Thursday, November 12, 2009

മാതൃഭൂമി ബ്ലോഗനയുടെ രാഷ്ട്രീയം

2006ല്‍ മാതൃഭൂമിയുടെ സണ്ടേസപ്ലിമെന്റില്‍ മലയാള ബൂലോകത്തെക്കുറിച്ച് ഒരു കവര്‍ സ്റ്റോറി വായിച്ച്,ഒരു ബ്ലോഗറാകാനുള്ള ആഗ്രഹവുമായി അന്നേദിവസം തന്നെ ബ്ലോഗ് വിദ്യാരംഭം നടത്തുകയും, ചിത്രകാരന്‍ എന്ന വിഢിയും, ദുഷ്ടനും, അക്ഷര വിരോധിയും, തെമ്മാടിയുമായ ബ്ലോഗ് തെയ്യമായി അവതരിക്കുകയും ചെയ്ത, ചിത്രകാരന്‍ എന്ന മഹാനായ ബ്ലോഗര്‍ ഒരിക്കലും എഴുതാന്‍ പാടില്ലാത്ത പോസ്റ്റാണ് ഇത്. അതായത്,കടുത്ത നന്ദികേടാണ് ചിത്രകാരന്റെ ഈ പോസ്റ്റ്. ചിത്രകാരനെ ബൂലോകത്തേക്ക് വഴികാണിച്ച പത്രം എന്നതിലുപരി, പത്തുവര്‍ഷക്കാലം ഒരു മാതൃഭൂമി കുടുംബാംഗമായിരുന്നു എന്നതും, ധാരാളം സഹപ്രവര്‍ത്തക സൌഹൃദം ഇന്നും നിലനില്‍ക്കുന്നതുമായതിനാലും മാതൃഭൂമിയുടെ ബ്ലോഗനയുടെ രാഷ്ട്രീയത്തെക്കുറിച്ച് എഴുതുന്നത് ഒഴിവാക്കപ്പെടേണ്ടതാണ് എന്ന് ചിന്തിക്കാവുന്നതാണ്.എന്നാല്‍ ... നന്ദികേടിന്റെ അവതാരമായ ചിത്രകാരനാണൊ ആ ചിന്ത !!! ഹഹഹ.... :)

ബ്ലോഗന തുടങ്ങിയിട്ട് എത്ര കാലമായിരിക്കും ? അതിലൂടെ എത്ര ബ്ലോഗേഴ്സിന്റെ ബ്ലോഗ് പോസ്റ്റുകള്‍ പുനപ്രസിദ്ധീകരിക്കപ്പെട്ടിരിക്കും ? കുറേകാലമായി കുറെ പോസ്റ്റുകള്‍ ബ്ലോഗന ഭൂലോകത്തിന് പരിചയപ്പെടുത്തിയിരിക്കും. ചിത്രകാരന് അത്രേ അറിയു. അത്തരം കാര്യങ്ങളിലൊന്നും ഈ ദുഷ്ടന്റെ മനസ്സ് ഉടക്കാറില്ലല്ലോ.

