Wednesday, October 31, 2007

ആശാന്‍ സ്മാരകം


തോന്നക്കല്‍ ആശാന്‍ സ്മാരകത്തെക്കുറിച്ച് 14 വര്‍ഷം മുന്‍പ് ചിത്രകാരന്‍ എഴുതിയ ഒരു ലേഖനത്തിന്റെ പേപ്പര്‍ കട്ടിങ്ങ് ഇപ്പോഴാണു കിട്ടിയത്. തോന്നക്കല്‍ ‍ആശാന്‍ സ്മാരകത്തില്‍ പ്രശസ്ത ശില്‍പ്പി ശ്രീ.കാനായി കുഞ്ഞിരാമന്‍ പുനരുദ്ധാരണപ്രവര്‍ത്തനങ്ങളും ,ശില്‍പ്പരചനകളും നടത്തിക്കൊണ്ടിരിക്കുന്നതായി അറിയുന്നു.

Monday, October 29, 2007

അഴീക്കോട് ശരശയ്യയില്‍ !!!"ഒരു മൈക്കു കിട്ടിയാ‍ല്‍.........!!!"
പ്രഭാഷണങ്ങള്‍ നടത്തുന്നതിനുവേണ്ടി മാസം 9000 കി മി.ദൂരം സഞ്ചരിക്കണമെന്ന് നിര്‍ബന്ധ മുള്ള അഴീക്കോടിനെ പെട്രോളിന്റെ കാശു നല്‍കാന്‍ ശേഷിയുള്ള ആര്‍ക്കും പ്രസംഗിക്കാന്‍ വിളിക്കാം. ഒരേയൊരു കണ്ടീഷനേയുള്ളു. എം.എന്‍. വിജയന്റെ ചിന്തകളെ ബഹുമാനിക്കുന്നവരോ,ശിക്ഷ്യന്മാരോ ആകരുത് .

ചിത്രകാരന്‍ വര്‍ഷങ്ങള്‍ക്കുശേഷം ഒരു കാര്‍ട്ടൂണ്‍ വരച്ചുനോക്കിയതാണ്.കൂടുതല്‍ എഴുതാന്‍ സമയമില്ലാത്തതിനാല്‍ ഒന്നും പറയുന്നില്ല.മതൃഭൂമി വിക്കിലിയില്‍ അഴീക്കോടിനെ കുത്തുന്ന കത്തിയായും വിജയന്‍ മാഷേ ഉണക്കുന്ന കത്തിയായും വിശേഷിപ്പിച്ചുകൊണ്ടുള്ള അതിശക്തമായ ലേഖനങ്ങളെഴുതിക്കോണ്ട് എം.എ. റഹ്‌മാനും,എന്‍.എം.പിയേഴ്‌സണും അഴീക്കോടിനെ ശരശയ്യയില്‍ കിടത്തിയിരിക്കുന്നു. ചിത്രകാരന് വളരെ ഇഷ്ടപ്പെട്ടു.സാഹിത്യ-രാഷ്ട്രീയ-സിനിമ താരങ്ങളായി സ്വയം അവരോധിച്ച് ജനങ്ങളെ വഴിതെറ്റിക്കുന്ന സകലരേയും ഇതുപോലെ ഭേദ്യം ചെയ്യേണ്ടത് പത്ര ധര്‍മ്മമാണെന്ന് ചിത്രകാരന്‍ വിശ്വസിക്കുന്നു.നന്മയുള്ള ,കരുത്തുള്ള ജനനായകര്‍ ഏതു വിമര്‍ശന സരങ്ങളേയും പുഷ്പമാക്കി അതിജീവിക്കും.

