Saturday, August 8, 2009

അശ്ലീലമാകുന്ന ആചാരവെടി !

കേരളത്തില്‍ ഇപ്പോള്‍ ചത്തുപോകുന്ന പ്രജകളുടെ ആത്മാവിന് നിത്യശാന്തി ലഭിക്കണമെങ്കില്‍ പോലീസിന്റെ ആചാരവെടി നിര്‍ബന്ധമായിരിക്കുന്നു ! വെടിയുടെ അകംബടിയില്ലാതെ പരലോകത്തുചെന്നാല്‍ ഒരു വെലയുമില്ലാത്ത അവസ്ഥ ! ഇത്രയും പറഞ്ഞത് ആചാരവെടിയുടെ അകംബടിയുമായി പരലോകത്തെത്തിയ നല്ല മനസ്സുകളോടുള്ള അനാദരവുകൊണ്ടോ, അസൂയകൊണ്ടോ , വൈരാഗ്യംകൊണ്ടോ ഒന്നുമല്ല. നമ്മുടെ സാമൂഹ്യ അപചയങ്ങള്‍ ഔദ്യോഗികമായി ആചാരവല്‍ക്കരിക്കപ്പെട്ട് നാം അറിയാതെത്തന്നെ നമ്മുടെ നശിച്ചുകൊണ്ടിരിക്കുന്ന മൂല്യബോധങ്ങളെ കൂടുതല്‍ വേഗത്തില്‍ നാശം ത്വരിതപ്പെടുത്തുന്ന ...കക്ഷിരാഷ്ട്രീയ പ്രീണനവിദ്യകള്‍ കണ്ടു മടുപ്പനുഭവപ്പെടുന്നതുകൊണ്ട് ചിത്രകാരന്‍ പറഞ്ഞുപോകുന്നതാണ്.

ആചാരവെടിക്കെതിരെ ചിത്രകാരനെന്തിനു പ്രതികരിക്കണം? ആര്‍ക്കുംകഷ്ടനഷ്ടങ്ങളുണ്ടാക്കാത്തതും, ഒരു മാന്യ വ്യക്തിക്ക് മരണാനന്തരം നല്‍കുന്ന ഒരു ബഹുമാനവുമായി നല്‍കുന്ന ആചാരവെടി നിര്‍ദോഷമാണെന്നേ സാധാരണക്കാരന്‍ പറയു. ചിത്രകാരന്‍ സാധാരണക്കാരനല്ലല്ലോ :) ഹഹഹഹഹ...
മരണാനന്തര ചടങ്ങുകളിലെങ്കിലും ഒരു പരിപാവനത, നമ്മളെല്ലാം മണ്ണായിതീരുന്ന തുല്യരായ മനുഷ്യജന്മമാണെന്ന ഒരു തിരിച്ചറിവ്.... ഇതെല്ലാം ഇല്ലാതാക്കുന്നു ഇവന്മാരുടെ വെടി.

