Sunday, December 20, 2009

തീവ്രവാദിയായിരുന്നുവോ മഹാത്മാഗാന്ധി ?

റിച്ചാഡ് ആറ്റംബറോയുടെ മനസ്സിലെ ഗാന്ധി...

മഹാത്മാഗാന്ധി തീവ്രവാദിയായിരുന്നു എന്നുതന്നെയാണ് ചിത്രകാരന്റെ വിശ്വാസം.
സത്യസന്ധതയുടെ തീവ്രവാദി !....അഹിംസയുടേയും !!

തീവ്രവാദം രണ്ടു തരമുണ്ട്.
1)മനസ്സിനകത്തേക്കുള്ള തീവ്രവാദം.
അത് സത്യസന്ധതയോടുള്ള തീവ്രമായ അഭിനിവേശമാണ്.സ്വന്തം മനസ്സിനോടും,സ്വന്തം വ്യക്തിത്വത്തോടും,സ്വന്തം ജീവിത മൂല്യങ്ങളോടും,സ്വന്തം കാഴ്ച്ചപ്പാടുകളോടും,സ്വന്തം അറിവിനോടും,സ്വന്തം സമൂഹത്തോടും സത്യസന്ധത പുലര്‍ത്തുക എന്നത് ഒരു തീവ്രവാദി ലക്ഷണം തന്നെയാണ്. ആര്‍ക്കും വേണ്ടാത്ത സത്യത്തിനുവേണ്ടി കഠിനമായി വാശിപിടിക്കുക എന്നത് തീവ്രവാദമല്ലെങ്കില്‍ പിന്നെന്താണ് ???
ഹഹഹഹഹ............. പക്ഷേ,അത്തരം ഏതു തീവ്രവാദിയും ഒരു നൂറ്റാണ്ടു മുന്‍പുവരെ വിഷം കൊടുത്തു കൊല്ലപ്പെടാനും,കണ്ണു കുത്തിപ്പൊട്ടിക്കപ്പെടാനും,ചുട്ടുകൊല്ലപ്പെടാനും,കുരിശിലേറ്റപ്പെടാനും,തലവെട്ടി മാറ്റപ്പെടാനും അര്‍ഹമായവിധം രാജ്യദ്രോഹികള്‍ തന്നെയായിരുന്നു ! കൊടിയ രാജ്യദ്രോഹ കുറ്റമായ ഈ തീവ്രവാദത്തെ ഹൃദ്യമായ മാനവിക വികാസമായി തിരിച്ചറിഞ്ഞ് ആദരിക്കാന്‍ പശ്ചാത്യ നാഗരികത വളര്‍ന്നിരിക്കുന്നു എന്ന് മനസ്സിലാക്കിയിരുന്നു മഹാത്മാഗാന്ധിയിലെ തീവ്രവാദി.
മഹാത്മാഗാന്ധി തീവ്രവാദിയാകുന്നത് തീവ്രമായ സത്യസന്ധത ജീവിതത്തില്‍ ആചരിക്കുന്നതിലൂടെയാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ വിരിമാറിലൂടെ വലിച്ചുകെട്ടിയ തന്റെ ജീവിതത്തില്‍ സത്യസന്ധത കൊണ്ട് ഗാന്ധി രചിച്ച മാനവികതയുടെ അഹിംസാസന്ദേശം തങ്ങളുടെ സാസ്ക്കാരികതയുടെ ധന്യതയായി തിരിച്ചറിയാന്‍ പശ്ചാത്യ നാഗരികത വളര്‍ന്നു എന്നത് മനുഷ്യ ചരിത്രത്തിലെ മഹാഭാഗ്യം തന്നെയാണ്.മനസ്സിനകത്തേക്കുള്ള തീവ്രവാദത്തിലൂടെ ഗാന്ധി ലോകത്തിലെ എല്ലാ മനുഷ്യരേയും സഹോദരങ്ങളായി ഉള്‍ക്കൊള്ളാനാകുന്നവിധം തന്റെ മനസ്സ് വികസിപ്പിക്കുകയാണ് ചെയ്തത്. ആ വിസ്താരം പശ്ചാത്യരെക്കൊണ്ട് സാക്ഷ്യപ്പെടുത്താന്‍ കഴിഞ്ഞതിലൂടെ ഇടുങ്ങിയ മനസ്സുള്ള ഇന്ത്യക്കാര്‍ തങ്ങളുടെ സങ്കുചിതത്വം ഉപേക്ഷിക്കാതെത്തന്നെ അദ്ദേഹത്തിന്റെ ഭക്തരായി! ഗാന്ധിയെ കൊന്ന്, സ്റ്റഫ് ചെയ്ത് വഴിനീളെ വിഗ്രഹങ്ങളായി പ്രതിഷ്ടിച്ച് ...സത്യസന്ധതയുടെ തുടര്‍ തീവ്രവാദത്തെ നാം കടിഞ്ഞാണിട്ടു നിര്‍ത്തി. അതെ,മഹാത്മാവ് തീവ്രവാദിതന്നെയായിരുന്നു...മഹത്വമാര്‍ന്ന തീവ്രവാദി !!!

