Thursday, June 26, 2008

എ.എസ്സ് എന്ന അസാമാന്യ ചിത്രകാരന്‍

എ.എസ്സ്. നായരായിരുന്നു ചിത്രകാരനെ സംബന്ധിച്ച് മാത്രുഭൂമി. വായനയേക്കാള്‍ കൂടുതല്‍ കാഴ്ച്ചയിലൂടെ ആസ്വാദനം നടത്തി ശീലിച്ച ചിത്രകാരന് മാത്രുഭൂമി വീക്കിലിയിലെ എ.എസ്സിന്റെ രേഖാചിത്രങ്ങള്‍ അത്രക്കു തലക്കുപിടിച്ചിരുന്നു. എ.എസ്സിന്റെ ഒരോ സ്റ്റ്രോക്കുകള്‍ക്കും കനത്ത ആഴവും, പിഴക്കാത്ത ,കര്‍ക്കശമായ ധര്‍മ്മവുമുണ്ടായിരുന്നു. പിക്കാസുകൊണ്ട് ഹാന്‍ഡ്‌മെയ്ഡ് പേപ്പറില്‍ കറുത്ത മഷിമുക്കി കൊത്തി വരയുന്നതുപോലെ ഒരു പ്രതിഷേധത്തിന്റെ യുദ്ധം തന്നെ എ.എസ്സിന്റെ ഇലസ്റ്റ്രേഷനുകളില്‍ ഉണ്ടായിരുന്നു. ഒരു കലാകാരന്‍ അത്രക്ക് ശക്തമായി ,കര്‍ക്കശമായി പേപ്പറിനോട് കലഹിക്കുന്ന ഭാവത്തോടെ രചന നടത്തണമെങ്കില്‍ ആ ക്രിയാത്മക മനസ്സിനകത്തെ അനുഭവങ്ങളുടെ മര്‍ദ്ദം എന്തായിരിക്കും !
അനുഭവങ്ങളുടെ ഒരു നിശബ്ദമായ കടലായിരുന്നു. എ.എസ്സ്.
ആ അനുഭവത്തിന്റെ കടലിനെ വളരെ ഹൃദയസ്പര്‍ശിയായി മാത്രുഭൂമി ചീഫ് ആര്‍ട്ടിസ്റ്റായിരുന്ന ജെ.ആര്‍.പ്രസാദ് എന്ന പ്രസാദേട്ടന്‍ ഈ ആഴ്ച്ചത്തെ വീക്കിലിയില്‍ ഓര്‍മ്മിക്കുന്നു. പ്രസാദേട്ടനു നന്ദി.
എ.എസ്സിന്റെ മരണശേഷം വന്ന വാര്‍ത്താ ചിത്രം നോക്കി ചിത്രകാരന്‍ വരച്ച ചാര്‍ക്കോള്‍ ഡ്രോയിങ്ങാണ് (1988) ഇതോടൊപ്പം നല്‍കിയിരിക്കുന്നത്.

Wednesday, June 18, 2008

കുഞ്ഞാടുകള്‍ക്കായി സഭയുടെ പ്രജനന പ്രവര്‍ത്തനം


നാട്ടിലെല്ലാം മര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റുകളും , നേഴ്സിങ്ങ് കോളേജുകളും സുലഭമായതിനെ തുടര്‍ന്ന് കന്യാസ്ത്രീകളാകാന്‍ പെണ്‍കുട്ടികളെ കിട്ടുന്നില്ലെന്ന് തോന്നുന്നു. മാത്രമല്ല, അഭയ കേസോടുകൂടി കന്യാസ്ത്രീ മഠങ്ങളിലെ യഥാര്‍ത്ഥ മുഖം ജനത്തിനു ബോധ്യമായതിനാല്‍ പെണ്മക്കളെ ഡല്‍ഹിക്കോ,കാനഡക്കോ കയറ്റിയയച്ചാലും വേണ്ടില്ല, കന്യാസ്ത്രീയാക്കി കൊലക്കു കൊടൂക്കേണ്ടെന്ന നിലപാടിലേക്ക് രക്ഷിതാക്കള്‍ മാറിയിരിക്കാനും ന്യായമുണ്ട്.

കാര്യം ഇങ്ങനെയൊക്കെയായതിനാല്‍ ഇടയന്മാര്‍ കഷ്ടത്തിലാണ്‍.സഭയുടെ പരിചാരക പ്രവര്‍ത്തനങ്ങള്‍ക്ക് കന്യാസ്ത്ര്രീകളുടെ ഉടുപ്പണിയാന്‍ തയ്യാറാകുന്ന പെണ്‍കുട്ടികളെ കിട്ടാനുള്ള പ്രയാസം മറികടക്കാനായിരിക്കാം കൂടുതല്‍ കുഞ്ഞാടുകളെ പ്രസവിപ്പിച്ച് കുറവു നികത്താന്‍ ശ്രമം നടത്തുന്നത്. കുഞ്ഞാടുകളുടെ പ്രജനന കാര്യങ്ങളുടെ ചുമതല ഇടയന്മാരുടെ കര്‍ത്തവ്യമാണെന്നതില്‍ തര്‍ക്കമില്ല. ദാരിദ്ര്യവും, വിവരമില്ലായ്ന്മയും മറ്റു മതങ്ങളുടെ അടിത്തറ ശക്തമാക്കുന്നത് തെല്ല് അസൂയയോടെയാണ്‍ ഇടയന്മാര്‍ നോക്കി കാണുന്നത്. ദാരിദ്ര്യത്തെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി നേതാവ് സഭാദ്ധ്യക്ഷന്മാരെ നികൃഷ്ട്ജീവി എന്നുപോലും വിളിക്കാന്‍ ദൈര്യപ്പെടുന്നത് തങ്ങളുടെ കുഞ്ഞാടുകളേക്കാള്‍ ദരിദ്രരും,വിദ്യാഭ്യാസമില്ലാത്തവരുമായ അണികള്‍ ഉള്ളതിന്റെ ബലത്തിലാണെന്ന് സഭക്ക് അറിയാം. അറിവ് കുറച്ചു വൈകിപ്പോയെന്നുമാത്രം.