എന്നാല്‍, ഇടക്കിടക്ക് “എന്റെ അവലോസുണ്ട ബ്ലോഗനയില്‍” എന്ന തലക്കെട്ടോടെ ബ്ലോഗനയില്‍ ബ്ലോഗ് പോസ്റ്റ് അച്ചടിച്ചു വന്നതിന്റെ സന്തോഷ പ്രകടനവും ലഡു വിതരണവും ബൂലോകത്ത് നടക്കാറുണ്ട്. അതില്‍ കുഴപ്പമൊന്നുമില്ലാ താനും. മനസ്സിന്റെ സന്തോഷവും സംങ്കടവും മറ്റു വികാര വിചാരങ്ങളും എല്ലാം ഒപ്പിവക്കാനുള്ള ഇടം തന്നെയാണ് ബ്ലോഗ് . എന്നാല്‍, ബൂലോകത്തിന്റെ സ്വാതന്ത്ര്യത്തിന്റെ ആകാശത്തിനു കീഴില്‍ അന്യരാഷ്ട്രീയമായി, നിലവാരത്തിന്റെ മാനദണ്ഡമായി,പ്രചോദനമായി... ബ്ലോഗന ബ്ലോഗര്‍മാര്‍ക്ക് പ്രിന്റ് മീഡിയയുടെ അച്ചടക്കത്തിന്റെ അംഗീകാരം വിതരണം ചെയ്യുന്നുണ്ടെന്ന് കണ്ടെത്തുകയാണ് ചിത്രകാരന്‍. ബ്ലോഗിന്റെ ഇപ്പോഴത്തെ ശൈശവദശയില്‍ അച്ചടി മാധ്യമങ്ങളുടെ ഇത്തരം സ്വാധീന ശ്രമങ്ങള്‍ പോലും ബ്ലോഗിന്റെ വളര്‍ച്ചക്കുള്ള വളമാണെന്നു തിരിച്ചറിയുംബോള്‍ തന്നെ, ബ്ലോഗ് ബ്ലോഗര്‍മാര്‍ക്ക് നല്‍കുന്ന ആത്മവികാസത്തിന്റെ സാധ്യതയെ ബോണ്‍സായ് രൂപത്തിലേക്ക് ചെറുതാക്കുന്ന ഘടകം കൂടിയായിമാറുന്നുണ്ട് ബ്ലോഗനയോടുള്ള ആസക്തി എന്ന് ഓര്‍മ്മിപ്പിക്കുകയാണ് ചിത്രകാരന്‍.ഒരു പ്രിന്റു മീഡിയയുടെ പരിമിതമായ സ്വാതന്ത്ര്യത്തിന്റെ നായ്‌ക്കൂട്ടിലോ,തൊഴുത്തിലോ കിടക്കാന്‍ ക്യൂ നില്‍ക്കുന്നവരാണ് ബ്ലോഗര്‍മാര്‍ എന്നത് അത്യന്തം ശോചനീയമായ ബാലിശ ചിന്തയാണ്. പ്രത്യേകിച്ചും മാതൃഭൂമിയുടെ പൂമുഖത്തോ, ഡ്രോയിങ്ങ് റൂമിലോ, ബെഡ്‌റൂമിലോ അല്ല ബ്ലോഗര്‍മാരുടെ പൊസ്റ്റുകള്‍ സ്വീകരിക്കപ്പെടുന്നത്. മാതൃഭൂമിയുടെ പത്രാധിപര്‍ തന്റെ കൈപ്പുണ്ണ്യം വര്‍ദ്ധിപ്പിക്കുന്നതിനായി കെട്ടിമറച്ചുണ്ടാക്കിയിരിക്കുന്ന വിവിധ പംക്തികളിലൊന്നായ ബ്ലോഗന എന്ന തൊഴുത്തിലാണ് ബ്ലോഗ് പോസ്റ്റുകളെ കെട്ടിയിട്ടിരിക്കുന്നത്. ബ്ലോഗനയിലെ പുല്ലും വൈക്കോലും ബ്ലോഗര്‍മാര്‍ക്ക് പ്രിയംങ്കരമാകുന്നത് ബ്ലോഗിലെ സര്‍വ്വതന്ത്ര സ്വാതന്ത്ര്യത്തിലും നാം പറ്റിച്ചേര്‍ന്നു നില്‍ക്കാന്‍ ഒരു ഉടമയെ,യജമാനനെ,...അധികാരത്തിന്റേയും അംഗീകാരത്തിന്റേയും ആശ്രിതവാത്സല്യത്തെ അന്വേഷിച്ചുകൊണ്ടിരിക്കുന്നു എന്നതിനാലാണ്. അതായത് ... ബ്ലോഗന മാതൃഭൂമിയിലെ ബ്ലോഗര്‍മാര്‍ക്കുള്ള ബാലപംക്തി മാത്രമാണ്. ആ യാഥാര്‍ത്ഥ്യബോധത്തൊടെ ബ്ലോഗനയെ സമീപിക്കേണ്ടിയിരിക്കുന്നു.

