Thursday, August 16, 2012

പരശുരാമന്‍-ക്രൂരതയുടെ അവതാരം !

പരശുരാമന്‍ മഴു എറിഞ്ഞതിനെത്തുടര്‍ന്ന് വെറുതെ പൊങ്ങിവന്ന വെള്ളരിക്കാ പട്ടണമാണ് കേരളം എന്നു വിശ്വസിക്കുന്നതായിരിക്കും ആലോചനാമൃതമായിരിക്കുക. എന്നാല്‍, ഭൂപരിഷ്ക്കരണം നടപ്പോള്‍ പോലും ഭൂമി നിഷേധിക്കപ്പെട്ട കേരളത്തിലെ കര്‍ഷക തൊഴിലാളികള്‍ക്കും ചെറുകിട കര്‍ഷകര്‍ക്കും പരശുരാമന്റെ കേരളോല്‍പ്പത്തി മാഹാത്മ്യം ഭൂമി തട്ടിപ്പറിക്കാനുണ്ടാക്കിയ കള്ളക്കഥയാണെന്ന സത്യം തിരിച്ചറിയേണ്ടത് അതിജീവനത്തിന്റെ പ്രശ്നമാണ്. കേരളത്തിന്റെ ഭൂമിയുടെ പരമാധികാരം മുഴുവനായി ബ്രാഹ്മണരിലേക്ക് തുല്യം ചാര്‍ത്തിയെടുക്കാനുള്ള ഒരു കള്ളക്കഥയിലെ രക്ഷധികാരി എന്നതിലുപരി പരശുരാമന് വ്യക്തിപരമായി ദുരുദ്ദേശമൊന്നും ഉണ്ടായിരിക്കാനിടയില്ല. എന്നാല്‍, സവര്‍ണ്ണ ഹിന്ദു മതത്തിന്റെ പ്രചരണത്തിനും വളര്‍ച്ചക്കുമായി ഇന്ത്യയൊട്ടുക്കും ഓടി നടക്കുകയും, ഇതിഹാസങ്ങളില്‍ ക്ഷത്രിയരെ കൊന്നൊടുക്കാന്‍ പ്രതിജ്ഞയെടുത്ത ബ്രാഹ്മണ വര്‍ഗ്ഗീയവാദിയായാണ് വെണ്‍ മഴു താഴെ വെക്കാതെ നടന്ന ഈ ഭൃഗു രാമന്‍ വിശേഷിപ്പിക്കപ്പെടുന്നത്. എന്തായാലും ബ്രാഹ്മണരെ അനുസരിക്കുന്ന ശൂദ്ര-ക്ഷത്രിയരെയാകില്ലല്ലോ പരശുരാമന്‍ കൊന്നൊടുക്കാനായി നടന്നിരിക്കുക. സവര്‍ണ്ണ ഹിന്ദു മതത്തോട് വിയോജിച്ചുകൊണ്ടിരുന്നതും, മനുഷ്യരെ ജാതിയുടെ അടിസ്ഥാനത്തില്‍ തരംതിരിക്കുന്നതിനുമെതിരെ പൊരുതി നിന്ന ബുദ്ധ-ജൈന രാജാക്കന്മാരെയായിരിക്കുമല്ലോ പരശുരാമന്റെ കൊലയാളി ജീനുകള്‍ ഉന്നം വച്ചിരിക്കുക. സശയരോഗിയായ സ്വന്തം പിതാവിന്റെ ആജ്ഞാനുസരണം തന്റെ അമ്മയുടെ ചങ്കു തന്നെ വെണ്മഴുകൊണ്ട് വെട്ടി വേര്‍പ്പെടുത്തി കരളുറപ്പ് നേടിയ ഈ ഇതിഹാസ പുരുഷനെ മനുഷ്യത്വം തൊട്ടു തീണ്ടിയ ആര്‍ക്കെങ്കിലും ദൈവമായോ, മാതൃകാപുരുഷനായോ, വീരനായോ ആരാദിക്കാനാകുമോ ? പക്ഷേ, നാം ഭയപ്പെടുത്തുന്ന എന്തിനേയും ആരാധിക്കാന്‍ തയ്യാറുള്ള അടിമ സമൂഹമായതുകൊണ്ട് സ്വാഭാവികമായും ആരാധിച്ചുപോകുന്നു. നമ്മുടെ സര്‍ക്കാര്‍ പാഠപുസ്തകങ്ങളില്‍ പോലും ഇടനേടിയിരിക്കുന്ന ഇത്തരം ദൈവീക കൊലയാളികള്‍ നമ്മുടെ ധാര്‍മ്മിക ബോധത്തില്‍ ചെലുത്തുന്ന ഹിംസയുടെ അളവെത്രയെന്ന് എന്തുകൊണ്ട് നാം അറിയുന്നില്ല എന്നത് ചിത്രകാരനെ അത്ഭുതപ്പെടുത്തുന്നു. നമ്മുടെ സമൂഹത്തിന്റെ ഈ അന്ധത സ്വയം തിരിച്ചറിയാനായി ഒരു ചിത്രം. ചിത്രകാരന്‍ ഇന്ന് വൈകീട്ട് പബ്ലിഷ് ചെയ്യുന്ന കര്‍ക്കിടക മാസത്തിലെ പെയിന്റിങ്ങിലെ ഒരു ക്ലോസപ് മൊബൈല്‍ സ്നപ് ചിത്രം ഇതോടൊപ്പം കൊടുക്കുന്നു.

Monday, August 13, 2012

രാമായണമാസത്തിലെ ചിത്രം !

കര്‍ക്കിടകമാണ്, രാമായണമാസമാണ് , രാമായണം വായിച്ചിരിക്കണം, കഴിയുമെങ്കില്‍ രാമനെക്കുറിച്ച് ഒരു ചിത്രം വരച്ചിരിക്കണം എന്നൊക്കെ ഓര്‍മ്മയില്ലാഞ്ഞിട്ടല്ല. സമയക്കുറവും അക്രിലിക് കളറുകളുടെ സാങ്കേതികതയോട് ഇണങ്ങാന്‍ വിമുഖത കാണിക്കുന്ന മാനസികാവസ്ഥയും എല്ലാം കാരണം രാമനെ ധ്യാനിക്കാന്‍ ആഗ്രഹിക്കുന്നതുപോലെ കഴിയുന്നില്ല.
കര്‍ക്കിടക മാസം തീരാന്‍ ഇനി രണ്ടു ദിവസം കൂടിയേ ഉള്ളു എന്ന ചിന്ത കലശലായപ്പോള്‍ ഒരു ഞായറാഴ്ച്ച മുഴുവനായി രാമ ധ്യാനത്തില്‍ നിമഗ്നനായിരുന്നു. എന്നിട്ടും തീര്‍ന്നില്ല. അവിടേയും ഇവിടെയുമെല്ലാം ബ്രഷ് എത്തി നോക്കാത്ത പാച്ചുകള്‍ ! തേച്ചതും മായ്ച്ചതുമായ പാടുകള്‍ ... ഈ ക്രാഫ്റ്റിനെക്കൊണ്ട് തോറ്റു !!

ജന്തുക്കള്‍(ഹിന്ദുക്കള്‍ എന്ന് സംസ്കൃതം:) രാമായണമാസം ആചരിക്കുന്ന വേളയില്‍ രാമനെക്കുറിച്ചുതന്നെയാകട്ടെ അടുത്ത ചിത്രം എന്ന് തീരുമാനിച്ച്, വര തുടങ്ങി. ശ്രീരാമേട്ടന്‍ ശംബൂകനെന്നൊരു  സവര്‍ണ്ണനായ ശൂദ്രനെ ബ്രാഹ്മണരുടെ ക്വട്ടേഷന്‍ സ്വീകരിച്ച് കൊന്നതായി എവിടെയോ വായിച്ച ഒരു ഓര്‍മ്മയുണ്ട്. തലകീഴായി മരത്തില്‍ തൂങ്ങിക്കിടന്നോ മറ്റോ തപസനുഷ്ടിക്കുകയായിരുന്ന നിരായുധനായ ശംബൂകനെ കൊല്ലുക എന്നത് അനീതിയല്ലെന്നും, കൊന്നത് ധര്‍മ്മമാണെന്നും ഇന്നത്തെ ആകാശവാണി(കണ്ണൂര്‍) സുപ്രഭാതം പരിപാടിയില്‍ പോലും ഒരു ഭക്തി പ്രചാരകന്‍ പ്രഭാഷിക്കുന്നതു കേട്ടു. രാവണനെപ്പോലെ സമസ്ത ലൊകവും പിടിച്ചടക്കാന്‍ സാധ്യതയുള്ള ഒരു ഭീകരനായി ശബൂകനെ വിശേഷിപ്പിച്ച് , ലേബലൊട്ടിച്ച് ദുഷ്ടനാക്കിയാണ് ബ്രാഹ്മണര്‍ ശമ്പൂകനെ വധിക്കാനുള്ള ക്വട്ടേഷന്‍ ശ്രീരാമനെ ഏല്‍പ്പിച്ചിരിക്കുക.
പ്രത്യേകിച്ചും, രാവണ നിഗ്രഹത്തിനായി തല്ലിപ്പടച്ചുണ്ടാക്കിയ ഷണ്ഡനും വിഢിയുമായ ഒരു കഥാപാത്രമായ ശ്രീരാമന്‍ ശമ്പൂകന്മാരെ കൊന്നുടുക്കിയില്ലെങ്കിലെ അതിശയപ്പെടാനുള്ളു.