യുദ്ധ മുന്നണിയില്‍ വച്ച് കൊല്ലപ്പെടുന്ന ഒരു ധീര ജവാന്റെ മരണാനന്തര ചടങ്ങില്‍ പട്ടാളത്തിന്റെ അച്ചടക്കം വിടാതുള്ള മൃതദേഹത്തെ അവസാനമായി ആദരിക്കുന്ന ചടങ്ങെന്ന നിലയില്‍ ആചാരവെടി ചിത്രകാരന്‍ സഹിക്കും.
തോക്കു താഴെവെക്കാതെ ജാഗരൂഗരായി അച്ചടക്കത്തോടെ രാജ്യത്തെ കാത്തുസൂക്ഷിക്കുന്ന പട്ടാളത്തിന്റെ ആചാരവെടിക്ക് ഔചിത്യമുണ്ട്. ഡ്യൂട്ടിക്കിടയില്‍ വീര ചരമം പ്രാപിക്കുന്ന പോലീസുകാരന്റെ ശവസംസ്ക്കാര ചടങ്ങിലും ആചാരവെടിക്ക് സാംഗത്യമുണ്ട്. എന്നാല്‍ സാധാരണ പൌരന്മാരും, കലാകാരന്മാരും, സാഹിത്യ ജീവികളും, പത്രക്കാരും, രാഷ്ട്രീയക്കാരും, ബിസിനസ്സുകാരും, ജാതി-മത വര്‍ഗ്ഗീയ പ്രമുഖരും, കൊട്ടേഷന്‍ അംഗങ്ങളും, കോണ്ട്രാക്റ്റന്മാരും ചത്തുപോകുംബോള്‍ നടത്തുന്ന ആചാരവെടി ഭരിക്കുന്ന കക്ഷിയുടെ വോട്ടുബാങ്ക് പ്രീണനവുമായി ബന്ധപ്പെട്ട പുതിയൊരു ആചാരമാണ്, ഇപ്പോള്‍ അനുഷ്ടാനവും ! ഈ ആചാരവെടി ഇനി വികസിച്ച് വികസിച്ച് എല്ല പൌരന്മാര്‍ക്കും ആചാരവെടിയോടെയുള്ള അന്തിമോപചാരം ജനകീയ അഭിലാക്ഷമായിമാറുമെന്ന് പ്രതീക്ഷിക്കാം.അതിനെത്തുടര്‍ന്ന് ഓരോ പഞ്ചായത്തിലും ആചാരവെടിക്കു മാത്രമായി പോലീസിന്റെ ഒരു സംഘത്തെതന്നെ നിയോഗിച്ച് ധാരാളം യുവാക്കള്‍ക്ക് ജോലികൊടുക്കാനുമാകും. (ഇവര്‍ ഭാവിയില്‍ വെടിശാന്തിക്കാര്‍ എന്ന് അറിയപ്പെടും.) ഭരിക്കാന്‍ കഴിവില്ലാത്ത രാഷ്ട്രീയ കക്ഷികള്‍ക്ക് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഇത്തരം ശാന്തിപ്പണികളേ ആശ്രയിക്കേണ്ടിവരുന്നത് സ്വാഭാവികം.

ഒരു കലാകാരനോ, സാഹിത്യകാരനോ, രാഷ്ട്രീയക്കാരനോ, കൊള്ളക്കാരനോ, രാജ്യദ്രോഹിക്കോ, നല്‍കേണ്ട അര്‍ഹിക്കുന്ന മരണാനന്തര ആദരം നമ്മുടെ ജനം എന്നും നല്‍കുന്നുണ്ട്. ജനക്കൂട്ടം അത് നല്‍കുന്നുണ്ട്. അതിനിടയിലേക്ക് അധികാരത്തിന്റെ ചിഹ്നവുമായി, അധികാരത്തിന്റെ അംഗീകാരമുദ്രയുമായി,അധികാരത്തിന്റെ ശബ്ദവുമായി, അധികാരത്തിന്റെ അസമത്വവുമായി നമ്മുടെ ഭരണാധികാരികള്‍ കയറിച്ചെല്ലാന്‍ ധൈര്യപ്പെടുന്നത് നമ്മുടെ സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ജന്മിത്വത്തിന്റേയും, നാടുവാഴിത്വത്തിന്റേയും, രാജവാഴ്ച്ചയുടേയും, മാടംബിത്വത്തിന്റേയും സാംസ്കാരിക മൂല്യബോധത്താലാണ്. നമ്മേ ഭരിക്കുന്നത് ആ സാംസ്കാരികതയാണെങ്കില്‍, നമ്മുടെ ജനാധിപത്യവും, സ്വാതന്ത്യവും, പൌരബോധവും, കമ്മ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ് ചിന്തകളും അനാഥമായിക്കഴിഞ്ഞിരിക്കുന്നു എന്ന് ചിത്രകാരന്‍ ഓര്‍മ്മിപ്പിക്കുന്നു. നമുക്ക് നമ്മുടെ ആധുനിക മൂല്യങ്ങളെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കാം ! പഴയമൂല്യങ്ങളെ വാരിപ്പുണരാം :)

24 comments:

chithrakaran:ചിത്രകാരന്‍ said...

