നൂറ്റാണ്ടുകള്‍ നീണ്ട പാരമ്പര്യ രാജ്യഭരണ കുത്തക അവസാനിച്ചത് ഇന്ത്യ ഒരു സ്വതന്ത്ര പരമാധികാര ജനാധിപത്യ രാഷ്ട്രമായതിനെ തുടര്‍ന്നാണ്. അതുവരെയുണ്ടായിരുന്ന ഇന്ത്യയിലെ പാരമ്പര്യ രാജാക്കന്മാരെല്ലാം ആധുനിക ജനാധിപത്യ ഗവണ്മെന്റിന്റെ ആജ്ഞക്ക് മുന്നില്‍ കുത്തകയായിരുന്ന തങ്ങളുടെ എല്ലാ അധികാര അവകാശങ്ങളും സ്ഥാന-മാനങ്ങളും ഉപേക്ഷിച്ച് സാധാരണ ഇന്ത്യന്‍ പൌരത്വം സ്വീകരിക്കാന്‍ തയ്യാറായി എന്നത് നമ്മുടെ ഐതിഹാസിക ചരിത്രമാണ്.
എന്നാല്‍, നമ്മുടെ ജനാധിപത്യത്തിന് ഒരു ദൌര്ബല്യമുണ്ട്. അത് അഹിംസയില്‍ വിശ്വസിക്കുന്നു. മുന്‍കാലങ്ങളില്‍ രാജഭരണത്തിന്റെ പേരില്‍ ജനങ്ങളെ നരക യാതനക്ക് വിധേയരാക്കിയ രാജഭാരണാധികാരികളെയും ഭൂപ്രഭുക്കന്മാരെയും മാടംബികളെയും സ്നേഹപൂര്‍വ്വം നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയിലെ പൌരന്മാരായി അംഗീകരിച്ച് ആദരിക്കുന്നു. അവര്‍ക്കെതിരെ രക്തരൂക്ഷിതമായ ഒരു കുടിയൊഴിക്കല്‍ നമ്മുടെ മാനവികതാബോധം അനുവദിക്കുന്നില്ല.
ആ സൌജന്യം മുതലാക്കിയാണ് നമ്മുടെ സമൂഹത്തിലെ ചില രാജവംശ ദുരഭിമാനികളും മാടംബികളും സവര്‍ണ്ണ ജാതി ഗുണ്ടകളും വീണ്ടും അക്രമ പ്രവര്‍ത്തനങ്ങളിലൂടെ രാജഭരണ കാലത്തെ ആന തഴംബുമായി തലപൊക്കാന്‍ ദൈര്യപ്പെട്ടിരിക്കുന്നത്. ആരാധനാലയങ്ങളിലെ പൌരോഹിത്യവും പുരോഹിതരോട് അടിമത്വത്തിന് സമാനമായ ഭക്തി പുലര്‍ത്തുന്ന വിശ്വാസിളും ആസൂത്രിതമായി സംഘടിപ്പിച്ച് തെരുവ് ഗുണ്ടാവിളയാട്ടങ്ങളും നാമജപമാണെന്ന വ്യാജേന സ്ത്രീകളെ അണിനിരത്തിയുള്ള തെറിവിളി ഘോഷയാത്രയും ഭരണിപ്പാട്ടും വലതുപക്ഷ രാഷ്ട്രീയ ഭിക്ഷാം ദേഹികളുടെ "സുവര്‍ണ്ണാവസര" വോട്ടുപിടുത്തവും നമ്മുടെ ജനാധിപത്യ ജാഗ്രതക്കുറവിന്റെ കൂടി സന്തതികളാണ്.
സത്യത്തില്‍ ജനാധിപത്യത്തിന്റെ അന്ത്യത്തിന് പോലും വഴിവെക്കാവുന്ന ഗുരുതരമായ സ്ഥിതിവിശേഷമാണ് ഇത്. ഈ പ്രശ്നത്തെ പരിഹരിക്കാന്‍ ജനാധിപത്യത്തിന്റെ തുടക്കത്തില്‍ അശ്രദ്ധകൊണ്ട് പറ്റിപ്പോയ ഒരു പ്രധാനപ്പെട്ട പിഴവ് കര്‍ക്കശമായി തിരുത്താനുള്ള ജനാധിപത്യ ബോധം നമുക്കുണ്ടാകേണ്ടാതുണ്ട്.
കുത്തക പാരമ്പര്യ പൌരോഹിത്യം
.................................................................