കത്തോലിക്കര്‍ക്കിടയില്‍ വിവരമില്ലാത്ത ഏഴകളായ കുഞ്ഞാടുകളെ കണ്ടെത്തി, ദാരിദ്ര്യം വളര്‍ത്തിയെടുക്കുക മാത്രമേ രക്ഷയുള്ളു. നാലില്‍ കൂടുതല്‍ മക്കളെ ഉണ്ടാക്കാന്‍ ശക്തമായ ദാരിദ്യവും, ഭക്തിയും, ലൈഗീക പഠന ക്ലാസ്സുകളും സഭ ഇതിനായി ഏര്‍പ്പാടു ചെയ്യുന്നുണ്ടത്രേ ! കൂടാതെ വയാഗ്ര, മുസ്ലീ പവര്‍,നായക്കുര്‍ണ്ണ പരിപ്പ്, തുടങ്ങിയ ഉത്തേജക ഔഷധങ്ങളും, ബ്ലു ഫിലിം സിഡികളും,കാമശാസ്ത്രത്തിന്റെ കൃസ്ത്യന്‍ ഭാഷ്യവും പള്ളിയിലൂടെയോ ,കന്യാസ്ത്രീ മഠങ്ങളിലൂടെയോ വിതരണം ചെയ്യാനുള്ള ഏര്‍പ്പാടും ഒരുക്കപ്പെടുമെന്ന് പ്രതീക്ഷിക്കാം.

ജനത്തെ ഹിന്ദു മതത്തിലേക്ക് ആകര്‍ഷിക്കാന്‍ ലൈംഗീക വേഴ്ച്ചയുടെ വിവിധ രീതികള്‍ അംബലങ്ങളില്‍ കൊത്തി വപ്പിച്ച ബ്രാഹ്മണഹിന്ദുമത പ്രചാരകരെപ്പോലെ പള്ളിയുടെ ചുവരുകളിലും അതു പരീക്ഷിക്കാവുന്നതാണ്.

വിദ്യാഭ്യാസത്തിലൂടെ മനുഷ്യരായി മാറിയ കൃസ്ത്യന്‍ ജനതയെ ഇനി ഇടയന്മാരുടെ ആട്ടിന്‍‌കൂട്ടിലെ കുഞ്ഞാടാക്കി മാറ്റാന്‍ കുറച്ചു കഷ്ടപ്പെടേണ്ടി വരും. !!!

(മാതൃഭൂമി ഒന്നാം പേജില്‍ ഇന്നു(18-6-08) പ്രസിദ്ധീകരിച്ച വാര്‍ത്തയാണ് ഇതോടൊന്നിച്ച് സ്കാന്‍ ചെയ്തു ചേര്‍ത്തിരിക്കുന്നത്.)

Monday, June 16, 2008

ഉണക്കമാന്തള്‍

മിനിഞ്ഞാന്നുച്ചക്ക്
മുറ്റത്തെ വെയിലത്ത്
ഉണക്കാനിട്ട സ്വപ്നങ്ങള്‍
മീന്‍‌കാരിവന്ന്
തിരിച്ചെടുത്തോണ്ടുപോയി.

എന്റെടുത്തെവിടുന്നാ...കാശ്!!

ഇന്നലെ രാത്രിമുഴുവന്‍
ഉറക്കത്തിന്റെ കടവില്‍
കാവലിരിക്കുകയായിരുന്നു.,
ഒരു സ്വപ്നത്തെ
ചൂണ്ടയിട്ടുപിടിക്കാന്‍.
ഭാഗ്യക്കേടിന്
സ്വപ്നത്തിന്റെ നിഴലുകള്‍
മാത്രമേ ഇന്നലെ വന്നുള്ളു.

ഇനി ഈ കഞ്ഞിയെങ്ങിനെ
കുടിച്ചു തീര്‍ക്കും?! ... ദൈവേ...
കടിച്ചുകൂട്ടാന്‍ ഒരു
ഉണക്കമാന്തളോളം സ്വപ്നം പോലും
മനസ്സിന്റെ പത്തായത്തില്‍
ബാക്കിയില്ലാതായാല്‍!

3/1/2008

Sunday, June 15, 2008

കേരളത്തില്‍ വിപ്ലവം നടത്തിയ ഗള്‍ഫ് മലയാളി

കേരളത്തില്‍ സാമൂഹ്യവിപ്ലവം വരുത്താനായി ആത്മാര്‍ത്ഥതയും സത്യസന്ധതയുമുള്ള ധാരാളം മനുഷ്യര്‍ ആത്മത്യാഗം നടത്തിയിട്ടുണ്ട്. തങ്ങളുടെ വിപ്ലവപ്രസ്ഥാനങ്ങളെ സവര്‍ണ്ണനേതാക്കള്‍ ഹൈജാക്കു ചെയ്തതറിയാതെ കപടനേതൃത്വങ്ങളെ അനുസരിച്ച് ഇന്നും പലരും ആര്‍ക്കോ വേണ്ടി പരസ്പ്പരം വെട്ടി മരിക്കുന്നുമുണ്ട്. സത്യം ബോധ്യമായ ചിലര്‍ ജീവച്ഛവങ്ങളായി കുണ്ഠിതപ്പെട്ട് കാലം കഴിക്കുന്നതായും കേരളീയര്‍ക്ക് അറിവുള്ളതാണ്‍.

വിപ്ലവ പ്രസ്ഥനങ്ങളുടെ നേതൃത്വം കൈക്കലക്കിയ പ്രതിവിപ്ലവകാരികളും വര്‍ഗ്ഗ ശത്രുക്കളുമായ ബ്രാഹ്മണതാത്വികരുടെയും,ശൂദ്രനായന്മാരുടേയും ആജ്ഞാനുവര്‍ത്തികളായിമാറിയ ആ നല്ല മനുഷ്യര്‍ കുരുതികൊടുക്കപ്പെട്ടു എന്നതൊഴിച്ചാല്‍ വിപ്ലവപ്രസ്ഥാനങ്ങളുടെ സ്വാധീനം കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിലും, ജീവിതരീതിയിലും , സംസ്ക്കാരത്തിലും വലിയൊരു പൂജ്യമാണ്‍. മാത്രമല്ല, ഇല്ലാത്ത സമൂഹ്യ വിപ്ലവം നാടകങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും, സിനിമയിലൂടെയും ഉണ്ടെന്ന് സ്ഥാപിച്ച്, അതിനെതിരെ ഗോപ്യമായരീതിയില്‍ മറുമരുന്നിടാനേ വിപ്ലവപ്രസ്ഥാങ്ങളുടെ പൊട്ടന്‍ കളി ഉപകരിച്ചുള്ളു.

