഴിലാളിവിഭാഗമല്ല. അത് ഏതെങ്കിലുമൊരു രാഷ്ട്രീയപ്പാർട്ടിയുടെ പോഷകസംഘടനയല്ല. രണ്ടും സംഘാനുബന്ധസംഘടനകളെന്ന പാരസ്പര്യമല്ലാതെ മറ്റൊരു തലത്തിലുള്ള ബന്ധം അവർക്കിടയിലില്ല. ലളിതമായിപ്പറഞ്ഞാൽ - സി.പി.എമ്മിന്റെ സർക്കാറിനെതിരെ സി.ഐ.ടി.യു. സമരം ചെയ്തെന്നു വരില്ല – തൊഴിലാളി സംഘടനയ്ക്കു മേൽ പാർട്ടിയുടെ നിയന്ത്രണവുമുണ്ടായേക്കാം – എന്നാൽ - ബി.എം.എസിനെ “നിയന്ത്രി“ക്കാനോ “ഭരിക്കാനോ“ ബി.ജെ.പി.ക്കു സാധിക്കുമെന്നു തോന്നുന്നില്ല. സ്വാധീനം ഉണ്ടായാൽത്തന്നെ അത് എതിർദിശയിലായിരിക്കും.

പിന്നെ, ഞാഞ്ഞൂൽ പ്രയോഗം അറിവില്ലായ്മയിൽ നിന്നാണെന്നു തീർച്ചയാണ്. ഭാരതം മൊത്തത്തിലെടുത്താലുള്ള ഒന്നാം സ്ഥാനം കേരളത്തിൽ അവകാശപ്പെടാനാവില്ലെന്നു തീർച്ചയാണെങ്കിലും ഭാരതീയ മസ്ദൂർ സംഘിന് കേരളത്തിൽ തരക്കേടില്ലാത്ത പ്രാതിനിധ്യമുണ്ട്. സംസ്ഥാനത്ത് കോൺഗ്രസിന്റെ ഐ.എൻ.ടി.യു.സി.ക്ക് ഉള്ളതിന്റെ ഇരട്ടിയിലധികം അംഗങ്ങൾ ബി.എം.എസിന് ഉണ്ടെന്നതും ശ്രദ്ധേയമാണ്.

Jijo said...

തീര്‍ച്ചയായും ഹര്‍ത്താല്‍ എന്ന സമര രൂപത്തോട്‌ എനിക്ക്‌ യാതൊരു എതിര്‍പ്പുമില്ല. ഏറ്റവും അങ്ങേയറ്റത്തെ സമരമുറയായിട്ടാണ്‌ ഞാന്‍ അതിനെ കാണുന്നതെന്ന് മാത്രം. പ്രതികരണ സ്വാതന്ത്ര്യത്തിന്‍റ്റെ പേരു പറഞ്ഞ്‌ സ്വന്തം നാട്ടുകാരുടെ അന്നം ഇങ്ങനെ കൂടെ കൂടെ മുടക്കാന്‍ അതിനെയൊരു മറയാക്കരുതെന്ന് മാത്രം.

കോടതിയുടെ അനുവാദം ചോദിച്ചിട്ടോ അല്ലെങ്കില്‍ തികച്ചും നിയമാനുസൃതമായോ ആണോ സമരങ്ങള്‍ നടത്തുന്നത്‌? സമരങ്ങളുടെ പൊതു സ്വഭാവം തന്നെ നിയമത്തിനെതിരെ പോകുന്നതല്ലേ? ഇവിടെ കോടതി നിരോധനം കൊണ്ട്‌ ഇല്ലാതാക്കാന്‍ പറ്റുന്നതാണോ പൊതു ജന സമരങ്ങള്‍? ജനങ്ങള്‍ക്ക്‌ പൊറുതിമുട്ടിയാല്‍ അവര്‍ പ്രതികരിക്കും. അത്‌ അമേരിക്കയിലായാലും ശരി, അങ്ങ്‌ കോപ്പന്‍ഹാഗനിലായാലും ശരി, ബീജിംഗ്‌, ടെഹ്‌റാന്‍, ടെല്‍ അവീവ്‌, ഗാസാ, തുടങ്ങി നമ്മുടെ ഒരു കൊച്ചു ഗ്രാമ പഞ്ചായത്തിലായാലും. അത്‌ മിക്കപ്പോഴും അള മുട്ടുമ്പോള്‍ കടിക്കുന്ന ചേരകളാണ്‌. അങ്ങിനെ എപ്പോഴെങ്കിലും ഒക്കെ ആയി പതഞ്ഞൊഴുകുന്ന പ്രതിഷേധത്തില്‍ മതിലുകള്‍ തകര്‍ന്നു വീഴുകയും, ടാങ്കുകള്‍ നിഷ്ക്രിയമാകുകയും ചെയ്യും.

