Friday, December 26, 2008

ബ്രാഹ്മണിക്ക് ബോമ്പ് !

ഏതു മതവിശ്വാസിയായാലും, ഏത് രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമായാലും, ഏതു ജാതിക്കാരനായാലും, മതത്തിലോ ദൈവത്തിലോ വിശ്വാസമില്ലാത്തവരായാലും നിങ്ങള്‍ ഇന്ത്യക്കാരനാണെങ്കില്‍ നിങ്ങളെ നിങ്ങളറിയാതെത്തന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന ഇന്ത്യന്‍ പ്രതിഭാസമാണ് ബ്രാഹ്മണ്യം.

അതുകൊണ്ടുതന്നെ ബ്രാഹ്മണ്യത്തിന്റെ ചരിത്രം സത്യസന്ധമായി മനസ്സിലാക്കാതെ നിങ്ങള്‍ മതവിശ്വാസിയായാലും, വിപ്ലവകാരിയായാലും, ഇസ്ലാമിക മത ഭീകരനായാലും, യുക്തിവാദിയായാലും ഒരു കളിക്കോപ്പിന്റെ സ്വാതന്ത്ര്യമേ നിങ്ങള്‍ക്ക്
വിധിച്ചിട്ടുള്ളു എന്ന് ചിത്രകാരന്‍ പറയും.
അതെ, ഒരു അടിമയുടെ വിഭ്രാന്തിമാത്രമായി നിങ്ങളുടെ ചിന്തകള്‍ കുഴിച്ചുമൂടപ്പെടുമെന്ന് ഉറപ്പിക്കാം.

നിങ്ങളുടെ വിപ്ലവാത്മകമായ ഏതു ചിന്തയേക്കാളും പ്രബലമാണ് നിങ്ങള്‍ക്ക് സമൂഹം ആചാരങ്ങളിലൂടേയും, അനുഷ്ടാനങ്ങളിലൂടേയും, ആഘോഷങ്ങളിലൂടെയും, പാരംബര്യങ്ങളിലൂടെയും, നാട്ടുനടപ്പുകളിലൂടെയും, ശീലങ്ങളിലൂടെയും,കലാ-സാഹിത്യാദികളിലൂടെയും,ഇതിഹാസങ്ങളിലൂടെയും പകര്‍ന്നു നല്‍കിയ ബ്രാഹ്മണ്യത്തിന്റെ മഹത്വം.
2000 വര്‍ഷക്കാലം ഭാരതത്തെ ഉറക്കിക്കിടത്തിയ ഈ ആത്മീയ കൊള്ളസംഘം നമ്മുടെ കലയേയും,സാഹിത്യത്തേയും ഉപയോഗിച്ചാണ് നമ്മുടെ സംസ്കാരത്തെ വിഷലിപ്തമാക്കിയത് എന്നതിനാല്‍ ബ്രാഹ്മണ്യത്തിന്റെ വര്‍ഗ്ഗീയ ചൂഷണവിഷത്തെ പ്രസാദമായി ഭയഭക്തി ബഹുമാനത്തോടെ ദൈവീക പ്രസാദമായി സേവിച്ചുവരുന്നവരാണ് , നമ്മളിലെ ഹിന്ദുവും, മുസല്‍മാനും,കൃസ്ത്യാനിയും.

അതുകൊണ്ടാണ് ഇന്ത്യ വര്‍ഗ്ഗീയ ലഹളകളില്‍ കത്തുംബോഴും, പൊട്ടിത്തെറിക്കുംബോഴും അതിന്റെ മൂലകാരണമായ വ്യവസ്ഥിതിയുടേയും,പ്രേരകരുടേയും സ്ഥാനത്തിരിക്കുന്ന ബ്രാഹ്മണ്യം ആദരവു പിടിച്ചുപറ്റി സുരക്ഷിതരായിരിക്കുന്നത്. നമുക്കവരോട് ബഹുമാനം മാത്രമേയുള്ളു !
ഹിന്ദു ഫാസിസ്റ്റ് സംഘപരിവാര്‍, പരിഷത്ത് എന്നെല്ലാം നാം വിരല്‍ ചൂണ്ടുന്നത് മതഭേദമില്ലാത്ത ശബരിമല തീര്‍ത്ഥാടകര്‍ക്കു നേരെയോ, നമ്മുടെ അയല്‍പ്പക്കത്തെ ദുര്‍ബലനായ ദളിതനു നേരെയോ, ബുദ്ധധര്‍മ്മ കലാകാരന്മാരും,ശില്‍പ്പികളുമായിരുന്ന വിശ്വകര്‍മ്മജര്‍ക്കുനേരെയോ, ബ്രാഹ്മണ്യത്താല്‍ കൊടും ചൂഷണത്തിനിരയായ നായര്‍ക്കെതിരേയോ,ബുദ്ധമത മിഷണറിമാരായിരുന്ന ഈഴവര്‍ക്കെതിരെയോ, ആയിരിക്കും.

