Tuesday, November 28, 2006

ശ്രീശ്രീ രവിശങ്കറിന്‌ മുഖംമൂടിയുണ്ടോ?


നമ്മുടെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ജീര്‍ണതയുണ്ടാക്കുന്ന സാംസ്‌ക്കാരിക ശൂന്യതയാണ്‌ ശ്രീ ശ്രീ രവിശങ്കറിനെപ്പോലുള്ള മനുഷ്യ ദൈവങ്ങള്‍ക്ക്‌ കേരളത്തില്‍ വന്‍സ്വാധീനം ലഭിക്കാനുള്ള കാരണം.
ഇത്തരം മനുഷ്യ ദൈവങ്ങളെ ശാസ്‌ത്രീയമായി വിശകലനം ചെയ്യാനുള്ള പ്രതിബദ്ധത കേരളത്തിലെ സാംസ്‌ക്കാരികബോധമുള്ള എല്ലാ മനുഷ്യര്‍ക്കും ഉണ്ടായിരിക്കേണ്ടതാണ്‌.

ആത്മീയതയുടെ പൊയ്‌മുഖമണിഞ്ഞ്‌ കച്ചവടം നടത്തുന്ന നികൃഷ്ട വൃത്തിയിലേര്‍പ്പെട്ടിരിക്കുന്ന മനുഷ്യ ദൈവങ്ങളെ ഗുണദോഷിക്കുന്നതില്‍ കാര്യമില്ല. എന്നാല്‍ മണ്ണെണ്ണ വിളക്കു കാണുമ്പോള്‍ സൂര്യനുദിച്ചെന്നുകരുതി പാഞ്ഞടുക്കുന്ന ഈയാമ്പാറ്റകളെപ്പോലുള്ള നമ്മുടെ സാധാരണക്കാരായ മനുഷ്യരെ ഒന്നു ബോധവല്‍ക്കരിക്കാനുള്ള ശ്രമം പോലും എവിടെ നിന്നും ഉണ്ടാകാത്തതു കഷ്ടമാണ്‌.
നമ്മുടെ ശാത്രസാഹിത്യപരിഷത്തുകാരും യുക്തിവാദികളുമൊക്കെ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ എന്ന്‌ ചിത്രകാരന്‌ സംശയമുണ്ട്‌. നമ്മുടെ പത്രക്കാര്‍ പണ്ടെ ആത്‌മശോഷണം വന്ന്‌ ജപമാലയുമെടുത്ത്‌ മനുഷ്യദൈവങ്ങളുടെ മുന്‍ നിര അണികളായി കഴിഞ്ഞതിനാല്‍ അവരെ വഴികാട്ടാനായി പ്രതീക്ഷിക്കേണ്ടതില്ല. ഇവരൊന്നുമില്ലാതെ കേരളത്തില്‍ പ്രബുദ്ധതയനുഭവിക്കുന്നവര്‍ ആരും തന്നെ ഇല്ലാതെ വരുമോ?
ആത്‌മീയതയുടെ ലേബലില്‍, എം ബി എ മാര്‍ക്കറ്റിങ്ങ്‌ മന്ത്രങ്ങളുടെ ശക്തിയില്‍ ജനചൂഷണം നടത്തുന്നവരെ നമുക്ക്‌ പകല്‍ വെളിച്ചത്തില്‍ കാണാനായില്ലെങ്കിലും ചൂട്ടകളുടെ വെളിച്ചത്തിലെങ്കിലും ഈ മനുഷ്യ ദൈവങ്ങളുടെ ബിസിനസ്സ്‌ മുഖം തുറന്നുകാട്ടാനായി ഭൂലോകവാസികളുടെ ശ്രമമുണ്ടാകട്ടെ.

സത്യത്തില്‍ ആരാണീ.. ശ്രീ.ശ്രീ. സൂര്യശങ്കരന്‍!!??

