Monday, December 26, 2011

കണ്ണൂരിലെ മാപ്പിളമാര്‍

കണ്ണൂരിലെ മുസ്ലീങ്ങളെ ചിത്രകാരന്‍ കാണാന്‍ തുടങ്ങിയിട്ട് ഏതാണ്ട് 18 വര്‍ഷമേ ആയിട്ടുള്ളു. അതിനു മുന്‍പ് മലപ്പുറം ജില്ലയിലെ മുസ്ലീം ജീവിതത്തെക്കുറിച്ചുള്ള സാമാന്യബോധമാണ് മലയാളികളായ മാപ്പിളമാരെക്കുറിച്ച് ചിത്രകാരന്‍ മുന്‍ വിധിയായി വച്ചുപുലര്‍ത്തിയിരുന്നത്.

കണ്ണൂരിലെ മുസ്ലീങ്ങളെ അടുത്തറിയാനുള്ള , അടുത്തിടപഴകാനുള്ള സാഹചര്യം അടുത്തകാലംവരെ (ഏഴു വര്‍ഷം മുന്‍പ് കണ്ണൂരില്‍ വീടുവച്ച് താമസിക്കുന്നതുവരെ) ഉണ്ടായിരുന്നുമില്ല. അതുകൊണ്ടുതന്നെ, മലപ്പുറത്തെ നാടന്‍ മാപ്പിളമാരോളം മഹത്വം കണ്ണൂരിലെ പൊതുവെ പൂര്‍വ്വികമായി സമ്പന്നരായ മാപ്പിളമാരോട് തോന്നിയിരുന്നില്ല. അതിനുള്ള പ്രത്യേക കാരണം കണ്ണൂരിലെ മാപ്പിളമാരെക്കുറിച്ച് ഇവിടത്തെ സാധാരണ ജനങ്ങളില്‍ നിന്നും ലഭിച്ച ടിപ്പു സുല്‍ത്താന്റെ കാലത്ത് ഹിന്ദുമതത്തില്‍ നിന്നും നിര്‍ബന്ധപൂര്‍വ്വം ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട നംബ്യാര്‍(കണ്ണൂരിലെ നായരെ നമ്പ്യാരെന്നാണു വിളിക്കുക.) കുടുംബങ്ങളാണ് സമ്പന്നരായ കണ്ണൂരിലെ മുസ്ലീങ്ങളെന്ന അറിവായിരുന്നു.

ഇവിടത്തെ മുസ്ലീങ്ങളുടെ സാമ്പത്തിക മേധാവിത്വത്തിനു കാരണം സവര്‍ണ്ണ പാരമ്പര്യമാണെന്ന ഹൈന്ദവ പൈതൃക വാദം പൊതുവെ അംഗീകരിക്കപ്പെട്ടതും, അറക്കല്‍ മുസ്ലീം രാജ കുടുംബവുമായി ചിറക്കല്‍ കോവിലകത്തെ കുളത്തില്‍ വീണ ഒരു പെണ്ണ് പുടവ സ്വീകരിച്ച ഐതിഹ്യ സമാനമായ ജനപ്രിയ പൈങ്കിളികഥയുടെ പൊതു ബോധവും , അതുകൂടാതെ നായന്മാരെപ്പോലെ കണ്ണൂരിലെ മുസ്ലീങ്ങള്‍ പിന്തുടരുന്ന മരുമക്കത്തായത്തെക്കുറിച്ചുള്ള അറിവും മാപ്പിളമാരെ ടിപ്പു സുല്‍ത്താന്റെ മത പരിവര്‍ത്തന കഥയുമായി ദൃഢമായി കൂട്ടിക്കെട്ടാനാണ് തെളിവു നല്‍കിയിരുന്നത്. സത്യത്തില്‍ കണ്ണൂരിലെ നമ്പ്യാന്മാരും നായനാര്‍മാരും ഇവിടത്തെ മുസ്ലീങ്ങളോളം സമ്പന്ന പൈതൃകമുള്ളവരല്ല എന്ന യാഥാര്‍ത്ഥ്യം പോലും ഈ മുന്‍ വിധിയില്‍ അകപ്പെടാതിരിക്കാന്‍ സഹായിച്ചില്ല. കണ്ണൂരിലെ പ്രതാപികളായ തിയ്യന്മാരും, വന്‍പിച്ച നഗരസ്വത്തുക്കള്‍ക്ക് ഉടമകളായിരുന്ന ഗുജറാത്തികളും കഴിഞ്ഞ് നാലാം സ്ഥാനം മാത്രമേ സമ്പത്തിന്റെ കാര്യത്തില്‍ കണ്ണൂര്‍ നഗരപ്രദേശത്ത് സവര്‍ണ്ണര്‍ക്കുണ്ടായിരുന്നുള്ളു. എന്നിട്ടും പഴയ സവര്‍ണ്ണ പാരമ്പര്യത്തിന്റെ ഇസ്ലാമീകരിച്ച പതിപ്പയി കണ്ണൂര്‍ മാപ്പിളമാരെ തെറ്റിദ്ധരിച്ചു പോയി !

ഈ ധാരണ പിശകാണ് 2011 ഡിസംബര്‍ 12 മുതല്‍ 17 വരെ ശ്രീകണ്ഠപുരത്ത് കേരള സര്‍ക്കാരിന്റെ ആര്‍ക്കീവ്സ് ഡിപ്പാര്‍ട്ടുമെന്റ് നടത്തിയ പുരാരേഖ പ്രദര്‍ശനം കണ്ടതോടെ മാറ്റത്തിനു വിധേയമായതെന്നു പറയാം.(മുസ്ലീങ്ങളുടെ സത്യത്തിലുള്ള ചരിത്രം അഭിമാനകരമാണ്)
അവിടെ കണ്ട ചരിത്ര രേഖകളില്‍ പോര്‍ച്ചുഗീസുകാരോട് കണ്ണൂരിന്റെ കാര്യങ്ങള്‍ ആശയ വിനിമയം ചെയ്യുന്നത് അറക്കല്‍ രാജ വംശത്തിന്റെ ആലി രാജാവാണ് എന്നത് ശ്രദ്ധയില്‍പ്പെട്ടു. കോലത്തു പഴമ എന്ന എം.പി.കുമാരന്‍ മാസ്റ്ററുടെ ചരിത്ര ഗവേഷണ പുസ്തകത്തില്‍(ശ്രീമൂലവാസം, ധര്‍മ്മടം അണ്ടല്ലൂര്‍ കാവ് ?) “ഒരു മുസ്ലീം രാജ വംശത്തിന്റെ പിറവി” എന്ന അദ്ധ്യായം അലസമായി വായിച്ചതിന്റെ ഒര്‍മ്മകളില്‍ നിന്നും തീ പുകയാന്‍ ഈ ചരിത്ര രേഖ കാരണമായെന്നു പറയാം. തുടര്‍ന്നു വീണ്ടും കുമാരന്‍ മാസ്റ്ററുടെ കോലത്തു പഴമ വായിക്കാനും, അതേക്കുറിച്ച് കൂടുതലറിയാനും നടത്തിയ ശ്രമത്തിന്റെ ഭാഗമായി പി.ശെല്‍‌വരാജ് എഴുതി തിരുവനന്തപുരം ചിന്താ പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച(2010 സെപ്തംബര്‍) അണ്ടല്ലൂര്‍ കാവ് എന്ന പുസ്തകം വായിക്കാനുമിടയായപ്പോള്‍ കണ്ണൂരിലെ മാപ്പിളമാരുടെ ഐതിഹാസികമായ ചരിത്രം മുന്നില്‍ തെളിഞ്ഞു തുടങ്ങി.

“അണ്ടല്ലൂര്‍ കാവ്- സങ്കര സംസ്കൃതിയുറ്റെ ചരിത്ര സാക്ഷ്യം” എന്ന 
പി.സെല്‍‌വരാജിന്റെ പുസ്തകം.ചിന്താപബ്ലിഷേഴ്സ്, തിരുവനന്തപുരം.(2010)