സമരങ്ങള്‍ ആയുധങ്ങളാണ്‌. എല്ലാ ആവശ്യങ്ങള്‍ക്കും ഒരേ ആയുധം പ്രയോഗിക്കുന്നവന്‍ വിഢ്ഢിയാണെന്നതില്‍ തര്‍ക്കമില്ലല്ലോ? തെരുവിലെ ലഹള നിയന്ത്രിക്കാന്‍ ആരും ഏരിയല്‍ ബോംബിംഗ്‌ നടത്താറില്ല. അതിര്‍ത്തിയില്‍ വെടിവെപ്പുണ്ടായാല്‍ ഉടനെ ഇരു രാജ്യങ്ങളും ന്യൂക്ളിയര്‍ ബോംബ്‌ പ്രയോഗിക്കാറില്ല. എന്തിന്‌ എന്‍റ്റെ വീട്ടിലുള്ള ചൂരല്‍ ഞാന്‍ പിള്ളാരെ കാണിക്കാറേ ഉള്ളൂ തല്ലാറില്ല. നാലു പ്രാവശ്യം തല്ലു കിട്ടി കഴിഞ്ഞാല്‍ പിന്നെ പേടിപ്പിച്ചിട്ട്‌ കാര്യമില്ല. നമ്മളും ഈ പ്രായം കഴിഞ്ഞാണല്ലോ വന്നിരിക്കുന്നത്‌.

ഹര്‍ത്താല്‍, ബന്ദ്‌, എന്നൊക്കെ പറയുന്നത്‌ ഏറ്റവും അവസാനം പ്രയോഗിക്കേണ്ട മുറകളാണ്‌. മിക്കവാറും അനാവശ്യങ്ങള്‍ക്കായി ഉപയോഗിച്ച്‌ അതിന്‍റ്റെ വില അങ്ങേയറ്റം ഇടിഞ്ഞിരിക്കുന്നു. രാഷ്ടീയ പാര്‍ട്ടികള്‍ക്ക്‌ ഏറ്റവും എളുപ്പം നടത്താവുന്ന, ഏറ്റവും കൂടുതല്‍ പബ്ളിസിറ്റി കിട്ടുന്ന ഒരു സമര മുറയാണ്‌ ഹര്‍ത്താല്‍. ചുമ്മാ ഒരു പത്ര സമ്മേളനത്തിന്‍റ്റെ ചിലവേയുള്ളൂ. ബാക്കി പത്രങ്ങളും മറ്റു മാദ്ധ്യമങ്ങളും നോക്കി കൊള്ളും. 90% കച്ചവടക്കാരും അക്രമം പേടിച്ച്‌ വീട്ടിലിരുന്നു കൊള്ളും. സ്വകാര്യ വാഹനങ്ങളും തഥൈവ. ജനശക്തി ചെയ്യേണ്ടത്‌ സധാരണ ജനങ്ങളുടെ പ്രതികരണം അറിയുകയാണ്‌. പ്രതികരണ ശേഷിയില്ലത്തതിനാല്‍ മാത്രം ഹര്‍ത്താലിനെതിരേ പ്രതികരിക്കാത്തവരെ കൂടി താങ്കളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തൂ. അവരും ഈ നാട്ടിലെ പ്രജകള്‍ തന്നെയല്ലേ.

