Friday, September 11, 2009

സത്യത്തിനും അസത്യത്തിനുമിടക്കുള്ള ഒത്തുതീര്‍പ്പ് ശ്രമം

സത്യത്തിനും അസത്യത്തിനും ഇടക്കുള്ള ഒത്തുതീര്‍പ്പിന് ഇടമുണ്ടോ ?
ഇല്ലെന്നു മാത്രമല്ല, ആത്മഹത്യാപരം കൂടിയാണ് ആ നിലപാട്‌.
വാശിയോ ശാഠ്യമോ കാണിച്ചിരിക്കുന്ന കുട്ടിയെ പ്രീണിപ്പിക്കുന്നതിനായി ആരെയെങ്കിലും ശിക്ഷിക്കുന്നെന്ന് നമ്മുടെ അമ്മമാര്‍ കുട്ടിയെ ബോധ്യപ്പെടുത്തും. അത് പലപ്പോഴും ഇങ്ങനെയായിരിക്കും. “കുട്ടിയേ വികൃതി കാണിച്ച ഏട്ടനെ നമുക്ക് വിളക്കത്ത് ചോറുകൊടുത്ത്,ഇരുട്ടത്ത് കെടത്തിഒറക്കാം കെട്ടോ”
എതിരാലിക്ക് ശിക്ഷകിട്ടുകയും ചെയ്തു വാശി ജയിക്കുകയും ചെയ്തു.പക്ഷേ,ഈ ശിക്ഷാവിധി കുട്ടികളോടെ നടപ്പുള്ളു.
ശാസ്ത്രത്തിന്റേയും,ചരിത്രത്തിന്റേയും,സത്യത്തിന്റേയും പ്രചാരകരായ യുക്തിവാദികളെ നമുക്കെങ്ങനെയാണ് ആക്ഷേപിക്കാനാകുക ?
സത്യത്തിനു പകരം പകുതി സത്യമോ കാല്‍ ഭാഗം സത്യമോ മതിയെന്നു പറഞ്ഞാല്‍ ശരിയാകുമോ ? കാരണം പകരം സത്യത്തോടൊപ്പം കൂട്ടി ചേര്‍ക്കുന്നത് അസത്യമായിരിക്കും. ഇതു സമൂഹത്തെ വിഷലിപ്തമാക്കും. അറിവുള്ളവരും അറിവിനെ സ്വന്തം അന്ധവിശ്വാസങ്ങളുമായി കൂട്ടിക്കലര്‍ത്താന്‍ തയ്യാറാകാത്തവരും തമ്മിലുള്ള വ്യത്യാസമാണ് യുക്തിവാദികളും,വിശ്വാസികളും തമ്മിലുള്ളത്. വിശ്വാസികളുടെ മനസ്സിനു താങ്ങാനാകില്ല, അവരുടെ മനസ്സ് വേദനിക്കും എന്നൊക്കെ ചിന്തിച്ച് മത വിശ്വാസപരമായ ഒരു ദൌര്‍ബല്യത്തെ എന്നെന്നും നിലനിര്‍ത്തണമെന്ന് വാദിക്കുന്നത് ഒരു സമൂഹത്തെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് എറിയുന്നതിനു തുല്യമാകും. ശാസ്ത്രാഭിമുഖ്യമില്ലാത്ത മനുഷ്യന്‍ സ്വന്തം വീട്ടില്‍ വാടകക്കു താമസിക്കുന്നവനെപ്പോലെയാണ്. അവന്റെ വിശ്വാസത്തിന്റെ കിത്താബുകളും,പൌരോഹിത്യത്തിന്റെ കെട്ടുകഥകളുടെ ഭാണ്ഡവുമായി
അവനെ അവന്റെ വീട്ടില്‍ നിന്നോ, നാട്ടില്‍ നിന്നോ കുടിയൊഴിപ്പിക്കാന്‍ ശാസ്ത്രബോധമുള്ള സമൂഹങ്ങള്‍ക്ക് അനായാസം സാധിക്കും.അവന്റെ സംബത്തെല്ലാം റ്റെക്നോളജി ഉപയോഗിച്ചതിന്റെ വാടകയായി ശാസ്ത്ര സമൂഹം കൈവശപ്പെടുത്തും.വിനീത വിധേയ അടിമയായി നില്‍ക്കാനേ ഈ അവസരത്തില്‍ കിത്താബും കെട്ടിപ്പിടിച്ചിരിക്കുന്ന വിശ്വാസിക്കു കഴിയു.
ഈ രാഷ്ട്രീയത്തിന്റെ തിരിച്ചറിവിലാണ് സാമൂഹ്യ പരിഷ്കര്‍ത്താക്കളായ നമ്മുടെ സ്വന്തം സഹോദരന്മാരായ യുക്തിവാദികളെ നാം കാണേണ്ടതാണ്.
കെ.പി.സുകുമാരേട്ടന്റെ ശിഥിലചിന്തകളില്‍ അദ്ദേഹത്തിന്റെ ഇതുവരെയുള്ള ചിന്തകളും നിലപാടുകളും ശിഥിലമാകുന്ന കാഴ്ച്ച
ഖേദകരമാണെന്ന് ചിത്രകാരന്‍ അഭിപ്രായപ്പെടുന്നു.അദ്ദേഹത്തിന്റെ പോസ്റ്റിന്റെ ലിങ്ക്: യുക്തിചിന്തകള്‍
...................................................
Blogger chithrakaran:ചിത്രകാരന്‍ said...

വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും സ്വന്തം വിശ്വാസങ്ങളില്‍ ഉറച്ചുനില്‍ക്കാന്‍ അവകാശമുള്ളതിനാല്‍
സുകുമാരേട്ടന്റെ വിശ്വാസങ്ങളും അഭിപ്രായങ്ങളും
സുകുമാരേട്ടന്റെ പ്രത്യേകതകളായി മാനിക്കപ്പെടാന്‍ തീര്‍ച്ചയായും യോഗ്യമാണ്.

എന്നാല്‍,യുക്തിവാദികളും മതവിശ്വാസികളും അറിവിന്റെ പങ്കുവക്കലിലൂടെയും,സംവാദങ്ങളിലൂടെയും സ്വയം നവീകരിക്കപ്പെടുകതന്നെയാണു ചെയ്യുന്നത്. സുകുമാരേട്ടന്‍
കാണിക്കുന്ന സൌമനസ്യം സ്നേഹത്തിന്റെ അന്ധതയാലോ, ദൌര്‍ബല്യത്താലോ പ്രകടമാകുന്ന
അതീവ സ്ത്രൈണമായ ചിന്തയാണെന്നു തോന്നുന്നു.
നിലവിലുള്ള സ്നേഹാന്തരീക്ഷം തകരുമോ എന്ന് ഭയന്ന്
സത്യം പറയാതിരിക്കുന്നതിലൂടെ സമൂഹത്തിലുണ്ടാകുന്ന
ദുരന്തങ്ങാള്‍ ഭീകരമാണ്. നഗ്ന സത്യങ്ങള്‍ എല്ലാവര്‍ക്കും ഉള്‍ക്കൊള്ളാനാകില്ലെന്നത് സത്യമാണ്.
ആ യാഥാര്‍ത്ഥ്യം പരിഗണിക്കപ്പെടേണ്ടതുമാണ്.
കുറച്ച് സാവകാശം നല്‍കുക എന്നതു മാത്രമാണ് പരിഹാരം.

സ്ത്രൈണമായ അല്ലെങ്കില്‍ ദുര്‍ബല ചിത്തരായ മനുഷ്യരില്‍ നിന്നും സത്യത്തെ കുറച്ച് അകലത്തില്‍ സൂക്ഷിക്കേണ്ടത് പ്രധാനമാണ്.സത്യത്തിന്റെ നിര്‍ദയ രൂപത്തെക്കുറിച്ച് അവരുടെ മനസ്സ് സ്വയം ധാരണ ആര്‍ജ്ജിക്കുന്നതുവരെ കുറച്ച് സമയം കൊടുക്കേണ്ടിയിരിക്കുന്നു.
എന്നാല്‍ എക്കാലത്തേക്കും സത്യത്തെ മറച്ചുവക്കുന്നത് അവരോടു ചെയ്യുന്ന ക്രൂരതയുമാകും.