2)മസിലുകളിലേക്കുള്ള തീവ്രവാദം(മനസ്സിനു പുറത്തേക്ക്)
അസമത്വം വാഴുന്ന സമൂഹ്യ വ്യവസ്ഥിതിയുടെ അകത്തുനിന്നുകൊണ്ട് കൂടുതല്‍ വിഭവങ്ങള്‍ക്കും,അധികാരത്തിനും വേണ്ടിയുള്ള വിഭാഗീയമായ,കച്ചവട തന്ത്രങ്ങളിലധിഷ്ഠിതമായ വിലപേശലാണ് ഇത്.സ്വന്തം മനസ്സിനു അനുകൂലമായ ആശയങ്ങളോ,വാദഗതികളോ,അവകാശങ്ങളോ അന്യരും അംഗീകരിക്കണമെന്ന വാശിയും നിര്‍ബന്ധബുദ്ധിയും ഈ തീവ്രവാദത്തിന്റെ വസ്തുനിഷ്ടമല്ലാത്തതും,സത്യസന്ധമല്ലാത്തതും,വൈകാരികമായതുമായ രീതിയാണ്.അന്യരുടെ അവകാശങ്ങള്‍ കൂടി കവര്‍ന്നെടുക്കാം എന്ന ദുഷ്ട ലക്ഷ്യം പോലും മനോവികാസം പ്രാപിക്കാത്ത ഈ തീവ്രവാദികള്‍ തങ്ങളുടെ പരിപാവന ലക്ഷ്യമായി ഉയര്‍ത്തിക്കാണിക്കും.സ്വയം ആത്മബോധം നേടിയിട്ടില്ലാത്തവരും,അന്യ രാജ്യങ്ങളുടെയോ,വര്‍ഗ്ഗീയ ഗ്രൂപ്പുകളുടേയോ രാഷ്ട്രീയ വ്യാപന ലക്ഷ്യങ്ങളുടെയോ അടിമകളോ കൂലികളോ ആയവരും ഈ തീവ്രവാദ ബിസിനസ്സ് നടത്തി ഭൌതീകമായും രാഷ്ട്രീയമായും പുരോഗമിക്കാന്‍ ശ്രമിക്കുന്നത് അവികസിത രാജ്യങ്ങളിലെ പതിവു ദൃശ്യമാണ്.സമൂഹത്തില്‍ നിലവിലുള്ള ജാതി-മത-വര്‍ഗ്ഗ-വംശ-ഗോത്ര-പാര്‍ട്ടി-ആശയ വിഭാഗീയതയുടെ നേരിയ വിള്ളലുകളെങ്കിലും ഉപയോഗപ്പെടുത്തി, സംഘബലം കൂട്ടി,മസിലുരുട്ടുന്ന ഭീഷണിയോടെ നടത്തുന്ന ഈ തീവ്രവാദവും സംകുചിത രാഷ്ട്രീയ പ്രവര്‍ത്തനവും മാനവികതക്കു നേരെയുള്ള ആക്രമണവുമാണ്.