“ധര്‍മ്മടം വെന്തത് കോയ അറീല്ല”
കപ്പല്‍ നിര്‍മ്മാണ ശാലകളുടേയും, പാണ്ഡികശാലകളുടേയും, പള്ളികളുടേയും, വിദ്യാലയങ്ങളുടെയും,മുസ്ലീം വാണിജ്യ പ്രമുഖരുടേയും പതിനാറാം നൂറ്റാണ്ടിലെ സമ്പന്ന ആസ്ഥാനമായിരുന്ന ധര്‍മ്മടം എന്ന വിശാലമായ തുരുത്ത്  കോലത്തിരി രാജാവിന്റെ കൊട്ടേഷന്‍-ആജ്ഞാനുസരണം പോര്‍ച്ചുഗീസുകാര്‍ കൊള്ളിവച്ച് നശിപ്പിച്ചത് ആ സമയത്ത് ഹജ്ജിനു പോയിരുന്ന കോയ (രാജാവിനു വേണ്ടി നികുതി പിരിച്ചിരുന്ന മുസ്ലീം ഭരണാധികാരിയായിരുന്ന കേയി) അറിഞ്ഞിരുന്നില്ല എന്നതിന്റെ പെരില്‍ പ്രചരിച്ച പഴംചൊല്ലാണ് “ധര്‍മ്മടം വെന്തത് കോയ അറീല്ല”എന്നത്. സ്വന്തം രാജ്യത്തിന്റെ ഭാഗമായ വലിയൊരു ഭൂപ്രദേശത്തെ നശിപ്പിക്കാന്‍ ഉത്തരവിടാന്‍  കോലത്തിരിരാജാവിനെ പ്രെരിപ്പിച്ചത് സ്വന്തം വീടുകള്‍ക്കു തന്നെ തീവച്ചുകൊണ്ട് ജനങ്ങള്‍ കോലത്തിരിക്കെതിരെ നടത്തിയ ഒരു കലാപമായിരുന്നു. കോലത്തു നാടിന്റെ കപ്പല്‍ പടനായകനായിരുന്ന വലിയ ഹസ്സനെന്ന ധീരനായ ഒരു മുസ്ലീം നാവികനെ പോര്‍ച്ചുഗീസുകാരെ പ്രീണിപ്പിക്കാനായി കോലത്തിരി പറങ്കികള്‍ക്ക് പിടിച്ചു കൊടുക്കുകയും (1524 സെപ്തംബര്‍ 24ന്) കണ്ണൂര്‍ കോട്ടയില്‍ വച്ച് 1525 ജനുവരി മാസം ഹസ്സനെ തൂക്കിക്കൊല്ലുകയും ചെയ്തതിനെത്തുടര്‍ന്ന് കോലത്തിരിയുടെ വഞ്ചനക്കെതിരെ ജനങ്ങള്‍ നടത്തിയ കലാപം നിയന്ത്രണാതീതമാകുകയാണുണ്ടായത്. ഈ കലാപത്തെ നേരിടാനാണ് ദുര്‍ബലനായിരുന്ന കോലത്തിരി പറങ്കികളുടെ സഹായത്തോടെ കോടീശ്വരന്മാരായിരുന്ന മുസ്ലീം കച്ചവട സമൂഹത്തെ നശിപ്പിക്കാന്‍ കുടില ബുദ്ധി പ്രയൊഗിക്കുകയും, കണ്ണൂരിലെ ജനങ്ങളാല്‍ തിരസ്ക്കരിക്കപ്പെട്ട് ചരിത്രത്തിന്റെ മൂലയിലേക്ക് സ്വയം പിന്‍ വലിയാന്‍ ഇടയായതും. 1527 ല്‍ കോലത്തിരിയുടെ മരണശേഷം കണ്ണൂരിനെ വിദേശ ശക്തികള്‍ക്കു മുന്നില്‍ പ്രതിനിധീകരിക്കുന്നത് മുസ്ലീം യോദ്ധാക്കളാണ്. പതിനാറാം നൂറ്റാണ്ടിന്റെ അന്ത്യമാകുമ്പോഴേക്കും കണ്ണൂരിന്റെ എല്ലാ അധികാരങ്ങളും കോലത്തിരി ആലി രാജാക്കന്മാര്‍ക്ക് മുന്നില്‍ അടിയറവെക്കേണ്ടിവന്നു എന്നാണു ചരിത്രം.

ഏതാണ്ട് 500 കൊല്ലക്കാലത്തെ ഐതിഹാസികമായ ഈ ചരിത്രവസ്തുതകളെ തമസ്ക്കരിക്കാനാണ് പതിവുപോലെ ബ്രാഹ്മണരുടേ ഏറാന്‍-മൂളികളായ സവര്‍ണ്ണ ചരിത്രകാരന്മാര്‍ ഐതിഹ്യ കഥകള്‍ പടച്ചുണ്ടാക്കി മാപ്പിളമാരെ വെടക്കാക്കി, തങ്ങളുടെ ആശ്രിത മുദ്രകുത്തി , സവര്‍ണ്ണ പാരമ്പര്യ തൊഴുത്തിലേക്ക് കെട്ടുന്നത്.പതിനെട്ടാം നൂറ്റാണ്ടിലെ ടിപ്പു സുല്‍ത്താന്റെ(ടിപ്പു സുല്‍ത്താന്റെ വിക്കി ലിങ്ക്) നിര്‍ബന്ധിത മത പരിവര്‍ത്തനത്തിനു വിധേയരായ നായന്മാരാണ് കണ്ണൂരിലെ മുസ്ലീങ്ങള്‍ എന്ന വാദവും കള്ളക്കഥകളുടെ മൊത്ത വിതരണക്കാരില്‍ നിന്നും പ്രചരിച്ച സവര്‍ണ്ണ കുടിലതയുള്ള അസൂയ കഥതന്നെ !!

Saturday, December 17, 2011

മുസ്ലീങ്ങളുടെ സത്യത്തിലുള്ള ചരിത്രം അഭിമാനകരമാണ്

ചരിത്രം കെട്ടുകഥയോ, പുരാണങ്ങാളോ, ഐതിഹ്യങ്ങളോ, ദൈവ വചനങ്ങാളോ അല്ല. ചരിത്രം സമൂഹത്തിന്റെ വസ്തുനിഷ്ഠമായ ചരിത്രമാകണം. സ്വന്തം ചരിത്രത്തിലേക്കുള്ള ബന്ധം അല്ലെങ്കില്‍ ഓര്‍മ്മ വിട്ടുപോകുന്നതാണ് ഏതൊരു സമൂഹത്തെയും പാര്‍ശ്വവല്‍ക്കരിക്കാന്‍ എതിരാളികള്‍ ഉപയോഗപ്പെടുത്തുന്ന സന്ദര്‍ഭം.

ഒരു ഉദാഹരണം പറയാം. കേരളത്തിലെ മുസ്ലീങ്ങളോളം അന്തസ്സുള്ള ചരിത്രമുള്ള മലയാളി വിഭാഗമില്ല. ആയിരക്കണക്കിനു വര്‍ഷങ്ങളായി സവര്‍ണ്ണ ഹിന്ദു മതത്തിന്റെ വര്‍ഗ്ഗീയ വേര്‍ത്തിരിവിനെതിരേയും, വിവേചനത്തിനെതിരേയും, ക്രൂരതക്കെതിരേയും ചെറുത്തുനിന്ന അവര്‍ണ്ണരിലെ ഒരു ഭാഗമാണ് മുസ്ലീങ്ങള്‍. മുസ്ലീങ്ങള്‍ക്ക് കേരളത്തില്‍ പതിനാറാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ കണ്ണൂര്‍ ആസ്ഥാനമായി ഒരു മുസ്ലീം രാജാവിനെ സൃഷ്ടിക്കാനായി. ആലി രാജവംശം. 
ഇതിനു പുറമേയാണ് പേടി തൊണ്ടന്മാരായിരുന്ന കോഴിക്കോട്ടെ സാമൂതിരിമാര്‍ക്ക് അധികാരത്തിന്റെ ഉരുക്കുകോട്ട നിര്‍മ്മിച്ച് രാജ്യത്തിന്റെ അഭിമാനം തന്നെ സംരക്ഷിച്ചു പോന്ന കുഞ്ഞാലി മരക്കാന്മാര്‍. ചതിയനും നന്ദികെട്ടവനുമായ സാമൂതിരി രാജാവിനാല്‍ വിദേശികള്‍ക്ക് ഒറ്റിക്കൊടുക്കപ്പെട്ട കുഞ്ഞാലി മരക്കാറെ പോലുള്ള ഒരു വീരനെ മറ്റേതു സമൂഹത്തിനാണ് കേരളത്തില്‍ അവകാശപ്പെടാനാകുക !!!

ഇത്രയും ഉജ്ജ്വല ചരിത്രമുള്ളവര്‍  ആ ചരിത്രം വിസ്മരിച്ച് , മൌദൂതിസത്തില്‍ അകൃഷ്ഠരായി സൌദി അറേബ്യയില്‍ തങ്ങളുടെ വേരുകള്‍ തിരയുമ്പോള്‍  പിറന്ന നാട്ടില്‍ പാര്‍ശ്വവല്‍ക്കരിക്കരിപ്പെട്ടില്ലെങ്കിലേ അത്ഭുതമുള്ളു. പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ഒരോ ജനതയും തങ്ങളുടെ ശരിയായ ചരിത്രം സമൂഹത്തിന്റെ പൊതു ബോധത്തില്‍ എത്തിക്കുകമാത്രമേ സാമൂഹ്യ സമത്വത്തിന് വഴിവക്കുകയുള്ളു. അതു ചെയ്യാതിരിക്കുമ്പോള്‍ പരാന്നഭോജികളായ ഉപരിവര്‍ഗ്ഗ സമൂഹം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കായി തങ്ങളുടെ പഴയ ജീര്‍ണ്ണിച്ച അടി വസ്ത്രങ്ങള്‍ “ദയാപുരസ്സരം” എറിഞ്ഞു നല്‍കുകയും, അത് തങ്ങളുടെ സ്വന്തം വസ്ത്രമാണെന്ന് കരുതി പാര്‍ശ്വവല്‍ക്കൃതര്‍ക്ക് വേഷം കെട്ടി നടക്കുകയും ചെയ്യാം. അത്തരം ഒരു കെട്ടു കാഴ്ച്ചയുടെ ആഘോഷമാണ് നമ്മുടെ സമൂഹത്തില്‍ ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്.

അഭിമാനകരമായ ചരിത്രമുള്ള ആലി രാജ വംശത്തെക്കുറിച്ച് (റാണിയെ അറക്കല്‍ ബീബി എന്നും വിളിക്കുന്നു) സവര്‍ണ്ണര്‍ കെട്ടി ചമച്ചതായ അഞ്ചിലേറെ ഐതിഹ്യ കഥകള്‍ നമ്മുടെ ചരിത്ര പുസ്തകങ്ങളില്‍ പോലും സ്ഥാനം പിടിച്ചിട്ടുണ്ട്. ഏഴിമലയിലെ കോലത്തിരി രാജാവിന്റെ കണ്ണൂരിലെ പ്രതിനിധിയായ ഒരു കാര്യസ്ഥന്‍ നായരുടെ പദവി മാത്രമുള്ള ചിറക്കല്‍ കോവിലകത്തെ ഒരു പെണ്ണിനെ “ലൌ ജിഹാദു“ നടത്തി തട്ടിയെടുത്ത മാപ്പിളക്ക് “ദയാപുരസ്സരം” വീതിച്ചു നല്‍കിയ രാജ്യമാണ് അറക്കല്‍ രാജക്കന്മാരുടേതെന്ന തട്ടുപൊളിപ്പന്‍ കള്ളങ്ങളുടെ മാധുര്യമാണ് നമുക്ക് പ്രിയങ്കരമാകുന്നെന്നത് ചരിത്രം നഷ്ടപ്പെട്ടതുകൊണ്ടുള്ള അധപ്പതനമാണ്. കണ്ണൂരിലെ ആലി രാജാവിനു കീഴ്പ്പെട്ടുകൊണ്ടുള്ള ചരിത്രമാണ് 16ആം നൂറ്റാണ്ടിന്റെ ആദ്യപകുതി മുതല്‍ ഏഴിമല രാജവംശത്തിനുണ്ടായിരുന്നത്.
മുസ്ലീങ്ങള്‍ക്കു മാത്രമല്ല, എല്ലാ വിഭാഗം ജനതക്കും വസ്തുനിഷ്ടമായ ചരിത്രം ഭാവിയിലേക്ക് അതിരുകളില്ലാതെ വളരാന്‍ അവസരം നല്‍കുന്ന ഊര്‍ജ്ജ്യ സ്രോതസാണ്.