കേരളത്തില്‍ ബ്രിട്ടീഷ് ഭരണം നല്‍കിയ സംസ്ക്കാരികവും സാമൂഹീകവുമായ ഉണര്‍വ്വില്‍ നിന്നും സുരക്ഷയില്‍ നിന്നും സംജാതമായ അവകാശബോധം അയ്യന്‍കാളി, ശ്രീനാരായണഗുരു , സഹോദരന്‍ അയ്യപ്പന്‍ തുടങ്ങിയ സാമൂഹിക വിപ്ലവകാരികള്‍ക്ക് ജന്മം നല്‍കിയപ്പോള്‍ ഉണ്ണീനമ്പൂതിരി പ്രസ്ഥാനവും നായര്‍ സര്‍വീസ് സംഘടനകളും യോഗക്ഷേമ ബ്രഹ്മണവൃന്ദവും അതിനെ നിര്‍വീര്യമാക്കാനായി നാടുവാഴികളിലൂടെയും, "ഠാ"വട്ടം രാജാക്കന്മാരിലൂടെയും, രാഷ്ട്രീയ കക്ഷികളിലൂടെയും, ഉദ്യോഗസ്ഥരിലൂടേയും തങ്ങളുടെ അദ്യശ്യമായ കൈകള്‍ പ്രവര്‍ത്തിപ്പിച്ചു. ഇങ്ങനെ അലസിപ്പോയ ശ്രീനാരായണ പ്രസ്ഥാനം കവലകളിലെ കണ്ണീടിക്കൂട്ടിലെ നോക്കുകുത്തിയായി ചുരുങ്ങി.

അവര്‍ണ്ണരെന്നു അക്ഷേപിക്കപ്പെട്ടിരുന്ന ഭൂരിപക്ഷ ജനത ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ സവര്‍ണ്ണവല്‍ക്കരണത്തിന്റേയും,ജീര്‍ണ്ണതയുടേയും ഫലമായി ഹിന്ദുക്ഷേത്രങ്ങളിലെക്കും,ആള്‍ ദൈവങ്ങളിലേക്കും തെളിക്കപ്പെട്ടു.
കേരളീയന്റെ രാഷ്ട്രീയ വിമോചന സമരചരിത്രം ഇത്രയേ ഉള്ളു. സവര്‍ണ്ണതയാല്‍ ഹൈജാക്ക് ചെയ്യപ്പെട്ട വഞ്ചനയുടെ ചരിത്രം. ചത്തുപോയ ആ നംബൂതിരിപ്പാടുതന്നെയാണ്‍ ആ വഞ്ചനയുടെ കാര്‍മ്മികനും,കുടിലബുദ്ധിയും,ശാന്തിയും,തന്ത്രിയുമായി പ്രവര്‍ത്തിച്ചത്. ഈ കൊഴിഞ്ഞ വിപ്ലവം കഴിഞ്ഞാല്‍ പിന്നെ ആരുണ്ട് കേരളത്തില്‍ വിപ്ലവം നടത്തിയവര്‍?

തീര്‍ച്ചയായും വിപ്ലവം നടത്തിയ ഒരു വലിയ വിഭാഗം കേരളത്തിലുണ്ട്. കേരളത്തില്‍ വിപ്ലവം നടത്തിയവര്‍ ഒരിക്കലും സഘടിതമായ വിപ്ലവകാരികളല്ലായിരുന്നു. ദിവസത്തില്‍ ഒരു നേരം പോലും വയറുനിറച്ച് ഉണ്ണാന്‍‌ വകയില്ലാതിരുന്ന കേരളീയന്റെ ജീവിതത്തിലേക്ക് മാവേലി രാജ്യത്തെ പുനസ്ഥാപിച്ച ഗള്‍ഫ് മലയാളി യഥാര്‍ത്ഥത്തില്‍ കേരളത്തിന്റെ അഭിമാനവും അന്ന ദാതാക്കളുമാണ്‍. കേരളിയരില്‍ ഒരു ആത്മാഭിമാനമുണ്ടെങ്കില്‍ അതുപോലൂം ഗള്‍ഫ് മലയാളിയുടെ വിയര്‍പ്പിന്റെ അന്തസ്സില്‍നിന്നും ജന്മം കൊണ്ടതാണ്‍. ഇന്ന് കേരളത്തില്‍ കൂലിപ്പണിക്കാരനുപോലും മനുഷ്യനണെന്ന് സ്വയം തോന്നന്‌ കാരണഭൂത്രരായ ഈ കഠിനാദ്ധ്വാനികള്‍ ആദ്യകാലങ്ങളില്‍ കേരളത്തിന്റെ ഹൃദയ ശൂന്യമായ സംസ്ക്കാരികമായ അപചയത്തിന്റെ ഫലമായി നാടുവിട്ടോടിയവരാണ്‍.
എന്നിട്ടും ഗള്‍ഫ് മലയാളി നമ്മെ പട്ടിണിയില്‍നിന്നും കരകയറ്റിയിരിക്കുന്നു. പക്ഷേ, നാം സാധാരണ കേരളീയന്‍ ഗള്‍ഫ് മലയാളിയെ വിഡ്ഡിയാ‍യ പണച്ചാക്കിന്റെ സ്ഥാനത്തേ ഇതു വരെ കണ്ടിട്ടുള്ളു. സാ‍ധാരണക്കാരന്‍ മാ‍ത്രമല്ല, ഗള്‍ഫ് മലയാളിയില്‍നിന്നും പണം പിടുങ്ങുന്നതും തട്ടിപ്പറിക്കുന്നതും നമ്മുടെ ഗവണ്മെന്റുപോലും തങ്ങളുടെ സാമര്‍ത്ഥ്യമായി കരുതുന്നു. നമ്മുടെ ജനങ്ങള്‍ക്ക് സംസ്ക്കാരമുണ്ടാകുന്നതുവരെ സര്‍ക്കാരിനും സംസ്ക്കാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കണ്ട.! ഗള്‍ഫ് മലയാ‍ളിയുടെ പ്രധാന്യമറിയണമെങ്കില്‍ നാം ഒരു നല്‍പ്പതു വര്‍ഷമെങ്കിലും പിന്നോട്ടുനോക്കണം. പിന്നോട്ടു നോക്കാന്‍ പ്രയാസമുള്ളവര്‍ സമീപഭാവിയിലേക്കു നോക്കിയാലും വരണ്ടുണങ്ങാന്‍ തുടങ്ങുന്ന കേരളത്തിന്റെ ദുരിത മുഖം ദര്‍ശിക്കാനാവും. നമ്മുടെ നാട്ടിലെ ആശുപത്രികള്‍, കമ്പ്യൂട്ടര്‍ ട്രെയിനിംഗ് സെന്ററുകള്‍, നല്ല വിദ്യാലയങ്ങള്‍ ഗള്‍ഫുകരുടെ രക്തമൂറ്റിക്കുടിച്ച് കൊഴുക്കുന്ന ഡോക്ദ്ടര്‍ കുടുബങ്ങളും അവരുടെ ഭവനങ്ങള്‍, പുതിയ ബ്രാന്റ് കാറുകള്‍, നമ്മുടെ പട്ടണങ്ങളിലേയും ഗ്രാമങ്ങളിലേയും വന്‍ കെട്ടിടങ്ങള്‍, വീടുകള്‍ , മാറ്ബിള്‍ - പെയിന്റ് - ഇരുമ്പുകടകള്‍,കൊട്ടാര സദൃശമായ ജ്വല്ലറി ഷോപ്പുകള്‍,ഷോപ്പിങ്ങ് കോം‌പ്ലക്സുകള്‍, കൂലിപ്പണിക്കാരന്റെ വീടുകള്‍, കൈക്കുലി വാങ്ങുന്ന ഉദ്യോഗസ്ഥന്റെ മണിമന്ദിരം ഇവയെല്ലാം ഉയര്‍ന്നു വന്നിരിക്കുന്നത് ഗള്‍ഫ് മലയാളിയുടെ വിയര്‍പ്പിന്റെ വീതം പറ്റിക്കൊണ്ടാണ്‍. ആന നെറ്റിപ്പട്ടം കെട്ടിയതുപോലെ സ്വര്‍ണത്തില്‍ കുളിച്ചു നില്‍ക്കുന്ന മലയാളി സ്ത്രീകളുടെ കനക ഭ്രമം പോലും മരുഭൂമിയില്‍ അടിമകളായി ചോര നീരാക്കിയ ഗള്‍ഫു മലയാളിയുടെ ജീവിതം വാറ്റിയെടുത്തതിന്റെ സത്തുകൊണ്ടുണ്ടാക്കിയ സ‌മൃദ്ധിയായിരുന്നു. ഹോ ! , എന്തുമാത്രം ക്രൂരരും, നന്ദികെട്ടവരുമാണ് നമ്മള്‍ !!!

