Showing posts with label culture politics news. Show all posts
Showing posts with label culture politics news. Show all posts

Wednesday, January 3, 2007

കഥകളി ഇന്നത്തെ കലാരൂപമല്ല !!

കഥകളിമാത്രമല്ല , മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി, തിരുവാതിരക്കളി, മാര്‍ഗ്ഗംകളി, ഒപ്പന എന്നിവയൊന്നും തന്നെ ഇന്നത്തെ കേരളീയന്റെ ആസ്വാദനക്ഷമതയ്‌ക്ക്‌ അകത്തുവരുന്ന കലാരൂപങ്ങളല്ല. ഇന്നത്തെ കേരളീയന്റെ ആസ്വാദനക്ഷമത വളരെ താഴേക്കിടയിലുള്ളതാണ്‌ എന്നല്ല ഇതിനര്‍ത്ഥം.

ഇന്നത്തെ കേരളീയന്‍ പഴം ചോറുണ്ണുന്ന പഴയ കേരളീയനല്ല. ലോകം മുഴുവന്‍ സഞ്ചരിച്ച കേരളീയന്‌ അത്യാവശ്യം ലോക വിവരമുണ്ട്‌. അന്നന്ന്‌ പാകം ചെയ്ത്‌ മൂന്ന്‌നേരം ഭക്ഷിക്കുന്ന കേരളീയന്റെ ചോറിലേക്ക്‌ കല എന്നുപറഞ്ഞ്‌ നമ്മുടെ സാസ്‌ക്കാരിക രംഗം ഒഴിച്ച്‌കൊടുക്കുന്ന വസ്തു കഥകളിയായാലും മോഹിനിയാട്ടമായാലും നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുളിശ്ശേരിയാണെന്ന സത്യമാണ്‌ ലേഖകന്‍ പറയാനുദ്ദേശിക്കുന്നത്‌. നൂറ്റാണ്ടുകളല്ല, സഹസ്രാബ്‌ദങ്ങള്‍ തന്നെ പഴക്കമുള്ള ഇത്തരം കലാരൂപങ്ങള്‍ നാറിപുളിച്ചതു കൊണ്ടായിരിക്കാം സാധാരണക്കാരാരും ഈ കലാരൂപങ്ങളുടെ മുന്നില്‍ വായപൊളിച്ചിരുന്ന്‌ നേരം കളയാറില്ല.

സത്യം പറയട്ടെ നമ്മുടെ കല, സംസ്‌ക്കാരം എന്നൊക്കെ പറയുന്നതിന്റെ മൂര്‍ത്തീരൂപം കഥകളിയാണെന്ന്‌ ധരിച്ച്‌ ഈ ലേഖകന്‍ തിരുമാന്താം കുന്നിലെ പൂരപ്പറമ്പിലും, തിരുവന്തപുരത്തെ തീര്‍ത്ഥപാദമണ്‌ഡപത്തിലും നിരവധി രാത്രികള്‍ ഉറക്കമൊഴിച്ചിരുന്ന്‌ മഞ്ഞ്‌കൊണ്ടിട്ടുണ്ട്‌. ലേഖകന്റെ ചിത്രകാരമനസ്സിലേക്ക്‌ കുറച്ച്‌ വര്‍ണ്ണങ്ങളുടെ ഗണിതങ്ങള്‍ കയറിവരാനെ അന്നത്തെ മഞ്ഞുകൊള്ളല്‍ ഉപകരിച്ചിട്ടുള്ളൂ. തപസ്സനുഷ്‌ഠിക്കണതുപോലെ അന്ന്‌ കഥകളി വിളക്കിന്‌ മുന്നില്‍ കുത്തിയിരുന്ന്‌ നടു വേദനിച്ചത്‌ കഥകളിയെ കലയല്ലെന്ന്‌ ആക്ഷേപിക്കാനുള്ള പ്രചോദനമല്ലെന്ന്‌ സവിനയം അറിയിക്കട്ടെ.കഥകളിയോ, മോഹിനിയാട്ടമോ ആടരുതെന്ന്‌ പറയാന്‍ ആര്‍ക്കും തന്നെ അവകാശമില്ല. കാണരുതെന്ന്‌ പറയാനും അങ്ങിനെ തന്നെ. പക്ഷേ അവ കലയുടെ സ്‌ഥാനത്തു വന്നു രംഗം മലീമസമാക്കുന്നതിലെ ലേഖകന്‌ വിരോധമുള്ളൂ. നമ്മുടെ രംഗശാലകളും, ദ്യശ്യമാധ്യമങ്ങളും നിറയേണ്ടത്‌ ഇന്നിന്റെ ജീവസുറ്റ ദ്യശ്യങ്ങളാലാണ്‌.