അതിനിടയിലേക്ക് അധികാരത്തിന്റെ ചിഹ്നവുമായി, അധികാരത്തിന്റെ അംഗീകാരമുദ്രയുമായി,അധികാരത്തിന്റെ ശബ്ദവുമായി, അധികാരത്തിന്റെ അസമത്വവുമായി നമ്മുടെ ഭരണാധികാരികള്‍ കയറിച്ചെല്ലാന്‍ ധൈര്യപ്പെടുന്നത് നമ്മുടെ സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ജന്മിത്വത്തിന്റേയും, നാടുവാഴിത്വത്തിന്റേയും, രാജവാഴ്ച്ചയുടേയും, മാടംബിത്വത്തിന്റേയും സാംസ്കാരിക മൂല്യബോധത്താലാണ്. നമ്മേ ഭരിക്കുന്നത് ആ സാംസ്കാരികതയാണെങ്കില്‍, നമ്മുടെ ജനാധിപത്യവും, സ്വാതന്ത്യവും, പൌരബോധവും, കമ്മ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ് ചിന്തകളും അനാഥമായിക്കഴിഞ്ഞിരിക്കുന്നു എന്ന് ചിത്രകാരന്‍ ഓര്‍മ്മിപ്പിക്കുന്നു. നമുക്ക് നമ്മുടെ ആധുനിക മൂല്യങ്ങളെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കാം ! പഴയമൂല്യങ്ങളെ വാരിപ്പുണരാം :)

ഫസല്‍ ബിനാലി.. said...

ചിത്രകാരന്‍ ഉദ്ദേശിച്ച രീതിയിലല്ലെങ്കിലും, ഈയടുത്ത് തങ്ങളുടെ ശവസംസ്കാരം നടക്കുന്നത് ലൈവ് ആയി ടി വി യില്‍ കണ്ടുകൊണ്ടിരിക്കെ (ലൈവ് ആയി ടി വിയില്‍ കാണുക എന്നതും ഒരു ആചാരമായി ഭാവിയില്‍ സംഭവിക്കാം) ദുഖസാന്ദ്രമായ ഭക്തിസാന്ദ്രമായ ഒരു അന്തരീക്ഷത്തിന്‍ അതിരിട്ട് ഒരു യുദ്ധത്തിന്‍റെ ത്രില്ലിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ച രീതി അതു കണ്ടുകൊണ്ടിരിക്കെ തന്നെ അരോചകമായി തോന്നിയിരുന്നു. പുരോഗമികേണ്ട ഒരു ചിന്ത തന്നെ ആശംസകള്‍.

കാസിം തങ്ങള്‍ said...

ഫസലിന്റെ അതേ തോന്നല്‍ എനിക്കും ഉണ്ടായി അത് കണ്ടപ്പോള്‍.

പാവത്താൻ said...

You said it

അനില്‍@ബ്ലോഗ് // anil said...

പ്രതികരിക്കേണ്ട വിഷയം തന്നെ ചിത്രകാരാ.
സത്യത്തില്‍ ഇതിനേപ്പറ്റി ആലോചിക്കാത്തവര്‍ കേരളക്കരയിലുണ്ടാവില്ലെന്നാണ് ഇന്ന് എന്റെ സുഹൃത്തുക്കളുമായി ഓഫീസില്‍ സംസാരിച്ചപ്പൊല്‍ മനസ്സിലായത്. ശവസംസ്കാരം പോലും ചിലകാട്ടിക്കൂട്ടലുകള്‍ക്കായുള്ള വേദിയായി മാറുന്നു എന്നുള്ളത് ദുഃഖകരമായ അവസ്ഥയാണ്. ഇതിനു മാറ്റം വന്നേ തീരൂ.

|santhosh|സന്തോഷ്| said...

സത്യം.!!! താങ്കളതു പറഞ്ഞു

ചാണക്യന്‍ said...

ചിന്തനീയ വിഷയം ചിത്രകാരന്‍....

ആചാരവെടി ആര്‍ക്ക് എന്തിനു എപ്പോള്‍ എന്നതിനു പ്രത്യേക കീഴ്വഴക്കങ്ങള്‍ ഉണ്ടെന്നാണ് തോന്നുന്നത്....

അനവസരത്തിലുള്ള ഉപയോഗം നിമിത്തം അതിലെ ആചാരമെന്ന പദത്തിന്റെ പ്രസക്തി നഷ്ടമായിരിക്കുന്നു....

ഇനി ഇങ്ങനെ പറഞ്ഞാല്‍ മതിയാവും...

പരേതന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നതിലേക്കായി പോലിസ് ആകാശത്തേക്ക് 6 റൌണ്ട് വെടി വെച്ചു...:):):)

ബിജു ചന്ദ്രന്‍ said...

