Sunday, February 27, 2011

വാമനന്മാരുടെ RSSകാലുകള്‍ !

ആര്‍.എസ്സ്.എസ്സ്.ഭീകരത ഇന്ത്യയെ വിഴുങ്ങുമോ എന്നാണ് മാതൃഭൂമി ആഴ്ചപ്പതിപ്പ് ഈ ആഴ്ച്ചത്തെ(27.02.2011) കവര്‍ സ്റ്റോറിയിലൂടെ ചോദിക്കുന്നത്.
ഹൈന്ദവ വര്‍ഗ്ഗീയത, സവര്‍ണ്ണത ,ബ്രാഹ്മണ്യഅജണ്ട  തുടങ്ങിയ വാക്കുകളൊക്കെ നമുക്ക് അലര്‍ജ്ജിയാണ്.
ജനത്തിനു പിടികിട്ടാത്ത ഇറക്കുമതി ചെയ്ത ഫാസിസമേ നമ്മള്‍ ഇപ്പോള്‍ ഉച്ചരിക്കു. കൂടാതെ, സവര്‍ണ്ണ മൂല്യങ്ങളെല്ലാം നമുക്ക് പാല്‍പ്പായസവുമാണ്. അതിന്റെ നെറികേടൊ, അധാര്‍മ്മികതയോ, വര്‍ഗ്ഗീയ അജണ്ടകളോ നമ്മേ അശേഷം ആകുലപ്പെടുത്തുന്നില്ല. കാരണം, നമ്മുടെ സാംസ്ക്കാരികത ഇപ്പോഴും പവിത്രമായി കരുതുന്നത് ബ്രാഹ്മണ-സവര്‍ണ്ണ രാഷ്ട്രീയ താല്‍പ്പര്യം അടിച്ചുറപ്പിക്കുന്ന  കള്ള ചരിത്രങ്ങളായ പുരാണ-ഇതിഹാസങ്ങളേയാണ്. നമ്മുടെ കവികളും, കഥാകാരന്മാരും ഇപ്പോഴും ചവച്ചുകൊണ്ടിരിക്കുന്നത് രാമന്റേയും, കൃഷ്ണന്റേയും, ഭീമന്റേയും,സീതയുടേയും,ദ്രൌപതിയുടേയും മനോവ്യാപാരങ്ങളുടെ ചില്ലകളും ഇലകളും തന്നെയാണ്. നമ്മുടെ സാംസ്ക്കാരികത സവര്‍ണ്ണ രാഷ്ട്രീയത്തിന്റെ അടിമ മാത്രമാണ്. അത്തരമൊരു സാഹചര്യത്തില്‍ ആര്‍.എസ്സ്.എസ്സ്. ഇന്ത്യയെയും അതിലെ 80 ശതമാനത്തിലധികം വരുന്ന അവര്‍ണ്ണ ജനതയേയും വിഴുങ്ങുമ്പോള്‍ വാപൊളിച്ചു നില്‍ക്കാനേ നമുക്ക് കഴിയു.

മഹാത്മാഗാന്ധിയുടെ ചോര കുറച്ചു കാലമെങ്കിലും ഹൈന്ദവ വര്‍ഗ്ഗീയതയെ തടുത്തു നിര്‍ത്തി. എന്നാല്‍, ആ സമയത്ത് ഭീകരമായ ബ്രാഹ്മണ വര്‍ഗ്ഗീയതയുടെ വൈറസ്സുകള്‍ പേറുന്ന ആര്‍.എസ്സ്.എസ്സിനെ ശാശ്വതമായി തള്ളിപ്പറയാന്‍ നമ്മളൊന്നും ചെയ്തില്ല. കോണ്‍ഗ്രസ്സിലും, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളിലുമുള്ള നേതൃത്വം സവര്‍ണ്ണ ബ്രാഹ്മണ്യത്തിന്റേ മറ്റൊരു ഫ്ലേവര്‍ മാത്രമായിരുന്നതിനാല്‍ അവര്‍ക്കാര്‍ക്കും ബ്രാഹ്മണ്യത്തേയോ, സവര്‍ണ്ണ രാഷ്ട്രീയത്തേയോ തള്ളിപ്പറയാനാകുമായിരുന്നില്ല. ഫലത്തില്‍ എല്ലാ പാര്‍ട്ടികളുടേയും ആത്മാവായി, മുന്‍ നിരയായി സവര്‍ണ്ണ രാഷ്ട്രീയം ഇന്ത്യയെ മൊത്തമായി വിഴുങ്ങിയിരിക്കുന്നു. ഇനി ഔദ്ദ്യോഗികമായി ആര്‍.എസ്.എസ്. സ്ഥാനമേറ്റെടുക്കേണ്ട ചടങ്ങേ ബാക്കിയുള്ളു.

മുസ്ലീമല്ലാത്തവര്‍ എല്ലാം ഹിന്ദു എന്നൊരു ലളിത സമവാക്യത്തിലൂടെയാണ് ഇന്ത്യയില്‍ 15 ശതമാനം പോലുമില്ലാതിരുന്ന സവര്‍ണ്ണത 85 ശതമാനം അവര്‍ണ്ണരെ അണിചേര്‍ക്കുന്നത്. ശത്രുഭയമുയര്‍ത്തി, ഹൈന്ദവരല്ലാത്ത അവര്‍ണ്ണ മനുഷ്യരെ തങ്ങളുടെ വരുതിയില്‍ നിര്‍ത്താനും, അവരെ ചാവേറുകളാക്കാനും അവര്‍ക്കു കഴിയുന്നു. ഇസ്ലാമിന്റെ പേരില്‍ നടക്കുന്ന വെടിക്കെട്ടുകള്‍ ആര്‍.എസ്.എസിന്റെ മാര്‍ഗ്ഗമാകുന്നത് അങ്ങനെയാണ്. പുരോഗമനവാദികളും,യുക്തിവാദികളും, ബുജികളുമെല്ലാം സവര്‍ണ്ണ പശ്ചാത്തലമുള്ളവരായതിനാല്‍ എന്താണ് അവര്‍ണ്ണത, എന്താണു സവര്‍ണ്ണത എന്ന് വേര്‍ത്തിരിച്ച് ഒന്നു പറഞ്ഞുകൊടുക്കാന്‍ പോലും ആരും മിനക്കെടുന്നില്ല. ആകെ ചെയ്യുന്നത് അപ്പുറത്താണോ ഇപ്പുറത്താണോ എന്ന് അടയാളപ്പെടുത്തി, അകല്‍ച്ചയും, ശത്രുതയും, അധികാരവും,അടിമത്വവും,പക്ഷങ്ങളും പ്രഖ്യാപിക്കുകയാണ് നമ്മള്‍. ഗ്ലോബലൈസേഷന്റെ ഭാഗമായി പണമുണ്ടാക്കല്‍ മാത്രമാണ് ഇപ്പോള്‍ എല്ലാവരുടേയും രാഷ്ട്രീയം. 

