Sunday, December 26, 2010

കണ്ണൂരിലെ ശവകുടീരങ്ങള്‍

കണ്ണൂരിലെ പയ്യാംബലം കടപ്പുറത്താണ് കേരളത്തിലെ രാഷ്ട്രീയ സാംസ്ക്കാരിക രംഗത്തെ പ്രമുഖര്‍ ഏറേയും ഉറങ്ങിക്കൊണ്ടിരിക്കുന്നത്. പയ്യംബലം കടപ്പുറത്ത് കാറ്റുകൊള്ളാനായി എത്തിച്ചേരുന്ന അപരിചിതര്‍ക്ക് ഏറെ കൌതുകം ജനിപ്പിക്കുന്നതാണ് വ്യത്യസ്ത രൂപങ്ങളിലും ഭാവങ്ങളിലുമുള്ള പ്രമുഖരുടെ ശവകുടീരങ്ങളുടെ കൂട്ടായ്മ. ഏതാണ്ട് കളിക്കോപ്പുകള്‍ പോലെയോ, റോക്കറ്റ് മാതൃകകള്‍ പോലെയോ, ആക്രി സാധനങ്ങളുടെ ശേഖരം പോലെയോ അവിദഗ്ദ അവാര്‍ഡു ശില്‍പ്പങ്ങള്‍ പോലെയോ ഉള്ള ശവകുടീരങ്ങള്‍ നമ്മുടെ സമൂഹത്തിന്റെ ബോധവികാസത്തിന്റെ പിന്നോക്കാവസ്ഥയെ സൂചിപ്പിക്കുന്ന ഗോത്ര പാരംബര്യത്തിന്റെ ശേഷിപ്പുകളാകുന്നു.കോര്‍പ്പറേഷന്റേയും മുനിസിപ്പാലിറ്റികളുടേയും ചണ്ടി കൂംബാരം പോലെ പ്രമുഖരുടെ ഓര്‍മ്മകള്‍ പേറുന്ന ശവകുടീരങ്ങള്‍ പയ്യാംബലത്ത് അടിഞ്ഞുകൂടിയിരിക്കുന്നു.പലതും രാഷ്ട്രീയ പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പു ചിഹ്നങ്ങളുടെ പ്രദര്‍ശനത്തില്‍ സായൂജ്യം നേടുന്ന ഹോര്‍ഡിങ്ങുകള്‍ക്ക് സമാനമായ ധര്‍മ്മമാണ് നിര്‍വ്വഹിക്കുന്നത്.ചില ശവകുടീരങ്ങള്‍ പ്രതിഷ്ഠയില്ലാത്ത ക്ഷേത്രങ്ങളെപ്പോലെ മൌനമായി തങ്ങളുടെ ഹൈന്ദവ പാരംബര്യം കാത്തുസൂക്ഷിക്കുന്നു.
സ്വന്തം വീട്ടിലോ പറംബിലോ സ്ഥാപിക്കപ്പെടേണ്ടതായ ഈ കുടക്കല്ലുകളും, നന്നങ്ങാടികളൂം,സ്മാരക ശില്‍പ്പങ്ങളും കൂണു മുളച്ചതുപൊലെ കണ്ണൂരിന്റെ നല്ലൊരു കടപ്പുറത്തെ പ്രേതവാസ കേന്ദ്രമാക്കിയിരിക്കുന്നത് എന്തുകൊണ്ടായിരിക്കും.സായിപ്പിന്റെ മാതൃകകളിലേക്ക് ഒരു പിന്തുടര്‍ച്ച കൂട്ടിച്ചേര്‍ക്കുന്നതായിരിക്കണം ശവകുടീരങ്ങളുടെ പയ്യംബലത്തെ ചാകരക്കു കാരണമായിട്ടുണ്ടായിരിക്കുക എന്നു കരുതാം.
ഈ പോസ്റ്റിലെ എല്ലാ ചിത്രങ്ങളും ചിത്രകാരന്റെ മൊബൈല്‍ ഫോണ്‍കൊണ്ട് എടുത്തിട്ടുള്ളതാകുന്നു.
എ.കെ.ജി.യുടേയും അഴീക്കോടന്‍ രാഘവന്റേയും ആത്മാവുകളുടെ രൂപം
മേസ്തിരിമാര്‍ പയ്യാംബലത്ത് ആവാഹിച്ചുവച്ചിരിക്കുന്നു.
കെ.ജി.മാരാരുടെ ചിഹ്നം താമര. പ്രതിഷ്ടയിലെ താമരയില്‍ സൌകര്യം
പോലെ ഏതു ദൈവത്തേയും മനസ്സാ ധ്യാനിച്ച് ആവഹിക്കാവുന്നതാണ്.
പൊത്തക കെട്ടും, ചര്‍ക്കയും, ജയന്റ് വീലും മറ്റു കരകൌശലങ്ങളും
എല്ലാം കൂടി ഗംഭീരമായ ചില ശവകുടീര സാംബിളുകള്‍
ജീവിതം മുഴുവനായി പാര്‍ട്ടിക്കുവേണ്ടി ഹോമിച്ച ഒരു സാധാ മനുഷ്യനായി ജീവിച്ച സി.കണ്ണന്റെ ദയനീയ ശവകുടീരം. കണ്ണൂരില്‍ അന്തസ്സുള്ള സ്ഥലത്തെവിടെയെങ്കിലും നല്ലൊരു ശില്‍പ്പമായിരുന്നു ഉചിതം.
ഹട്ട സ്വാമിയുടേയും പലവക ദിവ്യന്മാരുടേയും ശവകുടീരങ്ങള്‍
കൃസ്തീയമായ ശവകുടീരങ്ങളുടെ ഒരു പയ്യാംബലം തുടര്‍ച്ച
ഭ്രഹ്മണപഥത്തിലേക്ക് കുതിക്കാന്‍ കാത്തുനില്‍ക്കുന്ന ചടയന്‍ ഗോവിന്ദന്‍ സ്തൂപം
നായനാര്‍ക്കായി സഖാക്കള്‍ പയ്യാംബലത്തു നിര്‍മ്മിച്ച ക്ഷേത്രവാസ്തുവിദ്യ പ്രകാരമുള്ള പ്രതിഷ്ഠയില്ലാത്ത അംബലം. സോപാനത്തില്‍ നിന്ന് അഷ്ടപതിപാടാനുള്ള സൌകര്യം പ്രത്യേകം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
ഒരു മാടംബി പ്രഭുവിനു നല്‍കാവുന്ന തറവാടിത്തവും കുലീനതയും അന്തസ്സും ഗാംഭീര്യവുമുള്ള തൊഴിലാളിവര്‍ഗ്ഗ നിര്‍മ്മിതി.