നമ്മള്‍ എന്നുമുതലാണ്‌ ഈ പഴയകലാരൂപങ്ങളെ സമൂഹത്തിന്റെ അട്ടത്തുനിന്നും കണ്ടെടുക്കാന്‍ ആരംഭിച്ചത്‌? ബ്രിട്ടീഷ്‌ ഭരണം അവസാനിക്കന്‍ കാലത്താണ്‌ കേരളത്തിലെ സാസ്‌ക്കാരിക കാരണവന്‍മാര്‍ക്ക്‌ സാസ്‌ക്കാരികരംഗത്തെ ശൂന്യത ബോധ്യമായത്‌. പിന്നെ, അമ്പലങ്ങളുടെ പുറമ്പോക്കില്‍ കുറ്റിയറ്റുപോകാതെ കിടന്ന കുറച്ചു അമ്പലവാസികളെ സംഘടിപ്പിച്ചൊരു കലാവികസനം നടത്തിയുണ്ടാക്കിയതാണ്‌ ഇന്നത്തെ നമ്മുടെ ദൃശ്യകലകള്‍! ഈ പഴം പുളിശ്ശേരി മറ്റു ഭൂരിപക്ഷ സമുദായങ്ങളുടെകൂടി തലയിലൂടെ ഒഴിച്ച്‌ നമ്മള്‍ ജനകീയമാക്കിയെന്ന്‌ പറയാം. പക്ഷെ, അത്‌ നമ്മുടെ കലയാണോ? ഒരിക്കലുമല്ല!നൂറ്റാണ്ടുകള്‍ക്ക്‌ മുന്‍പ്‌ ഭക്തി പ്രസ്‌ഥാനത്തിലൂടെ ബ്രാഹ്മണ മേല്‍ക്കോയ്‌മയും, ജാതീയതയും, ജന്മിത്വവും അരക്കിട്ടുറപ്പിക്കാനായി അമ്പലങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിപ്പോന്നിരുന്ന ബോധമലിനീകരണ പ്രക്രിയ അഥവാ സംസ്‌കൃതവല്‍ക്കരണത്തിന്റെ രൂപഭേദങ്ങള്‍ തന്നെയാണ്‌ ഇന്ന്‌ നാം കലാരൂപങ്ങളുടെ സ്‌ഥാനത്ത്‌ കൊണ്ടാടുന്നത്‌.

ഇന്നത്തെ ഹിന്ദു സമൂഹത്തിന്റെ മുക്കാല്‍ ഭാഗം വരുന്ന സമൂഹം അമ്പലങ്ങളില്‍ നടന്നിരുന്ന ഈ കലാരൂപങ്ങളെ വളരെ അവജ്ഞയോടെയാണ്‌ നോക്കിൊയിരുന്നത്‌. ക്ഷേത്രങ്ങളില്‍ നൃത്തമാടുന്നവരെ വേശ്യ എന്നര്‍ത്ഥം വരുന്ന കൂത്തച്ചി എന്ന പദം കൊണ്ടാണ്‌ വിശേഷിപ്പിച്ചിരുന്നത്‌.(കൂത്തച്ചി കാലക്രമത്തില്‍ വേശ്യയുടെ പര്യായമായതാണ്‌)ലോകസമക്ഷം നമ്മുടെ സംസ്‌ക്കാരത്തെ അവതരിപ്പിക്കുമ്പോള്‍ നമുക്ക്‌ ഒരു കലയോ, സംസ്‌ക്കാരമോ, ഇല്ലാതെ വരുന്നു എന്നതു തന്നെയാണ്‌ കേരളീയനെ ബാധിച്ചിരിക്കുന്ന തന്തയില്ലായ്‌മ!. പിന്നെ, നാം കൃത്രിമ ശ്വാസം കൊടുത്ത്‌ ആകര്‍ഷകമായ വര്‍ണ്ണങ്ങള്‍ തേച്ച്‌, വീര്‍പ്പിച്ച്‌ ഉയര്‍ത്തിയിരിക്കുന്ന കഥകളിയും മോഹിനിയാട്ടവും മറ്റും നമ്മുടെ സാംസ്‌ക്കാരിക കാരണവന്‍മാര്‍ക്ക്‌ പ്രമാണിമാരാകാനുള്ള ഒരു ചെപ്പടിവിദ്യ മാത്രമാണ്‌.

