Sunday, September 28, 2008

ഒക്റ്റോബര്‍ 9 ശ്രീ ബുദ്ധ ജയന്തി

ഈ വരുന്ന ഒക്റ്റോബര്‍ 9 നാണ് അറിവിന്റേയും, ബോധോദയത്തിന്റേയും, ഭാരതത്തിന്റെ സുവര്‍ണ്ണ കാലഘട്ടത്തിനു തുടക്കം കുറിച്ച ശ്രീ ബുദ്ധന്റെ ഈ വര്‍ഷത്തെ ജന്മദിനവാര്‍ഷികം. ഒരുകാലത്ത് ഭാരതം മുഴുവന്‍ അറിവിന്റേയും, നന്മയുടേയും, സൂര്യോദയവാര്‍ഷികമായി കൊണ്ടാടിയിരുന്ന ശ്രീ ബുദ്ധ ജയന്തി ദിവസത്തില്‍ ധനിക-ദരിദ്ര-പണ്ഡിത-പാമര-ഗോത്ര ഭേദമില്ലാതെ കുട്ടികള്‍ക്ക് വിദ്യാരംഭം നടത്തിയിരുന്ന ദിനമായും കൊണ്ടാടിയിരുന്നു. കേരളത്തിലെ കുടിപ്പള്ളിക്കൂടങ്ങളില്‍ ബുദ്ധമത മിഷണറിമാരായിരുന്ന ആശാന്മാര്‍ കുട്ടികളെ അന്ന് എഴുത്തിനിരുത്തിയിരുന്നു.
എന്നാല്‍, ഇത്തിക്കണ്ണി സംസ്കാരത്തിന്റെയും, അടിമത്വത്തിന്റേയും, കുടിലതയുടേയും, വേശ്യ സംസ്ക്കാരത്തിന്റേയും,ഇന്ത്യയിലെ ഉറവിടമായ ബ്രാഹ്മണ ഹിന്ദു മതം ബുദ്ധന്റെ ഓര്‍മ്മകളെ വേരോടെ പിഴുതു നശിപ്പിക്കുന്നതിനായി നിര്‍മ്മിക്കപ്പെട്ട കള്ള ചരിത്രങ്ങളിലൂടെ (ഐതിഹ്യങ്ങള്‍) ബുദ്ധ ജയന്തിയോടനുബന്ധിച്ചുള്ള വിദ്ധ്യാരംഭ ദിനം അസുരന്മാരെ നിഗ്രഹിച്ച് ബ്രാഹ്മണലോകത്തെ സുസ്ഥിരമാക്കിയതിന്റെ വാര്‍ഷികാഘോഷമാക്കി മാറ്റിയെടുത്തിരിക്കുന്നു.
സംസ്കൃതം കേള്‍ക്കുകപോലും ചെയ്യുന്ന നായരുടെ (ശൂദ്രന്മാരുടേ) ചെവിയില്‍ ഇയ്യം തിളപ്പിച്ച് ഒഴിക്കണമെന്ന നിയമത്തില്‍ വിശ്വസിക്കുന്ന ബ്രാഹ്മണ്യത്തിന്റെ കാല്‍ക്കീഴില്‍ കിടന്ന് ബ്രിട്ടീഷുകാര്‍ വരുന്നതുവരെ അടിമത്വം അനുഭവിക്കേണ്ടി വന്ന 80%ല്‍ ഏറെ വരുന്ന ഭാരതീയരുടെ നീണ്ട ചരിത്രമാണ് അറിവിന്റെ സവര്‍ണ്ണവല്‍ക്കരണത്തിലൂടെ നാം കണ്ടത്.