പോളിങ്ങ് ബൂത്തില്‍ ചെല്ലുംബോള്‍ ചിഹ്നം മറന്നുപോകരുതല്ലോ.
ശിവലിംഗ പ്രതിഷ്ഠയോ, അതോ കണ്ണൂരിന്റെ സ്വന്തമായ തെയ്യത്തിന്റെ ആകാര ഗാംഭീര്യമോ ?
ആളു നല്ല അഭ്യാസിയായിരുന്നിരിക്കണം !
കോണ്‍ഗ്രസ്സിന്റെ ബുദ്ധി നിലവാരവും, സൌന്ദര്യബോധവും വിളിച്ചോതുന്ന കരകൌശല ശവകുടീരം !
വരിവരിയായി കാറ്റുകൊണ്ടു നില്‍ക്കുന്ന ആത്മാക്കള്‍

ബെസ്റ്റ് കളര്‍... ബെസ്റ്റ് ഷേപ്പ്... കുരിശിനു പകരം നക്ഷത്രമാണെന്ന വ്യത്യാസമേയുള്ളു.
കാലുകഴക്കുന്ന ആത്മാക്കള്‍ക്ക് കുറച്ചു നേരം സൊറ പറഞ്ഞിരിക്കാനും,ആവശ്യമെങ്കില്‍ നീണ്ടു നിവര്‍ന്ന് 
വിശ്രമിക്കാനും ഉതകുന്ന വിധം ഗ്രാനൈറ്റ് ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന അടിപൊളി ശവകുടീരം
സ്വജാത്യാഭിമാനി എന്നും സ്വദേശാഭിമാനി എന്നും അവര്‍ണ്ണരും സവര്‍ണ്ണരും യുക്തമ്പോലെ വിളിക്കുന്ന
രാമകൃഷ്ണപ്പിള്ളയുടെ രാജകീയ ശവകുടീരം.

രണ്ടു വീടില്ലാത്ത കുടുംബങ്ങള്‍ക്ക് ആര്‍ഭാടമായ വീടുവച്ചു കൊടുക്കാമായിരുന്നു.
മൃതദേഹങ്ങളെ പ്രതീക്ഷിച്ച് പയ്യംബലം ശ്മശാന നടപ്പാതയില്‍
തിങ്ങി ഞരുങ്ങി കാത്തിരിക്കുന്ന വിറകു കൂംബാരം.
പയ്യാംബലം ശ്മശാനം
ശ്മശാന കെട്ടിടം
ശവസംസ്ക്കാരം നടന്നുകൊണ്ടിരിക്കുന്നു
ആറടിമണ്ണ് ഒരാഴ്ച്ചത്തേക്ക് വാടകക്ക്
നോക്കുകുത്തിയായി നില്‍ക്കുന്ന വൈദ്യുത ശ്മശാനം.നമ്മുടെ എഞ്ചിനീയറിങ്ങ് വൈദഗ്ദ്യത്തിന്റേയും രാഷ്ട്രീയക്കാരുടെ അഴിമതി രഹിതമായ പാരംബര്യത്തിന്റേയും പ്രശസ്തി വിളിച്ചോതുന്ന അഭിമാന സൌദം

Friday, December 24, 2010

സാധ്യത നല്‍കുന്ന മൃതദേഹങ്ങള്‍ !

പാവപ്പെട്ടവന്റെ മൃതദേഹം ഒരു ബാധ്യതയാണ്. ഒരു കുടുംബത്തേയും,ബന്ധു ജനങ്ങളേയും, അടുത്ത സുഹൃത്തുക്കളേയും മാത്രം ബാധിക്കുന്നത്. മരണം അവിടെ ഒരു നഷ്ടമാണ്. സ്വന്തം വീടിന്റെ അടുക്കള പൊളിച്ചുമാറ്റി, അവിടെ മൃതദേഹം അടക്കം ചെയ്യാന്‍ നിര്‍ബന്ധിതരകുന്ന മനുഷ്യരുള്ള നാടാണ് കേരളം. മറ്റു സംസ്ഥാനങ്ങളില്‍ അതിലും ഗതികേട് ചില മനുഷ്യജന്മങ്ങള്‍ അനുഭവിക്കുന്നുണ്ടാകാം.