ഇത്തരം ചരിത്ര സത്യങ്ങളിലേക്ക് സമൂഹത്തെ പിടിച്ചുയര്‍ത്താന്‍ നമ്മുടെ ചരിത്ര രേഖകള്‍  ചരിത്ര പണ്ഡിതര്‍ മാത്രം കണ്ടാല്‍ പോര. ജനങ്ങള്‍ക്ക് തങ്ങളുടെ തായ്‌വേരുകളാണെന്ന് ബോധ്യ വരത്തക്കവിധം ചരിത്ര രേഖകള്‍ പൊതുജന സമക്ഷം പരിചയപ്പെടുത്തേണ്ടിയിരിക്കുന്നു. 2011 ഡിസംബര്‍ 12 മുതല്‍ 17 വരെ കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠാപുരത്ത് കമ്മ്യൂണിറ്റി ഹാളില്‍ കേരള സര്‍ക്കാറിന്റെ ആര്‍ക്കീവ്സ് ഡിപ്പാര്‍ട്ടുമെന്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രദര്‍ശനം മുകളില്‍ പറഞ്ഞ കാരണങ്ങളാല്‍ പ്രസക്തമായിരുന്നു. അവിടെ പ്രദര്‍ശിപ്പിച്ച ചില ചരിത്ര രേഖകളുടെ കളര്‍ പ്രിന്റുകളില്‍ നിന്നും ചിലവ ഫോട്ടൊയെടുത്ത് താഴെ ചേര്‍ത്തിരിക്കുന്നു. ക്ലിക്കി വലുതാക്കിയോ ഡൌണ്‍ ലോഡു ചെയ്തോ ആവശ്യക്കാര്‍ക്ക് ഉപയോഗിക്കാവുന്നതാണ്. ആര്‍ക്കീവ്സ് ഡിപ്പാര്‍ട്ടുമെന്റുതന്നെ ഈ ഡോക്കുമെന്റുകള്‍ നെറ്റില്‍ എത്തിച്ചിരുന്നെങ്കില്‍ ജനങ്ങള്‍ക്ക് എന്തുമാത്രം പ്രയോജന പ്രദമാകുമായിരുന്നു എന്ന് ചിന്തിച്ചു പോയി.
(ചരിത്രവിഷയത്തോട് ഉപരിപ്ലജീവികളായ സാധാരണ ജനങ്ങാള്‍ക്ക് പൊതുവെ താല്‍പ്പര്യം കുറവായതിനാലാണ് ഈ പ്രദര്‍ശനത്തെക്കുറിച്ച് പറയാതെ സാമൂഹ്യമായ കാര്യങ്ങള്‍ പരാമര്‍ശിച്ച് കുറച്ച് കാടു കേറാന്‍ ഇടയായത്. ലക്ഷ്യം, ഈ ചരിത്ര രേഖ വിഷയങ്ങളിലേക്ക് സാധാരണ ജനങ്ങള്‍ക്ക് താല്‍പ്പര്യം ജനിക്കണം എന്നതു മാത്രമാണ്.)
കണ്ണൂര്‍ ഭരിച്ചിരുന്ന അറക്കല്‍ രാജവംശത്തിലെ ആലി രാജാവിന്റെ  ഗവര്‍ണ്ണര്‍ക്കുള്ള കത്ത്.

Monday, November 7, 2011

ആദമിന്റെ മകന്‍ അബു

ആങ്ങനെ...  ചിത്രകാരനും ആദമിന്റെ മകന്‍ അബു എന്ന മലയാ‍ള സിനിമ കണ്ടു. പതിവുപോലെ, ചിത്രകാരന്റെ അനിയന്‍ മധു “ആദമിന്റെ മകന്‍ അബു”വിനെക്കുറിച്ചുള്ള നല്ല അഭിപ്രായത്തോടെ സി.ഡി. ഏല്‍പ്പിച്ചപ്പോള്‍ കാണാന്‍ നിര്‍ബന്ധിതനായതാണ്.

കിടിലോല്‍ക്കിടിലമായ ഒരു കഥയോ കട്ടിയുള്ളൊരു പ്രമേയമോ ഇല്ലെങ്കില്‍ പോലും സിനിമയുടെ ഹൃദ്യമായ ജീവിതാഭിമുഖ്യവും, സത്യസന്ധതയും, സുതര്യതയും, ലാളിത്യവും അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്ന സിനിമയായി ആദമിന്റെ മകന്‍ അബു വേറിട്ടുനില്‍ക്കുന്നുണ്ട്. സത്യത്തില്‍ ആദമിന്റെ മകന്‍ അബു നമ്മുടെ നാടിന്റെ സിനിമയാണ്, മലയാളിയുടെ സിനിമയാണ്, നമ്മുടെ ജീവിതത്തിന്റെ സിനിമയാണ്. അതിഭാവുകത്വത്തിന്റേയും, അബദ്ധജടിലമായ വിശ്വാസങ്ങളുടേയും, ഉപരിവര്‍ഗ്ഗ മാടമ്പിത്വത്തിന്റേയും ബാലിശമായ പ്രമേയങ്ങളില്‍ കൂത്താടുന്ന മലയാള സിനിമക്ക് പേരുദോഷത്തില്‍ നിന്നും രക്ഷപ്പെടാനുള്ള ശരിയായ വഴി കാണിക്കുന്ന സിനിമയായി “ആദമിന്റെ മകന്‍ അബു”വിനെ കാണേണ്ടിവരും.

മലയാള മാടമ്പി സിനിമയിലെ സ്ഥിരം വിഢികളും, തല്ലുകൊള്ളികളും, അധികപ്രസംഗികളും, ഗോഷ്ടികള്‍കൊണ്ടു ഭാവാഭിനയം നടത്തി കാലക്ഷേപം നടത്തുന്നവരുമായിരുന്ന സലീം കുമാറിനേയും, സുരാജ് വെഞ്ഞാറമൂടിനേയും, കലാഭവന്‍ മണിയേയുമൊക്കെ അനാവശ്യമായി വായതുറപ്പിക്കാതെയും, സ്വന്തം  രോമം പോലും അനാവശ്യമായി ചലിപ്പിക്കാന്‍ അവസരം കൊടുക്കാതെയും സംവിധായകന്‍ സലീം അഹമ്മദ് ശക്തമായ ഇച്ഛാശക്തിയോടെ കഥാപാത്രങ്ങളെ ലാളിത്യത്തോടെ വരച്ചുകാണിച്ചിരിക്കുന്നു.

ഒരു അത്തറുവില്‍പ്പനക്കാരന്റെ പരമ്പരാഗത വാര്‍പ്പുമാതൃകക്ക് അനുരൂപനായ നടന്‍ സലീം കുമാറിന്റെ ബാഹ്യപ്രകൃതിയെ തിരഞ്ഞെടുക്കുന്നതിലൂടെത്തന്നെ സംവിധായകന്‍ തന്റെ ചലച്ചിത്രഭാഷയുടെ വ്യാകരണബോധം പ്രകടമാക്കുന്നുണ്ട്. ആ കഥാപാത്രത്തില്‍ ആവാഹിക്കപ്പെടുന്ന നന്മയും, ഭക്തിയും, സത്യസന്ധതയും, ധാര്‍മ്മികതയും, സഹദര്‍മ്മിണിയോടുള്ള പ്രേമവും ... ഏതൊരു ഇസ്ലാം മതവിശ്വാസിക്കും ഏറ്റവും മഹത്തരമെന്ന് അനുഭവപ്പെടുന്ന ഹജ്ജ് ചെയ്യാനുള്ള ആഗ്രഹവും ഹൃദ്യമായി ആസ്വാദകന്റെകൂടി അനുഭവമാക്കുന്നതില്‍ ചലച്ചിത്രകാരന്‍ വിജയിച്ചിട്ടുണ്ട്. ഹജ്ജു ചെയ്യാനുള്ള തങ്ങളുടെ അദമ്യമായ ആഗ്രഹത്തിനു തടസ്സം നേരിടുമ്പോള്‍, ഏറ്റവും ദരിദ്രമായ സാഹചര്യത്തിലുള്ള ഏറ്റവും നന്മനിറഞ്ഞ മനുഷ്യര്‍ക്കുമാത്രം അനുഭവപ്പെടുന്ന ഈശ്വരനെക്കരുതി സമാധാനിക്കാനുള്ള ശേഷികൊണ്ട്  സാധാരണ ജീവിതത്തിന്റെ കര്‍ത്തവ്യബോധത്തിലേക്ക് തിരിച്ചുവരുന്ന ആദമിന്റെ മകന്‍ അബു അസാധാരണമായ പഴയ സ്കൂള്‍ പാഠപുസ്തകത്തിലെ അബുവിന്റെ പാരമ്പര്യം ഉദ്ഘോഷിക്കുകയാണെന്ന് പറയാം. 

