Sunday, October 18, 2009

വക്കം മൌലവി,മാധ്യമം,ഇന്ത്യാവിഷന്‍...


സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള നാടുകടത്തപ്പെട്ടതിന്റെ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്ന അനുസ്മരണങ്ങളുടെ ഭാഗമായി ബ്ലോഗര്‍ ദത്തന്റെ വിവേകം ബ്ലോഗില്‍ പോസ്റ്റ് ചെയ്യപ്പെട്ട സ്വദേശാഭിമാനിയുടെ നാടുകടത്തലും വക്കം മൌലവിയും എന്ന അവസരോചിതമായ കുറിപ്പ് ഈ ആഴ്ച്ചത്തെ മാതൃഭൂമി ബ്ലോഗനയിലും പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നു. ഒരു പത്രത്തിന്റെ നിലപാടു രൂപീകരണത്തില്‍ അതിന്റെ ഉടമക്കുള്ള അവഗണിക്കപ്പെട്ട പ്രാധാന്യത്തെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടുകൂടി ഉയര്‍ത്തിക്കാണിക്കുന്ന
ചരിത്ര നിയോഗം ഈ പോസ്റ്റിനും മുഖ്യമന്ത്രി വി.എസ്.അച്ച്യുതാനന്ദന്റെ ഓര്‍മ്മപ്പെടുത്തലിനുമുണ്ടെന്ന് ചിത്രകാരന്‍ വിശ്വസിക്കുന്നു.
ദത്തന്റെ പോസ്റ്റ് വായിക്കാന്‍ ഈ ലിങ്കിലൂടെ പോയാല്‍ മതിയാകും.
ചിത്രകാരന്‍ ഇതിന്റെ വെളിച്ചത്തില്‍ നമ്മുടെ പത്രമുതലാളിമാരുടെ സാംസ്ക്കാരിക സ്ഥാനത്തെക്കുറിച്ചാണ് ചിന്തിക്കുന്നത്.
ഏതു പത്ര മാധ്യമത്തിന്റേയും സ്വഭാവം നിശ്ചയിക്കുന്നത് അതിന്റെ ഉടമയുടെ മനസ്സിലെ നന്മയുടെ അളവുതന്നെയാണ്.പത്രാധിപരുടെ ഹൃദയ ശുദ്ധിയേക്കാള്‍ പത്രത്തെ സ്വാധീനിക്കുന്നതും സാംസ്ക്കാരികോര്‍ജ്ജ്യമായി സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നതും പത്ര ഉടമയുടെ ഉദ്ദേശശുദ്ധിതന്നെയാണ്. നമ്മുടെ മാതൃഭൂമി,മനോരമ,കൌമുദി പത്രങ്ങളുടെ സാംസ്ക്കാരിക വന്ധ്യതയെയും മാധ്യമം, ഇന്ത്യവിഷന്‍ തുടങ്ങിയ മാധ്യമങ്ങളുടെ സാംസ്ക്കാരിക ഉദ്ധാരണശേഷിയേയും ഇതോടുകൂടി കൂട്ടി വായിക്കേണ്ടതാണ്. ഇവിടെയെല്ലാം ചിത്രകാരന്‍ കാണുന്ന ഒരു മത സംസ്ക്കാരത്തിന്റെ സമവാക്യചേരുവയുണ്ട്. ഹിന്ദു-കൃസ്ത്യന്‍-ജൈന ഉടമസ്തതയിലുള്ള പത്രങ്ങള്‍ക്ക് നമ്മുടെ സാംസ്ക്കാരിക ഹൈന്ദവസവര്‍ണ്ണതയുടെ ചക്കരക്കുടത്തില്‍ നിന്നും സമൂഹത്തെ പുറത്തുകടത്താനോ,സ്വയം പുറത്തു കടക്കാനോ കഴിയുന്നില്ല.
മൂര്‍ച്ചയില്ലാത്ത കുഴഞ്ഞ പത്രാധിപന്മാരുടെ പടയെക്കൊണ്ട് അവര്‍ ജനക്കൂട്ടത്തിന്റെ ഒഴുക്കിന്റെ മുന്‍ നിരയിലേക്ക് മാസാല മുക്കി പൊരിച്ച നോട്ടീസുവിതരണമായി പത്രപ്രവര്‍ത്തനത്തെ ചിട്ടപ്പെടുത്തിവച്ചിരിക്കുന്നു.ട്രെന്‍ഡുകള്‍ക്കു മുന്നില്‍ സാങ്കേതികവിദ്യകൊണ്ട് ഓടിയെത്തുക എന്ന ബുദ്ധിയുടേയും, പാരംബര്യത്തിന്റേയും, പ്രഫഷണലിസത്തിന്റേയും,വായനക്കരന്റെ ശീലത്തിന്റേയും തുടര്‍ച്ചക്കപ്പുറം നമ്മുടെ സാംസ്ക്കാരിക ശാപമാകുന്നു ഇങ്ങനെയുള്ള മാധ്യമങ്ങള്‍.പണം,അധികാരം,സ്ഥാനമാനം എന്നീ അരാഷ്ട്രീയവും ലജ്ജാകരവുമായ ലക്ഷ്യങ്ങള്‍ക്കുപരി വായനക്കാരന്റെ ബോധശുദ്ധീകരണത്തിനായി ഒന്നുംതന്നെ സംഭാവന ചെയ്യാനാകാത്തവിധം ഇത്തരം പത്ര ഉടമകള്‍ ഒഴിഞ്ഞ തകര പാട്ടകളായിരിക്കുന്നു !