എന്നാല്‍, പ്രശസ്തരും  പ്രമുഖരും അധികാരത്തിനും മീഡിയക്കും പ്രിയങ്കരരുമായ ചിലരുടെ  മൃതദേഹങ്ങള്‍ നമുക്ക് ദേശവ്യാപകമായി ഉത്സവങ്ങളും ആഘോഷങ്ങളും സംഘടിപ്പിക്കാന്‍ യോഗ്യമായവിധം  സാധ്യതകള്‍ നല്‍കുന്ന വിപണന മൂല്യമുള്ള അമൂല്യവസ്തുക്കളാകുന്നത് എന്തുകൊണ്ടാണെന്ന് ചിത്രകാരന്‍ ആലോചിക്കുകയാണ്.
ചത്ത മനുഷ്യരോട് എന്തിനിത്ര സ്നേഹമെന്നും, ആദരവെന്നും ചോദിക്കരുത്. ജനങ്ങള്‍ എല്ലാ പരിപാടികളും നിര്‍ത്തിവച്ച് മീഡിയക്കു മുന്‍പില്‍ വാപൊളിച്ചിരിക്കുന്ന ശുഭമുഹൂര്‍ത്തങ്ങളാണ് പ്രമുഖരുടെ മരണ വാര്‍ത്തകളും, ശവഘോഷയാത്രകളും, ശവസംസ്ക്കാര വെടിയും. അതുകൊണ്ടുതന്നെ കച്ചവട സ്ഥാപനങ്ങളുടെ പരസ്യ പ്രക്ഷേപണത്തിനുള്ള അക്ഷയ തൃതീയകളാണ്  മീഡിയകള്‍ക്ക്  ഓരോ ശവഘോഷയാത്രയും സമ്മാനിക്കുന്നത്. ചുരുക്കത്തില്‍ കലണ്ടറില്‍ രേഖപ്പെടുത്താന്‍ കഴിയാത്ത ദേശീയ ഉത്സവങ്ങളാണ് രാഷ്ട്രീയ സാംസ്ക്കാരിക രാജാക്കന്മാരുടെ നാടുനീങ്ങല്‍.

ഒരു മനുഷ്യനെ അയാളുടെ മുഴുവന്‍ ജീവിതത്തിന്റെ സമഗ്രതയെയും മൃതരൂപത്തില്‍ ഏറ്റവും ആകര്‍ഷകമായി കാണാനും കാണിക്കാനും  സാധ്യതകള്‍ ഉണ്ടാകുന്നത് നമ്മുടെ അറിവില്ലായ്മയുടെ വ്യാപ്തി കാരണമാകുന്നില്ലേ ?
ചത്ത ഒരു സിംഹത്തെ നേരിട്ട് കാണുന്നത് ഏതൊരു ഭീരുവിനും ധീരത തോന്നുന്ന മുഹൂര്‍ത്തമാണ്.  അത്തരം ഭീരുത്വത്തിന്റെ ഒരു സമുദ്രത്തിലല്ലേ നാം ജീവിക്കുന്നത് ? അല്ലെങ്കില്‍, ശവത്തെ മറവു ചെയ്യേണ്ടത് മൃഗശാല ജീവനക്കാരുടെ ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തിന്റെ ഭാഗമേ ആകുന്നുള്ളു. ജീവനുള്ളപ്പോള്‍ സിംഹം ഗര്‍ജ്ജിച്ചിരുന്നു, ഇരകളെ വേട്ടയാടി കൊന്നു തിന്നിരുന്നു. ആ പ്രവര്‍ത്തനം ഒരു ചരിത്രമാണ്. ആ പ്രവര്‍ത്തനം ഇല്ലാതാകുംബോള്‍ ചരിത്രം അറിവായി ഓര്‍മ്മകളില്‍ ജീവനോടെ സൂക്ഷിക്കാം എന്നിരിക്കെ, ആ ജീവ ചൈതന്യത്തേക്കാള്‍ നാം നിര്‍ജ്ജീവതയെ കൂടുതല്‍ കണ്ണിമവെട്ടാതെ കാണാനും, കാണിക്കാനും, ആദരിക്കാനും ശ്രമിക്കുന്നത് നമ്മുടെ സ്വാര്‍ത്ഥതയല്ലെങ്കില്‍ പിന്നെന്താണ് ?

തനിക്കു പ്രയോജനപ്പെടാത്ത ജീവനുള്ള ഒരു മനുഷ്യനെ  ആര്‍ക്കും വേണ്ട. എന്നാല്‍, നമ്മേ ദ്രോഹിക്കുകയും പീഢിപ്പിക്കുകയും ചെയ്യുന്നതിലൂടെയായാലും നമ്മേ സ്വാധീനിച്ച ഒരു വ്യക്തി മരണശേഷം ആദരണീയനാകും.
സത്യത്തില്‍ നമ്മള്‍ അയാളുടെ മരണമുഹൂര്‍ത്തത്തെയാണ് ആദരിക്കുന്നത്, ജീവിതത്തെയല്ല , ആശയങ്ങളേയുമല്ല !  ജീവനുള്ള മഹാത്മാഗാന്ധിയേയും, കൃസ്തുവിനേയും, ശബരിമല ശാസ്താവെന്ന നിരീശ്വരബുദ്ധനേയും നമുക്ക് സഹിക്കാനാകുമോ ? നാം കണ്ണടച്ച് ആരാധിക്കുന്നത് അവരുടെ ശവമുഹൂര്‍ത്തങ്ങളെയാണ്. ശവ മുഹൂത്തങ്ങളെ ആരാധിക്കുന്നവര്‍ അടിമകളാണ്... ഭീരുക്കളാണ്. ശവങ്ങളെ ആരാധ്യമായ വിഗ്രഹങ്ങാളാക്കുന്നവര്‍ രാജാധികാരമായാലും, മീഡിയയായാലും, അത് സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളുടെ പൌരോഹിത്യ രൂപങ്ങളാണ്. ജനാധിപത്യ സമൂഹമല്ല, പുരോഗമനത്തിന്റേയോ ജനാധിപത്യത്തിന്റേയോ സ്വാതന്ത്ര്യത്തിന്റേയോ സമത്വബോധത്തിന്റേയോ വികാസ പ്രത്യയശാസ്ത്രമല്ല. അടിമത്വത്തിന്റെയും, മാടംബിത്വത്തിന്റേയും പൈതൃകത്തെ മഹത്വപ്പെടുത്തുന്ന പ്രതിലോമ പ്രയാണമാണ് അത്. അതുകൊണ്ടുതന്നെ, ഈ ശവഘോഷയാത്രകളുടെ അന്തമില്ലാത്ത ആവര്‍ത്തനങ്ങള്‍ക്കുമുന്നില്‍ ... ജനങ്ങളുടെ ഷണ്ഡമനസ്സിനെയോര്‍ത്ത് ചിത്രകാരന്റെ സഹതാപം രേഖപ്പെടുത്തുന്നു.