ഒന്നോ, രണ്ടോ പേര്‍ നൃത്തം ചെയ്യുകയും ബാക്കിയുള്ള ജനം മുഴുവന്‍ കൈയും കെട്ടിയിരുന്ന്‌കാണുകയും ചെയ്യുന്ന പ്രവര്‍ത്തനം യഥാര്‍ത്ഥത്തില്‍ നൃത്തമാണെന്ന്‌ പറയാന്‍ പോലും വിഷമമാണ്‌. നൃത്തം ഒരു സമൂഹ ഉത്സവത്തില്‍ നിന്നുമാണ്‌ ജനിക്കുന്നത്‌. അത്‌ തീ പടരുന്നത്‌ പോലെ ഒരു വ്യക്തിയില്‍ നിന്നും മറ്റൊരു വ്യക്തിയിലേക്ക്‌ പടര്‍ന്ന്‌ പിടിക്കേണ്ട ഒരു കൂട്ടായ്‌മയാണ്‌. അതുകൊണ്ടുതന്നെ ഏറ്റവും ശക്തമായ ഒരു കലാരൂപവും. എന്നാല്‍ നമ്മുടെ കൂത്തുകളൊന്നും അങ്ങിനെയുള്ളവയല്ല.(ചാക്യാര്‍കൂത്തൊഴിച്ച്‌- അതിലെ സാമൂഹ്യ വിമര്‍ശനത്തിന്റെ മൂര്‍ച്ചയില്‍ ലെഖകനു മതിപ്പുണ്ട്‌. )

കേരളത്തിലെ 95 ശതമാനം ജനം വിശന്ന്‌ പൊരിഞ്ഞ്‌ ഒരു നേരത്തെ ഭക്ഷണത്തിന്‌ വേണ്ടി അന്നന്ന്‌ നെല്ല്‌ കുത്തുമ്പോള്‍ , ജോലിചെയ്യതെ മൂന്ന്‌ നേരം ഭക്ഷിച്ച്‌ പടിഞ്ഞിരിക്കുന്ന വൃകോദരന്മാര്‍ക്ക്‌ ഉദ്ധാരണം ലഭിക്കുന്നതിനായി നടത്തിയിരുന്ന നൃത്തഭാസങ്ങളായിരുന്നു നമ്മുടെ അമ്പലകൂത്തുകളും തിരുവാതിരക്കളിയും മോഹിനിയാട്ടവും. മാറുമറക്കാതെ അല്‍പമാത്രവസ്ത്രങ്ങളുമായി അന്ന്‌ നൃത്തമാടിയിരുന്ന സ്ത്രീത്വത്തെ അശ്ലീല വെണ്‍മണി കവിതകൊണ്ട്‌ നാം പരിപോഷിപ്പിച്ചു. അന്ന്‌ ആ നൃത്തം കണ്ടുകൊണ്ടിരുന്ന മൃഗങ്ങളെ സംസ്‌ക്കാരമുള്ളവരായി ഗണിക്കനാകില്ല എന്ന ഒറ്റക്കാരണത്താല്‍ തന്നെ അവരില്‍ നിന്നും ഒരു കലയോ സംസ്‌ക്കാമോ ജനിക്കില്ലെന്നും ഉറപ്പിക്കാം. അഥവ ജനിച്ചെങ്കില്‍ തന്നെ മോഹിനിയാട്ടം, കഥകളി എന്നിവയെപ്പോലെ പൊള്ളയായതും ഊതിവീര്‍പ്പിച്ചതുമായ കൃത്രിമ സമയം കൊല്ലി കലാരൂപങ്ങളായിരിക്കും അവ. അത്തരം കലാരൂപങ്ങള്‍ക്ക്‌ ഇവിടുത്തെ ജനങ്ങളുടെ വിയര്‍പ്പിന്റെ ഗന്ധമോ, ഇവിടുത്തെ മണ്ണിന്റെ സ്‌നേഹമോ, ഇവിടുത്തെ സംസ്‌ക്കാരവുമായി രക്തബന്ധമോ അന്യമായിരിക്കുമെന്ന്‌ തീര്‍ച്ച.