ശ്രീ രാമ അവതാരത്തിന്റെ ഉദ്ദേശം തന്നെ രാവണ നിഗ്രഹമാണ്. ഇന്ത്യയില്‍ ജാതി അധിഷ്ടിതമായ ചാതുര്‍ വര്‍ണ്ണ്യമതം (സവര്‍ണ്ണ ഹിന്ദു മതം) പ്രചരിപ്പിച്ചുകൊണ്ടിരുന്ന ബ്രാഹ്മണര്‍ക്ക് ശ്രീലങ്കയില്‍ പ്രപല ശക്തിയായി നിലനിന്നിരുന്ന ബൌദ്ധ രാജാക്കന്മാരുടെ ഭരണം നശിപ്പിക്കാനാകാതെ വന്നപ്പോള്‍ പ്രതീകാത്മകമായി കോലം കത്തിക്കുന്നതുപോലെ ബൌദ്ധ ഭരണത്തെ ഉന്മൂലനം ചെയ്യുന്ന കഥ രാമായണമായി ... രാവണ നിഗ്രഹമായി നിര്‍മ്മിക്കേണ്ടി വന്നു എന്നു കരുതണം. അതിനായി അക്കാലത്ത് ഇന്ത്യയില്‍ പ്രചാരത്തിലുണ്ടായിരുന്ന നാടോടിക്കഥകള്‍ ചേര്‍ത്തുണ്ടാക്കിയ കൂട്ടുകറിയായിരിക്കണം രാമായണം.  ബ്രാഹ്മണര്‍ക്ക് ഭീഷണിയാകുന്ന ചിന്താശീലവും, പ്രവര്‍ത്തനങ്ങളില്‍ ഊര്‍ജ്ജ്യസ്വലതയുമുള്ള മനുഷ്യരെ കൊന്നൊടുക്കാനുള്ള ഒരു ക്വട്ടേഷന്‍ സംഘമായെ രാമായണത്തിലെ ശ്രീരാമനേയും വാനരന്മാരായി വിശേഷിപ്പിക്കപ്പെടുന്ന ശൂദ്രന്മാരേയും കാണാനാകുന്നുള്ളു. രാമായണത്തെ ആദി കാവ്യമാക്കുന്നതിനും, വാത്മീകിയെ ആദി കവിയാക്കുന്നതിനും ബ്രാഹ്മണര്‍ ഇന്ത്യയുടെ പഴയകാല കാവ്യങ്ങളെല്ലാം ക്ഷേത്രങ്ങളിലെ അടുപ്പിലിട്ടു കത്തിച്ചു കളഞ്ഞോ അതോ തൃക്കുന്നാപുഴയിലൊഴുക്കി നശിപ്പിച്ചൊ ആവോ ?? ഏതായാലും ഒരു 1400 വര്‍ഷം പോലും പഴക്കമില്ലാത്ത ആദികാവ്യം (?) ഒരു ഷണ്ഢനും, ഭീരുവും, വിഢിയും, വഞ്ചകനും, വാടക കൊലപാതകിയുമായ ശ്രീരാമനെയാണ് അവതരിപ്പിക്കുന്നതായി കാണുന്നത്. വാത്മീകി രാമായണവും, ആദ്ധ്യാത്മരാമായണവും, മറ്റ് കാക്കത്തൊള്ളായിരം രാമായണവുമെല്ലാം കാവ്യ ഭംഗിയേറിയതാണ് എന്ന ശാഠ്യം അംഗീകരിച്ചാല്‍ തന്നെ, ശ്രീരാമന്‍ എന്ന കൊട്ടേഷന്‍ കൊലയാളിയും, വഞ്ചകനും മാതൃകാപുരുഷനും ധര്‍മ്മിഷ്ഠനുമായിരുന്നെന്ന് വിശ്വസിക്കണമെന്ന രാമായണ ന്യായം ഒരു സമൂഹത്തിന്റെ ധാര്‍മ്മികബോധത്തെ മൊത്തത്തില്‍ വിഷലിപ്തമാക്കുന്ന വാദമായിത്തീരും. 133 കോടി ഇന്ത്യയുടെ ഇന്നത്തെ ബുദ്ധി മാന്ദ്യം പോലും ശ്രീരാമന്‍ എന്ന തെറ്റായ മാതൃകാപുരുഷന്റെ വിഗ്രഹവല്‍ക്കരണത്തിന്റെ സ്വാധീന ഫലം കൂടിയാണെന്ന് ചിത്രകാരന്‍ വിശ്വസിക്കുന്നു.
ഇതോടൊപ്പം ചിത്രകാരന്റെ ജൂലൈ ആഗസ്ത് മാസത്തെ പെയിന്റിങിലെ ഒരു  ഡിറ്റൈല്‍ മൊബൈല്‍ ചിത്രം കൂടി ചേര്‍ക്കുന്നു. ചിത്രം അപൂര്‍ണ്ണമാണ്. രണ്ടു ദിവസത്തിനകം മുഴുവന്‍ ചിത്രം പോസ്റ്റ് ചെയ്യാനാകുമെന്ന് കരുതുന്നു. പക്ഷേ, അതോടൊപ്പം അശേഷം വിവരണം ഉണ്ടായിരിക്കുന്നതല്ല.

Monday, June 25, 2012

ആസനത്തിലെ താമര !!

This photo is a detail part of the painting - ‘Glorified Slavery’ by Chithrakaran Murali T., which belongs to a series of his recent (2012) works named ‘Indian Blindness’. This painting shows the effect of cast system imposed by the brahmanic witches (Hindu priests-who destroyed budhism) in the early India, which exist even now as a social order. ഗ്ലോറിഫൈഡ് സ്ലാവറിയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രതിപാദ്യം ബുദ്ധ ജൈന ഹിന്ദുമതങ്ങള്‍ക്കും മുന്‍പ് ഇന്ത്യയിലെ നഗര സംസ്ക്കാരത്തിന്റെ തുടക്കക്കാരായിരുന്ന നാഗന്മാരുടെ ദൈവ സംങ്കല്‍പ്പമായ കാലഭൈരവന്റെ(നായ വാഹനനും,സര്‍പ്പങ്ങളണിഞ്ഞിരുന്നതുമായ, തലയോട്ടിയില്‍ ഭിക്ഷവാങ്ങി നടന്നിരുന്ന യോഗിയായ ദൈവം. അദൈതത്തിന്റെ പൊള്ളത്തരത്തെ പരിഹസിക്കാന്‍ ചണ്ഡാലനായി ശങ്കരാചാര്യര്‍ക്കുമുന്നിലൂടെ കടന്നു പോകുന്ന ശിവനില്‍ കാലഭൈരവന്റെ കളങ്കപ്പെടാത്ത രൂപം കാണാം.) നൃത്തം ചെയ്യുന്ന കാലുകള്‍ക്കടിയില്‍ എങ്ങിനെ/എന്തിന് ഒരു അടിമ (ശൂദ്രന്‍) പ്രതിഷ്ഠിക്കപ്പെട്ടു എന്നതാണെങ്കിലും, അതിനേക്കാള്‍ ചിത്രകാരന് കൌതുകകരമായി തോന്നിയത് സ്വന്തം അടിമത്വം ഒരു മോക്ഷ സുഖമായി വിധേയത്വത്തോടെ അനുഭവിച്ചു തീര്‍ക്കുന്ന ശൂദ്രനെ പ്രതിനിധാനം ചെയ്യാന്‍ വരച്ച താഴെക്കൊടുത്ത ചിത്രഭാഗമാണ്. സത്യത്തില്‍ ഇന്നത്തെ ബ്രാഹ്മണ ജനത പാര്‍ട്ടി തിരഞ്ഞെടുപ്പ് ചിഹ്നമായി ഉയര്‍ത്തിക്കാണിക്കുന്ന താമര ഹിന്ദുമതം ബുദ്ധ ദര്‍ശനത്തില്‍ നിന്നും മോഷ്ടിച്ചെടുത്ത കളവു മുതലാണ്. ആ കളവു മുതലാണ് അടിമത്വത്തിലൂടെയും, ലൈംഗീകതയിലൂടെയും, ആരാധനയിലൂടെയും മോക്ഷം അല്ലെങ്കില്‍ ഈശ്വര സാക്ഷാത്ക്കാരം ലഭിക്കുമെന്ന വിശ്വാസം പ്രചരിപ്പിച്ച് ഇന്ത്യയെ 2000 വര്‍ഷക്കാലം ഉറക്കിക്കിടത്താന്‍ നമ്മുടെ മന്ത്രവാദികള്‍ ഉപയോഗിച്ചതെന്ന് ചരിത്രം. ബുദ്ധമതത്തില്‍ അറിവും, ചിന്തയും ആയിരം ദലങ്ങളുള്ള താമരയായി, അറിവിന്റെയും, നിരീശ്വരത്വത്തിന്റേയും, തത്വമസിയുടേയും, നന്മയുടേയും, ധര്‍മ്മത്തിന്റേയും, മാനവിക സ്നേഹമായി , പ്രബുദ്ധതാമരയായി വിരിഞ്ഞപ്പോള്‍ മന്ത്രവാദികളുടെ സ്വന്തം മതമായ ഹിന്ദു മതത്തില്‍ മോക്ഷവും ഈശ്വര സാക്ഷാത്ക്കാരവുമെന്ന വ്യാജേന താമര വിരിയിക്കുന്നത് അടിമത്വത്തില്‍ നിന്നും, ഭയഭക്തിയില്‍ നിന്നും, അനീതിയില്‍ നിന്നും, ചതിയില്‍ നിന്നും, ലൈംഗീകതയില്‍ നിന്നും, ലൈഗീക അരാജകത്വത്തിന്റെ കാമസൂത്രങ്ങളില്‍ നിന്നും, വേശ്യാവൃത്തിയുടെ മഹത്വവല്‍ക്കരണത്തിനായി എഴുതപ്പെട്ട വിവിധ ഭാഷാകാവ്യങ്ങളായ വൈശിക തന്ത്രങ്ങളില്‍നിന്നും, കുട്ടമനീതികളില്‍ നിന്നും, സന്ദേശകാവ്യങ്ങളിലെ കൊട്ടാരവേശ്യകളില്‍ നിന്നും, അക്ഷരം അറിയുന്നത് നിരോധിക്കുന്ന മനുസ്മൃതികളി നിന്നുമാണെന്ന് നമുക്ക് അറിയേണ്ട വിഷയമല്ലെന്ന് നാം ഇന്നും ഉറച്ചു വിശ്വസിക്കുന്നു. എന്നിട്ടോ... മന്ത്രവാദികള്‍ സൌജന്യ ലൈഗീക സുഖത്തിന്റെയും ഗുണ്ടാസേവനങ്ങളുടേയും പ്രതിഫലമായി തന്ന അംഗീകാരമായ ജാതി പേരിന്റെ നാറുന്ന വാലുകളില്‍ താമര വിരിയിച്ച് ദുരഭിമാന തുന്തിലരായി പത്രപ്രവര്‍ത്തകരായും, സിനിമാ താരങ്ങളായും,എഴുത്തുകാരായും, പണം വാരുന്ന മാന്യന്മാരായും, ഓണ്‍ലൈന്‍ സാഹിത്യ കോമരങ്ങളായും വേഷംകെട്ടി തങ്ങളുടെ സത്യത്തിലുള്ള പൈതൃകത്തെക്കുറിച്ച് അജ്ഞത അലങ്കാരമായി കൊണ്ടു നടക്കുന്നു.... പൈതൃക സമ്പത്തായ ആസനത്തിലെ താമരയും !!! ഈ സന്ദേശം ആക്ഷേപ ഹാസ്യമായി പറയാന്‍ ഇതിലും നല്ലൊരു ബിംബം ചിത്രകാരന്റെ മനസ്സില്‍ ജന്മം കൊള്ളുന്നില്ല. അതുകൊണ്ടുതന്നെ ഈ ചിത്രശകലം പ്രാധാന്യമര്‍ഹിക്കുന്നു. ജാത്യാഭിമാനം നിലനില്‍ക്കുവോളം.