വളരെ നാളുകളായി ചിന്തിക്കുന്ന കാര്യം. ചിത്രകാരന്‍ മനോഹരമായ ഭാഷയില്‍ പറഞ്ഞിരിക്കുന്നു. സന്ദര്‍ഭോചിതം. കൂടുതല്‍ ചര്‍ച്ച ഇവിടെ നടക്കും എന്ന് പ്രത്യാശിക്കുന്നു.

kichu / കിച്ചു said...

“ചിത്രകാരന്‍ സാധാരണക്കാരനല്ലല്ലോ :) ഹഹഹഹഹ“

ഹലോ അസാധാരണക്കാരനായ ചിത്രകാരാ..
u said it.

പലരും പറയണമെന്നു കരുതിയതു തന്നെ.

ചാനലുകളില്‍ ഇപ്പോള്‍ മരണ ആഘോഷങ്ങളല്ലേ..

ഒരു വീണയൊ , വയലിനോ കരയുന്നതുമിട്ട്..
കാണിച്ചത് തന്നെ വീണ്ടും വീണ്ടും കാണിച്ച്,ലോകത്തുള്ള എല്ലാവരേയും ടെല്പ്ഫോണിലൂടെ വിളിച്ച് നടത്തുന്ന ഈ മരണാഘൊഷങ്ങള്‍ അരോചകമായിത്തുടങ്ങിയിട്ട് നാളെത്രയായി.

മരിച്ചവരോടുള്ള എല്ലാ ആദരവും മനസ്സില്‍ വെച്ച് തന്നെ പറയട്ടെ.. പ്രദര്‍ശന വസ്തുക്കളായി കിടക്കുന്ന ആ ഭൌതിക
ശരീരങ്ങള്‍ നമ്മളോടെന്ത് തെറ്റ് ചെയ്തു!!!

ആരും ഇവിടെ ചോദിക്കാനില്ലല്ലോ !

Faizal Kondotty said...

മരണാഘോഷം മിക്കപ്പോഴും അരോചകം , അസഹ്യം !
ചിത്രകാരാ.. ,സന്ദര്‍ഭോചിത ഇടപെടല്‍ തന്നെ !

yousufpa said...

ചിത്രകാരന്‌ സ്വാഗതം .

അല്ലെങ്കിലും എന്തിനീ ആചാരവെടി.

കഴിഞ്ഞ ദിവസം നടന്‍ മുരളിക്ക് ആചാരവെടി അര്പ്പിച്ച് ഒരു പോലീസുകാരന്‍ നിന്ന് തപ്പിത്തടയുന്നത് കണ്ടു.

Anonymous said...

cent per cent correct. u said it beautifully. thanx.

shams said...

സത്യം ചിത്രകാരാ...
ഷിഹാബ് തങ്ങളുടെ ഖബറടക്കം റ്റീവിയില്‍ കണ്ടുകൊണ്ടിരുന്നപ്പോള്‍, എന്തൊക്കെ പോരയ്മകളുണ്ടെങ്കിലും കുറച്ചുമുമ്പ് സൗദി അറേബ്യയുടെ ഭരണാധികാരിയായിരുന്ന ഫഹദ് രാജാവിന്റെ ലളിതമായി നടന്ന ഖബറടക്ക ചടങ്ങിനെക്കുറിച്ചറിഞ്ഞതാണ് ഓര്‍മ്മയിലെത്തിയത്.
'ഇതൊരു അനാചാര വെടി' തന്നെ.

അങ്കിള്‍ said...

ഇത്തരം ആചാരവെടിക്കെതിരായി ശബ്ദമുയർത്താൻ സംസ്ഥാനത്തെ സാഹിത്യനായകന്മാർ ഒരുങ്ങുന്നുവെന്നാണു കേട്ടറിവ്.

ശ്രീക്കുട്ടന്‍ said...