അറിവില്ലായ്മ,ഭക്തി,അടിമത്വം,വിധേയത്വം,ദാസ്യം എന്നീ കാരണങ്ങള്‍ കൊണ്ട് ആത്മബോധം ആര്‍ജ്ജിക്കാനാകാതെവരുന്നവരുടെ മനസ്സില്‍ ഭയം നിക്ഷേപിക്കുന്നതിലൂടെ നിര്‍മ്മിച്ചെടുക്കുന്ന സംഘബലമാണ് ഈ സങ്കുചിത തീവ്രവാദത്തിന്റെ കരുത്ത്.
വസ്തു നിഷ്ടമല്ലാത്ത ദുരഭിമാനങ്ങളും,അര്‍ദ്ധ സത്യങ്ങള്‍ കൊണ്ട് നിര്‍മ്മിക്കുന്ന കള്ള കഥകളുമായി ഈ തീവ്രവാദത്തെ ഭീകരവാദമായി വളര്‍ത്തിയെടുക്കാന്‍ അശേഷം ബുദ്ധിമുട്ടേണ്ടതില്ല.

തീവ്രവാദത്തിന്റെ കാരണം പിന്നോക്കാവസ്ഥയല്ല !
ഈ ലോകത്തെ ഏതൊരുവന്റേയും പിന്നോക്കാവസ്ഥയുടെ മുഖ്യകാരണം അവന്‍ തന്നെയാണ്. സ്വന്തം കഴിവില്ലായ്മയുടെ,അല്ലെങ്കില്‍ കഴിവിനെക്കുറിച്ചുള്ള ദുരഭിമാനത്തിന്റെ ഫലമായി പൊതു മാര്‍ഗ്ഗത്തില്‍ നിന്നും എപ്പോഴെങ്കിലും ഉള്‍വലിഞ്ഞു നിന്നതിന്റെ നിര്‍ഭാഗ്യകര അവസ്ഥയാണ് പിന്നോക്കാവസ്ഥ. സംഘടിത അടിമവല്‍ക്കരണത്തിലൂടെയോ,പിടിച്ചുപറിയിലൂടെയോ,രാഷ്ട്രീയമായി നിഷ്ക്കാസിതരായോ പിന്നോക്കാവസ്ഥയിലെത്തിയവരുമുണ്ട്. ഇവരെയെല്ലാം ഓരോ കാലഘട്ടങ്ങളില്‍ മാനവികത ഉണര്‍ത്തുപാട്ടായി വന്ന് വിളിച്ചുണര്‍ത്താറുണ്ട് എന്നത് നമ്മെ പിന്നോക്കാവസ്ഥയിലേക്ക് തള്ളിയവരുടെതന്നെ തെറ്റുകളും ക്രൂരതകളും തിരുത്തുന്ന മനുഷ്യസ്നേഹത്തിന്റെ പൊതുബോധമാണ്. ആ പൊതു ബോധത്തോളം വളരാനായി എന്നതാണ് മഹാത്മാഗാന്ധിയുടെ മഹത്വം.

പിന്നോക്കാവസ്ഥയുടെ കാരണം വിവരമില്ലായ്മ !

അന്യ സമൂഹങ്ങളുമായി നമ്മുടെ സമൂഹത്തെ താരതമ്യം ചെയ്യുംബോള്‍ മാത്രമുണ്ടാകുന്ന സാംബത്തികവും സാംസ്ക്കാരികവുമായ ആപേക്ഷിക വ്യത്യാസമാണ് പിന്നോക്കാവസ്ഥ. അതുകൊണ്ടു തന്നെ നമ്മുടെ പിന്നോക്കാവസ്ഥ ഇല്ലാതാക്കാന്‍ അന്യ സമൂഹങ്ങളെ
സംങ്കുചിത ചിന്തകള്‍ മാറ്റിവച്ച് തുറന്ന മനസ്സോടെ പഠിക്കുക മാത്രമേ വഴിയുള്ളു. സാംബത്തികമായി നാം എത്ര വളര്‍ന്നാലും അന്യ സമൂഹത്തിന്റെ മികവിനെക്കുറിച്ചുള്ള അറിവും,നമ്മുടെ പോരായ്മയെക്കുറിച്ചുള്ള വിമര്‍ശനവും ഇല്ലാതുള്ള വളര്‍ച്ച ശാശ്വതമല്ല.സമൂഹങ്ങളെ വിളക്കിച്ചേര്‍ക്കുന്ന ഘടകം തന്നെ ഈ ആത്മ വിമര്‍ശനങ്ങളും,അന്യ സമൂഹങ്ങളുടെ മികവിനേയും,അറിവിനേയും ഉള്‍ക്കൊള്ളാനുള്ള നമ്മുടെ സത്യാഭിമുഖ്യത്തിലൂടെയാണ്.അല്ലാതെ, ദുരഭിമാനത്തിലൂടെ ആയിക്കൂട !!!!