നോക്കൂ... തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ്‌ വരെ ശ്രീ. ശ്രീ. സാമിയുടെ പരസ്യ വണ്ടികള്‍ വലിയ ഫ്ലെക്സ്‌ കട്ടൌട്ടുകളുമായി മൈക്ക്‌ പ്രചരണം നടത്തുകയാണ്‌. ഇതിനൊക്കെയുള്ള പണം കക്ഷി വരുമ്പോള്‍ കൊണ്ടു വരുന്നതല്ല... താടിയില്‍ നിന്നും വിഭൂതിപോലെ സൃഷ്‌ട്ടിക്കുന്നതുമല്ല... ജീവിതത്തില്‍ ഒരു അത്താണിക്കുവേണ്ടി കാലിടറിനില്‍ക്കുന്ന നമ്മുടെ ജനങ്ങളുടെതാണ്‌ ഈ മനുഷ്യ ദൈവത്തിന്റെ പ്രചരണത്തിനായി പാഴാക്കപ്പെടുന്ന വിയര്‍പ്പും പണവും.

Thursday, November 23, 2006

ശബരിമല: ഹിന്ദുക്ഷേത്രമോ ബുദ്ധവിഹാരമോ?


കേരളചരിത്രത്തില്‍ ബുദ്ധമതത്തിന്റെ സാംസ്‌ക്കാരിക പ്രകാശത്തെ ഊതിക്കെടുത്തുന്നതിനായി ചുരുങ്ങിയത്‌ ആയിരം വര്‍ഷങ്ങളെങ്കിലും തമസ്‌ക്കരിക്കപ്പെട്ടിട്ടുണ്ട്‌. ഐതീഹ്യങ്ങളും, പുരാണങ്ങളും, പുലിപ്പാല്‌ കഥകളുമായി ജനങ്ങളെ വളഞ്ഞ്‌ പിടിച്ച്‌ ശൂദ്ര ഹിന്ദുക്കളാക്കിയപ്പോള്‍ നമുക്ക്‌ നഷ്ടപ്പെട്ടത്‌ വിലപ്പെട്ട സംസ്ക്കാരമായിരുന്നു. കേരള ഹിന്ദുക്കളിലെ മുക്കാല്‍ പങ്കും വരുന്ന ഈഴവര്‍(തീയ്യര്‍), വിശ്വകര്‍മജര്‍ എന്നീ വിഭാഗങ്ങളും, മുസ്ലീങ്ങളും, ക്രിസ്തുമത വിശ്വാസികളും  ബുദ്ധമതവിശ്വാസികളായിരുന്നു എന്നത്‌ കുഴിച്ചുമൂടപ്പെട്ട ഒരു സത്യമാണ്‌. ഈ വിഭാഗം ജനങ്ങള്‍ക്ക്‌ ആത്മാഭിമാനവും വംശീയമായ അടിത്തറയും നല്‍കുന്ന ഈ കണ്ടെത്തലിനെ പ്രചരിപ്പിക്കുന്നത്‌ സാമൂഹ്യമായ നവോത്ഥാനത്തിന്‌ കാരണമാകും എന്ന്തിനാല്‍ ചിത്രകാരന്‍ 1993ല്‍ വരച്ച 'അയ്യപ്പന്‍' എന്ന ഒരു ഓയില്‍ പെയ്ന്റിങ്ങും, ഈ മാസം കൊച്ചിയില്‍ നിന്നും പ്രസിദ്ദീകരിച്ച ഒരു മാഗസിനില്‍ ശ്രീ എസ്‌.പി നബൂതിരിപ്പാട്‌ എഴുതിയ ഒരു ലേഖനത്തിന്റെ പ്രസക്ത ഭാഗങ്ങളും ചേര്‍ക്കുന്നു:


