Sunday, May 8, 2011

സവര്‍ണ്ണത - നശിപ്പിക്കപ്പെടേണ്ട ഹൈന്ദവ വര്‍ഗ്ഗീയത !

സവര്‍ണ്ണതയെ സവര്‍ണ്ണര്‍ എന്ന് തെറ്റിവായിക്കാതിരിക്കണമെന്ന് വിനയംകൂടാതെ ആദ്യമേ അഭ്യര്‍ത്ഥിക്കട്ടെ ! സവര്‍ണ്ണതയെ ആക്ഷേപിക്കുമ്പോള്‍ എന്തുകൊണ്ട് അവര്‍ണ്ണതയെക്കൂടി ആക്ഷേപിച്ച് നിക്ഷ്പക്ഷനാകുന്നില്ല എന്ന് ചിത്രകാരനോട് ഒളിഞ്ഞും തെളിഞ്ഞും പലരും ചോദിക്കുന്നുണ്ട്. ജനം അങ്ങനെ പലതും ചോദിച്ചുകൊണ്ടിരിക്കും. അതിനെല്ലാം സമയാസമയങ്ങളില്‍ ഉത്തരം പറയാന്‍ ചിത്രകാരനു ബാധ്യതകളൊന്നുമില്ല. ബ്ലോഗ് എഴുതുന്നത് സമയവും സന്ദര്‍ഭവും ഉണ്ടാകുമ്പോഴും, ബ്ലോഗ് എഴുതണമെന്ന് തോന്നുമ്പോഴുമാണ്. അതുകൊണ്ട് ചോദ്യങ്ങള്‍ ഉണ്ടാകട്ടെ, ഉത്തരങ്ങളും താനെ എവിടെനിന്നെങ്കിലും ഉണ്ടായിക്കൊണ്ടിരിക്കും(കാരണം ബ്ലോഗിലെഴുതുന്നത് ഒരു സമൂഹത്തോടുള്ള ആശയവിനിമയമാണ്.ഒരു വ്യക്തിയോടല്ല.) എന്ന് പറഞ്ഞുകൊണ്ട് സവര്‍ണ്ണതയെ എന്തുകൊണ്ട് നശിപ്പിക്കണം എന്ന് പറയാന്‍ ശ്രമിക്കാം :)


സവര്‍ണ്ണത
സവര്‍ണ്ണത എന്നാല്‍ വര്‍ണ്ണ വ്യവസ്ഥ എന്നുതന്നെയാണ് അര്‍ത്ഥം. അതായത് ഇന്ത്യന്‍ ജാതീയതയാണ് സവര്‍ണ്ണത. ബ്രാഹ്മണ ദൈവങ്ങളുടെ വാത്സല്യവും തീരുമാനങ്ങളും അടിസ്ഥാനപ്പെടുത്തി ജന്മനാ ജനങ്ങളെ ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍,ശൂദ്രര്‍ എന്നിങ്ങനെ നാലായി തരം തിരിച്ചുകൊണ്ട് തുടങ്ങിവച്ചതും, പിന്നീട് നാലായിരമായി ജനങ്ങളെ വര്‍ഗ്ഗീകരിച്ചതുമായ ഭിന്നിപ്പിച്ചു ഭരിക്കലിന്റെ സൂത്രവാക്യമാണ് സവര്‍ണ്ണത അഥവ ജാതീയത. ബ്രാഹ്മണ്യം എന്ന കേന്ദ്രത്തെ അടിസ്ഥാനപ്പെടുത്തി, അന്യ ജനവിഭാഗങ്ങളെ തങ്ങളുടെ സ്വാച്ഛാധിപത്യത്തിലേക്ക് കൊണ്ടുവരാനുദ്ദേശിച്ചുള്ള സാമൂഹ്യ വിഭജനമാണ് സവര്‍ണ്ണതയുടെ ഉദ്ദേശലക്ഷ്യം. രണ്ടായിരം വര്‍ഷത്തിലേറെക്കാലം ഇന്ത്യയെ സാംസ്ക്കാരികമായും, ആത്മീയമായും പിന്‍‌സീറ്റിലിരുന്ന് അടക്കിഭരിക്കുകയും, ബുദ്ദ്ജിശൂന്യവും,ദരിദ്രവുമാക്കുകയും ചെയ്ത ബ്രാഹ്മണ സ്വാര്‍ത്ഥത/വര്‍ഗ്ഗീയത