എന്തായാലും കൊല്ലപ്പെട്ട അസുരന്‍ ബുദ്ധന്റെ ഓര്‍മ്മകള്‍ നിറഞ്ഞ ഭാരതത്തിന്റെ വസന്തകാലമല്ലാതെ മറ്റൊന്നുമല്ല.
അങ്ങിനെയാണ് ... ഹിന്ദുക്കളുടെ ആണും പെണ്ണും കെട്ട ദൈവമായ മഹാവിഷ്ണുവിന്റെ പേരായ “ഹരിശ്രീ” കുഞ്ഞുങ്ങളുടെ നാവില്‍ എഴുതിക്കൊണ്ട് ബ്രാഹ്മണ്യം ബുദ്ധമത ചടങ്ങായ വിദ്യാരഭത്തെ ഹൈന്ദവവല്‍ക്കരിച്ചത്.
നിരുപദ്രവമെന്നു തോന്നിയേക്കാവുന്ന ഇത്തരം ചെറിയ കാര്യങ്ങളിലൂടെയാണ് സാമൂഹ്യമായ അസന്തുലിതാവസ്ഥ സൃഷ്ടിക്കപ്പെടുന്നത് എന്നതിനാല്‍ സാംസ്കാരിക ബോധമുള്ളവരും, മാനവികതയില്‍ വിശ്വാസമുള്ളവരും “ഹരിശ്രീ” എന്ന വിദ്ദ്യാരഭ ആദ്യാക്ഷരങ്ങളെ പരസ്യമായി എതിര്‍ക്കേണ്ടതാണ്.
പകരം “അ” എന്ന് കുഞ്ഞുങ്ങളെക്കൊണ്ട് അരിയിലെഴുതിച്ച് വിദ്യാരംഭം കുറിക്കുന്നതായിരിക്കും പ്രബുദ്ധത എന്ന് ചിത്രകാരന്‍ നിര്‍ദ്ദേശിക്കുന്നു.
നാവിലെഴുതുന്ന പ്രാകൃത ഏര്‍പ്പാട് നിര്‍ത്തലാക്കേണ്ടിയുമിരിക്കുന്നു.
പുരോഗമന പ്രസ്ഥാനങ്ങള്‍ എഴുത്തിനിരുത്തിന്റെ ആഘോഷങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്നത് കച്ചവട ലക്ഷ്യം മാത്രമുളള പത്രങ്ങള്‍ക്ക് സവര്‍ണ്ണ വേശ്യ സംസ്കൃതിയുടെ പ്രചരണത്തിലൂടെ സര്‍ക്കുലേഷന്‍ കൂട്ടാന്‍ മാത്രമായി വ്യാപാരവല്‍ക്കരിക്കപ്പെടുന്നുണ്ട്. ഇത് അവസാനിപ്പിക്കാനായി
എ.കെ.ജി.യുടേയോ, ശ്രീ നാരായണ ഗുരുവിന്റേയോ,അംബേദ്ക്കറുടേയോ, അയ്യന്‍ കാളിയുടേയോ, മഹാത്മാഗാന്ധിയുടേയോ ഫോട്ടോക്കു മുന്നില്‍ വച്ചെങ്കിലും വിദ്യാരംഭം ആഘോഷപൂര്‍വ്വം നടത്തുന്ന ഒരു സംബ്രദായത്തിനു തുടക്കം കുറിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ബുദ്ധമതം കേരളത്തില്‍ എന്ന വിക്കി ലേഖനത്തിന്റെ ലിങ്ക്.