മലബാറിലെ പ്രൈവറ്റ് ബസ്സുകളില്‍ കാണപ്പെടുന്ന വ്യത്യസ്ഥമതക്കാരായ ദൈവങ്ങളുടെ ഫോട്ടോ-സമ്മേളനം പോലുള്ള മതസൌഹാര്‍ദ്ദതുല്യതാബോധം കണിശമായി പാലിക്കാന്‍ സലീം അഹമ്മദ് ഈ ചിത്രത്തില്‍ ശ്രദ്ധിച്ചിട്ടുണ്ട്. അതുമാത്രമല്ല, വ്യത്യസ്തമതക്കാരായ കഥാപാത്രങ്ങളുടെ കൊടുക്കല്‍ വാങ്ങലുകള്‍ അതീവ ലോലമായതും മതാതീതവുമായ മാനുഷിക ബന്ധങ്ങള്‍ കൊണ്ട് ഇണക്കി ചേര്‍ക്കുന്ന കാര്യത്തിലും വിജയിച്ചിരിക്കുന്നു. ആദമിന്റെ മകന്‍ അബുവിന് ആകെ കലഹിക്കേണ്ടി വന്ന ചരിത്രമുള്ളത് അയല്‍പ്പക്കക്കാരനായ വഴക്കാളി സലീമുമായാണ്. അതുതന്നെ,  മനുഷ്യസ്നേഹത്തിന്റെ മറ്റൊരു രുചിഭേദമായി പരിവര്‍ത്തനം ചെയ്തെടുക്കുന്നതിലും സംവിധായകന്‍ മനസ്സുവക്കുമ്പോള്‍ സിനിമ മൊത്തത്തില്‍ ഒരു സ്നേഹകാവ്യമായിത്തീരുന്നുണ്ട്.

കാതല്‍ നഷ്ടപ്പെട്ട പൊള്ളയായ പ്ലാവെന്ന രൂപകത്തില്‍ തട്ടി തകര്‍ന്നുവീണ ഹജ്ജ് സ്വപ്നത്തെ യാഥാര്‍ത്ഥ്യബോധത്തോടെ അഭിമുഖീകരിക്കാനും, അകക്കാമ്പുള്ള ഒരു യാഥാര്‍ത്ഥ്യമായി വീണ്ടും നട്ടുനനച്ചു വളര്‍ത്താനുള്ള ഒരു തിരുത്തി എഴുത്തായും ചിത്രം അവസാനിക്കുമ്പോള്‍ സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു സാംസ്ക്കാരിക-രാഷ്ട്രീയ പ്രവര്‍ത്തനമായി “ആദമിന്റെ മകന്‍ അബു” എന്ന കലാസൃഷ്ടി മാറുന്നുണ്ട്. ഭൌതീക വളര്‍ച്ചയാല്‍ ഇളകിമറിയുന്നതും, സാംസ്ക്കാരികമായോ രാഷ്ട്രീയമായോ ഈടുറ്റ അടിത്തറകളൊന്നും ഇല്ലാത്തതുമായ ഒരു സമൂഹത്തെ അതിന്റെ ശക്തിദൌര്‍ബല്യങ്ങളെ മനസ്സിലാക്കിയ കലാകാരന്‍ അഭിമാനകരമായ തങ്ങളുടെ ജീവിത നൈര്‍മല്യത്തിലേക്കും, സൌന്ദര്യത്തിലേക്കും വിളിച്ചുണര്‍ത്തുകയാണ് ഈ സിനിമയിലൂടെ. 

തെളിച്ചുപറയണോ വേണ്ടയോ എന്നൊരു സംശയത്തോടെയുള്ള പ്രമേയത്തില്‍ സംവിധായകന്‍ സലീം അഹമ്മദ് പറഞ്ഞതിലേറെ കാര്യങ്ങള്‍ പറയാതെ ഒളിപ്പിച്ചുവച്ചിട്ടില്ലേ എന്ന ശങ്കയാണ്  ഈ സിനിമ ചിത്രകാരനിലുളവാക്കിയത്. ചിത്രത്തില്‍ ഉടനീളം അദൃശ്യ സാന്നിദ്ധ്യമായി അബുവിന്റെ ഏകമകന്‍ സത്താര്‍ നീണ്ടു നിവര്‍ന്ന് കിടക്കുന്നത് ഒരുപക്ഷേ ഭാവിയില്‍ നടക്കാനിരിക്കുന്ന ഈ സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകളിലൂടെയും നിരൂപണങ്ങളിലൂടെയും പുറത്തുവരാ‍നിരിക്കുന്നതേയുള്ളു.
അബുവിന്റെ മകന്‍ സത്താര്‍ ആരാണ് ? അയാള്‍ സംബാദിക്കുന്ന പണം ഹലാലാകാനിടയില്ലെന്ന് അബു കരുതുന്നത് എന്തുകൊണ്ടായിരിക്കും ? നട്ടുനനച്ചു വളര്‍ത്തിയ വീട്ടുമുറ്റത്തെ പ്ലാവ് ജീവിതത്തിലെ ഏറ്റവും ധന്യമായ ലക്ഷ്യത്തിന് ഉപകരിക്കാതെ... പൊള്ളയായി തീര്‍ന്നതും, പൊള്ളയായ പ്ലാവിനെ സത്താറിന്റെ സാന്നിദ്ധ്യമായി ധ്വനിപ്പിക്കുന്നതിനും പിന്നില്‍ സവിധായകന്‍ സൃഷ്ടിപരമായി അനുഭവിക്കുന്ന പറയാനാകാത്ത വിങ്ങല്‍ എന്തായിരിക്കുമെന്നൊക്കെ സമൂഹത്തിന്റെ ആത്മ പരിശോധനക്കും, വായനകള്‍ക്കും, ചര്‍ച്ചകള്‍ക്കും വിഷയമാകേണ്ടതുണ്ട്. ആദമിന്റെ മകന്‍ അബുവിന്റെ പ്രതിപാദ്യം സിനിമയില്‍ ഇല്ലെന്നുതന്നെ പറ്യാം. അത് സിനിമയില്‍ നിന്നും പുറത്തേക്ക് ഒഴുകി വര്‍ത്തമാനമായി നമ്മുടെ ജീവിതത്തിനിടയില്‍ നിറഞ്ഞുകിടക്കുന്നു. സത്യമായും, ഇതാണ് മലയാള സിനിമയുടെ അഭിമാനകരമായ മുഖം.

വല്ല അസ്വാഭാവികതയും വന്നിട്ടുണ്ടെങ്കില്‍ അത് അസ്സനാര്‍ ഹാജിയുടെ പരിസരങ്ങളില്‍ മാത്രം.
രാമന്‍ നായരുടെ ചായക്കടകള്‍ മാത്രം കണ്ട് മടുത്ത മലയാള സിനിമക്ക് ഹോട്ടല്‍ ബദരിയയും കേരളത്തിലുണ്ടെന്ന് അടയാളപ്പെടുത്തിയ സിനിമ.
സുരാജ് വെഞ്ഞാറമൂടിന്റെ ഒരു കഥാപാത്രത്തെ ആദ്യമായി കാണാനായി.
ദിവ്യന്മാര്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമായതിനാല്‍ സഹിക്കാം.
ഇത്ര മനോഹരമായും സത്യസന്ധമായും ലാളിത്യത്തോടെയും കലാസംവിധാനം ചെയ്യാം.
നമ്മുടെ ഭാഗ്യമായ പ്രകൃതിയും, ഗ്രാമ്യ സൌന്ദര്യവും നമുക്കു തിരിച്ചറിയാന്‍ ...
കോഴിക്കോട് ഒരു ബസ്സ് സ്റ്റാന്റുണ്ടെന്ന് പറഞ്ഞാല്‍ സിനിമ മോശമാകില്ല.
ഒരു കച്ചവട സ്ഥാപനത്തിന്റെ പരസ്യപ്പലക കണ്ടാലും കുഴപ്പമില്ല. നല്ലൊരു സിനിമയുണ്ടായല്ലോ... ഭാഗ്യം.
മനുഷ്യ ദൈവങ്ങളും മന്ത്രവാദവും കേരളത്തിലെ മുസ്ലീങ്ങള്‍ക്കിടയിലും നിലനില്‍ക്കുന്ന യാഥാര്‍ത്ഥ്യമാണ്. നബിയുടെ തലനാരിഴയെ പ്രതിഷ്ടയാക്കാനുള്ള ശ്രമവും അതിന്റെ അനുബന്ധമാണ്.
പാപ്പിനിശ്ശേരിക്കടുത്ത് ഇങ്ങനെയൊരു കാട്ടിലെപ്പള്ളിയുണ്ടെന്ന് അറിഞ്ഞിരുന്നില്ല... നന്ദി.
ആരും അഭിനയിക്കാത്ത സിനിമ.
ജീവിതം തന്നെ സിനിമ ! സറീന വഹാബ്
ആയിശുമ്മ
വീട്ടില്‍ പോലീസ് തിരഞ്ഞു വന്നാല്‍ ആരും പേടിക്കും
ങ്ങളെ തെരഞ്ഞ് പോലീസ് വന്നിനി
നാടന്‍ പോലീസ് സ്റ്റേഷന്‍
ഉസ്താദിന്റെ മയ്യത്ത് സാധ്യതകളുള്ള സ്വത്താണ്
മതങ്ങള്‍ക്ക് സ്ഥാനമില്ലാത്ത ഊടും പാവും പോലുള്ള ബന്ധം..
അയല്‍പ്പക്ക ലഹള നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്
സമൂഹത്തിന്റെ നല്ല ചിത്രങ്ങള്‍...

