Thursday, August 27, 2009

ബ്ലോഗിലെ ഭീരുക്കള്‍...സംശയ രോഗികള്‍...

1) സംശയരോഗം
2) സംശയത്തിന്റെ ത്രിമാനരൂപം
3) ഇരുട്ടുകൊണ്ടു വരക്കുന്ന ചിത്രങ്ങള്
4) ബ്ലോഗിലെ പോത്തുകള്


ഒളിഞ്ഞിരുന്നും,അകന്നിരുന്നും ഇസ്തിരിചുളിയാതെ ശ്രദ്ധേയരാകാം എന്ന സൌകര്യം ബ്ലോഗിന്റെ പ്രത്യേകതയാണ്.ഇങ്ങനെ ബ്ലോഗ് എഴുത്തുകാര്‍ ബ്ലോഗ് എന്ന മാധ്യമ ക്യാന്‍‌വാസില്‍ സൃഷ്ടിക്കുന്ന ചിത്രങ്ങള്‍ ബ്ലോഗര്‍മാര്‍ക്കിടയില്‍ തന്നെ സ്ഥലജല ഭ്രമമുണ്ടാക്കുന്നതും ഏതാണ്ട് മനോരോഗത്തോടടുത്ത ദുര്‍വാശിക്കും സംശയരോഗത്തിനും അടിപ്പെടുന്നതുമാണെന്ന് ബ്ലോഗില്‍ സ്ഥിരവായന നടത്തുന്നവര്‍ക്ക് കാണാനാകുന്നു. ആരോപണങ്ങളും,പ്രത്യാരോപണങ്ങളും,സംഘം ചേര്‍ന്ന അനോണി ആക്രമണങ്ങളും,തെറിവിളിയും,അന്യബ്ലോഗര്‍മാരുടെ വ്യാജവേഷംകെട്ടലും,ബ്ലോഗര്‍മാരുടെ ഐപി.പിടിക്കലും,ജോലിതെറിപ്പിക്കലും,കേസുകൊടുക്കലും,...അങ്ങിനെ പലപല യുദ്ധമുറകള്‍ ഈ മാധ്യമത്തിന്റെ അമിതാസക്തികൊണ്ട് ബ്ലോഗര്‍മാരില്‍ കണ്ടുവരുന്നു. തന്റെ അഭിപ്രായത്തിന് എതിരഭിപ്രായം പറയുന്നവര്‍ തന്റെ ശത്രുക്കളും,അനുകൂലമായി കമന്റിടുന്നവര്‍ തന്റെ മിത്രങ്ങളുമാണെന്ന തെറ്റിദ്ധാരണയുള്ളവരാണ് മിക്ക ബ്ലോഗര്‍മാരും. സത്യത്തില്‍ നമുക്ക്
ചിന്തിക്കാന്‍ കഴിയാതിരുന്ന,അഥവ കാണാനാകത്തവശത്തെക്കുറിച്ച്,അല്ലെങ്കില്‍ നമ്മുടെ കാഴ്ച്ചപ്പാടിന്റെ വൈകല്യത്തെക്കുറിച്ചോ ദൌര്‍ബല്യത്തെക്കുറിച്ചോ അറിവു നല്‍കുന്നത് അധികവും എതിരഭിപ്രായക്കാരനായിരിക്കാം. അയാള്‍ പറയുന്നതെന്തും അനഭിമതമാണെന്ന് മുദ്രകുത്തി കണ്ണടച്ച് ഇരുട്ടാക്കാനാണ് പൊതുവെ ബ്ലോഗര്‍മാര്‍ ശ്രമിക്കുക. ഇതിലൂടെ പലരും തങ്ങളുടെ തന്നെ കണ്ണു കെട്ടുകയാണു ചെയ്യുന്നത്.ഈ അസുഖത്താല്‍ അന്ധത ബാധിച്ച് ബ്ലോഗില്‍ നിന്നുതന്നെ നിഷ്ക്രമിച്ച ഒട്ടേറെ ബ്ലോഗര്‍മാരുണ്ട്.
(പ്രത്യേകിച്ചും മഹാനായ ഈ പാവം ചിത്രകാരന്റെ രംഗപ്രവേശം സഹിക്കവയ്യാതെ ! :)