Wednesday, September 24, 2008

അപര്‍ണ്ണാ ലവകുമാര്‍

വായുവും,വെള്ളവും പോലെ നമ്മുടെ നാട്ടില്‍ നന്മയും സുലഭമാണെന്ന് കാണിക്കുന്ന ഒരു ഉദാഹരണമാണ് അപര്‍ണ്ണ ലവകുമാര്‍ എന്ന പോലീസ് ഉദ്ദ്യോഗസ്ഥയുടെ സല്‍‌പ്രവര്‍ത്തി. ഇതുപോലെ നന്മ നിറഞ്ഞ ധാരാളം ഉദ്ദ്യോഗസ്ഥര്‍ നമുക്കുണ്ട്. സത്യത്തില്‍ ഭൂരിഭാഗം തന്നെയാണിവര്‍. എന്നാല്‍, നമ്മുടെ സാമൂഹ്യ വ്യവസ്ഥിതിയും,ശീലങ്ങളും ഇവരെ കണ്ടെന്നു നടിക്കാറില്ലെന്നു മാത്രമല്ല,അവരുടെ നല്ല മനസ്സിനെ ദൌര്‍ബല്യമായി കണ്ട് ചൂഷണം ചെയ്യുകയല്ലാതെ അപര്‍ണ്ണാലവകുമാറിനെ ആദരിച്ചതുപോലെ ആദരിക്കാന്‍ മിനക്കെടാറില്ല. പൊതുവെ സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ പീഢിപ്പിക്കപ്പെടുന്ന വിഭാഗമാണ് ഈ കൂട്ടം. ആത്മാഭിമാനമുള്ളവരും പാദസേവ ചെയ്യാത്തവരും,സേവന സന്നദ്ധരുമായ ജീവനക്കാര്‍ അഴിമതി നിറഞ്ഞ വ്യവസ്ഥിതിയില്‍ അധികാരികളുടെ കണ്ണിലെ കരടാണ്. പക്ഷേ, അപര്‍ണ്ണാലവകുമാര്‍ ആദരിക്കപ്പെട്ടിരിക്കുന്നു.
എങ്ങിനെയായിരിക്കും അതു സംഭവിച്ചിരിക്കുക ? ഇതേക്കുറിച്ചു വന്ന പത്ര വാര്‍ത്തകളുടെ വിശദാംശങ്ങള്‍ ചിത്രകാരന്‍ അത്ര ശ്രദ്ധിച്ചിരുന്നില്ല. ആ നന്മനിറഞ്ഞ പോലീസ് ഉദ്ദ്യോഗസ്ഥയുടെ പ്രവര്‍ത്തിയുടെ അലകള്‍ സമൂഹത്തെ നന്മയോട് ആഭിമുഖ്യമുള്ളവരാക്കുന്നതില്‍ കാര്യമായ പങ്കു വഹിക്കും എന്നതില്‍ സംശയമില്ല. ആദ്യമായി അപര്‍ണ്ണാ ലവകുമാര്‍ ചെയ്ത ഉപകാരം അതിന്റെ മഹത്വം മനസ്സിലാക്കി കൈപ്പറ്റിയ പാവപ്പെട്ട ആ കുടുംബത്തിന്റെ ഹൃദയ ശുദ്ധിയെ നമിക്കുന്നു. പിന്നീട്.. ഈ വാര്‍ത്ത ജനങ്ങളിലെത്തിച്ച നാട്ടുകാരേയും,ജേണലിസ്റ്റുകളേയും,പത്ര-മാധ്യമങ്ങളേയും നമിക്കേണ്ടിയിരിക്കുന്നു.
ഇവിടെ ടിക്കറ്റെടുക്കാതെ ലോട്ടറിയടിച്ചത് കേരള സര്‍ക്കാരിനും, അതിന്റെ പോലീസ് ഡിപ്പാര്‍ട്ടുമെന്റിനുമാണ്. ചീത്തപ്പേരുമാത്രം കൈമുതലായുള്ള പോലീസ് വകുപ്പിന് ഒരു മാലാഖയുടെ പരിവേഷം അപര്‍ണ്ണാ ലവകുമാറിനെ ആദരിച്ചതിലൂടെ ലഭിച്ചിരിക്കുന്നു.

അക്ഷയ മലയാളം കം‌മ്പ്യൂട്ടിങ്ങ് പ്രൊജക്റ്റ്

ഇന്ന് രാവിലെ കണ്ണൂരില്‍ കലക്റ്ററുടെ അദ്ധ്യക്ഷയില്‍ വച്ചു നടന്ന അക്ഷയ പ്രൊജക്റ്റ് കണ്ണൂരിന്റെ മലയാളം കം‌മ്പ്യൂട്ടിങ്ങ് - ജില്ലാ തല പബ്ലിസിറ്റി കമ്മിറ്റിയില്‍ കേരള ബ്ലോഗ് അക്കാദമി എന്ന ആശയത്തിന്റെ പ്രചാരകനെന്ന നിലയില്‍ മലയാളം കം‌പ്യൂട്ടിങ്ങിന്റെ ജനകീയവല്‍ക്കരണത്തിനായി ഞാന്‍ ചില നിര്‍ദ്ദേശങ്ങള്‍ നല്‍കുകയുണ്ടായി.

1) വിശാലമായ കാഴ്ച്ചപ്പാട്
മലയാളം കം‌മ്പ്യൂട്ടിങ്ങ് എന്നത് ഇന്റെര്‍നെറ്റിലൂടെ മലയാളത്തിലുള്ള കത്തെഴുത്തും വെബ് വായനയും മാത്രമായി ഒതുങ്ങാതെ, ജനകീയമായ ആശയപ്രകാശനത്തിന്റെയും സംവേദനത്തിന്റേയും വേദിയിലേക്ക് ഉയര്‍ത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.മലയാളം ബ്ലോഗുകള്‍ , മലയാളം വിക്കിപ്പീഡിയ പോലുള്ള സ്വതന്ത്ര വിജ്ഞാനകോശങ്ങള്‍,പാദമുദ്ര പോലുള്ള മലയാളം ഓണ്‍ലൈന്‍ ഡിക്‍ഷണറി രചന,പഴംചൊല്ലുകളുടെ ശേഖരണം,നാടന്‍ പാട്ടുകളുടേയും അനുഷ്ടാനങ്ങളുടേയും ശബ്ദരേഖകളുടെ പോഡ്‌കാസ്റ്റിങ്ങ്,വീഡിയോ അപ്‌ലോഡിങ്ങ്, തുടങ്ങിയ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുന്ന തരത്തില്‍ അക്‍ഷയയുടെ മലയാളം കം‌മ്പ്യൂട്ടിങ്ങ് എന്ന പ്രവര്‍ത്തന ശാഖ വികസിക്കേണ്ടിയിരിക്കുന്നു.