കേരളത്തിന്റെ മാത്രമല്ല ഇന്ത്യയുടെ തന്നെ സാമ്പത്തീകചക്രം തിരിക്കുന്ന ഈ ഗള്‍ഫുകാരന്‍ ഇതിനു ബദലായി ഒരു നന്ദിവക്കെങ്കിലും ലഭിക്കുന്നുണ്ടോ ? ഇല്ലെന്നു മാത്രമല്ല, പരമാവധി ഞെക്കിപ്പിഴിഞ് ഗള്‍ഫ് മലയാളിയുടെ രക്തം വരെ എങ്ങനെ ഊറ്റിക്കൂടിക്കാം എന്നാണ്‍ നമ്മുടെ ഗവണ്മെന്റുപോലും ചിന്തിക്കുന്നത്.
ഒന്നും വേണ്ട.... ഗള്‍ഫ് മലയാളി തന്റെ കുടുംബത്തിനയച്ചുകൊടുക്കുന്ന പണം കുടുംബജീവിതചിലവുകള്‍ക്കായി വിനിയോഗിക്കുമ്പോള്‍ പലതരം നികുതികളായി ഗവണ്മെന്റില്‍ എത്തിച്ചേരുന്നു എന്ന് സാമാന്യമായ അറിവെങ്കിലും ഉള്‍ക്കൊണ്ട് ഗള്‍ഫ് മലയാളിയോടും കുടുബത്തിനോടും മാന്യമായി പെരുമാറാനുള്ള സംസ്ക്കരമെങ്കിലും വളര്‍ത്തിയെടുക്കേണ്ടതല്ലെ. സംസ്ക്കരമുള്ളിടത്തെ അദ്ധ്വാനം വിലമതിക്കപ്പെടുന്നുള്ളു.
വാ‍മനന്‍ നമ്പൂതിരിപ്പട് നമ്മളില്‍ നിന്നും തട്ടിത്തെറിപ്പിച്ച് കൈമോശം വന്നുപോയ് സംസ്ക്കരം എന്നെങ്കിലും തിരിച്ചു ലഭിക്കുമെന്ന് ആശിച്ച് നമുക്ക് കാത്തിരിക്കാം. അതുവരെ നന്ദികെട്ട, മനുഷ്യത്വഹീനമായ, സവര്‍ണ്ണസംസ്ക്കാരത്തിന്റെ,പൊങ്ങച്ചത്തിന്റെ നാ‍ലുകെട്ടുകളില്‍ താംബൂലം ചവച്ചുകൊണ്ടിരുന്ന് വിപ്ലവപ്രസ്ഥാനങ്ങള്‍ക്കു നേത്രുത്വം നല്‍കാം. കഥകളിയും , മോഹിനിയാട്ടവും, അക്ഷരശ്ലോകവും ചവച്ചിറക്കി സംസ്ക്കാരത്തിന്റെ മൊത്തക്കച്ചവടക്കാരാണെന്നു മേനി നടിക്കാം. സവര്‍ണ്ണതയേയും,രാജഭരണത്തേയും മഹത്വവല്‍ക്കരിക്കുന്ന സിനിമകള്‍എടുത്തും,സീരിയലുകള്‍ പ്രക്ഷേപിച്ചും സവര്‍ണ്ണ ചെറ്റത്തരത്തിനും കൂട്ടിക്കൊടുപ്പിനും സാംസ്കാരികതയുടെ കിന്നരികള്‍ തുന്നിക്കൊടുക്കാം. നായര്‍ സാഹിത്യം കൊണ്ട് ജനത്തെ ലഹരിയിലാഴ്ത്തി വേശ്യവൃത്തിക്ക് മാന്യത നല്‍കാം.സംസ്ക്കാരത്തിന്റെയും, മനുഷ്യത്വത്തിന്റെയും പുതുനാമ്പുകളെ സംസ്ക്കരശൂന്യമെന്ന് വിശേഷിപ്പിച്ച് തള്ളിക്കളയാം.
......................................................................
ചിത്രകാരന്റെ അഞ്ചെട്ടു വര്‍ഷം പഴക്കമുള്ള ഈ കുറിപ്പ് ഒരു പഴയ പ്രിന്റ് ഔട്ട് ആയി പഴയ ഫയലില്‍ നിന്നും പൊങ്ങിവന്നപ്പോള്‍, യൂണീക്കോഡിലേക്ക് മാറ്റി ഒരു പോസ്റ്റാക്കി ഇടുന്നു.

