Sunday, April 10, 2016

കൊടുങ്ങല്ലൂരിലെ ശവാഘോഷങ്ങള്‍ !!

മാതൃഭൂമി വാര്‍ത്ത ചിത്രം

ഇന്നലെ ( 2016 ഏപ്രിൽ 8 ന് ) ചിത്രകാരൻ ഫേസ് ബുക്ക് സുഹൃത്തുക്കളായ ജോഷി തോപ്പിയിൽ, ദിനേശ് ലാൽ ചേരുവുള്ളിൽ എന്നിവരോടൊത്ത് കൊടുങ്ങല്ലൂർ അശ്വതി കാവുതീണ്ടൽ ചടങ്ങുകൾ കാണാനായി പോയിരുന്നു. കേരളത്തിൽ 1200 വർഷം മുമ്പ് ബ്രഹ്മണ ചാതുർവർണ്യ - ജാതീയ /സവർണ്ണ മതം സ്ഥാപിക്കപ്പെട്ടത് എങ്ങനെയായിരുന്നു എന്ന ചരിത്രം പ്രതീകാത്മകമായാണെങ്കിലും ഇന്നും വളരെ സ്പഷ്ടമായി കാണവുന്ന നിലയിൽ കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ ആചാരവൽക്കരിക്കപ്പെട്ട അവസ്ഥയിൽ നിലനിൽക്കുന്നുണ്ട്.

കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ അലങ്കരിക്കാനായി തലയില്ലാത്ത മനുഷ്യ സരീരത്തിന്റെ പ്രതീകങ്ങളായ കൊടിക്കൂറകളുമായി നടന്നു നീങ്ങുന്ന ഭക്തര്‍ 

തലയില്ലാത്ത ശവശരീരങ്ങള്‍


നമ്മുടെ ക്ഷേത്രങ്ങളിൽ കൊടിമരത്തിലും, സമീപത്തെ മരങ്ങളിലും, ക്ഷേത്രത്തിന്റെ മേൽക്കൂരിയിലും മറ്റും ഉത്സവകാലത്ത് കാണപ്പെടുന്ന ചെറുതും വലുതുമായ കൊടിതോരണങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?
ഇല്ലെങ്കിൽ ഇനിയെങ്കിലും ശ്രദ്ധിക്കുക.
കാരണം, അത് നമ്മുടെ രാഷ്ട്രീയ പാർട്ടികളുടെ അധികാര / ബ്രാന്റ് ചിഹ്നങ്ങളെപ്പോലെ അലങ്കാര പ്രധാനമായ നിരുപദ്രവ കൊടികളല്ല.
അതിൽ ഓരോ കൊടികളും തല ഛേദിക്കപ്പെട്ട ഒരു മനുഷ്യ ശരീരത്തിന്റെ പ്രതീകമാണ്.
കൊടികളിൽ ചെറുതും, വലുതം, വളരെ നീളമുള്ളതും, ഡ്രാഗണെ പോലെ വളരെ നീളമുള്ളതിനാൽ പത്തോ ഇരുപതോ പേർ ചുമന്നു കൊണ്ടു പോകുന്ന തരത്തിലുള്ളതുമൊക്കെ കാണാം.
കൊടിയുടെ നീളത്തിൽ നിന്നും അത് പ്രതീകവൽക്കരിക്കുന്ന മൃതശരീരത്തിന്റെ വെട്ടിമാറ്റപ്പെട്ട തലയുടെ മഹത്വം അളന്നു മനസ്സിലാക്കാം. അതായത്, ചെറിയ കൊടികൾ സാധാരണക്കാരായ ഗുരുക്കന്മാരുടെയും വലിയ കൊടികൾ അസാധാരണ പ്രതിഭകളായിരുന്ന (പ്രശസ്ത ജ്ഞാനികളായ) ഗുരുശ്രേഷ്ഠന്മാരുടെയും, ബുദ്ധന്റെ തന്നെയും പ്രതീകങ്ങളാണ്‌.