സംരക്ഷിക്കുന്ന പ്രത്യയശാസ്ത്രമാണ് സവര്‍ണ്ണത. മാത്രമോ, ഇന്നും ബ്രാഹ്മണ ജാരസന്തതികളെന്ന് അവകാശപ്പെടാന്‍ അഭിമാനംകൊള്ളുന്നവരുടെ വര്‍ഗ്ഗീയ തുരുപ്പുചീട്ടായും, മഹനീയ പാരമ്പര്യമായും സവര്‍ണ്ണത സ്ഥാനമാനങ്ങളിലേക്കുള്ള പ്രഥമഗണനീയ യോഗ്യതയായി ഇന്ത്യയില്‍ ഉളുപ്പുകൂടാതെ നിലനില്‍ക്കുകയും ചെയ്യുന്നു !!! ഇന്ത്യന്‍ ജനസംഖ്യയുടെ പതിനഞ്ചോ ഇരുപതോ ശതമാനം മാത്രമേ ബ്രാഹ്മണ്യത്തിന്റെ സവര്‍ണ്ണ വ്യവസ്ഥിതിക്കകത്ത് വരുന്നുള്ളു എന്നതാണ് സവര്‍ണ്ണതയെ സാമൂഹ്യ ചൂഷകരാക്കുന്ന ഘടകം. സനാതന ഹിന്ദുത്വം എന്നത് വെറും ന്യൂനപക്ഷമായ സവര്‍ണ്ണതയാണെന്ന്.അവര്‍ണ്ണത
ഇനി അവര്‍ണ്ണത എന്താണെന്നു പരിശോധിക്കാം. ബ്രാഹ്മണ്യം മുന്നോട്ടുവച്ച സവര്‍ണ്ണ ജാതി വ്യവസ്ഥക്കകത്തു നില്‍ക്കാത്ത ജാതിരഹിത സമൂഹമായിരുന്നു അവര്‍ണ്ണര്‍ എന്നപേരില്‍ അറിയപ്പെട്ടിരുന്നത്. അതായത്, ബ്രാഹ്മണ ജാതി വ്യവസ്ഥയായ സവര്‍ണ്ണതയെ അംഗീകരിക്കാത്തവരും, സവര്‍ണ്ണതയെ എതിര്‍ക്കുന്നവരുമായ പഴയകാല ജനസംഖ്യയുടെ 90 ശതമാനത്തിലേറെപ്പേരെ ഉള്‍ക്കൊള്ളുന്ന ജനങ്ങളെയാണ് ബ്രാഹ്മണ്യം വര്‍ണ്ണ വ്യവസ്ഥിതിക്ക് പുറത്തുള്ളവരെന്ന അര്‍ത്ഥത്തില്‍ അവര്‍ണ്ണരെന്നു വിളിച്ചിരുന്നത്. അതായത് അവര്‍ണ്ണത ഒരു ജാതിയല്ല, ജാതിയില്ലായ്മയോ ജാതി വിരുദ്ധതയോ ആണ്. അതുമാത്രമല്ല, ബ്രാഹ്മണരുടെ പിന്‍‌സീറ്റ് ഭരണത്തിന്റെ ജനവിരുദ്ധതയെ 2000 വര്‍ഷത്തിലേറെ ചെറുത്തുപോന്ന ഭൂരിപക്ഷ ജനതയാണ് അവര്‍ണ്ണര്‍. പീഢനം സഹിക്കവയ്യാതെ, അതാതുകാലത്ത് ഇന്ത്യയിലെത്തിയ വിദേശികളുടെ സഹായത്തോടെ അവര്‍ണ്ണരിലെ ചെറു വിഭാഗങ്ങള്‍ മുസ്ലീങ്ങളായും, കൃസ്ത്യാനികളായും സവര്‍ണ്ണവ്യവസ്ഥിതിയുടെ പീഢനങ്ങളില്‍ നിന്നും രക്ഷപ്രാപിച്ചിട്ടുണ്ട്. ഇങ്ങനെ മുസ്ലീമും കൃസ്ത്യാനിയുമാകാതെ ഇപ്പോഴും സവര്‍ണ്ണ വ്യവസ്ഥിതിയോട് സമരസപ്പെട്ടും കലഹിച്ചും നില്‍ക്കുന്നവരാണ് ഇന്നത്തെ അവര്‍ണ്ണര്‍. അതായത് സവര്‍ണ്ണത ജാതീയതയും അവര്‍ണ്ണത ജാതിരാഹിത്യവുമാണ്.