താങ്കള്‍ പറഞ്ഞത് പൂര്‍ണ്ണമായും ശരിയാണ്.എന്തിനും ഏതിനും അഭിനയം മാത്രം പഠിച്ചുവച്ചിരിക്കുന്ന രാഷ്ട്രീയക്കാരന്റെ വോട്ടുനാടകം മാത്രമാണീ ആചാരവെടികള്‍.ഒരു ശരീരത്തേയും അവര്‍ മാനിക്കുന്നില്ല.നടന്‍ മുരളിയുടെ സംസ്കാരചടങുകളുടെ തത്സമയപ്രക്ഷേപണം ഏഷ്യാനെറ്റ് വാര്‍ത്തവായനക്കാരന്‍ അതീവ ഗദ്ഗദത്തോടെ അവതരിപ്പിക്കുന്നത് കണ്ട് സത്യത്തില്‍ ദുഃഖം തോന്നി.അന്നു തന്നെ 6.30ന് ഈ വിഷയത്തില്‍ ചര്‍ച്ചയും. മരണത്തെപോലും വിറ്റുകാശാക്കുന്ന മാധ്യമ സംസ്കാരം. നഷ്ടപ്പെടുന്നവരുടെ വേദന ആരും കാണുന്നില്ല.

ആവനാഴി said...

പ്രിയ ചിത്രകാരൻ,

ആചാരവെടിയെക്കുറിച്ചു വായിച്ചു. നമുക്കതിനെ വേറൊരു വീക്ഷണകോണത്തിൽ നോക്കിക്കണ്ടാ‍ലോ?

വെടി, പടക്കം , ബാന്റുമേളം, തകിലടി ഇവയൊക്കെ ആഘോഷത്തിന്റെ ഭാഗമാണു. ഇവിടെ സൌത്ത് ആഫ്രിക്കയിൽ ഒരാൾ മരിച്ചാൽ മെമ്മോറിയൽ സർവീസ് എന്നൊരു ചടങ്ങുണ്ട്. മരണത്തിൽ ദു:ഖിക്കുന്നതിലുപരി നിര്യാതന്റെ ജീവിതം ആഘോഷിക്കുന്ന ഒരു രീതിയാണു പലപ്പോഴും കണ്ടിട്ടുള്ളത്. “Let us celebrate his/her life" എന്നു പറയും.

ശ്രീ. മുരളിയുടെ നിരാണത്തിൽ ദു:ഖമുണ്ട് എന്നാൽ ആ ചടങ്ങ് അദ്ദേഹത്തിന്റെ ജീവിതത്തിന്റേയും നേട്ടങ്ങളുടേയും ആഘോഷമാക്കി മാറ്റിയാൽ വെടിവയ്പ് അസ്ഥാനത്തല്ല എന്നു കാണാം.

വീക്ഷണകോണത്തിന്റെ വ്യത്യാസമാണു.

സസ്നേഹം
ആവനാഴി.

Faizal Kondotty said...

ചിത്രകാരാ ,
ഇങ്ങിനെ ആവശ്യമില്ലാതെ അമിതമാകുന്ന മരണാഘോഷങ്ങള് ഒരു വശത്ത് നടക്കുമ്പോള്‍ , മറു വശത്ത് പട്ടാളക്കാരുടെതടക്കം മൃതദേഹങ്ങള്‍ അപമാനിക്കപ്പെടുന്നു . മിനിയാന്ന് ഏഷ്യാ നെറ്റില്‍ കണ്ട ഒരു വാര്‍ത്ത ഉദ്ധരിച്ചാല്‍ ,പരിശീലത്തിനിടെ മുങ്ങി മരിച്ച മലയാളി സൈനികന്റെ മൃതദേഹം എംബാം ചെയ്യാതെ ഡല്‍ഹിയില്‍ നിന്നും വെറും പ്ലാസ്റിക് ഷീറ്റില്‍ പൊതിഞ്ഞു മരപ്പെട്ടിയില്‍ ആക്കി നാട്ടിലെക്കയക്കുന്നു .. രാജ്യത്തിന് വേണ്ടി സേവനം അര്പിക്കാന്‍ പോയി എന്ന ഒരു കുറ്റം മാത്രം ചെയ്ത ആ സൈനികന്റെ മൃതദേഹം വീട്ടുകാര്‍ക്ക് ഒന്ന് കാണാന്‍ പോയിട്ട് അടുത്തേക്ക് ചെല്ലാന്‍ വരെ കഴിയാത്തത്ര മണം വന്നുവെന്ന് കണ്ണീരോടെ വയസ്സായ അച്ഛനമ്മമാര്‍ പറയുന്നു .. അനവസരത്തില്‍ ആചാരവെടി മുഴക്കുന്നവര്‍ അര്‍ഹതപ്പെട്ടവരെ അവഗണിക്കുകയും അപമാനിക്കുകയും ചെയ്യുന്നു എന്ന് വരികില്‍ പിന്നെ എന്ത് പറയാനാണ് ..?