മുകളില്‍ പറഞ്ഞത് ഒരു ബ്ലോഗര്‍ എന്ന കാഴ്ച്ചപ്പാടിലൂടെയാണ്. എന്നാല്‍ മാതൃഭൂമിയുടെ പത്രാധിപരുടെ കാഴ്ച്ചപ്പാട് മാതൃഭൂമിയുടെ വായനക്കാരന്റെ രുചിഭേദങ്ങളെ പരമാവധി തൃപ്തിപ്പെടുത്താനുള്ള വിഭവങ്ങള്‍ കണ്ടെത്തുക എന്നതാവാം.അതിലൂടെ പത്ര ഉടമയുടെ ടാര്‍ഗറ്റുകള്‍ മറികടക്കുക എന്നതുമാകാം.വായനക്കാരന്റെ കാഴ്ച്ചപ്പാട് വര്‍ത്തമാനത്തിന്റെ സാംസ്ക്കാരികമായ സകല സ്പന്ദനങ്ങളും പരതിപ്പിടിക്കാനുള്ള സൌകര്യപ്രദമായ ശീലത്തെ തൃപ്തിപ്പെടുത്താനുള്ള ശ്രമമാകാം.

ഇത്രയും പറഞ്ഞതുകൊണ്ട് പത്രമാധ്യമങ്ങളില്‍ ബ്ലോഗ് സൃഷ്ടികള്‍ പ്രസിദ്ധീകരിക്കപ്പെടുന്നത് ബ്ലോഗര്‍മാര്‍ക്ക് മാനഹാനിയാണെന്നല്ല.
ഒരു സ്ഥിരം വഴിപാട് പംക്തിക്കകത്തല്ലാതെ,ശ്രദ്ധേയമായ സാംസ്ക്കാരിക പ്രവര്‍ത്തനമായി ബ്ലോഗ് സൃഷ്ടികള്‍ പ്രിന്റ് മീഡിയയിലും ആദരിക്കപ്പെടുംബോള്‍ മാത്രമേ ബൂലോകം ബാല്യ ചാപല്യങ്ങളില്‍ നിന്നും വളരുന്നുള്ളു.എന്നാല്‍ ആ ആദരവിനെക്കൂടി അവഗണിച്ച് സ്വതന്ത്ര്യത്തിന്റെ വികാസം ബ്ലോഗിലൂടെ ബ്ലോഗര്‍ ആഘോഷിക്കുംബോഴേ ബൂലോകം വയസ്സറിയിക്കുന്നുള്ളു (ഋതുമതിയാകുന്നുള്ളു)എന്ന് ഓര്‍മ്മപ്പെടുത്തുകയാണ് ചിത്രകാരന്‍.

18 comments:

chithrakaran:ചിത്രകാരന്‍ said...

ബ്ലോഗനയില്‍ ബ്ലോഗ് പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ച കശ്മലന്മാര്‍ ഈ പാവം ചിത്രകാരനെ പൊറുക്കണമെന്ന്
വിനയപുരസ്സരം അപേക്ഷിച്ചുകൊള്ളുന്നു.ആ നിസ്സാരമായ ന്യൂനപക്ഷങ്ങളെ അവഗണിച്ചുകൊണ്ട് നിന്ദിതരും,പീഢിതരുമായ ... പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഭൂരിപക്ഷ ബ്ലോഗര്‍മാരുടെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുകയാണ് നിങ്ങളുടെ ചിത്രകാരന്‍ !!!
മാതൃഭൂമി തറവാട്ടിലെ ബ്ലോഗനമണിയറ സ്വപ്നം കാണാത്ത ബ്ലോഗര്‍മാരില്‍ നിന്നുള്ള ചെരിപ്പുമാലപോലും ഇവിടെ സസന്തോഷം സ്വീകരിക്കപ്പെടും :)

അനില്‍@ബ്ലോഗ് // anil said...

ഇന്ന്‍ കണ്ണൂരുനിന്നും ഈ പോസ്റ്റില്‍ വന്നു പോയത് ചിത്രകാരനായിരുന്നോ?
:)

chithrakaran:ചിത്രകാരന്‍ said...