നമുക്കറിയാം, നമ്മുടെ ആരാധനാലയങ്ങളെയും ഭക്തജനങ്ങളെയും ദൈവത്തിന്റെ പ്രതിപുരുഷനായി നിന്ന് നിയന്ത്രിക്കുന്നവര്‍ ആധുനിക ജനാധിപത്യ സമൂഹത്തിനു ചേരാത്ത മന്ത്രവാദികളും, കപടവിദ്യകളിലൂടെയും കെട്ടി ചമച്ച പുരാണങ്ങളിലൂടെയും ഉപജാപ സ്വര്‍ണ്ണ പ്രശ്ന തട്ടിപ്പുകളിലൂടെയും ജനങ്ങളെ ആജ്ഞാനുവര്‍ത്തികളാക്കാന്‍ ശേഷിയുള്ളവരാണ്.
ദേവസ്വം ബോര്‍ഡ് അംഗങ്ങളെപ്പോലും ബ്രാഹ്മണ ഭക്തിയില്‍ അധിഷ്ടിതമായ അടിമബോധത്താല്‍ വെറും ഉത്തരം താങ്ങി പല്ലികള്‍ ആക്കാന്‍ ശേഷിയുള്ളതാണ് പൌരോഹിത്യ താന്ത്രിക ആചാരങ്ങൾ. ഇത്തരം ആചാരങ്ങള്‍ കൊണ്ട് മനുഷ്യരെ പൊട്ടന് കളിപ്പിക്കാന്‍ ശേഷിയുള്ള മഹാ താന്ത്രികരും നൂറ്റാണ്ടുകളോ സഹസ്രബ്ദങ്ങളോ നീണ്ട പാരമ്പര്യ പൌരോഹിത്യം തങ്ങളുടെ കുത്തകാവകാശമാക്കിയവരും സാമൂഹ്യ മേധാവിത്വത്താല്‍ ഏകപക്ഷീയമായി അടിച്ചേല്‍പ്പിച്ച ബ്രാഹ്മണ വംശീയ പൌരോഹിത്യ അവകാശത്തിലൂടെ നമ്മുടെ പഴയകാല രാജാക്കന്മാരെപ്പോലും മൂക്കുകൊണ്ട് "ക്ഷ" എഴുതിപ്പിച്ചിരുന്നവരുമാണ്. ഇതൊരു നിഷ്ക്കളങ്ക ഉപജീവന മാര്‍ഗ്ഗമോ തൊഴിലോ ആയി കുറച്ചു കാണുക അരുത്.
പൊതുജനങ്ങള്‍ ആത്മീയ ശുദ്ധിക്കായി ആശ്രയിക്കുന്ന നമ്മുടെ പൊതു ക്ഷേത്രങ്ങളില്‍ ചുരുങ്ങിയത് 1200 വര്‍ഷത്തെ വംശീയ ബോധവുമായി കുടിയേറിയവരാണ് ബ്രാഹ്മണ പൌരോഹിത്യം. ഈ ജനാധിപത്യ കാലത്ത് യോജിക്കാത്ത നരാധമമായ അശുദ്ധിവാദവും അയിത്തവും ജാതി വിവേചന ചിന്തയും സ്ത്രീവിരുദ്ധ പുരുഷാധിപത്യ ആചാര അനുഷ്ടാന ശാഠ്യങ്ങളുമായി ദൈവ സംങ്കലപ്പത്തിന്റെ പിതൃസ്ഥാനീയത പോലും ഇവര്‍ അവകാശപ്പെടുന്നു ! വംശീയമായ പൌരോഹിത്യ കുത്തക അവകാശ അഹങ്കാരവും കുടില ജാതി തന്ത്രജ്ഞതയുമായി നമ്മുടെ ജനാധിപത്യ ഭരണ വ്യവസ്ഥിതിയെയും ഭരണഘടനയും വെല്ലുവിളിക്കുന്ന പൌരോഹിത്യത്തെ നമ്മുടെ ജനാധിപത്യ ബോധം ഇനിയും ചുമക്കേണ്ടാതുണ്ടോ ?
