Sunday, October 18, 2009

നഗ്നവസ്ത്രം നെയ്യുന്നവന്‍

രാവും പകലും,ഉറക്കവും ഉണര്‍വ്വും
നെയ്തുകാരനു കൂട്ടിരിക്കുന്നു.
കട്ടപിടിച്ച നൂല്‍ക്കെട്ടുകള്‍ നല്ലിചുറ്റി
വാമഭാഗത്ത് ദൈവം അടുത്തിരിക്കുന്നു.

ഏകാന്തതയുടെ വാത്മീകത്തിലിരുന്ന്
നെയ്ത്തുകാരന്‍ തന്റെ നഗ്നവസ്ത്രം നെയ്തെടുക്കുകയാണ്.
തനിക്കുമാത്രം കാണാനാകുന്ന,
തന്റെ മാത്രം ഉടുപ്പാകുന്ന നഗ്ന വസ്ത്രം.

അന്യന്റെ കണ്ണിനെ മറച്ചുകെട്ടാത്ത,
അപരന്റെ കാലിനെ ചങ്ങലക്കിടാത്ത,
ശൂദ്രന്റെ ചെവിയില്‍ ഇയ്യത്തിന്റെ മന്ത്രം പൊഴിക്കാത്ത,
പൊളിപറയാത്ത സുതാര്യ വസ്ത്രം.

ആത്മബോധത്തിന്റെ മഴവില്‍ നൂലുകള്‍
ഊടും പാവുമാക്കി ഇടത്തോട്ടും വലത്തോട്ടും,
ഉള്ളിലോട്ടും പുറത്തോട്ടും ഓടം പായിച്ച്
അയാള്‍ നെയ്തുകൊണ്ടിരിക്കുന്നു വസ്ത്രം.

ആത്മാവിലെ മഗ്ഗത്തില്‍ വസ്ത്രം പൂര്‍ത്തിയാകാന്‍
ഈറ്റുനോവായി കോഴികൂവുന്നു.
നെയ്ത്തുകാരനുചുറ്റും നേരം വെളുക്കുന്നു.
സത്യമായും നിങ്ങള്‍ക്ക് ചിരിക്കാതിരിക്കാനാകില്ല !

ധന്യതയുടെ നിറവില്‍ സ്വാര്‍ത്ഥതയെ പാര്‍പ്പിക്കാത്ത വസ്ത്രം
നെയ്ത്തുകാരന് അഴിച്ചുമാറ്റാനാകുമോ ?
ജീവിതത്തിന്റെ സൌന്ദര്യ-ധന്യത ഒരു വെടിയുണ്ടയായിപ്പോലും
ഹൃദയത്തില്‍ തൊഴാനെത്തുമെന്ന് അറിവില്ലാതിരിക്കുമോ ?

നഗ്നതയുടെ ഉടുപ്പുനെയ്യുന്ന നെയ്ത്തുകാരെ...,
ചിത്രകാരന്റെ പ്രണാമം.
നിങ്ങളാണല്ലോ എന്റെ സ്വാതന്ത്ര്യത്തിന്റെ
ഉടുപ്പു നെയ്തു തന്നത് ... പ്രണാമം,പ്രണാമം...പ്രണാമം.പ്രസ്താവന:
പ്രിയമുള്ള ബ്ലോഗ് വായനക്കാരെ,
മുകളില്‍ കൊടുത്തിരിക്കുന്നത് ചിത്രകാരന്റെ ഒരു കവിതയാണ്.സ്വന്തം ചിന്തകള്‍ ചിലപ്പോള്‍ ചില വാക്കുകളില്‍ കോര്‍ത്ത് കെട്ടുംബോള്‍ വഴിയില്‍ ഉപേക്ഷിച്ചു കളയാന്‍ മനസ്സ് അനുവദിക്കില്ല എന്ന്തുകൊണ്ട് ബ്ലോഗില്‍ സൂക്ഷിക്കുന്നതാണ്.എത്ര മോശമായാലും നല്ലതായാലും ഇതു ചിത്രകാരന്റെ കവിതയാണ് എന്നൊരു ഗ്യാരണ്ടി മാത്രമേയുള്ളു.ഇത് ഒരു കവിതക്കുള്ള മാതൃകയല്ലാ എന്ന് ! അതായത് മറ്റാര്‍ക്കും ഇത് കവിതയായി തോന്നണമെന്നില്ല. സത്യത്തില്‍ കാലത്തിന്റെ പ്രതിബിംബം മാത്രമായ ഈ പ്രപഞ്ചത്തില്‍ എല്ലാറ്റിനും താളമുണ്ടെന്നതിനാല്‍ എല്ലാം കാവ്യാത്മകമാണെന്നു തോന്നുന്നു. എന്നാല്‍, ചിലത് കൂടുതല്‍ നല്ല കവിതയാകുന്നു. ചിലര്‍ കൂടുതല്‍ നല്ല മനുഷ്യരാകുന്നതുപോലെ. അത്തരം കവിതകളുടെ ഉള്ളടക്കം വെറും താളമല്ല.ആ കവിതയുടെ മഹത്വമാണ് സൌന്ദര്യമായി നിലാവായും,സൂര്യപ്രകാശമായും, സമൂഹത്തിന്റെ സുഗന്ധവും,സംഗീതവുമായി ഒഴുകി പരക്കുന്നതെന്നു തോന്നുന്നു. ഈ മഹത്വം എന്ന പ്രയോഗത്തില്‍ തന്നെ ഒരു ബഹുത്വമുണ്ട്. നമ്മുടെ വീട്ടില്‍ നമുക്ക് വിശപ്പടക്കാനുള്ള ഭക്ഷണത്തിന്റെ പെരുമ കൂടുതല്‍ പേര്‍ അറിയേണ്ടതില്ല. നമുക്ക് സ്വയം ഉരുവിട്ട് ആനന്ദിക്കാനുള്ള കവിത പോലെ !
എന്നാല്‍, അഞ്ചപ്പം കൊണ്ട് അയ്യായിരങ്ങളെ ഊട്ടാനുള്ള ഭക്ഷണമുണ്ടാക്കുന്നവരെ ആ മഹത്വപൂര്‍ണ്ണമായ ലക്ഷ്യത്തിന്റെ പവിത്രത കാരണം നാം മഹാത്മാക്കളായി കാണുന്നു. പിന്നെയും, വികസിച്ച് മാനവകുലത്തെ മുഴുവന്‍ സ്നേഹമൃതൂട്ടാന്‍ കെല്‍പ്പുള്ള ദര്‍ശനങ്ങളെ
പ്രസരിപ്പിച്ചവരെ നാം ഇതിഹാസകാരന്മാരെന്നോ, ഇതിഹാസം തന്നെയെന്നോ, നന്മയുടെ അവതാരങ്ങളെന്നോ തിരിച്ചറിയുന്നു.

