Sunday, May 24, 2009

സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുംബോള്‍...

സ്ത്രീക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നത് ഒരു സ്ത്രീ വിവേചനമായി മാത്രമേ നമുക്കു കാണാനാകുന്നുള്ളു. വിദ്യാഭ്യാസം ജോലി നേടുന്നതിനും,പണം സംബാദിക്കുന്നതിനുമുള്ള യോഗ്യതയായി മാത്രം മനസ്സിലാക്കപ്പെടുന്ന സമൂഹത്തിലെ അംഗങ്ങളായതുകൊണ്ടാണ് ആ പരിമിതി.
വിദ്യാഭ്യാസം ഒരു ആധുനിക സമൂഹത്തിലേക്ക് മുന്നേറാനുള്ള വെളിച്ചമാണെന്നു വിശ്വസിക്കുന്ന ചിത്രകാരന് സ്ത്രീകളുടെ വിദ്യാഭ്യാസ നിഷേധത്തില്‍ സ്ത്രീ വിവേചനമൊന്നും കാണാനാകുന്നില്ല. മറിച്ച് , മാനവിക പുരോഗതിയുടെ വന്ധ്യംങ്കരണ പ്രക്രിയയാണ് സ്ത്രീ വിദ്യാഭ്യാസ നിഷേധത്തില്‍ കാണാനാകുന്നത്.
പാക്കിസ്ഥാനിലെ സ്വാത്ത് താഴ്വരയില്‍ കഴിഞ്ഞവര്‍ഷം 200 സ്കൂളുകള്‍ താലീബാന്‍ തകര്‍ത്തത് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതിനു വേണ്ടിയാണ്.ആണ്‍കുട്ടികള്‍ പഠിക്കുന്നത് കുഴപ്പമുള്ളതായി ഇസ്ലാമിക ഭരണത്തിനുവേണ്ടി സായുധസമരം നടത്തുന്ന താലിബാന്‍ ഭീകരര്‍ക്ക് തോന്നുന്നില്ല.

(മത ഗ്രന്ഥങ്ങള്‍ പ്രകാരം ഭൂമി മനുഷ്യ കൃഷി നടത്താനുള്ള ദൈവത്തിന്റെ ഏതന്‍ തോട്ടമായതിനാലും, സകല അറിവുകളുടേയും,വസ്തുക്കളുടേയും നാഥനായ ദൈവം കൃഷിക്കാവശ്യമായ എല്ലാകാലത്തേക്കുമുള്ള സകല അറിവുകളും ആയിരക്കണക്കിന് കൊല്ലം മുന്‍പ് തന്നെ വള്ളിപുള്ളി വിടാതെ എഴുതിവച്ചിട്ടുള്ളതിനാല്‍ പുതിയ അറിവുകള്‍ സൃഷ്ടിച്ചുകൊണ്ട് മനുഷ്യന്‍ മുന്നോട്ട് പോകുന്നത് അവരുടെ ദൈവത്തിനോ മതത്തിനോ സഹിക്കാനാകില്ല. ഈ പ്രതിസന്ധി ഒഴിവാക്കുന്നതിനുവേണ്ടിയാണ് സ്ത്രീകളെ നിരക്ഷരകളാക്കുക എന്ന പ്രായോഗിക പരിഹാരം നടപ്പാക്കിയിട്ടുള്ളത്.)