ഹയ്യടാ...
അനിലേ,ലിങ്കിടണമെങ്കില്‍ അതിട്ടാപ്പോരേ ദുഷ്ടാ !!!
വെറുമൊരു കള്ളനെ കൊള്ളക്കാരനെന്ന് ധ്വനിപ്പിക്കുന്നത് നീതിയാണോ ?
ഏതായാലും അനിലിന്റെ പോസ്റ്റ് ഇപ്പോ വായിച്ചു.
ഒരു വര്‍ഷത്തിലെറെ പഴക്കമുള്ളതിനാല്‍
കമന്റെഴുത്ത് ഒരു ലിങ്കൊടുകൂടിയാകമെന്നതിനാല്‍
പിന്നീടെഴുതാമെന്ന് തീരുമാനിച്ചു :)
അനിലിന്റെ ലിങ്കിനു നന്ദി.
ഈ വിഷയത്തിലുള്ള ബ്ലോഗുകളെല്ലാം പരസ്പ്പര ബന്ധത്തോടെ കാണാമല്ലോ.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ചിത്രകാരനും അനിലിമും കൂടിയാണു ഈ കമന്റ്..കാരണം അനിൽ ആ പോസ്റ്റ് ഇപ്പോളാണു ഞാൻ കാണുന്നത്.

ഒരു പരിധി വരെ നിങ്ങൾ രണ്ട് പേരും പറഞ്ഞ കാര്യങ്ങളോട് യോജിക്കുന്നു.ബ്ലോഗുകളിൽ പ്രസിദ്ധികരിക്കുന്നത് മറ്റെങ്ങും പ്രസിദ്ധിക്കരൈക്കാൻ കൊള്ളാത്തവ ആണെന്ന് ഒരു വിചാരം ഓരോ ബ്ലോഗറുടെയും മനസ്സിൽ ഉള്ളതു കൊണ്ടാണു അതു മാതൃഭൂമി പോലെയൊരു പ്രസിദ്ധീകരണത്തിൽ വരുമ്പോൾ അനല്പമായ സന്തോഷത്തിനു കാരണമവുന്നത്.ബ്ലോഗുകൾ വരുന്നതിനു തൊട്ടു മുൻ‌പുള്ള കാലം ഒന്നു മനസ്സിൽ കരുതുക.എഴുതാൻ അല്പമെങ്കിലും കഴിവുള്ള ഓരോ ആളിന്റേയും സ്വപ്നമെന്നത് സ്വന്തം സൃഷ്ടി അച്ചടി മഷി പുരണ്ട് കാണുക എന്നതു തന്നെയാവും.അതേ സമയം ആ ഭാഗ്യം ലഭിക്കുക അപൂരവം പേർക്കും.എന്നു മാത്രവുമല്ല വായനക്കാരില്ലാത്ത ലോകത്ത് എഴുതാനുള്ള ആവേശവും കുറയും.എന്തൊക്കെ പറഞ്ഞാലും വായിക്കാൻ ആളുണ്ടെന്നതു തന്നെയാണു ബ്ലോഗെഴുതാനുള്ള ഒരു പ്രചോദനം.അങ്ങനെ വരുമ്പോൾ ഒരിക്കൽ തന്നെക്കൊണ്ട് സാധിക്കുകയേ ഇല്ല എന്ന് വിചാരിച്ചിരുന്ന ഒരു കാര്യം ഇപ്പോൾ നടന്നു കാണുമ്പോൾ ഉണ്ടാകുന്ന ഒരു സംതൃപ്തി ഇതിൽ തീർച്ചയായും ഉണ്ട്.

എനിക്ക് ഇക്കാര്യത്തിൽ മാതൃഭൂമിയോടൂള്ള എതിർപ്പ് അത് ‘ബ്ലോഗന” എന്ന തലക്കെട്ടിൽ കൊടുക്കുന്നതാണ്.ലിങ്കുകൾ നൽകുക, വീഡിയൊയും ഓഡിയോയും നൽകുക എന്ന് വിവിധ തരങ്ങളായ സാധ്യതകൾ ബ്ലോഗിൽ ഉണ്ട്.പ്രിന്റ് മീഡിയായിൽ അതില്ല,എന്നിട്ടും ബ്ലോഗിനെ രണ്ടാം തരമായി കാണുന്നു.

ഇതിനുള്ള ഏക പ്രതിവിധി, കൂടുതൽ നല്ല, ഗാംഭീര്യമുള്ള രചനകൾ ബ്ലോഗിൽ ഉണ്ടാവുക എന്നതു തന്നെയാണ്.അതു സ്വയം തെളിയിക്കേണ്ടതുണ്ട്.അങ്ങനെ പ്രിന്റ് മീഡിയ വിട്ട് വായനക്കാർ ബ്ലോഗു പോസ്റ്റുകൾ തേടി വരുന്ന കാലം വരണം..!