2) അഗ്രഗേറ്ററുകള്‍
മുകളില്‍ പറഞ്ഞ തരത്തിലുള്ള വികസനം യാഥാര്‍ത്ഥ്യമാക്കുന്നതിന് മലയാളം യൂണിക്കോഡ് ഫോണ്ടുകളും,അതുമായി ബന്ധപ്പെട്ട അക്ഷയയുടേയും ജില്ല ഭരണകൂടത്തിന്റേയും,വിവിധ വകുപ്പുകളുടേയും വെബ് സൈറ്റുകളുടെ വിലാസങ്ങള്‍ വിതരണം ചെയ്യുന്നതോടൊപ്പം അന്തര്‍ദ്ദേശീയമായ തലത്തില്‍ വികസിച്ചു പ്രവര്‍ത്തിക്കുന്ന മലയാളികളുടെ പൊതുവേദിയായ “ബൂലോക“ത്തിന്റെ പ്രവേശന വഴിയായ ബ്ലോഗ് അഗ്രഗേറ്ററുകളുടേയും,ബ്ലോഗ് കമന്റ് അഗ്രഗേറ്ററുകളുടേയും,മലയാളം വിക്കിപ്പീഡിയ പോലുള്ള പൊതുജനോപകാരപ്രദമായ ഓണ്‍ലൈന്‍ വിശ്വവിജ്ഞാനകോശങ്ങളുടേയും വിലാസവും, ഉപയോഗവും ജനങ്ങളെ അറിയിക്കേണ്ടിയിരിക്കുന്നു.
3) ബ്ലോഗ് വായനശാലകള്‍
സംസ്ഥാനത്തെ എല്ലാ അക്‍ഷയ കേന്ദ്രങ്ങളിലും ബ്ലോഗ് വായനശാലകള്‍ എന്ന പേരില്‍ ഇന്റെര്‍നെറ്റ് കണക്‍ഷനുകളുള്ള രണ്ടു കം‌മ്പ്യൂട്ടറുകളെങ്കിലും ഉള്‍പ്പെടുത്തി പൊതുജനത്തിന് അനായാസമായി ഈ പുതിയ മാധ്യമലോകത്ത് പിച്ചവക്കാനുള്ള സന്ദര്‍ഭം സംജാതമാക്കേണ്ടിയിരിക്കുന്നു.ബ്ലോഗുകളെക്കുറിച്ച് പരിജ്ഞാനമുള്ള ഉദ്ദ്യോഗസ്ഥരുടെ സേവനവും ബ്ലോഗ് വായന ശാലകളില്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.