ആര്‍.എസ്.എസ്. ബ്രാഹ്മണ സവര്‍ണ്ണ വര്‍ഗ്ഗീയതയുടെ വൈറസ് ബാധിച്ച നമ്മുടെ സഹോദരങ്ങള്‍ തന്നെയാണ്.  ബ്രാഹ്മണ സവര്‍ണ്ണ വര്‍ഗ്ഗീയ പ്രത്യയശാസ്ത്രമെന്ന വൈറസ്സിനെ ചരിത്രപരമായി പുറത്തെടുത്ത് തള്ളിപ്പറയുക എന്നതാണ് ഈ പ്രശ്നപരിഹാരത്തിനുള്ള പ്രായോഗികമായ സാംസ്ക്കാരിക മാര്‍ഗ്ഗം. ആര്‍.എസ്.എസിന്റെ ശക്തി ബ്രാഹ്മണ്യത്തില്‍ നിന്നും നിര്‍ഗളിച്ചുകൊണ്ടിരിക്കുന്ന സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള സവര്‍ണ്ണ വര്‍ഗ്ഗീയ വിഷമാണെന്ന് നമുക്ക് എന്നെങ്കിലുംതിരിച്ചറിയാന്‍ കഴിയട്ടെ എന്നു മാത്രം ആശിക്കുന്നു.

Thursday, February 10, 2011

മുടി പ്രതിഷ്ഠിക്കാന്‍ കോഴിക്കോട് ഏറ്റവും വലിയ പള്ളി പണിയുന്നു !

ഇന്നലത്തെ (9.2.11)മാതൃഭൂമി പത്രത്തില്‍  ഇ.സലാഹുദ്ദീന്റെ ബൈ ലൈനോടുകൂടിയ 
ഗ്രാന്‍ഡ് മോസ്ക്കിനെക്കുറിച്ചുള്ള വാര്‍ത്ത.
(ചിത്രത്തില്‍ ക്ലിക്കിയാല്‍ വായിക്കാവുന്ന വലിപ്പത്തില്‍ കാണാം.)  
വിഗ്രഹാരാധനയുടെ ആസ്ഥാനമായ ഇന്ത്യയില്‍ അമ്പലം പണിയലും, പള്ളിപണിയലും, മേല്‍ക്കൂരയും ഓവുചാലും സ്വര്‍ണ്ണം കൊണ്ട് പൊതിയലുമൊക്കെ വിശ്വാസത്തിന്റെ നിലനില്‍പ്പിനും കുലീനത്വത്തിനും മഹനീയതക്കും അന്തസ്സിനും ഒഴിച്ചുകൂടാനാകാത്ത അത്യാവശ്യങ്ങളാണ്. ഇല്ലെങ്കില്‍ ഭക്തര്‍ അധാര്‍മ്മികരായി വഴിപിഴച്ചു പോകും!

ദൈവം ഒരു രാജാവോ(കൊള്ളക്കാരന്‍‍,പിടിച്ചുപറിക്കാരന്‍‍,പശു-പെണ്ണ് മോഷ്ടാവ് എന്നിവയുടെ പഴയകാല പര്യായമാണ് രാജാവ് ) ചക്രവര്‍ത്തിയോ പ്രേമ പരവശനായ പെണ്ണുപിടിയനോ ആണെന്നാണ് വിശ്വാസികള്‍ കരുതുന്നത്. ദൈവീക ആസ്ഥാനങ്ങള്‍ എല്ലാം കൊട്ടാരങ്ങളാകുന്നത് അതുകൊണ്ടാണ്.

ഒരു ചെറ്റ കുടിലില്‍ പോലും ജനിക്കാന്‍ ഭാഗ്യം ലഭിക്കാത്ത കാലിത്തൊഴുത്തിലെ കൃസ്തുവിനെപ്പോലും ദൈവമായി പ്രഖ്യാപിച്ചപ്പോള്‍ ആടംബരപൂര്‍ണ്ണമായ കൊട്ടാരങ്ങള്‍ പണിത് മാറ്റി പാര്‍പ്പിക്കുകയും, മട്ടലില്‍(തെങ്ങിന്‍ മടലില്‍,മടക്കന‍യില്‍) ഉടുമ്പിനെ കെട്ടിയിട്ടതുപോലെ അദ്ദേഹത്തെ സ്വര്‍ണ്ണക്കുരിശില്‍ സ്വര്‍ണ്ണ ആണികൊണ്ട് ക്രൂശിച്ച് പണത്തിന്റേയും അധികാരത്തിന്റേയും രാജകീയ ചിഹ്നമാക്കാനും വിശ്വാസി സമൂഹത്തിന് ലജ്ജ തോന്നാത്തതും ദൈവം രാജാധിരാജനാണെന്ന അടിയുറച്ച വിശ്വാസം കാരണമാണ്.

ഈ നീചമായ വിഗ്രഹാരാധനക്കെതിരെ ശക്തിയുക്തം നിലകൊണ്ട മതമെന്ന് അഭിമാനിച്ചിരുന്ന ഇസ്ലാം മതവും ഇപ്പോള്‍ വിശ്വാസികളെ താന്ത്രിക (മന്ത്രവാദത്തിലൂടെ)കണ്‍കെട്ടുവിദ്യയിലൂടെ തങ്ങളുടെ അടിമകളാക്കാനുള്ള ശ്രമം ആരംഭിച്ചതിന്റെ ഭാഗമായാകണം നബിയുടെ മുടി സൂക്ഷിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ പള്ളി കോഴിക്കോട് സ്ഥാപിക്കാന്‍ ആരംഭിച്ചതെന്നു തോന്നുന്നു.
കോഴിക്കോട് പണിയുന്ന ഇന്ത്യയിലെ ഏറ്റവും വലിയ പള്ളിയുടെ ഏറ്റവും ഉയരം കൂടിയ മിനാരത്തിനു താഴെയായിരിക്കുമത്രേ നബിയുടെ മുടി സൂക്ഷിക്കുന്ന ശ്രീകോവില്‍ !!!!
കാശ്മീരിലെ ഹസ്രത്ത് ബാല്‍ പള്ളിയിലും തുര്‍ക്കിയിലെ ഒരു മ്യൂസിയത്തിലും മാത്രമാണത്രേ ഇങ്ങനെ നബിയുടെ മുടി സൂക്ഷിക്കുന്ന ഏര്‍പ്പാടുള്ളത്.  രണ്ടു വര്‍ഷം കൊണ്ടു പൂര്‍ത്തിയാകുന്ന കോഴിക്കോട് മുടിപള്ളി തുറക്കുന്നതിലൂടെ ഭക്ത ജനങ്ങള്‍ക്ക് മുടി പൂജ നടത്താമെന്നത് മഹാഭാഗ്യം തന്നെ !!!