നല്ല ‘അടിപൊളി’പ്രതികരണം, രണ്ട് പേരുടേയും..ആശംസകൾ!

Anonymous said...

ന്നാലും എന്റെ ലിങ്ക് അടക്കം എന്റെ ഒരു പോസ്റ്റ് വന്നാ ഒരു സുഖം ആയ്നും ട്ടോ....
ബ്ലോഗനക്കര്‍ കേള്‍ക്കുന്നുണ്ടോ ആവോ...??

ബിനോയ്//HariNav said...

"..മാതൃഭൂമി തറവാട്ടിലെ ബ്ലോഗനമണിയറ സ്വപ്നം കാണാത്ത ബ്ലോഗര്‍മാരില്‍ നിന്നുള്ള ചെരിപ്പുമാലപോലും ഇവിടെ സസന്തോഷം സ്വീകരിക്കപ്പെടും.."

ചെരിപ്പുമാലയല്ല ചിത്രകാരാ ഈ പോസ്റ്റിന് ഒരു പൂച്ചെണ്ട് തന്നെയുണ്ട് :)

ഇട്ടിമാളു അഗ്നിമിത്ര said...

ചിത്രകാരാ...

“ബ്ലോഗനയില്‍ ബ്ലോഗ് പോസ്റ്റു പ്രസിദ്ധീകരിച്ച കശ്മല“യാണ് ഞാൻ... :)

മാതൃഭൂമിയിൽ വന്ന പോസ്റ്റ് അവർ സെലക്റ്റ് ചെയ്തത് എന്തു മാനദണ്ഢം എന്നൊന്നും എനിക്കറിയില്ല.. അതുകൊണ്ട് എന്റെ എഴുത്തിന്റെ നിലവാരം കൂടിയെന്നൊ കുറഞ്ഞെന്നൊ എനിക്ക് തോന്നുന്നുമില്ല.. പോസ്റ്റുകളുടെ എണ്ണം കുറഞ്ഞെന്നത് സത്യം.. എങ്കിലും ആ ആഴ്ചയിലെ വാരിക ഇപ്പൊഴും എന്റെ റൂമിൽ എവിടെയൊ ഉണ്ട്.. എന്തിനു സൂക്ഷിച്ചു വെച്ചിരിക്കുന്നു എന്നു ചോദിച്ചാൽ.. അന്ന് അത് സന്തോഷത്തിനുള്ള വകയായിരുന്നു.. ഇന്നോ എന്ന് ചോദിക്കരുത്..

ബ്ലോഗനയിൽ കണ്ടതുകൊണ്ട് മാത്രം ഞാൻ വായിച്ചിരിക്കുന്ന ബ്ലോഗുകളും ഉണ്ട്.. അത് ഒരു പരിചയപ്പെടുത്തൽ എന്ന നിലയിൽ കണ്ടാൽ പോരെ.. പുസ്തകങ്ങളെ കുറിച്ചും എഴുത്തുകാരെ കുറിച്ചുമൊക്കെ പത്രമാസികകളിൽ നമ്മൾ വായിക്കാറില്ലെ.. അതുപോലെ ബ്ലൊഗിനെ കുറിച്ചും.. :)

റൊമാന്‍സ് കുമാരന്‍ said...

ബ്ലോഗനയില്‍ കവിത പ്രസിദ്ദീകരിക്കുന്നതിന് ആരെയാണു കോണ്ടാക്റ്റ് ചെയ്യേണ്ടത്? വര്‍ഷം മുന്നേ ഉദ്യാന ചന്ദ്രികയില്‍ പ്രസിദ്ദീകരിച്ച എന്റെ കവിത അയച്ചു കൊടുക്കണമെന്നുണ്ട്. 25വര്‍ഷം മുമ്പ് പ്രസിദ്ദീകരിച്ചതായതു കൊണ്ട് വീണ്ടും പ്രസിദ്ദീകരിക്കില്ല എന്നൊന്നുമില്ലല്ലോ അല്ലേ?

തറവാടി said...