Friday, October 26, 2007

മനോരമയില്‍ മോഡിയുടെ നരസിംഹാവതാര ചിത്രം

മനോരമയുടെ ഇന്നത്തെ ഒന്നാം പേജിലെ ചിത്രം(26-10-07)

നരേന്ദ്ര മോഡിയുടെ നരസിംഹാവതാരത്തിന്റെ കഥകളാണ് ഇന്നും ഇന്നലേയുമായി നമ്മുടെ മനസ്സിലെ നന്മയെ മതിച്ചുകൊണ്ടിരിക്കുന്നത്. മനോരമാ പത്രത്തില്‍ മോഡിയുടെ കൂട്ടക്കൊലയുടെ ഭീകരത ഓര്‍മ്മിപ്പിക്കുന്ന ചിത്രങ്ങള്‍ അതര്‍ഹിക്കുന്ന പരിഗണനയോടെ പ്രസിദ്ധീകരിച്ചിരിക്കുന്നു. തെഹല്‍ക്കയുടെ ധീരമായ പത്രപ്രവര്‍ത്തനത്തിന്റെ ചിത്രം:മാധ്യമം പത്രം(26-10-07)

ഫലമായി മറനീക്കി പുറത്തുവന്ന സത്യങ്ങളെ അത് എത്ര ഭയപ്പെടുത്തുന്നതാണേങ്കിലും അംഗീകരിക്കാനും,ബഹുമാനിക്കാനും,അപലപിക്കാനും, മാനുഷികതയില്‍ അല്‍പ്പമെങ്കിലും വിശ്വസിക്കുന്നവര്‍ക്ക് ബാധ്യതയുണ്ട്.

വര്‍ഗീയത ഒരു മോഡിയുടെ മാത്രം പ്രത്യേകതയല്ലെന്നും,അത് ഒരു വിഷമായി സമൂഹത്തിന്റെ അടിഞ്ഞുകൂടിയിരിക്കുന്നത് ഒരു സാമൂഹ്യ വിപത്താണെന്നും മനസ്സിലാക്കാതെ നാം ഇനിയും മുന്നോട്ടു പോകുന്നത് ഭാവി ദുരന്തപൂര്‍ണ്ണമാക്കുമെന്ന് വിവേകമുള്ളവരെങ്കിലും മനസ്സിലാക്കുകയും തുറന്നു പറയുകയും ചെയ്യേണ്ടിയിരിക്കുന്നു.മോഡിക്കും അയാളുടെ നരഭോജികളായ കൂട്ടാളികള്‍ക്കും പരമാവധി ശിക്ഷ ലഭിക്കുകതന്നെ വേണം.
പക്ഷേ ,അതുകൊണ്ടായില്ല. അഹിംസയിലൂന്നിയ ഇന്ത്യന്‍ ബഹുജനത്തിന്റെ സാംസ്കാരികതയില്‍ ബ്രാഹ്മണ്യം ആധിപത്യത്തിനായി ശ്രവിപ്പിക്കുന്ന വര്‍ഗീയ വിഷ ഗ്രന്ഥികള്‍ കണ്ടെത്തി ,അത് നിഷ്ക്കരുണം നശിപ്പിക്കുകതന്നെ വേണം.

ബ്രഹ്മണ ജനതാ പാര്‍ട്ടിയില്‍ ബ്രഹ്മണ വര്‍ഗ്ഗീയതയുടെ സാന്ദ്രത വളരെ കൂടുതലാണെന്നതു നേരാണ്.അതുകൊണ്ടാണ് മോഡിമാര്‍ ബ്രഹ്മണ ജനതാപാര്‍ട്ടിയില്‍ നിന്നും ജനിച്ചുകൊണ്ടിരിക്കുന്നത്. നമ്മുടെ വിപ്ലവ പാര്‍ട്ടികളില്‍ ബംഗാളിലൊക്കെ ബ്രഹ്മണരുടെ അയ്യരുകളിയല്ലേ? ഇവറ്റകള്‍ സാമൂഹ്യ നവോദ്ധാന പ്രസ്ഥാനങ്ങളെ സ്നേഹപൂര്‍വ്വം താലോലിച്ച് നക്കിക്കൊല്ലുന്നവരാണെന്ന് നാം അറിയുന്നില്ലല്ലോ ഭഗവാനെ!!!