കോഴിക്കോട് നഗരത്തിനു പുറത്ത്  12 ഏക്കര്‍ സ്ഥലത്ത് 8 ഏക്കര്‍ സ്ഥലം ഉദ്ധ്യാനവും 4 ഏക്കര്‍ സ്ഥലം കെട്ടിട സമുച്ചയവുമായി 40 കോടി ചിലവില്‍ നിര്‍മ്മിക്കുന്ന പള്ളിയില്‍ കാല്‍ ലക്ഷം ജിഹാദികള്‍ക്ക് ഒത്തുകൂടി പ്രാര്‍ത്ഥിക്കാനുള്ള (?)സൌകര്യമുണ്ടായിരിക്കുമത്രേ ! ഇപ്പോള്‍ തന്നെ മുക്കിനു മുക്കിനു പെട്ടിക്കടകള്‍ പോലെ പള്ളികളുള്ള കേരളത്തില്‍ എന്തിനാണ്  മുടി സൂക്ഷിക്കുന്ന പള്ളി പണിയുന്നത് എന്നൊന്നും നാം ചിന്തിക്കുക പോലും ചെയ്യരുത്. മത വൃണം വികാരപ്പെട്ട് പൊട്ടിയൊലിക്കും !

40 കോടി ചിലവഴിച്ചു പണിയാന്‍ പോകുന്ന ഈ പള്ളി നിര്‍മ്മാണത്തിന്റെ പേരില്‍ 4000 കോടിയെങ്കിലും അറബികളില്‍ നിന്നും പിരിക്കാന്‍ പദ്ധതിയില്ലാതിരിക്കുമോ ? പണം പിരിക്കുമ്പോള്‍ ലോക ഇസ്ലാമിക വര്‍ഗ്ഗീയ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ മാനിക്കാതിരിക്കാനാകുമോ ?  1200 പേര്‍ക്ക് താമസിക്കാന്‍ സൌകര്യമുള്ള ഗ്രന്‍ഡ് മോസ്ക്കില്‍ എന്തെല്ലാം വര്‍ഗ്ഗീയ രാഷ്ട്രീയ വിഷമാണ് ഉത്പ്പാദിപ്പിക്കപ്പെടുക എന്ന് മതനിരപേക്ഷ സമൂഹം ജാഗ്രതയോടെ നിരീക്ഷിക്കേണ്ടി വരില്ലേ ? ശബരിമലപോലെ തീര്‍ത്ഥാടക പ്രവാഹം ലക്ഷ്യം വക്കുന്ന പൌരോഹിത്യ തന്ത്രം ഗ്രാന്‍ഡ് മോസ്ക്കിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടാകില്ലേ ?
ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നും നബി തിരുമേനിയുടെ തിരു മുടി ഒരു നോക്കു കാണാനായി കോഴിക്കോട്ടെത്തുന്ന വിശ്വാസികളായ ജന സഹസ്രങ്ങളെ പിഴിഞ്ഞെടുക്കുക എന്നുതന്നെയാകില്ലേ തിരു മുടി വിഗ്രവല്‍ക്കരിക്കുന്ന ഈ പള്ളിയിലൂടേ സംഘാടകരുടേ മനസ്സിലിരിപ്പ് ?

ശബരിമല മകര വിളക്ക് തട്ടിപ്പിലൂടെ തന്നെ പണത്തിനുവേണ്ടി നാണം കെട്ട കൂട്ടിക്കൊടുപ്പ് നടത്തുന്ന മലയാളിക്ക് ഉത്തര കേരളത്തില്‍ ഇസ്ലാമിക മത ഭ്രാന്തന്മാരുടെ മുടി തട്ടിപ്പിന്റെ ധാര്‍മ്മിക/സാമൂഹ്യ ദുരിത ഭാരം കൂടി അനുഭവിക്കാം. നമ്മുടെ ഗവണ്മെന്റുകളും, കോടതികളും,മീഡിയയും,സാംസ്ക്കാരിക-രാഷ്ട്രീയ പ്രവര്‍ത്തകരും മതാന്ധകാരത്തിന്റെ പിടിയിലായതിനാല്‍ ഇത്തരം ഭക്തി വ്യവസായങ്ങളും, ഭക്തിയുടേയും വിശ്വാസത്തിന്റേയും പേരിലുള്ള രാഷ്ട്രീയ നീക്കങ്ങളും എന്തൊക്കെ കെടുതികളാണു സമൂഹത്തിലുണ്ടാക്കുക എന്ന് കണ്ടു തന്നെ അറിയണം. പുരോഗമന വാദികളെന്ന് അഭിമാനിക്കുന്ന മന്ദ ബുദ്ധികള്‍ക്ക് ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കുന്നതും അതിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതും ആരാധനാലയങ്ങളെക്കുറിച്ച് ചിന്തിക്കുന്നതുപോലും നിഷിദ്ധമായതിനാല്‍ (ഒരു തരം കപടമായ അയിത്ത മനോഭാവം) മതനിരപേക്ഷ ജനതയുടേ ശ്രദ്ധയും ജാഗ്രതയും ഇല്ലാത്ത വര്‍ഗ്ഗീയ മടകളാണ് ഇന്ന് എല്ലാ മത വിഭാഗങ്ങളുടേയും ആരാധനാലയങ്ങളും,വിദ്യാഭ്യാസസ്ഥാപനങ്ങളും, മറ്റു ചാരിറ്റബിള്‍ എന്ന മുഖാവരണമിട്ടു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും.

സത്യത്തില്‍ കച്ചവട സ്ഥാപനങ്ങളായി കണക്കാക്കി എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ടാക്സും, ഓഡിറ്റിങ്ങും ഏര്‍പ്പെടുത്തി ജനങ്ങളുടെയും രാജ്യത്തിന്റേയും താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ച് മാത്രം നടത്തപ്പെടേണ്ടതാണ് എല്ലാ മതക്കാരുടേയും ആത്മീയ കച്ചവട കേന്ദ്രങ്ങള്‍. അതില്ലാതിരുന്നാല്‍ ഇത്തരം സ്ഥാപനങ്ങള്‍ രാജ്യത്തെ എപ്പോഴാണ് അന്യാധീനപ്പെടുത്തുക/അപകടപ്പെടുത്തുക എന്ന് പ്രവചിക്കാന്‍പോലുമാകില്ല. ക്ഷേത്ര പള്ളി സന്ദര്‍ശനത്തിന് സിനിമാടിക്കറ്റ് പോലെ വിനോദ നികുതി/തീര്‍ത്ഥാടക നികുതി ഏര്‍പ്പെടുത്തേണ്ടിയിരിക്കുന്നു. പോലീസ് നിരീക്ഷണവും.