പുരുഷന്മാരുടെ വിദ്യാഭ്യാസം താല്‍ക്കാലികമായ സാംബത്തികാഭിവൃദ്ധിക്കും,സാമൂഹ്യ പുരോഗതിക്കും കാരണമാകുംബോള്‍ മത വര്‍ഗ്ഗീയത അതിനു നല്ല നടപ്പ് അനുവദിക്കുന്നു. മതനിയമങ്ങള്‍ ഒന്നാമതായി പഠിക്കണമെന്ന നിബന്ധന മാത്രം പാലിച്ചാല്‍ മതിയാകും.ആ നിയമത്തില്‍ സ്ത്രീകളെ എങ്ങിനെ വിദഗ്ദന്മായി തടവിലിടാം എന്നുകൂടി പഠിപ്പിക്കുന്നതിനാല്‍ ഒന്നുകൊണ്ടും പേടിക്കേണ്ടതില്ല.
സ്ത്രീ വിദ്യാഭ്യാസം തലമുറയില്‍ നിന്നും തലമുറയിലേക്ക് അറിവായും,ആകുലതകളായും,അഭിവാഞ്ചകളായും,കൈമാറ്റം ചെയ്യപ്പെടുകയും,അറിവിന്റെ പ്രത്യുല്‍പ്പാദന കേന്ദ്രമായും നിലകൊള്ളുന്നതിനാല്‍ സ്ത്രീ വിദ്യാഭ്യാസം സമൂഹത്തിന്റെ സ്ഥിരതക്ക് ഭീഷണിയാണെന്നതിനാല്‍ സ്ത്രീ വിദ്യാഭ്യാസം വിലക്കപ്പെടേണ്ടതാകുകയും ചെയ്യുന്നു.
സ്ത്രീയും പുരുഷനും തങ്ങള്‍ക്ക് ലഭിക്കുന്ന വിദ്യാഭ്യാസം ഒരുപോലെയല്ല വിനിയോഗിക്കുന്നത്. അതില്‍ തുല്യതയില്ലെന്നര്‍ത്ഥം.
സ്ത്രീയില്‍ നിന്നും സ്വഭാവികമായ അഭിലാഷമോ പ്രചോദനമോ പാരംബര്യബോധമായിലഭിക്കാതെ പുരുഷന്‍ പുരോഗതിയിലേക്ക് സ്വയം നടക്കാന്‍ പ്രാപ്തനല്ലെന്ന് !!!
സ്ത്രീ തന്റെ സന്തതി പരംബറ്രകളിലൂടെ /തന്റെ പുരുഷനിലൂടെ ഒരു സൌഗന്ധികപുഷ്പ്പത്തോടോ,മായപൊന്മാനെ സ്വന്തമാക്കാനുള്ള ആഗ്രഹമോ,പ്രതികാരത്തിന്റെ അഗ്നിയോ,അപമാനത്തിന്റെ കൈപ്പുനീരോ പകര്‍ന്നു നല്‍കുന്നതിലൂടെയാണ് ചരിത്രം രചിക്കാനുള്ള നിയോഗം മനുഷ്യനുണ്ടാകുന്നത്. സ്ത്രീ വിദ്യാഭ്യാസ നിഷേധത്തിലൂടെ ഈ വളര്‍ച്ചയാണ് താലിബാനികള്‍ക്ക് ഇല്ലാതാക്കാന്‍ കഴിയുന്നത്.
അതുകൊണ്ടുതന്നെ സ്ത്രീ വിദ്യാഭ്യാസം വളരാന്‍ ആഗ്രഹിക്കുന്ന ഏത് സമൂഹത്തിന്റേയും ഒരേയൊരു വെളിച്ചമാണ്.
പുരുഷന്‍ വിദ്യ അഭ്യസിക്കുംബോള്‍ ഒരു കുടുംബം മാത്രം (സാംബത്തികമായി)രക്ഷപ്പെടുന്നു.
സ്ത്രീ വിദ്യ അഭ്യസിക്കുംബോള്‍ ഒരു സമൂഹത്തിനു മുഴുവന്‍ പുരോഗതി പ്രാപിക്കാനുള്ള അറിവ് അവളുടെ ഭര്‍ത്താവിലൂടെയും,മക്കളിലൂടെയും പ്രസരിപ്പിക്കപ്പെടുന്നു.
ഈ വിഷയത്തില്‍ ദയവായി സ്ത്രീ വര്‍ഗ്ഗീയ പക്ഷ ചിന്തകള്‍ കലക്കി മത വര്‍ഗ്ഗീയതയുടെ സ്ത്രൈണ രൂപങ്ങള്‍ സൃഷ്ടിക്കാതിരിക്കുക!