Saturday, September 26, 2009

ചലച്ചിത്രം ചിത്രമാകുംബോള്‍...

ചിത്രത്തിന്റെ ആധുനിക രൂപമാണെങ്കിലും ചലച്ചിത്രം എന്ന വാക്കില്‍ ചിത്ര ബന്ധമില്ലാത്ത സാങ്കേതിക വിദ്യയുടെ യാന്ത്രികത ഉണങ്ങിപ്പിടിച്ചിരിക്കുന്നുണ്ട്. അതുകൊണ്ടായിരിക്കണം ചലച്ചിത്രത്തേക്കാള്‍ നമുക്ക് സിനിമ എന്ന വാക്ക് കൂടുതല്‍ മലയാളമായി തോന്നുന്നത്. നല്ല സിനിമകള്‍ കാണാന്‍ കഴിയുക എന്നത് ഒരു ഭാഗ്യമാണ്. എന്നാല്‍, അതിനായി ഈ ചവറുകളെല്ലാം അരിച്ചുണ്ടാക്കുക എന്നത് വിലപിടിച്ച സമയത്തെ ദുര്‍വ്യയം ചെയ്യുന്നതിനു തുല്യവും.

ലോക സിനിമയിലെ മികച്ച സിനിമകളെക്കുറിച്ച് പഠിച്ച് അവയെ ആധുനിക സിനിമയുടെ ഉയരങ്ങളെ രേഖപ്പെടുത്താനുള്ള പാഠങ്ങളായി മലയാളിക്ക് സമര്‍പ്പിക്കുകയാണ് നമ്മുടെ ബൂലോകത്തെ ഒരു പൌരന്‍ കൂടിയായ എ.സഹദേവന്‍ ഇന്ത്യാവിഷനിലെ
തന്റെ 24 Frames എന്ന പരിപാടിയിലൂടെ ചെയ്യുന്നത്. എല്ലാ ദിവസവും രാത്രി 11 മണിക്കാണെന്നു തോന്നുന്നു ഇന്ത്യാ വിഷന്‍ ഈ പരിപാടി പ്രക്ഷേപണം ചെയ്യുന്നത്. കുറെ ദിവസമായി പലപ്പോഴായി ഈ പരിപാടി ചിത്രകാരന്‍ കാണുന്നു.അച്ചടക്കമോ,കൃത്യനിഷ്ടയോ ഇല്ലാത്ത ചിത്രകാരന് സ്ഥിരമായി ഒരു പരിപാടി ഓര്‍ത്ത് കാണാനാകാറില്ല.

ഇന്നലേയും ഇന്നുമായി 24 Frames പരിപാടിയില്‍ എ. സഹദേവന്‍ അവതരിപ്പിച്ചത് ഗേള്‍ വിത്ത് എ പേള്‍ ഇയറിങ്ങ് എന്ന
ജാന്‍ വെര്‍മീറിന്റെ പ്രശസ്ത ചിത്രത്തെ(AD.1665-66) ഉപജീവിച്ചുകൊണ്ട് ചലച്ചിത്രകാരന്‍ പീറ്റര്‍ വെബ്ബര്‍ രചിച്ച ഗേള്‍ വിത്ത് എ പേള്‍ ഇയറിങ്ങ് എന്ന സിനിമയായിരുന്നു.അതിമനോഹരമായ ആ സിനിമ അതിന്റെ കാരണഭൂതമായ പെയിന്റിങ്ങിനേക്കാള്‍ മഹനീയമായ ഒരു സൃഷ്ടിയായി പീറ്റെര്‍ വെബ്ബര്‍ ആവിഷ്ക്കരിച്ചിരിക്കുന്നു എന്നാണ് ചിത്രകാരനു അനുഭവപ്പെട്ടത്. സിനിമ മുഴുവന്‍ കാണാതെത്തന്നെ,ആ സിനിമ കാണാന്‍ കൊതിതോന്നുന്ന വിധം ഹൃദ്യമായി സിനിമയുടെ ആത്മാവിന്റെ സാമീപ്യം അനുഭവവേദ്യമാക്കിയ എ.സഹദേവനോട് ചിത്രകാരന്‍ നന്ദി പറയുന്നു. ഇന്ത്യാവിഷനോടും !!!
ജാന്‍ വെര്‍മീറിന്റെ(1632-1675,Holland) പെയിന്റിങ്ങ്"girl with a pearl earring" C.1665-66.കലാചരിത്രത്തില്‍ തനിമയുള്ള ശൈലിയുള്ള,ഇന്നവേറ്റീവായ അക്കാലത്തെ ചിത്രകാരന്മാര്‍ക്കിടയില്‍ റെംബ്രാന്‍ഡിനു തൊട്ടുതാഴെയാണ് ഇദ്ദേഹത്തിന്റെ സംഭാവനകള്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

സിനിമയിലെ ഒരു രംഗം.

