Showing posts with label ikkare kottiyoor. Show all posts
Showing posts with label ikkare kottiyoor. Show all posts

Wednesday, June 16, 2010

ഓടപ്പൂവും ... കൊട്ടിയൂര്‍ ഉത്സവവും

1993ല്‍ കണ്ണൂരിലേക്ക് താമസമായപ്പോളാണ് ആദ്യമായി വിചിത്രമായ ഓടപ്പൂ എന്ന വാക്കു കേള്‍ക്കുന്നത്.ഓടത്തണ്ട് തല്ലിച്ചതച്ച് വെളുത്ത നാരാക്കി അപ്പൂപ്പന്‍ താടിയെപ്പോലെ രൂപപ്പെടുത്തിയെടുക്കുന്ന വിദ്യയാണ് ഓടപ്പൂ നിര്‍മ്മാണം. കൊട്ടിയൂരിലെ ആദിവാസികളുടെ ഒരു കരകൌശല വസ്തു ! ഇപ്പോള്‍ ഓടപ്പൂവ്വുണ്ടാക്കുന്നവര്‍ ആദിവാസികളൊന്നുമല്ലെന്നാണ് തോന്നുന്നത്. ശിവേട്ടന്റെ (ശിവ ഭഗവാന്റെ... എന്നും ഭക്തന്മാര്‍ പറയും !)അമ്മായി അപ്പന്‍,ശ്രീ.ശ്രീ.ശ്രീ.ദക്ഷന്റെ വെളുത്ത താടിരോമങ്ങളാണ് ഈ ഓടപ്പൂവ്വിനെക്കൊണ്ട് പ്രതീകവല്‍ക്കരിക്കുന്നത് എന്നാണ് ഇവിടത്തെ ഭക്തന്മാരുടെ വിശ്വാസം.
കാട്ടിനകത്തുള്ള അക്കരെ കൊട്ടിയൂരിലെ പുഴയോരത്താണ് ശ്രീ.ശ്രീ.ശ്രീ.ദക്ഷന്‍ തന്റെ പുന്നാര മോളായ സതീദേവിയുടെ കെട്ട്യോനും മഹേശ്വരനുമായ ശിവേട്ടനെ ക്ഷണിക്കാതെ ദക്ഷയാഗം സംഘടിപ്പിച്ചതെന്നും,ഭര്‍ത്താവിനെ ക്ഷണിക്കാത്തതിനാല്‍ അപമാനിതയായ സത്യേച്ചി ഇവിടെ ജീവത്യാഗം ചെയ്തുകൊണ്ട് സ്വന്തം അച്ഛനോട് പ്രതിഷേധിച്ചെന്നും, സത്യേച്ചിയുടെ മരണവാര്‍ത്തയറിഞ്ഞ ശിവേട്ടന്‍ തന്റെ ഗുണ്ടാപടയെ വിട്ട് യാഗം നടത്തിക്കൊണ്ടിരുന്ന ദക്ഷനേയും ബ്രാഹ്മണരെയും വധിച്ച് അവറ്റകളുടെ താടിയും മുടിയും വീടിന്റെ പൂമുഖത്ത് കെട്ടിത്തൂക്കാനായി ഭക്തന്മാര്‍ക്ക് നല്‍കി... എന്നൊക്കെയാണ് ബ്രാഹ്മണന്റെ പതിവ് കള്ളക്കഥകളായ പുരാണ ഐതിഹ്യങ്ങളില്‍ പറഞ്ഞ് പ്രചരിപ്പിച്ചിരിക്കുന്നത്.ആദിവാസികളുടെ ആരാധന സ്ഥാനമായിരുന്ന അക്കരെ കൊട്ടിയൂര്‍ അവിടത്തെ വിചിത്രമായ രീതിയിലുള്ള ആരാധനാരീതികള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ ബ്രാഹ്മണ ഹിന്ദുമതം ഇവിടെ ഇപ്പോള്‍ അധീശത്വം സ്ഥാപിച്ചതായിരിക്കണം.സമൂഹത്തിലെ എല്ലാ ജാതി ഇനങ്ങള്‍ക്കും ഇവിടെ പ്രത്യേകമായ അവകാശങ്ങളും ചുമതലകളുമൊക്കെയുണ്ട്.വിവിധ ജാതിക്കാരായ സ്ഥാനികള്‍ക്ക് പ്രത്യേകം പ്രത്യേകം താല്‍ക്കാലിക നെടുംബുരകളും(ഷെഡ്)മറ്റും ഉത്സവകാലത്ത് കെട്ടിപ്പൊക്കിയിരിക്കും.ഒരു ഉയര്‍ന്ന തറയും അതിനു ചുറ്റുമുള്ള ചളിവെള്ളം ഒഴുകുന്ന തോടുപോലുള്ള നടപ്പാതയുമടങ്ങിയതാണ് ഇവിടത്തെ ശ്രീകോവില്‍ ! ഇതിനു ചുറ്റുമാണ് സ്ഥാനികളുടെ ഷെഡുകള്‍.അതിനു ചുറ്റും ഓടക്കാടുകളും കാട്ടുമരങ്ങളും. ഏതായാലും ദക്ഷന്റെ താടിരോമങ്ങളുടെ പ്രതീകമായി കണക്കാക്കപ്പെടുന്ന ഓടപ്പൂക്കളില്ലാതെ കൊട്ടിയൂര്‍ ഭക്തന്മാര്‍ വീട്ടില്‍ പോകില്ല. ഇവിടങ്ങളിലെ വീടുകളുടെ പൂമുഖങ്ങളില്‍ ഒരു വര്‍ഷക്കാലം ഓടപ്പൂ തൂങ്ങിക്കിടക്കും.കാറുകളിലും, ബസ്സുകളിലുമെല്ലാം ഓടപ്പൂ തൂക്കിയിടും.
അക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തേയും ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തേയും രണ്ടുവശത്താക്കി കടന്നുപോകുന്ന റോഡിനിരുവശവും ഓടപ്പൂ വില്‍ക്കുന്ന താല്‍ക്കാലിക സ്റ്റാളുകളാണ്. ഓടപ്പൂ വില്‍പ്പന പരിഷ്ക്കാരികള്‍ ഏറ്റെടുത്തതു കാരണമാകാം എവിടേയും ഓടപ്പൂവ്വിന്റെ സ്രഷ്ടാക്കളായ ആദിവാസികളെ കണ്ടില്ല. മാത്രമല്ല ഓടപ്പൂക്കള്‍ക്ക് നല്ല വിലയുമുണ്ട്. 20, 30, 40, 50... എന്നിങ്ങനെ.