സൈനികന്റെ മൃത ദേഹത്തെ അപമാനിച്ചതിനെക്കുറിച്ച് എ കെ ആന്റണി അന്വേഷിക്കുമത്രേ ..!

മുസാഫിര്‍ said...

ചിത്രകാരൻ പറഞ്ഞതിനോട് യോജിക്കുന്നു.പട്ടാളത്തിൽ നടക്കുന്ന ഫ്യൂണറൽ പെരേഡിന്റെ ഒരു പരിഹാസ്യരൂപമാണു ഇവിടെ നടക്കുന്നത്.

ബിജു ചന്ദ്രന്‍ said...

ആവനാഴിയോടു വിയോജിപ്പുണ്ട്. ആഫ്രിക്കയിലെയും കേരളത്തിലെയും മരണാനന്തര ചടങ്ങുകള്‍ക്ക് താരതമ്യമില്ല. ഇവിടെ ഈ വെടിവെപ്പ് പരിപാടി അടുത്ത കാലത്ത് തുടങ്ങിയ ഇടപാടാണ്. കേവലം പ്രീണനം തന്നെ.
സാമുദായിക ബാലന്‍സ് നിലനിര്‍ത്താന്‍ ഇപ്പോള്‍ ആര് മരിച്ചാലും വെടി വഴിപാടു നടത്തി അതൊരു വിചിത്രമായ അശ്ലീലക്കാഴ്ച്ചയാക്കിയിരിക്കുന്നു. എത്രയും വേഗം നിര്‍ത്താലാക്കേണ്ട "ദുരാചാരം".

ചാർ‌വാകൻ‌ said...

ഓ.വി.വിജയന്റെ സം സ്കാരചടങ്ങിനു,ഇത്തരം വെടിവെപ്പുണ്ടായിരുന്നു.അധികാരത്തിന്റെ ധാര്‍ഷ്ട്യത്തെ കണക്കിനു പരിഹസിച്ച,ആ ആത്മാവിനിട്ടാണ്,മൂന്നു റൌണ്ട് പൊട്ടിച്ചത്.അടുത്ത മരങ്ങളില്‍ നിന്ന് കൂട്ടത്തോടെ കലപില വെച്ചു പറന്നു.പ്രാകുന്നുണ്ടായിരിക്കും .അന്നു തന്നെ പാവങ്ങളായ അഞ്ചാറു പേരുടെ ചടങ്ങും നടന്നു.പോലീസ്സിനേം ,മാന്യന്മാരായ ചിലരേം കണ്ട് ഒരു മൂപ്പീന്ന് എന്നോട് ചോദിച്ചു മന്ത്രിയാരുവല്ലോവാണോ..?യേയല്ലാ,കഥയെഴുതുന്നൊരാളാ..
വേറേ എന്തോന്നു പറയും .മുരളീടെ ചടങ്ങിനു പ്രത്യെകതയുണ്ടായിരുന്നു.കക്ഷി ലളിതകലാ അക്കാദമി പ്രസിഡണ്ടായിരുന്നു.ഞെട്ടിച്ച കാര്യം ,ദൈവവിശ്വാസിയായിരുന്നത്രേ..ഭാര്യയുടെ അയല്‍വാസിയെന്ന നിലയില്‍,പരിചയപ്പെട്ടിരുന്നു.മാക്സ്സിറ്റുപാര്‍ട്ടി പ്രവര്‍ത്തകനെന്ന ലേബലാണ്‍ സിനിമാ നടനെന്നതിനേക്കാളും ആനാട്ടില്‍.എന്തായാലും ഇതിനൊരു നയം രൂപപ്പെടേണ്ടതുണ്ട്,അതു പറയാന്‍ ബ്ലോഗ്ഗിലൊരു ചിത്രകാരനുണ്ടല്ലോ.....

പാര്‍ത്ഥന്‍ said...