സത്യത്തില്‍ നമ്മുടെ ബ്ലോഗ് സംവാദങ്ങളില്‍ വിശ്വാസത്തിനുവേണ്ടി നിലകൊള്ളുന്നവര്‍ വളരെ
നന്മ നിറഞ്ഞ സാധാരണ മനുഷ്യരാണ്.ഈ നന്മ അവര്‍ക്കു സിദ്ധിച്ചത് അതാതു മതങ്ങളില്‍ വിശ്വസിക്കുന്നതുകൊണ്ടാണെന്നു അവര്‍ തെറ്റിദ്ധരിക്കുന്നു.
മത ഗ്രന്ഥങ്ങളേയും ആചാര അനുഷ്ഠാനങ്ങളേയും ഇറുക്കിപ്പിടിച്ചുകൊണ്ട് മാതൃകാ സമൂഹ ജീവികളായി അഭിമാനപൂര്‍വ്വം തങ്ങള്‍ക്കു ലഭിച്ച പരിമിത ലോകത്ത്
വ്യാപരിച്ചുകൊണ്ടീക്കുംബോഴാണ് തങ്ങള്‍ക്കു കടക വിരുദ്ധമായ ചിന്തകളുള്ള യുക്തിവാദികളെ തങ്ങളുടെ ലോകത്തിന്റെ ആകാശവും,ഭിത്തികളും തറയും പൊളിച്ചടുക്കുന്നവരായി ഇവര്‍ക്ക് കാണേണ്ടി വരുന്നത്.
സ്വാഭാവികമായും വിശ്വാസിയുടെ ധാര്‍മ്മിക രോക്ഷമിളകും. അതേ ബൂലോകത്ത് സംഭവിക്കുന്നുള്ളു.

പൂണ്ണമായും അക്ഷരങ്ങളിലൂടെയുള്ള ആശയവിനിമയമായതിനാല്‍ ഈ സംവാദത്തിനിടക്ക്
എത്ര പരുഷമായി തര്‍ക്കിച്ചാല്‍ പോലും യാഥാര്‍ത്ഥ്യലോകത്ത് മനുഷ്യസ്നേഹത്താല്‍ ഒന്നാണെന്നു തിരിച്ചറിയാന്‍ കഴിയുന്ന ഈ രണ്ടു കൂട്ടരേയും പരസ്പ്പരം സംവാദങ്ങളില്‍ ഏര്‍പ്പേടാന്‍
പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്.അല്ലാതെ അനാവശ്യമായ ഭയത്തിന് അടിമപ്പെടുകയല്ല.

വിശ്വാസികള്‍ക്കും അവിശ്വസികള്‍ക്കും ഇതിനു രണ്ടിനുമിടയിലേക്ക് കൂറുമാറിയ :)സുകുമാരേട്ടനും
ചിത്രകാരന്റെ സ്നേഹം നിറഞ്ഞ അഭിവാദ്യങ്ങള്‍ !!!

എന്തായാലും നമ്മളെല്ലാം മന്യേമ്മാരാണ്.
ഒരമ്മ മക്കള്‍! പരസ്പ്പരം ലഭിക്കുന്ന അറിവുകള്‍
പങ്കുവക്കുന്നു എന്നത് നമ്മുടെ സാഹോദര്യത്തിന്റെ
തിരിച്ചറിവുകൊണ്ടാണ്; ശത്രുതയാലല്ല.

September 11, 2009 12:26 AM

2 comments:

Anonymous said...