സ്വന്തം നാടിനെ നിശ്ചലമാക്കി കൊണ്ട്‌ എന്ത്‌ നേട്ടമാണ്‌ ഉള്ളതെന്ന് പറഞ്ഞില്ല. അതിനേക്കാള്‍ പ്രധാനമാണോ ഇത്തരം ഹര്‍ത്താലുകളില്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍? ഇന്നലത്തെ ഹര്‍ത്താലെന്തിനായിരുന്നു? വിലക്കയറ്റത്തിനെതിരേ? താങ്കള്‍ തന്നെ പറഞ്ഞില്ലേ ബി.ജെ.പി ഭരിക്കുന്ന കര്‍ണാടകത്തില്‍ കേരളത്തിലേക്കാള്‍ വിലയാണെന്ന്‌? ബി.ജെ.പി പ്രതിപക്ഷത്തിരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലും സ്ഥിതി മറിച്ചല്ല. പക്ഷേ എന്തു കൊണ്ട്‌ കേരളത്തില്‍ മാത്രം ഹര്‍ത്താല്‍? പ്രതികരണ ശേഷി കൂടിയതു കൊണ്ടല്ല, മറിച്ച്‌ പൊതു ജനങ്ങള്‍ക്കു ശേഷി കുറഞ്ഞതു കൊണ്ട്‌ മാത്രം സഭവിക്കുന്നതാണ്‌. ഇന്നലത്തെ ഹര്‍ത്താലിനോടുള്ള തണുത്ത പ്രതികരണം എല്ലാവര്‍ക്കും പാഠമായിരിക്കണം. തൊട്ടതിനും പിടിച്ചതിനും ഹര്‍ത്താലെന്ന് പറഞ്ഞ്‌ ജനങ്ങള്‍ക്ക്‌ മടുത്തു എന്നതിന്‍റ്റെ സൂചനയാണിത്‌. മറ്റു പാറ്‍ട്ടികളും ഇത്‌ കണ്ട്‌ പഠിച്ചാല്‍ ജനങ്ങളുടെ ഭാഗ്യം.

കല്ലെറിയാനും റോഡില്‍ തടസ്സം സൃഷ്ടിക്കാനും ആളെ കിട്ടാത്തതിന്‍റ്റെ പേരില്‍ ആണോ എന്നറിയില്ല കോണ്‍ഗ്രസ്സുകാര്‍ ഇനി ഹര്‍ത്താല്‍ നടത്തില്ല എന്നു പറഞ്ഞത്‌. കാരണം എന്തായാലും നല്ല തീരുമാനം എന്നേ പറയുന്നുള്ളൂ. ഒരിക്കലും ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്യില്ല എന്നു പറഞ്ഞില്ലെങ്കിലും തീര്‍ത്തും ഒഴിവാക്കാനാകാത്ത സാഹചര്യത്തിലല്ലാതെ ഹര്‍ത്താല്‍ നടത്തില്ല എന്ന ഒരു വാക്കെങ്കിലും ഇടതു മുന്നണിയില്‍ നിന്നും, ബി.ജെ.പിയില്‍ നിന്നും പ്രതീക്ഷിക്കാമോ?

Jijo said...

ഈ ഹര്‍ത്താല്‍ വാര്‍ത്ത കൂടി ഇവിടെ കിടക്കട്ടെ. പരിഹസിക്കാനല്ല മറിച്ച് കുമരകത്ത് ബോട്ട് ഓടിക്കുന്നവര്‍ക്കും അനുബന്ധ തൊഴിലുകള്‍ ചെയ്യുന്നവര്‍ക്കും ഒരു ദിവസത്തെ വേതനം നഷ്ടമാകാതിരിക്കാന്‍ മധ്യപ്രദേശ് മുഖ്യന്‍ കാരണമായതില്‍ സന്തോഷമേ ഉള്ളൂ.

ജനശക്തി said...

ജിജോ,

ഒരേ കാര്യം വീണ്ടും ആവര്‍ത്തിക്കേണ്ടതില്ല.

“തീര്‍ച്ചയായും ഹര്‍ത്താല്‍ എന്ന സമര രൂപത്തോട്‌ എനിക്ക്‌ യാതൊരു എതിര്‍പ്പുമില്ല. ഏറ്റവും അങ്ങേയറ്റത്തെ സമരമുറയായിട്ടാണ്‌ ഞാന്‍ അതിനെ കാണുന്നതെന്ന് മാത്രം“ എന്നു പറയുന്ന ജിജോ “ഹര്‍ത്താല്‍, ബന്ദ് തുടങ്ങിയ സമരരൂപങ്ങളെ പൂര്‍ണ്ണമായി തള്ളിപ്പറയുന്നതില്‍ കാര്യമില്ല. വലിച്ചുനീട്ടിയാല്‍ ഒരു തരത്തിലുള്ള പ്രതിഷേധവും പാടില്ല എന്നതിലേക്കേ ഇത്തരം കാടടപ്പന്‍ അഭിപ്രായങ്ങള്‍ എത്തൂ.“ എന്ന അഭിപ്രായത്തെ മറ്റെന്തൊക്കെയോ പറഞ്ഞെന്ന മട്ടില്‍ എതിര്‍ക്കുന്നതെന്തിനു? കമന്റും അതിലിട്ടിരിക്കുന്ന ലിങ്കുകളും ദയവായി ശ്രദ്ധിച്ച് മുഴുവനായും വായിക്കുക. അതിലുണ്ട് കൃത്യമായി എല്ലാം.