സംശയരോഗം
ഭൂമിയിലുള്ളതിനേക്കാല്‍ എത്രയോ മടങ്ങ് സംശയരോഗം ബൂലോകത്തുണ്ടെന്നു പറയാം.ഇതിനു കാരണം,ബ്ലോഗില്‍ അഭിപ്രായം പറയുന്ന വ്യക്തിയെ എത്ര പ്രകടമായി പ്രത്യക്ഷപ്പെട്ടാലും,വിശദമാക്കപ്പെട്ടാലും പൂര്‍ണ്ണമായ തലത്തില്‍ നമുക്ക് കാണാനും അറിയാനുമാകുന്നില്ല എന്നതുതന്നെയാകണം. അതേ സമയം ഒന്നോ രണ്ടോ അടി അകലത്തില്‍ എതിരഭിപ്രായം പറയുന്ന ബ്ലോഗറുടെ സാന്നിദ്ധ്യം കുന്തമുനയുമായി നമുക്കുമുന്നില്‍ പ്രത്യക്ഷനായി ജീവനോടെ നില്‍ക്കുന്നുമുണ്ട്. അരൂപിയായ ബ്ലോഗ് വ്യക്തിത്വം ശത്രുവായോ മിത്രമായോ ഒളിഞ്ഞും തെളിഞ്ഞും പ്രത്യക്ഷപ്പെടാനുള്ള സാധ്യതയും വളരെയേറെയാണ്. നിസാരനും, എന്നാല്‍ ചതിപ്രയോഗത്തിലൂടെ അതിശക്തനുമാകാനുള്ള ഓരോ ബ്ലോഗറുടേയും നിലനില്‍പ്പിന്റെ വൈരുദ്ധ്യമുണ്ടാക്കുന്ന അപായ ഭീതിയായിരിക്കണം ബ്ലോഗിനെ സംശയരോഗികളുടെ ആവാസകേന്ദ്രമാക്കുന്നത്.

സംശയത്തിന്റെ ത്രിമാനരൂപം
ഭൂമിയില്‍ സംസാരിക്കുന്ന ഒരു വ്യക്തിയെ നാം കാണുകയോ കേള്‍ക്കുകയോ ചെയ്യുംബോള്‍ അയാളുടെ ഏറെക്കുറെ സാദൃശ്യമുള്ള
ഒരു ചിത്രം നമ്മുടെ മനസ്സില്‍ രൂപപ്പെടുന്നുണ്ട്.ആരാധനയുടേയൊ വെറുപ്പിന്റേയോ ഭാവുകത്വങ്ങള്‍ അയാള്‍ക്ക് കല്‍പ്പിച്ചുകൊടുത്താല്പോലും അയാള്‍ നമ്മുടെ മനസ്സിലെ ചിത്രത്തിന്റെ പരിധിക്കു പുറത്തുപോകാതെ അച്ചടക്കം പാലിക്കും. കാരണം അയാളുടെ ചിത്രം നേരിട്ട് അനുഭവപ്പെട്ട് വരച്ചതായതിനാല്‍ ഏതാണ്ട് പൂര്‍ണ്ണമാണ്. അയാളുടെ ചിന്തയെ നമുക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നോ ഇല്ലയോ എന്നതൊന്നും ചിത്രം മറ്റിവരക്കനുള്ള കാരണമാകുന്നില്ല. അയാളുടെ ശരീരത്തിന്റെ ചിത്രം,അയാളുടെ സാമൂഹ്യ സ്വാധീനത്തിന്റെ വലിപ്പം അത്രയേ പൊതുവെ ആരും മനസ്സില്‍ വരക്കാറുള്ളു. അതുകൊണ്ടുതന്നെ, ഭൂമിയിലെ അഭിപ്രായങ്ങള്‍ വ്യക്തിപരമായ നഷ്ടക്കച്ചവടമാകുംബോള്‍ മാത്രമേ നാം ഉത്തേജിതരാകാറുള്ളു.അല്ലാതെ സംഭവിക്കാറുള്ളത് അമിതമായ ആശയ ഭ്രാന്തോ,വിശ്വാസ അന്ധതയോ ബാധിച്ച മനുഷ്യരിലാണ്.