4) കഫേകളില്‍ യൂണിക്കോഡ് നിര്‍ബന്ധമാക്കുക
സര്‍ക്കാര്‍ തലത്തില്‍എടുക്കുന്ന ഒരു തീരുമാനത്തിലൂടെയോ ജില്ലാ ഭരണാധികാരികളുടെ അധികാരമുപയോഗിച്ചോ കേരളത്തിലെ എല്ലാ ഇന്റെര്‍നെറ്റ് കഫേകളിലും അവര്‍ വാടകക്കു നല്‍കുന്ന എല്ലാ കം‌മ്പ്യൂട്ടറുകളിലും അജ്ഞലി ഓള്‍ഡ് ലിപി പോലെ സര്‍വ്വത്രികമായി ഉപയോഗിക്കപ്പെടുന്ന മലയാളം യൂണിക്കോഡ് ഫോണ്ടുകളും,മലയാളം എഴുത്തുപകരണങ്ങളും നിര്‍ബന്ധമാക്കേണ്ടിയിരിക്കുന്നു. (ഇതിന്‍ കഫെ ഉടമക്ക് പ്രത്യേക ചിലവുകളൊന്നുമുണ്ടാകുന്നില്ല. (സോഫ്റ്റ് വെയറുകളെല്ലാം സൌജന്യമായി ലഭ്യമാണ്.)ഇപ്പോള്‍ ഏറിയഭാഗവും അനാവശ്യ സൈറ്റുകള്‍ സന്ദര്‍ശിക്കാന്‍ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഇന്റെര്‍നെറ്റ് കഫെകളെ കേരളത്തിന്റെ വായനശാലകളായും,എഴുത്തുപുരകളായും,സാംസ്കാരിക കേന്ദ്രങ്ങളായും പരിവര്‍ത്തനം ചെയ്തെടുക്കാന്‍ ഇത്തരമൊരു ശ്രമം വഴിവക്കും. എന്നുമാത്രമല്ല, മലയാളം കം‌മ്പ്യൂട്ടിങ്ങിന്റെ പ്രചാരണത്തിന് ഈ പ്രവൃത്തി ഒഴിച്ചുകൂടാനാകാത്തതുമാണ്.
6-9-08

Tuesday, September 16, 2008

വേദവ്യാസന്‍.. വിശുദ്ധ ജാരന്‍ !


കുറേ കാലമായി ചിത്രം വരച്ചിട്ട്. ആ റു വര്‍ഷം മുന്‍പ് -2002-വണ്ടൂരില്‍ വച്ചു നടത്തപ്പെട്ട ഒരു ചിത്ര കല ക്യാമ്പിലാണ് അവസാനമായി വരച്ചത്. ഈ തിരുവോണത്തിന് (12-9-08)വീണ്ടും വരച്ചു. ഓയില്‍ സ്കെച്ച് പേപ്പറില്‍ ഓയില്‍ പെയിന്റുകൊണ്ടൊരു സ്കെച്ച് നടത്തി. വേദവ്യാസന്‍ പാണ്ഡവ-കൌരവര്‍ക്ക് ജാര ജന്മം നല്‍കുന്നതിന്റെ മുഹൂര്‍ത്തം ഇങ്ങനെയാണ് ചിത്രകാരന്റെ മനസ്സില്‍ തെളിഞ്ഞു വന്നത്. ഈ ചിത്രം അപൂര്‍ണ്ണമാണ്. എങ്കിലും ഒരു ചിത്രമാണ്.
വേദ വ്യാസന്‍ വിശുദ്ധ ജാരനോ അതോ വിത്തുകാളയോ ? ഏതായിരിക്കും കൂടുതല്‍ യോജിക്കുക ?!!
കൂടുതല്‍ ചിന്തക്കായി ഉദ്ബുദ്ധരായ മനുഷ്യര്‍ക്ക് സമര്‍പ്പിക്കുന്നു.
ചിത്രകാരനെ വീണ്ടും ചിത്രരചനയിലേക്ക് ആകര്‍ഷിച്ച ബ്ലൊഗ് എന്ന മാധ്യമത്തിനു നന്ദി.

സന്ദര്‍ഭം:
മഹാഭാരത കര്‍ത്താവായ വേദ വ്യാസന്‍ രാജാവിന്റെ പട്ടമഹര്‍ഷിമാരെ ഗര്‍ഭിണികളാക്കി ഉണ്ടാക്കിയെടുത്ത രണ്ടു പൊന്നു തംബുരാക്കന്‍ന്മാരാണ് പേടു രാജാക്കന്മാരായ പാണ്ഡുവും,ധൃതരാഷ്ട്രരും രണ്ടും ഷണ്ഡന്മാര്‍ ! ഷണ്ഡത്വം കൂടാതെ ഒന്നിനു പാണ്ഡു രോഗവും,മറ്റവന് അന്ധതയും ! വിത്തുകാളയുടെ ബീജം ഒന്നാം തരം തന്നെ !!
ഇതിനെതിരെയുള്ള ചോദ്യങ്ങള്‍ക്ക് വ്യാസന്‍ കഥയുണ്ടാക്കിയതാണ് അതിലും രസകരം. അന്നേ ദിവസം താന്‍ രാജകൊട്ടാരത്തിലെ ഒരു വേലക്കാരിക്കുകൂടി ഗര്‍ഭമുണ്ടാക്കിയിട്ടുണ്ടെന്ന് ! അങ്ങനെ ശൂദ്രയായ വേലക്കാരിയുടെയും ഭര്‍ത്താവിന്റേയും മിടുക്കനായ കുട്ടി ഭരണാധികാരമില്ലെങ്കിലും രാജാവിന്റെ മക്കളുടെ ലിസ്റ്റിലേക്ക് വരവുവക്കപ്പെട്ടു. അവനാണു വിതുരര്‍.

