Showing posts with label yukthirekha. Show all posts
Showing posts with label yukthirekha. Show all posts

Wednesday, September 15, 2010

യുക്തിവാദികള്‍ സവര്‍ണ്ണ ജാതിക്കാരോ ?

യുക്തിവാദികള്‍ക്ക് ജാതിയും, മതവും,ദൈവവുമില്ലെന്നായിരുന്നു ചിത്രകാരന്റെ ധാരണ.മനസ്സ് വൃത്തികേടാക്കുന്ന ദൈവസംങ്കല്‍പ്പങ്ങളെ അടിച്ചോടിച്ച്, പകരം മാനവികതയുടെ കാറ്റും, വെളിച്ചവും കടക്കുന്ന ജനലും വാതിലും വച്ച് മനസ്സ് പ്രകാശമാനമാക്കുന്നവരാണ് യുക്തിവാദികള്‍. അഡ്രസ്സ് റാപ്പര്‍ പൊട്ടിക്കാതെ,മേശപ്പുറത്ത് വിശ്രമിക്കുകയായിരുന്ന കേരള യുക്തിവാദി സംഘത്തിന്റെ മുഖപത്രമായ യുക്തിരേഖ മാസികയുടെ ജൂലായ്,ആഗസ്ത്,സെപ്തംബര്‍ ലക്കങ്ങള്‍ ഇന്നാണ് ഒന്നു മറിച്ചു നോക്കാന്‍ തോന്നിയത്. ആദ്യമേ കണ്ണില്‍ തടഞ്ഞത് ഒരു സവര്‍ണ്ണ ജാതി കാഴ്ച്ചപ്പാടുള്ള ലേഖനമാണ്. ജാതികളുടെ സെന്‍സസ് എടുക്കുന്നതിനെതിരെയുള്ള ആ ലേഖനത്തില്‍ എന്തുമാത്രം ബാലിശ സവര്‍ണ്ണ യുക്തികളാണ് ലേഖകന്‍ എഴുന്നള്ളിച്ചിരിക്കുന്നത് എന്ന് വായിച്ച് അതിശയപ്പെടാനായി !!! പൊതുവെ, സ്വതന്ത്രമായ ചിന്താശേഷിയുള്ളവരൊക്കെയാണ് യുക്തിവാദ മേഖലയിലേക്ക് എത്തിപ്പെടുക എന്നൊരു ധാരണയുമായി നടന്ന ചിത്രകാരനെ ജാതി സെന്‍സസ്സിനെതിരെയുള്ള യുക്തിരേഖ ലേഖനം മുന്‍ധാരണകളെ തല്ലിയുടക്കാന്‍ നിര്‍ബന്ധിതനാക്കിയിരിക്കുന്നു. ഒരു ഫാഷനു വേണ്ടിയോ, മറ്റ് മത്സരാര്‍ത്ഥികള്‍ ഏറെയില്ലാത്ത വേദിയെന്നതിനാലും എത്തിപ്പെടുന്നവരുടെ അഭയകേന്ദ്രമായിരിക്കുമോ യുക്തിവാദം ? അതോ, ചിത്രകാരന്‍ വായിച്ച ആ ലേഖനത്തിന്റെ കര്‍ത്താവിന്റെ മാത്രം ചിന്തയുടെ ആഴക്കുറവാകുമോ ?