മാധ്യമം ഓണപ്പതിപ്പ്
ഈ വര്‍ഷത്തെ മാധ്യമം ആഴ്ച്ചപ്പതിപ്പിന്റെ ഓണപ്പതിപ്പ് അവിചാരിതമായാണ് ചിത്രകാരന്റെ കണ്ണില്‍ പെട്ടത്. പൊതുവെ പത്രമാധ്യമങ്ങളുടെ വായനക്കാരനല്ലാത്ത ചിത്രകാരന്‍ നാട്ടില്‍ പോയപ്പോള്‍ സമയം പോക്കാനായി അനിയന്റെ മേശപ്പുറത്ത് പരതി ലഭിച്ച ഓണപ്പതിപ്പ് നല്ലൊരു കാഴ്ച്ചയായിരുന്നു.പരസ്യത്തിന്റെ ആധിക്യത്താല്‍ മനസ്സില്‍ നിന്നും പടിയടച്ച് പിണ്ഢം വക്കപ്പെട്ട മാതൃഭൂമി,മനോരമ ഓണപ്പതിപ്പുകള്‍ക്ക് വിപരീതമായി ഒരു സാംസ്ക്കാരിക മരുപ്പച്ചയായി മാധ്യമം പതിനൊന്ന് ജൈവ മനുഷ്യരെക്കുറിച്ച്, അവരുടെ ഋഷി സമാനമായ ധന്യമായ ജീവിത ലക്ഷ്യങ്ങളെക്കുറിച്ച് ഹൃദയ ശുദ്ധിയോടെ സംസാരിക്കുന്നു.
മാധ്യമം ആഴ്ച്ചപ്പതിപ്പ് വായിക്കാതിരിക്കുന്നതുകൊണ്ടായിരിക്കാം ചിത്രകാരന്‍ ഇങ്ങനെ അസ്ഥാനത്ത് അതിശയിച്ച് നിന്നുപോയത്.
ചിത്രകാരന്റെ അറിവില്ലായ്മയെ പൊറുക്കുക.സബ് എഡിറ്റര്‍ സവാദ് റഹ്മാന്റെ മുഖവുരയായുള്ള “ഇവരുടെ കിറുക്കാണ് നമ്മുടെ ജീവ വായു”എന്ന കുറിപ്പിനു ശേഷം
1)പോങ്ങാട്ടിരി മുണ്ടന്‍-എം.അബ്ദുള്‍ റഷീദ്,
2)ശ്രീ പഡ്‌റെ-വേണു കള്ളാര്‍,
3)പള്ളിക്കല്‍ ഭവാനി-സെയ്ഫ് ചക്കുവള്ളി,
4)മല്ലികാര്‍ജ്ജുനന്‍ കാണി-ജി.പ്രജേഷ്സെന്‍,
5)ഗൌതം സാരംഗ്,
6)കെ.വി.ദയാല്‍-കെ.എ.സെയ്ഫുദ്ധീന്‍,
7)ഫോറസ്റ്റ് കരീം-പി.കൃഷ്ണകുമാരി,
8)കെ.കെ.കുന്നത്ത്-എം.ഷിയാസ്,
9)നാരായണിയേച്ചി-കെ.പി.റഷീദ്,
10)ബഷീര്‍ സുജീവനം-സിയാദ് അഹമ്മദ്,
11)തോരപ്പ മുഹമ്മദ്-ഇബ്രാഹിം കോട്ടക്കല്‍
തുടങ്ങിയവരുടെ അനുഭവ സാന്ദ്രമായ ഫീച്ചറുകള്‍ മാധ്യമം ഓണപ്പതിപ്പിലൂടെ റിയാലിറ്റി ഷോകളില്‍ മതിമറന്നിരിക്കുന്ന മലയാളികളെ തട്ടിയുണര്‍ത്തിക്കൊണ്ട് പ്രസിദ്ധീകരിക്കാനുള്ള ഊര്‍ജ്ജ്യം വെറും പത്രാധിപന്മാരുടെ സംഭാവനയാകില്ല. പത്ര ഉടമസ്തരുടെ ആണത്വം കൂടിയാണ് ഇതിലൂടെ പ്രഖ്യാപിക്കപ്പെടുന്നത്.

ഇന്ത്യാവിഷന്
അതുപോലെത്തന്നെ, ഇന്ത്യവിഷനിലൂടെ ശനി,ഞായര്‍ ദിവസങ്ങളില്‍ പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന വി.കെ.സി.സ്ട്രീറ്റ് ലൈറ്റ് എന്ന സംഗീത റിയല്‍ ഷോയില്‍ തെരുവു ഗായകരെ പൊതുധാരയിലേക്ക് കൊണ്ടുവന്ന് അവരെക്കൊണ്ട് ജീവിതത്തിന്റെ പൊള്ളത്തരം കുത്തിപ്പൊട്ടിക്കുന്ന അസാധാരണമായ ധൈര്യം ഇന്ത്യവിഷന്‍ പ്രകടിപ്പിക്കുംബോള്‍ ചിത്രകാരന്‍ അത് സമൂഹത്തിന്റെ സാംസ്ക്കാരിക പ്രതീക്ഷകളുടെ നവ മുകുളങ്ങളായാണ് കാണുന്നത്. ഇന്ത്യാ വിഷന്റെ മാനേജുമെന്റ് മുനീറിന്റെ ഹൃദയശുദ്ധിക്ക് അതിന്റെ പത്രാധിപസമിതി നല്‍കുന്ന തെളിച്ചം സമൂഹത്തിന്റെ വെളിച്ചമാകുന്നുണ്ട്.ഇന്ത്യവിഷന്‍ ടി.വി. ലൈവ് ലിങ്ക്

വളരെ പരിമിതമായ ഉദാഹരണങ്ങളെ ചിത്രകാരന്‍ പങ്കുവക്കുന്നുള്ളു എങ്കിലും,മുസ്ലീം സാംസ്ക്കാരികത നമ്മുടെ ഹിന്ദു-കൃസ്ത്യന്‍-ജൈന സാംസ്ക്കാരികതയേക്കാള്‍ നമ്മുടെ മണ്ണിന്റെ ആത്മാഭിമാനത്തിന്റെ കരുത്തും സത്യസന്ധതയും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ കരുത്ത് തെളിയിച്ചിരിക്കുന്നു എന്ന് ചിത്രകാരന്‍ സന്തോഷപൂര്‍വ്വം മനസ്സിലാക്കുന്നു. ഈ മാധ്യമ ഉടമകളെ കേവലം മതത്തിന്റെ കുടുസ്സു കളങ്ങളില്‍ നിര്‍ത്തി വരച്ചു പഠിച്ചത് അവര്‍ വര്‍ഗ്ഗീയതയുടെ വക്താക്കളായി നിലകൊള്ളുന്നതിനാലല്ല. ഇതര പത്ര മുതലാളികളെ അപേക്ഷിച്ച് കൂടുതല്‍ മാനവികമായ ആത്മബോധമുള്ളവര്‍ ഇവരാണെന്നതിനാല്‍ ഇവരെ ഹൈന്ദവ സവര്‍ന്നതയുടെ ജീര്‍ണതയുടെ
അഴുക്കു തീണ്ടാത്തവരെന്ന് പ്രത്യേകം എടുത്തുപറയുന്നതിനു വേണ്ടി മാത്രമാണ്.