ജീവനുള്ള സ്വന്തം തന്ത തള്ളമാരെ തിരിഞ്ഞു നോക്കാത്തവരാ ആരാന്റെ ഏതോ പ്രമാണിയായ തന്ത ചത്തതു കാണാന്‍ ഈ തണുപ്പില്‍ ഉറക്കമൊഴിച്ച് മഞ്ഞുകൊള്ളുന്നത് !!!

Wednesday, December 15, 2010

ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ ഇന്ത്യ സ്വതന്ത്രയായിരുന്നു !

ചിത്രകാരന് ഇപ്പോള്‍ ബ്ലോഗുകള്‍ വായിക്കാനോ സ്വന്തം ബ്ലോഗോ മെയിലോ പരിശോധിക്കാന്‍ പോലുമോ സമയം ലഭിക്കാതിരിക്കുകയാണ്. അതുകൊണ്ട് പുതിയ പോസ്റ്റുകളൊന്നും  എഴുതാനാകുന്നില്ല. തലക്കകം ഏതാണ്ട് എംടി.വാസുദെവന്‍ നായരായിരിക്കയാണ്. ചില സുഹൃത്തുക്കള്‍ എന്തേ പുതിയ പോസ്റ്റൊന്നുമില്ലേ എന്ന് ചോദിക്കുന്നു. ചിലര്‍ പഴയ പോസ്റ്റുകള്‍ റീപോസ്റ്റു ചെയ്തുകൂടെ എന്നും. രണ്ടാമതു പറഞ്ഞതാണെളുപ്പം. ഏതാണ്ട് നാലുവര്‍ഷം മുന്‍പ് , അതായത് April 30, 2007ന് പ്രസിദ്ധീകരിച്ച പോസ്റ്റ് ഒന്നുകൂടി പൊസ്റ്റ് ചെയ്യുന്നു. കമന്റ് എഴുതുന്നവര്‍ ശ്രദ്ധിക്കുക. ഇപ്പോള്‍ ഗൂഗിളിന് എന്തൊ സാങ്കേതിക പ്രശ്നമുള്ളതുകൊണ്ടാണെന്നു തോന്നുന്നു... കമന്റുകള്‍ പബ്ലിഷ് ആകാതെ അപ്രത്യക്ഷമാകുന്നുണ്ട്. കമന്റ് പബ്ലിഷ് ചെയ്യുന്നതിനു മുന്‍പ് ഒന്നു കോപ്പി ചെയ്തു വക്കുന്നത് നന്നായിരിക്കും . പോസ്റ്റ് താഴെ :


ഇന്ത്യയുടെ സ്വാതന്ത്ര്യസമരം ആര്‍ക്കുവേണ്ടിയായിരുന്നു?

ഈ ചോദ്യം ചോദിക്കാനുള്ള കാരണം പറയാം.

സ്വാതന്ത്ര്യത്തിനു ശേഷം 60 വര്‍ഷം പിന്നിട്ടിട്ടും, ഇന്ത്യന്‍ ജനതയുടെ 90 ശതമാനവും തങ്ങളുടെ കുലത്തൊഴിലുകളുടെ നുകത്തിനു കീഴിലും, സമൂഹത്തിന്റെ ജാതീയമായ നീരാളിപ്പിടുത്തത്തിനു കീഴിലും, അപമാനകരമായ പാരതന്ത്ര്യം അനുഭവിക്കുന്നവരായി ശേഷിക്കുന്നു എന്ന സത്യം, നമ്മുടെ സ്വാതന്ത്ര്യസമരത്തെ വിമര്‍ശന വിധേയമാക്കാന്‍ പ്രേരിപ്പിക്കുന്നു.

60 വര്‍ഷം മുമ്പ്‌ നാം നേടിയെന്നു പറയുന്ന സ്വാതന്ത്ര്യം ഒറ്റക്ക്‌ പുഴുങ്ങി തിന്നതാരാണ്‌?
ഇന്ത്യന്‍ ജനതയിലെ നാലോ അഞ്ചോ ശതമാനം വരുന്ന ബ്രാഹ്‌മണര്‍ക്കും, നാടുവാഴികള്‍ക്കും, അവരുടെ ജാരസംസര്‍ഗ്ഗത്താല്‍ ഉയര്‍ത്തപ്പെട്ട്‌ സവര്‍ണ്ണജാതിപ്പട്ടം ലഭിച്ച ന്യൂനപക്ഷത്തിനും മാത്രമായി ഇന്ത്യയുടെ സ്വാതന്ത്ര്യം പരിമിതപ്പെടുത്തിയിരിക്കുന്നു.
എന്നാല്‍ ഈ അപൂര്‍ണ്ണമായ സ്വാതന്ത്ര്യം നമുക്ക്‌ സത്യത്തില്‍ അനാവേശ്യമായിരുന്നു;എന്നു മാത്രമല്ല; അപകടകരം കൂടിയായിപ്പോയി ഇന്ത്യയുടെ സ്വാതന്ത്ര്യം!


വെള്ളക്കാരന്‍ ഇന്ത്യയിലേക്ക്‌ വന്നത്‌ ഒരു ദൈവദൂതനെപ്പോലെയാണ്‌.
ഇതു പറയുന്നത്‌ 250 വര്‍ഷം മുന്‍പുള്ള ഇന്ത്യയുടെ സാമൂഹ്യമായ അധപതന കാലത്തെ നന്നായി മനസ്സിലാക്കിയതുകൊണ്ടാണ്‌.