കാരണം ഇവരെല്ലാം ഹിന്ദുക്കളാണെന്ന് ആരോ ലേബലൊട്ടിച്ചുവച്ചിരിക്കുന്നു. ഹൈന്ദവ മതമെന്നത് ബ്രാഹ്മണ താല്‍പ്പര്യത്തിനുവേണ്ടി ആസൂത്രണം ചെയ്യപ്പെട്ട കുടില ബുദ്ധി മാത്രമാണ്. ആ കുടില ബുദ്ധിയെ ബ്രാഹ്മണ്യം എന്ന പേരുകൊണ്ടുതന്നെ വിശേഷിപ്പിച്ച് അവരെ മനുഷ്യരാക്കാന്‍ യത്നിക്കുന്നതിനു പകരം നാം ബ്രാഹ്മണ്യത്തിന്റെ വിഷം തീണ്ടി അടിമത്വത്തില്‍ മുങ്ങിത്താഴുന്ന ശേഷിച്ച ഇരകളുടെയും പീഢിതരുടേയും സമൂഹത്തെ ഒന്നാകെ ഹിന്ദു ഫാസിസ്റ്റുകളായി തെറ്റിദ്ധരിക്കുന്നതും ഐക്യപ്പെടുത്തുന്നതും ബ്രാഹ്മണ്യത്തെ വീണ്ടും ശക്തിപ്പെടുത്താനും, ആധീശന്മാരാക്കാനും മാത്രമേ ഇടയാക്കുകയുള്ളു. ഹിന്ദു ഫാസിസം എന്നോ, ഹിന്ദു വര്‍ഗ്ഗീയത എന്നോ, ഭൂരിപക്ഷ വര്‍ഗ്ഗീയത എന്നോ പറയുന്നത് വിദേശത്തുനിന്നും മറ്റു മതവര്‍ഗ്ഗീയതകള്‍ക്ക് ഫണ്ടു വാങ്ങനല്ലാതെ(അല്ലെങ്കില്‍ ന്യൂനപക്ഷ വര്‍ഗ്ഗീയതയുടെ വോട്ടു തേടാനല്ലാതെ) ഇന്ത്യയിലെ വര്‍ഗ്ഗീയതയെ തുറന്നുകാട്ടാനുള്ള പ്രയോഗമല്ല.

ഇന്ത്യന്‍ വര്‍ഗ്ഗീയതയെ തകര്‍ക്കാന്‍ ബ്രാഹ്മണ്യഫാസിസമെന്നോ, ബ്രാഹ്മണ്യ വര്‍ഗ്ഗീയത എന്നോ തന്നെ വര്‍ഗ്ഗീയതയെ വിശേഷിപ്പിക്കേണ്ടിയിരിക്കുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും ബ്രാഹ്മണ്യം അഭിപ്രായ രൂപീകരണ വേദികളിലും, ഭരണത്തിലും മുന്‍പന്തിയിലായതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍
നിന്നും ബ്രാഹ്മണ്യത്തിനെതിരെ ചൂണ്ടുവിരലുയരില്ലെന്നത് ഉറപ്പാണ്.

എന്നാല്‍ മുസ്ലീം, കൃസ്ത്യന്‍ വര്‍ഗ്ഗീയ വാദികളില്‍ നിന്നുപോലും അതുയരില്ലെന്നതാണ് ചിത്രകാരന്‍ ആദ്യം പറഞ്ഞുവച്ചത്. കാരണം , കൃസ്ത്യാനിയായാലും, മുസ്ലീമായാലും നമ്മള്‍ ബ്രാഹ്മണ്യം അടിച്ചേല്‍പ്പിച്ച അടിമത്വത്തിന്റെ ജാതി നുകത്തില്‍ നിന്നും മുക്തരല്ല. മുക്തരാകുകയും എളുപ്പമല്ല. അതിനാവശ്യമുള്ള സ്വതന്ത്ര ബുദ്ധിയുള്ളവര്‍ ഈ മതങ്ങള്‍ക്കകത്ത് ചുരുണ്ടുകിടക്കില്ലെന്നത് മറ്റൊരുകാര്യം.