Sunday, June 24, 2012

ദൈവങ്ങളും മന്ത്രവാദികളും

കുട്ടിക്കാലത്ത് ... അതായത് ഏതാണ്ട് 40 വര്‍ഷം മുന്‍പ് ...മണ്ണില്‍ കളിക്കുന്നതിനിടയില്‍ കഷ്ടി ഒരു സെന്റീമീറ്റര്‍ മാത്രം നീളമുള്ള ചുവപ്പും, ബ്രൌണും, കറുപ്പും നിറങ്ങള്‍ മനോഹരമായി തൊലിപ്പുറത്ത് ഇണക്കി ചേര്‍ത്തതും നല്ല ഗ്ലോസ്സി ലാമിനേഷന്‍ തിളക്കമുള്ളതുമായ ഒരു പ്രാണിയെ ശ്രദ്ധിച്ചിട്ടുണ്ട്. തൊട്ടാല്‍, എണ്ണ കയ്യില്‍ പറ്റുമോ എന്നു തോന്നിപ്പോകും. മണ്ണിനിടയിലൂടെ നല്ല മെയ് വഴക്കത്തില്‍ പാഞ്ഞുപോകുന്ന ആ പ്രാണിയെ ഉപദ്രവിക്കരുതെന്ന് വയസ്സിനു മൂത്തവര്‍ പറഞ്ഞിരുന്നു. കാരണം ദൈവത്തിനുള്ള എണ്ണയുമായി പോകുന്ന പ്രാണിയാണത്രേ അത്. തീര്‍ച്ചയായും അക്കാലത്ത് ഭയഭക്തിയുണ്ടാകാന്‍ അതു മതിയായിരുന്നു ! കുട്ടിക്കാലം ദൈവങ്ങള്‍ അത്രക്ക് ഇടതിങ്ങി നില്‍ക്കുന്ന ഒരു ലോകത്താണല്ലോ നാം ചെന്നുപേടുന്നത്. ഹിന്ദു മതത്തില്‍ മുപ്പത്തി മുക്കോടി ദൈവങ്ങളുണ്ടെന്നാണ് സംങ്കല്‍പ്പം. ഹിന്ദു വിശ്വാസപ്രകാരം ഏതും കല്ലും, മരവും, ജന്തുവും ദൈവമാകാനിടായുണ്ട്. എലി, ആമ,പാമ്പ്, മത്സ്യം,പന്നി, പശു,ഗരുഡന്‍, നായ, കുരങ്ങന്‍, സിംഹം,ആന, മയില്‍ എന്നിവയെല്ലാം ദൈവങ്ങളോ, ദൈവങ്ങളുടെ വാഹനമോ,ദൈവങ്ങളുടെ ഡ്രൈവറോ ആയി പ്രത്യക്ഷപ്പെടുന്ന മതമാണ് ഹിന്ദുമത വിശ്വാസം. മന്ത്രവാദികളായ ബ്രാഹ്മണ പുരോഹിതന്മാരുടെ മതം എന്ന നിലയില്‍ ഏത് വൃത്തികെട്ട ദൈവരൂപത്തേയും ഭക്തരുടെ കണ്ണില്‍ പോടിയിടാനുള്ള സാധ്യതയായി ഉപയോഗിക്കപ്പെട്ടെന്ന് പറയാം. ചിത്രകാരന്റെ “ഗ്ലോറിഫൈഡ് സ്ലാവെറി” എന്ന പെയിന്റിങ്ങിലെ ഒരു ഡീറ്റൈല്‍ മൊബൈല്‍ ചിത്രം താഴെ കൊടുക്കുന്നു. മുഴുവനായ ചിത്രം ഞായറാഴ്ച്ച വൈകീട്ടു പോസ്റ്റും.

Wednesday, June 20, 2012

കാലഭൈരവന്‍-ആദ്യത്തെ സദാചാര പോലീസുകാരന്‍

പരമേശ്വരനായ ശിവഭഗവാന്റെ ആദിമരൂപം കാലഭൈരവന്‍ എന്നപേരിലായിരുന്നത്രേ ! ബുദ്ധ ജൈന മതങ്ങളും അടുത്തകാലത്തുണ്ടായ ഹിന്ദു മതവും ജനിക്കുന്നതിനു മുന്‍പുതന്നെ ശിവഭഗവാന്‍ ഭൈരവന്‍ എന്ന പേരില്‍ ഇന്ത്യാഉപഭൂഖണ്ഡത്തില്‍ നാഗന്മാരുടെ ഉഗ്രമൂര്‍ത്തിയായി വാണരുളിയിരുന്നു. നമ്മുടെ ഭദ്രകാളിചേച്ചിയെപ്പോലെ രൌദ്രരൂപത്തില്‍ എട്ടു കൈകളോടെയുള്ള ഉഗ്ര രൂപവും, നാലു കൈകളുള്ള മിതവാദിയായും, രണ്ടു കൈകളുള്ള സാത്വിക ശാന്തപ്രകൃതിയും ഭൈരവനുണ്ടായിരുന്നു.ബുദ്ധ ജൈന മതങ്ങളുടെ വേലിയേറ്റമുണ്ടായപ്പോളും, കാബറെ നൃത്തമണ്ഡപം പോലുള്ള ബ്രാഹ്മണരുടെ ഇന്ദ്രന്റേയും ദേവന്മാരുടേയും ദേവലോകം അവതരിക്കപ്പെട്ടപ്പോഴും ജനങ്ങള്‍ ഈ മൂന്നു മതങ്ങളിലും വിശ്വാസികളായി തുടരെ തന്നെ ഭൈരവനെ ആരാധിച്ചു പോന്നു.

ബ്രാഹ്മണ ഹിന്ദുമതം പ്രാദേശിക ദൈവങ്ങളെ തങ്ങളുടെ വര്‍ഗ്ഗീയ അജണ്ടയുടെ വക്താക്കളായും പ്രചാരകരായും റിക്രൂട്ട് ചെയ്ത കാലത്താണ് ഭൈരവന്‍ ശിവനും, നടരാജനും, കാമസൂത്രത്തിന്റെ അവതാരകനും, ക്ഷേത്രപാലകനും, പാര്‍വ്വതി ചേച്ചിയുടെയും, സതി ആന്റിയുടെയും ഭര്‍ത്താവായും, ഗംഗേച്ചിയുടെ ഒളിസേവക്കാരനായും, ഗണപതിയുടെയും സുഭ്രമണ്യേട്ടന്റേയും അച്ഛനായും, അയ്യപ്പേട്ടന്റേയും ഹനുമാന്‍ കുരങ്ങിന്റേയും പ്രകൃതിവിരുദ്ധ അച്ഛനായുമൊക്കെ വിവിധ മൂശകളില്‍ ഒഴിക്കപ്പെട്ട് ഇന്നത്തെ ലിംഗരൂപിയായ ശിവഭഗവാനായി തീര്‍ന്നതെന്ന് കാണാം.