പാരമ്പര്യ പൌരോഹിത്യ കുത്തകാവകാശം രാജഭരണ കാലത്തോടെത്തന്നെ അവസാനിച്ചിരിക്കുന്നു, അഥവാ അവസാനിക്കേണ്ടതായിരുന്നു. രാജഭരണം അവസാനിച്ചിട്ട് അരനൂറ്റാണ്ടിലെറെയായിട്ടും രാജഭരണത്തോടൊപ്പം ഒലിച്ചു പോകേണ്ടിയിരുന്ന ബ്രാഹ്മണ മന്ത്രവാദി വംശീയ പൌരോഹിത്യ കുത്തക ഇനിയും നമ്മുടെ ജനാധിപത്യ മാനവിക ബോധത്തെ പരിഹസിച്ചുകൊണ്ട് നിലനില്ക്കാന് അര്‍ഹമല്ല.
കാലഹരണപ്പെട്ട അനാചാരങ്ങളെയും മനുഷ്യത്വ വിരുദ്ധമായ അശുദ്ധി വാദങ്ങളെയും സംരക്ഷിച്ചും മഹത്വവല്‍ക്കരിച്ചും സമൂഹ മനസ്സില്‍ വിഷം കലര്‍ത്തുന്ന ബ്രാഹ്മണ വംശീയ ബോധം ഇന്ത്യന്‍ പൌരബോധത്തില്‍ ലയിച്ച് മാനവികതയിലേക്കും ജനാധിപത്യ സംസ്കൃതിയിലെക്കും ഉയരേണ്ടതുണ്ട്. ബ്രാഹ്മണ പൌരോഹിത്യത്തിന്റെ തിന്മയുടെ ചരിത്രം ടെക്സ്റ്റ് ബുക്കുകളിലേക്കും മ്യൂസിയങ്ങളിലേക്കും ഡോക്കുമെന്റ് ചെയ്ത് പൊതുബോധത്തില്‍ എത്തിക്കുന്ന കാര്യത്തില്‍ നാം വീഴ്ച്ച വരുത്തിയിട്ടുണ്ട്. അത് ചെയ്തിരുന്നെങ്കില്‍ പൌരോഹിത്യ കുത്തക നിരോധന നിയമം വേണമെന്ന് ആവശ്യപ്പെടാന്‍ അവസരം നല്‍കാതെ ബ്രാഹ്മണ്യം പൌരോഹിത്യ കുത്തക സ്വയം ഉപേക്ഷിച്ച് ജനാധിപത്യ ബോധത്തിലേക്ക് ഉയര്‍ന്നേനെ.
അതില്ലാത്ത സാഹചര്യത്തില്‍ അതിനായി പൌരോഹിത്യ കുത്തക നിരോധന നിയമം നിര്മ്മിക്കപ്പെടെണ്ടതുണ്ട്. പൊതുജനങ്ങളുടെ കാണിക്കയോ സംഭാവനയോ സ്വീകരിക്കുന്നതും പുരോഹിതന്റെ കുടുംബത്തിനു പുറത്തുള്ള ഭക്ത ജനങ്ങളെ പ്രവേശിപ്പിക്കുന്നവയുമായ എല്ലാ ഹൈന്ദവ ആരാധനാലയങ്ങളില്‍ നിന്നും നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കുത്തക പൌരോഹിത്യ ബ്രാഹ്മണ മന്ത്രവാദികളെ എന്നെന്നേക്കുമായി കുടിയൊഴിപ്പിക്കാനുള്ള/ പുറത്താക്കിക്കൊണ്ടുള്ള നിയമം നിര്‍മ്മിക്കുക തന്നെ വേണം. അതായത് "കുത്തക ബ്രാഹ്മണ വംശീയ പൌരോഹിത്യ നിരോധന നിയമം" നമ്മുടെ ജനാധിപത്യ നിലല്പ്പിനു അനിവാര്യമാണ്.
( ഇതോടൊപ്പം ചേര്‍ത്തിരിക്കുന്ന ചിത്രം ഞാന്‍ 1993 ല്‍ വരച്ച ഒരു ഓയിൽ പെയിന്റിങ്ങാണ്. പൂണൂലിലെ താക്കോല്‍ എന്നോ താക്കോല്‍ സൂക്ഷിക്കുന്ന ബ്രാഹ്മണ മന്ത്രവാദി എന്നോ ഈ ചിത്രത്തെ വിളിക്കാം.) -ചിത്രകാരന് ടി. മുരളി -Chithrakaran T. T Murali 17-01-2019 https://www.facebook.com/chithrakaran
1 comment:
List of Cheap Car Insurance Online In Us 2022
Low and high - Car Insurance List
cheap car insurance online
Post a Comment