കൂട്ടക്കൊലയുടെ കാരണങ്ങൾ

കൊടുങ്ങല്ലൂർ എന്ന സ്ഥലപ്പേരു തന്നെ രൂപപ്പെടുന്നത് എ ഡി. എട്ടാം നൂറ്റാണ്ടിനോടനുബന്ധിച്ചു നടന്ന കൊടും കൊലയുടെ ഊര് എന്ന ഞെട്ടിക്കുന്ന സംഭവത്തിന്റെ ഫലമായാണ്. ബ്രാഹ്മണ മേധാവിത്വത്തിനു മുൻപ് മുച്ചിറി പട്ടണം എന്നും, വിദേശികൾ മുസരിസ് എന്നും വിളിക്കപ്പെട്ട പ്രദേശമാണ്
ഭീകരമായ കൂട്ടക്കൊലക്കു ശേഷം കൊടും കൊല്ലൂരായും കൊടുങ്ങല്ലൂരായും പരിണമിക്കുന്നത്. അതിന്റെ സാമൂഹ്യ സാഹചര്യങ്ങൾ താഴെ പറയാം.
കേരളത്തിൽ ബിസി. മൂന്നാം നൂറ്റാണ്ടു മുതൽ ബൗദ്ധ ധർമ്മ പ്രചാരകരായ ഭിക്ഷുക്കൾ പ്രവർത്തനമാരംഭിച്ചിരുന്നു എന്നതിന് 2300 വർഷം പഴക്കമുള്ള ബ്രാഹ്മി ലിപിയിലുള്ള അശോക ചക്രവർത്തിയുടെ ശിലാശാസനങ്ങൾ തെളിവു നൽകുന്നുണ്ട്.

എ.ഡി. രണ്ടാം നൂറ്റാണ്ടിൽ കൊടുങ്ങല്ലൂരിനടുത്തുള്ള പട്ടണം പ്രദേശത്ത് പ്രമുഖ ബുദ്ധ ഗുരുക്കന്മാർ താമസിച്ചിരുന്നു എന്നതിന്റെ തെളിവായി 'അമണ' എന്ന എഴുത്തുള്ള ഒരു ഭിക്ഷാപാത്രം പുരാവസ്തു ഖനനത്തിൽ ഏതാനും മാസം മുമ്പ് ലഭിച്ചിരുന്നു. (ചിത്രകാരന്റെ ചിത്ര സമാഹാര പുസ്തകത്തിന് അമണ എന്ന പേര് നൽകിയത് ആ ചരിത്ര യാഥാർത്ഥ്യത്തെ ഓർക്കാനാണെന്ന് മുൻ പോസ്റ്റിൽ സൂചിപ്പിച്ചതും ഓർക്കുക.)

കൃഷി, ആയുർവേദം, ലോഹ ശാസ്ത്രം, വാസ്തു ശാസ്ത്രം, എഴുത്തുവിദ്യ, വസ്ത്ര നിർമ്മാണം, ജ്യോതിശാസ്ത്രം, സൈനിക പ്രതിരോധ ശേഷി (കളരി), വിത്തുകൾ, ഔഷധ സസ്യങ്ങൾ തുടങ്ങിയ ഒട്ടേറെ സംഭാവനകളുമായി കേരളത്തിലെത്തിയ ആദ്യ മിഷണറിമാർ ഈ ബുദ്ധ ധർമ്മ പ്രചാരകരാണ്.

ഈ ബൗദ്ധ സന്യാസിമാർ / അൻമ്പുക്കൾ / ദയാനിധികൾ തദ്ദേശീയ ഗോത്ര സമൂഹത്തെ മാനവികമായി നവീകരിക്കാനും നാഗരികതയിലേക്ക് ഉയർത്താനും പുരോഗതി പ്രാപിക്കാനും വമ്പിച്ച സംഭാവനകൾ ചെയ്തതിന്റെ ഫലമായി കാർഷിക വാണിജ്യ രംഗങ്ങളിൽ ലോക പ്രശസ്തമായ ഒരു ഗതകാലം തന്നെ കേരളത്തി നുണ്ടായിരുന്നു എന്നു പറയാം. റോമുമായിപ്പോലും അധിനിവേശത്തിനു വിധേയരാകാതെ, അന്തസ്സോടെ കേരളീയർ അക്കാലത്ത് വ്യാപാര ബന്ധത്തിലേർപ്പെടുകയും, സ്വന്തം നാവിക ശേഷി ആർജ്ജിച്ചിരുന്നതുമായ കാർഷിക-വാണിജ്യ ശക്തിയായിരുന്നു അന്ന് നമ്മുടെ മലനാട് .