എന്നാല്‍, ബ്ലോഗിലെ ചിത്രം വളരെ വ്യത്യസ്തമാകുന്നു.ബ്ലോഗര്‍മാര്‍ക്ക് തങ്ങളുമായി സംവാദത്തില്‍ ഏര്‍പ്പെടുന്ന സഹബ്ലോഗര്‍മാരുടെ
അഭിപ്രായങ്ങളില്‍ നിന്നും, അതിന്റെ രാഷ്ട്രീയ ഭാവവ്യത്യാസങ്ങളില്‍ നിന്നും പരിമിതമായ അല്ലെങ്കില്‍ വളരെ നിസാരമായ ഒരു വ്യക്തിയുടെ രൂപം മാത്രമേ ലഭിക്കുന്നുള്ളു. ബ്ലോഗറുടെ പേരില്‍ നിന്നും ലഭിക്കുന്ന ആണ്‍ പെണ്‍ ലിംഗ വ്യത്യാസം, ജാതി മതം തുടങ്ങിയ മൂശകളുടെ അളവുകള്‍ ; നാട്,ജോലി,ജോലിസ്ഥലം തുടങ്ങിയ പ്രൊഫൈല്‍ വിവരങ്ങള്‍ ; പോസ്റ്റുകളില്‍ നിന്നും കമന്റുകളില്‍നിന്നും ലഭിക്കുന്ന വിശ്വാസപരവും ആശയപരവുമായ നിലപാടുകള്‍ തുടങ്ങിയ പ്രകടമായ/ലഭ്യമായ വിവരങ്ങള്‍ മാത്രം അടിസ്ഥാനമാക്കി ഒരോ ബ്ലോഗറും അന്യ ബ്ലോഗറെക്കുറിച്ച് ഒരു ചിത്രം മനസ്സില്‍ വരക്കുന്നുണ്ട്. ഇത് മനസ്സിന്റെ ഒരു സ്വാഭാവിക പ്രവര്‍ത്തനമാണ്. ഭൂമിയില്‍ നിന്നും വ്യത്യസ്ഥമായി ബൂലോകത്ത് ഒരു വ്യക്തിയുടെ ഒരു ശതമാനം പോലും നേര്‍ച്ചിത്രം ലഭ്യമാകാതിരിക്കുംബോള്‍ നമ്മുടെ മനസ്സുകളില്‍ വരക്കപ്പെടുന്ന ബ്ലോഗര്‍മാരുടെ ചിത്രത്തിന്റെ അസംസ്കൃതവസ്തു എന്തായിരിക്കുമെന്ന് ചിന്തിക്കാന്‍ ചിത്രകാരന്‍ വായനക്കാരോട് ആവശ്യപ്പെടുകയാണ്.