അവര്‍ണ്ണരിലും ജാതി വ്യവസ്ഥയുണ്ടെന്ന് തര്‍ക്കത്തിലൂടെ തെളിയിച്ച് അവര്‍ണ്ണതയും ജാതിയാണെന്ന് സ്ഥാപിക്കാന്‍ സവര്‍ണ്ണാഭിമുഖ്യമുള്ള ജനം കാത്തു നില്‍ക്കുകയാണെന്നറിയാം :) തൊഴിലിനെ അടിസ്ഥാനപ്പെടുത്തിയോ സാമ്പത്തിക സ്ഥിതിയെ ആശ്രയിച്ചോ തീര്‍ച്ചയായും ഭേദഭാവങ്ങള്‍ അവര്‍ണ്ണര്‍ക്കിടയിലുമുണ്ടെന്നത് സത്യമാണ്. അവര്‍ണ്ണര്‍ക്കിടയില്‍ ജാതിസമാനമായ ബോധം നിര്‍മ്മിച്ചെടുക്കുന്നതില്‍ 2000 വര്‍ഷത്തെ ചരിത്ര പശ്ചാത്തലത്തില്‍ സവര്‍ണ്ണ തത്വശാസ്ത്രത്തിനു പങ്കുണ്ട്. മാത്രമല്ല, പണ്ട് അവര്‍ണ്ണരായിരുന്നവരെത്തന്നെയാണല്ലോ ബ്രാഹ്മണ്യം സവര്‍ണ്ണരാക്കിയതും. ബ്രാഹ്മണര്‍ക്ക് കൂടുതല്‍ ദാസ്യപ്പെട്ടവര്‍ സവര്‍ണ്ണരായും, ദാസ്യപ്പെടാതെ ഒഴിഞ്ഞു നിന്നവര്‍ അവര്‍ണ്ണരായി നിലനിന്നും എന്നുമല്ലേ  മനസ്സിലാക്കേണ്ടത് ? ഇന്നും ബ്രാഹ്മണ്യത്തോട് ഒട്ടി നിന്ന് സവര്‍ണ്ണതയിലേക്ക് ചേക്കേറാന്‍ കൊതിക്കുന്നവര്‍ അവര്‍ണ്ണരില്‍ ധാരാളമായിത്തന്നെ ഉണ്ട്. നമ്മുടെ സമൂഹത്തിന്റെ സാംസ്ക്കാരികതയായി ഉയര്‍ത്തിക്കാട്ടുന്നത് അധികാരവര്‍ഗ്ഗത്തിന്റെ കലയും സഹിത്യവുമാകയാല്‍ ഇന്നത്തെ അവര്‍ണ്ണരില്‍ സവര്‍ണ്ണാഭിമുഖ്യവും കലശലായ ജാത്യാഭിമാനവും അനുകരണ ഭ്രാന്തുമെല്ലാം സ്വാഭാവികം മാത്രമാണല്ലോ. പിന്നെ അവര്‍ണ്ണത എന്നത് ഒരു മതമോ സംഘടന സെറ്റപ്പൊന്നുമല്ല. മതാനുയായികളോളം ആത്മാഭിമാനം പണയം വെച്ചിട്ടില്ലാത്ത സ്വതന്ത്രമായ മനുഷ്യര്‍ എന്നല്ലാതെ അവരെ ഏതെങ്കിലും കളത്തിനകത്ത് നിര്‍ത്താനാകില്ല. അതുകൊണ്ടുതന്നെ, സവര്‍ണ്ണരുടെ ചാവേര്‍ പടയാളിയായിപ്പോലും അവര്‍ണ്ണരെ കണ്ടെന്നുവരും !!! കൂട്ടുകാരായ സവര്‍ണ്ണ സുഹൃത്തുക്കള്‍ക്ക് മനോവിഷമമുണ്ടാക്കേണ്ട എന്ന ചിന്തയാല്‍ സവര്‍ണ്ണതക്കുനേരേയുള്ള പരിഹാസങ്ങള്‍ തടുത്തു വിഴുങ്ങി, ഏയ്...ഏറ്റില്ല,,,ഒന്നും സംഭവിച്ചില്ലല്ലോ !! എന്ന് ഏംബക്കം വിടുന്ന സഹതാപം ജനിപ്പിക്കുന്ന  അവര്‍ണ്ണരേയും കാണാം.  അതായത് അവര്‍ണ്ണര്‍ക്ക് പക്ഷങ്ങളോ, വര്‍ഗ്ഗീയതയോ, ജാതീയതയോ ജന്മം കൊണ്ട് ഉണ്ടാകുന്നില്ല. ബ്രാഹ്മണ്യത്തിന്റെ സവര്‍ണ്ണ സാന്നിദ്ധ്യം കൊണ്ടല്ലാതെ അവര്‍ണ്ണന്‍ അവര്‍ണ്ണനായതുകൊണ്ട് ദുഷിക്കുന്നില്ല.