കേരളത്തിലെ ഏറെക്കുറെ പുരാതനമായ എല്ലാ അമ്പലങ്ങളും, കാവുകളും, നശിപ്പിക്കപ്പെട്ട / പേരു മാറ്റപ്പെട്ട ശ്രീ മൂലവാസം എന്ന വിഹാരവുമെല്ലാം നിർമ്മിക്കപ്പെടുന്നത് എ ഡി. പതിനൊന്നാം നൂറ്റാണ്ടു വരെ ശക്തമായി ജനങ്ങളെ പ്രചോദിപ്പിച്ച ഈ ബൗദ്ധ സാംസ്കാരികതയാണ്. അതിനെ ഒരു മതമായി തെറ്റിദ്ധരിക്കേണ്ടതില്ല. അതൊരു മാനവിക ബോധത്തിന്റെ സാംസ്കാരിക പ്രചോദനമായിരുന്നു.

ഈ സമ്പന്ന ബൗദ്ധ സാംസ്കാരികതയുടെ സമ്പത്തും, ഐശ്വര്യങ്ങളും, സ്ഥാനമാനങ്ങളും, ജനപ്രീതിയും കവർന്നെടുത്ത് സമൂഹത്തിന്റെ സമഗ്രാധിപത്യം നേടുന്നതിനെക്കുറിച്ച് ദുരാഗ്രഹികളായി കഴിഞ്ഞു കൂടിയിരുന്ന മന്ത്രവാദി - പുരോഹിത പരാന്ന ജീവികൾ എ.ഡി. ആറാം നൂറ്റാണ്ടു മുതൽ കേരളീയ സമൂഹത്തിന്റെ അരികുകളിലൂടെ ഭിക്ഷാടകരായി പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കണം. ദിവസത്തിൽ ഒരു പ്രാവശ്യം മാത്രം ഭിക്ഷാടനം നടത്തി ഒരു നേരം മാത്രം ഭക്ഷണം കഴിക്കുന്ന പരമ്പരാഗത ദേരെ വാദി ബുദ്ധ സന്യാസികൾക്ക് ലഭിക്കുന്ന ജനകീയ ആദരവിനെ ചൂഷണം ചെയ്യാനായി ഭിക്ഷാടനം തൊഴിലാക്കി അതിസാമർത്ഥ്യം കാണിച്ചിരുന്ന ബ്രാഹ്മണ മന്ത്രവാദികളുടെ ശല്യം സഹിക്കാവുന്നതിലപ്പുറമായിരുന്നതിനാലായിരിക്കണം 'തെണ്ടികൾ' എന്ന ഒരു അവജ്ഞാപദം തന്നെ മലായാളത്തിലുണ്ടായി ! ദണ്ഡികൾ എന്ന താണ് അതിന്റെ പൂർവ്വ രൂപം. ശങ്കരാചാര്യരുടെ കയ്യിൽ കാണുന്നതുപോലുള്ള ഒരു ദണ്ഡ് ഈ ബ്രാഹ്മണ മന്ത്രവാദികൾ അധികാര ചിഹ്നമായി ഭിക്ഷാടനത്തിനിറങ്ങുമ്പോൾ കൊണ്ടുനടന്നിരുന്നത്രേ!