ഇരുട്ടുകൊണ്ടു വരക്കുന്ന ചിത്രങ്ങള്‍
മുപ്പത് കൊല്ലം മുന്‍പ് വായിച്ചതാണ്, വിക്രമാദിത്യകഥയില്‍ പുഴയില്‍ കുളിച്ചുകൊണ്ടിരുന്ന ഒരു ചിത്രകാരന്‍ തന്റെ ശരീരത്തില്‍ വന്ന് ചുറ്റിയ ഏതോ തരുണീമണിയുടെ ഒരു തലനാരിഴ അടിസ്ഥാന വസ്തുവായി ഉപയോഗപ്പെടുത്തിക്കൊണ്ട് ആ മുടിയിഴയുടെ ഉടമയായ സ്ത്രീയുടെ ബാക്കിഭാഗങ്ങള്‍ ഭാവനകൊണ്ട് പൂരിപ്പിച്ചതിലൂടെ അവളുടെ തനിമയാര്‍ന്ന ചിത്രം തന്നെ വരച്ചുവത്രെ ! അതുപോലെ എല്ലാ ബ്ലോഗര്‍മാര്‍ക്കും പ്രായോഗികപരിചയത്തിലൂടെ വളര്‍ത്തിയെടുത്ത ഭാവനയുണ്ടാകുമെന്ന് കരുതാനാകില്ലല്ലോ.
പക്ഷേ, ഏവര്‍ക്കും ഭാവനയുണ്ടെന്നു തന്നെയാണ് ഈ ചിത്രകാരന്റെ മതം. ജീവിത കാലത്ത് ആര്‍ജ്ജിച്ച അറിവും അനുഭവങ്ങളും ഒപ്പിയെടുത്ത രൂപങ്ങളും,മനസ്സിലെ ഭയത്തിന്റെ അഥവ അറിവില്ലായ്മയുടെ ഇരുട്ടും കൂട്ടിച്ചേര്‍ത്താണ് ബ്ലോഗര്‍ തന്നോട് സംവദിക്കുന്ന ബ്ലോഗറുടെ മുഴുവന്‍ രൂപം പൂര്‍ത്തിയാക്കുന്നത്. ഇങ്ങനെ നിര്‍മ്മിക്കപ്പെടുന്ന അപര ബ്ലോഗര്‍മാരുടെ ഭീഭത്സ ചിത്രങ്ങളില്‍ മുഖ്യഘടകം 99 ശതമാനത്തോളം സ്വന്തം മനസ്സിലെ ഇരുട്ടും ഒരു ശതമാനത്തില്‍ താഴെ യഥാര്‍ഥ ബ്ലോഗറുടെ പ്രൊഫൈല്‍ വിവരങ്ങളുമാണ് അടങ്ങിയിരിക്കുക. 2009 ലെ എകദേശ കണക്കുവച്ച് മുകളില്‍ പറഞ്ഞ ചേരുവകളാല്‍ നിര്‍മ്മിക്കപ്പെട്ട അഞ്ഞൂറോളം ബ്ലോഗ് ഭീകരന്മാരാണ് സംശയരോഗിയായ ഓരോ ബ്ലോഗറുടേയും മണ്ടക്കകത്തുകൂടി ഓടിക്കളിക്കുക ! ഇവരെ നേരിടാന്‍ ബൂലോകത്തിന്റെ ആകാശത്ത് അണിനിരക്കുന്ന മാലാഖവേഷം ധരിച്ച, നേരില്‍ പരിചയമുള്ള കുറച്ച് മിത്രബ്ലോഗര്‍മാര്‍ മാത്രമാണ് സംശയരോഗിയായ ബ്ലോഗര്‍മാരുടെ അവലംഭം ! എത്രപേര്‍ സഹായിക്കാനുണ്ടായാലും സംശയരോഗം ഒരു സാംക്രമിക രോഗമായി, യുദ്ധമായി മറ്റു ബ്ലോഗര്‍മാരിലേക്കും പകര്‍ന്നുകൊണ്ടിരിക്കും. രോഗം തലക്കുപിടിച്ചാല്‍ ശത്രുഭയത്താല്‍ ബ്ലോഗര്‍ വിറക്കും. എല്ലാ അയുധങ്ങളുമെടുത്ത് പെരുമാറിയിട്ടും ശത്രുക്കള്‍ അടങ്ങാതെവരുംബോള്‍ ചിലര്‍ ബ്ലോഗ് ഡിലിറ്റും. ബ്ലോഗ് മാന്യന്മാര്‍ക്ക് പറഞ്ഞ സ്ഥലമല്ലെന്ന് മനസ്സിലാക്കി ബ്ലോഗില്‍ നിന്നും കൂടുമാറും. (കാണാപ്പഠം പടിച്ച കയ്യിലിരുപ്പുകളെല്ലാം തീര്‍ന്നു എന്നേ ഈ പിന്മാറ്റങ്ങള്‍ക്ക് അര്‍ത്ഥം നല്‍കേണ്ടതുള്ളു.:)