 
2000 വര്‍ഷക്കാലത്തിലേറെയായി ബ്രാഹ്മണ സവര്‍ണ്ണ വ്യവസ്ഥിതിയുമായി പൊരുതി നില്‍ക്കുന്ന അവര്‍ണ്ണതയെ നശിപ്പിക്കുകയല്ല വേണ്ടത്. അവര്‍ണ്ണതയെ അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്യേണ്ടതിനു പകരം, സവര്‍ണ്ണതയോടു ചേര്‍ത്തുകെട്ടി നശിപ്പിക്കണമെന്ന് പറയുന്നവര്‍ ഇന്ത്യന്‍ സാമൂഹ്യ ചരിത്രം സത്യസന്ധമായി മനസ്സിലാക്കാന്‍ തയ്യാറാകുന്നില്ല എന്നാണു പറയേണ്ടത്. സവര്‍ണ്ണത ഇല്ലാതായാല്‍ സവര്‍ണ്ണതയുടെ പ്രതിഫലനം ഒന്നുകൊണ്ടുമാത്രം അവര്‍ണ്ണരില്‍ ചെറിയ തോതിലെങ്കിലും കണ്ടുവരുന്ന ജാതീയതയുടെ നിഴലുകളും അപ്രത്യക്ഷമാകുന്നതാണ്. അതായത് സവര്‍ണ്ണരെ (ജാതിയുള്ളവരെ) അവര്‍ണ്ണരാക്കുക(ജാതിയില്ലാത്തവരാക്കുക) എന്നതാണ് ഒരു മത നിരപേക്ഷ ജനാധിപത്യ രാജ്യമായി യാഥാര്‍ത്ഥ്യബോധത്തോടെ വളരാന്‍ ഇന്ത്യക്കാരന്‍ ചെയ്യേണ്ടത്. അതിനായി കുഞ്ചന്‍ നമ്പ്യാര്‍ ചെയ്തിരുന്നതുപോലെ സവര്‍ണ്ണതയെ നഖശിഖാന്തം വിമര്‍ശിച്ചു നശിപ്പിക്കേണ്ടിയിരിക്കുന്നു.സവര്‍ണ്ണതയുടെ പൂണൂലും നാട്യങ്ങളും ആനത്തഴമ്പും ജാതി വാലും സമൂഹത്തില്‍ തങ്ങള്‍ക്ക് ദുരഭിമാനത്തിനു പകരം മുന്‍‌കാല ദുര്‍നടപ്പിന്റെ സ്മാരകങ്ങള്‍ പേറുന്ന വിഢികളെന്ന സ്ഥാനമാണ് നല്‍കുന്നതെന്ന് ബോധ്യപ്പെട്ടാല്‍ പൂണൂലും ജാതിവാലും നാട്യങ്ങളും താനെ ഇല്ലാതാകുന്നതാണ്. പക്ഷേ, ഇതു താനെ സംഭവിക്കില്ല. അവര്‍ണ്ണര്‍ ഈ നാണം കെട്ട സവര്‍ണ്ണാഭിമാനികളെ ചരിത്ര പുസ്തകങ്ങളിലൂടെയും, വസ്തുനിഷ്ട ലേഖനങ്ങളിലൂടെയും, പൊതുവേദിയിലുള്ള സാംസ്ക്കാരിക പരിഹാസങ്ങളിലൂടെയും  സവര്‍ണ്ണതക്കെതിരെ സന്ധിയില്ലാസമരം പ്രഖ്യാപിക്കുകതന്നെ വേണം. അപ്പോഴും, ശാരീരികമായി സവര്‍ണ്ണന്റെ പൂണൂല്‍ വലിച്ചുപൊട്ടിക്കാന്‍ അവര്‍ണ്ണന്‍ തുനിയരുതെന്ന് ഓര്‍മ്മവേണം. കാരണം, ആ സ്വന്തം ജീര്‍ണ്ണത സ്വയം മനസ്സിലാക്കേണ്ടതും സ്വയം അറുത്തുമാറ്റേണ്ടതും സവര്‍ണ്ണന്റെ ആവശ്യമാണ്. പരിഹാസം മുറുകുമ്പോള്‍ സവര്‍ണ്ണരില്‍ നിന്നും, സാമൂഹ്യ പരിഷ്ക്കര്‍ത്താക്കള്‍ ജനിക്കുകയും, സവര്‍ണ്ണതയുടെ ദുര്‍ഗന്ധം പേറുന്ന ബ്രാഹ്മണ വേശ്യാ സംസ്കൃതിയുടെ അവശിഷ്ടങ്ങളായ ജാതിവാലുകളും, ആനത്തഴമ്പുകളും ചരിത്രത്തില്‍ രേഖപ്പെടുത്തി വര്‍ണ്ണരഹിതരായി/ ജാതി ചിന്തവെടിഞ്ഞ് അവര്‍ണ്ണരാകാന്‍ സവര്‍ണ്ണാഭിമാനികള്‍ സ്വയം തയ്യാറായിക്കൊള്ളും.