അംബിക മഹാറാണിയുടെ കിടപ്പറയില്‍ പ്രവേശിച്ച വേദവ്യാസനെ കണ്ട് ആ പാവം സ്ത്രീ കണ്ണുകള്‍ ഇറുക്കിയടച്ചത്രേ! (സുധാകരന്‍ സാമിമാരെപ്പറ്റി പറഞ്ഞത് ഓര്‍മ്മ വരുന്നു. സാമിമാരൊന്നും അണ്ടര്‍വെയര്‍ ഇടാറില്ലത്രേ!) അതുകൊണ്ടാണ് ധൃതരാഷ്ട്രര്‍ കുരുടനായതെന്നൊരു വിശദീകരണക്കുറിപ്പും വ്യാസന്‍ എഴുതി ചേര്‍ത്തു.
അംബാലിക മഹാറാണി കിടപ്പറയില്‍ കയറിക്കൂടിയ ഈ ദുഷ്ട ജന്തുവിനെ കണ്ട് വിളറി വെളുത്തതിനാലാണ് സന്തതിയായി പിറന്ന പാവം പാണ്ഡു പാണ്ഡുരോഗം പിടിച്ച് കഷ്ടപ്പെട്ട് അകാലത്തില്‍ മരിക്കേണ്ടി വന്നതത്രേ !

ശൂദ്രയായ വേലക്കാരി സന്തോഷപൂര്‍വ്വം വ്യാസ ബീജം ഉള്‍ക്കൊണ്ടതിനാല്‍ വിതുരര്‍ ബുദ്ധിമാനുമായി.

അങ്ങിനെ ... വ്യഭിചാരം സന്തോഷപൂര്‍വ്വം ചെയ്യേണ്ട ഹിന്ദു മത അനുഷ്ടാനമാണെന്നു വേദവ്യാസന്‍ ശൂദ്രര്‍ക്ക് ബുദ്ധി കോരി ഒഴിച്ചുകൊടുത്തു. അങ്ങിനെയാണ് ഇന്ത്യ കുട്ടിച്ചോറായതും, കേരളം ഭ്രാന്താലയമായതും എന്ന് !!!
(കഥയറിയാതെ ആട്ടം കണ്ടാല്‍ കഥകളിയാകുമല്ലോ എന്നു കരുതി വിശദീകരിച്ചതാണ്. രസ ഭംഗം വന്നവര്‍ പൊറുക്കുക, ക്ഷമിക്കുക !)

Monday, September 15, 2008

കൃസ്തുവിന്റെ കാല്‍ തല്ലിയൊടിച്ചു !പാവം കൃസ്തു ഭഗവാന്‍ !! കാലു തല്ലിയൊടിക്കപ്പെട്ട്, കൈ മുറിച്ചുമാറ്റപ്പെട്ട് .... ഒരു ആംബുലന്‍സിന്റെ വരവും പ്രതീഷിച്ച് തന്റെ ഡണ്‍ലപ്പ് മെത്തയായ കുരിശില്‍ പതിവുപോലെ ഖിന്നനായി തൂങ്ങിക്കിടന്നു. ദേശാഭിമാനി പത്രമാണ് ഈ ദാരുണദൃശ്യം രാവിലെത്തന്നെ ചിത്രകാരന്റെ മുന്നിലെത്തിച്ചത്. പത്രം ദേശാഭിമാനിയായതുകൊണ്ട് പ്രത്യേക ചേതോവികാരമൊന്നും തോന്നിയില്ല. ഏടാ.. വെളവന്മാരേ.., നിങ്ങളിതും വോട്ടാക്കാന്‍ തുടങ്ങിയല്ലേ എന്നു മനസ്സു പറഞ്ഞതുമാത്രം കേട്ടു.
ഇനി റോമില്‍ നിന്നും അമേരിക്കയില്‍ നിന്നും ന്യൂനപക്ഷ പീഡനത്തിനെതിരെ പ്രതിഷേധ പ്രകടനം കൂടി വരാനിരിക്കുന്നു. എന്തായാലും കൊള്ളാം. ഇന്ത്യയിലെ കൃസ്ത്യന്‍ വര്‍ഗ്ഗീയ വാദികള്‍ക്കും, ഹിന്ദു വര്‍ഗ്ഗീയ വാദികള്‍ക്കും,മുസ്ലീം വര്‍ഗ്ഗീയ വാദികള്‍ക്കും ഇപ്പോള്‍ വളര്‍ച്ചയുടെ സൂപ്പര്‍ ഹൈവെകളാണ് തുറന്നിട്ടു കിട്ടിയിരിക്കുന്നത്.
നഷ്ടം മനുഷ്യനു മാത്രം. മനുഷ്യത്വമാണ് ഏറ്റവും വലിയ ദൈവീകമായ ഭാവമെന്ന് വിശ്വസിച്ചിരിക്കുന്നവര്‍ കൂട്ടാത്തോടെ ആ വിശ്വാസം ഉപേക്ഷിച്ച് വര്‍ഗ്ഗീയതയിലേക്ക് അണിചേര്‍ക്കപ്പെടുംബോള്‍ മനുഷ്യനല്ലാതെ ആര്‍ക്കാണു നഷ്ടം? (ചെകുത്താന്റെ സംഘടനകളായ മതങ്ങളും, സവര്‍ണ്ണ രാഷ്ട്രീയ പാര്‍ട്ടികളും നശിക്കട്ടെ !!)

