Wednesday, April 14, 2010

ഗോപാലകൃഷ്ണന്മാരും ബ്ലോഗര്‍മാരും

ബ്രാഹ്മണ ഹിന്ദുമതത്തിന്റെ വാനരപ്പടയില്‍ അണിനിരന്നുകൊണ്ട് ആധുനിക ശാസ്ത്രപുരോഗതിക്കുനേരെ ആസനത്തിലെ ആര്‍ഷഭാരതത്തിന്റെ ആനത്തഴംബ് പ്രദര്‍ശിപ്പിച്ച് ഊറ്റം കൊള്ളുന്ന ജോതിഷ ചക്രവര്‍ത്തിമാരും,ആദ്ധ്യാത്മിക-ആത്മീയ ആചാര്യന്മാരും,മനുഷ്യ ദൈവങ്ങളും നമ്മുടെ നാട്ടില്‍ കുറ്റിയറ്റു പോകേണ്ടതിനു പകരം റബ്ബറുപോലെ പുതിയ പുതിയ പ്ലാന്റേഷനുകളായി ഊര്‍ജ്ജിതമായി വളര്‍ത്തപ്പെടുകയാണ്. അന്ധവിശ്വസിത്തിന്റേയും,അനാചാരങ്ങളുടേയും രക്ഷാധികാരികളായി സ്ഥാനമേല്‍ക്കുന്ന ബ്രാഹ്മണ ഹിന്ദുമതത്തിന്റെ വളര്‍ത്തു മൃഗങ്ങളായ ഈ പരാന്നജീവി സമൂഹം ജനങ്ങളുടെ അന്വേഷണ ത്വരയെ നിര്‍ജ്ജീവമാക്കുന്നതിലും മനോവികാസത്തിനു ബദലായി സംങ്കുചിത ദുരഭിമാനത്തിന്റെ വിഷവിത്തുകകള്‍ ജനമനസ്സുകളില്‍ വിതക്കുന്നതിലും വലിയ പങ്കു വഹിക്കുന്നുണ്ട്. ആധുനിക ശാസ്ത്രത്തിന്റെ സംഭാവനകളായ ഇന്റെര്‍നെറ്റ് പോലുള്ള മാധ്യമങ്ങളുടെ ദുരുപയോഗത്തിലൂടെ ഒരു നാടിനേയും,ജനങ്ങളേയും,സംസ്ക്കാരത്തേയും വിശ്വാസത്തിന്റേയും ദുരഭിമാനത്തിന്റേയും ചിലന്തിവലയില്‍ കുരുക്കി ബ്രാഹ്മണ്യത്തിന്റെ ഇരുണ്ട മടയിലേക്ക് വലിച്ചുകൊണ്ടുപോകുന്ന ഗോപാലകൃഷ്ണന്മാരുടെ മുഖം മൂടി വലിച്ചുകീറാന്‍ ബൂലോകത്ത് ജാഗ്രതയോടെ പ്രവര്‍ത്തിച്ച ബ്ലോഗര്‍മാരെ അഭിനന്ദിക്കേണ്ടിയിരിക്കുന്നു.
ഈ വിഷയത്തോട് അനുബന്ധിച്ച് പ്രസിദ്ധീകരിക്കപ്പെട്ട ഡോ.സൂരജിന്റേയും,ഉമേഷിന്റേയും ഗഹനമായ പോസ്റ്റുകള്‍ വായിച്ചു മനസ്സിലാക്കി കമന്റെഴുതാനുള്ള മാനസികാവസ്ഥയിലല്ല ചിത്രകാരന്‍. പിന്നീട് വായിക്കുന്നതിനായി ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകളുടെ ലിങ്കുകള്‍ ശേഖരിച്ചുവക്കുന്നതിനായാണ് ഈ കുറിപ്പ് എഴുതിവക്കുന്നത്. പിന്നെ, ഡോ.സൂരജിന്റേയും,ഉമേഷിന്റേയും ആധികാരികതയും നന്മയും നിറഞ്ഞ മനസ്സുകളെക്കുറിച്ച് ചിത്രകരന് അശേഷം സംശയമില്ലാത്തതിനാല്‍ ... വായന നീട്ടിവക്കുന്നതിലും മനസ്ഥാപമില്ല.