ചിത്രകാരനോടു യോജിക്കുന്ന്തോടൊപ്പം ഒന്നുകൂടി പറയാനുണ്ട്.

ഒരാൾ മരിച്ചാൽ അതിന്റെ നഷ്ടം ആ വ്യക്തിയുടെ ബന്ധുക്കൾക്കാണ്. കുടുബാംഗങ്ങളുടെ വിഷമം ഒരു നെടുവീർപ്പിലോ വിലാ‍പത്തിലോ ചിലപ്പോൾ അതിരുവിട്ട ഒരു നിലവിളിയിലോ പ്രകടിപ്പിച്ചെന്നിരിക്കും. ആ കൃത്യത്തിലൂടെ ഒരു സ്വകാര്യദുഖം അലിയിച്ചെടുക്കുകയാണ് അവസാനത്തെ വിടവാങ്ങലിലൂടെ. അത് തീർത്തും അന്യരുടെയും ചാനലുകാരുടെയും സാന്നിധ്യം ഇല്ലാതെ അവർക്ക് അനുഭിക്കാൻ അവസരമുണ്ടാക്കേണ്ടിയിരിക്കുന്നു. ചിതയിലേക്കെടുക്കുന്നതിനുമുമ്പുള്ള വീട്ടുകാരുടെ ദുഖപൂർണ്ണമായ ആ നിമിഷം വിദഗ്ദമായി പകർത്താൻ ക്യാമറക്കാർ വ്യഗ്രതകാട്ടുന്നതിനോട് യോജിക്കാനാവുന്നില്ല. ദുഖിച്ചിരിക്കുന്നവരെ ജനലഴികളിലൂടെ സൂം ചെയുന്ന വിവേകശൂന്യന്മാരായിരിക്കുന്നു അധികം പേരും. പലപ്പോഴും ചടങ്ങുകൾക്ക് ഇവർ തടസമാവുന്നതും കാണാമായിരുന്നു. ചാനലുകാർക്ക് മരണവും ഒരു വില്പനചരക്കാണ്.

ബിനോയ്//HariNav said...

ചിത്രകാരാ, പ്രസക്തമായ ഓര്‍മ്മപ്പേടുത്തല്‍. പ്രത്യേകിച്ചും ആചാരങ്ങള്‍ പലതും അനുഷ്ടാനങ്ങളുടെ നിസ്സം‌ഗതക്ക് വഴിമാറുന്ന കാലഘട്ടത്തില്‍. ആവനാഴി പറഞ്ഞതില്‍ ചില കാര്യങ്ങള്‍ ശരിയെന്ന് തോന്നാമെങ്കിലും മരണം ആഘോഷിക്കുന്ന സം‌സ്ക്കാരം നമ്മുടേതല്ല.

ആചാരവെടിക്ക് അര്‍ഹരായവരെ തിരഞ്ഞെടുക്കുന്ന മാനദണ്ഡമെന്ത് എന്ന് പലപ്പോഴും ചിന്തിക്കാറുണ്ട്. ജീവിതകാലം മുഴുവന്‍ അഹിം‌സാവാദിയായി ജീവിച്ച ഗാന്ധിയന്‍റെ ചേതനയറ്റ ശരീരത്തെ സാക്ഷിയാക്കി നടത്തുന്ന വെടിവഴിപാട് പരേതന്‍റെ ജീവിതത്തോടുള്ള ഏറ്റവും വലിയ അവഹേളനമാകും. വാഗാ ബോര്‍ഡര്‍ സെറിമണി ഒരു കൗതുകമാണ്. അതേ അഭ്യാസം മരണ വീട്ടിലാകുമ്പോള്‍ അരോചകവും.
ചിത്രകാരന് നന്ദി :)

വിചാരം said...

ഹ ഹ ഹ .. ചിത്രക്കാരന്‍ ശരിക്കും നെഞ്ചിന്‍ കൂട് നോക്കി തന്നെയാണല്ലോ വെടി വെയ്ക്കുന്നത് ... മുന്നോട്ട് അടിപതറാതെ മുന്നോട്ട് ... എന്നെന്നും ഞാന്‍ കൂടെ ഉണ്ടാവും

നാട്ടുകാരന്‍ said...

ഇരിക്കട്ടെ എന്റെ വകയും ഒരു വെടി!