ചിത്രകാരന്റെ കുട്ടിക്കാലത്തൊക്കെ നമ്മുടെ നാട്ടിലെ നായ്കള്‍ക്ക് ടിപ്പുവെന്ന് പേര്‍ സാധാരണമായിരുന്നു. ഹൈന്ദവ സവര്‍ണ്ണ ധാര്‍ഷ്ട്ര്യത്തിന്റെ വേട്ടപ്പട്ടികളായി എക്കാലവും നിലനിര്‍ത്താനുള്ള അധീശബോധത്തിന്റെ പരിഹാസ്യമായ ആ ഓര്‍മ്മ പോലും എത്രമാത്രം നാണം കെട്ടതാണ്. കുഞ്ഞാലിമരക്കാര്‍മാരെപ്പോലെ രാജ്യസ്നേഹമോ, ഉലയാത്ത രാഷ്ട്രീയ ബോധമോ പേടിത്തൊണ്ടന്മാരായ നമ്മുടെ ആഘോഷിക്കപ്പെടുന്ന വീരശൂരപരാക്രമികള്‍ക്ക് ഉണ്ടായിരിക്കാനിടയുണ്ടോ ? വാമനനില്‍ നിന്നും ലഭിച്ച ചതിയല്ലാതെ ഒരായുധം പോലും അവര്‍ക്കറിയുമോ ?

ലോക ഇസ്ലാമികതയുടെ വിഷമേല്‍ക്കാതെ അതിജീവിക്കുകയാണെങ്കില്‍ ... മുസ്ലീംസാംസ്ക്കാരികത നമ്മുടെ ഹിന്ദു-കൃസ്ത്യന്‍-ജൈന സാംസ്ക്കാരികതയേക്കാള്‍ സത്യത്തിന്റെയും,മാനവികതയുടേയും വഴിയില്‍ വളരെ മുന്നിലാണെന്നു മാത്രമല്ല, ഭാവി അവര്‍ക്കുള്ളതുതന്നെയാണ്.

11 comments:

Anonymous said...

നന്ദി ചിത്രകാരാ ഇങ്ങനെ ഒരു പോസ്റ്റിട്ടതിന്. രാമകൃഷ്ണപിള്ള ഒരു സ്വജാത്യാഭിമാനി ആയിരുന്നുവെന്നും കൊട്ടിഘോഷിക്കപ്പെടുന്ന വിശേഷണങ്ങൾ അദ്ദേഹത്തിനു ചേരുന്നതല്ലെന്നും ചെറായി രാമദാസിന്റെ പഠനങ്ങൾ പുറത്തുകൊണ്ടു വന്നിട്ടുള്ളത് കണ്ടിട്ടില്ല അല്ലേ? അന്നത്തെ വക്കം മൌലവിമാരാണ് മുനീറും കൂട്ടരും. മുസ്ലിങ്ങൾ കാശുചെലവാക്കി നായന്മാർ നടത്തുന്ന സ്ഥാപനമാണ് ഇൻഡ്യാവിഷൻ. മാധ്യമത്തിലും സവർണ സാന്നിധ്യം വല്ലാതെ വർധിച്ചിട്ടുണ്ട്. ഇന്നേവരെ ഒരു ദലിതനോ അവർണ കാഴ്ച്ചപ്പാടുള്ള ഒരു പിന്നാക്കക്കാരനോ ഒരു കോളം നൽകാ‍ൻ മാധ്യമം തയ്യാറായിട്ടില്ല. ഓണപ്പതിപ്പിലോ വർഷികപതിപ്പിലൊ മാധ്യമം സംഘടിപ്പിക്കുന്ന ചടങ്ങുകളിലോ ദലിതർക്കോ മറ്റ് അവർണർക്കോ സ്ഥാനം നൽകാറുമില്ല. കറുത്ത തൊലിയുള്ള മുസ്ലിം സവർണരാണു മാധ്യമത്തിലെ പല പത്രാധിപന്മാരും. എന്നിരുന്നാലും മാധ്യമം ഇല്ലായിരുന്നെങ്കിൽ...? ദലിതരുടെയും മറ്റു പിന്നാക്കക്കാരുടെയും മനുഷ്യാവകാശങ്ങളും അവരിൽ‌പ്പെട്ട പല എഴുത്തുകാരും ഈ കേരളത്തിൽ ഉണ്ടാകുമായിരുന്നോ എന്നു തന്നെ സംശയിക്കണം. ആ ഒരൊറ്റ കാരണം കൊണ്ടുകൂടിയാണ് ഇവിടത്തെ മുഖ്യധാരാ രാഷ്ട്രീയക്കാർക്കും സവർണ മേലാളന്മാർക്കും മാധ്യമത്തെ കണ്ണെടുത്തു കണ്ടുകൂടാത്തത്.

Joker said...

മൂര്‍ച്ചയില്ലാത്ത കുഴഞ്ഞ പത്രാധിപന്മാരുടെ പടയെക്കൊണ്ട് അവര്‍ ജനക്കൂട്ടത്തിന്റെ ഒഴുക്കിന്റെ മുന്‍ നിരയിലേക്ക് മാസാല മുക്കി പൊരിച്ച നോട്ടീസുവിതരണമായി പത്രപ്രവര്‍ത്തനത്തെ ചിട്ടപ്പെടുത്തിവച്ചിരിക്കുന്നു.
=================================

ഈ വരികള്‍ ലൈന്‍സ് ഓഫ് ദ ഇയര്‍ ആണ് ചിത്രകാരാ. ഇത് ചില്ലിട്ടു വെക്കാവുന്നതാണ് തീര്‍ച്ച.