ഇന്ത്യ മുഴുവന്‍ പടര്‍ന്ന് ജ്വലിച്ചു കയറേണ്ടിയിരുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഇന്ത്യയില്‍ അധികാരത്തിന്റെ വട്ടച്ചൊറികള്‍ മാത്രമായി ഒതുങ്ങിയതിനു പിന്നില്‍ സി.പി എമ്മിന്റെ വിപ്ലവാചാര്യനായ ഇ.എം.എസ്സിന്റ് ബ്രഹ്മണ ബുദ്ധി എത്ര കുടിലമായാണു പ്രവര്‍ത്തിച്ചിട്ടുണ്ടാകുക? ഈ ബ്രഹ്മണരെയെല്ലാം കുറച്ചുകാലത്തേക്ക് അധികാരത്തിന്റെ രാഷ്റ്റ്രീയ സ്ഥാനമാനങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തിയില്ലെങ്കില്‍ നമ്മുടെ നാടിനെ ഇവര്‍ പാക്കിസ്ഥാനോ,ഇറാക്കോ ആക്കിത്തീര്‍ക്കുമെന്നു തന്നെയാണ് ചിത്രകാരന്റെ തോന്നല്‍.
നമുക്കു പരിചയമുള്ള നല്ലവരായ കേരള ബ്രഹ്മണരെ നോക്കി ബ്രഹ്മണ്യത്തിനു വിഷമില്ലെന്നു പറയുന്നവരാണ് നാമെല്ലാം.സത്യമായിരിക്കാം ... കേരള ബ്രഹ്മണരില്‍ ഭൂരിഭാഗവും ,മുസ്ലീങ്ങളിലെ തങ്ങള്‍മാരെപ്പോലെ ബുദ്ധ ജൈന പുരോഹിതരുടെ പിന്മുറക്കാരോ,നമ്മുടെ നാട്ടിലെ പറയ-ചെറുമ വിഭാഗത്തില്‍നിന്നും ബ്രഹ്മണ്യത്തിലേക്ക് ഭീഷണിയാലോ,പ്രീണനത്താലോ ആനയിക്കപ്പെട്ടവരോ ആയിരിക്കണം.
ചിത്രകാരന്‍ തന്റെ ഡയറിക്കുറിപ്പുകളിലെ ആനുകാലികത ഉറപ്പുവരുത്താന്‍ ഓരോ കുറിപ്പുകളിടുന്നതാണ് . ഇതിന്റെ കെട്ടും മട്ടുംവികലമായിരിക്കാം.