ബ്ലോഗിലെ പോത്തുകള്‍
സാഹിത്യവും,കലയും സുഖിപ്പിക്കലും,എണ്ണയും കുഴംബുമിട്ട് ഉഴിയുന്നതുമാണെന്ന് ദൃഢവിശ്വാസം പുലര്‍ത്തുന്ന ബ്ലോഗര്‍മാരെയാണ്(ബ്ലോഗ് പുലി എന്നൊക്കെ വിശേഷിപ്പിക്കുന്നതുപോലെ) ചിത്രകാരന്‍ പോത്തുകള്‍ എന്നു നാമകരണം ചെയ്തിരിക്കുന്നത്. ശരീരത്തിനോ പ്രായത്തിനോ വിദ്യാഭ്യാസത്തിനോ,ജോലിക്കോ അനുസൃതമായി മനസ്സു വികസിക്കാത്ത ഈ ബ്ലോഗര്‍മാര്‍ പരംബരാഗതമായ പ്രമാണിത്വത്തില്‍ വിശ്വസിക്കുന്നവരും, മിക്കാവാറും ആനത്തഴംബോ,ജാതിവാലോ ഉള്ളവരുമായിരിക്കും.
പരംബരാഗതമായ ലക്ഷണശാസ്ത്രങ്ങള്‍ അനുസരിച്ച് വൃത്തവും, അലങ്കാരവും,നോക്കി ഉത്തമമാണെന്ന് ബോധ്യപ്പെട്ടാലെ ഇവര്‍
അന്യ ബ്ലോഗര്‍മാരെ മനുഷ്യരാണെന്ന് തിരിച്ചറിയു.ഇവരുടെ തിരിച്ചറിവില്‍ പെടാത്ത ഭീകരരൂപികളാണ് ചിത്രകാരനെപ്പൊലുള്ള
മഹാത്മാക്കള്‍ ! ശരീരത്തിന്റെ വലിപ്പത്തിന് അനുപാതമല്ലാത്ത തരത്തില്‍ ബ്ലോഗില്‍ എഴുതുന്നു എന്ന ഭീകരമായ കുറ്റം ഈ പാരംബര്യവാദികള്‍ക്ക് സഹിക്കാനാവുന്നതല്ല. ചുരുങ്ങിയപക്ഷം ഒരു ആനത്തഴംബുപോലുമില്ലാതെ നിങ്ങളിങ്ങനെ എഴുതാമോ എന്നും,കുറച്ചുകൂടി കുഴംബുതിരുമ്മി എഴുതുകയാണെങ്കില്‍ കല്‍പ്പിച്ച് പട്ടും വളയും നല്‍കി ആദരിക്കാന്‍ ഈ പോത്തുകള്‍ക്ക് അശേഷം വിരോധമില്ലെന്നും അരുളിചെയ്യും ! ഇവര്‍ക്ക് ഒരു ബ്ലോഗറെ നേരില്‍ കാണുംബോഴുണ്ടാകുന്ന സംശയരോഗംകൊണ്ട് സൃഷ്ടിച്ചെടുത്ത ഭീകരരൂപവും, പ്രത്യക്ഷത്തിലുള്ള യഥാര്‍ത്ഥ രൂപവും തമ്മിലുള്ള വിടവുകാരണം മനസ്സിലുണ്ടാകുന്ന മണ്ണിടിച്ചില്‍ സ്വബോധം നഷ്ടപ്പെടാന്‍ തന്നെ കാരണമാകാറുണ്ട്.ചീറ്റിപ്പോയ അമിട്ടുപോലെ ചിലര്‍ ചിരിച്ചു നില്‍ക്കും.ചിലര്‍ ഫ്രീസ് ചെയ്തപോലെ ! ചിലര്‍..ഇടിമുഴക്കത്തിന്റെ ശബ്ദത്തിനു പകരം ഒരു സ്ത്രണസ്വരം കേട്ടതിലുള്ള വൈക്ലബ്യത്തോടെ..ഹഹഹ..!!!
ഇവരുടെ തലക്കകത്തെ വൃത്തികേടിന്റെ ഉത്തരവാദിത്വം അപരിചിതനായ ബ്ലോഗര്‍ ചുമക്കണമെന്നാണ് :)