നിലവിലുള്ള വിശ്വാസ സാംസ്ക്കാരികതയില്‍ അപ്രായോഗികമായ  ചിത്രകാരന്റെ ഓരോ ചിന്തകള്‍ !!!
നമുക്ക് തിരു തിരു മുടിയെക്കുറിച്ചും, തിരു തിരു തട്ടിപ്പ് മകരവിളക്കുകളെക്കുറിച്ചും (മനുഷ്യരെ കൊല്ലുന്ന മകരവിളക്ക് !)ഭക്തിഗാന സിഡികളും,സീരിയലുകളും കണ്ടും കേട്ടും വിശ്വാസത്തിന്റെ ആനന്ദ സാഗരത്തിലാറാടാം.... കുപ്പിയും കോഴിയും കൂട്ടുകാരും റെഡി !! അതാണു ബുദ്ധി :)ബ്ലോഗര്‍ ശ്രദ്ധേയന്റെ ഇതുമായി ബന്ധപ്പെട്ട പോസ്റ്റിലേക്കുള്ള ലിങ്ക്: പള്ളിയല്ല ഉസ്താദേ, പള്ളയാണ് പ്രശ്നം! ബ്ലോഗര്‍ മുക്താറിന്റെ പോസ്റ്റിലേക്കുള്ള ലിങ്ക് : കാന്തപുരത്തിന്റെ പള്ളിയും നബിയുടെ മുടിയും!