അത്രയും കാലം ജനങ്ങളുടെ അവജ്ഞക്ക് പാത്രമായിരുന്ന ഈ ദണ്ഡി/ തെണ്ടികളായ മന്ത്രവാദികളാണ് ബുദ്ധ ധർമ്മത്തിന്റെ പുതിയ സുഖലോലുപ- ഹിംസാത്മക എഡിഷന്റെ അചാര്യന്മാരായി ചമഞ്ഞ് പരമ്പരാഗത (ദേരെ വാദി ) ബുദ്ധ ഗുരുക്കന്മാരെ രാജവിന്റെ അദ്ധ്യക്ഷതയിൽ പാണ്ഡിത്യ തർക്കത്തിൽ തോൽപ്പിച്ച് പുതിയ ബ്രാഹ്മണ രാജ ഗുരുക്കന്മാരായി തീരുന്നതും , രാജാക്കന്മാരെക്കൊണ്ടോ അവരുടെ ഗോത്രവർഗ്ഗ അടിമകളായ നായന്മാരെക്കൊണ്ടോ ബൗദ്ധ ഭട്ടന്മാരെ/പണ്ഡിതരെ നാവറുത്തും തല വെട്ടിയും കഴുവേറ്റിയും ബൗദ്ധ സമൂഹത്തെ തല പോയ തെങ്ങു പോലെ സാമൂഹ്യ നേതൃത്വമില്ലാത്ത അവർണ്ണ /ജാതിരഹിത സമൂഹമായ... ബുദ്ധ ധർമ്മ സംസ്കാരത്തിന്റെ ചരിത്രം തന്നെ ഇല്ലാതാക്കിയത്.

ബ്രാഹ്മണ മന്ത്രവാദികളെ സംബന്ധിച്ച് തങ്ങളുടെ വംശീയ മേധാവിത്വം സ്ഥാപിക്കപ്പെട്ടതിന്റെ സ്മരണക്കായി നടത്തപ്പെടുന്ന രക്തക്കുരുതികളും ഭിക്ഷുണികളെ അപമാനിക്കാനും ഓടിക്കാനും വേണ്ടിയുള്ള തെറിയഭിഷേകങ്ങളുടെ ആവർത്തനങ്ങളും ഉത്സവമാക്കുന്നത് സാമൂഹ്യ വ്യവസ്ഥിതിയെ മാറ്റം കൂടാതെ എന്നെന്നും നിലനിർത്താനുള്ള ആചാരങ്ങളുടെ ചങ്ങലകൊണ്ടുള്ള കെട്ടി വരിയലാണ്.
എന്നാൽ, ആചാരത്തിന്റെ ചങ്ങലകൾക്കകത്തേക്ക് കയറി ചെന്ന് സ്വയം കെട്ടി വരിയപ്പെട്ട ബന്ധനസ്തനാകുക എന്നത് ഭക്തരുടെ ഒരു സ്വയം സമർപ്പണ രീതിയായി ഈ ഉത്സവങ്ങൾ പൂർവ്വാധികം ശക്തിയോടെ ആഘോഷിക്കപ്പെടുമ്പോൾ ഉണർന്നിരിക്കുന്ന മനുഷ്യ സ്നേഹികൾക്ക് കൊടുങ്ങല്ലൂർ കാവിൽ കോഴിക്കു പകരം ആരുടെ തല വെട്ടിയാണ് ചോര കുരുതി നടത്തിയിരുന്നത് എന്ന ചരിത്ര സത്യം പറയേണ്ട ധാർമ്മിക ബാധ്യതയുണ്ട്.

കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ തലയില്ലാത്ത മനുഷ്യശരീരത്തിന്റെ പ്രതീകമായ കൊടിക്കൂറകൾ ഈഴവർ / തിയ്യർ , ആചാര്യന്മാരായ കമ്മാളർ / ആശാരിമാർ, നാവികരായിരുന്ന അരയന്മാർ/മുക്കുവർ, അമ്പലഭട്ടന്മാർ എന്ന കാവു തിയ്യ/ ഈഴവാത്തി, ചാന്നാർ / നാടാർ, പണിക്കർ , കളരി ഗുരുക്കൾ, ... തുടങ്ങിയ ലേബലുകളിൽ വിളിക്കപ്പെടുന്ന ജാതിവിരുദ്ധ അവർണ്ണ ബുദ്ധ ധർമ്മ പൈതൃകമുള്ള ജനങ്ങളുടെതാണ്.
അതുകൊണ്ടാണ് കൊടുങ്ങല്ലൂർ ഭരണി ആഘോഷത്തിൽ പങ്കെടുക്കരുതെന്ന് സഹോദരൻ അയ്യപ്പൻ പറഞ്ഞത്.