ബ്രാഹ്മണിക്കല്‍ ബോമ്പിനെക്കുറിച്ച് 2008 ഡിസംബര്‍ 8 ലെ മാധ്യമം വീക്കിലിയില്‍ വിജു വി നായര്‍ ഒരു നല്ല ലേഖനം എഴുതിയിരിക്കുന്നു. നല്ല ചിന്തകള്‍ മറവിയിലേക്ക് വഴുതിവീണ് വിസ്മൃതമാകാതിരിക്കാനും കൂടെക്കൂടെ റഫര്‍ ചെയ്യാനുമുള്ള സൌകര്യത്തിനായി ഇവിടെ ആ ലേഖനത്തിന്റെ പേജുകള്‍ സ്കാന്‍ ചെയ്തു ചേര്‍ത്തുന്നു. ഈ ലെഖനം എഴുതിയ ശ്രീ വിജുവിനും, പ്രസിദ്ധീകരിച്ച മാധ്യമത്തിനും ചിത്രകാരന്റെ കൃതജ്ഞത.Sunday, December 21, 2008

അദ്ധ്വാനത്തിന്റെ മഹത്വമറിയുന്നയാള്‍മലയാളി പൊങ്ങച്ചത്തിന്റെ ലോകത്തിലെ കൊടുമുടിയാണ്. കഷ്ടപ്പാടിന്റേയും, അദ്ധ്വാനത്തിന്റേയും ഗതകാലം അന്യര്‍ അറിയരുതെന്ന് ആശിക്കുന്നവരാണ് നമ്മളില്‍ ഏറിയ പങ്കും. മറ്റൊന്നുമല്ല, ഒരുവന്റെ കഷ്ടപ്പാടിന്റെ ചരിത്രം പിടികിട്ടിയാല്‍ അവന്റെ മേക്കിട്ടുകേറുന്നതും അവന്റെ ഇപ്പോഴത്തെ അഭിവൃദ്ധി അന്യരിലുണ്ടാക്കുന്ന അപകര്‍ഷതയെ നേരിടാന്‍ പഴയ ചരിത്രം സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിച്ച് ഇടിച്ചുതാഴ്ത്താന്‍ മലയാളിയുടെ സംസ്കാരശൂന്യത സദാ ജാഗരൂകമാണെന്ന് നമുക്കറിയാം. അതുകൊണ്ട്
നമ്മുടെ ഗതകാല ചരിത്രത്തിലെ കഷ്ടപ്പാടിന്റെയും അദ്ധ്വാനത്തിന്റേയും കഥ നാം പുറത്തുപറയാറില്ല.

എന്നാല്‍ ധീരരായ മനുഷ്യര്‍ അങ്ങിനെയല്ല. അവര്‍ക്ക് അസൂയക്കാരന്റെ അപകര്‍ഷതയുടെ ആഴം അറിയാം . അതിലേക്ക് അവരെ തള്ളിയിടാനും കെല്‍പ്പുണ്ടാകും. ഈ ധൈര്യത്തില്‍നിന്നും അവര്‍ തങ്ങളുടെ കഷ്ടപ്പാടിന്റെയും സ്ഥിരോത്സാഹത്തിന്റേയും കഥ പറഞ്ഞുതരുംബോള്‍ വിവേകികള്‍ക്ക്
അതൊരു അനുഭവ ഖനിയാണെന്നാണു തോന്നുക. മാത്രമല്ല, ഇത്തരം ജീവിത വിജയങ്ങളുടെ അനുഭവ സാക്ഷ്യങ്ങല്‍ കൊണ്ടുമാത്രമേ അദ്ധ്വാനത്തിന്റെ വിലയിടിച്ചില്‍ ചെറുക്കാനാകു.
ദേഹാദ്ധ്വാനമുള്ള ജോലി ചെയ്യുന്നതെല്ലാം വിഢികളുടെ ഏര്‍പ്പാടാണെന്ന വിശ്വാസവും, അത്തരം നീച ജോലികള്‍ക്ക് നീച ജാതിപ്പേരുനല്‍കി മനുഷ്യരെ അപമാനിക്കുന്ന സംസ്ക്കാരത്തിന്റെ പിന്മുറക്കാരുമാണ് നമ്മള്‍.
ആ സാഹചര്യത്തില്‍ പയ്യന്നൂര്‍ നഗരസഭാ എഞ്ചിനീയറായി റിട്ടര്‍ ചെയ്ത തബാന്‍ എന്ന കഠിനാദ്ധ്വാനിയും സ്ഥിരോത്സാഹിയുമായ ഒരു മനുഷ്യന്‍ തന്റെ റിട്ടയര്‍മെന്റ് യാത്രയയപ്പിനുള്ള മറുപടി പ്രസംഗത്തില്‍ താന്‍ ഒരു നാലാം ക്ലാസ്സുകാരനായിരുന്നു എന്നും, ഒരു ബീഡിത്തൊഴിലാളിയായിരുന്നു എന്നും പ്രഖ്യാപിക്കുന്നത് ഹൃദയത്തിലെ നന്മയുടെ കുതിച്ചൊഴുകലായിമാത്രമേ ചിത്രകാരനു മനസ്സിലാക്കാനാകു. കാരണം , ഇവിടങ്ങളിലുള്ള ആയിരക്കണക്കിന് ബീഡിത്തൊഴിലാളി കുടുംബങ്ങളെ
ആത്മാഭിമാന പൂരിതമാക്കുന്നതാണ് ആ വെളിപ്പെടുത്തല്‍. സ്ഥിരോത്സാഹിക്ക് ഏതു ജോലിയും, കഷ്ടപ്പാടും ഈശ്വര സാക്ഷാത്ക്കാരമാണെന്ന സന്ദേശം നല്‍കുന്ന തംബാന്മാര്‍ക്കുമാത്രമേ നമ്മുടെ മനസ്സുകളെ അദ്ധ്വാനത്തിന്റെ മഹത്വംകൊണ്ട് ജ്വലിപ്പിക്കാനാകു. എത്ര ധനികരാണെങ്കിലും, നാം ആ ജ്ഞാനദീപം ലഭിക്കുന്നതുവരെ ഭിക്ഷാടകരോ, അടിമകളോ,വീട്ടുപണിക്കാരോ,മുടിയാന്തിരങ്ങളോ ,ദുരഭിമാനികളോ മാത്രമാണ്.