കഥകളി വേഷത്തിനും മോഹിനിയാട്ടത്തിനും പിന്നില്‍ ജീവിതം ഉഴിഞ്ഞുവെച്ച കലാകാരന്‍മാരെ അഥവാ മനുഷ്യരെ തീര്‍ച്ചയായും ആദരവോടെ മാത്രമേ ലേഖകന്‌ കാണാനാകൂ. ഈ ആദരവ്‌ അവരുടെ കലാസൃഷ്‌ടിയുടെ മഹത്വം കൊണ്ടല്ല; മറിച്ച്‌ ആ ജീവിതങ്ങളുടെ ആത്‌മാര്‍ത്ഥതയും അര്‍പ്പണ മനസ്‌ഥിതിയും ഓര്‍ക്കുന്നത്‌ കൊണ്ടുമാത്രമാണ്‌. ജീവിതം മുഴുവന്‍ ഉഴിഞ്ഞുവെച്ച്‌ കലയെ ഉപാസിക്കുന്ന ഈ കലാകാരന്‍മാര്‍ പ്രശസ്‌തിക്കും അംഗീകാരത്തിനും വേണ്ടിയുള്ള കേവലം ഒരു ഉപകരണം മാത്രമായിരുന്നു എന്ന സത്യം ഇതുവരെ അവര്‍ അറിഞ്ഞതായി തോന്നുന്നില്ല. എന്നാല്‍ ഇന്ന്‌ ഈ വിഭാഗം കലാകാരന്മാര്‍ പ്രശസ്‌തിക്കും അഗീകാരത്തിനും വേണ്ടി വൃഥാ വ്യായാമം നടത്തുന്ന അവശ കലാകാരന്‍മാരുടെ കൂട്ടമായിരിക്കുന്നു. ഉന്നത സ്‌ഥാനങ്ങളിലെ ബന്ധുബലം കൊണ്ടാണ്‌ ഇവരില്‍ പലരും അഗീകരിക്കപ്പെടുന്നതും ആദരിക്കപ്പെടുന്നതും.

സമൂഹത്തിലെ സമ്പന്നകുലങ്ങളില്‍ കെട്ടിയാടിക്കപ്പെടുന്ന കലാരൂപങ്ങളായതിനാല്‍ ബഹുഭൂരിപക്ഷം വരുന്ന മറ്റു സമുദായങ്ങളും അവയെ എതിര്‍ക്കതെയും അധികം ചിന്തിച്ച്‌ വിവാദങ്ങള്‍ ഉണ്ടാക്കതേയും ഈ കലാരൂപങ്ങളെ തങ്ങളുടെകൂടി സാംസ്‌ക്കരിക പൈതൃക സ്വത്തായി അംഗീകരിക്കുന്നു എന്നുമാത്രം. സത്യത്തില്‍ ഈ കലാരൂപങ്ങളൊന്നും നമ്മുടെ മണ്ണില്‍ നിന്നും ജനിച്ചവയല്ല. നേരത്തെ സൂചിപ്പിച്ച ഉപരി വര്‍ഗ്ഗത്തിന്റെ വൃത്തിഹീനമായ മനസ്സില്‍ നിന്നും ജനിച്ച ജാരസന്തതികള്‍ തന്നെയാണ്‌ ഈ കലാരൂപങ്ങള്‍. ദൃശ്യകലാരംഗത്ത്‌ ഒരു ശൂന്യത സൃഷ്‌ടിക്കാനല്ല ലേഖകന്‍ ഇത്രയും എഴുതിയത്‌. ആരോടും വിരോധിക്കാനുമല്ല. പക്ഷേ സത്യം പറയാതിരിക്കുന്നത്‌ നമ്മുടെ സാംസ്‌ക്കാരികമായ വളര്‍ച്ചയ്‌ക്ക്‌ വിഘാതമായി നില്‍ക്കുന്നതിനാല്‍ സത്യം പറഞ്ഞേ പറ്റൂ.