ഈ പോസ്റ്റിന് അഭിവാദ്യങ്ങള്‍

പള്ളിക്കുളം.. said...

മൂല്യാധിഷ്ഠിത പത്രപ്രവർത്തനം എന്ന അതിന്റെ മുദ്രാവാക്യം അന്വർഥമാക്കിക്കൊണ്ടുതന്നെയാണു മാധ്യമം എന്നും പ്രവർത്തിച്ചിട്ടുള്ളത്. പ്രസിദ്ധീകരണം തുടങ്ങിയതുമുതൽ സാംസ്കാരിക പാരിസ്ഥിതിക മേഖലകളിൽ കഴിയും വിധം ശക്തമായിത്തന്നെ ഇടപെട്ടുകൊണ്ടിരിക്കുന്ന പത്രമാണ് മാധ്യമം എന്നു പറയുവാൻ സാധിക്കും. കറുത്തവന്റെയും തഴയപ്പെട്ടവന്റേയും അക്ഷരങ്ങൾ നിരന്തരം അച്ചടിച്ചുകൊണ്ട് മാധ്യമം അതിന്റെ സാമൂഹ്യ ധർമ്മം നിർവ്വഹിച്ചുകൊണ്ടേയിരിക്കുന്നു.
“എന്നിരുന്നാലും മാധ്യമം ഇല്ലായിരുന്നെങ്കിൽ...? എന്ന് സത്യാന്വേഷിയെക്കൊണ്ട് ചോദിപ്പിക്കുന്നത് മാധ്യമത്തിന്റെ ഇടപെടലുകളും നിലപാടുകളുമാണ്.
ആഴ്ചതോറും രാഷ്ട്രീയക്കാരന്റെ വ്യാജപ്പുഞ്ചിരി മുഖച്ചിത്രം കൊടുത്ത് ജീർണ്ണിച്ച രാഷ്ട്രീയം മാത്രം ചർച്ച ചെയ്തുകൊണ്ടിരുന്ന മുഖ്യധാരാ ആഴ്ചപ്പതിപ്പുകൾക്കെതിരെ ഒതുക്കിവെക്കപ്പെട്ടവന്റെ മറ്റൊരു രാഷ്ട്രീയം തൊടുത്തെറിഞ്ഞതാണ് മാധ്യമത്തിന്റെ ഇടപെടൽ. ആഴ്ചകൾതോറും വെള്ളപൂശിയ ഓരോന്നും അതു വിശകലനം ചെയ്തു. വെള്ളമുക്കിയ സാഹിത്യത്തെയും വെള്ളമുക്കിയ സിനിമയെയും , വെള്ളമുക്കിയ ചിത്രകലയെയും ഒക്കെ ഒക്കെ വിശകലനം ചെയ്തു.
ചിത്രകാരൻ മുസ്ലീങ്ങളിൽ പ്രതീക്ഷവെക്കുന്നുണ്ടെങ്കിലും സവർണ്ണ മനോഭാവമുള്ള, തറവാടിത്തത്തിലും പാരമ്പര്യത്തിലും വിശ്വസിക്കുന്ന മൂഢന്മാരായ ഒരു വലിയ വിഭാഗം മുസ്ലീംങ്ങൾ കേരളത്തിൽ ജീവിക്കുന്നുണ്ട്. അവരെയൊക്കെ ഒന്നു ശുദ്ധീകരിക്കാൻ മാധ്യമത്തിനായാൽ അതാവും മാധ്യമത്തിന് ചരിത്രത്തിൽ നിർവഹിക്കാവുന്ന ഏറ്റവും വലിയ ദൌത്യം.

ആർജ്ജവമുള്ള എഴുത്തുകൾ ഇനിയുമുണ്ടാവട്ടെ.
മാധ്യമത്തിനും ചിത്രകാരനും ആശംസകൾ..

പള്ളിക്കുളം.. said...
This comment has been removed by the author.
Malayali Peringode said...

വക്കം മൗലവി ആദര്‍ശധീരനായ പത്രയുടമ

ബി കല്യാണി അമ്മ

കേരള പത്രപ്രവര്‍ത്തന ചരിത്രത്തിലെ ഇതിഹാസ പുരുഷനായ സ്വദേശാഭിമാനി രാമകൃഷ്‌ണപ്പിള്ളയെ ദിവാന്‍ ഭരണകൂടം നാടുകടത്തിയതിന്റെ നൂറാം വാര്‍ഷികം സംസ്ഥാനത്തുടനീളം ആഘോഷിക്കപ്പെടുകയാണ്‌. ഭരണകര്‍ത്താക്കളുടെ അഴിമതിയെയും ജനദ്രോഹത്തെയും നിശിതമായി വിമര്‍ശിച്ചുകൊണ്ട്‌, ജനകീയ പത്രപ്രവര്‍ത്തനത്തിന്‌ നാന്ദികുറിച്ച സ്വദേശാഭിമാനി പത്രം മലയാള മനസ്സില്‍ മായാതെ കിടക്കും; അതിന്റെ പത്രാധിപരും. എന്നാല്‍ ആ പത്രത്തിന്റെ സ്ഥാപകനും ഉടമയുമായ വക്കം അബ്‌ദുല്‍ഖാദര്‍ മൗലവിക്ക്‌ നമ്മുടെ ചരിത്രം അര്‍ഹമായ സ്ഥാനം നല്‌കിയിട്ടുണ്ടോ? രാമകൃഷ്‌ണപ്പിള്ളയ്‌ക്ക്‌ കരുത്തും പിന്തുണയും നിര്‍ലോഭമായ സ്വാതന്ത്ര്യവും നല്‌കിയ, കേരളീയ മുസ്ലിം നവോത്ഥാനത്തിന്റെ ശില്‌പി വക്കം മൗലവി ഇല്ലായിരുന്നുവെങ്കില്‍ സ്വദേശാഭിമാനി പത്രമുണ്ടാകുമായിരുന്നോ, ആ ധീരനായ പത്രാധിപരും?