അതുകൊണ്ടുതന്നെ ഒരു കവിത എഴുതിയതുകൊണ്ടോ, ഒരു ചിത്രം വരച്ചതുകൊണ്ടൊ,ഒരു കഥ പറഞ്ഞതുകൊണ്ടോ നാമാരും മഹാന്മാരാകുന്നില്ല. അതേ സമയം നമുക്കെല്ലാം തന്നെ നമ്മുടേതായ കഥയെഴുതാനും, കവിത എഴുതാനും, ചിത്രം വരക്കാനും കഴിവുകളുണ്ടുതാനും.ആ സത്യം വിശ്വസിച്ചേ പറ്റു.അല്ലാത്ത പക്ഷം, ആത്മബോധം നഷ്ടപ്പെട്ട് നാം വെറുമൊരു അടിമക്കൂട്ടമാകും ! നമുക്ക് നമ്മുടെ വ്യക്തിഗതമായ സ്വാര്‍ത്ഥ ലക്ഷ്യങ്ങള്‍ കാരണം,സ്നേഹ ബന്ധങ്ങള്‍,കടപ്പാടുകള്‍ എന്നിവ കാരണം കൂടുതല്‍ അഴത്തിലോ വിശാലമായോ ചിന്തിക്കാനോ പ്രവര്‍ത്തിക്കാനോ കഴിയാതെവരുന്നു എന്നേയുള്ളു. അതായത് മഹത്വമുള്ളവര്‍ ജീവിതം അനുഭവിച്ചറിയാന്‍ അപരിചിതമായ വഴികള്‍ തിരഞ്ഞെടുക്കുംബോള്‍, നാം നടന്നു ശീലിച്ച വഴികളില്‍ ചക്കാട്ടുന്ന താളത്തിലാണെങ്കിലും അദ്ധ്വാനിച്ച്, നടന്ന് ജീവിതം കൂടുതല്‍ ആസ്വദിക്കുന്നു. അതും,മഹത്വമുള്ളവരുടെ ചിലവില്‍...!!!! എന്നാല്‍, അതൊരു ബാധ്യതയല്ല. മനുഷ്യകുലത്തെ മൊത്തമായി സ്നേഹിക്കാന്‍ നാം കടപ്പെട്ടിരിക്കുന്നു എന്ന ഒരു ഓര്‍മ്മപ്പെടുത്തലായി മനസ്സിലുണ്ടായിരിക്കേണ്ട ഒരു സാംസ്ക്കാരിക വികാസമായി ഉള്‍ക്കൊള്ളേണ്ട അവബോധം !
(ഞായറാഴ്ച്ചകളില്‍ ചിത്രകാരനു ഭ്രാന്തു പിടിക്കുമെന്ന് സാരം)

7 comments:

പാമരന്‍ said...

പ്രണാമം.

നാട്ടുകാരന്‍ said...

നഗ്നവസ്ത്രത്തിന്റെ ആ നെയ്ത്തുകാരന് എന്റേയും നന്ദിപ്രണാമം.

മാണിക്യം said...

ജീവിതത്തിന്റെ സൌന്ദര്യ-ധന്യത ഒരു വെടിയുണ്ടയായിപ്പോലും
ഹൃദയത്തില്‍ തൊഴാനെത്തുമെന്ന് അറിവില്ലാതിരിക്കുമോ ?

...എന്റെ പ്രണാമം..
വളരെ നന്നായി എഴുതിയിരിക്കുന്നു

kadathanadan:കടത്തനാടൻ said...

സ്വതന്ത്ര്യത്തിന്റെ ഉടുപ്പ്‌ നെയ്ത, നെയ്യുന്ന മുഴുവൻ പോരാളികൾക്കും പ്രണാമം

Ajith said...

പടം വര വിട്ടു കവിതയിലും കൈവക്കുകയാണോ

അറിയാവുന്ന പണി ചെയ്താല്‍ പോരെ

മലയാള ഭാഷ എന്തെല്ലാം സഹിക്കണം

ചാർ‌വാകൻ‌ said...

നന്നായിരിക്കുന്നു.

ചാണക്യന്‍ said...

എന്റെ ചിത്രകാരാ...:)