xxxxxxxശ്രീ എസ്‌.പി നബൂതിരിപ്പാട്‌ : "ലോകത്തുള്ള എല്ലാ അയ്യപ്പക്ഷേത്രങ്ങളിലും സ്‌ത്രീകള്‍ക്ക്‌ പ്രവേശിക്കാം ശബരിമലയില്‍ മാത്രം പാടില്ല. ഇതെങ്ങനെ സംഭവിച്ചു? ശബരിമല ഒരു ഹിന്ദു ക്ഷേത്രമായിരുന്നില്ല.അതൊരു ബുദ്ധവിഹാരമായിരുന്നു. ഇവിടത്തെ ഹിന്ദുക്കള്‍ ഇതു കയ്യേറി ക്ഷേത്രമാക്കിയതാണ്‌. ഇങ്ങനെ ക്ഷേത്രമാക്കിയപ്പോഴും ബുദ്ധവിഹാരത്തിന്റെ പല സവിശേഷതകളും പിന്തുടര്‍ന്നു പോന്നു. ശരണം വിളി അതിലൊന്നാണ്‌. 'ബുദ്ധം ശരണം ഗഛാമി - സംഘം ശരണം ഗഛാമി' എന്നതിന്റെ ഒരു അനുകരണമാണ്‌ ശബരിമലയിലെ ശരണ മന്ത്രധ്വനി. മത മൌലീകവാദികളായ ചില ഹിന്ദുത്വ ശകതികള്‍ ബുദ്ധമതത്തിനെതിരെ സംഘടിത പോരാട്ടങ്ങള്‍ നടത്തി എന്നത്‌ ചരിത്ര സത്യമാണ്‌. ജന്മദേശത്തുനിന്നു ബുദ്ധമതത്തെ നാടുകടത്തുകയാണ്‌ ഉണ്ടായത്‌. ഇന്ന്‌ ബുദ്ധ മതത്തിന്‌ ഏറ്റവും അധികം അനുയായികളുള്ളത്‌ ഇന്ത്യക്ക്‌വെളിയിലാണ്‌. ഇസ്ലാം മത വിശ്വാസിയായ വാവര്‍ അയ്യപ്പന്റെ സുഹൃത്തും സഹായിയുമായിരുന്നല്ലോ. ഇസ്ലാം ഇന്ത്യയിലെത്തിയതിനുശേഷമാണ്‌ അയ്യപ്പ ചരിത്രമെന്ന്‌ ഇതില്‍ നിന്ന്‌ മനസ്സിലാക്കാം. ബുദ്ധനാണെങ്കില്‍ 2500 വര്‍ഷത്തെ പഴക്കമുണ്ട്‌. ഇതൊന്നും ചരിത്രാതീതകാലത്തെ കഥകളല്ല. ഹിന്ദു മതത്തില്‍ ജാതി വ്യവസ്‌ഥ ശക്തിയായി നില നിന്നപ്പോഴും ശബരിമലയില്‍ ജാതിമത ഭേതമുണ്ടായിരുന്നില്ല. ബുദ്ധമത സ്വാധീനത്തിന്റെ തുടര്‍ച്ചയാണിത്‌. സ്‌ത്രീകള്‍ക്ക്‌ ബുദ്ധവിഹാരങ്ങളില്‍ പ്രവേശനമില്ല. ആ സബ്രദായം ഹിന്ദു ക്ഷേത്രമായപ്പോഴും തുടര്‍ന്നുവന്നു. ബുദ്ധനും, ശാസ്‌താവിനും സംസ്‌കൃതത്തില്‍ ഒരേ പര്യായങ്ങളാണ്‌. ധര്‍മ്മ ശാസ്‌താവിനെക്കുറിച്ചുള്ള ഒരു കവിതയില്‍"തഥഗതാതിഭൂതകഥന്‍ ശാസ്താവു നീതന്നെയോ" എന്ന്‌ മഹാകവി മഠം ശ്രീധരന്‍ നബൂതിരി ചോദിക്കുന്നുണ്ട്‌. ശബരിമലയിലെ വിഗ്രഹം പോലും ഒരു ബുദ്ധശില്‌പമാണെന്ന്‌ കരുതുന്നവരുണ്ട്‌. ചതുര്‍വേദങ്ങളിലോ ദശാവതാര കഥകളിലോ അയ്യപ്പന്‍ എന്നൊരു ദൈവമില്ല. കലികാലദൈവം എന്നാണ്‌ അയ്യപ്പനെ പ്രകീര്‍ത്തിക്കാറുള്ളത്‌. കേരളത്തിനു