ബ്രാഹ്‌മണരും നാടുവാഴികളും അവരുടെ ജാരസന്തതികളായ മറ്റു സവര്‍ണ്ണരും കൂടി ഭൂരിപക്ഷമായ കൃഷിക്കാരന്റെയും തൊഴിലാളികളുടെയും ചോരയൂറ്റിക്കുടിച്ചുകൊണ്ടിരുന്ന ആ പ്രാകൃത കാലത്തെ ഒന്നോര്‍ത്തുനോക്കൂ!

ഭക്തിപ്രസ്‌ഥാനത്തിന്റെ ഭാഗമായി നിലവില്‍ വന്ന രണ്ടായിരം വര്‍ഷക്കാലത്തെ ആ അടിമ സംസ്‌കൃതിയിലേക്ക്‌ സ്വാതന്ത്ര്യത്തിന്റെ ശംഖദ്വനിയുമായി കടന്നുവന്ന ബ്രിട്ടീഷുകാരന്‍ ഹിന്ദു പുരാണങ്ങളില്‍ കാണുന്ന ഏത്‌ ദൈവത്തെക്കാളും ശക്തനായ ദൈവതുല്യനാണ്‌.

ബ്രിട്ടീഷുകാരന്റെ മതം എന്തോ ആയിക്കൊള്ളട്ടെ, അവന്റെ ഭാഷ ഏതോ ആയിക്കൊള്ളട്ടെ ,അവന്‍ ഒരു പക്ഷേ ഇന്ത്യയെ കൊള്ളയടിച്ചിരിക്കാം.
എങ്കിലും, കോമാളിക്കളി പോലുള്ള ബിംബാരാധനതൊട്ട്‌ , താത്വികമായ അദ്വൈദം വരെ ഛര്‍ദ്ദിക്കുന്ന ഏതു ശങ്കരാചാര്യന്‍ നമ്പൂതിരിപ്പാടിനെക്കാളും മനുഷ്യത്വമുള്ളവനായിരുന്നു ബ്രിട്ടീഷുകാരന്‍!

ബ്രിട്ടീഷുകാരന്റെ കൈയില്‍ ആയുധങ്ങള്‍ക്ക്‌ ക്ഷാമമില്ലായിരുന്നു.
ഇന്ത്യക്കാരെ ബ്രാഹ്‌മണനെപ്പോലെ സര്‍വ്വകാലവും തങ്ങളുടെ അടിമകളാക്കുന്നതിനായി ബ്രിട്ടീഷുകാര്‍ക്ക്‌ പുരാണങ്ങള്‍ രചിക്കാമായിരുന്നു.

മുഗളന്മാരെയും, ടിപ്പുവിനെയും പോലെ സര്‍വ്വരെയും മത പരിവര്‍ത്തനം നടത്തി തങ്ങളുടെ ഇച്ഛാനുവര്‍ത്തികളാക്കമായിരുന്നു.
എന്നിട്ടും, ബ്രിട്ടിഷുകാരന്‍ അതൊന്നും ചെയ്യാതെ ... ഇന്ത്യയില്‍ കോടതികള്‍ സ്‌ഥാപിച്ചു.
എന്തിനാണ്‌ ഈ കോടതികള്‍?!
ഏത്‌ യോഗ്യനെ വേണമെങ്കിലും കോടതിയുടെ ആവശ്യമില്ലാതെ തന്നെ ഇന്ത്യലെ ഏത്‌ ഭരണാധികാരിക്കും കൊല്ലാനുള്ള അവകാശമുണ്ടായിരുന്നല്ലോ.

അതെ, ബ്രിട്ടീഷുകാര്‍ വിഡ്ഢികളാണ്‌.
ബ്രിട്ടീഷുകാരന്‍ എന്തിനാണ്‌ ഇത്ര പ്രയാസപ്പെട്ട്‌ ഇന്ത്യ മുഴുവന്‍ നൂറ്റാണ്ടുകളെ വെല്ലുന്ന പാലങ്ങളും, റോഡുകളും, റെയില്‍ പാളങ്ങളും പണിതത്‌?
ബ്രിട്ടീഷുകാരനു പറ്റിയ മറ്റു പല വിഡ്ഢിത്തങ്ങള്‍!!

അന്ന്‌ ബ്രിട്ടീഷുകാരന്‍ കല്‍പ്പിച്ചാല്‍ ഏത്‌ മുന്തിയ ക്ഷത്രിയനും,വിളക്കിത്തല നായരും, പട്ടരും ബ്രിട്ടീഷുകാരന്റെ ചുമട്ടുകാരനായി എത്ര ചാക്ക്‌ കുരുമുളക്‌ വേണമെങ്കിലും ബ്രിട്ടീഷുകാരന്റെ കപ്പലിലെത്തിച്ചു കൊടുക്കുമായിരുന്നല്ലോ!

വിക്രമാദിത്യന്റെ മയൂരസിംഹാസനം ഇന്ത്യയില്‍ വന്ന്‌ കൊള്ളയടിക്കാനായി ബ്രിട്ടീഷുകാരന്‌ റോഡും പാലവും തീവണ്ടിയും ഭാരതമാതാവിനു സമര്‍പ്പിക്കേണ്ട ഗതികേടൊന്നുമില്ലായിരുന്നു.

എന്തു ചെയ്യാം, അവര്‍ തൊലിവെളുത്തവരാണെങ്കിലും കുബുദ്ധിയില്ലാത്തവരായിരുന്നു.
അതു കൊണ്ടാണല്ലോ നാട്ടുകാരെ മുഴുവന്‍ ജാതിഭേദമില്ലാതെ ഇംഗ്ലീഷ്‌ പഠിപ്പിച്ച്‌ , എന്താണ്‌ രാജഭരണം?
എന്താണു ജനാധിപത്യം?
എന്താണ്‌ മനുഷ്യാവകാശം?
എന്താണ്‌ ഗവണ്മെന്റ്‌?
എന്നെല്ലാം നമ്മുടെ തലക്കകത്തേക്ക്‌ കോരി ഒഴിച്ചുതന്നത്‌.