ചിത്രകാരന്റെ അസൌകര്യം
ബ്ലോഗ് തെറ്റിദ്ധാരണകളുടെ ആസ്ഥാനമാണല്ലോ. ഇത്രയും ദിവസം നെറ്റില്‍ കണ്ടുകൊണ്ടിരുന്ന ആളെ പെട്ടെന്നു കാണാതാകുംബോള്‍ പലരും തെറ്റിദ്ധരിക്കും. അതുകൊണ്ട് അഭ്യുദയകാംക്ഷികളുടെ ശ്രദ്ധയിലേക്കായി ഒന്നു വിശദീകരിക്കാം. ബ്ലോഗില്‍ നിന്നും കുറച്ചു കാലമായി ചിത്രകാരന്‍ വിട്ടു നില്‍ക്കുന്നത് വ്യക്തിപരമായ വിഷമങ്ങള്‍ കാരണമാണ്. വാര്‍ദ്ധ്ക്യരോഗങ്ങളുമായി ചിത്രകാരന്റെ അമ്മ ആശുപത്രിയില്‍ സ്ഥിര താമസമായിട്ട് കുറെ മാസങ്ങളായെന്നു പറയാം. നെഫ്രോളജിസ്റ്റ് ഡോ.രഞ്ചിത്ത് നാരായണന്റെ സ്നേഹപൂര്‍ണ്ണമായ കൈപ്പുണ്യത്തിന്റെ ഫലമായി ജീവിതം നീട്ടിക്കിട്ടിയതാണ്.നാളെ വിഷു പ്രമാണിച്ച് ഒരു ദിവസത്തെ ലീവ് ആശുപത്രിയില്‍ നിന്നും എടുക്കാമെന്ന് പ്രതീക്ഷിക്കുന്നു. അസുഖങ്ങള്‍ വരുംബോഴാണ് നമ്മുടെ സ്വാതന്ത്ര്യത്തിന്റെ പരിമിതികളെക്കുറിച്ച് ബോധോദയമുണ്ടാകുന്നത്.

നീലക്കുറുക്കനായ വിഷ്ണുവുമായോ,മറ്റു ബ്രാഹ്മണ കള്ളക്കഥകളുമായോ ബന്ധമില്ലാതെ... ചിത്രകാരന്‍ ഏവര്‍ക്കും മലയാളിയുടെ വര്‍ഷാരംഭ ദിനം പ്രമാണിച്ച് വിഷു ആശംസകള്‍ അര്‍പ്പിക്കുന്നു!!!

ഗോപലകൃഷ്ണ ചരിതം ബ്ലോഗ് ലിങ്കുകള്‍:

1)ഗോപാലകൃഷ്ണന്റെ ജ്യോതിഷക്കസര്‍ത്തുകള്‍
2)സയന്റിഫിക് ഉഡായിപ്പ് : ഗോപാലകൃഷ്ണന്റെ ‘വാത‘ങ്ങള്‍...
3)സർവ്വജ്ഞന്റെ ചൊവ്വാദോഷങ്ങൾ
4)സർ‌വ്വജ്ഞന്റെ ചൊവ്വാദോഷങ്ങൾ - അനുബന്ധം
5)
ഗോപാലകൃഷ്ണന്മാര്‍ അരങ്ങു വാഴുമ്പോള്‍...

6)എങ്കിലും എന്റെ ഗോപാലകൃഷ്ണാ
7)ദി ക്യൂരിയസ് കേസ് ഓഫ് ഗോപാലകൃഷ്ണൻ...!
8)ജ്യോതിഷവും ശാസ്ത്രവും - ഇ-ബുക്ക്
9)ശാസ്ത്രത്തിന്റെ അബോര്‍ഷന്‍
10)പട്ടികള്‍ കുരക്കുന്നതെപ്പോള്‍?
11)ജ്യോതിഷ തട്ടിപ്പുകള്‍ക്ക് അവസാനം എന്ത്?
12)ഗോപാലഷ്ണേട്ടന്റെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് ലിങ്ക്
13)ഗോപാലഷ്ണേട്ടന്റെ വീഡിയോ പ്രഭാഷണങ്ങള്‍

Tuesday, April 6, 2010

വേശ്യ-അസമത്വത്തിന്റെ സൃഷ്ടി ?