Monday, October 10, 2011

ചിത്രകാരന്റെ ചിത്രങ്ങള്‍ chithrakaran’s paintings

കണ്ണൂരിലെ ബോംബു രാഷ്ട്രീയം ചിത്രകാരനെക്കോണ്ട് വരപ്പിച്ച ചിത്രം. ഓയില്‍ പെയിന്റിങ്ങ്.,കാന്‍‌വാസ്.
1993ല്‍ കണ്ണൂരില്‍ വച്ച് വരച്ച ചിത്രം.മാതൃഭൂമി കണ്ണൂര്‍ യൂണിറ്റ് ആരംഭിക്കുന്ന സൌകര്യം ഉപയോഗപ്പെടുത്തി, തിരുവനന്തപുരത്തു നിന്നും കണ്ണൂരിലേക്ക് ട്രാന്‍സ്ഫര്‍ സംഘടിപ്പിച്ച് കണ്ണൂരില്‍ താമസമാക്കിയത് 1993ലാണ്. പത്രത്തിന്റെ ലേ-ഔട് ജോലിയായിരുന്നതിനാല്‍ രാത്രി ഒന്നരക്കൊക്കെയാണ് ഡ്യൂട്ടി തീരുക. ആ വര്‍ഷം കണ്ണൂരില്‍ ഒരു എക്സിബിഷന്‍ നടത്തണമെന്ന ആഗ്രഹത്തോടെ പെയിന്റിങ്ങ് തീവ്രയത്ന പരിപാടിയായി കൊണ്ടു പോകുന്നതിനാല്‍ ബെഡ് റൂമില്‍ തന്നെ വരസാമഗ്രികളും, കാന്‍‌വാസും എല്ലാം റെഡിയായിരിക്കുന്നുണ്ട്. രാത്രി രണ്ടിന് ഉറങ്ങാന്‍ കിടന്നിട്ടും പാതിയുറക്കത്തില്‍ ലഭിച്ച ആശയമാണ് ഈ പെയിന്റിങ്ങിലുള്ളത്. പുലര്‍ച്ചെ മൂന്നുമണിക്ക് ഒരു ബോധോധയത്തില്‍‌നിന്നെന്നപോലെ ... എണീറ്റിരുന്നു വരച്ചതിന്റെ ഓര്‍മ്മ ഇപ്പഴും മനസ്സില്‍ രസം നിറക്കുന്നു. തലേ ദിവസം പകല്‍ ഈ കാന്‍‌വാസില്‍ മറ്റൊരു ചിത്രത്തിന്റെ ഔട്ട് ലൈന്‍ ഇട്ടുവച്ചിരുന്നതാണ്. ഓയിലില്‍ കുതിര്‍ന്നുകിടന്ന ആ കറുത്ത വരകള്‍ കോട്ടണ്‍ വേസ്റ്റ് കൊണ്ട് തുടച്ച്കളഞ്ഞ് ബോം‌മ്പേന്തിയ മനുഷ്യന്റെ ഔട്ട് ലൈന്‍ വരച്ചുതീര്‍ത്തപ്പോള്‍... ഒരു പ്രസവസുഖം !!
.............................................................

  ദക്ഷിണ കേരളത്തിലെ സ്ത്രീകള്‍ അരനൂറ്റാണ്ടിലേറെക്കാലം മാറുമറക്കാനുള്ള അവകാശത്തിനുവേണ്ടി നടത്തിയ മഹനീയ സമരമായിരുന്നു ചാന്നാര്‍ ലഹള.
ചന്തയിലും,കവലകളിലും പൊതുസ്ഥലത്തും വച്ച് ബ്ലൌസ് പിടിച്ചുവലിച്ച് കീറിയിരുന്ന കശ്മലന്മാരായ ശൂദ്രരുടെ ജാതിഭ്രാന്തിന്റെ ഏറ്റവും വൃത്തികെട്ട മുഖമാണ് ചാന്നാര്‍ ലഹളക്കു കാരണമായത്.

“റാണി ഗൌരി പാര്‍വതിഭായിയുടെ തിരുവിതാംകൂര്‍ ഭരിക്കുന്നകാലത്ത് 1822ല്‍ കല്‍ക്കുളത്തുവച്ചാണ് ചാന്നാര്‍ ലഹള യുടെ തുടക്കം. കൃസ്തുമതത്തില്‍ ചേര്‍ന്ന ചാന്നാര്‍ (നാടാര്‍) സ്ത്രീകള്‍ ജാക്കറ്റ് ധരിച്ചുകൊണ്ട് ചന്തയില്‍ വന്നപ്പോള്‍ കുറേ ശൂദ്രര്‍(നായര്‍) ചേര്‍ന്ന് അവരെ ബലാല്‍ക്കാരമായി പിടിച്ചുനിര്‍ത്തി,ജാക്കറ്റു വലിച്ചുകീറി അപമാനിച്ചു. “

“ചാന്നാര്‍ ലഹളയുടെ രണ്ടാം ഘട്ടം ആരംഭിക്കുന്നത് മുപ്പത്തിയാറു വര്‍ഷങ്ങള്‍ക്ക് ശേഷം 1859ലാണ്.”

നിരന്തര പീഡനങ്ങളുടെ ഈ ചരിത്രം കാണാതെ വര്‍ത്തമാനകാലത്തോട് നീതിപുലര്‍ത്താന്‍ ചിത്രകാരനു കഴിയില്ലെന്നതിനാല്‍ വരച്ച ഒരു ഓയില്‍ പെയിന്റിങ്ങ്. പക്ഷേ ചിത്രകലാ താല്‍പ്പര്യമുള്ളവര്‍ ഇതൊരു ചരിത്ര ഇല്ലസ്റ്റ്രേഷന്‍ മാത്രമായായിരിക്കും ഈ പെയിന്റിങ്ങിനെ കാണുക. ശൈലീപരമായ ധാരാളം പോരായ്മകള്‍ ഉള്ള ഈ ചിത്രം 1993ല്‍ കണ്ണൂരില്‍ ചിത്രകാരന്‍ നടത്തിയ വണ്മാന്‍ ഷോയില്‍ ഉള്‍പ്പെടുത്തുന്നതിനായി പെട്ടെന്നു വരച്ചുതീര്‍ത്തതായതിനാല്‍ സൌന്ദര്യപരമായി തട്ടുകടദോശപോലായി എന്ന തോന്നലുളവാക്കുന്നു. ചിത്രം മാറ്റിവരക്കാന്‍ ഉദ്ദേശമുണ്ടെങ്കിലും ... ചരിത്രത്തേ ഓര്‍ക്കാനെങ്കിലും ബ്ലൊഗ്ഗെര്‍ഴ്സിനുമുന്നില്‍ ചിത്രകാരന്‍ ചമ്മലോടെ ഈ ചിത്രം സമര്‍പ്പിക്കുന്നു.
..............................................................


കുടത്തില്‍നിന്നും തുളുമ്പിയൊഴുകുന്ന വെള്ളത്തില്‍ കുളിച്ച് സൂചിപോലെ തലക്കകത്തേക്ക് കുത്തിയിറങ്ങുന്ന ഭാരത്തെ കാലടികോണ്ട് അളന്ന് എണ്ണി മൂന്നോട്ടു നീങ്ങുന്ന ബാല്യം.
അര മീറ്റര്‍ സമ ചതുരത്തിലുള്ളൊരു ഓയില്‍ പെയിന്റിങ്ങ്. 1990ല്‍ വരച്ചതായിരിക്കണം. ഒരു കലാശേഖരക്കാരനു വെറുതെകൊടുത്തു.ജീവിതത്തില്‍ പറ്റുന്ന ഒരോ അബദ്ധങ്ങള്‍ !
................................................................


1989ല്‍ ഫൈന്‍ ആര്‍ട്സ്‌ കോളേജ്‌ പഠനത്തിന്റെ ഭാഗമായി വരച്ച ഒരു സാധാരണ പോര്‍ട്രൈറ്റ്‌ പെയിന്റിംഗ്‌. രാവിലെ 9 മണി മുതല്‍ വൈകീട്ട്‌ 3വരെ മോഡലായി ഇരുന്നാല്‍ ഇവര്‍ക്ക്‌ അന്ന് കിട്ടിയിരുന്നത്‌ 56/- രൂപയായിരുന്നെന്ന് തോന്നുന്നു.(സര്‍ക്കാര്‍ നല്‍കുന്ന കൂലിയാണ്‌. നമുക്ക്‌ കുറച്ചു പണം നല്‍കി സഹായിക്കാമെന്ന് അന്നു തോന്നിയിരുന്നില്ല. ചിത്രകാരന്‍ പത്തുരൂപകൊണാണ്‌ ഒരു ദിവസം അന്ന്‌ കഴിച്ചുകൂട്ടിയിരുന്നത്‌. അതുതന്നെ കലാകൌമുദി എഡിറ്റര്‍ എസ്‌ ജയചന്ദ്രന്നായരും, മറ്റുചില പത്രാധിപന്മാരും നല്‍കുന്ന കാര്‍ട്ടൂണ്‍ വരക്കുന്നതിനുള്ള പ്രതിഫലത്തെ ആശ്രയിച്ചിരിക്കും. അന്ന് ജഗന്നാഥപ്പണിക്കരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന 'ഈനാട്‌' പത്രത്തില്‍ ഒരു മാസക്കാലം എഡിറ്റര്‍ പിസി സുകുമാരന്‍നായരുടെ ആവശ്യപ്രകാരം ഒന്നാം പേജില്‍ 13 രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചതിന്‌ ചിത്രകാരനുലഭിച്ച പ്രതിഫലം സ്വീകരിച്ചപ്പോള്‍ സത്യമായും കരഞ്ഞുപോയിട്ടുണ്ട്‌. 130/-രൂപ!! പിന്നെ, പ്രതിഫലം പറയാതെ ചിത്രകാരന്‍ വരച്ചിട്ടില്ല. ഈ പോര്‍ട്രൈറ്റ്‌ മോഡലിന്റെ ദാരിദ്ര്യത്തോടൊപ്പം അന്നത്തെ ചിത്രകാരന്റെയും ദാരിദ്ര്യത്തിന്റെ നിറങ്ങള്‍ കന്‍വാസില്‍ തേച്ചുപിടിപ്പിച്ചിട്ടുണ്ട്‌.
..............................................................1993ല്‍ കണ്ണൂരില്‍ വച്ചുനടന്ന മൂന്നു ദിവസത്തെ ചിത്രകാരന്റെ ചിത്രപ്രദര്‍ശനത്തില്‍ ഉള്‍പ്പെട്ടതാണ്‌ ഈ ചിത്രം.
പ്രദര്‍ശനത്തിന്റെ ഒരാഴ്ച്ച മാത്രം മുന്‍പ്‌ പെട്ടെന്നു വരച്ചതായതിനാല്‍ ഒരു ഇലസ്റ്റ്രെഷന്റെയോ, കാര്‍ട്ടൂണിന്റെയോ നിലവാരത്തില്‍നിന്നും ഒരു ചിത്രത്തിന്റെ സൌന്ദര്യത്തിലേക്ക്‌ ഉയരുന്നില്ല എന്നു തോന്നിയതിനാല്‍ കുത്തിക്കീറി നശിപ്പിച്ച പെയിന്റിങ്ങുകളിലൊന്ന്.
ചിത്രകാരന്റെ പതിനാലുവര്‍ഷം മുന്‍പത്തെ സാമൂഹ്യപാഠത്തെക്കുറിച്ചുള്ള ചിന്തയുടെ ഒരു ബ്ലാക്ക്‌ ന്‍ വൈറ്റ്‌ ഫോട്ടോ ആയെങ്കിലും ഈ പെയിന്റിംഗ്‌ ഇവിടെ പങ്കുവക്കുന്നു.
ഏകദേശം ഒരു മീറ്റര്‍ സമചതുരത്തിലുള്ളതായിരുന്നു ഈ ചിത്രം.
...............................................................