വക്കം മൗലവിയുടെ ആദര്‍ശധീരതയും, സ്വദേശാഭിമാനി പത്രത്തിന്റെ നയനിലപാടുകള്‍ രൂപീകരിക്കുന്നതില്‍ പത്രാധിപര്‍ക്ക്‌ ഊര്‍ജം നല്‌കുന്നതിലും മഹാനായ വക്കം മൗലവി നിര്‍വഹിച്ച നിര്‍ണായക പങ്ക്‌ അനാവരണം ചെയ്‌തുകൊണ്ട്‌ രാമകൃഷ്‌ണപ്പിള്ളയുടെ പത്‌നിയും മകളും ലേഖനമെഴുതിയിരുന്നു. സമകാലിക പ്രസക്തി പരിഗണിച്ച്‌ ആ ലേഖനങ്ങള്‍ പൂര്‍ണമായി പുനപ്രസിദ്ധീകരിക്കുന്നു.

***

സ്വദേശാഭിമാനിപ്പത്രത്തിന്റെയും അച്ചുക്കൂടത്തിന്റെയും ഉടമസ്ഥനായിരുന്ന ആള്‍ -1905 മുതല്‍ 1910 സപ്‌തംബര്‍ അവസാനം വരെ ഒരേനിലയില്‍ സ്ഥിരചിത്തനായി വര്‍ത്തിച്ചിരുന്ന പുരുഷകേസരിയാണ്‌ വക്കത്തെ അബ്‌ദുല്‍ഖാദര്‍ മൗലവി. ഇദ്ദേഹത്തെ അനുസ്‌മരിക്കുന്ന ഒരു ലേഖനം കൂടാതെ സ്വദേശാഭിമാനി സ്‌മാരകഗ്രന്ഥം അപൂര്‍ണവും അതൃപ്‌തികരവുമായിരിക്കും. എന്നാല്‍, ഞാന്‍ അദ്ദേഹത്തെപ്പറ്റി എന്താണ്‌ എഴുതേണ്ടതെന്ന്‌ അറിയുന്നില്ല. എനിക്ക്‌ അദ്ദേഹവുമായുള്ള പരിചയം ഏറ്റവും പരിമിതവും, വിദൂരത്തു നിന്ന്‌ വീക്ഷിച്ച്‌ അനുമാനിച്ചിട്ടുള്ളതുമാണ്‌. എന്റെ വീക്ഷണവീഥിയില്‍പ്പെട്ടതും ഭര്‍ത്താവില്‍ നിന്ന്‌ കേട്ടിട്ടുള്ളതുമായ കാര്യങ്ങളെ ഇവിടെ രേഖപ്പെടുത്തി ഞാന്‍ കൃതകൃത്യയാകട്ടെ.

1906ലെ ആദ്യകാലത്താണ്‌ എന്റെ ഭര്‍ത്താവ്‌ സ്വദേശാഭിമാനിയുമായി ബന്ധപ്പെട്ടത്‌. മൗലവി തന്നെയാണ്‌ തിരുവനന്തപുരത്ത്‌ ഞങ്ങളുടെ വസതിയില്‍ വന്ന്‌, അദ്ദേഹത്തെ ക്ഷണിച്ച്‌ പത്രാധിപത്യം ഭരമേല്‌പിച്ചതും, താമസത്തിന്നായി വക്കത്തേക്ക്‌ കൂട്ടിക്കൊണ്ടുപോയതും. ആ അവസരത്തില്‍ ഞാനും അദ്ദേഹത്തെ അനുഗമിച്ചു. പക്ഷേ, ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തിരുവനന്തപുരത്തേക്ക്‌ മടങ്ങേണ്ടതായി വന്നു. മൗലവി ഞങ്ങളുടെ വസതിയില്‍ വന്നപ്പോഴും ഏതാനും നാള്‍ ഞാന്‍ വക്കത്ത്‌ താമസിച്ചിരുന്നപ്പോഴും ദൂരത്തുനിന്ന്‌ അദ്ദേഹത്തെ കാണുകയേ ഉണ്ടായിട്ടുള്ളൂ. വിദൂരത്തു നിന്ന്‌ വീക്ഷിച്ച്‌ ബഹുമാനിക്കേണ്ട ഒരു ജ്യേഷ്‌ഠസഹോദരനെപ്പോലെയാണ്‌ ഞാന്‍ അദ്ദേഹത്തെ ആദ്യാവസാനം കണ്ടിരുന്നത്‌.

1906ല്‍ തന്നെ ഞാന്‍ രണ്ടാമതും വക്കത്തു പോയി രണ്ട്‌ മാസം പാര്‍ത്തു. മൗലവിയുടെ കുടുംബഗൃഹ വളപ്പില്‍തന്നെയുള്ള പുതിയൊരു കെട്ടിടത്തിലായിരുന്നു ഞങ്ങള്‍ പാര്‍ത്തിരുന്നത്‌. പല സായാഹ്നങ്ങളിലും പത്രാധിപര്‍ ആഫീസില്‍ (അതും സമീപത്തു തന്നെയായിരുന്നു) നിന്ന്‌ മടങ്ങിയെത്തിയ ശേഷം മൗലവി ഞങ്ങളുടെ പാര്‍പ്പിടത്തില്‍ വന്ന്‌, പുറമെയുള്ള വരാന്തയിലിരുന്ന്‌ അദ്ദേഹവുമായി സംഭാഷണം ചെയ്‌തിരുന്നു. ഞങ്ങളുടെ സുഖസൗകര്യങ്ങളെപ്പറ്റി അദ്ദേഹം പ്രത്യേകം അന്വേഷണം നടത്തുകയും ചെയ്‌തിരുന്നു. ഞാന്‍ അകത്തു നിന്നാണ്‌ സംഭാഷണം ശ്രവിച്ചിരുന്നത്‌. മൗലവിയുടെ ശബ്‌ദം താണതും സംഭാഷണം മിതവുമായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഞാന്‍ വ്യക്തമായി കേട്ടിട്ടില്ല. അദ്ദേഹം ശുഭ്രവസ്‌ത്രങ്ങള്‍ ധരിച്ച്‌, ഏകനായിട്ടാണെങ്കില്‍ നിലത്ത്‌ ദത്തദൃഷ്‌ടിയായും, കൂട്ടുകാരുണ്ടെങ്കില്‍ അവരുമായി സംസാരിച്ച്‌ മന്ദസ്‌മിതനായും കടന്നുപോകുന്നത്‌ ഞാന്‍ കണ്ടിട്ടുണ്ട്‌. അന്ന്‌ ഹിന്ദു-മുസ്ലിം മൈത്രിയെപ്പറ്റി യാതൊരു ശങ്കയ്‌ക്കും അവകാശമുണ്ടായിരുന്നില്ല. എന്നാല്‍, പത്രാധിപരും അദ്ദേഹവുമായുണ്ടായിരുന്ന ബന്ധം കേവലം സൗഹാര്‍ദബന്ധമായിരുന്നില്ല, പൂര്‍ണ സൗഭ്രാത്രത്തിന്റെ ഉന്നത മാതൃകയായിരുന്നുവെന്ന്‌ സംശയലേശം കൂടാതെ പറയാന്‍ സാധിക്കും.