ദുരഭിമാനികളായ സവര്‍ണ്ണ ജാതിവാലുകളുടെ ശല്യം ബസ്സിലും ബ്ലോഗിലും  സഹിക്കവയ്യാതെ പെട്ടെന്ന് എഴുതേണ്ടിവന്ന പോസ്റ്റാണിത്. കുറച്ചുകൂടി ക്ഷമിച്ച്, ചിത്രകാരന്റെ ചിന്തകള്‍ പക്വമാകട്ടെ എന്ന് കരുതി എഴുതാതിരുന്ന വിഷയമാണ്. സവര്‍ണ്ണത-അവര്‍ണ്ണത എന്ന വിഷയത്തെക്കുറിച്ച് നല്ലൊരു ലേഖനമെഴുതാനുള്ള മൂഡും, അവസരവും നഷ്ടപ്പെടുത്തിയ മണ്ണുണ്ണീകള്‍ക്ക് പാതിവെന്ത ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു.


എരിവു പോരാത്തവര്‍ക്ക് താഴെകൊടുത്ത പൂര്‍വ്വചരിത്രങ്ങളുടെ പച്ചമുളക് എടുത്ത് കടിക്കാവുന്നതാണ്.
1)നായന്മാരുടെ നെയ്‌ക്കിണ്ടിവക്കല്‍
2)മണാളരും നായര്‍ കന്യകമാരും
3)സംബന്ധവും സ്മാര്‍ത്തവിചാരവും

Monday, May 2, 2011

“ഒപ്പുമരവും” ബ്ലോഗര്‍മാരും

കാസര്‍ഗോട്ടെ  എന്റോസള്‍ഫാന്‍ ബാധിത പ്രദേശത്തേക്ക് ഒരു യാത്ര നടത്തണമെന്ന ആശയം മുന്നോട്ട് വച്ചത് കടത്തനാടനാണ്. ഡി.പ്രദീപ്കുമാറുമായും, ഷാജിമുള്ളൂക്കാരന്‍ , ഗള്‍ഫിലുള്ള മണിക്കുട്ടി മഹേഷുമായും ആശയം സംസാരിച്ചതിനു ശേഷം കടത്തനാടന്‍ ചിത്രകാരനെ വിളിച്ച് അറിയിക്കുകയും, കേട്ടപാടെ... എങ്കില്‍ ഈ മെയ് ഒന്നിനു തന്നെയാകട്ടെ എന്ന് ചിത്രകാരന്‍ സമയം നിശ്ചയിക്കുകയുമാണുണ്ടായത്. വടകരയില്‍ നിന്നും അഞ്ചുപേര്‍ എന്തായാലും ഉണ്ടാകുമെന്ന് കടത്തനാടന്‍ ഉറപ്പു പറയുമ്പോള്‍ പിന്നൊന്നും നോക്കേണ്ട കാര്യമില്ലല്ലോ! അങ്ങനെ, അന്നുതന്നെ ബ്ലോഗ് അക്കാദമിയില്‍ ഒരു അറിയിപ്പ് പോസ്റ്റും ഇട്ടു. അതിനെത്തുടര്‍ന്ന് കുറെപേര്‍ ബന്ധപ്പെട്ടെങ്കിലും പലര്‍ക്കും പെട്ടെന്നായതുകൊണ്ട് യാത്രയില്‍ പങ്കെടുക്കാനായില്ല. സാവകാശം വേണ്ടവര്‍ക്ക് സാവകാശം പോകാനും കാസര്‍ഗോഡും, പ്രശ്നബാധിത ജനങ്ങളും അവിടത്തന്നെ നിലനില്‍ക്കുന്നതിനാല്‍ വിഷമിക്കേണ്ടതില്ലെന്നും, അടുത്ത ട്രിപ്പിന് പോകാമെന്നും പറഞ്ഞു. മാത്രമല്ല, പാലക്കാട്ടെ മുതലമടയിലെ മാങ്ങാകൃഷിയും, ഇടുക്കിയിലെ ഏലത്തോട്ടങ്ങളുമെല്ലാം ഭാവിയിലെ കാസര്‍ഗോഡായി വികസിച്ചുകൊണ്ടിരിക്കുകയുമാണല്ലോ. അങ്ങനെ, മലപ്പുറം ജില്ലയില്‍ നിന്നും വിചാരവും, കൊട്ടോട്ടിയും,ഫൈസു മദീനയും, വടകരയില്‍ നിന്നും കടത്തനാടന്റെ നേതൃത്വത്തിലുള്ള അഞ്ചഗ സംഘവും, കാഞ്ഞങ്ങാട് ബേക്കലില്‍ നിന്നുള്ള വിജയരാജനും,കണ്ണൂരില്‍ നിന്നുള്ള ചിത്രകാരനും