 ബൌദ്ധരും ജൈനരും ഹൈന്ദവരും ആരാധിച്ചിരുന്ന ഭൈരവന്റെ രൂപ പരിണാമം ഇന്ത്യന്‍ സാമൂഹ്യ ശാസ്ത്ര പഠിതാക്കള്‍ക്ക് വസ്തുനിഷ്ട ചരിത്ര പഠനത്തിനുള്ള നല്ലൊരു ഫോസിലാണ്. പിന്നെ രസകരമായ മറ്റൊരു കാര്യം കൂടിയുണ്ട്. ബ്രാഹ്മണരുടെ ഹൈന്ദവ സവര്‍ണ്ണ തൊഴുത്തിലേക്ക് ഭൈരവനെ വലിച്ചു കേറ്റിക്കൊണ്ടിരിക്കുന്ന സമയത്താണ് കാല ഭൈരവന് ലോകത്തിലെ ആദ്യത്തെ സദാചാര പോലീസാകാന്‍ യോഗമുണ്ടാകുന്നത്.

 ഭീഭത്സതയുടേയും രൌദ്രതയുടേയും പര്യായമായ ഭൈരവന്‍ പെണ്ണുകേസില്‍ കയ്യോടെ പിടിച്ചത് ചില്ലരക്കാരനെയല്ല. ജഗത് പിതാവായ ബ്രഹ്മാവിന്റെ ദുര്‍നടപ്പാണ് ഭൈരവന്റെ ഇടപെടലിനു വിധേയമായി കട്ടപ്പൊകയായത്. സ്വന്തം പുത്രിയായ സരസ്വതിയോട് പ്രണയം കലശലായ ബ്രഹ്മാവ് തന്റെ നിലവിലുള്ള നാലു തലക്ക് പുറമേ അഞ്ചാമത് ഒരു തലകൂടി സ്വയം സൃഷ്ടിച്ച് ആ തല സരസ്വതിയുമായുള്ള കാര്യങ്ങള്‍ക്കു മാത്രമായി ഡെഡിക്കേറ്റു ചെയ്തത് സദാചാരപ്പോലീസായ കാല ഭൈരവനും സഹിക്കാനാകുമായിരുന്നില്ല. പരമ്പിതാവായ ബ്രഹ്മാവാണെന്നൊന്നും ഭരവന്‍ നോക്കിയില്ല . ബ്രഹ്മാവിന്റെ സരസ്വതി കാര്യ വകുപ്പ് കൈകാര്യം ചൈ യ് തിരുന്ന അഞ്ചാമത്തെ തല വെട്ടിയെടുത്ത് ഭൈരവന്‍ ബ്രഹ്മാവിന്റെ തലയുമായി അട്ടഹസിച്ചു നടന്നു.

തെറ്റു ബോധ്യപ്പെട്ട ബ്രഹ്മാവ് നൂറ്റാണ്ടുകളോളം തന്റെ നാലു തലകള്‍കൊണ്ടും ബ്രാഹ്മണര്‍ ചൊല്ലിക്കൊടുത്ത ചില പ്രായശ്ചിത്ത മന്ത്രങ്ങള്‍ ഉരുവിട്ട് സദാചാരകുറ്റ വിമുക്തി നേടി. അക്കാലത്ത് മഹാ വിഷ്ണുവിന് ബ്രാഹ്മണര്‍ ജന്മം കൊടുക്കാതിരുന്നതുകൊണ്ട് കൈ കഴക്കുന്നതുവരെ ബ്രഹ്മാവിന്റെ അഞ്ചാം തലയുമായി ഭൈരവന് ഓടി നടക്കേണ്ടി വന്നു !!

ഭൈരവന്റെ വാഹനവും സന്തത സഹചാരിയും നായയാണ്. ഈ സംഭവത്തിനൊക്കെ ശേഷമാണ് ഭൈരവന്‍ മുകളില്‍ പറഞ്ഞ പോലെ സവര്‍ണ്ണ ഹിന്ദു മതത്തിലെ വിവിധ തസ്തികകള്‍ സ്വീകരിക്കുന്നതും, തന്റെ സന്തത സഹചാരിയായ നായയെ ഉപേക്ഷിക്കേണ്ടി വന്നതും, ബ്രാഹ്മണരുടെ നന്ദിനി പശുവിന്റേയും കാളയുടേയുമൊക്കെ ഡ്രൈവറായി ജോലി ലഭിച്ചതുമെന്ന് കരുതാവുന്നതാണ്.

ഇതോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രം ചിത്രകാരന്റെ “ഗ്ലോറിഫൈഡ് സ്ലാവെറി“ എന്ന പെയിന്റിങ്ങിന്റെ ചെറിയൊരു ഭാഗത്തിന്റെ മൊബൈല്‍ ഫോട്ടോയാണ്. ചിത്രം ഈ വരുന്ന ഞായറാഴ്ച്ച പൂര്‍ത്തീകരിക്കാനാകുമെന്ന്
പ്രതീക്ഷിക്കുന്നു. 
ഗൂഗിള്‍ പ്ലസ്സിലെ ഈ പോസ്റ്റിന്റെ ലിങ്ക്.
ഫേസ് ബുക്കിലെ ഈ പോസ്റ്റിന്റെ ലിങ്ക്.