എന്താണ് വേശ്യ ? വേശ്യ ഒരു മനുഷ്യന്റെ അന്തസ്സ് അര്‍ഹിക്കുന്നുണ്ടോ ? അവരുടെ ജീവനോപാധി പ്രോത്സാഹിപ്പിക്കപ്പെടണോ, അതോ എതിര്‍ക്കപ്പെടണോ ?.... തുടങ്ങിയ ധാരാളം ചിന്തകള്‍ നമ്മുടെ മനസ്സിലൂടെ കടന്നുപോകേണ്ടതാണെങ്കിലും ഇത്തരം ചിന്തകളെപ്പോലും അഴുക്കുപുരണ്ടതാണെന്ന മുന്‍‌വിധിയോടെ നമ്മുടെ മനസ്സ് പാര്‍ശ്വവല്‍ക്കരിക്കുകയാണെന്നു തോന്നുന്നു.
വേശ്യ സമൂഹത്തിന്റെ അസമത്വത്തിന്റേയും,മാനുഷിക മൂല്യങ്ങളുടെ ജീണ്ണതയുടേയും,സ്നേഹരാഹിത്യത്തിന്റേയും ഇരകളോ രോഗലക്ഷണമോ ആണെന്നു പറയേണ്ടിയിരിക്കുന്നു. മാനുഷിക പരിഗണനയോടെയും,യാഥാര്‍ത്ഥ്യബോധത്തോടെയും കൈകാര്യം ചെയ്യേണ്ടതായ സാമൂഹ്യപ്രശ്നമാണ് വേശ്യ അടയാളപ്പെടുത്തുന്നത്.സത്യത്തില്‍ സമൂഹത്തിന്റെ മൂല്യബോധം സ്വാര്‍ത്ഥ ഉടമസ്ഥബോധത്താല്‍ തകര്‍ക്കപ്പെടുന്നതിന്റെ ഫലമായി സംഭവിക്കുന്ന സാമൂഹ്യ വിഘടനത്തിന്റെ അവക്ഷിപ്തമാണ് വേശ്യ !

വേശ്യാവൃത്തി ഒരു തൊഴിലെന്ന് വിശേഷിപ്പിക്കാനാകില്ലെന്നും, തൊഴിലാളിയുടെ മഹത്വമാര്‍ന്ന മുഖം വേശ്യക്കു നല്‍കരുതെന്നും
യുക്തിപൂര്‍വ്വം സ്ഥാപിക്കുന്ന ബ്ലോഗര്‍ ജഗദീശിന്റെ “ലൈംഗിക തൊഴിലാളി, ഒരു തെറ്റായ പദപ്രയോഗം” എന്ന പോസ്റ്റ് ചിത്രകാരന്‍ വായിച്ചു. ഈ വിഷയത്തില്‍ മാനുഷികമായ ഒരു നിലപാടും, കാഴ്ച്ചപ്പാടും ഉയര്‍ത്തിപ്പിടിക്കുന്ന ജഗദീശിന്റെ പോസ്റ്റ് തീര്‍ച്ചയായും വായിച്ചിരിക്കേണ്ടതാണ്.
ചിത്രകാരന്‍ ആ പോസ്റ്റിലെഴുതിയ കമന്റ് താഴെ കോപ്പി പേസ്റ്റ് ചെയ്ത് സൂക്ഷിക്കുന്നു :

വളരെ പ്രാധാന്യമേറിയ ഈ വിഷയത്തില്‍ ശരിയും വ്യക്തവുമായ ഒരു നിലപാട് ഈ പോസ്റ്റ് സംഭാവന ചെയ്തിരിക്കുന്നു. വേശ്യാവൃത്തിയെ തൊഴിലെന്നു വിശേഷിപ്പിക്കുന്നതില്‍ ന്യായമില്ലെന്നു മാത്രമല്ല, തൊഴില്‍ എന്ന മഹനീയ പദത്തെത്തന്നെ നിന്ദ്യമായി ഉപയോഗിക്കുകയും ചെയ്യേണ്ടിവരുന്നു. ഒരു സേവനമെന്നോ ചൂഷണമെന്നോ വാടക ബിസിനെസ്സെന്നോ വിശേഷിപ്പിക്കേണ്ടതായ ഈ പ്രവൃത്തിയെ തൊഴിലായി മഹത്വവല്‍ക്കരിക്കാതെ സാമൂഹ്യ അസമത്വത്തിന്റെ രോഗലക്ഷണമായിത്തന്നെ കാണേണ്ടിയിരിക്കുന്നു.വേശ്യ-സാമൂഹ്യവിവേചനത്തിന്റെ സൃഷ്ടിയാണ്.സാമൂഹ്യ ചൂഷണത്തിന്റേയും അസമത്വത്തിന്റേയും സൃഷ്ടി ! കാപട്യത്തിന്റേയും,സംസ്കാര ശൂന്യതയുടേയും സൃഷ്ടി !!!