നമ്മുടെ ഇറച്ചിവെട്ടുകാരന്‍ പരശുരാമന്‍ നമ്പൂതിരിയോട്‌ ഒന്ന്‌ അരുളി ചെയ്‌തിരുന്നെങ്കില്‍ തനിക്കു താഴെയുള്ള സകലമാനജാതി ഇന്ത്യക്കാരുടെയും തലയറുത്ത്‌ വിക്‌ടോറിയ രാജ്നിയുടെ തൃപ്പാദങ്ങളില്‍ സമര്‍പ്പിച്ച്‌ നമ്പൂതിരി സാഷ്‌ടാഗം പ്രണമിക്കുമായിരുന്നില്ലെ?

പകരമായി നസ്രാണി ദൈവങ്ങളെ പൂജിക്കാനുള്ള കുത്തകാവകാശം ബ്രാഹ്‌മണര്‍ക്ക്‌ പതിച്ചു നല്‍കിയാല്‍ രാജ്ഞിയെ തിരുമേനി അനുഗ്രഹിക്കുകയും ചെയ്‌തേനെ!

എന്തു ചെയ്യാം ബ്രിട്ടീഷുകാരന്റെ സംസ്‌ക്കാരവും രാജഭക്‌തിയിലെ സത്യസന്ധതയും അവരെ (ഇന്ത്യക്കാരെ) ശക്‌തരാക്കാനും ബ്രിട്ടീഷുകാരനെതിരെ നന്ദിയില്ലാത്ത സ്വാതന്ത്ര്യ സമരം നയിക്കാനും പ്രേരിപ്പിച്ചു.


രണ്ടായിരം വര്‍ഷം മുമ്പ്‌ ഇന്ത്യക്കാരന്‍ സംസ്‌ക്കാരസമ്പന്നനായി വാണരുളുന്ന കാലത്ത്‌ മധ്യധരണ്യാഴിയില്‍ ചൂണ്ടയിട്ട്‌ കഷ്‌ടിച്ച്‌ ഉപജീവിച്ചിരുന്ന ബ്രിട്ടീഷുകാരന്‍ സംസ്‌ക്കാരസമ്പന്നനാവുകയും ഇന്ത്യക്കാരന്‍ സംസ്‌ക്കാരം നഷ്‌ടപ്പെട്ട്‌ അടിമത്വത്തിലേക്കും അന്ധതയിലേക്കും കൂപ്പുകുത്തുകയും ചെയ്‌തതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണ്‌?
ബുദ്ധദര്‍ശനത്തിനും അശോകചക്രവര്‍ത്തിക്കും എതിരായി ഭാരതത്തില്‍ രൂപംകൊണ്ട ഭക്തിപ്രസ്‌ഥാനമെന്ന ബ്രാഹ്‌മണ നാടുവാഴി കൂട്ടുകെട്ടിന്റെ ഫലമായി വിഷലിപ്‌തമായ ഇന്ത്യന്‍ സംസ്‌ക്കാരം നിര്‍ജ്ജീവമാകുകയും രോഗഗ്രസ്‌ഥമായ ഭാരതത്തിന്റെ ശരീരത്തിലേക്ക്‌ പുത്തന്‍ രോഗാണുക്കളെപ്പോലെ സംസ്‌ക്കാരശൂന്യരായ അടിമകളും , മുഗളരും ചേക്കേറുകയും ചെയ്‌തു.

എന്തുകൊണ്ട്‌ നാം നമ്മുടെ സംസ്‌ക്കാരത്തിന്റെ ഭാഗമായ ആയിരക്കണക്കിന്‌ ബുദ്ധവിഹാരങ്ങളും ക്ഷേത്രങ്ങളും തല്ലിയുടച്ച്‌, പീരങ്കികൊണ്ട്‌ തവിടു പൊടിയാക്കി അതിക്രമിച്ചു വന്ന വിദേശികളായ മുസ്ലീം ഭരണാധികാരികള്‍ക്കെതിരെ സ്വാതന്ത്ര്യസമരം നടത്തിയില്ല?

നമ്മുടെ സഹോദരിമാരുടെയും, അമ്മയുടെയും, ഭാര്യയുടെയും പാതിവ്രത്യം കവര്‍ന്ന്‌ വാള്‍മുനക്കുമുന്നില്‍ നിര്‍ത്തി മതം മാറ്റി സാമ്രാജ്യം വിസ്‌തൃതമാക്കിയ ആ അപരിഷ്‌കൃത ഭരണാധികാരികള്‍ക്കെതിരെ ആരുടെയുംദേശസ്‌നേഹം എന്തുകൊണ്ടാണ്‌ പൊട്ടി ഒഴുകാതിരുന്നത്‌.?

പാരതന്ത്ര്യം മാനികള്‍ക്ക്‌ മൃതിയെക്കാള്‍ അന്ന്‌ ഭയാനകമായിരുന്നില്ലേ!

സത്യമിതാണ്‌,

ഇന്ത്യന്‍ ജനതയെ അപേക്ഷിച്ച്‌ വളരെ പ്രാകൃതരായ മുസ്ലീം ഭരണാധികാരികള്‍ ഇന്ത്യന്‍ ജനതയെ ബോധവല്‍ക്കരിക്കുകയല്ല ചെയ്‌തത്‌.

അവര്‍ നാട്ടില്‍ വിതച്ചത്‌ റെയില്‍പാളങ്ങളും, സ്‌കൂളുകളും, ആശുപത്രിയും, കോടതിയും, പോലീസ്‌ സ്‌റ്റേഷനും അറിവിന്റെ ഭാഷയായ ഇംഗ്ലീഷുമായിരുന്നില്ല.
മറിച്ച്‌ സംഘടിതവും വര്‍ഗ്ഗിയവുമായ ഒരു മതമായിരുന്നു.
തങ്ങളുടെ വിശ്വാസത്തിനെതിരെ ഉരിയാടുന്ന എന്തിനെയും കാഫിറായി കാണുന്ന അസഹിഷ്‌ണുതയുടെ മതമായിരുന്നു അവരുടെ മുഖ്യ ആയുധം.