മാതൃഭൂമിയിലെ ബ്ലോഗനയില്‍ ഒരു പോസ്റ്റ് വരുന്നതോടെ ഒരു ബ്ലോഗുടമക്ക് നല്‍‌കുന്ന ഫെയിമിനല്ല ഞാന്‍ പ്രാധാന്യം നല്‍കുന്നത് മറിച്ച് ബ്ലോഗെന്ന മീഡിയയെ പരോക്ഷമായെങ്കിലും സമൂഹത്തിന് പരിചയപ്പെടുത്തുന്നതിനാണ്.

ഒരു പോസ്റ്റ് പത്രത്തില്‍ വന്നാല്‍ അതില്‍ എഴുത്തുകാരന്‍ സന്തോഷിക്കാന്‍ പ്രധാനകാരണം പത്രത്തിന് ബ്ലോഗിനേക്കാള്‍ നിലവിലുള്ള ജനമ്മിതിയും റീച്ചുമാണ്.

ബ്ലോഗിലെ കുറച്ചുപേരെങ്കിലും ഒരു കാലത്ത് പത്രമാധ്യമങ്ങള്‍ സ്വീകരിക്കാത്തവരാണ്. പുറമെ അച്ചടിമഷിയോട് കലാകാരന്മാരായ ബ്ലോഗര്‍മാര്‍ക്കുള്ള അഭിനിവേശവും, പുസ്തകപ്രകാശനം എന്ന ലക്ഷ്യത്തെ ശ്രദ്ധിക്കുക. ഏറ്റവും പ്രധാനമായി പത്രമാധ്യമരചനകള്‍ക്കുള്ള സാമ്പത്തിക മൂല്യം കൂടി ഉണ്ടെന്നതാണ്.

എത്ര മൂല്യമുള്ളതാവട്ടെ ഫ്രീയാണോ, അതിന് 'വില' കുറയും.

ഇതെല്ലാം ചേര്‍ന്നതിനാലാണ് ബ്ലോഗ് രചനകള്‍ പത്രമാധ്യമ രചനകളേക്കാള്‍ 'വില' യില്ലാതാവാന്‍ കാരണം.

പറഞ്ഞുവന്നത്, എന്തുതന്നെയായാലും ബ്ലോഗന നല്ലതുതന്നെയാണ്.

ഓ.ടി:

ചിത്രകാരന്‍ വഷളനും പിന്നെ എന്തൊക്കെയോ ആണെന്നും എല്ലാവരും സമ്മതിച്ചിട്ടൂള്ളതാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നകാര്യമായ സ്ഥിതിക്ക് എല്ലായിപ്പോഴും സ്വയം അതൊക്കെ വിളിച്ചുപറയണോ?

താങ്കള്‍ അതല്ല എന്നറിയീക്കാനുള്ള ഒരു തത്രപ്പാടായി തോന്നിക്കുന്നു ചെയ്യുന്നു, ചുരുങ്ങിയതെനിക്ക്, ചിത്രകാരാ താങ്കള്‍ ചിത്രകാരനാവൂ!

മറ്റൊരു ഓ.ടി:

:)

കാപ്പിലാന്‍ said...

അങ്ങനെ ചിത്രകാരന്‍ നന്നാവണ്ടാ ചിത്രകാരാ :) . ചിത്രകാരന്‍ ഇങ്ങനെ തന്നെ ഇരിക്കുന്നതാണ് ഞങ്ങള്‍ക്ക് സന്തോഷം . ബ്ലോഗന എന്നാല്‍ എന്താണ് സംഭവം ? :)

തറവാടി said...

കാപ്പിലാന്‍,

എന്റെ കമന്റില്‍ തൂങ്ങിയാണ് താങ്കള്‍ മുകളിലെ കമന്റിട്ടതെങ്കില്‍, എങ്കില്‍ മാത്രം, അതല്ലെങ്കില്‍ താഴെയുള്ളത് വിട്ടേക്കൂ.

ഞാന്‍ എന്തുദ്ദേശിച്ചു എന്ന് ചിത്രകാരന് മനസ്സിലായിട്ടുണ്ടാകും, ഒപ്പം സ്വല്‍‌പ്പം ചിന്തിക്കുന്നവര്‍ക്കും , താങ്കള്‍ ചിന്തിക്കാത്തവനെന്ന് ഞാന്‍ ഉദ്ദേശിച്ചില്ല , വലിച്ചിഴച്ച് കൊണ്ടുപോകല്ലെ പ്ലീസ്.

