Wednesday, May 29, 2013

കമലിന്റെ സെല്ലുലോയിഡ്



മലയാളിക്ക് തന്റെ പൂര്‍വ്വകാലത്തെക്കുറിച്ച് തിരിച്ചറിവുണ്ടാകുക എന്നത് വളരെ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന ഒന്നാണ്. അത്തരമൊരു അത്യപൂര്‍വ്വ സംഭവമാണ് കമലിന്റെ സെല്ലുലോയിഡ് എന്ന സിനിമ. സത്യത്തെ മുഖത്തോടു മുഖം നോക്കാന്‍ തയ്യാറല്ലാത്ത മലയാളി, മണ്മറഞ്ഞ സത്യത്തെ ചരിത്രത്തില്‍ നിന്നും ചികഞ്ഞെടുത്ത് സ്നേഹാദരങ്ങളോടെ നമിക്കുന്ന തിരിച്ചറിവിന്റേയോ ബോധോദയത്തിന്റേയോ ഒരു സിനിമയാണ് സെല്ലുലോയിഡ്.  മലയാള നാട്ടില്‍ ആദ്യമായി ഒരു സിനിമ നിര്‍മ്മിക്കുകയും, സംവിധാനം ചെയ്യുകയും, അഭിനയിക്കുകയും ചെയ്ത മനുഷ്യരെയും അവരുടെ സിനിമയേയും നമ്മുടെ പ്രാകൃതരും ജാതി ഭ്രാന്തരുമായിരുന്ന സമൂഹം എങ്ങനെയാണു നശിപ്പിച്ചതെന്നതിന്റെ ചരിത്ര സാക്ഷ്യമാണ് സെല്ലുലോയിഡിലൂടെ സത്യസന്ധമായി രേഖപ്പെടുത്തിയിരിക്കുന്നത്.  സമ്പന്നനായിരുന്ന ഡോ.ജെ.സി.ഡാനിയല്‍ എന്ന നാടാര്‍ കൃസ്ത്യാനിക്ക് ഒരു സിനിമ നിര്‍മ്മിക്കുന്നതിലൂടെ നിര്‍ദ്ധനനാകാനുള്ള യോഗമുണ്ടായി എന്ന ലളിത ചരിത്രമല്ല, സമൂഹത്തിന്റെ ഇടുങ്ങിയ മനസ്സിന്റേയും ജാതീയ അധമബോധത്തിന്റേയും തേര്‍വാഴ്ച്ച എങ്ങിനെയാണ് മലയാള സിനിമയുടെ പിതാവായ ജെ.സി.ഡാനിയലിനെയും, അദ്ദേഹത്തിന്റേ സിനിമയായ “വിഗത കുമാരനേയും” അതിലെ നായികയേയും നമ്മുടെ ചരിത്രത്തില്‍ നിന്നും മായ്ച്ചുകളഞ്ഞത് എന്നാണ് സെല്ലുലോയിഡ് സത്യസന്ധമായി രേഖപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ, ഈ സിനിമ മഹത്തരമാണ്. ഈ ചലച്ചിത്രത്തിനു ലഭിച്ച ദേശീയവും സംസ്ഥാന തലത്തിലുമുള്ള അവാര്‍ഡുകള്‍ സാര്‍ത്ഥകമാണ്.

ചിത്രകാരന്‍ സിനിമകണുന്നതൊക്കെ വളരെ കുറവാണ്. അഥവ കണ്ടാല്‍ തന്നെ ടി.വിയില്‍ നിന്നോ, പണം മുടക്കാതെ ലഭിക്കുന്ന സിഡി-ഡിവീഡികളില്‍ നിന്നോ ആയിരിക്കും. സമൂഹത്തോട് ഒരു ബന്ധവുമില്ലാത്ത ചവറു സിനിമകള്‍ക്കു മുന്നില്‍ മിഴിച്ചിരിക്കാനുള്ള ക്ഷമയില്ലാത്തതിനാലും, അത്തരം സിനിമകളുടെ സിഡിക്കും ഡീവിഡിക്കും പണം മുടക്കാന്‍ മനസ്സില്ലാത്തതുകൊണ്ടും സിനിമ അലര്‍ജ്ജി കലശലാണ്. എന്നാല്‍, സെല്ലുലോയിഡ് കാശുകൊടുത്ത് വാങ്ങി തന്നെ കണ്ടു. മാത്രമല്ല, സെല്ലുലോയിഡ് പോലുള്ള ഒരു സിനിമയുടെ സി.ഡിയോ, ഡിവിഡിയോ ഒരു ചരിത്ര രേഖയായി സൂക്ഷിക്കാന്‍ തക്ക മൂല്യമുള്ളതുമാണ്. സെല്ലുലോയിഡിന്റെ നിര്‍മ്മതാക്കള്‍ക്കും സംവിധായകന്‍ കമലിനും മറ്റു അണിയറ പ്രവര്‍ത്തകര്‍ക്കും ചിത്രകാരന്റെ നന്ദിയും അഭിവാദ്യങ്ങളും അര്‍പ്പിക്കുന്നു.