മതവും വര്‍ഗ്ഗബോധവും തീണ്ടാതെ ബ്രാഹ്‌മണന്റെ വിഷമേറ്റു ബോധമറ്റു കിടന്ന ഇന്ത്യന്‍ ജനതയെ മുസ്ലീം ഭരണാധികാരികള്‍ കീഴ്‌പ്പെടുത്തിയപ്പോള്‍ സ്വാതന്ത്ര്യം വേണമെന്ന്‌ ആര്‍ക്കും തോന്നിയില്ല.

യഥാര്‍ത്ഥത്തില്‍ ഇരുട്ടിന്റെയും സംസ്‌ക്കാര ശൂന്യതയുടെയും ഇരുണ്ട ആ യുഗത്തില്‍ നിന്നല്ലേ ഭാരതീയന്‌ പ്രകാശത്തിന്റെയും,സംസ്‌കൃതിയുടെയും സ്വാതന്ത്ര്യം ആവശ്യമായിരുന്നത്‌.

ആ ഇരുണ്ട യുഗത്തിന്‌ ഒരു പരിസമാപ്‌തി നല്‍കിയ ബ്രിട്ടീഷുകാരുടെ ആഗമനത്തെയാണ്‌ ഞാന്‍ സ്വതന്ത്രയായി മനസ്സിലാക്കുന്നതും ആദരിക്കുന്നതും.

ബ്രാഹ്‌മണന്‍ ഈയ്യമൊഴിച്ച്‌ കരിച്ചു കളഞ്ഞ എന്റെ ചെവിയുടെ കേള്‍വിയും,
ബ്രാഹ്‌മണന്റെ ചവിട്ടേറ്റ്‌ വികൃതമായ എന്റെ മുഖവും,
കുലത്തൊഴിലിന്റെ നുകം പേറി കരിങ്കല്ലായിത്തീര്‍ന്ന എന്റെ ചുമലുകളും,
അയ്യായിരം വര്‍ഷത്തിലേറെ പഴക്കമുള്ള ഭാരതത്തിന്റെ സാംസ്‌ക്കാരിക ചൈതന്യം പേറുന്ന എന്റെ പൊള്ളുന്ന ജീവ കോശങ്ങളും,
ജാതിയുടെ വിലങ്ങുകളാല്‍ ബന്ധിച്ച എന്റെ കൈകാലുകളും
ബ്രിട്ടീഷുകാരന്റെ ആഗമനത്തോടെ പ്രപഞ്ച മാനവികതയുമായി ഏകീഭവിച്ചിരിക്കുന്നു.
ഇതിനെ തന്നെയാണ്‌ ഞാന്‍ സ്വാതന്ത്ര്യമെന്ന്‌ വിളിക്കുന്നത്‌.

കാരണം, മനുഷ്യന്റെ ഏറ്റവും വലിയ സ്വാതന്ത്ര്യം മനസ്സിന്റെ സ്വാതന്ത്ര്യമാണ്‌.
പക്ഷേ , ആ സ്വാതന്ത്ര്യം 1947 മുതല്‍ നഷ്‌ടപ്പെട്ട്‌ തുടങ്ങിയിരിക്കുന്നു.

ഇന്നത്തെ ഇന്ത്യക്കാരന്റെ രണ്ടായിരം വര്‍ഷം പഴക്കമുള്ള അടിമ മനസ്സിനു വേണ്ടത്‌ ആരാധനാമൂര്‍ത്തികളെയാണ്‌.
ലോകചരിത്രത്തില്‍ തങ്ങളുടെ പേരെഴുതിചേര്‍ക്കാനായി ചില സവര്‍ണ സംബന്ന കുടുംബങ്ങള്‍ വളരെ ത്യാഗങ്ങള്‍ സഹിച്ചിരുന്നു.
പക്ഷേ ഈ ത്യാഗങ്ങളൊന്നും ഇന്ത്യക്കാരന്‌ വേണ്ടായിരുന്നു.
കാരണം, അവന്റെ ആകാശം പരിമിതപ്പെടുത്താനേ ഇവരുടെ ത്യാഗങ്ങള്‍ ഉപകരിച്ചുള്ളൂ.

ബ്രിട്ടീഷുകാരന്‍ കുറച്ചുകാലം കൂടി ഇന്ത്യ ഭരിച്ചിരുന്നെങ്കില്‍ ഇന്നത്തെ അമേരിക്കയുടെ സ്‌ഥാനത്ത്‌ ഇന്ത്യയുമുണ്ടായേനെ!
എങ്കിലും ബ്രിട്ടീഷുകാരെ....
നിങ്ങള്‍ക്ക്‌ നന്ദി!!
ഞങ്ങളെ മനുഷ്യരാക്കിയതിന്‌,
ബ്രാഹ്‌മണന്റെ രക്തദാഹത്തില്‍ നിന്നും അല്‍പ്പസമയത്തേക്കെങ്കിലും മോചനം നല്‍കിയതിന്‌!! ഞങ്ങള്‍ക്ക്‌ ലോക ഭാഷയും, നിങ്ങളുടെ സംസ്കാരത്തിന്റെ തണലും നല്‍കി അനുഗ്രഹിച്ചതിന്‌.
ഞങ്ങള്‍ക്ക്‌ കോടതിയും, റെയില്‍ വെയും, പോസ്‌റ്റോഫീസും, സ്കൂളുകളും തന്ന്‌ നാഗരികരാക്കിയതിന്‌.