കാപ്പിലാന്‍ said...

തറവാടിയുടെ കമെന്റില്‍ ഞാന്‍ എന്തിന് തൂങ്ങണം ?. തൂങ്ങാന്‍ നല്ലത് വേറെയുള്ളപ്പോള്‍ . എന്തിനാണ് എന്‍റെ പേര് ഇതില്‍ വലിച്ചിട്ടത് തറവാടി ?
അത്രപോലും ‍ എന്തുകൊണ്ട് ചിന്തിച്ചില്ല :) . തറവാടിയെ വലിച്ചു എന്ന് തറവാടിക്ക് തോന്നിയോ തറവാടി ?

തറവാടി said...

ചിത്രകാരാ,

അപ്പോ പിന്നെ നമുക്ക് ഇനി അടുത്ത പൊസ്റ്റില്‍ കാണാം ;)

Joker said...

മുമ്പൊക്കെ വായന ശാലകളും മറ്റ് ക്ലബ്ബുകളും കേന്ദ്രീകരിച്ച് ചുമര്‍ പത്രങ്ങളും കൈയെഴുത്ത് മാസികകളും ഇറങ്ങുന്ന പതിവുണ്ടായിരുന്നു. ഇന്നും ചില സ്ഥലങ്ങളിലൊക്കെ അത് നിലനില്‍ക്കുന്നുണ്ട്. പക്ഷെ പിന്നീട് പല പത്രങ്ങളും മഞ്ചാടി , കുയില്‍ അത് ഇത് എന്നൊക്കെ പറഞ്ഞ് ബാല പംക്തികളും മറ്റ് കോളങ്ങളും കൊണ്ടുവന്നതോടെ അതിന്റെയെല്ലാം ആപ്പീസ് പൂട്ടി. പല പത്രങ്ങളും സര്‍ക്കുലേഷന്‍ വ്യഭിചാരം എന്ന സംഭവത്തിനു വേണ്ടി പഞ്ചായത്തുകള്‍ഊം വാര്‍ഡുകള്‍ തോറും വാര്‍ത്തകള്‍ കേന്ദ്രീകരിച്ചുള്ള എഡിഷനുകളും ആരംഭിച്ചു. ഇത് പലപ്പോഴും പല പ്രാദേശിക പത്രങ്ങളെയും കാലപുരിക്കയച്ചു.

പലപ്പോഴും സിനിമകളിലും മറ്റും കാണുന്ന കൈക്ക് കെട്ടിട്ടൂം എല്ലു പൊട്ടിയും കാണുന്ന തമാശ കഥാ പാത്രങ്ങളാണ് പ്രാദേശിക പത്ര എഡിറ്റര്‍മാര്‍.

ഇപ്പോള്‍ ബ്ലോഗ് എന്ന സ്വതന്ത്ര മാധ്യമത്തിന്റെ ആപ്പീസു പൂട്ടിക്കാന്‍ ഈ പറഞ്ഞ ബ്ലോഗ്നയും മറ്റും കാരണമായേക്കും എന്നാണ് എന്റെ കാഴ്ചപാട്. ബ്ലോഗ് എന്ന മാധ്യമം കൂടുതല്‍ ജനകീയമാകുന്നതോടെ പ്രിന്റ് മീഡിയ സാവധാനം തളരും എന്ന കാര്യത്തില്‍ സംശയമില്ല. ടി വി ചാനലുകള്‍ തുടാങ്ങിയപ്പോള്‍ തന്നെ പത്രങ്ങളുടെ കാര്യം അല്പം പിന്നോട്ടാണ്. മനോരമ ഇപ്പോള്‍ തന്നെ ചാനല്‍ തുടാങ്ങിയതിന്റെ ഉദ്ദേശം മറ്റൊന്നല്ല. പത്ര പ്രവര്‍ത്തനം ബിസിനസ് അല്ലാതെ കാണുന്നവരുടെ പത്രങ്ങള്‍ മാത്രം നില നിന്നേക്കാം.