ഈ വിഷയം ഭാഗികമായി ചില പോസ്റ്റുകളായോ,കമന്റായോ ബ്ലോഗില്‍ പലപ്രാവശ്യം ചിത്രകാരന്‍ പോസ്റ്റിയിരുന്നു.

Thursday, June 5, 2008

സ്ത്രീപക്ഷാഘാതം-ഒരു മനോരോഗം !!!

പെണ്ണെഴുത്ത് എന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന സ്ത്രീപക്ഷ ചിന്ത പുരുഷന്റെ സ്വാര്‍ത്ഥ ചിന്തയില്‍ നിന്നും രൂപം കൊണ്ട പിശാചു ബാധയായാണ്‍ കാണാനാകുന്നത്. അതായത് സ്ത്രീകളില്‍ പുരുഷ പിശാചിന്റെ ബാധ ! ഈ രോഗം സ്ത്രീകളേയും പുരുഷന്മാരേയും ഒരുപോലെ ബാധിക്കുന്ന ഒരു മനോരോഗമാണെങ്കിലും സ്ത്രീകളിലാണ്‍ പ്രകടമായ ലക്ഷണങ്ങളോടെ തിമര്‍ത്താടുക. സ്ത്രീകളില്‍ സ്ത്രൈണതക്ക് പ്രാമുഖ്യം നഷ്ടപ്പെടുത്തുന്ന ... മനസ്സിന്റെ പക്ഷാഘാതമാണിത്.

പുരുഷന്മാരില്‍ ഈ മനോരോഗം മിക്കവാറും ഭാര്യയിലൂടെയാണ്‍ പകരുന്നത്. സ്ത്രീകളില്‍ പ്രകടമാക്കുന്ന ലക്ഷണങ്ങള്‍ക്കു നേര്‍ വിപരീതമായ ലക്ഷണമാണ്‍ പുരുഷനില്‍ സ്ത്രീപക്ഷാഘാതം എന്ന മനോരോഗം വരുത്തിവക്കുന്നത്. മനസ്സും ശരീരവും വന്ധ്യമാകുക (ഷണ്ഡത്വം),ശബ്ദം കിരികിരി...പ്പോടുകൂടി സ്ത്രീശബ്ദത്തോട് സദൃശമാകുക,വീടിനു പുറത്തിറങ്ങാന്‍ ഭയം തോന്നുക, സ്വയം തീരുമാനങ്ങളെടുക്കാന്‍ കഴിയാതെ വരിക,എന്തുകാര്യത്തിനും ഭാര്യയോടു ചോദിക്കട്ടെ എന്ന് അന്യരോടു പറയേണ്ടിവരിക, അഥവ വാക്കു പറഞ്ഞാല്‍തന്നെ എത്രപ്രാവശ്യം മാറ്റിപ്പറയാനും സങ്കോചമില്ലാതിരിക്കുക(ഉളിപ്പില്ലായ്മ),പരാശ്രയമില്ലാതെ ജീവിക്കാനാകില്ല എന്ന ദൈന്യത അനുഭവപ്പെടുക,....തുടങ്ങിയവ സ്ത്രീപക്ഷാഘാതം പുരുഷനില്‍ വരുത്തുന്ന മാറ്റങ്ങളില്‍ ചിലതു മാത്രമാണ്.

ഫലത്തില്‍ ആണായി അഹങ്കരിച്ചു നടന്നിരുന്ന പുരുഷ പ്രജ ഒരു വളര്‍ത്തുപട്ടിപോലെ വീട്ടില്‍ പെരുമാറും. കുടുംബകാര്യങ്ങള്‍ക്ക് പുറത്തിറങ്ങേണ്ടി വരുംബോള്‍ മാത്രം പൌഡറിടുന്നതുപ്പോലെ, ഇല്ലാത്ത പൌരുഷത്തിന്റെ മുഖം മൂടി അണിയുകയും,വീട്ടില്‍ തിരിച്ചെത്തിയാലുടന്‍ ഭാര്യയുടെ വിനീത ദാസനായി സ്ഥാനമേല്‍ക്കുകയും ചെയ്യും.
ചുരുക്കത്തില്‍ സ്ത്രീപക്ഷ മനോരോഗം സ്ത്രീകളേക്കാള്‍ പുരുഷന്മാരെയാണ്‍ കാര്‍ന്നു തിന്നുന്നത്. പൊതുവെ, സ്ത്രീധന സംബ്രദായവും,സ്ത്രീ ഉദ്ധ്യോഗസ്തകളുടെ ആധിക്യവുമുള്ള കേരളത്തിലെ തെക്കന്‍ ജില്ലകളിലെ പുരുഷന്മാരില്‍ കോളറ പടര്‍ന്നു പിടിക്കുന്ന വേഗത്തില്‍ ഈ രോഗം പടര്‍ന്നു പിടിച്ചതായി കാണാം. ഇതിനൊരു കാരണം , ഈ രോഗം വിശാലമനസ്ക്കരുടേയും,സ്ത്രീപുരുഷ സമത്വത്തിനു വേണ്ടി വാദിക്കുന്നവരുടേയും മഹത്വവല്‍ക്കരിക്കപ്പെട്ട ആദര്‍ശ രോഗമായി പത്രമാധ്യമങ്ങളിലും,പൊതു വേദികളിലും ചര്‍ച്ച ചെയ്യപ്പെടുന്നതുകൊണ്ട് ഈ രോഗത്തിനു ലഭിക്കുന്ന ആഢ്യത്വമാണ്. ഈ രോഗത്തിനെതിരെ സംസാരിക്കുന്നവരെല്ലാം മഹത്തായ സ്ത്രീ ശാക്തീകരണത്തിനെതിരെയുള്ള മൂരാച്ചികളുടെ അപരിഷ്കൃത ശബ്ദങ്ങളായിരിക്കുമെന്ന് സമൂഹം മുന്‍‌വിധി പുലര്‍ത്തുന്നത് കാണാം.
പുരുഷനില്‍ സ്ത്രീപക്ഷ മനോരോഗം പൌരുഷത്തെ ഇല്ലാതാക്കുന്ന ഫലമുണ്ടാക്കുംബോള്‍, ,സ്ത്രീകളീല്‍ ഈ മനോരോഗം അവരില്‍ ഉറങ്ങിക്കിടക്കുന്ന പൌരുഷത്തെ ഉണര്‍ത്തിയെടുക്കുകയും, സ്ത്രൈണതയെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു. ഈ രോഗത്തിന്റെ കാഠിന്യത്തിനനുസരിച്ച് സ്ത്രീകളില്‍ രൂപപരമായും,ഭാവപരമായും പ്രകടമായ മാറ്റങ്ങള്‍ കാണാനാകും. സ്ത്രീകള്‍ക്കിടയിലെ വ്യത്യസ്ത പ്രായോഗിക ബുദ്ധിക്കും,ലോക വീക്ഷണത്തിനും അനുസരിച്ച് ഈ മനോരോഗത്തെ പലരും നിയന്ത്രിച്ച് നിര്‍ത്താറുണ്ട്. ഈ രോഗത്തിന്റെ കാഠിന്യം കൂടുംബോള്‍് ചില സ്ത്രീകള്‍ പുരുഷ രൂപങ്ങളിലേക്ക് രൂപാന്തരം പ്രാപിക്കാനും,സ്വയം പരുക്കനാകാനും ശ്രമിക്കും.