നിസംഗരായി നടന്നുപോകുന്ന നമ്മള്‍ കുറ്റം ചെയ്യുന്നവര്‍ക്ക്‌ മൌനമായി ധാര്‍മ്മിക പിന്തുണ നല്‍കുന്നില്ലെ എന്ന ചോദ്യത്തില്‍നിന്നും ഒരു ചിത്രം.കാന്‍വാസില്‍ ഓയില്‍ പെയ്ന്റിംഗ്‌.1993ലെ വണ്‍മാന്‍ ഷോയില്‍ പ്രദര്‍ശിപ്പിക്കാനായി പെട്ടെന്നു വരച്ചുതീര്‍ത്തതായതിനാല്‍ ചിത്രകാരന്‌ അത്ര സൌന്ദര്യം ബോധിച്ചിട്ടില്ല.

................................................................
സമൂഹത്തില്‍ ആരാധ്യനായി കരുതപ്പെട്ടിരുന്ന വ്യക്തി ഒരു നാള്‍ നഗ്നനായി പിടിക്കപ്പെടുംബോള്‍....


ചിത്രകാരന്‍ 1990ല്‍ പൊന്മുടി നാഷണല്‍ ആര്‍ട്ടിസ്റ്റ്‌ ക്യാംബില്‍ വച്ചു വരച്ച രണ്ടാമത്തെ പെയിന്റിംഗ്‌.


അക്കാലത്ത്‌ ചിത്രകാരന്‍ അനുഭവിച്ചിരുന്ന വ്യക്തിപരമായ ലൈംഗീക ദാരിദ്ര്യം ഈ പ്രമേയത്തിനു അമിത പ്രാധാന്യം നല്‍കാന്‍ കാരണമായിട്ടുണ്ടാകും.

കൂടാതെ, ഒന്നാം വര്‍ഷ ബി എഫ്‌ എക്ക്‌ പഠിക്കുംബോള്‍ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ നൂഡ്‌ സ്റ്റഡി ക്ലസ്സിലേക്ക്‌ പെട്ടെന്നു കയറിച്ചെന്നപ്പോള്‍ കണ്ട ദൃശ്യം ഒരു ഞെട്ടലായി മനസ്സില്‍ കിടപ്പുള്ളതുകൊണ്ടുമാകാം.

ജീവിതത്തിലെ രസകരമായ ഒരു ഓര്‍മ്മയായി ഈ ചിത്രം ചിത്രകാരന്റെ ബ്ലൊഗിലിരിക്കട്ടെ !!!
...............................................................
ചിത്രകാരന്‍ പൊന്മുടിയില്‍ വച്ച്‌ വ്യക്തിപരമായി അനുഭവിച്ച ഒരു പ്രതിസന്ധിയെത്തന്നെ വിഷയമാക്കി,
പ്രതിസന്ധി മറികടന്ന ചിത്രമാണിത്‌.
പൊന്മുടിയില്‍1990 നവംബര്‍ 18 മുതല്‍ 27വരെ നടന്ന നാഷണല്‍ ആര്‍ട്ടിസ്റ്റ്‌ ക്യംബില്‍ കേരള ലളിതകല അക്കാദമിയുടെ ക്ഷണപ്രകാരം ചിത്രകാരനും പങ്കെടുത്തിരുന്നു.
ഇന്ത്യയിലെ പ്രശസ്ത ചിത്രകാരന്മാരായ പത്മശ്രീ ഭുപന്‍ ഖക്കര്‍,മനു പരേഖ്‌, സുധീര്‍ പട്‌വര്‍ധന്‍, ആര്‍. ബി. ഭാസ്ക്കര്‍,എസ്‌. ജി. വാസുദേവ്‌ എന്നീ കുലപതികളോടൊപ്പം കെരളത്തിലെ പത്തോളം യുവ ചിത്രകാരന്മാരും പങ്കെടുത്ത ക്യാംബായിരുന്നു അത്‌.
അതുകൊണ്ടുതന്നെ പലര്‍ക്കും ശൂന്യമായ ക്യാന്‍വാസ്‌റ്റെന്‍ഷനുണ്ടാക്കുന്ന ഒരു വെല്ലുവിളിയായി അനുഭവപ്പെട്ടു. സ്വന്തം തലയിലെ ആള്‍ത്താമസം നാലാള്‍ അറിയുകയും വിലയിരുത്തുകയും ചെയ്യുമല്ലൊ...
ഒന്നുരണ്ടു ദിവസം പ്രകൃതി ദൃശ്യങ്ങള്‍ ആസ്വദിച്ചും, ഗസ്റ്റ് ഹൌസിലെ സര്‍ക്കാരിന്റെ ഭക്ഷണത്തിന്റെ ഗുണദോഷങ്ങള്‍ വിശകലനം ചെയ്തും കഴിച്ചുകൂട്ടി.
ലളിതകലാ അക്കാദമി സെക്രട്ടരി എന്റെ സൌന്ദര്യശാസ്ത്ര അദ്ധ്യാപകന്‍കൂടിയായ എ. അജയകുമാര്‍ സാറാണ്‌( ഇപ്പോഴത്തെ ഫൈന്‍ ആര്‍ട്സ്‌ കോളെജ്‌ പ്രിന്‍സിപ്പാള്‍). കക്ഷിയും, അക്കാദമി ചെയര്‍മാന്‍ ആര്‍ട്ടിസ്റ്റ് നംബൂതിരിയും വരതുടങ്ങിയപ്പോള്‍ പിന്നെ രക്ഷയില്ലാതായി.
ഞാന്‍ എന്റെ പ്രതിസന്ധിയെത്തന്നെ ക്യാന്‍വാസ്‌ലാക്കി.
ചൂടിപ്പായവിരിച്ച സര്‍ക്കാര്‍ അതിഥിമന്ദിരത്തിന്റെ കോണ്‍ഫറന്‍സ്‌ ഹളിന്റെ തറയും, പൊന്മുടിയുടെ സൌന്ദര്യത്തിനു മറയിടാതെ സുതാര്യമായി നില്‍ക്കുന്ന ഗ്ലാസ്സ്‌ ചുവരുകളും, പിങ്കു നിറമുള്ള സീലിങ്ങും നല്ലൊരു കാഴ്ച്ചസുഖം നല്‍കിയപ്പോള്‍ ഞാന്‍ എന്റെ നിസ്സഹായാവസ്ഥയെ സത്യസന്ധമായി സ്വയം പരിഹസിച്ചുകൊണ്ട്‌ വരച്ച ചിത്രമാണിത്‌.
ഈ ക്യാംബില്‍ രണ്ടു ചിത്രങ്ങള്‍ വരച്ചു.
ഒരു ചിത്രകാരനെന്ന നിലയില്‍ എന്തും വരക്കാന്‍ ധൈര്യമുണ്ടാക്കിത്തന്ന പൊന്മുടി നാഷണല്‍ ആര്‍ട്ടിസ്റ്റ്‌ ക്യാംബിനെ ഞാന്‍ നന്ദിയോടെ സ്മരിക്കുന്നു.
അന്ന് ഫൈന്‍ ആര്‍ട്സ് കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന എന്നെ കേരളത്തിന്റെ യുവചിത്രകാരനായി ഉയര്‍ത്തിയ ശ്രീ എ. അജയകുമാര്‍ സാറിനോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു.


............................................................


വെളിച്ചത്തെക്കുറിച്ചുള്ള ഈ പെയിന്റിംഗ്‌ 1994 ല്‍ നോവലിസ്റ്റും, മാത്രുഭൂമിയുടെ ജെനറല്‍ മാനേജരുമായിരുന്ന കെ. രാധാകൃഷ്ണന്‍ മാത്രുഭൂമി ഹെഡ്‌ ഓഫീസില്‍ റിസപ്ഷനില്‍ വെക്കുന്നതിനായി ഒരു ചിത്രം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് വരച്ചതാണ്‌.8 അടി നീളവും 5 അടി വീതിയുമുള്ള ഈ ചിത്രം വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്സിന്റെ ബോര്‍ഡിലാണ്‌ വരച്ചത്‌. ഒന്നോ, രണ്ടോ വര്‍ഷം മാത്രുഭൂമിയുടെ പൂമുഖത്ത്‌ കണ്ടിരുന്ന ഈ ചിത്രം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ അംബതാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച്‌ നടന്ന മോടിപിടിപ്പിക്കലിനിടയില്‍ നീക്കം ചെയ്യപ്പെട്ടെങ്കിലും ആ ചിത്രം ആരു കര്‍സ്ഥമാക്കി എന്ന് അറിയില്ല. ചിത്രകാരന്റെ നഷ്ടപ്പെട്ട ചിത്രങ്ങളുടെ കൂട്ടത്തിലെ ഒന്നാണിത്‌.
.............................................................