ആ നല്ല മനസ്സിനുമുന്നില്‍ ചിത്രകാരന്റെ പ്രണാമം.

ചിത്രകാരന്‍ മനോരമയുടെ ശ്രീ എന്ന പ്രസിദ്ധീകരണം വെറുതെയൊന്നു മറിച്ചു നോക്കിയപ്പോളാണ് ശ്രീ.തമ്പാനെക്കുറിച്ചുള്ള ശ്രീ. ടി.അജീഷിന്റെ ലേഖനം കണ്ടത്. ലേഖകനും,മനോരമക്കും നന്ദി.

മലയചരിതം താളിയോല


മലയചരിതം എന്താണെന്ന് ഇതുവരെ ചിത്രകാരനൊരു ഗ്രാഹ്യവുമുണ്ടായിരുന്നില്ല. ഇന്നു രാവിലെ മനോരമ സണ്‍‌ഡേ സപ്ലിമെന്റില്‍ ഡോ. ആര്‍. സി. കരിപ്പത്തിന്റെ ഭാഷാഗവേഷണ വഴിയില്‍ ചില അമൂല്യ താളിയോലകള്‍ ഭാഗ്യകൊണ്ട് നശിപ്പിക്കുന്നതില്‍ നിന്നും രക്ഷിക്കാനായതിനെക്കുറിച്ചും , അക്കൂട്ടത്തില്‍ മലയചരിതമെന്ന ഒരമൂല്യകൃതിയുണ്ടെന്നും വിവരിച്ചുകൊണ്ടുള്ള ശ്രീ. എം.എം. സുജിത് ന്റെ ലേഖനം വായിച്ചു.

പഴയ ഇത്തരം താളിയോലകള്‍ ആചാരപ്രകാരം സൂക്ഷിക്കാന്‍ പിന്മുറക്കാര്‍ക്ക് കഴിയാതെ വന്നാല്‍ ക്ഷേത്രത്തിലെ അടുപ്പിലിട്ടോ, സമുദ്രത്തിലെറിഞ്ഞോ നശിപ്പിക്കണമെന്നാണത്രേ ഈ പാരംബര്യ ജനതയുടെ വിശ്വാസം. അതുപ്രകാരം നശിപ്പിക്കാന്‍ ശ്രമിച്ച താളിയോലക്കെട്ടാണത്രേ,
നശിപ്പിക്കുന്നതിനുമുന്‍പ് ഒരു പകര്‍പ്പെടുക്കാനായി ആര്‍.സി.കരിപ്പത്ത് അവകാശികളില്‍ നിന്നും വാങ്ങി താല്‍ക്കാലികമായി കൈവശം വച്ചിരിക്കുന്നത്. അടുത്ത കര്‍ക്കിടക വാവിന് നശിപ്പിക്കുന്നതിനായി അവകാശികള്‍ക്ക് തിരിച്ചുകൊടുക്കേണ്ടതായ ഈ അപൂര്‍വ്വ താളിയോലകളും,
ഈ ലേഖനവും നമ്മേ മറ്റൊരു സത്യത്തിലേക്കുകൂടി നോക്കാന്‍ പ്രേരിപ്പിക്കുന്നു.