കുടുംബാഗങ്ങളോ ഭര്‍ത്താവോ ഈ രോഗത്തെ അഥവ പുരുഷ പ്രേതബാധയെ മഹത്വവല്‍ക്കരിക്കാന്‍ കൂട്ടു നിന്നില്ലെങ്കില്‍ പലരും യുദ്ധ സജ്ജരാകുകയും, പത്ര-മാധ്യമങ്ങളിലെ സ്ത്രീപീഡന വാര്‍ത്തകള്‍ക്കുവേണ്ടി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുകയും ചെയ്യും. ഈ സമയത്ത് ഈ രോഗ ബാധിതരായ ചില സ്ത്രീകള്‍ക്ക് ചുണ്ടുകളുടെ അരുണിമയും ആകര്‍ഷകത്വവും നഷ്ടപ്പെടുകയും,സര്‍പ്പത്തിന്റെ ചുണ്ടുകള്‍പോലെ വയലറ്റ് നിറം പ്രാപിക്കയും,ഉണങ്ങി ശല്‍ക്കങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തേക്കാം. ഇവരുടെ ബുദ്ധിയുടെ നിയന്ത്രണം തലച്ചോറില്‍ നിന്നും ആഡ്രിനാലിന്‍ ഗ്രന്ഥി ഏറ്റെടുക്കുന്നു എന്ന് ആലങ്കാരികമായി പറയാം.

കുടുംബത്തില്‍ വന്ധ്യം‌ങ്കരിക്കപ്പെടാത്ത ആണുങ്ങളുണ്ടെങ്കില്‍ മാത്രമേ ഇവരെ ഈ രോഗത്തില്‍ നിന്നും ചികിത്സിച്ച് ഭേദമാക്കാനാകു. കാരണം , സ്വബോധം നഷ്ടപ്പെടുത്താതെ സാമൂഹ്യ ആചാരങ്ങളിലെല്ലാം പൊയ്മുഖമണിഞ്ഞ് പങ്കെടുക്കാന്‍ ഇവരില്‍ ആവേശിച്ചിരിക്കുന്ന പുരുഷപ്രേതബാധ ഇവരെ സഹായിച്ചുകൊണ്ടിരിക്കുമെന്നതിനാല്‍ അടുത്തിടപെടുന്നവര്‍ക്കുപോലും ഇവരുടെ രോഗം പിടികിട്ടില്ല.മാത്രമല്ല , ഫെമിനിസം എന്ന തുല്യതാവാദത്തിന്റെ മഹത്വപൂര്‍ണ്ണമായ ആനുകൂല്യത്താല്‍ ഒരു പരിഷ്കൃത എന്ന ബഹുമതി നേടാനും ഈ രോഗം ഇവര്‍ക്ക് അവസരം നല്‍കുന്നു.

ആകെ മൊത്തം ടൊട്ടലായി സ്ത്രീവര്‍ഗ്ഗമായി തരം തിരിയുബോള്‍ ഈ രോഗം ഗുണകരമാണ്.ഈ നേട്ടം വന്ധ്യംങ്കരിക്കപ്പെട്ട സ്വന്തം പുരുഷ പങ്കാളിയുടെ കോട്ടത്തില്‍ നിന്നുള്ളതാണ്‍ എന്നു മാത്രം. ഒരു സമൂഹത്തിന്റെ മൊത്തം ക്രിയാത്മകതയെ വന്ധ്യംങ്കരിക്കുന്ന സ്ത്രീപക്ഷാഘാതം എന്ന പുരുഷ പ്രേത ബാധ സമൂഹത്തില്‍ ആണുങ്ങളില്ലാത്ത സ്ഥിതിവിശേഷം സംജാതമാക്കുന്നുണ്ട്. കേരളത്തിന്റെ നൂറ്റാണ്ടുകളോളമുള്ള നായര് ദാസ്യബോധത്തിന്റെ തുടര്‍ച്ചയായാണ്‍ ഇപ്പോള്‍ പെണ്‍പക്ഷാഘാതമായി അവതരിച്ചിരിക്കുന്ന ഈ ചിന്ത ധാര സ്ത്രീകളേയും,പുരുഷന്മാരേയും വര്‍ഗ്ഗ സമരത്തിന്റെ ശീതയുദ്ധത്തിലേക്കു കൂട്ടിക്കൊണ്ടു നടക്കുന്നത്.

ഈ യുദ്ധത്തില്‍ സ്ത്രീകളേക്കാള്‍ ഷണ്ഡന്മാരാക്കപ്പെട്ട പുരുഷന്മാരാണ്‍ സ്ത്രീപക്ഷത്തിന്റെ അണികളായി പങ്കെടുക്കുന്നതെന്നതും രസാവഹമാണ്. സ്വാര്‍ത്ഥതയുടെ പ്രതിരൂപമായ പുരുഷ പ്രേതത്തിന്റെ അത്ഭുത കളികള്‍ ... അല്ലാതെന്തു പറയാന്‍..ഈ പ്രശ്നത്തിന്റെ ആത്മാവിലേക്കിറങ്ങാനും,പരിഹാരം തേടാനും ഈ മനോരോഗത്തിന്റെ വൈറാസ്സയിരിക്കുന്ന പുരുഷപ്രേതത്തെ അഥവ പുരുഷ സ്വാര്‍ത്ഥതയെത്തന്നെ കീറിമുറിച്ച് പഠിക്കേണ്ടിയിരിക്കുന്നു.