Wednesday, May 1, 2013

മെയ് ദിന ചിത്രം , “താജ് മഹല്‍ ”


ഇന്ന് മെയ് ദിനം! ലോക തൊഴിലാളി ദിനത്തില്‍ എത്ര പേര്‍ തൊഴിലിനെക്കുറിച്ചും, തൊഴിലിന്റെ പേരില്‍ മനുഷ്യന്‍ അനുഭവിച അടിമത്വത്തിന്റെ ചരിത്രത്തെക്കുറിച്ചും ഓര്‍ക്കുന്നുണ്ടാകും ? ഇത്രയും കാലം നാം ആഘോഷിച്ച ലോക തൊഴിലാളി ദിനങ്ങളുടെ പേരില്‍ തൊഴിലിന്റെ മഹത്വം നമ്മുടെ സമൂഹത്തിനു ബോധപ്പെടുകയുണ്ടായോ ? ഇല്ലെന്നാണ് ചിത്രകാരന്റെ ബോധം. തൊഴിലിന്റെ മഹത്വം തിരിച്ചറിയാതെ ആഘോഷിക്കപ്പെടുന്ന മെയ് ദിനങ്ങള്‍ അടിമത്വത്തിന്റെ ആഘോഷമായല്ലേ മനസ്സിലാക്കേണ്ടത് ? തങ്ങളുടെ അടിമത്വം ആഘോഷിക്കുന്ന സമൂഹത്തെക്കുറിച്ച് ലജ്ജ നമുക്ക് ലജ്ജ തോന്നാത്തത് എന്തുകൊണ്ടാണെന്നെങ്കിലും നാം കണ്ടുപിടിക്കേണ്ടതല്ലേ ? നാം പശ്ചാത്യ നാടുകളില്‍ നിന്നും വിപ്ലവം ഇറക്കുമതി ചെയ്ത് ... ഗോതമ്പും പാല്‍പ്പൊടിയും പോലെ വിതരണം ചെയ്യുന്നത് വാങ്ങാന്‍ ക്യൂവില്‍ നില്‍ക്കുന്നവരാണല്ലോ. നമ്മുടെ നാട്ടില്‍ തന്നെയുള്ള അദ്ധ്വാനത്തിന്റെ മഹാത്ഭുതങ്ങളെ തിരിച്ചറിയാനും ആ അദ്ധ്വാനത്തിന്റെ പിന്നിലെ വിയര്‍പ്പു തുള്ളികളെ എണ്ണി തിട്ടപ്പെടുത്താനും, ആ വിയര്‍പ്പു തുള്ളികള്‍ക്കു ലഭിച്ച ക്രൂരതയുടേയും ചതിയുടേയും പ്രതിഫലത്തിന്റെ കണക്കു പുസ്തകം തയ്യാറാക്കാന്‍ മുതിരാതെ, കള്ള കഥകള്‍ക്കും, കവിതകള്‍ക്കും, കള്ള ചരിത്രങ്ങള്‍ക്കും കാതോര്‍ത്ത് കാത്തിരിക്കുന്നത് നമ്മുടെ ജീര്‍ണ്ണ സാംസ്ക്കാരികത കാരണമാകാം. ലോക തൊഴിലാളി ദിനം പ്രമാണിച്ച് ചിത്രകാരന്‍ 2013 ഏപ്രില്‍ മാസം വരച്ച “താജ് മഹല്‍” എന്ന ചിത്രത്തിന്റെ ഒരു ഡീറ്റൈല്‍ ഫോട്ടോ നെറ്റ് സുഹൃത്തുക്കള്‍ക്കായി പബ്ലിഷ് ചെയ്യുന്നു. പൂര്‍ണ്ണമായ ചിത്രം രണ്ടോ മൂന്നോ ദിവസത്തിനകം അപ്ലോഡ് ചെയ്യുന്നതായിരിക്കും. ഈ ചിത്രത്തിന്റെ ഇന്നത്തെ പ്രസക്തി : 20000 മനുഷ്യര്‍ 22 വര്‍ഷം കഠിനാദ്ധ്വാനം ചെയ്ത് നിര്‍മ്മിക്കപ്പെട്ട ഇന്ത്യയുടെ ലോകാത്ഭുതമായി നിലകൊള്ളുന്ന താജ് മഹല്‍ നാം തൊഴിലാളിയുടെയോ അദ്ധ്വാനത്തിന്റേയോ മഹത്വമായി ഇനിയും നോക്കിക്കാണാന്‍ തുടങ്ങിയിട്ടില്ല എന്നതാണ്. ഉസ്താദ് അഹമ്മദ് ലഹോരിയുടെ രണ്ടു കൈകളായാലും, വലതു