ഓടപ്പൂ സ്വന്തം വീട്ടിലേക്ക് മാത്രം വാങ്ങിയാല്‍ പോരല്ലോ...അയല്‍പ്പക്കക്കാര്‍ക്കും, ബന്ധുക്കള്‍ക്കുമൊക്കെ ഓടപ്പൂ കോടുക്കണ്ടേ...??!!
ഭക്തിയും വിശ്വാസവും ചെറുപ്പക്കാരുടെ നട്ടെല്ലായി മാറിയിരിക്കുന്നത് പുരോഗമന പ്രസ്ഥാനങ്ങള്‍ അറിഞ്ഞില്ല.
ഓടപ്പൂവിനായി തിരക്കുകൂട്ടുന്ന യുവത്വം.

സ്റ്റാളിനകത്തിരുന്ന് ഓടപ്പൂ നിര്‍മ്മിക്കുന്ന ചെറുപ്പക്കാര്‍.
തല്ലിച്ചതച്ച് ഓടപ്പൂവ്വാക്കാന്‍ തയ്യാറാക്കിയ ഓടത്തണ്ടുകള്‍ കാണാം.
ഓടക്കുറ്റിയുടെ തണ്ട് പരമാവധി ചെത്തിക്കളഞ്ഞ്, ഒന്നു പുറം മറിച്ചാല്‍ ഓടപ്പൂവായി.
ഇക്കരെ കൊട്ടിയൂര്‍ ശിവ ക്ഷേത്രത്തിലെ സന്ദര്‍ശനം
കഴിഞ്ഞ് ഭക്തര്‍ അക്കരെ കൊട്ടിയൂരിലേക്ക് പോകുകയാണ്.
ഉത്സവക്കാലത്ത് ഇക്കരെ കൊട്ടിയൂരില്‍ ശിവേട്ടന്‍ ഉണ്ടാകില്ലെന്നാണ് വിശ്വാസം.
ശിവേട്ടന്‍ കാട്ടിനകത്ത് സ്ഥിതിചെയ്യുന്ന അക്കരെ കൊട്ടിയൂരിലായിരിക്കുമത്രേ!!!
ശിവേട്ടന്‍ ഇല്ലെങ്കിലും, ബ്രാഹ്മണര്‍ക്കും, ദേവസ്വത്തിനും തിന്നു തീര്‍ക്കാനുള്ള കാണിക്കയിടാനും
നല്ലൊരു കാവിനുള്ളില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രം വലം വക്കാനും ഭക്തര്‍ക്ക് സമയക്കുറവൊന്നുമില്ല.
അക്കരെ കൊട്ടിയൂരിലേക്കുള്ള വഴികള്‍... പുഴയുടെ കൈവഴികള്‍ കടന്നും, കുളിച്ച് ഈറനുടുത്തും...
ഭക്തര്‍ കല്ലുകളുരച്ച് ഉണ്ടാക്കുന്ന ചാന്തുകൊണ്ട് നെറ്റിയില്‍ കുറിതൊടാനുള്ള ശ്രമവും നടത്തുന്നുണ്ട്.
കിലോമീറ്ററുകള്‍ നീളുന്ന വളഞ്ഞുപുളഞ്ഞ ക്യുവിന്റെ ചെറിയൊരു ഭാഗമാണ് ദൂരെ കാണുന്നത്.
ബാവാലി പുഴയിലെ തീര്‍ഥസ്ഥാനത്ത് മുങ്ങിക്കുളിക്കാനുള്ള ഭക്തന്മാരുടെ പെടാപ്പാടുകള്‍ !!!
മഴയത്ത് കുടചൂടി... ഒന്നു കുളിക്കാനായി ക്യൂ നില്‍ക്കുന്ന പംബര ഭക്തന്മാര്‍ !!!
പാലത്തിനു മുകളിലും കുളിക്കാനുള്ള ക്യൂ മഴകൊണ്ട്... കുടചൂടി... തുടരുന്നു !
പാലവും കഴിഞ്ഞ് കുളിക്കാനുള്ള ക്യൂ താഴോട്ട് ഒഴുകുകയാണ്.