ബ്ലോഗിലെ ബ്ലോഗര്‍മാരുടെ യഥാര്‍ത്ഥ വ്യക്തിത്വവും,സ്വകാര്യ ജീവിതവും,ചികഞ്ഞെടുത്ത് അതുപയോഗിച്ച് മനസ്സില്‍ തെറ്റായി അന്യബ്ലോഗര്‍മാരുടെ ചിത്രം വരച്ച് തന്റെ വ്യക്തിത്വത്തിന്റെ ആപേക്ഷിക വലിപ്പം കണ്ടെത്തുക എന്ന വൃഥാവ്യായാമം നടത്തുന്നവരാണ് അധികവും. സത്യത്തില്‍ ഇതൊരു അധമ സ്വഭാവമാണ്. ബ്ലോഗര്‍മാര്‍ എഴുതുന്ന പോസ്റ്റുകള്‍ക്ക് അനുസൃതമായ തന്റെ ചിന്താഗതികള്‍ പങ്കുവച്ച് സ്വന്തം വഴിക്ക് തെന്നിയകന്നുപോകേണ്ടതിനു പകരം വ്യക്തികള്‍ക്കു ചുറ്റും പ്രതിക്ഷണം വച്ച് ആരാധിക്കണോ,അപമാനിക്കണോ എന്ന് തീര്‍ച്ചപ്പെടുത്താനുള്ള അടിമത്വപാരംബര്യത്തിന്റെ ചൊറിച്ചിലാണ് പലര്‍ക്കും.ഇന്റെര്‍ നെറ്റിലും ബ്ലോഗിലും എത്തിപ്പെട്ടിട്ടും പഴയ ശീലങ്ങളുടെ നമ്മുടെ വളഞ്ഞവാല്‍ പുറത്തുകാണിച്ചേ അടങ്ങു എന്നു ശാഠ്യമുള്ളവരെക്കുറിച്ച് എന്തു പറയാം!
ഒരേ മേഖലയില്‍ സഹകരിച്ച് നീങ്ങാനുള്ള സൌഹൃദപരമായ,അല്ലെങ്കില്‍ സ്വന്തം ജീവിതത്തിലേക്കോ ബിസിനസ്സിലേക്കോ ഒന്നിച്ചുപോകാനുള്ള ഒരു വ്യക്തിയെ കണ്ടെത്താന്‍ മാത്രമേ ഒരു ബ്ലോഗറുടെ വ്യക്തിഗത വിവരങ്ങള്‍ കൂടുതലായി അന്വേ‌ഷിക്കേണ്ട ആവശ്യം ബ്ലോഗര്‍മാര്‍ക്കിടയില്‍ ഉണ്ടാകുന്നുള്ളു എന്നാണ് ചിത്രകാരന്റെ നിരീക്ഷണം. അതിലൂടെ അനാവശ്യമായ സംശയരോഗത്തില്‍ നിന്നും അന്യ ബ്ലോഗര്‍മാരെ ദ്രോഹിക്കാനുള്ള സാഹചര്യത്തില്‍ നിന്നും ബ്ലോഗര്‍മാര്‍ക്ക് വിട്ടു നില്‍ക്കാനാകും.

സ്വതന്ത്രവും, മാന്യവുമായ ബ്ലോഗ് സംസ്കാരത്തിനായി, ബൂലോകത്തെ സംശയരോഗം അതിന്റെ കാരണങ്ങള്‍ എന്നിവയെക്കുറിച്ച് ശരിയായ ഒരു നിലപാട് ഓരോ ബ്ലോഗര്‍ക്കും ആവശ്യമായിരിക്കുന്നു. അതില്‍ എത്തിച്ചേരുവന്‍ ചിലരെയെങ്കിലും സഹായിക്കും എന്ന പ്രതീക്ഷയിലാണ് ചിത്രകാരന്‍ ബ്ലോഗിലെ സംശയരോഗത്തിന്റെ ഘടനയിലേക്ക് വെളിച്ചം വീഴ്ത്താന്‍ ശ്രമിച്ചിട്ടുള്ളത്.ഇത് ഏതെങ്കിലും പ്രത്യേക ബ്ലോഗര്‍മാരെക്കുറിച്ചുള്ള അവലോകനമല്ല. മൊത്തം ബ്ലോഗിനെ നിരീക്ഷിച്ചതില്‍ നിന്നുമുണ്ടായ അഭിപ്രായമാണ്.
ജാഗ്രതൈ:ഈ പോസ്റ്റിലെ ചിത്രകാരന്റെ സ്വന്തമായ ആശയമാണ് സംശയരോഗത്തിന്റെ രാസഘടനയെക്കുറിച്ചുള്ളത്.ആ ആശയം വികസിപ്പിച്ച് പ്രിന്റ് മീഡിയയില്‍ വല്ലവനും ലേഖനം കാച്ചുകയാണെങ്കില്‍ ചിത്രകാരന് മതിയായ ക്രെഡിറ്റ് നല്‍കേണ്ടതാണ്.അല്ലാത്തപക്ഷം എഴുതിയവന്റേയും എഡിറ്ററുടേയും പത്ര മുതലാളിയുടേയും പിതാവിനെ അന്വേ‌ഷിച്ച് പോസ്റ്റ് എഴുതുന്നതായിരിക്കും :)
(സബ് ഹെഡിങ്ങുകള്‍ക്ക് ലിങ്കു കൊടുക്കാനുള്ള മുള്ളൂക്കാരന്റെ സൂത്രം ഒന്നു പരീക്ഷിച്ചു നോക്കാന്‍ കൂടി വേണ്ടിയാണ് ഈ പോസ്റ്റ് എഴുതിയിരിക്കുന്നത്.)