എന്‍ഡോസള്‍ഫാന്‍ ബാധിതപ്രദേശങ്ങള്‍ നേരില്‍ കാണാനായി പുറപ്പെട്ടു. കണ്ണൂരില്‍ നിന്നും 90 കിലോമീറ്റര്‍ അകലെയുള്ള കാസര്‍ഗോട്ടേക്ക് പുറപ്പെടുമ്പോള്‍ അവിടെ പരിചയക്കാരാരെങ്കിലും വേണമല്ലോ. പരസ്യ ഏജന്‍സികളുടെ സംഘടനയായ കെത്രിഎ യുടെ ജില്ലഭാരവാഹിയായ അനീഷിനോട് കാര്യം പറഞ്ഞൂ. സ്ഥലത്തെ സാമൂഹ്യപ്രവര്‍ത്തകരായ വത്സലന്‍ മാസ്റ്ററുടേയും, കെ.എസ്.അബ്ദുള്ളയുടേയും, ഉത്തരദെശം സായാഹ്ന പത്രത്തിന്റെ ഉടമയുടേയും സഹായം ഉറപ്പുവരുത്താന്‍ അനീഷ് സഹായിച്ചു. കാസര്‍ഗോട്ട് പട്ടണത്തില്‍ നിന്നും 35 കിലോമീറ്ററോളം അകലെയായി കര്‍ണ്ണാടക അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പ്രദേശത്തേക്കു പോകാന്‍ വിജയന്‍ എന്ന സഹൃദയന്റെ വാഹന സൌകര്യവും വത്സേട്ടന്‍ ഏര്‍പ്പാടുചെയ്തുതന്നു. കാസര്‍ഗോഡ് ഒപ്പുമരച്ചുവട്ടില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനായി മൂന്നുദിവസം നിരാഹാരം കിടന്ന് കാസര്‍ഗോട്ടുകാരുടെ ഹൃദയത്തിലിടംനേടിയ മലപ്പുറത്തുകാരായ രണ്ടു ഡിഗ്രി വിദ്യാര്‍ത്ഥികളേയും ഞങ്ങള്‍ക്ക് കൂട്ടിനു കിട്ടി. ഈ യാത്ര ആരേയും ബോധ്യപ്പെടുത്താനായിരുന്നില്ല, ഞങ്ങള്‍ക്ക് കീടനാശിനികളുടെ ദുരിതത്തെ സ്വയം കണ്ട് ബോധ്യപ്പെടുന്നതിനായിരുന്നു. കെ.എസ്.അബ്ദുള്ള എന്ന എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമര പ്രവര്‍ത്തകന്‍ തന്നെയാണ് ഞങ്ങള്‍ക്ക് ഗൈഡായി കൂടെവന്നത്. അദ്ദേഹത്തോടും, വത്സലന്‍ മാഷോടും,വിജയനോടും,അനീഷിനോടും നന്ദി രേഖപ്പെടുത്തട്ടെ. നൂറുകണക്കിനു വീടുകളിലായി വളരെയധികം മനുഷ്യര്‍ ഇവിടെ എന്‍ഡോസള്‍ഫാന്‍ ദുരിതം അനുഭവിക്കുന്നവരായുണ്ടെങ്കിലും, ചിലരെങ്കിലും അത് പുറത്തുകാണിക്കാതെ ജീവിക്കുന്നവരുമുണ്ട്. അവരെ ഒഴിവാക്കി, കാണുന്നതില്‍ വിഷമമില്ലാത്തവരെ മാത്രമായി കണ്ടു വിവരങ്ങള്‍ അന്വേഷിക്കാനാണ് ഞങ്ങള്‍ ശ്രമിച്ചത്. എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തില്‍ ജനങ്ങളോടൊപ്പം നില്‍ക്കുന്ന സാമൂഹ്യപ്രവര്‍ത്തകരുടെ കൂട്ടായ്മയായ എന്‍‌വിസാഗിന്റെ പ്രവര്‍ത്തകരായ എം.എ.റഹ്‌മാന്‍ മാഷുമായോ, വത്സലന്‍ മാഷുമായോ താല്‍പ്പര്യമുള്ള മനുഷ്യ സ്നേഹികള്‍ക്ക് ബന്ധപ്പെടാം. മെയ് 1 ന് ബ്ലോഗര്‍മാര്‍ സഞ്ചരിച്ച വഴികളിലെ ചില ദൃശ്യങ്ങള്‍ താഴെ കൊടുക്കുന്നു.
