നമ്മുടെ നെറ്റ് കഫെകള്‍ അത്യാവശ്യം ഇംഗ്ലീഷില്‍ ഈ-മെയില്‍ അയക്കാനും,പിന്നെ അശ്ലീല വെബ് സൈറ്റുകള്‍ സന്ദര്‍ശിക്കാനും മാത്രമുള്ള പൊതു ഇടങ്ങളാണെന്ന് തോന്നുന്നു.കേരളത്തിലെ ഒട്ടുമിക്ക നെറ്റ് കഫെകളിലെ കംബ്യൂട്ടറുകളിലും മലയാള ഭാഷ കിട്ടാക്കനിയാണ്.എവിടേയും യൂണീക്കോഡ് മലയാളം ലഭ്യമല്ല.വളരെ അനായാസമായി മലയാളം ഇന്‍സ്റ്റാള്‍ ചെയ്ത് കംബ്യൂട്ടര്‍ കഫെകളെ വായന ശാലകള്‍ പോലെ ജന സൌഹാര്‍ദ്ദനിലയങ്ങളായും,സാംസ്ക്കാരിക കേന്ദ്രങ്ങളായും പരിവര്‍ത്തനപ്പെടുത്താമെന്നിരിക്കെ നമ്മുടെ സര്‍ക്കാരിനോ,കംബ്യൂട്ടര്‍ സാക്ഷരതാക്കുവേണ്ടിയുള്ള സാങ്കേതിക വിദഗ്ദര്‍ക്കോ അതിനുവേണ്ടിയുള്ള സംഭാവനകളൊന്നും നല്‍കാനാകുന്നില്ലെന്നത് നിര്‍ഭാഗ്യകരം തന്നെ.
കേരളത്തില്‍ യാതചെയ്യേണ്ടിവരുന്ന മലയാളം ഉപയോഗിക്കുന്ന ബ്ലോഗര്‍മാര്‍ക്കാണ് ഈ അസൌകര്യം വളരെ അരോചകമായി തോന്നുക. കാരണം പലരുടെയും മെയില്‍ ബോക്സില്‍ നിറഞ്ഞിരിക്കുന്ന മെയിലുകള്‍ അധികവും മലയാളത്തിലാകുമെന്നതിനാല്‍ മെയില്‍ ബോക്സ് തുറന്നാലും മെയിലുകള്‍ വായിക്കാനാകാതെ വിഷമവൃത്തത്തിലാകുന്നു !
ഇതിനൊരു പരിഹാരം ബ്ലോഗര്‍മാര്‍ മുന്നിട്ടിറങ്ങിത്തന്നെ ഉണ്ടാക്കേണ്ടതാണെന്നു തോന്നുന്നു.
കേരള ബ്ലോഗ് അക്കാദമി,വിവിധ ബ്ലോഗ് കമ്യൂണിറ്റികള്‍,ബ്ലോഗ് പത്രങ്ങള്‍,മലയാളം ന്യൂസ് പോര്‍ട്ടലുകള്‍ എന്നിവര്‍ കൂട്ടായ്മയോടെ ശ്രമിച്ചാല്‍ നമ്മുടെ ഇന്റെര്‍നെറ്റ് കഫെകള്‍ മലയാളം യൂണിക്കോഡ് ഇന്‍സ്റ്റാള്‍ ചെയ്യാനും,മലയാളം മെയില്‍ അയക്കലും ബ്ലോഗ് വായനയും,എഴുത്തും അനായസമാക്കാനും സാധിക്കുന്നതാണ്. ഈ സദുദ്ധേശത്തിനായി നമുക്ക് യോജിച്ച് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.വിദേശങ്ങളില്‍ നിന്നും വല്ലപ്പോഴും നാട്ടില്‍ വരുന്നവര്‍ക്കും കഫെകളുടെ മലയാളവല്‍ക്കരണം വളരെ ആശ്വാസമാകും.ഇത്തരം ചിന്തകളും,പ്രവര്‍ത്തനവും വികസിക്കുന്നതിനായി ഈ വിഷയം ബ്ലോഗര്‍മാര്‍ ചര്‍ച്ചചെയ്യണമെന്ന് ചിത്രകാരന്‍ അഭ്യര്‍ത്ഥിക്കുന്നു.