മൗലവിയുടെ മാതാവും സഹോദരിമാരുമായി ഇക്കുറി എനിക്ക്‌ പരിചയപ്പെടാനിടയായി. അവര്‍ പര്‍ദാസമ്പ്രദായം അനുഷ്‌ഠിച്ചിരുന്നതിനാല്‍ ഞങ്ങളുടെ പാര്‍പ്പിടത്തില്‍ വന്നില്ല. പലപ്പോഴും ആളയച്ച്‌ എന്നെ അവരുടെ ഗൃഹത്തില്‍ കൂട്ടിക്കൊണ്ടുപോവുകയും അവരുടെ സല്‍ക്കാരങ്ങളെ ഞാന്‍ സന്തോഷപൂര്‍വം സ്വീകരിക്കുകയും ചെയ്‌തിരുന്നു. അന്ന്‌ ഗര്‍ഭാലസ്യം കൊണ്ട്‌ അവശയായിരുന്ന എന്നില്‍ മൗലവിയുടെ മാതാവ്‌ മാതൃനിര്‍വിശേഷമായ സ്‌നേഹവും ഔദാര്യവും ചൊരിഞ്ഞിരുന്നു. അവരുടെ കരുണയ്‌ക്ക്‌ ഇന്നും ഞാന്‍ കൈകൂപ്പുന്നു.

part 1

Malayali Peringode said...

part 2

1907 ജൂലൈ മാസത്തില്‍ അച്ചുക്കൂടവും പത്രമാഫീസും വക്കുത്തുനിന്ന്‌ തിരുവനന്തപുരത്തേക്ക്‌ മാറ്റി. മൗലവി തന്നെയാണ്‌ അന്നും ഉടമസ്ഥന്‍. പക്ഷേ, ഉടമസ്ഥത നാമമാത്രമായിരുന്നു. പത്രാധിപര്‍ക്ക്‌ പത്രപ്രവര്‍ത്തനത്തിലും അച്ചുക്കൂടം നടത്തിപ്പിലും ഒരു സ്വതന്ത്രഹസ്‌തമാണ്‌ മൗലവി നല്‍കിയിരുന്നത്‌. അവര്‍ തമ്മില്‍ നിയമസംബന്ധമായോ ധനസംബന്ധമായോ യാതൊരു കരാറുകളും ഉണ്ടായിരുന്നതായി അറിഞ്ഞിട്ടില്ല. പത്രവും അച്ചുക്കൂടവും സ്ഥലംമാറ്റം ചെയ്യുന്നതിനും പ്രാരംഭച്ചെലവുകള്‍ക്കും വേണ്ട തുക വക്കത്തു നിന്നു തന്നെ വന്നു. അത്‌ ഒരു കടമായിട്ടാണ്‌ പത്രാധിപര്‍ കരുതിയത്‌. പക്ഷേ, ആ കടംവീട്ടാന്‍ ഇടയായിട്ടില്ല. ഋണബാധിതനായിത്തന്നെ അദ്ദേഹം ജീവിച്ചുവെന്ന്‌ പറയാം. അപൂര്‍വം ചില സന്ദര്‍ഭങ്ങളില്‍ മൗലവി തിരുവനന്തപുരത്തു വന്ന്‌ പത്രാധിപരെ കണ്ടിരുന്നു. എന്നാല്‍, പലപ്പോഴും പണിത്തിരക്കില്‍ കഴിഞ്ഞുകൂടിയിരുന്ന പത്രാധിപര്‍, `അധികസമയം അദ്ദേഹവുമായി സംസാരിക്കാന്‍ സാധിച്ചില്ല' എന്ന്‌ പരിതപിച്ചുപറയുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌.

1910 ആദ്യം മുതല്‍ക്കു തന്നെ തിരുവിതാംകൂര്‍ ഗവര്‍മെന്റിന്റെ നിയമദൃഷ്‌ടി സ്വദേശാഭിമാനിയുടെ നേര്‍ക്ക്‌ തിരിഞ്ഞു. എന്നാല്‍, അത്‌ പതിപ്പിക്കാനുള്ള അവസരം അനായാസേന ലഭിച്ചില്ല. ചരിത്രപ്രസിദ്ധമായ `കന്നിപത്തി'ലെ രാജകീയ വിളംബരത്തോടെ ഗവര്‍മെന്റ്‌ നടത്തിയ പരിഷ്‌കാര ബഹിഷ്‌കാരത്തെപ്പറ്റി ഞാന്‍ ഇവിടെ കൂടുതല്‍ എഴുതേണ്ടതായിട്ടില്ല. ഇതോടൊപ്പം മൗലവിക്ക്‌ പത്രവും അച്ചുക്കൂടവും നഷ്‌ടപ്പെട്ടു. എന്നാല്‍, അത്‌ ഒരു ധനനഷ്‌ടമായി അദ്ദേഹം ഗണിച്ചില്ല. തന്റെ ഭ്രാതാവുമായുണ്ടായ വേര്‍പാട്‌ മാത്രം അദ്ദേഹത്തെ വ്യാകുലചിത്തനാക്കിത്തീര്‍ത്തു.