ഹൈന്ദവമതം സമൂഹത്തെ ജാതീയമായി വിഭജിക്കുന്നതിനും, ഉച്ചനീചത്വ സൃഷ്ടിയിലൂടെ സാമൂഹ്യ ചൂഷണത്തിന്റെ ഉപകരണമായിത്തന്നെ വേശ്യാവൃത്തിയെ (സംബന്തത്തെ) ഉപയോഗിച്ചിരുന്നല്ലോ. മാത്രമല്ല,
അധികാര സ്ഥാനങ്ങളുടെ മാറ്റങ്ങളെ നിര്‍വ്വീര്യമാക്കുന്നതിനും സാമൂഹ്യ മാറ്റങ്ങളെ പ്രതിരോധിക്കുന്നതിനും, ചിന്തയും തപസ്സും വഴിതെറ്റിക്കുന്നതിനും, അനശ്വരത പ്രധാനം ചെയ്യുന്ന അമൃത് കൈവശപ്പെടുത്തുന്നതിനും ദേവലോകത്തെ ആസ്ഥാന വേശ്യകളായ ഉര്‍വശി,രംഭ,തിലോത്തമമാരെയും പെണ്‍‌വേഷം കെട്ടിയ മഹാവിഷ്ണുവിന്റെ മോഹിനി രൂപത്തേയും ബ്രാഹ്മണ്യം വിദഗ്ദമായി ഉപയോഗിച്ചിരുന്ന കാര്യവും ഓര്‍ക്കേണ്ടതുണ്ട്.

ചിത്രകാരന്‍ chithrakaran 6 ഏപ്രില്‍ 2010 at 9pm

Monday, April 5, 2010

കുമാരസംഭവങ്ങള്‍ സംഭവമായേക്കാം !

പ്രശസ്ത ബ്ലോഗര്‍ കുമാരന്‍ തിരുവടികളുടെ ബ്ലോഗില്‍ നിന്നുള്ള പ്രഥമ പുസ്തകം പുറത്തിറങ്ങിയിരിക്കുകയാണ്. നല്ല പുസ്തകമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ ! കുമാരസംഭവത്തിന്റെ കുറച്ചു കോപ്പികള്‍ സംഭവസ്ഥലത്തു ചിലവായിക്കാണാന്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നവരില്‍ മഹാനായ ചിത്രകാരനുമുണ്ട്. മറ്റൊന്നുമല്ല,ചിത്രകാരന്റെ ബ്ലോഗ് പോസ്റ്റുകളുടെ ഒരു പുസ്തക രൂപം പുറത്തിറക്കാനുള്ള അസഹ്യമായ ആശയുദിച്ചിട്ട് ഒരു വര്‍ഷം കടന്നുപോയെങ്കിലും ഒന്നും സംഭവിച്ചിട്ടില്ല ! മുലകള്‍ക്ക് സമൂഹത്തില്‍ നല്ല ഡിമാന്‍ഡുള്ളതിനാല്‍ ചിത്രകാരന്റെ പുസ്തകം ആദ്യമാസം തന്നെ വിറ്റുതീരുമെന്നും ഉറപ്പാണ്.പക്ഷേ,അതിനുശേഷമുണ്ടാകാനിടയുള്ള ജനങ്ങളുടെ പ്രബുദ്ധതയില്‍ നിന്നും സുരക്ഷിതമായ അകലം കാത്തുസൂക്ഷിക്കാനുള്ള സാങ്കേതികമായ ഒരുക്കങ്ങള്‍ സഘടിപ്പിക്കുന്ന കാര്യത്തിലുള്ള അലസതയും ആശങ്കകളും ദൂരീകരിക്കാനാകുന്നില്ല എന്നതാണ് ചിത്രകാരന്‍ നേരിടുന്ന പ്രസാധന പ്രതിസന്ധി !
അതിനിടയിലാണ് കുമാരന്റെ സംഭവം പുസ്തകമായി അവതരിച്ചിരിക്കുന്നത്. ചിത്രകാരന്റെ പുസ്തക സാധ്യതക്കായി ഒരു മാര്‍ക്കറ്റ് സര്‍വ്വേ നടത്താനുള്ള സാധ്യത കുമാരസംഭവത്തില്‍ കുറവാണെങ്കിലും, അല്ലറ ചില്ലറ തീപ്പൊരികളൊക്കെ ഉണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് ചിത്രകാരന്‍. കുമാരന്റെ നാട്ടില്‍ സംഭവത്തിന്റെ കുറച്ചു കോപ്പികള്‍ വിതരണം ചെയ്യാനായാല്‍ ഒരു തേനീച്ചക്കൂടിളക്കാനുള്ള സ്കോപ്പുണ്ട് :) അസൂയാപ്രേരിതമാണെങ്കിലും, ആ മഹത്തായ ദൌത്യത്തില്‍ ബൂലോകത്തെ സമാനമന്‍സ്ക്കരായ സകല ബൂലോക ജീവികളുടേയും സഹായ സഹകരണങ്ങള്‍ സമാഹരിക്കാന്‍ ആഗ്രഹിക്കുന്നു.
സക്കറിയയുടെ പ്രസംഗത്താലും,ചിത്രലേഖക്കെതിരെയുള്ള ജാതി പീഢനത്താലും ശ്രദ്ധേയമായ പയ്യന്നൂരില്‍ നിന്നുള്ള പുസ്തക പ്രസിദ്ധീകരണശാലക്കാരായ ഡിസംബര്‍ പബ്ലിഷേഴ്സാണ് കുമാര സംഭവങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.പുസ്തക വില 60/-മാത്രം.