നന്ദി...

roaduvilaislamiccentre said...

ഹര്‍ത്താല്‍ കോടതി നിരോധിചാലും ഞങ്ങള്‍ പുതിയ പദം
കണ്ടെത്തും . പണിമുടക്ക്..... പ്രതിഷേധം.....സ്തംഭനം...........

മലയാളി ഒരു ദിവസം വിശ്രമിക്കട്ടടോ..............

Truthaboutlies said...

check the below link...

BJP chief minister was given police security to travel around kerala during the harthal day and NO ONE ( HARTHAL SUPPORTERS) TRIED TO STOP HIM FROM TRAVELLING..!! http://www.mathrubhumi.com/story.php?id=74498

Anonymous said...

കുറ്റം പറഞ്ഞു തുടങ്ങിയാ എല്ലാത്തിനേം പരയേണ്ടി വരും! ഹര്‍ത്താല്‍ പ്രമാണിച്ച്‌ തലേദിവസം തന്നെ ബിവറേജസ്‌ കുപ്പി വാങ്ങി സ്റ്റോക്‌ ചെയ്ത്‌, ഹര്‍ത്താല്‍ സ്പെഷ്യല്‍ പ്രോഗ്രാമുകള്‍ ടിവിയില്‍ കണ്ടറുമാദിക്കുന്ന സാദാ കൂതറകളേയും.... സത്യം പറഞ്ഞാല്‍ ഹര്‍ത്താല്‍ ദിനം എനിക്കും യുക്തിക്കും വളരെ ഇഷ്ടമാണ്‌. സാധാരണ നടരാജ വിഗ്രഹത്തിലെ ശിവനെപ്പോലെ ഒറ്റക്കാലില്‍ നിന്നു യാത്ര ചെയ്തു സായൂജ്യമടയേണ്ടി വരുന്ന ഇണ്റ്റര്‍സിറ്റി എക്സ്പ്രസിണ്റ്റെ ഉള്‍ഭാഗം ഇന്‍ഡ്യാ അര്‍ജണ്റ്റീന അന്താരാഷ്ട്ര ഹോക്കി മത്സരത്തിണ്റ്റെ ഗാലറിയെ അനുസ്മരിക്കുന്ന വിധം വിജനമാകുന്ന അസുലഭ നിമിഷം! ഓഫീസില്‍ ഇരുന്നല്ല കെടന്നു വരെ പോകാം.... അങ്ങനെയുള്ള ആ ദിവസത്തെ എങ്ങനെ ഞാന്‍ ഇഷ്ടപ്പെടാതിരിക്കും..... ?

Muralee Mukundan , ബിലാത്തിപട്ടണം said...

ഇപ്പോൾ മലയാളികളുടെ ഏറ്റവും വലിയ ആഘോഷങ്ങളല്ലേ ,ഇപ്പോൾ ഹർത്താലാഘോഷങ്ങൾ...!!

“ഒപ്പം നന്മയുടെ,സ്നേഹത്തിന്റെ നവവത്സരാശംസകള്‍"

Akbar said...

"ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിച്ച് മൂർച്ച കുറഞ്ഞ ഒരു ആയുധമായി മാറിയിരിക്കുന്നു ഹർത്താൽ....."

ചാണക്യന്‍ പറഞ്ഞത് തന്നെ എനിക്കും പറയാനുള്ളൂ. ഈ ഒരു സമരമുറ കേരളീയര്‍ നിത്യ ജീവതത്തിലെ ഒരു സാധാരണ സംഭവമായി അംഗീകരിച്ചു കഴിഞ്ഞു. അത് കൊണ്ടാണ് ഹര്‍ത്താലെന്ന് കേട്ടാലുടന്‍ വാതിലടച്ചിരുന്നു കുപ്പി പൊട്ടിക്കുന്നതും T V സീരിയല്‍ കണ്ടു ഒരു ദിവസം ചുമ്മാ കളയുന്നതും. ഇത് ഭീരുത്വമാണെന്ന് ചിത്രകാരന്‍ പറയുന്നു.