Saturday, February 5, 2011

തലശ്ശേരി അണ്ടല്ലൂര്‍ കാവ് ഉത്സവം

2011ലെ അണ്ടല്ലൂര്‍ കാവ് ഉത്സവം ഈ ഫെബ്രുവരിമാസമാണ്. കഴിഞ്ഞവര്‍ഷം ചിത്രകാരന്‍ അണ്ടല്ലൂര്‍ കാവ് ഉത്സവത്തെക്കുറിച്ച് കേട്ടറിഞ്ഞ് നേരില്‍ കാണുകയുണ്ടായി. സന്ദര്‍ശനം രാത്രിയായിരുന്നു. അസാധാരണമായ ഒരു ഉത്സവമായി അനുഭവപ്പെട്ടു. ഏക്കറുകണക്കിനു സ്ഥലത്തായി പരന്നുകിടക്കുന്ന കാവും അതിന്റെ ഉത്സവ പറമ്പുകളും സാമൂഹ്യ ശാസ്ത്രത്തിന്റെ ഭൂതകാലത്തിന്റെ ഒരു ഖനിതന്നെ സൂക്ഷിച്ചു വച്ചിരിക്കുന്നു. ഒരു നാടു മുഴുവന്‍ ഉത്സവത്തിന്റെ ഹൃദയ സ്പന്ദനങ്ങള്‍ക്കനുസരിച്ച് അണിഞ്ഞൊരുങ്ങുകയും
അതിന്റെ ഭാഗമായി നിറഞ്ഞാടുകയും ചെയ്യുന്ന അസാധാരണ ലോകമാണ് അണ്ടല്ലൂര്‍ കാവ് ഉത്സവ സീസണില്‍ സംജാതമാകുന്നത്. ഈ കാലയളവില്‍ ഇവിടങ്ങളിലെ വീടുകളെല്ലാം അണിഞ്ഞൊരുങ്ങും. വീട്ടില്‍ സ്വന്തം പ്ലാവില്‍ ചക്കയുണ്ടായാല്‍ പോലും ആര്‍ക്കും അവ വെട്ടി ഉപയോഗിക്കാന്‍ അധികാരമില്ല. ചക്കവെട്ട് എന്ന ചടങ്ങ് അണ്ടല്ലൂര്‍ കാവ് തറവാട്ടില്‍ നടന്നതിനു ശേഷം മാത്രമേ ജനം ചക്ക വെട്ടുകയുള്ളു. അതുപോലെ ഉത്സവകാലത്ത് കണ്ണൂര്‍ക്കാര്‍ക്ക് ഭക്ഷണത്തില്‍ ഒഴിച്ചുകൂടാനാകാത്ത മത്സ്യം ഒരു വീട്ടിലും പാചകം ചെയ്യുന്നതല്ല. ഉത്സവം തീര്‍ന്ന്, പ്രത്യേക അവകാശാധികാരങ്ങളുള്ള മുക്കുവ സ്ത്രീ അണ്ടല്ലൂര്‍ തറവാട്ടു കാരണവര്‍ക്ക് മത്സ്യം കാഴ്ച്ചവക്കുന്നതുവരെ ആരും മത്സ്യം ഉപയോഗിക്കില്ല. തറവാട് കേന്ദ്രീകൃതമായി കേരളത്തില്‍ നിലവിലുണ്ടായിരുന്ന പ്രാദേശിക ഭരണ ക്രമത്തിന്റെ അവശേഷിക്കുന്ന തെളിവുകൂടിയാണ് അണ്ടല്ലൂര്‍ കാവും ഈ ജന സമൂഹവും.സ്ഥലത്തെ എല്ലാ ജാതി മതസ്തര്‍ക്കും അണ്ടല്ലൂര്‍ കാവിന്റെ ഉത്സവ ചടങ്ങുകളില്‍ തങ്ങളുടേതായ ഉത്തരവാദിത്വങ്ങളും ചുമതലകളും അവകാശങ്ങളുമുണ്ട്.ഇവിടെ കണ്ട തീപന്തങ്ങളുടെ പ്രത്യേകത ആദ്യമായാണ് കാണുന്നത്. കാവിലെ മരങ്ങളുടെ സ്വാഭാവിക വളര്‍ച്ചയും പ്രാധാന്യവും കണ്ടറിയേണ്ടതു തന്നെയാണ്. ഉത്സവകാലത്ത് അണ്ടല്ലൂര്‍ പ്രദേശത്ത് എത്തിപ്പെടുന്നവര്‍ക്ക് ഏതു വീട്ടില്‍ നിന്നും ഒരേയൊരു ഭക്ഷണമായിരിക്കും ലഭിക്കുക.അവില്‍ പഴം തുടങ്ങിയ വിഭവങ്ങളടങ്ങിയ അണ്ടല്ലൂര്‍ കാവിലെ ദൈവത്താറുകളുടെ പ്രസാദം. പഠിക്കപ്പെടേണ്ട ഒട്ടേറെ സാമൂഹ്യശാസ്ത്ര പ്രാധാന്യമുള്ള ഈ കാവിലെ കഴിഞ്ഞ വര്‍ഷത്തെ ഉത്സവ ചിത്രങ്ങള്‍ താഴെ പോസ്റ്റുന്നു. ഈ വര്‍ഷത്തെ ഉത്സവ സമയത്തിനു മുന്‍പുള്ള പകല്‍ ചിത്രങ്ങള്‍ കൂടി താഴെ ചേര്‍ക്കുന്നതാണ്.കാവിനെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കാന്‍ ആ കാഴ്ച്ചകള്‍ കൂടി ഉപകാരപ്പെടും. ചിത്രകാരന്‍ ഒരു ഭക്തനോ വിശ്വാസിയോആയല്ല അണ്ടല്ലൂര്‍ കാവിനെ നോക്കിക്കാണുന്നത്. ബ്രാഹ്മണ ഹിന്ദുമതത്തിന്റെ ആരംഭത്തിനും മുന്‍പുള്ള നമ്മുടെ സമൂഹത്തിന്റെ പ്രാചീന ചരിത്രം അണ്ടല്ലൂര്‍ കാവുപോലുള്ള സ്ഥലങ്ങളില്‍ നിന്നും വേര്‍ത്തിരിച്ചെടുക്കാമെന്ന് പ്രതീക്ഷിക്കാം.
ഇത്രയും ചരിത്ര പ്രാധാന്യമുള്ള അണ്ടല്ലൂര്‍ കാവിലെ ഉത്സവ വിശേഷങ്ങള്‍ മാതൃഭൂമി കലണ്ടറില്‍ ഇല്ലെന്നത്... അത്ഭുതകരമാണ്.പുലയന്‍,ബ്രാഹ്മണന്‍,വണ്ണാന്‍,വണ്ണാത്തി,മുക്കുവന്‍,നായര്‍,മുസ്ലീം,തച്ചന്‍,
വാണിയന്‍,മലയന്‍,കാവുതിയ്യന്‍,കുശവന്‍,മുകയന്‍,തട്ടാന്‍,കൊല്ലന്‍,കണിയാന്‍ തുടങ്ങിയ എല്ലാ ജാതി മതസ്തര്‍ക്കും ഉത്സവ നടത്തിപ്പിന്റെ ചുമതലയുള്ള അണ്ടല്ലൂര്‍ കാവില്‍ തിക്കല്‍ എന്നൊരു ആയോധന പ്രാധാന്യമുള്ള ചടങ്ങുണ്ട്. ബനിയന്‍ പോലുള്ള പ്രത്യേക വേഷം ധരിച്ചാണ് തിക്കിത്തിരക്കാനുള്ള യുവാക്കള്‍ എത്തിച്ചേരുക. തിക്കല്‍ കാണാന്‍ സ്ത്രീകള്‍ക്ക് മാത്രം ഇരിക്കാവുന്ന ഗ്യാലറിപോലുള്ള പന്തല്‍ കാവില്‍ സജ്ജീകരിച്ചിട്ടുണ്ട്. സ്ഥലത്തെ ഒരു തിയ്യ തറവാട്ട് കാവായി തുടര്‍ന്നിരുന്ന അണ്ടല്ലൂര്‍ കാവ് ഇപ്പോള്‍ ഒരു ട്രസ്റ്റിന്റെ ഭരണത്തിന്‍ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. കാവിന്റെ പുരോഹിതരും സ്ഥാനികരും തിയ്യരാണ്.സ്ഥാനികനായ ഊരാളനെ പാനോളി അച്ഛന്‍ എന്നാണ് വിശേഷിപ്പിക്കുന്നത്.ബ്രാഹ്മണ തന്ത്രി കാവില്‍ കയറിക്കൂടിയിട്ടുണ്ടെന്നതിനാല്‍ കാവിനെ രാമായണ കഥയുമായി ബന്ധിപ്പിച്ച് ഹിന്ദുമതത്തിലേക്ക് വിഴുങ്ങി ലയിപ്പിക്കാനുള്ള കള്ളക്കഥകള്‍ പുരാണങ്ങളായി ഇവിടെ ബ്രാഹ്മണ ഉപജാപങ്ങളിലൂടെ പ്രചരിപ്പിച്ചുതുടങ്ങിയിട്ടുണ്ട്. ഹിന്ദു മതത്തിനും,ബുദ്ധമതത്തിനും മുന്‍പുള്ള മലയന്മാരുടെയും,വണ്ണാന്മാരുടേയും ദൈവസംങ്കല്‍പ്പങ്ങളുടെ ഭാഗമായുള്ള സാംസ്ക്കാരികതയായിരിക്കണം അണ്ടല്ലൂര്‍ കാവില്‍ നാമാവശേഷമാകാതെ നിലനില്‍ക്കുന്നതെന്ന് ചിത്രകാരന്‍ കരുതുന്നു.ഡോക്റ്റര്‍ സഞ്ജീവന്‍ അഴീക്കോട് എഴുതിയ തെയ്യത്തിലെ ജാതിവഴക്കം എന്ന ഗവേഷണഗ്രന്ഥത്തിലെ ഒരു ടേബിള്‍ ഇതോടൊപ്പം ചേര്‍ക്കുന്നു. രാജാക്കന്മാരിലുപരി കേരളം ഭരിച്ചിരുന്ന തറാവാട് വ്യവസ്ഥിതിയിലേക്ക് വെളിച്ചം വീശുന്നതാണ് ജാതി വഴക്കത്തിന്റെ ആ ഡയഗ്രം.
അണ്ടല്ലൂരിന്റെ സാമൂഹ്യ ശാസ്ത്രത്തിലേക്ക് വിരല്‍ ചൂണ്ടുന്ന ഒരു ഡയഗ്രാം


2010ലെ അണ്ടല്ലൂര്‍ കാവ് ഉത്സവപ്പറമ്പ്
പ്രകൃതിയും മനുഷ്യനും ഒരുമിച്ച് ഉത്സവം ആഘോഷിക്കുകയാണ്

ഉത്സവത്തിന്റെ ഭാഗമായുള്ള തിക്കലില്‍ പങ്കെടുക്കുന്ന മൂന്നു ചെറുപ്പക്കാരെ വലതുവശത്തു കാണാം
അണ്ടല്ലൂര്‍ കാവില്‍ മാത്രം കാണപ്പെടുന്ന പ്രത്യേക തരം പന്തങ്ങള്‍ കുളത്തോടു ചേര്‍ന്ന് 
സജ്ജമാക്കി വച്ചിരിക്കുന്നു
ഘോഷയാത്രക്ക് ഉപയോഗിക്കാനുള്ള പന്തങ്ങളില്‍ എണ്ണയൊഴിക്കുന്ന ചെറുപ്പക്കാരന്‍

കുറച്ചൊന്നുമല്ല പന്തങ്ങള്‍ !
ഉത്സവ പറമ്പില്‍ ഓടക്കുഴല്‍ വില്‍ക്കുന്ന കച്ചവടക്കാരന്‍....
ഏത് ഉത്സവത്തിന്റേയും മുഖലക്ഷണങ്ങള്‍.
ഹൈഡ്രജന്‍ നിറച്ച ബലൂണുകള്‍
ഉത്സവ പറമ്പില്‍ കായ്ച്ചു നില്‍ക്കുന്ന ഹൈഡ്രജന്‍ അപ്പിളുകള്‍