സിനിമ എന്ന കലാമാധ്യമത്തോട് സത്യസന്ധത പുലര്‍ത്തുന്ന കവിതയാണ് ഈ സിനിമയിലെ ഒരോ ഫ്രൈമുകളും.ഇതിലെ ശബ്ദമിശ്രണത്തിന്റെ കാര്യമാണെങ്കില്‍ അതിമനോഹരം !

വെര്‍മീറിന്റെ പൈന്റിങ്ങ് സിനിമയില്‍ കാണിക്കുന്നു. ഒരു ആര്‍ട്ടിസ്റ്റിന്റെ മകളും,അഭിമാനിയും,ആയ മോഡലായിരിക്കുന്ന ഗ്രേറ്റ എന്ന വേലക്കാരിയുടേയും വെര്‍മീറിന്റെ കുടുംബാംഗങ്ങളുടേയും ഒരു ആര്‍ട്ടിസ്റ്റിന്റെ മനസ്സിനെ ഉള്‍ക്കൊള്ളാനാകാതെ സംജാതമാകുന്ന ആത്മസംഘര്‍ഷങ്ങളുടെ നനുത്ത വികാര വേലിയേറ്റങ്ങള്‍ എത്ര ഹൃദയസ്പര്‍ശിയായാണ് ചലച്ചിത്രകാരന്‍ അവതരിപ്പിച്ചിരിക്കുന്നത് എന്നറിയാന്‍ സിനിമ കണ്ടുതന്നെ വേണം.

ബ്ലോഗര്‍ എ.സഹദേവന്‍ 24 Frames എന്ന തന്റെ സിനിമ പരിചയ പരിപാടി ഇന്ത്യവിഷനില്‍ അവതരിപ്പിക്കുന്നു.
രണ്ടു ദിവസം മുന്‍പ് പ്രക്ഷേപണം ചെയ്ത മറ്റൊരു സിനിമയുടെ സംവിധായകന്റെ തലയും ചിത്രത്തില്‍ കാണാം.ഹോളിവുഡിലെ ഒരു പ്രതിഭാധനയായ നടിയുടെ ദുരന്തപൂര്‍ണ്ണമായ അന്ത്യത്തിന്റെ കഥ പറയുന്ന ഫെഡോറ എന്ന സിനിമയുടെ സംവിധായകന്‍ ബില്ലി വൈല്‍ഡര്‍.

5 comments:

Jijo said...

24 Hours അല്ല 24 Frames ആണ്‌. (ഒരു സെക്കണ്റ്റില്‍ 24 ഫ്രേമുകള്‍ ആണല്ലോ സിനിമയുടെ ചലനം).

പരിചയപ്പെടുത്തലിനു നന്ദി. കുറച്ചു നാളുകളായി ചിത്രകാരണ്റ്റെ ബ്ളോഗ്‌ ഞാനിഷ്ടപ്പെടുന്ന ഒരു indexing service ആയി മാറിയിട്ടുണ്ട്‌.

കുണാപ്പന്‍ said...