ലേഖകന്‍ നേരത്തെ പറഞ്ഞ തിരുമാന്താം കുന്നിലെ ഭഗവതി ക്ഷേത്രത്തിലെ പൂരത്തോട്‌ അനുബന്ധിച്ച കഥകളി അരങ്ങുണ്ടല്ലോ, അതിന്‌ കുറച്ച്‌ അകലെയായി ഒരു ആല്‍മരച്ചോട്ടില്‍ ചെറുമക്കളായ(പഴയ ചേരവംശ പ്രജകള്‍) സ്‌ത്രീ പുരുഷന്മാര്‍ വട്ടമിട്ട്‌ പാട്ടുപാടി നൃത്തം വെയ്‌ക്കുന്നുണ്ട്‌. അവരുടെ പാട്ടിന്‌ വിയര്‍പ്പിന്റെ മണവും, കള്ളിന്റെ പുളിയും മണ്ണിന്റെ ശീല്‍ക്കാരവും ഹൃദയത്തിന്റെ താളക്കൊഴുപ്പുമുണ്ട്‌. പക്ഷേ അവര്‍ തങ്ങളുടെ പാട്ടില്‍ സംസ്‌കൃതവാക്കുകളൊന്നും ഉപയോഗിക്കാത്തതിനാല്‍ ബ്രാഹ്‌മണരുടെ ജാര സന്തതികളായ ആസ്‌ഥാന പണ്‌ഡിതര്‍ക്ക്‌ അവ അപരിഷ്‌കൃതമായി തോന്നിയേക്കാം.

'അന്റെ ചേപ്പനും കന്നൂട്ട്വാരന്‍ ഇന്റെ ചേപ്പനും കന്നൂട്ട്വാരന്‍ പിന്നെന്താ, മുണ്ടിച്ച്യേ നമ്മള്‌ തമ്മിലു മുണ്ട്യാല്‌"...

എന്നു പാടിക്കൊണ്ട്‌ നൃത്തത്തില്‍ പങ്കെടുക്കുന്ന വ്യക്തികള്‍ക്കിടയിലെ വര്‍ത്തമാനകാല വിഷമുള്ളുകളെപ്പോലും എടുത്തുകളയുന്ന ഈ കലാരൂപത്തോളം സാമൂഹ്യ പ്രതിബദ്ധത നമ്മുടെ പൊള്ളയായ ഏത്‌ കലാരൂപത്തിനാണ്‌ ഉണ്ടാവുക.പക്ഷേ ചെറുമന്‌ നാം അന്തസ്സ്‌ കൊടുത്തിട്ടില്ലാത്തതിനാല്‍ ചെറുമന്റെ കലയ്‌ക്കും നാം പ്രാധാന്യം കൊടുക്കാന്‍ പോകുന്നില്ല. സമൂഹത്തിലെ വലിയ വലിയ വീടുകളിലിരിക്കുന്ന വലിയ പ്രമാണികള്‍ ഉറക്കമൊഴിച്ചിരുന്ന്‌ കാണുന്ന കഥകളി പോലുള്ള കലാരൂപങ്ങള്‍ക്ക്‌ എന്ത്‌ കോപ്രായമാണെങ്കിലും മഹത്തരമാണെന്ന്‌ പ്രകീര്‍ത്തിക്കാന്‍ നമുക്ക്‌ മാധ്യമങ്ങളും സംവിധാനങ്ങളുമുണ്ട്‌. ഈ അവസ്ഥതന്നെയാണ്‌ കേരളീയന്‌ ഒരു തനത്‌ സംസ്‌ക്കാരം ഉണ്ടാകാതെ പോകുന്നതിന്റെ പ്രധാന കാരണവും.

സമൂഹവുമായി ബന്ധമില്ലാത്ത ഈ കലകളെ നിലനിര്‍ത്തുന്നതിന്‌ കൃത്രിമ ശ്വാസം അനിവാര്യമാണ്‌. ലേഖകന്‍ ഉദ്ദേശിക്കുന്നത്‌ സര്‍കാരിന്റെ സബത്തിക സഹായങ്ങളെയാണ്‌.
സാംസ്‌ക്കരിക ഊര്‍ജ്ജമാണ്‌ കല. അല്ലാതുള്ള എല്ലാ കലാകോപ്രായങ്ങളും കേവലം ക്രാഫ്‌റ്റും സ്വാര്‍ത്ഥ ജഢിലമായ മഹത്വ കാംക്ഷയുമാണ്‌. സമൂഹത്തെ വിഘടിപ്പിക്കുന്ന ഇത്തരം പേക്കൂത്തുകള്‍ എത്ര മഹത്തരമാണെന്ന്‌ പറഞ്ഞ്‌ ആദരിക്കപ്പെടുന്നവയായാലും അവ മ്യൂസിയങ്ങളിലേക്കും, കാസറ്റുകളിലേക്കും, സിഡികളിലേക്കും മാറ്റി, കേരളത്തിന്റെ രംഗവേദി ഇന്നത്തെ കലാരൂപങ്ങള്‍ക്കായി ഒഴിച്ചു കൊടുക്കേണ്ടതാണ്‌.