35 കിലോ മീറ്റര്‍ ദൂരെയുള്ള എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത പ്രദേശത്തിന്റേയും, ജനങ്ങളുടേയും സാന്നിദ്ധ്യം കാസര്‍ഗോഡ് നഗര മധ്യത്തില്‍ സജീവമാക്കുന്നതിനും , എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തിനു ശ്രദ്ധകേന്ദ്രീകരിക്കുന്നതിനുമായി കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്‍ഡിനടുത്തുള്ള തണല്‍ വൃക്ഷത്തെ ബാനറുടുപ്പിച്ച് , ജനങ്ങളുടെ ധാര്‍മ്മിക പിന്തുണയുടെ കയ്യൊപ്പുകളണിഞ്ഞ് നില്‍ക്കാന്‍ ഭാഗ്യം ലഭിച്ച “ഒപ്പു മരം” . ഏപ്രില്‍ 29 ന് എന്‍ഡോസള്‍ഫാന്‍ ലോകവ്യാപകമായി നിരോധിച്ച സ്റ്റോക്ക് ഹോം പ്രഖ്യാപനം വന്ന സമയം ഒപ്പുമരച്ചുവട്ടില്‍ കാസര്‍ഗോട്ടുകാര്‍ വിജയമാഘോഷിച്ചിരുന്നു. അതുകൊണ്ടുതന്നെ “ഒപ്പുമരം” ചരിത്രത്തിന്റെ ഭാഗമാണ്. 
കടത്തനാടന്‍ “ഒപ്പുമരച്ചുവട്ടില്‍”
വടകരയിലെ ശശിമാഷും കൂട്ടുകാരും, ഒപ്പുമരത്തെ തലയില്‍ താങ്ങുന്ന വിചാരത്തേയും കാണാം.  
വത്സലന്‍ മാഷ്, വിചാരം, കൊട്ടോട്ടി, വിജയരാജന്‍
മൂന്നു ദിവസം നിരാഹാരം കിടന്ന മലപ്പുറത്തുകാരന്‍ കുട്ടിപത്രം എഡിറ്റര്‍(സ്വന്തം നിലയില്‍ പത്രം ഇറക്കിയ ഒരു ഡിഗ്രി വിദ്യാര്‍ത്ഥിയാണ്.) , കൂടെ വിചാരം. 
വിജയന്‍, വിജയ രാജ്, കെ.എസ്.അബ്ദുല്ല
ബ്ലോഗര്‍മാര്‍ 
കെ.എസ്.അബ്ദുള്ള എന്‍ഡോസള്‍ഫാന്‍ കലക്കി സ്പ്രേ കെയ്തിരുന്ന പ്ലാന്റേഷന്‍ തൊഴിലാളിയുടെ ഇപ്പോഴത്തെ രോഗാതുരമായ അവസ്ഥയെ വിവരിക്കുന്നു.
ഒരു ദുരിത ബാധിത
പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഉടമകളായ സര്‍ക്കാരിന് ഇവരുടെ ജീവിതം നരഗതുല്യമാക്കിയതില്‍ നേരിട്ടുള്ള പങ്കുണ്ട്.
ആറു കുട്ടികളുള്ളതില്‍ രണ്ടു പേര്‍ രോഗബാധിതരാണ്. ഡി.എന്‍.എ.ക്കകത്തു കയറിപ്പറ്റുന്ന കീടനാശിനി ജീവിത കോണിയുടെ ഏതൊക്കെ അഴികളാണ് അറുത്തുമാറ്റിയിരിക്കുന്നതെന്ന് കാലത്തിനു മാത്രമേ പറയാനാകു

തല നിരന്തരം വിറപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു കുട്ടി
പ്ലാന്റേഷന്‍ കോര്‍പ്പറേഷനിലെ ജോലിക്കാരനായിരുന്നു. ഇപ്പോള്‍ മാറാവ്യാധികളുമായി മല്‍പ്പിടുത്തത്തിലാണ്. മുറ്റത്തെ ദൈവ പ്രതിഷ്ടകളുടെ അനുഗ്രഹങ്ങള്‍ ഫലിക്കുന്നില്ല.