Sunday, June 17, 2012

ജീവിതത്തിനു രാഷ്ട്രീയം നല്‍കുന്ന അച്ഛന്‍

ഇന്ന് അച്ഛന്‍ ദിനമാണത്രേ. അച്ഛന്‍ ഉള്ളതും ഇല്ലാത്തതുമായ അവസ്ഥയില്‍ സമൂഹത്തിന്റെ രൂപത്തിനുണ്ടാകുന്ന മാറ്റം ചെറു കുറിപ്പിലൂടെ താഴെ രേഖപ്പെടുത്തിവക്കുന്നു. സ്വന്തമായി അച്ഛനുണ്ടാകുക എന്നത് അഭിമാനകരം മാത്രമല്ല, സമൂഹത്തിന്റെ സാംസ്ക്കാരികവും സാമൂഹികവുമായ ആരോഗ്യത്തിന്റെ ലക്ഷണം കൂടിയാണ്. സവര്‍ണ്ണ ഹിന്ദു മതം ഒരു നൂറ്റാണ്ടു മുന്‍പുവരെ സ്വന്തമായ അച്ഛനില്ലാതിരിക്കുന്നതില്‍ അഭിമാനിക്കുന്ന ഒരു സാംസ്ക്കാരികതയും സാമൂഹ്യ വ്യവസ്ഥയുമായിരുന്നു. വഴിയെ പോയ ഏതെങ്കിലും ബ്രാഹ്മണന്റെ മക്കളായിക്കാന്‍ തീര്‍ച്ചയായും സാധ്യതയുണ്ടെന്ന ദുരഭിമാനത്തിലാണ് സവര്‍ണ്ണ ഹിന്ദു അന്യജനങ്ങളുടെ മേക്കിട്ടു കേറിയിരുന്നത്. ഈ തന്തയില്ലായ്മയുടെ സവര്‍ണ്ണ പ്രാമാണ്യം കാരണം നമ്മുടെ രാജ്യം മന്ദബുദ്ധികളുടേയും അടിമകളുടേയും സ്വന്തം രാജ്യമായി നീണ്ട 2000 കൊല്ലക്കാലം സ്വന്തം നാടും പ്രകൃതി വിഭവങ്ങളും വിറ്റു തിന്ന് ചത്തതിനൊക്കുമേ കഴിച്ചുകൂട്ടി. സായിപ്പിന്റെ ഇംഗ്ലീഷ് പഠിച്ചപ്പോഴാണ് ബസ്റ്റാഡായി കഴിഞ്ഞുകൂടുന്നതിലെ ജാള്യത ബോധ്യപ്പെട്ടത്. ഏതാണ്ട് 100 കൊല്ലത്തോളമായി സവര്‍ണ്ണ ഹിന്ദു സായിപ്പിനേക്കാള്‍ മെച്ചപ്പെട്ട തന്തയുള്ളവരായിത്തീര്‍ന്നു തന്തയുള്ള ബ്രാഹ്മണരുടേയും തന്തയില്ലാത്ത ശൂദ്രന്മാരുടെ മതമായ ഹിന്ദുമതത്തിന്റെ കഥ അതാണ്. ഇസ്ലാം മതത്തിന്റെ കാര്യം ഇ.എ.ജബ്ബാര്‍ മാഷോടു ചോദിച്ചാല്‍ കൃത്യമായറിയാം. യത്തീമുകളെ പൊന്നുപോലെ നോക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന മതമാണ് ഇശ്ലാം എന്നറിയാം. പല ഭാര്യമാരിലും വേലക്കാരികളിലുമായി യഥേഷ്ടം യത്തീമുകള്‍ക്ക് സമമായ കുട്ടികളെ ഉണ്ടാക്കുന്നത് പ്രോത്സാഹിപ്പിക്കുന്ന മതമായും കണ്ടിട്ടുണ്ട്. യത്തീംഖാന എന്ന വിപുലമായ അനാഥ പുനരധിവാസ ശൃഖല മതത്തിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നടത്തപ്പെടുന്നതും ശ്രദ്ധിച്ചിട്ടുണ്ട്. മതത്തിന്റെ സംഘടിത പ്രവര്‍ത്തനത്തിനുള്ള താഴെത്തട്ടിലുള്ള പുരോഹിതരെ വാര്‍ത്തെടുക്കാന്‍ യത്തീമുകളേക്കാള്‍ മറ്റാരും അനുയോജ്യരാകില്ല. യത്തീം ഇശ്ലാം മതത്തിന്റെ ശക്തിയും കെട്ടുറപ്പും ഉറപ്പിക്കുന്ന ഘടകമാണ്. സവര്‍ണ്ണ ഹിന്ദു മതത്തിലെ ശൂദ്രന്മാരെ ഗുണ്ടകളായും അടിമകളായും ഉപയോഗിച്ച് ബ്രാഹ്മണര്‍ ഹിന്ദുമതം കെട്ടിപ്പൊക്കിയതും സമാനമായ മാര്‍ഗ്ഗത്തിലൂടെയാണെന്ന് ചരിത്രം പരിശോധിച്ചാല്‍ അറിയാം. കൃസ്തു മതത്തില്‍ സ്വന്തം അച്ഛനേക്കാള്‍ പ്രാധാന്യമുള്ള അച്ഛന്‍ മതത്തിന്റെ സൃഷ്ടിയായ പള്ളിലച്ഛനായത് ഒരു ഭംഗിക്കു നടത്തിയ ഏര്‍പ്പാടൊന്നുമല്ല. അച്ഛന്‍ എന്ന പദത്തിലടങ്ങിയ രാഷ്ട്രീയത്തെ മതത്തിന്റെ കുടിലബുദ്ധി എങ്ങിനെയാണു ഉപയോഗിക്കുന്നത് എന്നതിന്റെ ദൃഷ്ടാന്തം കൂടിയാണ് കൃസ്തുമതത്തിലുള്ള അച്ഛന്മാരുടെ പട. വിശ്വാസികളായ കുഞ്ഞാടുകളുടെ കഴുത്തിലെ കയര്‍ സൂക്ഷിക്കുന്ന പള്ളീലച്ഛന്‍ തങ്ങളുടെ തന്തയില്ലായ്മയെന്ന് വിളിക്കാവുന്ന അപമാനത്തിന്റെ ചിഹ്നമാണെന്ന് തിരിച്ചറിയാന്‍ മതത്തിനു പുറത്തുവരാതെ കഴിയുകയില്ല. കൃസ്തു മതം നമ്മുടെ നാട്ടില്‍ വേരൂന്നതുതന്നെ അനാഥാലയങ്ങളുടേയും ആതുര ശുശ്രൂഷയുടേയും മറവിലൂടെയാണ്. അനാഥകളെ മതപ്രവര്‍ത്തനത്തിനു നിയോഗിക്കാനും അവരുടെ ജീവിതം മുഴുവനായി സഭ പ്രവര്‍ത്തനത്തിനായി സൌജന്യമായി പിഴിഞ്ഞെടുക്കുന്നതിനും അനായാസം കഴിയും. കാരണം അച്ഛനില്ല. അച്ഛനാണ് ഒരാളുടെ രാഷ്ട്രീയം നിശ്ചയിക്കുന്ന രക്ഷിതാവ്. അതില്ലാത്തവരെ ആര്‍ക്കും എങ്ങനേയും റോബോട്ടുകളെപ്പോലെ ഉപയോഗപ്പെടുത്താനാകും. പ്രാര്‍ത്ഥനയായും, ഐതിഹ്യ പുരാണങ്ങളായും, പ്രസംഗങ്ങളായും, ഭജനകളും പ്രഭാഷണങ്ങളായും, വൃതവും നോമ്പുമായും, ജീവിത ചര്യയായും….. റോബോട്ടിനാവശ്യമായ സോഫ്റ്റ്വെയര്‍ കോഡ് പുരോഹിതരും, മതവും, രാഷ്ട്രീയ കക്ഷികളും എഴുതിയുണ്ടാക്കണം. ഈ സോഫ്റ്റ്വെയര്‍ റെഡിയാണെങ്കില്‍ വിഢികളുടെ രാജ്യത്ത് സ്വയം തന്തയില്ലാത്ത്വരായി അഭിമാനിക്കാന്‍ വന്‍ ജന സമൂഹത്തെത്തന്നെ ലഭിക്കും. തന്തയില്ലാത്ത ഒരു അടിമ സമൂഹത്തിന്റെ പ്രത്യേകതയാണത്. അവര്‍ തന്തയെ അന്വേഷിച്ച് ചെന്നെത്തുന്നത് തിന്മയുടെ ശക്തിഭദ്രമായ കോട്ടകൊത്തളങ്ങളിലായിരിക്കും. ചുരുക്കത്തില്‍ തന്തയില്ലാത്തവര്‍ ഉണ്ടാകുന്നത് സമൂഹത്തില്‍ അസമത്വവും, അനീതിയും, അജ്ഞതയും കൃഷിചെയ്യുന്ന തിന്മയുടെ അധികാര കേന്ദ്രങ്ങള്‍ നിലനില്‍ക്കുന്നതുകൊണ്ടാണ്. ഇന്ത്യയെ സംബന്ധിച്ച് അവര്‍ ബ്രാഹ്മണരായിരുന്നു.