ഞാന്‍ ഭര്‍ത്താവോടൊപ്പം നാടുവിട്ടശേഷം 1925ല്‍ ശ്രീമൂലം തിരുനാള്‍ നാടുനീങ്ങി, റീജന്‍സി ഭരണം നടന്നിരുന്ന കാലത്താണ്‌ ആദ്യമായി നാട്ടില്‍വന്നത്‌. അന്നാണ്‌ എനിക്ക്‌ മൗലവിയെ നേരിട്ടുകാണാനും അഭിമുഖസംഭാഷണം ചെയ്‌വാനും ഭാഗ്യം ലഭിച്ചത്‌. ഒരിക്കല്‍ ഞാന്‍ കൊല്ലത്തു നിന്ന്‌ തിരുവനന്തപുരത്തേക്ക്‌ യാത്ര ചെയ്യവേ, ചിറയിന്‍കീഴ്‌ റെയില്‍വേസ്റ്റേഷനില്‍ ചില സുഹൃത്തുക്കള്‍ എന്നെ കാണാന്‍ വന്നിരുന്നു. സ്റ്റേഷനതിര്‍ത്തിയിലെ മുള്‍വേലിയില്‍ ചാരി കൈകൂപ്പി നിന്നിരുന്ന ഒരാളെ എന്റെ സുഹൃത്തുക്കള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട്‌ `ആ നില്‌ക്കുന്ന ആളെ അറിയുമോ? ഓര്‍മയുണ്ടോ?' എന്ന്‌ ചോദിച്ചു. പൂജ്യപൂമാനായ മൗലവിയെ ഞാന്‍ മനസ്സിലാക്കുകയും ദൂരത്തു നിന്നെങ്കിലും എന്റെ പ്രണാമം ഞാന്‍ അദ്ദേഹത്തിന്‌ സമര്‍പ്പിക്കുകയും ചെയ്‌തു. ഞാന്‍ ഏതാനും നാള്‍ക്കുള്ളില്‍ കൊല്ലത്തേക്ക്‌ മടങ്ങുമെന്നും എനിക്ക്‌ അദ്ദേഹത്തെ നേരിട്ടുകാണ്‍മാന്‍ ആഗ്രഹമുണ്ടെന്നും സുഹൃത്ത്‌ മുഖേന അദ്ദേഹത്തെ അറിയിക്കുകയും ചെയ്‌തു.

അദ്ദേഹം കരുണാപൂര്‍വം എന്റെ ആഗ്രഹം സാധിച്ചുതന്നു. കൊല്ലത്തെ, എന്റെ പുത്രിയുടെ വസതിയില്‍ അദ്ദേഹം എന്നെ സന്ദര്‍ശിച്ചു. അരമണിക്കൂറോളം ഞങ്ങള്‍ സംസാരിച്ച്‌ ഇരുന്നു. സഹോദരസഹോദരിമാരെപ്പോലെ, ആദരപൂര്‍വമായ സ്വാതന്ത്ര്യത്തോടെ ഞങ്ങള്‍ സംഭാഷണം നടത്തി. പത്രാധിപരെയും കുടുംബത്തെയും പറ്റി സംസാരിച്ചപ്പോള്‍ ഞങ്ങള്‍ ഇരുവരുടെയും കണ്ണുകള്‍ ബാഷ്‌പകലുഷിതങ്ങളാകയും ചെയ്‌തു. ഈ സ്ഥിതി അധികനേരം തുടരുവാന്‍ ഇരുവര്‍ക്കും സാധ്യമായില്ല. അദ്ദേഹം യാത്രപറവാനൊരുങ്ങി. പിരിയുന്നതിനു മുമ്പായി, ശ്രീമൂലം തിരുനാള്‍ നാടുനീങ്ങിയതു മുതല്‍ അച്ചുക്കൂടം മടക്കിക്കിട്ടുവാന്‍ ഒരു അവകാശഹര്‍ജി കൊടുക്കണമെന്ന്‌ അദ്ദേഹത്തെ ബന്ധുമിത്രങ്ങള്‍ ഒന്നുപോലെ പ്രേരിപ്പിക്കുന്നുവെന്നും, എന്നാല്‍ അദ്ദേഹം അതിന്‌ തയ്യാറില്ലെന്നും പറയുകയുണ്ടായി. `എന്റെ പത്രാധിപരെക്കൂടാതെ എനിക്ക്‌ പത്രമെന്തിന്‌? അച്ചുക്കൂടമെന്തിന്‌? എന്ന്‌ നിരുദ്ധകണ്‌ഠത്തോടുകൂടി പറഞ്ഞുകൊണ്ട്‌ അദ്ദേഹം എന്നെ പിരിഞ്ഞുപോയി. ഞാന്‍ ശോകമൂകയായി അദ്ദേഹത്തിന്‌ എന്റെ നമസ്‌കാരം അര്‍പ്പിച്ചതേയുള്ളൂ.

സ്വദേശാഭിമാനിയുടെ ജംഗമവസ്‌തുക്കള്‍ തിരുവിതാംകൂറിലെ ഇന്നത്തെ ഗവര്‍മെന്റ്‌ ന്യായമായ അവകാശികള്‍ക്ക്‌ മടക്കിക്കൊടുക്കുവാന്‍ തീര്‍ച്ചയാക്കിയതായി അറിഞ്ഞു. അച്ചുക്കൂടവും സാമഗ്രികളും അടങ്ങിയ ആ ജംഗമവസ്‌തുക്കളുടെ ന്യായമായ അവകാശി അവിടെ സമീപത്തു തന്നെയുണ്ട്‌. മൗലവിയുടെ പുത്രന്‍ ശ്രീ. വക്കം അബ്‌ദുല്‍ഖാദര്‍. അച്ഛനു പറ്റിയ നഷ്‌ടം മകനു മടക്കിക്കൊടുത്ത്‌ പരിഹാരം നേടുവാന്‍ ഗവര്‍മെന്റ്‌ കാലതാമസം വരുത്തുകയില്ലെന്ന്‌ വിശ്വസിക്കുന്നു. സാഹിത്യകാരനും പത്രപ്രവര്‍ത്തകനും കൂടിയായ ശ്രീ. അബ്‌ദുല്‍ഖാദര്‍ക്ക്‌ ഒരച്ചുക്കൂടം ഉപകാരപ്രദമായിരിക്കും.