പൊതുവില്‍ പുരുഷന്‍ എന്നത് മനുഷ്യ സ്വാര്‍ത്ഥതയുടെ മൂര്‍ത്തീകരണമാണ്‍. അതായത് തിന്മയെ പുരുഷനായിത്തന്നെ മനസ്സിലാക്കണം. സ്ത്രീയേ നന്മയായും. മനുഷ്യന്‍ സ്ത്രീയായാലും,പുരുഷനായാലും പൂര്‍ണ്ണമായി സ്ത്രൈണതയോ,പൌരുഷമോ മാത്രം ഉള്ളവരല്ല. ഓരോ മനുഷ്യനും സ്ത്രൈണത്യുടേയും,പൌരുഷത്തിന്റേറ്യും യാദൃശ്ചികമായ കൂട്ടാണ്‍ അഥവ മിക്സാണ്‍. ഈ മിക്സില് ശാരീരിക ധര്‍മ്മത്തില്‍ പകുക്കപ്പെടുന്ന മനുഷ്യന്‍ പരസ്പ്പരം ആകര്‍ഷിക്കപ്പെടാനുള്ള ഘടനാ വിശേഷത്തോടെ പിരിഞ്ഞിരിക്കുന്നു. അതില്‍ ഒരിനം നല്ലതാണെന്നും മറ്റേ ഇനം മോശമാണെന്നും പ്രകൃതി പറഞ്ഞിട്ടില്ല.
പക്ഷേ സ്വത്തു സംബാദിക്കുന്ന ,അധികാരം സ്ഥാപിക്കുന്ന സ്വാര്‍ത്ഥത അഥവ തിന്മ തങ്ങളുടെ സ്വത്തും, സ്ഥാപിത താല്‍പ്പര്യങ്ങളും സംരക്ഷിക്കാനായി ... മിക്കവാറും ഇത് തിന്മയുടെ അതിപ്രസരമുള്ള പുരുഷന്റെ കളിയാണ്‍. തന്റെ ഭാര്യയിലൂടേയും, പെണ്‍ മക്കളിലൂടേയും തന്റെ പുരുഷ താല്‍പ്പര്യങ്ങളുടെ ഇച്ഛാശക്തി സന്നിവേശിപ്പിക്കുന്നു.

പൊതുവെ , സ്വന്തം അജണ്ഡകളില്ലാതെ നന്മയുടെ പ്രതിരൂപങ്ങളായ സ്ത്രീ തന്റെ പുറം ചട്ടയായിത്തീരുന്ന പുരുഷന്റെ താല്‍പ്പര്യങ്ങളുടെ വക്താവാകുക വെറും സ്വാഭാവികത മാത്രം.സ്ത്രീയായിട്ടും,അമ്മായി അമ്മമാര്‍ നവ വധുക്കളുടെ പേടിസ്വപ്നമായിരുന്നത് സ്ത്രീ എപ്പോഴും പുരുഷന്റെ താല്‍പ്പര്യത്തിനാണ്‍ മുന്‍‌ഗണന നല്‍കുക എന്ന പൊതുസ്വഭാവം കാരണം തന്നെ.
അമ്മായി അമ്മയും,മരുമകളും തമ്മിലുള്ള പോരുപോലും സത്യത്തില്‍ രണ്ടു പുരുഷ താല്‍പ്പര്യങ്ങളുടെ വിവരക്കേടു നിറഞ്ഞ യുദ്ധമാണ്.അമ്മായി അമ്മ തന്റെ ഭര്‍ത്താവിന്റേയും,മകന്റേയും താല്‍പ്പര്യ സംരക്ഷണത്തിനായി ജാഗരൂകയാകുംബോള് ,മരുമകള്‍ തന്റെ അച്ഛന്റെയോ, അമ്മയുടെ അച്ഛന്റേയോ പാരംബര്യത്തിന്റേയും,സ്വത്തിന്റേയും,സ്വാര്‍ത്ഥതയുടേയും വാഹകയാണ്.അടുക്കള യുദ്ധം പോലും പാരംബര്യത്തിലൂടെ പ്രേതബാധപോലെ പിന്തുടരുന്ന പുരുഷ സ്വാര്‍ത്ഥതയുടെ ഏറ്റുമുട്ടലാണ് എന്നു ചുരുക്കം.

ന്യൂക്ലിയര്‍ ഫാമിലി സംസ്ക്കാരം വന്നതോടുകൂടി അമ്മായി അമ്മ-മരുമകള്‍ യുദ്ധങ്ങള്‍ നാമമാത്രമായി ചുരുങ്ങിയതാണ്‍ പുതിയ പെണ്‍പക്ഷാഘാത മനോരോഗത്തിന്റെ ഉറവക്കു പിന്നിലെ പ്രധാന കാരണം. അമ്മായി അമ്മ -മരുമോള്‍ സംഘര്‍ഷത്തിലെ പെണ്ണും പെണ്ണുമുള്ള സംഘര്‍ഷം പുരുഷനെ ശത്രുവാക്കിയിരുന്നില്ല. മറിച്ച്, പുരുഷന്റെ ഭ്രമണ പഥത്തിലെ തന്റെ സ്ഥാനം ഉറപ്പിക്കാനുള്ളതായിരുന്നു.അതുകൊണ്ടുതന്നെ കിടപ്പറയില്‍ വര്‍ഗ്ഗശത്രുത ഉണ്ടായിരുന്നില്ല. എന്നാല്‍, ഇന്ന് കിടപ്പറയിലാണ്‍ ശത്രു.വനിതാ കോളേജിലേയും,ഹോസ്റ്റലിലേയും,തൊഴില്‍ ശാലയിലേയും അയല്‍പ്പക്കത്തേയും സ്ത്രീകള്‍ മാത്രമാണ്‍ മിത്രങ്ങള്‍.