ഒരു കാര്യത്തില്‍ യോജിക്കാം. യുക്തിവാദിക്ക് ജാതി ആവശ്യമില്ല.സ്വന്തം ബുദ്ധിശക്തിയിലും,ചിന്താശേഷിയിലും,ലോകവിവരത്തിലും നല്ല ആത്മവിശ്വാസമുള്ള യുക്തിവാദികള്‍ക്കും,ഈ ചിത്രകാരനു തന്നെയും ജാതിയോ, മതമോ,ദൈവമോ രക്ഷാധികാരിയായി നില്‍ക്കാതെത്തന്നെ ഒറ്റക്കു നിന്ന് വിജയിക്കാനുള്ള കരുത്തുണ്ടാകാം. എന്നാല്‍, യുക്തിവാദികളല്ലാത്തവര്‍ക്ക് ജാതിയില്ലെന്ന് പറയാന്‍ എങ്ങനെയാണു സാധിക്കുക ? ആത്മാഭിമാനിയായ യുക്തിവാദിയുടേയും, അടിമയായ ഒരു വിശ്വാസിയുടേയും ബോധം തുല്യമല്ലാത്ത സ്ഥിതിക്ക് ജാതി മത ദൈവ അടിമത്വം അനുഭവിക്കുന്ന ഇന്ത്യന്‍ ജനതയെ അവന്റെ ബോധത്തെ അടയാളപ്പെടുത്തുന്ന, സാമൂഹ്യ സ്ഥാനത്തെ നിജപ്പെടുത്തുന്ന വ്യവസ്ഥിതിയായ, അതി പ്രധാന സ്വാധീനം ചെലുത്തുന്നതായ ജാതിയതയെ അവഗണിച്ച് മാനവികമായ തുല്യതയിലേക്കുയര്‍ത്തുന്ന സവര്‍ണ്ണ യുക്തിവാദ നിലപാട് എന്തുമാത്രം കാപട്യം നിറഞ്ഞതാണെന്ന് സ്വതന്ത്ര ചിന്തകന്മാര്‍ തിരിച്ചറിയാതിരിക്കാമോ ? ജാതിയില്‍ ജനിച്ച്,ജാതിയില്‍ ജീവിച്ച്,ജാതിയില്‍ മരിക്കുന്ന ഇന്ത്യക്കാരനെ നോക്കി ജാതി നിലനില്‍ക്കുന്നില്ലെന്ന് പറയാന്‍ കണ്ണടച്ച് ഇരുട്ടാക്കുന്ന വിദ്യകൊണ്ടു മാത്രമേ കഴിയു.

പട്ടിക ജാതിക്കാരന്‍ തുടങ്ങിയ ഹോട്ടല്‍ പൂട്ടുന്നു,പട്ടിക ജാതിക്കാരന്‍ തുടങ്ങിയ പ്രിയദര്‍ശിനി ബസ് സര്‍വ്വീസ് നശിക്കുന്നു,തുടങ്ങിയ താണ ജാതിയുടെ പ്രതിസന്ധികള്‍ എല്ലാം കണ്ണു തുറന്ന് ഒരു സവര്‍ണ്ണനെപ്പോലെ കണ്ടുകൊണ്ടിരിക്കെ, ജാതി സെന്‍സസ്സ് കാരണം, അഴിമതിക്കാരായ താണ ജാതിക്കാര്‍ ഭരണതലത്തില്‍ നിറയാന്‍ കാരണമാകുമെന്നതിനാല്‍ അതൊരിക്കലും അനുവദിച്ചുകൂടെന്ന പിടിവാശി പരിഹാസ്യമായിരിക്കുന്നു !!! അഴിമതിയും, സ്വജന പക്ഷപാതവും,ക്ഷേത്ര തന്ത്രി‌ശാന്തി ജോലിപോലെ സവര്‍ണ്ണര്‍ക്ക് സംവരണം ചെയ്ത മേഖലയാണല്ലോ :) എന്തു മൈര് യുക്തിവാദമാണെടെ.. ഇത് ?
ഈ പാവം അധമ ജാതികളെല്ലാം അധര്‍മ്മവും,അഴിമതിയും,അനീതിയും ചെയ്ത് സവര്‍ണ്ണ യുക്തിവാദികള്‍ക്ക് മനോവിഷമമുണ്ടാക്കാതെയിരിക്കാനായി വല്ല കൂട്ട ആത്മഹത്യയും ചെയ്യേണ്ടിവരുമൊ ആവോ ??? ഭാരതത്തില്‍ അഴിമതി,വ്യഭിചാരം,ചതി,പിടിച്ചുപറി,കള്ള ചരിത്രം ചമക്കല്‍,കള്ളക്കഥകള്‍കൊണ്ട് അടിമത്വം സ്ഥാപിക്കല്‍,കൊട്ടേഷന്‍ കൂട്ടക്കൊല,വംശീയത,വര്‍ഗ്ഗീയത,വര്‍ണ്ണവിവേചനം,ജാതീയത,മനുഷ്യത്വരഹിതമായ കുടിലത തുടങ്ങിയ സകല തിന്മകളുടെയും തെമ്മാടിത്തരങ്ങളുടേയും,സംസ്ക്കാരശൂന്യതയുടേയും പ്രചാരകരും,പ്രായോചകരും ബ്രാഹ്മണ്യവും അവന്റെ ജാരസന്തതികളായ സവര്‍ണ്ണരുമാണെന്നിരിക്കെ, നിഷ്ക്കളങ്കരായ അവര്‍ണ്ണ ജനത അധികാര പ്രമത്തതയാല്‍ ദുഷിച്ചുപോകുമോ എന്ന് മൊതലകണ്ണീരൊഴുക്കുന്ന ഇന്ത്യന്‍ സവര്‍ണ്ണ രാഷ്റ്റ്രീയ നേതൃത്വവും, സവര്‍ണ്ണ യുക്തിവാദികളും ആരെയാണു പൊട്ടന്മാരാക്കാന്‍ ശ്രമിക്കുന്നത് ?