മലയാളികളുടെ കുറെ നൂറ്റാണ്ടുകളുടെ ചരിത്രം തേച്ചുമാച്ച് നശിപ്പിക്കപ്പെട്ടതിന്റെ കാരണം കൂടി ഈ ലേഖനത്തിലൂടെ സൂചിപ്പിക്കപ്പെടുന്നുണ്ട്. ബ്രാഹ്മണ അധിനിവേശത്തെത്തുടര്‍ന്ന് നമ്മുടെ പഴയ പാരംബര്യവും, ചരിത്രവും ഇങ്ങനെ ക്ഷേത്രങ്ങളിലെ അഗ്നിയിലോ, സമുദ്രത്തിലോ നശിപ്പിക്കാനായി
ജനങ്ങള്‍ക്കിടയില്‍ ഈ പൈതൃക നശീകരണ വിശ്വാസം ആചാരമാക്കി പ്രചരിപ്പിച്ചിട്ടുണ്ടെന്ന് കരുതേണ്ടിയിരിക്കുന്നു. നമ്മുടെ പഴയ ജീവിതക്രമത്തേയും ധര്‍മ്മബോധത്തേയും നിരാകരിച്ച് പുതിയ
ബ്രാഹ്മണപ്രോക്തങ്ങളായ ആചാര വിശ്വാസങ്ങളിലേക്കും, ധര്‍മ്മച്യുതിയിലേക്കും പറിച്ചുനടുന്നതിന്റെ ഭാഗമായി നമ്മുടെ പൈതൃകം അഗ്നിക്കു സമര്‍പ്പിക്കുന്ന ഒരു ആചാരംതന്നെ പവിത്രമായ ഒരു ചടങ്ങായി നടപ്പിലാക്കിയിരുന്നു എന്ന് മനസ്സിലാക്കാം. നമ്മുടെ പഴയ കാവുകളിലെ പ്രതിഷ്ടകളെ നീച ദൈവങ്ങളാണെന്ന് വിശേഷിപ്പിച്ച് ,പുനപ്രതിഷ്ടയോടെ അംബലക്കുളത്തില്‍ വലിച്ചെറിയുന്ന നമ്മുടെ രക്തബന്ധമുള്ള ദൈവങ്ങളുടെ ചരിത്രവും ഇങ്ങനെത്തന്നെ.

എന്തായാലും ഇത്തരം അന്ധവിശ്വാസങ്ങളോട് കുറച്ചുദിവസത്തെ സമയം കടം വാങ്ങിയെങ്കിലും ബ്രാഹ്മണ ഹിന്ദുമതം കേരളത്തെ കീഴടക്കിക്കൊണ്ടിരിക്കുന്ന കാലത്തുള്ള ആ താളിയോല ഗ്രന്ഥം ആര്‍.സി.കരിപ്പത്തിന് രക്ഷിക്കാനായതില്‍ വളരെ സന്തോഷം തോന്നുന്നു. ലേഖകനോടും, മനോരമയോടും ഈ സത്യം ജനങ്ങാളിലെത്തിച്ചതിന് ചിത്രകാരന്‍ നന്ദി പറയുന്നു.

നമ്മുടെ പൈതൃകവും, സാംസ്കാരിക സ്വത്തുക്കളും പഠിക്കാനും,സംരക്ഷിക്കാനും കഴിയുന്നില്ലെങ്കില്‍ പിന്നെ എന്താണ് മലയാളി എന്ന് അവകാശപ്പെടാന്‍ നമുക്ക് യോഗ്യത ? ആ കഴിവുകേട് ഒരു തന്തയില്ലായ്മയാണ്. അതിനെ അതിജീവിച്ചേ പറ്റു. ഇന്നത്തെ വ്യത്യസ്ത ജാതി-മതസ്തരായ മലയാളിയില്‍ നിന്നും ആദിവാസിയായിരുന്ന മലയിലെ ആളനിലേക്കുള്ള ദൂരത്തിനിടക്ക് സംഭവിച്ച സാമൂഹ്യമാറ്റങ്ങളുടെയും,
ആ പ്രപിതാമഹന്മാരുടെ അറിവുകളുടേയും അനുഭവങ്ങളുടേയും ആകത്തുക നമ്മുടെ ചരിത്രമായി നമുക്കു കിട്ടുകതന്നെവേണം.