നല്ല സിനിമകളെ ഇതുപോലെ പരിചയപ്പെടുത്തിയിരുന മറ്റൊരു പരിപാടി കൈരളി റ്റിവിയിലും ഉണ്ടായിരുന്നു:കെ ബി വേണു അവതരിപ്പിച്ചിരുന്ന ‘മാജിക് ലാന്റേൺ’. ഇപ്പോൾ അതില്ല. സഹദേവന്റേതു മാത്രമാണ് ഇപ്പോൾ ആകെയുള്ള ഒരു പരിപാടി. ഇൻഡ്യാ വിഷനിൽ ബിസിനനസ് പരിപാടി അവതരിപ്പിച്ചിരുന്ന ആളാണദ്ദേഹം. കക്ഷി ഇത്തരമൊരു പരിപാടി അവതരിപ്പിക്കുന്നത് ആദ്യമൊക്കെ അദ്ഭുതത്തോടെയാണു വീക്ഷിച്ചിരുന്നത്. നാം മലയാളികൾ മികച്ച വിദേശ സിനിമകളിൽ നിന്ന് അകലാൻ കാരണം ഇവിടത്തെ അടൂരും അരവിന്ദനും പോലുള്ള ‘ആർട്ട്’ സിനിമാക്കാർ കാരണമാണെന്നു പറയാം. ഇവരുടേതുപോലുള്ള മനസ്സിലാകാത്ത,വരണ്ട,പഴഞ്ചൻ തീമുകൾ മാത്രം തിരഞ്ഞെടുക്കുന്ന സിനിമകളെയാണു ‘നല്ല’ സിനിമകൾ എന്നു വിശേഷിപ്പിക്കുന്നതെന്ന മുൻ‌വിധിയിൽ നാം വിദേശ സിനിമകൾ കാണുവാനും ധൈര്യപ്പെട്ടിരുന്നില്ല. ഇപ്പോൾ ഡിവിഡി വിപ്ലവം വന്നതോടെ ഏവർക്കും നല്ല സിനിമകൾ കാണാനുള്ള അവസരമുണ്ട്. എന്നിരുന്നാലും തെറ്റിദ്ധാരണ ഇപ്പോഴും മാറിയിട്ടില്ല. ലോക സിനിമ എന്തെന്നു മനസ്സിലാക്കിയ മലയാളി ഒരിക്കലും നമ്മുടെ നാട്ടിലെ കൊമേഴ്സ്യൽ എമ്മു വിളിക്കപ്പെടുന്ന ചവർ കണ്ട് സമയം പാഴാക്കില്ല. അത്ര ചേതോഹരവും ആനന്ദ ദായകവുമാണവ.
സഹദേവനെയും അദ്ദേഹട്ടിന്റെ പരിപാടിയേയും പരിചയപ്പെടുത്തിയതിനു ചിത്രകാരനു നന്ദി.

chithrakaran:ചിത്രകാരന്‍ said...

ചിത്രകാരനു പറ്റിയ അബദ്ധം ചൂണ്ടിക്കാണിച്ചു തന്നതില്‍ സന്തോഷം ജിജോ. 24 Frames ശരിയാക്കിയിട്ടുണ്ട്.

un said...

മനോഹരമായ ഒരു സിനിമയാണത്. ചിത്രകാരന്മാരെക്കുറിച്ചും അവരുടെ ജീവിതത്തെക്കുറിച്ചും ഒട്ടനവധി സിനിമകള്‍ ഉണ്ടായിട്ടുണ്ട്. എ ബ്യൂട്ടിഫുള്‍ ട്രബിള്‍മേക്കര്‍ എന്ന മൂന്നരമണിക്കൂര്‍ നീളമുള്ള മനോഹരമായ ഫ്രഞ്ച് സിനിമ, പൊള്ളോക്ക്, സര്‍വൈവിങ് പിക്കാസോ, ഫ്രിഡ, വാന്‍ഗോഗിനെക്കുറിച്ചുള്ള ഒട്ടനവധി സിനിമകള്‍.. കണ്ടിട്ടില്ലെങ്കില്‍ ഇനി നേരില്‍ കാണാനിടയായാല്‍ കോപ്പി തരാം.

ഇപ്പോളിറങ്ങുന്ന മലയാളം സിനിമകള്‍ കണ്ട് സമയം കളയുന്നതിനേക്കാള്‍ ഭേദം ഹിന്ദി,തമിഴ് സിനിമകള്‍ കാണുന്നതാണ്. ഈയിടെയായി ഒട്ടേറേ നല്ല സിനിമകള്‍ ഹിന്ദിയില്‍ ഇറങ്ങുന്നുണ്ട്.

പാവത്താൻ said...

ചിത്രകാരനു നമോവാകം.24 ഫ്രെയിംസിലൂടെ പരിചയപ്പെട്ട ക്ലാസിക്കുകള്‍ ഏറെയുണ്ട്.വളരെ മനോഹരമായ അവതരണമാണതിന്റെ. ഒരു സിനിമയെപ്പറ്റി പൂര്‍ണ്ണമായി അറിയാന്‍ സഹായിക്കുന്ന ഒന്ന്. ചില്‍ഡ്രന്‍ ഓഫ് ഹെവന്‍, റ്റര്‍ട്ടിത്സ് ക്യാന്‍ ഫ്ലൈ, അങ്ങിനെ പല സിനിമകളെപ്പറ്റിയും ആദ്യമായി അറിയുന്നത് 24 ഫ്രെയിംസിലൂടെയാണ്.അവതാരകന്‍ ബ്ലോഗറാണെന്ന് ഇപ്പോഴാണറിയുന്നത്.