Monday, May 14, 2012

കൊച്ചി-മുസരിസ് ബിനാലെ 12-12.2012

ചിത്രകലയെന്നാല്‍ രവിവര്‍മ്മയാണെന്ന് ധരിച്ചുവച്ചിരിക്കുന്ന നമ്മുടെ പൊതുബോധത്തെ കുറ്റം പറയുന്നതില്‍ കാര്യമില്ല. ലോകപ്രശസ്തരായ നിരവധി ചിത്രകാരന്മാരും ശില്‍പ്പികളും നമുക്കുണ്ടെങ്കിലും അവരൊന്നും നമ്മുടെ നാട്ടില്‍ ആദരിക്കപ്പെടാറില്ല. അവരാരും ആദരവിനു കാത്തുനില്‍ക്കാറില്ലെന്നതാണു സത്യം ! കാരണം അത്രക്കു അടച്ചുകെട്ടി ബന്ധവസ്സാക്കിയിരിക്കുന്ന കലാ-സാംസ്ക്കാരിക ബോധമാണ് ജാതി-മത-കക്ഷിരാഷ്ട്രീയ ബോധം കൂടിയ നമുക്കുള്ളത്. പുറമേ നിന്നുള്ള കാറ്റും വെളിച്ചവും തട്ടിയാല്‍ നമ്മുടെ മഹത്തായ രാഷ്ട്രീയ-സാംസ്ക്കാരിക-സദാചാരബോധത്തിനു കളങ്കമേല്‍ക്കാനിടയുണ്ടെന്ന് നമുക്കുറപ്പാണ്. മാത്രമല്ല അഴിമതി എന്നു ചിന്തിക്കുന്നതുപോലും പാപമാണെന്നതിനാല്‍ നാം അഴിമതിയുണ്ടാകാനിടയുള്ള സാമ്പത്തിക സാമൂഹ്യ പരിപാടികളില്‍നിന്നെല്ലാം വളരെ അകലത്തേ നില്‍ക്കു.ഇതെല്ലാം അറിഞ്ഞിട്ടും ആരെങ്കിലും സാമൂഹ്യ സാംസ്ക്കാരിക ഇടപെടലിനായി മുന്നിട്ടിറങ്ങിയാല്‍ നമ്മുടെ ധാര്‍മ്മിക രോക്ഷം പിന്നെ അടങ്ങിയിരിക്കില്ല. പതിവിനു വിരുദ്ധമായി ആരെന്തു ചെയ്താലും അത് അഹങ്കാരവും, അഴിമതിയും, സ്വാര്‍ത്ഥതയും, ഗൂഢാലോചനയും, ഹിഡണ്‍ അജണ്ടകളുടെ സാധ്യതകളുടെ കേളികൊട്ടുമാണ്. മൊത്തത്തില്‍ കേരളം സംശയരോഗികളുടെ സ്വന്തം നാടാണെന്ന് നിസംശയം പറയാം.അതുകൊണ്ടുകൂടിയാണ് കൊച്ചിയില്‍ ആദ്യമായി നടത്തപ്പെടുന്ന “കൊച്ചി-മുസരിസ് ബിനാലെ 12.12.2012” വിവാദത്തിനും, ആരംഭിക്കുന്നതിനു മുന്‍പുതന്നെ അഴിമതി ആരോപണങ്ങള്‍ക്കും വിധേയമായി സംഘാടകരെ കുരിശിലേറ്റാനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നത്. വല്ലവരുടേയും അദ്ധ്വാനത്തിലും, ക്രിയാത്മകശേഷിയിലും,സംഘാടനത്തിലും, സ്പോണ്‍സര്‍ഷിപ്പിലും ഒരുക്കപ്പെടുന്ന ബിനാലെക്കെതിരായി എന്തിനാണാവോ നാം അഴിമതിയും, ലോകാവസാനവും ഭയന്ന് നിലവിളിച്ചു കരയുന്നത് ? ലോകത്തെമ്പാടുമുള്ള കലാകാരന്മാരും, സാംസ്ക്കാരിക പ്രവര്‍ത്തകരും, കലാസ്വാദകരും തീര്‍ഥാടനമ്പോലെ എത്തിച്ചേരുന്ന ഒരു ഇവന്റു സൃഷ്ടിക്കുമ്പോള്‍ ടൂറിസവുമായി ബന്ധപ്പെട്ടവരും, സര്‍ക്കാരും, ഇന്ത്യന്‍ സോഫ്റ്റ്വെയര്‍ ഭീമന്മാരും, കോര്‍പ്പറേറ്റ് കമ്പനികളും ബിനാലെക്കായി കയ്യയച്ച് സ്പോണ്‍സര്‍ ചെയ്യാന്‍ മുതിരുന്നത് അവര്‍ക്കുണ്ടാകുന്ന പ്രയോജനത്തിന്റെ അടിസ്ഥാനത്തിലാണ്. അതിനെല്ലാം കൃത്യമായി കണക്ക് പറയാനും, അധികാരസ്ഥാപനങ്ങളില്‍ കണക്ക് അവതരിപ്പിക്കാനും ശേഷിയുള്ളവരല്ലേ ഇത്രയും വലിയൊരു പ്രൊജക്റ്റിന്റെ സംഘാടകരാകാന്‍ തയ്യാറാകുകയുള്ളു എന്ന സാമാന്യയുക്തിയെങ്കിലും നാം മനസ്സിലാക്കേണ്ടതാണ്. (ലോക സ്വര്‍ണ്ണ ഖനി ഉടമകളുടെ സംഘടനയായ വേള്‍ഡ് ഗോള്‍ഡ് കൌണ്‍സില്‍ നമ്മുടെ ജ്വല്ലറികളെ ഉപയോഗിച്ച് സ്ത്രീകളെ നെറ്റിപ്പട്ടം കെട്ടിയ ആനയെക്കാള്‍ കൂടുതലായി സ്വര്‍ണ്ണത്തില്‍ പൊതിയുകയും,പുരുഷന്മാര്‍ക്കു കൂടി സ്വര്‍ണ്ണ കൈവിലങ്ങ് ആഭരണമായി നിര്‍മ്മിച്ചു നല്‍കിയും, കുട്ടികളെ സ്വര്‍ണ്ണം തീറ്റിക്കുകയും ചെയ്ത് ആയിരക്കണക്കിനു കോടികള്‍ കൈക്കലാക്കി പോകുന്നത് കാണാന്‍ കഴിയാത്ത നമ്മളാണ് രണ്ടു കോടിയുടെ കണക്കവതരിപ്പിച്ചില്ല, കിട്ടാനിടയുള്ള 70 കോടിയുടെ കണക്ക് കണ്ടില്ല എന്നൊക്കെ ഒച്ചവെക്കുന്നത് ! സാമ്പത്തിക അഴിമതി ആരോപണവും, സംശയവും പ്രചരിപ്പിച്ച് തുടങ്ങാനിടയുള്ള പദ്ധതിയെ അലസിപ്പിക്കുന്ന ഈ കൂടോത്രം മലയാളി മനസ്സിന്റെ ശാപം തന്നെ ! ) കൊച്ചിയിലെ മട്ടാഞ്ചേരിപോലുള്ള പുരാതന പാണ്ഢികശാലകള്‍ ധാരാളമുള്ള സ്ഥലം ലോകം ശ്രദ്ധിക്കുന്ന പ്രദര്‍ശന വേദിയാക്കാന്‍ ശ്രമിക്കുമ്പോഴുള്ള മുന്നോരുക്കങ്ങളുടെ സമയവും അദ്ധ്വാനവും എത്ര ഭാരിച്ചതാകുമെന്ന് നാം ഓര്‍ക്കേണ്ടതാണ്. ലോക നിലവാരത്തിലുള്ള ശബ്ദ വെളിച്ച നിയന്ത്രണങ്ങളില്ലാത്ത പ്രദര്‍ശനവേദിയിലേക്ക് ലോക പ്രസിദ്ധ മ്യൂസിയങ്ങള്‍ തങ്ങളുടെ കലാവസ്തുക്കള്‍ പ്രദര്‍ശനത്തിനയക്കുകയില്ലെന്നും ഉറപ്പാണ്. വന്‍പിച്ച ഇന്‍സ്റ്റാളേഷനുല്കളും, വ്യത്യസ്ത പ്രദര്‍ശന വൈവിധ്യവും സജ്ജീകരിക്കേണ്ടതായ ബിനാലെ ഒന്നോ രണ്ടോ വ്യക്തിക്ക് നടപ്പാക്കാനാകുന്ന കലാപ്രദര്‍ശനമല്ല. അതൊരു സമൂഹത്തിന്റെ കൂട്ടയ്മയും, ആവിഷ്ക്കാരവും, അഭിമാനവുമായി സംജാതമാകുന്ന ലോകവിരുന്നാണ്. വിദേശങ്ങളില്‍ സഞ്ചരിക്കാതെതന്നെ ആ അനുഭവങ്ങള്‍ സ്വായത്തമാക്കാനാകുക എന്നാല്‍ നമുക്കും, നമ്മുടെ നാടിനും ലോകത്തിന്റെ വേദിയാകാനാകുന്ന അസുലഭവേളയാണ്. ബിനാലെ എന്നത് ചിത്രങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയുമാണെന്ന ധാരണതന്നെ പൊളിച്ചുകളഞ്ഞാലേ അതെന്താണെന്ന് മനസ്സിലാക്കിത്തുടങ്ങാനാകു. ആര്‍ട്ടു ഗ്യാലറിയിലെ ഒരു ചെറിയ പ്രദര്‍ശന്മായല്ല ബിനാലെകളെയും ട്രിന്നലെകളേയും കാണേണ്ടത്. അതൊരു ഉത്സവമാണ്. രണ്ടുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ചിത്ര-ശില്‍പ്പകലയുടെ ഉത്സവത്തെ ബിനാലെയെന്നും, മൂന്നുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഉത്സവത്തെ ട്രിനാലെയെന്നും പേരുവിളിക്കുന്നു. ജനകീയമായ പങ്കാളിത്തത്തോടെ അസാധാരണമായ രൂപഭാവങ്ങളില്‍ സംഭവിക്കുന്ന ക്രിയാത്മകതയുടെ വേദിയാകാന്‍ ഒരു പട്ടണം അല്ലെങ്കില്‍ ഒരു നാട് മുഴുവന്‍ അണിഞ്ഞൊരുങ്ങുന്ന അഭൂതപൂര്‍വ്വമായതും വര്‍ഷങ്ങള്‍ നീളുന്നതുമായ ഒരു തയ്യാറെടുപ്പാണ് സംഘാടനതലത്തില്‍ ബിനാലെ. വിശാലമായ ആ കാന്‍‌വാസില്‍ അവതരിക്കപ്പെടുന്ന ആശയാവിഷ്ക്കാരങ്ങളും ദൃശ്യ-ശ്രവ്യതലങ്ങളുടെ പുതിയ കാഴ്ച്ചപ്പാടുകളും സമൂഹത്തിന്റെ രാഷ്ട്രീയ സാംസ്ക്കാരിക രംഗങ്ങളില്‍ ഇഴചേരുന്നതുപോലും നമുക്ക് നേരില്‍ കാണാനാകും. അതിലുമുപരിയായി, ലോകമെമ്പാടുമുള്ള ദൃശ്യ വൈവിധ്യങ്ങളുടെ സമുദ്രത്തെ തൊട്ടും കണ്ടും രുചിച്ചും സാക്ഷ്യപ്പെടാനുള്ള സമൂഹത്തിന്റെ ബോധ വികാസമായും ബിനാലെയെ കാണേണ്ടതുണ്ട്. വെളിച്ചത്തേയും, ശബ്ദത്തേയും, ശൂന്യതയേയും, മൌനത്തേയും ശില്‍പ്പഭംഗിയോടെ സജ്ജീകരിക്കുന്ന ബിനാലെയില്‍ പങ്കെടുക്കുന്ന കലാസ്വാദകരും സാധാരണ ജനങ്ങളും എല്ലാം തന്നെ കാഴ്ച്ചയും, കാഴ്ച്ചക്കാരും,കാഴ്ച്ചപ്പാടും സൃഷ്ടിക്കുന്നതില്‍ ഭാഗഭാക്കാകുന്നുണ്ട്. മനുഷ്യന്റെ ഭാവനയുടെയും,അനുഭവത്തിന്റേയും,ക്രിയാത്മകതയുടേയും ആവിഷ്ക്കാര സാധ്യത ജനകീയമാക്കാന്‍ സഹായിക്കുന്ന ബിനാലെകളും ട്രിനാലെകളും ആരു നടത്തിയാലും, എങ്ങനെ നടത്തിയാലും അതിനെ ചിത്രകാരന്‍ സ്വാഗതം ചെയ്യുന്നു :) ബിനാലെകളെക്കുറിച്ച് ഒരു ഏകദേശ രൂപം ലഭിക്കാന്‍ കുറച്ചു ലിങ്കുകളും വീഡിയോകളും താഴെ കൊടുക്കുന്നു. ഇതിലും നല്ല ലിങ്കുകള്‍ ഉണ്ടെങ്കില്‍ അതിന്റെ ലിങ്ക് കമന്റായി നല്‍കാന്‍ വായനക്കാരോട് സസ്നേഹം അഭ്യര്‍ത്ഥിക്കുന്നു.