കൈ മാത്രമായാലും ചേദിച്ചുകളഞ്ഞ ഷാജഹാന്റെയും മൂന്നാമത്തെ ഭാര്യയായ മുംതാസ് മഹലിന്റെയും തീവ്രമായ പ്രേമത്തിന്റെ പൊള്ളയായ കഥകള്‍ അയവിറക്കിയിരിക്കുന്ന നമുക്ക് അദ്ധ്വാനത്തിന്റെ മഹത്വത്തെ എങ്ങനെയാണ് ഉള്‍ക്കൊള്ളാനാകുക ? താജ് മഹലിന്റെ മുഖ്യ ശില്‍പ്പിയായി 22 വര്‍ഷം സേവനമനുഷ്ടിച്ചതിന്റെ “പ്രതിഫലമായി“  ലഹോരിയുടെ തലതന്നെ വെട്ടിയെടുക്കാന്‍ ചക്രവര്‍ത്തി തിരുമനസ്സിന് കഴിയുമായിരുന്നിട്ടും കൈകള്‍ മാത്രം വെട്ടിയെടുത്ത് ആ കമ്മാളനെ ജീവനോടെ വിട്ടു എന്നത് ചക്രവര്‍ത്തി തിരുമനസ്സിന്റെ സ്നേഹ വാത്സല്യമായിപ്പോലും നമ്മുടെ പാണന്മാര്‍ കവിതയെഴുതും !!! ലഹോരിക്ക് കൈ മാത്രമേ പോയുള്ളു. മറ്റ് 20000 ശില്‍പ്പികള്‍ക്കും കാലിഗ്രാഫിസ്റ്റുകള്‍ക്കും ചിലപ്പോള്‍ തലതന്നെ നഷ്ടപ്പെട്ടിരിക്കാം. അധികാരത്തിന്റേയും, അജ്ഞതയുടേയും, സ്വാര്‍ത്ഥതയുടേയും, ക്രൂരതയുടേയും മൂര്‍ത്തീകരണമായ ഷാജഹാന്റെ മരണാനന്തര പ്രശസ്തിക്കായിമാത്രം നീക്കിവക്കേണ്ടതാണോ താജ്മഹല്‍ ? താജ് മഹല്‍ 20000 ശില്‍പ്പികളുടെ വിയര്‍പ്പില്‍ നിന്നും ജന്മംകൊണ്ട മഹാത്ഭുതമാണെന്നും, ആ മഹാത്ഭുതത്തെ തന്റെ വ്യക്തിഗതമായ സ്വാര്‍ത്ഥതയുടെ മഹത്വവല്‍ക്കരണത്തിനായി ചതിയിലൂടെ കവര്‍ന്നെടുത്ത ദുഷ്ടനായ തിന്മയായിരുന്നു ഷാജഹാനെന്നും നാം യാഥാര്‍ത്ഥ്യബോധത്തോടെ കാണേണ്ടതല്ലേ ? അതിന്റെ ഭാഗമായി താജ് മഹലിന്റെ ഭംഗിക്കു കോട്ടം തട്ടാതെ, ഉസ്താദ് അഹമ്മദ് ലഹൌരിയുടെ ആകാശം മുട്ടുന്ന ഒരു പ്രതിമ യമുനാ നദിയുടെ മറു കരയില്‍ താജ് മഹലിനെ അഭിമുഖീകരിച്ചു നില്‍ക്കുന്നതയി നമുക്ക് നിര്‍മ്മിക്കാന്‍ തോന്നേണ്ടതല്ലേ ? ഓസ്കാര്‍ ശില്‍പ്പം പോലുള്ള മാനവികമായ ഒരു രൂപം !!! അദ്ധ്വാനത്തിന്റേയും, ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റേയും , മാനവികതയുടെയും മഹത്വം ഉദ്ഘോഷിച്ചുകൊണ്ട് ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രതിമയായി ഉസ്താദ് അഹമ്മദ് ലഹൌരി നമ്മുടെ അടിമത്വത്തെ അതിജീവിക്കാനായി ഉയിര്‍ത്തെണീക്കട്ടെ എന്ന് ഈ ലോക തൊഴിലാളി ദിനത്തില്‍ ചിത്രകാരന്‍ സ്വപ്നം കാണട്ടെ !
Face book post link.
Google plus post link.