വീട് കര്‍ണ്ണാടക അതിരിനകത്താണ്. കിണര്‍ കേരളത്തിനകത്തും.
ഓടിക്കളിക്കേണ്ട ബാല്യം
എന്‍ഡോസള്‍ഫാന്‍ വിഷലിപ്തമാക്കിയ ജീവിതം
കര്‍ണ്ണാടക അതിരില്‍ ഇത്തരം ഏഴോ എട്ടോ കശുമാവിന്‍ തോട്ടങ്ങളുണ്ട് കേരളത്തിന്റെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്  
ജനങ്ങളുടെ വഴിമുടക്കിയാണെങ്കിലും സത്യങ്ങാളെ പൊതുജനശ്രദ്ധയില്‍ നിന്നും മറച്ചു പിടിക്കാനായി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ സ്ഥാപിച്ചിരിക്കുന്ന മാര്‍ഗ്ഗതടസ്സങ്ങള്‍.
പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ കശുമാവിന്റെ ചരിത്രം തന്നെ തങ്ങളുടെ തോട്ടങ്ങളില്‍ നിന്നും മായ്ച്ചുകളയാനുള്ള ശ്രമത്തിലാണ്.
പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കോംബൌണ്ടില്‍ തൊഴിലാളികള്‍ വിശ്രമിക്കുന്ന പുല്ലുമേഞ്ഞ വീടുകണ്ട് ബ്ലോഗര്‍മാര്‍ അവിടേക്കു കയറുകയാണ്.
അവര്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ തൊഴിലാളികളല്ലെന്നും, മരം മുറിക്കാന്‍ മാത്രം വന്നവരാണെന്നും....
പ്ലാന്റേഷന്‍ കോര്‍പ്പറെഷന്‍ തൊഴിലാളിയോട് ബ്ലോഗര്‍മാര്‍... എന്‍ഡോസള്‍ഫാന്‍ സ്പൃചെയ്തിരുന്നത് അത് വിഷമാണെന്ന് അറിഞ്ഞ്കൊണ്ടുതന്നെ ആയിരുന്നോ എന്ന്... !!!
പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഓഫീസുകള്‍


എന്‍ഡോസള്‍ഫാന്‍ വിഷം സൂക്ഷിച്ചിരുന്ന ടാങ്കു തേടി... കടത്തനാടന്‍
കോര്‍പ്പറേഷ്ന്‍ കോമ്പൌണ്ടിനു പിന്നില്‍ ഹെലികോപ്റ്റര്‍ ലാന്‍ഡു ചെയ്തിരുന്ന സമതലമായ പാറപ്പുറം. കശുമാവെല്ലാം വെട്ടിക്കളണ്ടത് കാണാം.
ഹെലിപ്പാഡും, എന്‍ഡോസള്‍ഫാന്‍ വിഷം നേര്‍പ്പിച്ചിരുന്ന ടാങ്കും.
വിഷടാങ്കിനു സമീപം വിചാരം
ഹെലികോപ്റ്ററില്‍ തളിക്കുന്നതിനായി  വിഷം കലക്കിയിരുന്ന ടാങ്ക്.
ഇവിടെ നിന്നും ഒരു അരുവി ഉത്ഭവിക്കുന്നുണ്ട്. വിഷം താഴ്വാരങ്ങളിലെ ജലാശയങ്ങളിലെത്തുന്നത് അങ്ങനെയാണ്.
മുറിച്ചുമാറ്റപ്പെട്ട കശുമാവുകള്‍
എന്‍ഡോസള്‍ഫാന്‍ ഇപ്പോഴും ഊറിക്കൂടിയിരിക്കുന്നുണ്ടാകാം.
താഴ്വാരത്തിലെ ജലാശയങ്ങളെ ചൂണ്ടിക്കാണിക്കുന്ന കെ.എസ്.അബ്ദുള്ള
മെയ് ഒന്നിന് കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതപ്രദേശം സന്ദര്‍ശിച്ച ബ്ലോഗര്‍മാര്‍ കെ.എസ്.അബ്ദുള്ളയോടൊപ്പം
............................................