 
1993ല്‍ വരച്ച ഓയില്‍ പെയിന്റിംഗ്‌.
ഒരു വണ്മന്‍ ഷോയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു.
50x50 സി എം വലിപ്പം.
കാന്‍വാസില്‍ ഓയില്‍ പെയിന്റിംഗ്‌.
ഇതില്‍ ഏതോ വീക്കിലിയില്‍ മുഖച്ചിത്രമായി വന്ന ഇ എം എസ്സിന്റെ ഫോട്ടോ അതേപടി വെട്ടിയെടുത്ത്‌ ഒട്ടിച്ചിട്ടുണ്ട്‌.
ചിത്രത്തിന്റെ വലത്തേ മൂലയില്‍ ചെങ്കൊടി പിടിച്ച വാമനനേയും കാണാം.
ഇതിന്റെ ഒറിജിനല്‍ പെയിന്റിംഗ്‌ .... ചിത്രത്തിനു സൌന്ദര്യം പോരെന്നു തോന്നിയ ഒരു നിമിഷത്തില്‍ കത്തികൊണ്ട്‌ കുത്തിക്കീറി സ്വയം നശിപ്പിച്ചു. ഒരു ഫോട്ടോ അവശേഷിച്ചിരുന്നത്‌ ബ്ലൊഗിലിടുന്നു.
.............................................................


 
ഇതു നഗ്നതയെക്കുറിച്ചുള്ള പെയിന്റിങ്ങല്ല.. ജീര്‍ണിച്ച രാഷ്ട്രീയത്തെക്കുറിച്ചുള്ള ഒരു ഓയില്‍ പെയ്ന്റിംഗാണ്‌.ചിത്രകാരന്റെ ന്യൂസ്‌പേപ്പര്‍ എന്ന ചിത്രത്തിന്റെ ഒരു തുടര്‍ച്ചയായ ചിത്രമാണിത്‌. 1990 ല്‍ വരച്ച വസ്ത്രാക്ഷേപം എന്ന ഈ ചിത്രത്തിന്റെ ഒരു ഫോട്ടോ മാത്രമേ ചിത്രകാരന്റെ കൈവശമുള്ളു. തിരുവനന്തപുരത്തെ ഗവണ്‍മന്റ്‌ കോളേജ്‌ ഓഫ്‌ ഫൈന്‍ ആര്‍ട്സിലെ നാലുവര്‍ഷ BFA ഡിഗ്രീ കോഴ്സിന്റെ അവസാന വര്‍ഷ പരീക്ഷക്കുള്ള ഉത്തര കാന്‍വാസാണ്‌ ഈ ചിത്രം. അതുകൊണ്ടുതന്നെ സര്‍ക്കാരിന്റെ കാന്‍വാസില്‍ ചിത്രകാരന്‍ വരച്ച ഈ ചിത്രത്തിന്റെ ഒറിജിനല്‍ ലഭിക്കില്ല. രാഷ്ട്രീയത്തിന്റേയും അധികാരത്തിന്റേയും വൃത്തിഹീനമായ മുഖം വരക്കാന്‍ പാണ്ഡവരുടെ ചില ബിംബങ്ങള്‍ ചിത്രകാരന്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.(ഈ ചിത്രത്തില്‍ സ്വന്തം മനസ്സിലെ പുണ്ണുകാരണം ആര്‍ക്കെങ്കിലും അശ്ലീലം അനുഭവപ്പെടുന്നുണ്ടെങ്കില്‍ അവര്‍ ഉടുപ്പില്ലാതെ ജനിക്കുന്ന മനുഷ്യക്കുഞ്ഞുങ്ങളെകണ്ട്‌ ഉദ്ദരണവും ഓര്‍ഗാസവും അനുഭവിക്കുന്ന കൂട്ടത്തിലായിരിക്കുമെന്ന് സവിനയം അറിയിക്കട്ടെ)
...........................................................


ഷര്‍ട്ടിടാത്ത ഒരു യത്രക്കാരന്റെ ഓയില്‍ പെയിന്റിംഗ്‌. 1990 ല്‍ വരച്ചത്‌. കാത്തുനില്‍പ്പിന്റേതായ ഒരു മാനസ്സികാവസ്ഥയില്‍നിന്നും ജന്മമെടുത്ത ചിത്രം.ഇതില്‍ ഒരു ബസ്സിന്റെ നംബറായി കൊടുത്തിരിക്കുന്നത്‌ അക്കാലത്ത്‌ ചിത്രകാരന്‍ ഉപയോഗിച്ചിരുന്ന ഒരു ടൂവീലറിന്റെ രജിസ്റ്റേഷന്‍ നംബറാണ്‌. (തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ്‌ കോളേജിലെ പഠനവും, രാത്രി പത്രം ഓഫീസിലെ ജോലിയും കൂട്ടിയിണക്കാന്‍ ആ ടൂവീലര്‍ ചിത്രകാരനെ നന്നായി സഹായിച്ചിരുന്നു.)
.........................................................."പൂണൂലിലെ താക്കോല്‍" എന്ന ഈ ചിത്രം 1990 വരച്ച ഓയില്‍ പെയിന്റിഗ്‌ ആണ്‌. സെയ്സ്‌: 4' x 2'..........................................................


 
മതാന്ധത മനുഷ്യ സാഹോദര്യത്തെ നിര്‍ജീവമാക്കുംബോള്‍ ഒരു കലാകാരനെന്നനിലയില്‍ ഒന്നു നിലവിളിക്കാനുള്ള മനക്കരുത്തെങ്കിലും കാണിച്ചില്ലെങ്കില്‍ ഞാനെങ്ങിനെയാണ്‌ ഒരു മനുഷ്യസ്നേഹിയാണെന്ന് എന്റെ മനസാക്ഷിയെ ബോധ്യപ്പെടുത്തുക. മതാന്ധതയക്കുറിച്ച്‌ ചിന്തിച്ചു തുടങ്ങിയപ്പോള്‍ വരച്ച കാരിക്കേച്ചര്‍. 1993 ല്‍ വരച്ചത്‌. ഒയില്‍ ഓണ്‍ ക്യാന്‍വാസ്‌.1993 ല്‍ മൂന്നു ദിവസം നീണ്ടുനിന്ന ഒരു വണ്‍ മാന്‍ ഷൊയില്‍ ഇതു പ്രദര്‍ശിപ്പിക്കപ്പെട്ടു.
...........................................................


കണ്ണൂരില്‍ വന്നതുകൊണ്ടും കണ്ണൂരിലെ ആത്മാര്‍ത്ഥതയുള്ള നല്ല മനുക്ഷ്യരെ അറിഞ്ഞതിനാലും വരച്ചുപോയ ഒരു ചിത്രമാണിത്‌.
പാര്‍ട്ടിക്കു പുറത്തുപോകുന്ന മനുഷ്യന്‍ എത്രപെട്ടെന്നാണ്‌ വര്‍ഗ്ഗശത്രുവാകുന്നത്‌.
സ്വന്തം വര്‍ഗ്ഗത്തില്‍ തന്നെ നില്‍ക്കുംബോഴും, ആത്മബോധം വളര്‍ന്നതിനാല്‍ വര്‍ഗ്ഗനിര്‍വചനങ്ങളില്‍നിന്നും ആട്ടിയോടിക്കപ്പെടുന്നവന്‍ വര്‍ഗ്ഗത്താല്‍ വേട്ടയാടപ്പെടുന്നതിലെ ബുദ്ധിശൂന്യതയെക്കുറിച്ച്‌ ഓര്‍ക്കുംബോള്‍ ... കൊലക്കത്തികാണുംബോള്‍ ഒരുത്തനുണ്ടാകുന്ന തരത്തിലോരു ഇരംബല്‍ രക്തക്കുഴലുകളില്‍ നിറയുന്നു.
ഇന്നും ഈ ചിത്രത്തിനു മുന്നില്‍ വരുംബോള്‍ ഞാന്‍ 1995 ല്‍ ഈ ചിത്രരചനയിലൂടെ മനസ്സില്‍നിന്നും ഇറക്കിവച്ച മനസ്സിലെ വിഹ്വലതകളും,ധാര്‍മിക രോക്ഷവും പിടലിയിലെ രക്തക്കുഴലിലൂടെ തലച്ചോറിലേക്ക്‌ ഇരച്ചുകയറുന്നതായി അനുഭവപ്പെടുന്നു.
കക്ഷി രാഷ്ട്രീയത്തില്‍നിന്നും സുരക്ഷിതദൂരം പാലിച്ചുശീലിച്ച ചിത്രകാരന്‍ വര്‍ഗ്ഗത്തില്‍നിന്നും പുറന്തള്ളപ്പെടുന്ന ഹതഭാഗ്യനുമായി ആത്മാവുപങ്കുവക്കുന്നതുപോലെ ... കര്‍ക്കശമായ ഒരായുധത്തിന്റെ ശീല്‍ക്കാര ശബ്ദ്ത്തിനായി രോമകൂപങ്ങള്‍ ചെവികൂര്‍പ്പിക്കുന്നു.
ഒയില്‍ പെയ്ന്റിംഗ്‌ ഒണ്‍ ബോര്‍ഡ്‌. 1995 ല്‍ വരച്ചത്‌. സൈസ്‌: 5' x 4' .........................................................കേരളത്തിന്റെ ചരിത്രത്തില്‍ ബുദ്ധമതത്തിന്റെ സ്വാധീനത്തെ ആരൊക്കെയോ തേച്ചുമായ്ച്ചു കളഞ്ഞിരിക്കുന്നു എന്ന തോന്നലില്‍ നിന്നും വരച്ച ഒയില്‍ പെയിന്റിംഗ്‌.മങ്ങിയ ബുദ്ധ പ്രതിമയുടെ പശ്ചാത്തലത്തില്‍ സര്‍വലൊകസുഖത്തിനെന്ന പേരില്‍ യാഗങ്ങളിലൂടെ ജന മനസ്സുകളെ മയക്കിയെടുക്കുന്ന ഭിക്ഷാടകരായ ബ്രാഹ്മണരേയും, പണ്ടത്തെ പൊലീസ്‌ തൊപ്പിയിട്ടതുപോലെ ഒരു കാര്‍ട്ടൂണ്‍ കിരീടവും വച്ച്‌ ബ്രാഹ്മണ്യത്തെ ശാപം പോലെ സ്വീകരിക്കുന്ന മഹാബലിയേയും വരച്ചിരിക്കുന്നു.ഇതിലൊരു കണ്ണാടി പ്രതിഷ്ടിച്ചിട്ടുണ്ട്‌. ചിത്രം കാണുന്ന പ്രേക്ഷകനെക്കൂടി ചിത്രകാരന്റെ ഭാഗമാക്കണം എന്ന ഉദ്ദേശത്തിലാണ്‌ കണ്ണാടി പ്രതിഷ്ടിച്ചതെങ്കിലും, കേരളത്തിന്റെ സമീപകാല ചരിത്രത്തില്‍ കണ്ണാടി പ്രതിഷ്ടയിലൂടെ ആത്മീയ വിപ്ലവം സൃഷ്ടിച്ച നാരായണഗുരുവുമായി കൂട്ടിവായിക്കപ്പെടുന്നു കണ്ണാടി.കണ്ണാടിയില്‍ തെളിയുന്നത്‌ ചിത്രകാരന്റെ മകന്റെ ചിത്രമാണ്‌. അതു കണ്ണാടിയാണ്‌ എന്നു ബോധ്യപ്പെടുത്താന്‍ ഫോട്ടോയെടുത്തപ്പോള്‍ മകനെ ഉള്‍പ്പെടുത്തിയെന്നു മാത്രം.1990 ല്‍ വരക്കപ്പെട്ടത്‌. (തിരുവനന്തപുരത്തുവച്ച്‌)സെയ്സ്‌: 2' x 2'
........................................................കൃഷ്ണന്‍ ഏതൊരു ഇന്ത്യക്കാരനേയും പോലെ, ഒരുപക്ഷെ, അതില്‍കൂടുതല്‍ എന്നെ സ്വാധീനിച്ചിരിക്കുന്നു.
ഒന്നാം ക്ലസ്സില്‍... മണ്ടോടി സ്കൂളില്‍ നംബൂതിരിമാഷ്‌ എന്നെ സ്റ്റൂളില്‍കയറ്റിനിര്‍ത്തി(അവിടത്തെ സ്റ്റേജ്‌) എന്നെക്കൊണ്ട്‌ "കണികാണും നേരം കമലാനേത്രന്റെ..." എന്നു തുടങ്ങുന്ന കീര്‍ത്തനം പാടിച്ചതും.. അവസാനം സഭാകംബത്താല്‍ കരഞ്ഞുകൊണ്ട്‌ പാട്ടു മുഴുമിപ്പിച്ചതും... ഒരു കോപ്പിപുസ്തകം സമ്മാനമായി ലഭിച്ചതും ഈ കൃഷ്ണന്‍ കാരണമാണ്‌. എല്ലാവര്‍ഷവും ഗുരുവായൂരില്‍വച്ച്‌ പിറനാളാഗോഷിച്ചിരുന്ന ഞാന്‍ പത്താം ക്ലാസ്സെന്ന പാലം കടന്നതോടെ കൃഷ്ണന്റെ ദൈവീക രൂപം മനുക്ഷ്യന്റേതാക്കി പുതുക്കിപ്പണിതു.
ഒരു ആട്ടിടയനും ഓ ബി സി ക്കാരനുമായ യാദവകൃഷ്ണനെ മനസ്സില്‍ പ്രതിഷ്ടിച്ച്‌ ബ്രഹ്മണന്റെ പൂണൂലിട്ട കൃഷ്ണനെ ഞാന്‍ പുറത്താക്കി.
1993 ല്‍ വരച്ച ഓയില്‍ പെയ്ന്റിന്റിംഗ്‌.