Thursday, May 3, 2012

ഗോത്രായനം ആദിവാസി മഹോത്സവം

ദേശീയ ആദിവാസി മഹോത്സവം എന്നൊക്കെയാണ് സര്‍ക്കാരിന്റെ പരസ്യവാചകമെങ്കിലും കേരളത്തിനു പുറത്തു നിന്നുള്ള ആദിവാസികളൊന്നുമില്ല.  ഗോത്രായനം മഹോത്സവ ഒരുക്കങ്ങളൊന്നുമില്ലെങ്കിലും, വള്ളിയൂര്‍ക്കാവിലമ്മയുടെ കാവും, ചരിത്രമുറങ്ങുന്ന മൈതാനവും മഹത്തരമായ കാഴ്ച്ചയുടെ വിശാലതയാണ്.  ഒന്നുരണ്ടു പ്രാവശ്യം ഇതിലെ കടന്നു പോയപ്പോള്‍ വീണ്ടും കാണാന്‍ കൊതി തോന്നിയിരുന്നു. കാവിന്റെ മൈതാനത്തെ കണ്ണുകുളിര്‍ക്കേ കണ്ട് കടന്നുപോകുന്ന റോഡിന്റെ മറുവശത്ത് മനോഹരമായ ഒരു പുഴ !! എന്തൊരു രസകരമായ കാഴ്ച്ച !!!  ഇന്നലെ വൈകീട്ട് ഒരു വെളിപാടുണ്ടായി, ഇന്നു രാവിലെ കണ്ണൂരില്‍ നിന്നും യാത്ര പുറപ്പെട്ടതാണ്. മനോജ് പട്ടേട്ട് തന്റെ പുഷ്പ്പകവിമാനവുമായി വന്ന് ചിത്രകാരനെ വള്ളിയൂര്‍ക്കാവിലമ്മയുടെ സന്നിധിയില്‍ എത്തിക്കുകയായിരുന്നു.

ഗോത്രായനം എന്നു പേരിട്ടിരിക്കുന്ന ആദിവാസി മഹോത്സവം വള്ളിയൂര്‍ കാവ് മൈതാനത്ത് ഇന്നലെ, ഏപ്രില്‍ 30 നാണ് ആരംഭിച്ചത്. മെയ് നാലുവരെ നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ ദേശീയ ആദിവാസി സമൂഹങ്ങളുടെ കലാസാംസ്ക്കാരിക സംഘങ്ങളും പങ്കെടുക്കുമെന്ന് കേട്ടു. ഗോത്രായന പരിസരത്ത് കുറച്ചു സമയം ചിലവിട്ട ചിത്രകാരന്റെ ക്യാമറയില്‍ പതിഞ്ഞ കുറച്ചു ചിത്രങ്ങള്‍ താഴെ കൊടുക്കുന്നു.

പ്രവേശന കവാടം. ആദിവാസികളുടെ കാര്യത്തില്‍ 
സര്‍ക്കാര്‍ ലുബ്ദു കാണിച്ചെന്ന് ആരും പറയില്ല :)
തുറസ്സായ ഒരു താല്‍ക്കാലിക ഓഡിറ്റോറിയം.
കാറുകള്‍ ആദിവാസികള്‍ വന്നതല്ല. ഈ മഹത്തായ ചരിത്രമുള്ള 
മൈതാനത്ത് പാര്‍ക്ക് ചെയ്യപ്പെടാന്‍ ഏതു കാറും മോഹിച്ചുപോകും.
അടുത്തകാലം വരെ ആദിവാസികളെ അടിമകളായി കന്നുകാലികളെപ്പോലെ 
വില്‍ക്കുകയും വാങ്ങുകയും ചെയ്തിരുന്ന വള്ളിയൂര്‍ക്കാവ് മൈതാനത്തിന്റെ 
ചരിത്രത്തെ വല്ലവരും ഓര്‍ക്കുന്നുണ്ടായിരിക്കുമോ ? ഹേയ്.... എവട്ന്ന് !!
രണ്ടാമത്തെ ഓഡിറ്റോറിയം. രണ്ട് ഓഡിറ്റോറിയത്തിലും ഒരേ സമയം ആദിവാസി പ്രതിനിധികള്‍ക്കായി ക്ലാസുകളും പ്രസംഗങ്ങളും നല്‍കിക്കൊണ്ടിരിക്കുന്നു.
ആദിവാസി ക്ഷേമ പ്രവര്‍ത്തകരായ ഉദ്ദ്യോഗസ്തര്‍ക്കിടയില്‍ ആത്മാര്‍ത്ഥതയും മനുഷ്യസ്നേഹം കൂടിയ കുറച്ചുപേരെങ്കിലുമുണ്ട്.
വ്യാപാര സ്റ്റാളുകളും, വിദ്യാഭ്യാസ പ്രദര്‍ശനങ്ങളും ആദിവാസികള്‍ നിര്‍മ്മിച്ച ഉത്പ്പന്നങ്ങളും ലഭ്യം.

വര ആളുകൂടുന്നിടത്തെ ഒരു കൌതുകമായി ഉള്‍പ്പെടുത്തപ്പെട്ടിരിക്കുന്നു.
ആദിവാസി കുടിലുകളുടെ മാതൃകകള്‍... ആദിവാസി ജീവിതത്തെക്കുറിച്ചുള്ള 
ഉപരിപ്ലവമായ ധാരണകള്‍ സത്യമെന്ന് കണ്ടു ബോധ്യപ്പെടാന്‍ ആഗ്രഹിക്കുന്ന പട്ടണവാസികള്‍ക്കായുള്ള ഒരു അണിയിച്ചൊരുക്കല്‍ !
ആദിവാസിയുടെ വിജ്ഞാനം സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നോ ചൈനീസ് മേളയില്‍ 
നിന്നോ കാശുകൊടുത്ത് വാങ്ങിയതായിരുന്നില്ലെന്ന് സാക്ഷ്യപ്പെടുത്താന്‍ ...
ആദിവാസി ജീവിതത്തില്‍ നിന്നും കണ്ടെടുത്ത ചില ഉപകരണങ്ങള്‍
ഇതെല്ലാം മിനഞ്ഞെടുക്കുന്ന മനസ്സുകള്‍ എത്ര മനോഹരമായിരിക്കും !

പട്ടണവാസികളായതിനാല്‍ മാത്രം പൊതുവാളന്മാരും, മാരാര്‍മാരും, ബഹുമാന്യരുമായിത്തീര്‍ന്നവര്‍
തങ്ങളുടെ ആദിവാസി പൈതൃകം തിരിച്ചറിഞ്ഞ് ആദിവാസികള്‍ തങ്ങളുടെ രക്തബന്ധുക്കളാണെന്ന സത്യം എന്നെങ്കിലും തുറന്നു പറയാനിടയുണ്ടോ ?