തിരക്കുള്ള ബസ്സില്‍ മദ്യപനായ സഹയാത്രികന്‍ സ്രവിപ്പിക്കുന്ന ശാരീരിക ശ്രവങ്ങളെ ചൂരിദാറിന്റെ ഷാളില്‍ ഏറ്റുവാങ്ങി പോലീസ് സ്റ്റേഷനും,പത്രമോഫീസും കയറിയിറങ്ങി പുരുഷന്മാര്‍ക്കെതിരെ ഘോരയുദ്ധം നടത്തി പ്രസിദ്ധയാകുന്ന ഉണ്ണിയാര്‍ച്ചമാരാണ്‍ ഇവരുടെ റോള്‍ മോഡലുകള്‍ !സത്യത്തില്‍ സ്ത്രീപക്ഷാഘാതം എന്ന ഈ മനോരോഗം പണത്തിന്റേയും പുരുഷ ഈഗോയുടേയും സ്ത്രീകളിലൂടെയുള്ള പ്രവര്‍ത്തനമാണെന്ന് ചിന്താശേഷിയുള്ള മനുഷ്യരെങ്കിലും മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ഇന്നത്തെ കംബോള വല്‍ക്കരണ സാഹചര്യത്തില്‍ സ്ത്രീകളെ ഒരു ചരക്കായും,ഉന്നത കുലജാതയായ വേശ്യയായും വികസിപ്പിക്കാന്‍ സ്ത്രീ സ്വാതന്ത്ര്യവാദത്തിന്റെ സ്ത്രീപക്ഷാഘാത വൈറസ്സുകളെത്തന്നെയാണ്‍ മാനേജുമെന്റ് വിദഗ്ദര്‍ ആസൂത്രിതമായി ഉപയോഗപ്പെടുത്തുന്നത്. തെരുവിലൂടെ മൊബൈല്‍ ഫോണില്‍ ഇടമുറിയാത്ത സംസാരവുമായി നടന്നു നീങ്ങുന്ന യുവതികളെ വേദനയോടെ നോക്കിനില്‍ക്കാനെ കഴിയു.ഫോണിന്റെ മറുതലക്കല്‍ നൂറോ, ആയിരമോ, ലക്ഷമോ സ്ത്രീകളെ ഇക്കിളിപ്പെടുത്തിക്കൊണ്ട് തന്നിലേക്ക് വലിച്ചടുപ്പിക്കാന്‍ കംബോളവല്‍ക്കരണത്തിന്റെ സന്തോഷ് മാധവന്മാര്‍ എറിയുന്ന ചൂണ്ടകളില്‍ കൊത്തി രസിച്ചുകൊണ്ട് നടന്നു നീങ്ങുന്ന സ്ത്രീകള്‍ വീട്ടില്‍ കൈക്കരുത്തുള്ള ആണുങ്ങളില്ലാത്തതിന്റെ നഷ്ടം അനുഭവിക്കുന്ന ഹതഭാഗ്യരാണ്‍.

ഇനിയൊന്നു കൂടി പറഞ്ഞ് അവസാനിപ്പിക്കാം. സ്ത്രീയെ സ്വതന്ത്രയാക്കുക എന്നത് മനോഹരമായ ഒരു മുദ്രാവാക്യമാണ്‍. എന്നാല്‍ എവിടെ നിന്നാണ്‍ സ്വതന്ത്രമാക്കേണ്ടത് എന്നത് തിരിച്ചു ചോദിക്കാനുള്ള വെളിവ് സ്ത്രീ സ്വാതന്ത്ര്യത്തിനുവേണ്ടി ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയും, പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ പോലും പ്രകടിപ്പിക്കുന്നില്ല.

സ്ത്രീസ്വാതന്ത്ര്യത്തിനുവേണ്ടി മുറവിളി കൂട്ടുന്നവര്‍ അധികവും സ്ത്രീകളുടെ മാസികകളും മീഡിയയുമാകും. എന്തിനാണ്‍ അവര്‍ മുറവിളി കൂട്ടുന്നത്. ഉപഭോഗത്തിന്റെ ,ധാരാളിത്വത്തിന്റെ സംസ്കാരം സ്ത്രീകളിലൂടെയാണ്‍ വനിതാ പ്രസിദ്ധീകരണങ്ങള്‍ മുഖേന കംബോളം നമ്മുടെ സമൂഹത്തില്‍ പ്രചരിപ്പിക്കുന്നത്.

ഏത് സ്ത്രീ സ്വാതന്ത്ര്യ ആഹ്വാനങ്ങാളും സ്വന്തം വീട്ടിലെ പുരുഷന്റെ സംരക്ഷണയില്‍ സുരക്ഷിതരായിരിക്കുന്ന സ്ത്രീകളെ മറ്റൊരു ശക്തനായ പുരുഷന്‍ തന്റെ വര്‍ണ്ണശബളമായ സ്വാര്‍ത്ഥലോകത്തിലെ ചരക്കായി മാറാന്‍ ക്ഷണിക്കുന്ന ആഹ്വാനങ്ങളായാണ്‍ തിരിച്ചറിയേണ്ടത്. തിരിച്ചറിയാത്തവരെ പത്രമാധ്യമങ്ങളിലെ ദുരന്തവാര്‍ത്തകളില്‍ നമുക്ക് നേരില്‍ കാണാം. അല്ലാതെ പുരുഷന്റെ വിഷപ്പല്ല് അടിച്ചുകൊഴിക്കാനൊന്നും സ്ത്രീ വളരില്ല. അവള്‍ സ്ത്രീയുമാകില്ല. പുരുഷന്റെ പ്രേതം മാത്രം.പുരുഷനിലെ തിന്മയും,പാരുഷ്യവും നഷ്ടപ്പെട്ടാല്‍ പട്ടി ജന്മം തന്നെയാണു ഫലം. സ്വന്തം വീട്ടിലെ പാവം പുരുഷനെയാണ്‍ ഇവര്‍ പട്ടിയാക്കുന്നത്.സന്തോഷ് മാധവന്മാര്‍ ഇതുമൂലം പെരുകുകയും ചെയ്യുന്നു!

ബൂലോകത്തെ സ്ത്രീപക്ഷ ബഹളങ്ങളെക്കുറിച്ച് ഒരു ചിന്ത അത്രേ ഉദ്ദേശിച്ചുള്ളു.

ഇന്നത്തെ ഹര്‍ത്താല്‍ പ്രമാണിച്ചുള്ള പോസ്റ്റാണ്‍. ഹര്‍ത്താല്‍ നഷ്ടായില്ല എന്നുകരുതട്ടെ!