“ ശാസ്ത്രാഭിമുഖ്യമില്ലാത്ത മനുഷ്യന്‍ സ്വന്തം വീട്ടില്‍ വാടകക്കു താമസിക്കുന്നവനെപ്പോലെയാണ്. അവന്റെ വിശ്വാസത്തിന്റെ കിത്താബുകളും,പൌരോഹിത്യത്തിന്റെ കെട്ടുകഥകളുടെ ഭാണ്ഡവുമായി
അവനെ അവന്റെ വീട്ടില്‍ നിന്നോ, നാട്ടില്‍ നിന്നോ കുടിയൊഴിപ്പിക്കാന്‍ ശാസ്ത്രബോധമുള്ള സമൂഹങ്ങള്‍ക്ക് അനായാസം സാധിക്കും.അവന്റെ സംബത്തെല്ലാം റ്റെക്നോളജി ഉപയോഗിച്ചതിന്റെ വാടകയായി ശാസ്ത്ര സമൂഹം കൈവശപ്പെടുത്തും.വിനീത വിധേയ അടിമയായി നില്‍ക്കാനേ ഈ അവസരത്തില്‍ കിത്താബും കെട്ടിപ്പിടിച്ചിരിക്കുന്ന വിശ്വാസിക്കു കഴിയു.“
ചേതോഹരം ഈ ഉപമ.
എന്തുകൊണ്ടാണ് വിശ്വാസികൾ വളരെ കൂടിവരുന്നത്? സാമൂഹികവും രാഷ്ട്രീയവും ആയ് കാരണങ്ങൾ അവലോകനം ചെയ്യേണ്ടേ? വെറും അറിവിന്റെയോ ശാസ്ത്രാഭിമുഖ്യത്തിന്റെയോ വിഷയം മാത്രമായി വിശ്വാസത്തെ കാണുന്നതു ശരിയാണോ?
കമ്യൂണിസ്റ്റ്-ഭൌതിക വാദ പ്രസ്ഥാനങ്ങളുടെ ലോകവ്യാപകമായ തകർച്ച വിശ്വാസം കൂട്ടുന്നതിൽ വഹിച്ച പങ്ക് വിശകലനം ചെയ്യേണ്ടേ?
ഏതെങ്കിലും ഭൌതികവാദ പ്രത്യയശാസ്ത്രം മനുഷ്യന്റെ സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ഇന്നു മനുഷ്യൻ വിശ്വസിക്കുന്നുണ്ടോ?ഇല്ലെങ്കിൽ അതിന്റെ കാരണവും പരിഹാരവും കണ്ടെത്തുന്നതിലൂടെ വിശ്വാസവും അന്ധവിശ്വാസവും പോലുള്ള പ്രശ്നങ്ങളും പരിഹൃതമാകും എന്നാണു സത്യാന്വേഷിയ്ക്കു തോന്നിയിട്ടുള്ളത്.
സംവാദങ്ങൾ നടക്കട്ടെ. ബ്ലോഗിൽ പ്രിന്റ്- ഇലക്ട്രോണിക് മീഡിയയേക്കാൾ ശാസ്ത്ര-യുക്തിവാദ പ്രചാരണങ്ങൾ കൂടുതലുള്ളത് തീർത്തും ആശാവഹം തന്നെയാണ്. നൂറു പൂക്കൾ വിരിയട്ടെ. നൂറു ചിന്താസരണികൾ ഏറ്റുമുട്ടട്ടെ.

Faizal Kondotty said...

ചിത്രകാരാ ..
ചിത്രകാരന്‍ വിചാരിക്കുന്നത് മാത്രമാണോ സത്യം ? ഒരു വിശ്വാസം മാത്രമല്ലേ ഇതും ? നിത്യമായ സത്യം എന്നൊക്കെ പറയുന്നത് ..! ആത്മീയതയെക്കുറിച്ചുള്ള ചിത്രകാരന്റെ ഇന്നത്തെ അറിവ് നാളെ മാറിയേക്കാം ..