വായ് മൂടി എന്നൊരു ഉപകരണം കാണുന്നു. അത് എന്തിനായിരിക്കും ഉപയോഗിച്ചിരിക്കുക ?
ദ്രോണാചാര്യന്‍ നമ്പൂതിരിയൊക്കെ ഒരുകാലത്ത് ആദിവാസികളായിരുന്നു 
എന്ന് ഈ അമ്പും വില്ലും പറയുന്നുണ്ട്. :)
പശുവിന്റെ അകിടുപോലെ മ്നോഹരമായ ഒരു വാദ്യോപകരണം.
കെ.രാമന്‍, കൃഷിക്കാരനാണ്. സാധാരണ കൃഷിക്കാരനല്ല. ആദിവാസികള്‍ പാരമ്പര്യമായി ഉപയോഗിച്ചുവന്ന 70 ഓളം വ്യത്യസ്ത നെല്‍ വിത്തുകളില്‍ 35 എണ്ണം ഇപ്പോഴും നാമാവശേഷമാകാതിരിക്കാന്‍ എല്ലാ വര്‍ഷവും 35 ഇനം നെല്‍ വിത്തുകള്‍ തന്റെ ഒന്നരയേക്കര്‍ 
വയലില്‍ നിരന്തരം കൃഷി ചെയ്തുകൊണ്ടിരിക്കുന്ന ക്രാന്തദര്‍ശിയായ അസാധാരണ മനുഷ്യന്‍.
ഒരു വര്‍ഷം രാമന്‍ കൃഷി ചെയ്യാതിരുന്നാല്‍ അപൂര്‍വ്വ (ഔഷധമൂല്യം പോലുമുള്ള ) മായ കുറേ നെല്‍ വംശങ്ങള്‍ എന്നെന്നേക്കുമായി നമുക്ക് നഷ്ടമായേക്കും.
 എന്തിനു പേടിക്കണം ?? നമുക്കു അന്താരാഷ്ട്ര അന്തക വിത്തുടമയായ മോണ്‍സിഞ്ചോയുണ്ടല്ലോ.... !!!
35 നെല്ലിനങ്ങളുടെ വിത്തുകളും പേരെഴുത്തി നമ്പറിട്ട് കെ.രാമന്‍ പ്രദര്‍ശനത്തിനു വച്ചിരിക്കുന്നു.
ചിന്താശേഷിയും സ്വാശ്രയ രാഷ്ട്രീയബോധവുമുള്ള ആരെങ്കിലും വിത്തുകളെ സംരക്ഷിക്കാനും പ്രചരിപ്പിക്കാനും വരുമെന്ന പ്രതീക്ഷയില്‍...
മൂന്നു മാസം മുതല്‍ 7 മാസം വരെ വിളവെടുപ്പു കാലമുള്ള വിത്തുകളുണ്ടിതില്‍.
ആയുര്‍വേദ ഔഷധക്കൂട്ടില്‍ ഉപയോഗിക്കുന്ന വിലപിടിപ്പുള്ള ഇനങ്ങളടക്കം.
ഈ അച്ഛന്റെ ഒരു ആത്മാര്‍ത്ഥത... നെല്‍ കൃഷിക്കു പുറമേ, പൊതു സ്ഥലങ്ങളില്‍ 
തണല്‍ വൃക്ഷ തൈ വച്ചുപിടിപ്പിക്കുന്ന മാനവികമായ ദുശീലവും
രാമേട്ടനുണ്ടെന്ന് പട്ടേട്ടില്‍ നിന്നും അറിയാന്‍ കഴിഞ്ഞു. അരാഷ്ട്രീയതയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന നമുക്കൊന്നും ഈ മനുഷ്യനെ മനസ്സിലാക്കാനുള്ള കഴിവുണ്ടാകാനിടയില്ല.
മണിയന്‍ കുറിച്ച്യനാണ്. അഞ്ചു മിനിട്ടുകൊണ്ട് ചിത്രകാരന്റെ സുഹൃത്തായി മാറി.
തലേ ദിവസം ഒറ്റയാന്‍ ആന ഇറങ്ങിയതും, അഞ്ചെട്ട് വീടുകള്‍ നശിപ്പിച്ചതും, 
എരുമയെ മൃതപ്രായമാക്കിയതും , ... എല്ലാം വിശദീകരിക്കുകയാണ്. പത്താം ക്ലാസുവരെ 
പഠിച്ചിട്ടുണ്ട്. തുടര്‍ന്നു പഠിക്കാനുള്ള സാഹചര്യം ഇല്ലായിരുന്നു.
പുഴ മനോഹരമാണ്. എന്നാല്‍, അപ്പുറത്തെവിടെയെങ്കിലും വല്ലവരും കുളിക്കുന്നുണ്ടെങ്കില്‍
മൊബൈലും ക്യാമറയും കൊണ്ടുള്ള സൌന്ദര്യാസ്വാദനം മാനഹാനിക്ക് ഹേതുവാകുമെന്നതിനാല്‍
മിതത്വം പാലിച്ചു.
ആദിവാസികളുടെ അമ്മയായ വള്ളിയൂര്‍ കാവിലമ്മയെയും സംഘികള്‍ വെറുതെ വിട്ടിട്ടില്ല.
കാവിനെ അവര്‍ ക്ഷേത്രമാക്കി ലേബലടിച്ചിരിക്കുന്നു... ഒരു കോണ്‍ക്രീറ്റ് കമാനത്തിലൂടെ.
എന്തൊരു രസമുള്ള കാവാണിത് !! മീനം 1 മുതല്‍ 14 ദിവസം ഉത്സവമാണത്രേ!
പൂജ നടത്തുന്നത് ഒരു നായരോ മറ്റോ ആണെന്ന് മണിയന്‍ പറഞ്ഞു. സ്ഥാനികളെല്ലാം ആദിവാസികള്‍ തന്നെ.

ഇത്തരമൊരു കല്‍ വിളക്ക് നെറ്റിലെ ഏതോ ഒരു പോസ്റ്റില്‍ കണ്ടത് ഓര്‍ക്കുന്നു.
ക്ഷേത്ര ശ്രീകോവില്‍ മഴവെള്ളത്തില്‍ മുങ്ങിപ്പോകുന്ന ദിവസം ആറാട്ടായി കൊണ്ടാടുന്ന
മധ്യകേരളത്തിലെ ഏതോ ഒരു കാവോ മറ്റോ ആണെന്നു തോന്നുന്നു.
ആദിവാസികളുടെ വള്ളിയൂര്‍ കാവിലമ്മയുടെ കാവില്‍ വിഗ്രഹങ്ങളും പ്രതിഷ്ഠകളുമൊന്നും കണ്ടില്ല.
അരൂപിയായ ദൈവത്തെ ബ്രാകറ്റിലാക്കി നിര്‍ത്താനയി ഒരു ഇരിപ്പിടം മാത്രം !
എട്ടുകാലികളെപ്പോലെയും പഴുതാരയെപ്പോലുമുള്ള ദൈവരൂപങ്ങളെ ആരാധിക്കുന്ന ബ്രാഹ്മണരുടെ സവര്‍ണ്ണ ഹിന്ദുമതത്തിനൊന്നും 
എത്തിച്ചേരാനാകാത്ത മഹനീയ ദാര്‍ശനിക ഗരിമ .
ഈ കാവില്‍ ഇനിയും വന്നുകൊണ്ടിരിക്കണം ... അത്രക്ക് മനോഹരമാണ് ഈ പ്രകൃതി !

Wednesday, April 18, 2012

കെ.വി.ഷൈനിന് ആദരാജ്ഞലികള്‍ !chithrakaran:ചിത്രകാരന്‍ said...
ഷൈനിന്റെ വിയോഗവാര്‍ത്തയറിഞ്ഞ് ഏറണാകുളത്തുനിന്നും സുദേഷ്, നിസ്സഹായന്‍, പ്രഭാകരന്‍, മാഹിന്‍ തുടങ്ങിയ ഓണ്‍ലൈന്‍ സുഹൃത്തുക്കള്‍ രാവിലെത്തന്നെ തുറവൂരിലെത്തിച്ചേര്‍ന്നിരുന്നു. സംസ്ക്കാര ചടങ്ങുകളിലും അവര്‍ പങ്കെടുത്തു. ഏതാണ്ട് ഒരു മാസം മുന്‍പ് ഷൈനിനും, ഷൈനിന്റെ സുഹൃത്ത് സുവീഷിനുമൊപ്പം തൃശൂര്‍-കൊടുങ്ങല്ലൂര്‍ യാത്ര നടത്തിയതിന്റെ ഹൃദ്യാനുഭവം സജീവമായി നില്‍ക്കുമ്പോഴാണ് ഒട്ടും പ്രതീക്ഷിക്കാത്ത ഈ വിയോഗവാര്‍ത്ത. ബ്ലോഗിലൂടെ ലഭിച്ച ആത്മാര്‍ത്ഥതയേറിയ സുഹൃത്തായിരുന്നു ഷൈന്‍. പ്രഫസര്‍ ജയപ്രകാശ്, പ്രഫസര്‍ വിജയകുമാര്‍, സുദേഷ് , വിഷ്ണു ചേകവര്‍, സുവീഷ് തുടങ്ങിയ നന്മനിറഞ്ഞ മനുഷ്യസ്നേഹികളോട് ചിത്രകാരന്‍ സംസാരിക്കാനും, പരിചയപ്പെടാനും ഇടവന്നിട്ടുള്ളത് ഷൈനിന്റെ സ്നേഹപൂര്‍ണ്ണമായ ഇടപെടലുകളായിരുന്നു. നെറ്റില്‍ ഒരിക്കലും ജനപ്രിയ മുഖം പ്രകടിപ്പിക്കാത്ത ചിത്രകാരനെ കുറച്ചുപേര്‍ക്കു മുന്‍പിലെങ്കിലും നല്ലവനാക്കാന്‍ ഷൈന്‍ ആത്മാര്‍ത്ഥമായി യത്നിച്ചിരുന്നു. ആ നിസ്വാര്‍ത്ഥമായ കരുതലിനോട് വേണ്ടവിധം കൃതജ്ഞത പറഞ്ഞ് കടം വീട്ടാന്‍പോലും അനുവദിക്കാതെ വിടപറഞ്ഞ ഷൈന്‍ ... അടച്ചുവക്കാനാകാത്ത സൌഹൃദ സ്മരണയായി ചിത്രകാരന്റെ മനസ്സില്‍ എന്നുമുണ്ടാകും. സൌമ്യനും മൃദുഭാഷിയുമായ ഷൈനിന്റെ അകാലവിയോഗത്തില്‍ ഏവരോടുമൊപ്പം ചിത്രകാരന്റേയും ആദരാജ്ഞലികള്‍.
ഗൂഗിള്‍ പ്ലസ്സിലെ ആദരാജ്ഞലിക്കുറിപ്പുകളുടെ പോസ്റ്റ് ലിങ്ക് ഫെസ്ബുക്കിലെ പോസ്റ്റിലേക്കുള്ള ലിങ്ക്. കേരള ബ്ലൊഗ് അക്കാദമിയിലെ ഡി.പ്രദീപ് കുമാറിന്റെ പോസ്റ്റിലേക്കുള്ള ലിങ്ക്.

Thursday, March 29, 2012

വഴി

സ്വര്‍ഗ്ഗവും നരകവും
വയല്‍ വരമ്പിന്റെ ഇരുവശത്തുമുള്ള
രണ്ടു രാജ്യങ്ങളാണ്.

എങ്കിലും,
സ്വര്‍ഗ്ഗ നരകങ്ങളിലെത്താന്‍
കുറുക്കു വഴികളില്ല.

നരകത്തിന്റെ നടുമുള്ളിലൂടെയാണ്
സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി.
സ്വര്‍ഗ്ഗത്തിന്റെ രാജപാതയിലൂടെയാണ്
നരകത്തിലേക്കുള്ള വഴി.


ഓരോ ചിന്തകള്‍ :)