2011 ജനുവരി 23 ന് എടുത്ത അണ്ടല്ലൂര്‍ കാവിലെ
പകല്‍ ദൃശ്യങ്ങള്‍ താഴെ കൊടുക്കുന്നു
മെയിന്‍ കാവില്‍ നിന്നും കുറെ അകലെയുള്ള ഉത്സവ തറകള്‍
തെയ്യത്തിന് ഇരിക്കാനുള്ള ഇരിപ്പിടം
വിശാലമായ മൈതാനങ്ങളും പച്ചപ്പുമാണ് കാവിന്റെ ശരീരം

ചമ്പകം എന്ന് കണ്ണൂര്‍ ഭാഗങ്ങളില്‍ വിളിക്കപ്പെടുന്ന കള്ളി മരങ്ങള്‍
ഉത്സവ പറമ്പുനിറയെ നൃത്തം ചെയ്യുകയാണ്.


കള്ളിമരങ്ങളുടെ നൃത്തം ചിത്രകാരനെ എന്നും ആകര്‍ഷിക്കുന്ന പ്രകൃതിയുടെ 
നൈസര്‍ഗ്ഗീക ശില്‍പ്പഭംഗിയാണ്... കണ്ടു നിന്നു പോകും.

ഒരു തുഗ്ലക്ക് പരിഷ്ക്കാരം പോലെ ......
കോണ്‍ക്രീറ്റുകൊണ്ട് അവലക്ഷണ മണ്ഡപം നിര്‍മ്മിച്ചു വച്ചിരിക്കുന്നു.
ഉത്സവ പറമ്പ്

നാഗക്കാവ്
കാവിന്റെ അക്ഷരമാലതന്നെ സര്‍പ്പക്കാവില്‍ നിന്നുമാണ് ഉത്ഭവിക്കുന്നത്.

കുളത്തിനു സുരക്ഷാ ചുറ്റുമതില്‍
കണ്ണൂരിലെ കുളങ്ങള്‍ക്കെല്ലാം അക്കങ്ങള്‍ പിഴക്കാത്ത നിശ്ചിത രൂപഭംഗിയുണ്ട്

കാവിന്റെ കേന്ദ്രഭാഗം
ശ്രീകോവിലെന്ന് പറഞ്ഞ് അപമാനിക്കേണ്ട. ശ്രീകോവിലുകളെല്ലാം ഉത്ഭവിക്കുന്നതിനു മുന്നെയുള്ള 
ദേവസ്ഥാനങ്ങളെക്കുറിച്ച് സങ്കല്‍പ്പങ്ങളാണ് കാവുകളുടേത്
ദൈവത്താറിന്റെ നിലപാടു തറയാണെന്നു തോന്നുന്നു.
രഹസ്യങ്ങളും, മന്ത്രങ്ങളും, തന്ത്രങ്ങളും, സ്വര്‍ണ്ണം പൊതിഞ്ഞ ഭക്തിപ്രകടനവുമില്ലാത്ത
 കാവിന്റെ സ്വതന്ത്രമായ മടിത്തട്ട്
സ്ത്രീകള്‍ക്ക് സുരക്ഷിതമായി ഇരുന്ന് തിക്കല്‍ കാണാവുന്ന പന്തലുപോലുള്ള ചെറിയ ഗ്യാലറികള്‍
 ചുറ്റും ജനം തങ്ങാളുടേ സംഭാവനയായി പണി കഴിപ്പിച്ച് നല്‍കിയിരിക്കുന്നു.

ദൈവ വേഷധാരിക്ക്(തെയ്യത്തിന്) ഇരിക്കാനുള്ള പ്രത്യേക പീഠം
കാവിലെ പരിപാലകരിലൊരാള്‍
കാവിന്റെ ഐശ്വര്യമായ ഒരു നാടന്‍ ചായക്കട. കപ്പ ബാജി ബെസ്റ്റ് !!
ഉത്സവത്തിനുള്ള കുശവരുടെ സമര്‍പ്പണവും കച്ചവടവും ഉദ്ദേശിച്ച് ഉത്സവം തുടങ്ങുന്നതിനു മുന്നേ എത്തിച്ചേര്‍ന്നതാണെന്നു തോന്നുന്നു മണ്‍പാത്രങ്ങള്‍


പ്രവേശന കവാടം.