പത്ര മുലതാളിമാരുടെയും ചാനല്‍ മുതലാളിമാരുടെയും ഓശാരത്തിന് നില്‍ക്കാതെ സ്വയമേ തന്നെ നിലപാടുകളും വാര്‍ത്തകളും പുറത്ത് കൊണ്ടുവരാന്‍ ബ്ലോഗുകള്‍ക്ക് സാധിക്കുന്നു എന്നുള്ളത് ഇതിന്റെ ഒരു പ്രത്യേകത തന്നെയാണ്.

തനിക്കാക്കി വെടക്കാക്കാന്‍ നിന്നു കൊടുത്താല്‍ അതോടെ തീരും ഇതിന്റെ പൊകയും.

നാട്ടുകാരന്‍ said...

എന്റെ ഏതെങ്കിലും ഒരു പോസ്റ്റ് ബ്ലൊഗനയിലൊ, ഏഷ്യാനെറ്റിലോ, ഇനി ഏതെങ്കിലും ചവറിലോ വന്നിരുന്നെങ്കിൽ ആ ലിങ്കും കൊടുത്തു എനിക്കുമൊരു പൊങച്ച പോസ്റ്റിടാമായിരുന്നു :). ഒരു വഴി ആരെങ്കിലും ഒന്നു പറഞ്ഞു തരുമോ?
എന്തായാലും നാലാളു വായിക്കാൻ കൊള്ളാവുന്നതൊന്നും എഴുതാൻ എന്നേക്കൊണ്ടു പറ്റൂല്ല. പിന്നെ ഇതെലെങ്കിലും ഒന്നു വരുത്തുക മാത്രമെ ഒരു വഴി കാണുന്നുള്ളൂ :)

തറവാടി said...

>>ഇപ്പോള്‍ ബ്ലോഗ് എന്ന സ്വതന്ത്ര മാധ്യമത്തിന്റെ ആപ്പീസു പൂട്ടിക്കാന്‍ ഈ പറഞ്ഞ ബ്ലോഗ്നയും മറ്റും കാരണമായേക്കും എന്നാണ് എന്റെ കാഴ്ചപാട്.<<

>> ബ്ലോഗ് എന്ന മാധ്യമം കൂടുതല്‍ ജനകീയമാകുന്നതോടെ പ്രിന്റ് മീഡിയ സാവധാനം തളരും എന്ന കാര്യത്തില്‍ സംശയമില്ല.<<

ജോക്കര്‍,

ഈ രണ്ട് വരികള്‍ തമ്മില്‍ ഒരു പൊരുത്തക്കേടില്ലേ എന്നൊരു സംശയം , സൗകര്യപ്പെടുമെങ്കില്‍ ആദ്യത്തേ കാഴ്ചപ്പടിനുള്ള കാരണം ഒന്ന് വ്യക്തമാക്കാമോ? :)

★ Shine said...

This is myown comment in one of my old post:

പല print മാധ്യമങ്ങളിലും, അതുപോലെ മുഖ്യധാര സാഹിത്യത്തിൽ മുഴുകിയവരും Blog കളെ വളരെ ലളിത വൽകരിക്കാനാണു ശ്രമിക്കുന്നതു എന്നാണു എനിക്കു തോന്നിയിടുള്ളത്‌ - ഒരു തരം "ലളിത സാഹിത്യം" പോലെ. മാത്രുഭൂമിയിലെ "ബ്ലോഗന" വായിക്കുമ്പോൾ എനിക്കതു പ്രതേയ്കിച്ചും തോന്നാറുണ്ട്‌.

Blog കളെ നേരിട്ടു പരിചയമില്ലാത്ത, print മാധ്യമങ്ങൾ മാത്രം വായിക്കുന്നവർക്കു തോന്നുക, Blog കൾ ഫലിത കഥകളോ, അതുപോലെ എന്തോ ആണെന്നാണു. ഒരു പക്ഷെ മുഖ്യധാര സാഹിത്യത്തിൽ ആവശ്യത്തിലേറെ "ഗൗരവ ചിന്തകരും", എഴുത്തുകാരും ഉള്ളതു കൊണ്ടായിരിക്കും!

Unknown said...

ചിത്രകാരന്റെ ഈ പോസ്റ്റ്‌ ബ്ലോഗനയിൽ പ്രസിദ്ധീകരിക്കുമോ ആവോ?