........................................................


കുട്ടിക്കാലത്ത്‌ പാല്‍ വിതരണത്തിന്റെ ചുമതലയും, പിന്നീട്‌ അനിയനെ പരിപാലിച്ചതിന്റെ ഒാര്‍മ്മയും , അയല്‍ക്കാരന്റെ വേലിയില്‍ നിന്നും ഊരിയെടുക്കുന്ന മുളവടികൊണ്ടുണ്ടാക്കുന്ന കൊക്കകൊണ്ടുള്ള ഡ്രൈവിങ്ങ്ജ്വരവും സമന്വയിപ്പിച്ചപ്പോള്‍ കുട്ടിക്കാലത്തിന്റെ മനോഹാരിത ചിത്രമായി അവതരിച്ചു. ഇതു വ്യക്തിപരമായ സന്തോഷം നല്‍കുന്ന ഒരു ചിത്രമാണ്‌. ഓയില്‍ പെയിന്റിംഗ്‌.
..................................................സമൂഹത്തെ വര്‍ത്തമാന പത്രങ്ങളിലൂടെ.. നോക്കിക്കാണുന്ന രീതിയില്‍ വരച്ചിരിക്കുന്ന ചിത്രമാണ്‌ ന്യൂസ്‌ പേപ്പര്‍ എന്ന ഈ ചിത്രം. അധികാരത്തിന്റെ സുരക്ഷക്കു കീഴിലെ കക്ഷിരാഷ്ട്രീയത്തിന്റെ നാണംകെട്ട അവിശുദ്ധ ബന്ധങ്ങളും,സവര്‍ണ സുഖലോലുപതയും, വരികള്‍ക്കിടയില്‍ വായിക്കാനാകുന്ന പത്രത്തിന്റെ ഒന്നാം പേജും, താരാരാധനയുടെ സ്പോര്‍ട്‌സ്‌ പേജും, ചരമവാര്‍ത്തക്കിടയില്‍പ്പോലും പൊങ്ങച്ചത്തിനിടം കണ്ടെത്തുന്ന മലയാളി മനസ്സും , പരസ്യങ്ങളിലെ പ്രലോഭനങ്ങളും ചിത്രകാരന്‍ കാണുന്നു. ഒരു പ്രമുഖപത്രത്തില്‍ ജോലി ചെയ്തിരുന്ന കാലത്തു വരച്ചതിനാല്‍ പ്രസിദ്ധീകരിക്കുന്നതും, പ്രസിദ്ധീകരിക്കാത്തതുമായ പത്രവാര്‍ത്തകളിലൂടെ സമൂഹത്തെ വായിക്കാന്‍ ഇടവന്നതുകൊണ്ട്‌ വരക്കപ്പെട്ട ചിത്രം. ചിത്രകാരന്റെ കാര്‍ട്ടൂണ്‍ വരയിലുണ്ടായിരുന്ന താല്‍പ്പര്യത്തിന്റെ ശേഷിപ്പുകള്‍ ഈ ചിത്രത്തില്‍ പ്രകടമായി കാണാം.1990 ല്‍ വരച്ച ഈ ഒയില്‍ പെയിന്റിംഗ്‌ 6' x 4' വലിപ്പത്തിലുള്ളതാണ്‌.


.............................................അയ്യപ്പന്‍  

ചരിത്രത്തില്‍ തല്‍പ്പരകക്ഷികള്‍ വിഷം ചേര്‍ക്കുംബോള്‍ അതു രേഖപ്പെടുത്തുന്നതുിനായി വരച്ച ചിത്രമാണ്‍ അയ്യപ്പന്‍ എന്ന ഈ ഒയില്‍ പെയിന്റിംഗ്‌.
ബ്രഹ്മണ്യം കെട്ടുകഥകളിലൂടെയും സ്വര്‍ണപ്രശ്നം എന്ന തട്ടിപ്പുകളിലൂടെയും ബുദ്ധനെ ഒരു ഹിന്ദു ദൈവമായി മത പരിവര്‍ത്തനം ചെയ്തെടുത്തപ്പോള്‍ മലയാളിക്കു നഷ്ടപ്പെട്ട പാരംബര്യത്തിന്റേയും, സംസ്കാരത്തിന്റെയും അവശേഷിക്കുന്ന തെളിവാണ്‌ അയ്യപ്പന്‍.
ശബരിമല: ഹിന്ദുക്ഷേത്രമോ ബുദ്ധവിഹാരമോ?


...........................................ഒരു ഇലസ്ട്രേഷന്‍ പെയിന്റിങ്ങ്
ക്രിസ്തു കുരിശില്‍നിന്നും ഇറങ്ങി ഓടിയാല്‍ ക്രിസ്തുമത അധികാരികള്‍ക്കുണ്ടായേക്കാവുന്ന മനോവിഷമത്തെക്കുറിച്ച്‌ ഒരു നര്‍മ്മ ചിന്തയില്‍നിന്നും ജനിച്ച ചിത്രം.
ചാണ്ടിച്ചേട്ടന്റെ ദുസ്വപ്നം... ..ഒരു നര്‍മ്മഭാവനയോടൊപ്പം വരച്ച രണ്ടു ഇലസ്റ്റേഷനുകളിലൊന്നിന്റെ ഓയില്‍ പരിഭാഷ. കൂടുതല്‍ അറിയാന്‍ വായിക്കുക:
ചാണ്ടിച്ചേട്ടന്റെ ദുസ്വപ്നം... ..നര്‍മ്മ ഭാവന.............................................


 
1993ല്‍ നടത്തിയ ചിത്രപ്രദര്‍ശനത്തിന്റെ ഉദ്ഘാടന ഫോട്ടോ.
പ്രശസ്ത നോവലിസറ്റ് ശ്രീ. സിവി.ബാലകൃഷ്ണന്‍ പെയിന്റിങ്ങ് എക്സിബിഷന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നു. സമീപം കാര്‍ട്ടൂണിസ്റ്റ് പിവി.കൃഷ്ണന്‍, മാത്രുഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ രവിന്ദ്രനാഥ്, ന്യൂസ് എഡിറ്റര്‍ എന്‍പി.രാജേന്ദ്രന്‍, റീജണല്‍ മാനേജര്‍ രവീന്ദ്രന്‍ എന്നിവരും മറ്റു ബന്ധുമിത്രാധികളും, ... ഫ്ലാഷ് ലൈറ്റടിച്ച് ചിത്രകാരനും.
1993ല്‍ സെപ്തംബര്‍ 28,29,30 ദിവസങ്ങളിലായിരുന്നു പ്രദര്‍ശനം എന്നാണ് ഓര്‍മ്മ.