8 comments:

chithrakaran:ചിത്രകാരന്‍ said...

ഒളിഞ്ഞിരുന്നും,അകന്നിരുന്നും ഇസ്തിരിചുളിയാതെ ശ്രദ്ധേയരാകാം എന്ന സൌകര്യം ബ്ലോഗിന്റെ പ്രത്യേകതയാണ്.ഇങ്ങനെ ബ്ലോഗ് എഴുത്തുകാര്‍ ബ്ലോഗ് എന്ന മാധ്യമ ക്യാന്‍‌വാസില്‍ സൃഷ്ടിക്കുന്ന ചിത്രങ്ങള്‍ ബ്ലോഗര്‍മാര്‍ക്കിടയില്‍ തന്നെ സ്ഥലജല ഭ്രമമുണ്ടാക്കുന്നതും ഏതാണ്ട് മനോരോഗത്തോടടുത്ത ദുര്‍വാശിക്കും സംശയരോഗത്തിനും അടിപ്പെടുന്നതുമാണെന്ന് ബ്ലോഗില്‍ സ്ഥിരവായന നടത്തുന്നവര്‍ക്ക് കാണാനാകുന്നു. ആരോപണങ്ങളും,പ്രത്യാരോപണങ്ങളും,സംഘം ചേര്‍ന്ന അനോണി ആക്രമണങ്ങളും,തെറിവിളിയും,അന്യബ്ലോഗര്‍മാരുടെ വ്യാജവേഷംകെട്ടലും,ബ്ലോഗര്‍മാരുടെ ഐപി.പിടിക്കലും,ജോലിതെറിപ്പിക്കലും,കേസുകൊടുക്കലും,...അങ്ങിനെ പലപല യുദ്ധമുറകള്‍ ഈ മാധ്യമത്തിന്റെ അമിതാസക്തികൊണ്ട് ബ്ലോഗര്‍മാരില്‍ കണ്ടുവരുന്നു.

Anonymous said...

പ്രിന്റ്-ഇലക്ട്രോനിക് മീഡിയയെ അപേക്ഷിച്ച് ബ്ലോഗിനുള്ള സ്വാതന്ത്ര്യം കുറെ സവർണ ജാതിക്കോമരങ്ങൾക്കു സഹിക്കുന്നില്ല. അവിടെ അവർണ ‘ജാതിവാദികളെ’ നിഷ്കരുണം വെട്ടിനിരത്താമല്ലോ ! അതിവിടെ പറ്റാത്തതിൽ വല്യ തൊന്തരവായിരിക്കയാണ്. ഗൂഗിളിന് ഒരിക്കൽക്കൂടി നല്ല നമസ്കാരം. പകരം ‘വിദ്വോഷം’ പടർത്താൻ ശ്രമിക്കുന്നു, ‘അപകർഷബോധമാണ്’ എന്നിങ്ങനെയുള്ള നംബറുകൾ ഇറക്കി ഓടിച്ചുവിടാൻ ശ്രമിക്കും. അതുകൊണ്ടരിശം തീരാഞ്ഞ് എവിടെയാണോ ഈ പരിഷകൾ മണ്ടി നടക്കുന്നതെന്നേ അറിയാനുള്ളൂ. ചിത്രകാരന്റെ പോസ്റ്റ് വായിച്ചപ്പോൾ സത്യാന്വേഷിയുടെ അനുഭവം വച്ചു ചിലതു കുറിച്ചതാണ്. സ്ഥലം അപഹരിച്ചെങ്കിൽ മാപ്പ്.