വെളിയില്‍ തന്നെ അടുത്തകാലത്താണ്‌ അയ്യപ്പന്റെ അബലങ്ങള്‍ ഉയര്‍ന്നു വന്നത്‌. സ്‌ഥാപനങ്ങള്‍ രൂപാന്തരപ്പെടുബോള്‍ പഴയ പല ആചാരങ്ങളും നിലനിന്നുപോകും. ബുദ്ധമത സങ്കല്‍പങ്ങള്‍ അങ്ങനെയാണ്‌ ശബരിമലയില്‍ ക്ഷേത്രാചാരങ്ങളുടെ ഭാഗമായത്‌. ഹിംസ്ര ജന്തുക്കളുള്ള ഘോരവനങ്ങളിലൂടെയുള്ള ദുരിതപൂര്‍ണമായ പദയാത്രയില്‍ സ്‌ത്രീകളെ ഒഴിവാക്കിയ പ്രായോഗിക ബുദ്ധിയും ഇതില്‍ ഒരു ഘടകമാവാം. പഴയകാലത്ത്‌ ഒരു ഭയപ്പാടോടുകൂടി മാത്രമേ ശബരിമല തീര്‍ത്ഥാടനത്തെ കണ്ടിരുന്നുള്ളൂ.അന്ന്‌ ആ ഭയത്തിന്‌ അടിസ്ഥാന തത്വവുമുണ്ടായിരുന്നു. ആ ഭയമാണ്‌ കര്‍ശനമായ മണ്ഡലവ്രതത്തിനും മറ്റും രൂപം നല്‍കിയത്‌. ആധുനിക സൌകര്യങ്ങളുടെ പശ്‌ചാത്തലത്തില്‍ ഇന്ന്‌ അതില്‍ പലതിനും പ്രസക്തി ഇല്ലാതായിട്ടുണ്ട്‌. സാഹസികമായ ഒരു വിനോദസഞ്ചാരത്തിന്റെ മറു വശം അറിഞ്ഞോ, അറിയാതെയോ ഇപ്പോള്‍ ഈ തീര്‍ത്ഥാടനത്തിന്റെ ഭാഗമായിട്ടുണ്ട്‌. അയ്യപ്പന്‍ ബ്രഹ്‌മചാരിയാണെന്ന വാദത്തിന്‌ പുരാണങ്ങളുടെയൊന്നും പിന്തുണയില്ല. അയ്യപ്പന്റെ മറ്റുക്ഷേത്രങ്ങളിലൊന്നും തന്നെ ഈ വിലക്കില്ല. തൊട്ടടുത്തുള്ള മാളികപുറത്തിന്റെ പ്രസക്തിയെന്താണ്‌? അതിനും ഐതീഹ്യങ്ങള്‍ കണ്ടെത്തണം. ഐതീഹ്യങ്ങള്‍ മെനഞ്ഞെടുക്കുക എന്നത്‌ സ്‌ഥാപിതാവശ്യക്കാരുടെ ഭാവനാ വിലാസമാണ്‌. ബുദ്ധവിഹാരം ഹിന്ദു ക്ഷേത്രം ആയതിനെ തുടര്‍ന്നുണ്ടായ ഐതീഹ്യപരസ്യങ്ങളുടെ മായാവലയത്തില്‍ നിന്നും സത്യം കണ്ടെത്താന്‍ മികച്ച ചരിത്രഗവേഷകര്‍ക്കു മാത്രമേ കഴിയുകയുള്ളൂ" -ശ്രീ എസ്‌.പി നബൂതിരിപ്പാട്‌ xxxxxxx


(ആരും ബുദ്ധമതം സ്വീകരിക്കണമെന്നല്ല ചിത്രകാരന്‍ ആവശ്യപ്പെടുന്നത്‌. നമ്മുടെ പിതാമഹന്മാര്‍ ആരായിരുന്നു എന്ന തിരിച്ചറിവ്‌ അച്ചനമ്മനാരെ - പൈതൃകത്തെ -സ്‌നേഹിക്കുന്ന സംസ്‌ക്കാരമുള്ളവര്‍ക്ക്‌ ആകാശം മുട്ടേ വളരാനുള്ള ശക്തമായ അടിത്തറ-ആത്‌മാഭിമാനം- നല്‍കുന്ന വസ്തുതയാണ്‌. ആ തിരിചറിവുള്ളവര്‍ക്കു മാത്രമേ ഈ പോസ്‌റ്റിന്റെ പ്രാധാന്യം മനസ്സിലാകൂ. അല്ലാത്തവര്‍ ക്ഷമിക്കുക.)