....................................................................
ചിത്രകാരന്റെ ഞായറാഴ്ച്ച ചിന്തകള്‍ കുറിച്ചുവച്ചതാണ്.ചിന്തയുടെ രൂപമോ ഭംഗിയോ ഒന്നും ശ്രദ്ധിച്ചിട്ടില്ല. സമൂഹത്തെ നിരന്തരം വിമര്‍ശിച്ച് ശക്തിപ്പെടുത്തുക എന്നത് ചിത്രകാരന്റെ മാനവിക വീക്ഷണത്തിന്റെ ഭാഗമാകുന്നത്,കലാപ്രവര്‍ത്തനമാകുന്നത് എങ്ങനെയെന്ന് ചിലര്‍ക്കെങ്കിലും ഇതില്‍ നിന്നും മനസ്സിലാകുമെന്ന് പ്രതീക്ഷിക്കട്ടെ!

9 comments:

chithrakaran:ചിത്രകാരന്‍ said...

ചിത്രകാരന്റെ ഞായറാഴ്ച്ച ചിന്തകള്‍ കുറിച്ചുവച്ചതാണ്.ചിന്തയുടെ രൂപമോ ഭംഗിയോ ഒന്നും ശ്രദ്ധിച്ചിട്ടില്ല.

നന്ദന said...

അതുകൊണ്ടു തന്നെ നമ്മുടെ പിന്നോക്കാവസ്ഥ ഇല്ലാതാക്കാന്‍ അന്യ സമൂഹങ്ങളെ
സംങ്കുചിത ചിന്തകള്‍ മാറ്റിവച്ച് തുറന്ന മനസ്സോടെ പഠിക്കുക മാത്രമേ വഴിയുള്ളു. സാംബത്തികമായി നാം എത്ര വളര്‍ന്നാലും അന്യ സമൂഹത്തിന്റെ മികവിനെക്കുറിച്ചുള്ള അറിവും,നമ്മുടെ പോരായ്മയെക്കുറിച്ചുള്ള വിമര്‍ശനവും ഇല്ലാതുള്ള വളര്‍ച്ച ശാശ്വതമല്ല.സമൂഹങ്ങളെ വിളക്കിച്ചേര്‍ക്കുന്ന ഘടകം തന്നെ ഈ ആത്മ വിമര്‍ശനങ്ങളും,അന്യ സമൂഹങ്ങളുടെ മികവിനേയും,അറിവിനേയും ഉള്‍ക്കൊള്ളാനുള്ള നമ്മുടെ സത്യാഭിമുഖ്യത്തിലൂടെയാണ്.അല്ലാതെ, ദുരഭിമാനത്തിലൂടെ ആയിക്കൂട ?

മനോഹര്‍ മാണിക്കത്ത് said...

അറിവില്ലായ്മ,ഭക്തി,അടിമത്വം,വിധേയത്വം,ദാസ്യം എന്നീ കാരണങ്ങള്‍ കൊണ്ട് ആത്മബോധം ആര്‍ജ്ജിക്കാനാകാതെവരുന്നവരുടെ മനസ്സില്‍ ഭയം നിക്ഷേപിക്കുന്നതിലൂടെ നിര്‍മ്മിച്ചെടുക്കുന്ന സംഘബലമാണ്സങ്കുചിത തീവ്രവാദത്തിന്റെ കരുത്ത്.