സംസ്‌കൃതനും കുലീനനും വിദ്വാനും ശാന്തശീലനും ധീരോദാത്തനും സര്‍വോപരി സ്‌നേഹപൂര്‍ണവും ആത്മാര്‍ഥവുമായ ഒരു ഹൃദയമുള്ള പുരുഷനും ആയ പൂജ്യനായ മൗലവിക്ക്‌ എന്റെ വിനീത പ്രണാമങ്ങള്‍!

രാമകൃഷ്‌ണപ്പിള്ളയുടെ സഹധര്‍മിണിയായ ലേഖിക 1948ല്‍ സ്വദേശാഭിമാനി സ്‌മരണികയ്‌ക്കു വേണ്ടി എഴുതിയതാണ്‌ ഈ ലേഖനം. 1959 ഒക്‌ടോബര്‍ 7ന്‌ കല്യാണിയമ്മ നിര്യാതയായി.

From Shabab Weekly

Joker said...

ഈ കമന്റുകള്‍ക്ക് നന്ദി മലയാളീ.

Malayali Peringode said...

Read More About വക്കം മൗലവി

1. വക്കം മൗലവി ആദര്‍ശധീരനായ പത്രയുടമ

2. അച്ഛന്‌ കരുത്തായത്‌ വക്കംമൗലവി

3. സ്വദേശാഭിമാനി രാമകൃഷ്‌ണപ്പിള്ളയും വക്കം മൗലവിയും

Unknown said...

"ലോക ഇസ്ലാമികതയുടെ വിഷമേല്‍ക്കാതെ അതിജീവിക്കുകയാണെങ്കില്‍ ....."
അപ്പോൾ അതു പറയാനായിരുന്നു പെരുപ്പിച്ചു തുടങ്ങിയത്, അല്ലേ? നിങ്ങളും ഹിന്ദുവർഗീയതയുടെ കണ്ണിൽക്കൂടിയാണു ഇസ്ലാമിനെക്കാണുന്നത് എന്നു മനസ്സിലായി.
ഇസ്ലാമിനു ദേശഭേദമില്ല; ലോകത്തെവിടെയും മുസ്ലീം ഒന്നുമാത്രം.
ചിത്രകാരന്മാഷേ,
നിങ്ങളുടെ അധ:കൃതവിചാരങ്ങൾകൊണ്ട് പൊതിയാൻ ശ്രമിക്കേണ്ട, ലോകത്തിന്റ്റെ ഏറ്റവും ഉയർന്ന വർഗ്ഗത്തിലൂടെ സർവശക്തൻ ഉണ്ടാക്കിയ ഈ മതത്തെ.
We are a better lot; by any means.

zakirNadvi said...

you are really appreciated for your courageness to express your openions........im with you...

Prasanna Raghavan said...

ചിത്രകാരാ സന്തോഷം,

ദേശാഭിമാനി രാമകൃഷ്ണപിള്ളയെ കുറിച്ച് മലയാളത്തില്‍ ഒരു പാഠമുണ്ടായീരുന്നു, ഞാന്‍ സ്കൂളില്‍ പഠിച്ചിരുന്നപ്പോള്‍. ഹൃദയ ദ്രവീകരണ ശക്തിയുള്ള ഒരു ഭാഷയിലായിരുന്നു അതിന്റെ എഴുത്ത്. നളുകളോളം അതിലെ രാമകൃഷ്ണപിള്ളയും അദ്ദേഹത്തിന്റെ ഹതഭാഗ്യയായ ഭാര്യയും എന്റെ മനസിനെ വല്ലാതെ നോവിച്ചുകോണ്ടു തന്നെ നിലനിന്നിരുന്നു. പിന്നെ കാലം കടന്നു പോയപ്പോള്‍ രാമകൃഷ്ണപിള്ള ഒരോര്‍മ്മയായി. ആ ഒര്‍മ്മയെ അപ്രതീക്ഷിതമായി വിളിച്ചുണര്‍ത്തി, മാതൃഭൂമിയില്‍ ദേശാഭിമാനിയുടെ നാടുകടത്തല്‍ ശതാബ്ദിയോടു വന്ന ഒരു ലേഖനം.

ഇപ്പോള്‍ ചിത്രകാരന്റെ പോസ്റ്റു വായിച്ചപ്പോള്‍ മലയാളിയുടെ കമന്റില്‍ കൊടുത്ത ദേശാഭിമാനിയുടെ ഭാര്യയുടെ സ്മരണ വായിച്ചപ്പോല്‍ ജാതി മതത്തിനതീതമായി ചില വ്യക്തി ബന്ധങ്ങളെങ്കിലും ഒരു കാ‍ലത്തു നമ്മൂടെ സമൂഹത്തില്‍ നിലനിന്നിരുന്നുവല്ലോ എന്നഭിമാനിക്കാന്‍ കഴിഞ്ഞു.പക്ഷെ.. അടുത്ത നിമിഷം സത്യാന്വേഷിയുടെ ചോദ്യം സ്ഥാനത്തു തന്നെ നില്‍ക്കുന്നു. അന്നത്തെ സ്ഥാനമാനങ്ങളിലോ സാമൂഹ്യ ഇടങ്ങളിലോ കേരളത്തിലെ പിന്നോക്കനോ ദളിതനോ ഉണ്ടായിരുന്നൊ? ഇന്നുണ്ടോ?

പെട്ടെന്നു തന്നെ സ്ഥലകാലബൊധം വരുത്തിക്കൊണ്ട് ആ ചോദ്യവും വന്നു “നിങ്ങളുടെ അധ:കൃതവിചാരങ്ങൾകൊണ്ട് പൊതിയാൻ ശ്രമിക്കേണ്ട, ലോകത്തിന്റ്റെ ഏറ്റവും ഉയർന്ന വർഗ്ഗത്തിലൂടെ സർവശക്തൻ ഉണ്ടാക്കിയ ഈ മതത്തെ.” :)

സസ്നേഹം മാവേലി