അവസാനം ... കുളിപ്പുരയെത്തി. പുഴയുടെ ഓരത്തായി
നീല പ്ലാസ്റ്റിക് ടാര്‍പ്പോളിന്‍ കൊണ്ട് മറച്ചു കെട്ടിയിരിക്കുന്നതാണ്
കുളീപ്പുര. പാവം പുഴ ഇത്ര നീണ്ടു നിവര്‍ന്ന് ഒഴുകിയിട്ടും
ആ നീല ടാര്‍പ്പോളിനകത്തുവച്ച് കുളിച്ചാലേ
ഭക്തര്‍ക്ക് മോക്ഷം കിട്ടു.
(അവിടത്തെ സ്ത്രീകളുടെ കുളിസീന്‍ കാണാനുള്ള ആകാംക്ഷയാണ് പുരുഷ കേസരികളെ
ഇത്രയും ക്ഷമാപൂര്‍വ്വം നീണ്ട ക്യൂ നില്‍ക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകമെന്നും ശ്രുതിയുണ്ട്)
അത്രയധികം ക്യൂ നില്‍ക്കാതെ പുതിയ പാലത്തിലൂടെ അക്കരെ കൊട്ടിയൂരിലെത്താനും വഴിയുണ്ട്.
ഹൈന്ദവ വര്‍ഗ്ഗീയ ഭരണക്കാര്‍ ഈ കാട്ടില്‍ ചെരിപ്പ് വിലക്കിയിട്ടുണ്ട്.
ഇവര്‍ ചിത്രകാരന്റെ രണ്ട് അയല്‍പ്പക്കക്കാരാണ്. അശോകേട്ടനും, ഭാസ്ക്കരന്‍ മേസ്തിരിയും.
ഒരു നായര്‍ സ്ഥാനികരുടെ ഷെഡ്. ഇതുപോലുള്ള ധാരാളം ഷെഡുകള്‍
വിവിധ ജാതിക്കാര്‍ക്കായി ചുറ്റും കാണാം.
ആ പുകയുന്ന ഓലപ്പുരയാണ് ശിവേട്ടന്റെ താല്‍ക്കാലികമായുള്ള ശ്രീകോവില്‍.
ആ മണ്‍ തിട്ടക്ക് താഴെയുള്ള
ചളിവെള്ളത്തിലൂടെയാണ് ഭക്തര്‍ പ്രതിക്ഷണം വച്ചുകൊണ്ടിരിക്കുന്നത്.
ഇടതുവശത്തുള്ള ചായ്പ്പില്‍ ഭക്തര്‍ക്ക് പ്രസാദമെന്നപേരില്‍
എന്തൊ തോണ്ടിയെറിഞ്ഞുകൊടുക്കുന്നുണ്ട്.
സത്യത്തില്‍ ഇതൊരു ആള്‍ക്കൂട്ടമാണ്.
സാമൂഹ്യജീവിയായ മനുഷ്യന്റെ കൂട്ടം കൂടാനുള്ള ജന്മവാസന.
എല്ലാ ഉത്സവങ്ങളുടേയും ആഘോഷങ്ങളുടേയും ആത്മാവ് അതുതന്നെയായിരിക്കണം.

നമ്മളും ഒരിക്കല്‍ ആദിവാസികളായിരുന്നെന്നും, ആ വേരുകളെ നമിക്കുന്നത് നമ്മളില്‍ മനുഷ്യസ്നേഹവും നന്മയും ജനിപ്പിക്കുമെന്നും ഈ ഭക്തര്‍ക്കിടയില്‍ ആരെങ്കിലും ചിന്തിക്കുന്നുണ്ടായിരിക്കുമോ ശിവേട്ട ...!!!
കുഞ്ഞുകുട്ടി പരാധീനങ്ങളുമായി... പ്രകൃതിയുടെ മടിത്തട്ടില്‍ ഒരു ഉത്സവക്കാലത്ത്...
കാട്ടിനകത്തെക്ക് കനത്ത ആള്‍ക്കൂട്ടത്തിന്റെ വിരുന്ന് വരവുതന്നെയാണ് കൊട്ടിയൂര്‍ ഉത്സവം.