സ്വാതന്ത്ര്യ സമരമെന്ന തെമ്മാടിത്തത്തിന്‌ ഞങ്ങളോട്‌ പൊറുക്കുക.
നിങ്ങള്‍ നല്‍കിയ ഒരു തരി വെളിച്ചം അയ്യായിരം വര്‍ഷം പഴക്കമുള്ള ഞങ്ങളുടെ പൊലിഞ്ഞുപോയിരുന്ന സംസ്‌ക്കരത്തെ വീണ്ടും ജ്വലിപ്പിച്ചിരിക്കുന്നു.
നന്ദി നന്ദി...

Monday, December 13, 2010

പിള്ളമാരുടെ സ്വന്തം പി.എസ്.സി.

പിള്ള ജാതി എന്നത് തിരുവിതാം കൂറിലെ ഭേദപ്പെട്ട ജാതിയാണ്. ഏതാണ്ട് തൃശൂരിലെ മേനോന്‍, കണ്ണൂരിലെ നംബ്യാര്‍ ജാതികള്‍ പോലാണ്. അതാതു സ്ഥലത്ത് മത്തിപോലെ സുലഭവും അന്യ പ്രദേശങ്ങളില്‍ സിംഹവാലന്മാരെപ്പോലെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വവുമായ സവര്‍ണ്ണ നായര്‍ ജാതിപ്പേരാണ് പിള്ള എന്നത്. തിരുവനന്തപുരം നായര്‍ രാജാവിന്റെ കാലത്തെ ശിങ്കിടികളായിരുന്ന ഇവര്‍ക്ക് എട്ടുവീട്ടില്‍ പിള്ളമാരായി സംഘം ചേര്‍ന്ന് രാജ കുടുംബവുമായി വഴക്കുണ്ടാക്കിയതും സ്ഥലത്തുനിന്നും ഒളിച്ചോടേണ്ടിവന്നതുമായ മഹത്തായ “സ്വാതന്ത്ര്യസമര”ചരിത്രമൊക്കെയുണ്ടെന്നാണ് കേള്‍വി!
ഇപ്പോള്‍ പിള്ളമാര്‍ വീണ്ടും ചരിത്രത്തില്‍ ഇടം നേടിയിരിക്കുകയാണ്. നമ്മുടെ ബാലകൃഷ്ണപ്പിള്ളയുടെ നായര്‍ ജാതി മാഹാത്മ്യ തിരുവനന്തപുരം പ്രസംഗത്തെയൊക്കെ സാര്‍ത്ഥകമാക്കിക്കൊണ്ട്, പിള്ളമാരുടേയും നായര്‍ ജാതി കൂട്ടായ്മയുടേയും യശസ്സ് ഉയര്‍ത്തിക്കൊണ്ട് പിള്ളമാരുടെ വലിയൊരു സംഘം തന്നെ പി.എസ്.സി. നിയമനത്തിന്റെ ഉത്തരവാദിത്വം കേരള സര്‍ക്കാരില്‍ നിന്നും സ്വയം ഏറ്റെടുത്ത് സര്‍ക്കാരിനെ സഹായിക്കാന്‍ മുന്നോട്ടു വന്നിരിക്കുന്നു. ഇത്രയും രാജ്യ സ്നേഹികളും, പ്രഗത്ഭരും, മൂല്യബോധമുള്ളവരും, ആത്മാര്‍ത്ഥതയുള്ളവരും, ഭരണ നിപുണരും, സവര്‍ണ്ണ ജാതീയതയില്‍ അഭിമാനിക്കുന്നവരുമായ ശൂദ്രര്‍ കേരളത്തില്‍ മറ്റെവിടേയും ഉണ്ടാകാനിടയില്ല. ഈ പിള്ളമാരെ നായര്‍ സര്‍വ്വീസ് സൊസൈറ്റി മുങ്കയ്യെടുത്ത് ആദരിക്കേണ്ടതാണ്. കൂടാതെ, പിള്ളമാരെ കേരള ജനത ഒന്നടങ്കം അനുമോദിക്കേണ്ടിയിരിക്കുന്നു. അഭിലാഷ് പിള്ള, അയാളുടെ അമ്മയുടെ സഹോദരന്‍ പിള്ള, നിയമന ദല്ലാളന്മാരായി നിന്ന ബന്ധുക്കാളായ മറ്റു പിള്ളമാര്‍, കൊല്ലത്തെ കലാസാംസ്ക്കാരിക പിള്ളയായ ജെ.പി. എന്ന ജനാര്‍ദ്ദനന്‍ പിള്ള തുടങ്ങിയവരുടെ വീരസാഹസിക പ്രവര്‍ത്തനങ്ങളെ മുന്‍‌നിര്‍ത്തി, ഈ നായര്‍ പട്ടാളത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ ഒരു പിള്ള പുരാണം പുസ്തകമായി പ്രസിദ്ധീകരിക്കേണ്ടതാകുന്നു. പിള്ളമാര്‍ക്ക് ഇത്രമാത്രം യശസ്സുണ്ടാക്കാന്‍ കാരണഭൂതരായ ഈ പി.എസ്.സി. പിള്ളമാര്‍ക്ക് അര്‍ഹമായ സ്വീകരണം, പൊന്നാട, പട്ടും വളയും, ബെസ്റ്റ് പിള്ള സര്‍ട്ടിഫിക്കറ്റ് , അവാര്‍ഡ് ശിപ്പം, കാഷ് പ്രൈസ് തുടങ്ങിയവ നല്‍കി അഖില ലോക നായര്‍ സംഘടനയുടെ നേതാക്കളായ നാരായണ പണിക്കരും സുകുമാരന്‍ നായരും ജാതീയമായി നായര്‍ സമുദായത്തിനുണ്ടായ ഈ നേട്ടം തങ്ക ലിപികളില്‍ ആലേഖനം ചെയ്യേണ്ടതാകുന്നു.