Sunday, April 4, 2010

മാതൃഭൂമിയിലെ ഈസ്റ്റര്‍ ചിത്രം

ആലപ്പുഴ ജില്ലയിലെ ചേപ്പാട് സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിലെ ഏഴുനൂറ്റാണ്ടിലേറെ പഴക്കമുള്ളതും ഇലച്ചാറുകള്‍കൊണ്ട് വരച്ചുചേര്‍ത്തതുമായ യേശുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ചുമര്‍ ചിത്രം ഈസ്റ്റര്‍ ആശംസയുടെ ഭാഗമായി ഇന്ന്(4.4.10)മാതൃഭുമി പ്രസിദ്ധീകരിച്ചിരിക്കുന്നു. ഏഴു നൂറ്റാണ്ടിലേറെ പഴക്കമുള്ള ചിത്രമാണെന്നത് സത്യമാണെങ്കില്‍ ഈ ചിത്രം നമ്മുടെ മഹത്വപൂര്‍ണ്ണമായ ഒരു ചരിത്രനിധി തന്നെയാണ്.കാലപ്പഴക്കം ശാസ്ത്രീയമായി പരിശോധിച്ച് ഉറപ്പുവരുത്തേണ്ടിയിരിക്കുന്നു.(കള്ള ചരിത്ര നിര്‍മ്മാണത്തില്‍ അതിന്റെ പാരംബര്യ അവകാശികളായ ബ്രാഹ്മണ്യത്തെപ്പോലും തോല്‍പ്പിക്കുന്ന വൈദഗ്ദ്യമുള്ളവരായ ആശാരിദൈവ വിശ്വാസികളെ അത്രക്ക് നംബിക്കൂടെങ്കിലും...!!! :)ഈ ചിത്രം സന്ദര്‍ഭോചിതമായി പ്രകാശിപ്പിക്കാന്‍ മനസ്സുവച്ച മാതൃഭൂമിക്ക് നന്ദി.ഇത്തരം ആഘോഷങ്ങളും ഉത്സവങ്ങളും നടക്കുംബോള്‍ വസ്തുതാപരമായ ചരിത്രശേഷിപ്പുകളെ ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നത് സന്തോഷകരമാണ്,പുരോഗമനാത്മകമാണ്.

ബൂലോകത്തെ എല്ലാ ദുഷ്ടരായ നസ്രാണികള്‍ക്കും മഹാദുഷ്ടനും ഹൈന്ദവവര്‍ഗ്ഗീയവാദിയുമായ ചിത്രകാരന്റെ ഹൃദയംഗമമായ ഈസ്റ്റെര്‍ ആശംസകള്‍ !!!
പതിവു വഴിപാട് ചിത്രങ്ങള്‍ താഴെ കാണം.
മനോരമ
ദേശാഭിമാനി
ദീപിക