സ്വാതന്ത്ര്യം നേടി 64 വര്‍ഷമായിട്ടും, ഇത്ര രൂക്ഷമായി ജാതി വിവേചനം നിലനില്‍ക്കുന്നത് ജാതി സെന്‍സസ്സ് നടത്താതിരുന്നതുകൊണ്ടുകൂടിയാണ്.സാമൂഹ്യ നീതിവിതരണത്തിലെ അസമത്വം തുടരാന്‍ സവര്‍ണ്ണ ഭരണവര്‍ഗ്ഗത്തിനു ഞൊണ്ടിന്യായങ്ങള്‍കൊണ്ടു സാധിച്ചു. വസ്തുതാപരമായി സമൂഹത്തെ നോക്കിക്കാണുന്ന സാമൂഹ്യ ശാസ്ത്രജ്ഞന്മാര്‍ക്കും, രാഷ്ട്രീയ തന്ത്രജ്ഞര്‍ക്കും, കലാ-സാഹിത്യകാരന്മാര്‍ക്കും, സാമൂഹ്യ ക്ഷേമ പ്രവര്‍ത്തകര്‍ക്കും മാര്‍ഗ്ഗദര്‍ശനമാകുന്ന ജാതി സെന്‍സസ്സ് എന്ന കണക്കിനെ ഭയപ്പെടുന്ന സവര്‍ണ്ണയുക്തിവാദികളും, സമ്പന്ന മാനവിക തലങ്ങളിലെത്തിയ വെള്ളരിപ്രാവുകളും, ഇസങ്ങളുടെ അടിമകളായ വരട്ടുചൊറിക്കാരും ദയവായി ഈ വിഷയത്തില്‍ ലേഖനമെഴുതുന്നതിനു മുന്‍പ് പട്ടിക ജാതി പട്ടികവര്‍ഗ്ഗക്കാരായ ദരിദ്രരുടെയും,സവര്‍ണ്ണ മൂല്യങ്ങള്‍ സ്വീകരിക്കാതെ സാമൂഹ്യ നന്മയും,ജീവിത മൂല്യങ്ങളും കാത്തുസൂക്ഷിക്കുന്ന പിന്നോക്കക്കാരുടേയും, മുസ്ലീം-ക്രൈസ്തവ പിന്നോക്കക്കാരുടേയും ജീവിതവും,പരിമിതികളും നേരില്‍ കാണുക. പ്ലീസ്... അല്ലാതെ, പേനകൊണ്ട് ആ ജാതികളെ ഇല്ലാതാക്കരുത് !!!സഹസ്രാബ്ദങ്ങളായി ജാതി അവരുടെ ജീവിതം തന്നെയാണ്.അതില്ലാതാക്കരുത് !!!
ചിത്രകാരന്റെ ഈ വിഷയത്തിലുള്ള മറ്റൊരു (വായന) പോസ്റ്റ് : ജാതി സെന്‍സസ്സ് അനിവാര്യം
യുക്തിരേഖയില്‍ 2010 സെപ്തബര്‍ ലക്കം പ്രസിദ്ധീകരിച്ചിരിക്കുന്ന സെന്‍സസ്സിനെതിരെയുള്ള സവര്‍ണ്ണ യുക്തിവാദിയുടെ ലേഖനത്തിന്റെ സ്കാന്‍ ചെയ്ത ഇമേജ് താഴെ സൂക്ഷിക്കുന്നു.