Tuesday, February 1, 2011

നാടിന്റെ മാനം കാക്കുന്ന കോടതി വിധി

ബുദ്ധിമാന്ദ്യം അനുഭവിക്കുന്ന നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളുടെയും സര്‍ക്കാരിന്റേയും പരാധീനത കാരണം കൈവിട്ടുപോകുമായിരുന്ന നാടിന്റെ സ്വത്ത് ഹൈക്കോടതിയുടെ സുപ്രധാന വിധിയിലൂടെ ജനങ്ങള്‍ക്ക് സമര്‍പ്പിക്കപ്പെടുമെന്ന് അറിയാനായതിനാല്‍ ചിത്രകാരന്‍ ഏറെ സന്തോഷിക്കുന്നു. തിരുവനന്തപുരം ശ്രീ പദ്മനാഭക്ഷേത്രം തിരുവിതാംകൂറിലെ ശൂദ്രരാജകുടുംബത്തിന്റെ തൃപ്പാദങ്ങളില്‍ സമര്‍പ്പിച്ച് സ്വകാര്യ സ്വത്താക്കിക്കൊള്ളുവാന്‍ താണുകേണ് അപേക്ഷിച്ച് ഓച്ഛാനിച്ചു നിന്ന കേരള സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധവും നിരുത്തരവാദപരവും കുറ്റകരവുമായ നിലപാടിനെതിരെ തിരുവനന്തപുരം സ്വദേശിയുംഅഭിഭാഷകനുമായ സുന്ദരരാജന്‍ നല്‍കിയ ഹര്‍ജിയില്‍ വിശദമായ വാദം കേട്ടാണ് കേരള ഹൈക്കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചിരിക്കുന്നത്. അഡ്വക്കേറ്റ് സുന്ദരരാജനോടും, കേരള ഹൈക്കോടതിയോടും നാടിനുവേണ്ടിയുള്ള ജാഗ്രതയുടെപേരില്‍ കേരളം കൃതജ്ഞത അറിയിക്കെണ്ടിയിരിക്കുന്നു.
കരിംങ്കല്ലില്‍ തീര്‍ത്ത ഒട്ടേറെ അത്ഭുതകരമായ കരവിരുത് പ്രകടിപ്പിക്കുന്ന ശില്‍പ്പങ്ങളുള്ള ശ്രീ പത്മനാഭ ക്ഷേത്രം ചിത്രകാരന്‍ വളരെ ഇഷ്ടപ്പെടുന്നു. തിരുവനന്തപുരം ഗവ.ഫൈന്‍ ആര്‍ട്സ് കോളേജ് വിദ്യാര്‍ത്ഥിയായിരിക്കെയും, തുടര്‍ന്ന് മാതൃഭൂമിയുടെ കോട്ടക്കകത്തുണ്ടായിരുന്ന യൂണിറ്റില്‍ ജോലിചെയ്തുകൊണ്ടിരിക്കുംബോഴും നേരില്‍ കണ്ട് ചിത്രകാരന്‍ മനസ്സില്‍ താലോലിച്ചു കൊണ്ടിരുന്ന ക്ഷേത്രമാണ് ശ്രീപത്മനാഭ ക്ഷേത്രം. പലതവണ അതിലെ ഒറ്റക്കല്‍ മണ്ഢപത്തില്‍ കയറി ശില്‍പ്പസൌന്ദര്യം ഹൃദയത്തിലേക്കും പേപ്പറിലേക്കും ഒപ്പിയെടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതിനകത്തെ തണുപ്പും ശില്‍പ്പങ്ങളുടെ സൌന്ദര്യവും ഒരോ മലയാളിയും ജീവിതത്തില്‍ അനുഭവിക്കേണ്ടതായ പൈതൃകാഭിമാനമാണ്. അവ അതിന്റെ ചരിത്ര പശ്ചാലത്തോടെ (ബ്രാഹ്മണരും,സവര്‍ണ്ണ മൂരാച്ചികളും പ്രചരിപ്പിക്കുന്ന കള്ളക്കഥകളുടെ പശ്ചാത്തലമല്ല) ജനങ്ങള്‍ക്ക് മനസ്സിലാക്കി കൊടുക്കുന്ന വിധം എക്കാലവും സംരക്ഷിക്കപ്പെടേണ്ടതാണ്. ചരിത്ര പഠിതാക്കള്‍ക്കും, സാമൂഹ്യശാസ്ത്ര തല്‍പ്പരര്‍ക്കും, കലാകാരന്മാര്‍ക്കും ഹൃദയത്തിലാവാഹിക്കാനായി പരിരക്ഷിക്കേണ്ട അമൂല്യ് നിധിയാണ് ശ്രീപത്മനാഭ ക്ഷേത്രം. ഒട്ടേറെ ചരിത്ര രേഖകളും അമൂല്യ സൂക്ഷിപ്പുകളുമുള്ള ക്ഷേത്രത്തെ ഓരോ കേരളീയന്റേയും, ദക്ഷിണേന്ത്യക്കാരന്റേയും, ഇന്ത്യക്കാരന്റേയും,ലോകമാനവികതയുടേയും പൈതൃക സ്വത്തായി കണ്ണിലെ കൃഷ്ണമണിപോലെ സൂക്ഷിക്കേണ്ടിയിരിക്കുന്നു.
നായന്മാരും പട്ടന്മാരുമല്ലാത്ത ഭൂരിപക്ഷം വരുന്ന അവര്‍ണ്ണ ജനങ്ങളില്‍ നിന്നും മുലക്കരമടക്കമുള്ള മനുഷ്യത്വ രഹിത കര-കൊള്ള-പിടിച്ചുപറി നടത്തിയും, ക്ഷേത്ര-നിരത്ത്-കൊട്ടാര നിര്‍മ്മാണങ്ങള്‍ക്കടക്കം ഈഴവരേയും സുറിയാനി കൃസ്ത്യാനികളെ അടക്കമുള്ള എല്ല അവര്‍ണ്ണജനങ്ങളേയും ഊഴിയം എന്ന പ്രതിഫല രഹിത നിര്‍ബന്ധിത അടിമ ജോലിയിലൂടെ നിര്‍മ്മിച്ചെടുത്തിരിക്കുന്നതുമായ ഈ പൈതൃക സ്വത്തുകള്‍ ജീവിതത്തിലിന്നെവരെ അദ്ധ്വാനിച്ചിട്ടില്ലാത്ത ഇത്തിക്കണ്ണികളായ അല്ലെങ്കില്‍ പ്രാദേശിക കൊള്ളക്കാരായിരുന്ന രാജാക്കന്മാരുടെ തൃപ്പാദങ്ങളില്‍ സമര്‍പ്പിക്കാനുള്ളതല്ല. കവടിയാര്‍ രാജ കൊട്ടാരമടക്കമുള്ള എല്ലാ പൈതൃക സ്വത്തുക്കളില്‍ നിന്നും രാജാവകാശത്തിന്റെ ആനത്തഴംബ് തിരുമ്മിയിരിക്കുന്ന ഇത്തിക്കണ്ണികളെ കുടിയൊഴിപ്പിക്കേണ്ടതാകുന്നു എന്നാണ് ചിത്രകാര മതം.
അതിനായി ജനകീയ സര്‍ക്കാരിനും, രാഷ്ട്രീയക്കാര്‍ക്കും കുറച്ച് ചരിത്രബോധവും സാമൂഹ്യ ശാസ്ത്ര അറിവും ഉണ്ടാകേണ്ടിയിരിക്കുന്നു. അഡ്വക്കേറ്റ് സുന്ദരരാജന് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!