സത്യത്തില്‍ ഇന്ത്യയില്‍ സവര്‍ണ്ണരും അവര്‍ണ്ണരും എന്ന രണ്ടു വിഭാഗമേയുള്ളു.
ക്രൈസ്തവനായാലും,മുസ്ലീമായാലും, ദളിതനായാലും അവര്‍ണ്ണരാണ്. മതങ്ങളുടെയും,പാര്‍ട്ടികളുടേയും മുഖാവരണവും കണ്ണടയും ഉപേക്ഷിച്ച് നോക്കിയാല്‍ മനുഷ്യത്വമുള്ള അവര്‍ണ്ണരും, അതില്ലാത്ത സവര്‍ണ്ണരും തമ്മിലുള്ള സമരമാണ് ഇന്ത്യയില്‍ ഇക്കാലമത്രയും നടന്നുകൊണ്ടിരിക്കുന്നത്. ക്രൈസ്തവര്‍ക്കെതിരേയും, മുസ്ലീങ്ങള്‍ക്കെതിരേയും,ദലിതര്‍ക്കെതിരേയും നടക്കുന്ന ആക്രമണങ്ങളെ സവര്‍ണ്ണ ചോറ്റുപട്ടാളത്തിന്റെ ആക്രമണമായി മനസ്സിലാക്കാന്‍ പ്രാപ്തിയുണ്ടാകുംബോഴേ ഇവിടെ മനുഷ്യന്‍ ജയിക്കുകയുള്ളു.

ബ്രാഹ്മണ ജനത പാര്‍ട്ടിയില്‍ മാത്രമല്ല സവര്‍ണ്ണരുള്ളത്. എല്ലാ പാര്‍ട്ടികളിലും സവര്‍ണ്ണരുണ്ട്. അതുകൊണ്ടുതന്നെ കൃസ്തുവിന്റെയും, മറ്റു മനുഷ്യ പുത്രന്മാരുടേയും കയ്യും കാലും തല്ലിയൊടിക്കപ്പെടുകയും, നടുറോഡില്‍ ദളിതനെ നഗ്നനാക്കി നടത്തുകയും, മലം വാരിപ്പിക്കുകയും ചെയ്യുന്ന സവര്‍ണ്ണ ഗുണ്ടായിസത്തിനെതിരെ സമരം ചെയ്യാന്‍ തയ്യാറുള്ള പ്രസ്ഥാനങ്ങള്‍ക്കു മാത്രമേ ഇനി ഇന്ത്യയില്‍ പ്രസക്തിയുള്ളു.

ലോക മുതലാളിത്തം, അമേരിക്കന്‍ സാമ്രാജ്യത്വം, തുടങ്ങിയ ദുര്‍ഭൂതങ്ങള്‍ക്കെതിരെ വാചകമടിച്ച് ശത്രു സംഹാര പൂജ നടത്തിയെന്ന് നടിക്കുന്ന കപടതൊഴിലാളി സവര്‍ണ്ണ നേതാക്കളെ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും ഓടിക്കുക.