നമ്മുടെ വെറും 1.5 Kg തലച്ചോറില്‍ ഇത്തരം കാര്യങ്ങള്‍ ഒതുങ്ങും എന്ന് വിചാരിക്കുന്നതും തീരെ യുക്തിയല്ല ചിത്രകാരാ , ബൌദ്ധികമായ പല കാര്യങ്ങളും ഒരു ശാസ്ത്ര ഗ്രന്ഥത്തിനും വിശദീകരിക്കാന്‍ ആവില്ല എന്ന് കൂടി അറിയുക ..

കുറച്ചു കാര്‍ബണും ഹൈഡ്രജനും , മറ്റു ചില മൂലകങ്ങളും മാത്രമാണോ മനുഷ്യന്‍ ? അതാണോ ചിത്രകാരന്‍ ? അല്ല .. ഇതിനുള്ളില്‍ കുടിയിരിക്കുന്ന തൊട്ടു കാണിക്കാനാവാത്ത ഒരു വ്യക്തിത്വം ഉണ്ട് .. ഒരു സ്വതം ഉണ്ട് .. ആത്മാവ് എന്ന് വിളിച്ചാലും ഇല്ലെങ്കിലും മരണ ശേഷം ഈ വ്യക്തിത്വത്തിന് എന്ത് സംഭവിക്കുന്നു ? മൂലകങ്ങള്‍ മണ്ണില്‍ ചെര്ന്നേക്കാം ,,പക്ഷെ ചിത്രകാരന്‍ എന്നാ ആ സ്വതം ?

ചിന്തകള്‍ മരിക്കരുത്‌ ചിത്രകാരന്‍ ... ചിന്തയുടെ മരണം ഒരു വ്യക്തിയുടെ പരാജയമാണ്,
ഒരുതരം സ്വത പ്രതിസന്ധി (identity crisis) ആണ്

ഏതായാലും കെ പി എസിന്റെ ആ പോസ്റ്റില്‍ ഇട്ട ഒരു കമന്റ്‌ ഇവിടെ ചേര്‍ക്കുന്നു

മതവാദി ശാസ്ത്ര രഹസ്യങ്ങള്‍ തേടി തന്റെ വേദ ഗ്രന്ഥത്തിലേക്കു തിരിയുന്നു ..എല്ലാം അതിലുണ്ടെന്നു വെറുതെ വീമ്പു പറയുന്നു ..യഥാര്‍ത്ഥത്തില്‍ ശാസ്ത്ര തത്വങ്ങള്‍ വിശദീകരിക്കലല്ല വേദഗ്രന്ഥങ്ങളുടെ ജോലി . അവ ബൌദ്ധികമായി മനുഷനെ നേര്‍വഴിക്കു നടത്തേണ്ട ഗുരുനാഥന്‍മാരാണ് . നല്ല ശമാര്യക്കാരനെക്കുറിച്ചും ഭൂമിയുള്ളവരോട് നിങ്ങള്‍ കാരുണ്യം കാണിക്കുക എന്നും സ്നേഹം , നീതി , എന്നിവയെക്കുറിച്ചും ബോധം ഉണ്ടാക്കേണ്ടവയാണ് .. അതില്‍ പോയി ശാസ്ത്രം തിരയുന്നത് ഇരുട്ടില്‍ തപ്പലാണ് .വിഡ്ഢിത്തമാണ്

എന്നാല്‍ യുക്തിവാദി ചെയ്യുന്നതോ നൈതികമായ കാര്യങ്ങള്‍ ശാസ്ത്രത്തില്‍ പോയി തിരയുന്നു ... സ്നേഹം കാരുണ്യം , നീതി , ദയ ഇവയൊന്നും ശാസ്ത്രീയമായി വിശദീകരണത്തിന് വഴങ്ങുന്നതല്ല എന്ന് അവന്‍ വിസ്മരിക്കുന്നു , കഴിവില്ലാത്തവന് താങ്ങാവുന്നതിനെക്കുറിച്ചല്ല കയ്യൂക്കുള്ളവന്റെ അതിജീവനം ആണ് ശാസ്ത്രം വിശദീകരിക്കുക