ഇപ്പോള്‍ (2.2.10)കൂട്ടിച്ചേര്‍ക്കുന്നത് :
അറിവില്ലായ്മയുണ്ടാക്കുന്ന മുന്‍‌വിധിയില്‍ ഉറങ്ങുന്നവരാണ് മലയാളികള്‍. നമുക്ക് എല്ലാം അറിയാം എന്ന് നാം അഭിമാനിക്കുന്നു. എന്നാലൊന്നും അറിയുകയുമില്ല. ഒരു ക്ഷേത്രം, ഒരു പള്ളി എന്നതൊക്കെ വിശ്വാസത്തിന്റെ ഭാഗമായ ഒരിടം എന്നതില്‍ കവിഞ്ഞ് , അവയെ ചരിത്രത്തിന്റേയും സംസ്ക്കാരത്തിന്റേയും കലയുടേയും ശേഷിപ്പുകളായി തിരിച്ചറിയാനൊന്നും നാം മിനക്കെടാറില്ല. നമുക്ക് ആകെ അറിയുന്നത് അവിടെ കുമിഞ്ഞുകൂടുന്ന ധനത്തിന്റെമൂല്യത്തെക്കുറിച്ചു മത്രമാണ്. ലജ്ജാവഹമാണ് നമ്മുടെ വിദ്യാസമ്പന്നരുടേയും, പുരോഗമനവാദികളുടേയുമടക്കമുള്ള ബോധനിലവാരം.
തിരുവനന്തപുരം ശ്രീപദ്മനാഭക്ഷേത്രത്തിന്റെ പ്രാധാന്യം മനസ്സിലാക്കാന്‍ താരതമ്യമൂല്യത്തിലധിഷ്ഠിതമായ സാധാജനങ്ങളുടെ കാഴ്ച്ചപ്പാടിലൂടെത്തന്നെ നമുക്ക് നോക്കാം.
കേരളത്തിലെ ഏറ്റവും പ്രശസ്തവും നിന്നു തിരിയാന്‍ ഇടമില്ലാത്തതുമായ ക്ഷേത്രങ്ങളായ ഗുരുവായൂര്‍, ശബരിമല ക്ഷേത്രങ്ങളുമായി പദമനാഭ ക്ഷേത്രത്തെ താരതമ്യം ചെയ്യുകയാണെങ്കില്‍ അവ പദ്മനാഭ ക്ഷേത്രത്തിന്റെ നൂറിലൊന്നുപോലും വരില്ല. കാരണം , പദ്മനാഭ ക്ഷേത്രം എന്ന പേരില്‍ നാം പുറത്തു നിന്നും കാണുന്നത് ചുറ്റുമതിലിലുള്ള പ്രവേശന കവാടമെന്നോ പടിപ്പുരയെന്നോ പറയാവുന്ന അലങ്കാര ഗോപുരം മാത്രമാണ്.അലങ്കാര ഗോപുരം തന്നെ അര ഏക്കറിലോ ഒരു ഏക്കറിലോ സ്ഥിതി ചെയ്യുന്നതായിരിക്കാം. അതുകഴിഞ്ഞ്  അകത്തു കടന്നാല്‍ മാനുഷികാദ്ധ്വാനത്തിന്റേയും ശില്‍പ്പകലയുടെയും ഒട്ടും ചെറുതല്ലാത്ത ഒരു വനമാണ്. കണ്ണും മറ്റ് ഇന്ദ്രിയങ്ങളും ഉപയോഗിച്ച് മനസ്സ് തുറന്നിരിക്കണമെന്നു മാത്രം. ഭക്തന്മാര്‍ ആയിരം തവണ അവിടെ പോയിട്ടും വലിയ കാര്യമൊന്നുമില്ല. നായ കപ്പലു കാണാന്‍ പോയപോലാണ് ഭക്തരുടെ കാര്യം. കൂറ്റന്‍ കരിങ്കല്ലു സ്ലാബുകള്‍ കൊണ്ടുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള നടപ്പന്തല്‍ വിളക്കുമായി തൂണുകളില്‍ ചേര്‍ന്നു നില്‍ക്കുന്ന ശില്‍പ്പങ്ങള്‍, രതിക്രീഡകളില്‍ മുഴുകിയിരിക്കുന്നവര്‍, മൃഗങ്ങളുമായും, വ്യാളികളുമായും സംഭോഗ സാധ്യമാണെന്ന് ഉദാഹരിക്കുന്ന ദാസിമാരുടെ വിവിധ പോസിലുള്ള ശില്‍പ്പങ്ങള്‍. പ്രത്യ്യ്ക ടിക്കറ്റെടുത്ത് മാത്രം പ്രവേശനം ലഭിക്കുന്ന ഒറ്റക്കല്‍ മണ്ഡപമെന്നകരിം കല്ലുകൊണ്ടുള്ള കവിതപോലുള്ള വിശാലമായ ശില്‍പ്പനിബിഢമായ ചരിത്ര വിസ്മയം. തുടര്‍ന്നങ്ങോട്ട് ശ്രീകോവിലിലേക്ക് നടന്നാല്‍ ഒരു പ്രതിഷ്ഠയെന്നൊന്നും വിശേഷിപ്പിക്കാനാകാത്ത വലിയ ശ്രീകോവിലിനകം നിറഞ്ഞ് കിടക്കുന്ന ശ്രീ പദ്മനാഭനെന്ന് ഇന്ന് പേരുവിളിക്കുന്നതും പുറത്തു നില്‍ക്കുന്ന സന്ദര്‍ശകര്‍ക്ക് മൊഴുവന്‍ രൂപം കാണാനാകാത്തതുമായ ഭീമാകാരനായ ബുദ്ധ പ്രതിമ. പ്രതിമയെ അലങ്കരിച്ച് മഹാവിഷ്ണുവിന്റെ ശിവകാശി കലണ്ടര്‍ രൂപമാക്കിയിരിക്കുന്നു എന്നതില്‍ കവിഞ്ഞ് ഹൈന്ദവീയതയൊന്നും ശ്രീകോവിലിനകത്തില്ല. അതിനു പുറമേയാണ് ജനങ്ങളില്‍ നിന്നും കൊള്ളയടിച്ചുണ്ടാക്കിയ പുരാതനമായ നിലവറകളിലെ സ്വത്തുക്കളുടെയും, അമൂല്യ താളിയോലകളുടേയും, വിളംബരങ്ങളുടേയും ചരിത്ര പ്രധാനമായ ശേഷിപ്പുകളും. ഇത്രയെല്ലാം മഹത്വമുള്ള മറ്റൊരു ക്ഷേത്രം കേരളത്തിലില്ല. സത്യത്തില്‍ നമ്മുടേ യൂണിവേഴ്സിറ്റികളിലെ ചരിത്രാദ്ധ്യാപകരും, ചരിത്ര വിദ്യാര്‍ത്ഥികളും, മലയാള ഭാഷാഗവേഷകരും, സാമൂഹ്യശാസ്ത്ര ചിന്തകരും നിരന്തരം പഠിക്കേണ്ടതായ അമൂല്യ സ്മാരകമാണ് ശ്രീ പത്മനാഭ ക്ഷേത്രം. ഭക്തര്‍ ആറ്റുകാല്‍ പൊങ്കാലക്കോ, ശബരിമല പുല്‍മേട് ദുരന്തത്തിനോ, ഗുരുവായൂര്‍ ദര്‍ശനത്തിനായുള്ള ക്യൂകളിലോ തിക്കിത്തിരക്കി കണ്ണുമടച്ച്  കാത്തു നിന്നുകൊള്ളും. എന്നാല്‍ ചരിത്ര സ്മാരകങ്ങള്‍ ഭക്തരുടെ ഈച്ചക്കൂട്ടത്തിനു മുന്നിലേക്ക് വലിച്ചെറിഞ്ഞുകൊടുത്ത് നിശബ്ദരും ഉദാസീനരുമായിരിക്കാന്‍ ജനാധിപത്യ സര്‍ക്കാരുകള്‍ക്ക് കഴിയാന്‍ പാടില്ലാത്തതാണ്. കാരണം, നമ്മുടെ സമൂഹത്തിനു മുന്നോട്ടുപോകാന്‍ നമ്മുടെ ചരിത്രം സംരക്ഷിക്കപ്പെടുകതന്നെ വേണം.