അനില്‍@ബ്ലോഗ് // anil said...

ചിത്രകാരാ,
നല്ല കുറിപ്പ്.
വ്യത്യസ്ഥമായ എഴുത്ത്.
ആശംസകള്‍.

ബിനോയ്//HariNav said...

"..ഇവര്‍ക്ക് ഒരു ബ്ലോഗറെ നേരില്‍ കാണുംബോഴുണ്ടാകുന്ന സംശയരോഗംകൊണ്ട് സൃഷ്ടിച്ചെടുത്ത ഭീകരരൂപവും, പ്രത്യക്ഷത്തിലുള്ള യഥാര്‍ത്ഥ രൂപവും തമ്മിലുള്ള വിടവുകാരണം മനസ്സിലുണ്ടാകുന്ന മണ്ണിടിച്ചില്‍ സ്വബോധം നഷ്ടപ്പെടാന്‍ തന്നെ കാരണമാകാറുണ്ട്..."

ഹ ഹ ഞാനിതൊന്ന് മനസ്സില്‍‌കണ്ട് തകര്‍ത്ത് ചിരിച്ചു. നല്ല പോസ്റ്റ് ചിത്രകാരന്‍‌മാഷെ. ആശംസകള്‍ :)

Prasanna Raghavan said...

ചിത്രകാരനെ ബ്ലോഗുലോകത്തിന്റെ ആസ്ഥാന സൈക്കോ അനാലിസ്റ്റായി പ്രഖ്യാപിക്കണമെന്ന ഒരാവശ്യം ഞാന്‍ ഇതിനാല്‍ മുന്നോട്ടു വയ്ക്കുന്നു.

ചിന്നി ചിതറികിടക്കുന്ന ബ്ലോഗു മനസാന്തരങ്ങളെ ഒരൊറ്റ കാലിഡോസ്കോപ്പിന്റെ ത്രികോണക്കുഴലില്‍ ഒതുക്കിയെടുത്തു കുലുക്കികുത്തി വര്‍ണങ്ങള്‍ നിരത്തുന്ന താങ്കളുടെ ഭാഷാചതുരതയില്‍ അസൂയ തോന്നുന്നു. ബെസ്റ്റസ്റ്റ് :) കീപ് ഇറ്റ് അപ്.

മാവേലികേരളം

സജി said...

അസൂയതോന്നുംവിധം, വ്യക്തവും, സുചിന്തിതവുമായ കണ്ടെത്തലുകള്‍!
["..ഇവര്‍ക്ക് ഒരു ബ്ലോഗറെ നേരില്‍ കാണുംബോഴുണ്ടാകുന്ന സംശയരോഗംകൊണ്ട് സൃഷ്ടിച്ചെടുത്ത ഭീകരരൂപവും, പ്രത്യക്ഷത്തിലുള്ള യഥാര്‍ത്ഥ രൂപവും തമ്മിലുള്ള വിടവുകാരണം മനസ്സിലുണ്ടാകുന്ന മണ്ണിടിച്ചില്‍ സ്വബോധം നഷ്ടപ്പെടാന്‍ തന്നെ കാരണമാകാറുണ്ട്..."

ചിത്രകാരനെ കണ്ടപ്പോല്‍, സ്വബോധം നഷ്ടപ്പെട്ടിട്ടില്ലെങ്കിലൂം ഞാനുമൊന്നു ഞെട്ടി!]

Suraj said...

ഫീകര രൂപീ... ഫീകര രൂപീ... ഇത്തിരി ഫീകരത്വം ഉണ്ടോ എടുക്കാന്‍ ? ;)))

Faizal Kondotty said...

nice article.. keep it up!