ഈയുള്ളവനും ഈ കാഴ്ചപ്പാടിനോടൊപ്പം
നില്‍ക്കുന്നു ചിത്രകാരാ...
മഹാത്മാഗാന്ധ തീവ്രവാദിയായിരുന്നോയെന്ന
ചോദ്യവും ഉത്തരവും ശരിയണെങ്കില്‍
നമ്മെളെല്ലാം ഒരു തീവ്രവാദിയായിരിക്കാം

പള്ളിക്കുളം.. said...

ചിത്രകാരൻ ദിവസവും മാറിക്കൊണ്ടേയിരിക്കുന്നു. ഇപ്പോ ഇത്തിരി നന്നായിട്ടുണ്ട്. ഇത്തിരി വെളുത്തിട്ടുണ്ട്. സുന്ദരനായിട്ടുണ്ട്. ഓരോ വർഗത്തിന്റേയും പിന്നാക്കാവസ്ഥക്ക് കാരണം ‘അവനവൻ‘ തന്നെ ആണെന്ന് തിരിച്ചറിഞ്ഞല്ലോ. ബുദ്ധിപരമായി മാത്രം അല്പം മന്ദീഭാവം ഉണ്ടായിട്ടുണ്ട്. അടുത്ത പോസ്റ്റിൽ ശരിയായേക്കും. സ്ഥായീഭാവം ചിത്രകാരനിൽ നിന്ന് പ്രതീക്ഷിക്കുക വയ്യ. അതു തന്നെയാണു ചിത്രകാരൻ പോസ്റ്റുകളുടെ മേന്മയും. തല്ലും തലോടും.
:)

Sureshkumar Punjhayil said...

Avanavalikku...!
Manoharam, Ashamsakal...!!!

കുണാപ്പന്‍ said...

The Myth of Mohandas Gandhi

കാവലാന്‍ said...

"മനസ്സിനകത്തേക്കുള്ള തീവ്രവാദത്തിലൂടെ ഗാന്ധി ലോകത്തിലെ എല്ലാ മനുഷ്യരേയും സഹോദരങ്ങളായി ഉള്‍ക്കൊള്ളാനാകുന്നവിധം തന്റെ മനസ്സ് വികസിപ്പിക്കുകയാണ് ചെയ്തത്"

ലോകത്തിലെ സകല ചരാര വ്യ്വസ്ഥിതികളേയും തങ്ങളുടെ ഇടുങ്ങിയ ചിന്താഗതയിലേക്ക് ചുരുക്കി അതേ വ്യവസ്ഥിതിയില്‍ ചിന്തിക്കുന്നവരെ മാത്രം മനുഷ്യരായി പരിഗണിക്കുന്ന ചുരുക്കം ചിലരെയാണ് മത തീവ്രവാദി എന്നതുകൊണ്ടുദ്ധേശിക്കേണ്ടതെന്നു തോന്നുന്നു.അങ്ങനെ ഒരു ചിന്താഗതി വച്ചു പുലര്‍ത്തുന്നവനെ തിരുത്തി മനുഷ്യത്വത്തിന്റെ പാതയിലേക്ക് അറിവിന്റെ വെളിച്ചത്തിലൂടെ നയിക്കേണ്ടതിനു പകരം മറ്റെന്തിന്റെയെങ്കിലും പേരില്‍ അവരെ സംരക്ഷിക്കാനിറങ്ങുന്നവര്‍ ചെയ്യുന്നത് കേവലം ദേശദ്രോഹമല്ല മനുഷ്യകുലത്തിനോടുതന്നെ ചെയ്യുന്ന മഹാപരാധമാണ്.

Blogreader said...

Chitrakaran-
Really liked your thoughts. Thanks

prashanth said...

എല്ലാ തീവ്രവാദികളും ഭീകര വാദികളല്ല, പക്ഷെ എല്ലാ ഭീകരവാദികളും തീവ്രവാദികളാണ് !