Wednesday, October 24, 2007

കളറിങ്ങ് മത്സരം !!
സ്കൂളില്‍ നിന്നും മടങ്ങി വരുന്ന കുട്ടികള്‍ രക്ഷിതാക്കള്‍ക്ക് ഇടക്കിടെ നല്‍കുന്ന ചില കുറിമാനങ്ങളിലൊന്നാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. കുട്ടികളെക്കൊണ്ട് പേരിന് അവര്‍ പ്രിന്റു ചെയ്തു നല്‍കുന്ന ചിത്രത്തില്‍ കളര്‍ ചെയ്യിപ്പിച്ച് ...നമ്മുടെ പിഞ്ചുകുഞ്ഞുങ്ങളെ നിറങ്ങളുടെ ലോകത്തിലൂടെ വര്‍ണ്ണത്തുംബികളായി പാറിപ്പറത്താന്‍ വേണ്ടി കഷ്ടപ്പെടുന്ന ഈ അതി വിരുതന്മാര്‍ക്ക് ഒരോ കുട്ടിയില്‍ നിന്നും കേവലം 25 രൂപ മാത്രം മതി. സംസ്ഥന തലത്തില്‍ അത് എത്ര ലക്ഷവും കോടിയുമാകും എന്ന് കണക്കുകൂട്ടി നോക്കുക.സ്കൂളിലെ അധ്യാപകര്‍ക്ക് കമ്മീഷന്‍ നല്‍കി നടത്തുന്ന ഇത്തരം പണകൊയ്ത്തു ഉത്സവങ്ങളെ തിരിച്ചറിയുക. പങ്കെടുക്കുന്ന എല്ലാകുട്ടികള്‍ക്കും പാര്‍ട്ടിസിപ്പേറ്ററി സര്‍ട്ടീഫിക്കറ്റും,സ്കൂളിനും,ജില്ലക്കും,സംസ്ഥാനത്തിനും സമ്മാനമഴയും നല്‍കുമെന്ന് വാഗ്ദാനം ചെയ്യുന്ന സംഘാടകര്‍ കാണിക്കുന്ന കച്ചവട ബുദ്ധി നമ്മുടെ സ്കൂള്‍ അധികൃതര്‍ അനുവധിച്ചുകൊടുക്കുന്നതില്‍ പ്രധിഷേധിക്കേണ്ടിയിരിക്കുന്നു.

Tuesday, October 9, 2007

ഗ്രീറ്റിങ്ങ്സ് കാര്‍ട്ടൂണ്‍


മാത്രുഭൂമി പത്രത്തില്‍ 1990ലോ 91ലോ ചിത്രകാരന്‍ എഴുതിയ ഗ്രീറ്റിങ്ങ്സ് കാര്‍ഡിനെക്കുറിച്ചുള്ള ഒരു ലേഖനത്തിന് ചിത്രകാരന്‍ തന്നെ വരച്ച കാര്‍ട്ടൂണ്‍ ഇലസ്ട്രേഷനാണിത്. വ്യാപാരി ഉപഭോക്താവിനെ ആശംസിക്കാനായി ഗ്രീറ്റിങ്ങ്സ് കാര്‍ഡുകളുമായി ഓടിനടക്കുന്ന രംഗം... സാദ്ധ്യത എന്നൊക്കെ പറയാം! കുറേക്കാലം കാര്‍ട്ടൂണ്‍ വരക്കാതിരുന്ന് പിന്നീട് വരക്കുംബോളുണ്ടാകുന്ന ശൈലീ മാറ്റം പ്രകടമായുള്ളതിനാല്‍ ഇതിലെ കാര്‍ട്ടൂണ്‍ ശൈലി വളരെ ആനന്ദം നല്‍കിയിരുന്നു.
ഈ കാര്‍ട്ടൂണ്‍ വരച്ചത് പേപ്പറിനു പകരം ലിത് ഫിലിമ്മിലാണെന്നാണ് ഓര്‍മ്മ.
ആവശ്യത്തിനു പ്രതിഫലം ലഭിക്കാതെ പ്രശസ്തിക്കുമാത്രം വരക്കുന്നതില്‍ താല്‍പ്പര്യമില്ലാത്തതിനാല്‍ പിന്നീട് കാര്യമായൊന്നും വരച്ചില്ല... (ചില പരസ്യങ്ങള്‍ക്കുവേണ്ടിയല്ലാതെ)

ഈ കാര്‍ട്ടൂണ്‍ ഇലസ്ട്രേഷന്‍ പ്രസിദ്ധീകരിച്ച മാത്രുഭൂമി ലേഖനം ഇവിടെ ഞെക്കിയാല്‍ കാണാം.

Thursday, October 4, 2007

അതിമനോഹരമായ മരണം !ഒരു മനുഷ്യന്‍ മരിക്കുന്നതിനെ അതിമനോഹരമെന്ന് വിശേഷിപ്പിക്കുന്നത് ക്രൂരതയായി തോന്നാം. തന്റെ ജീവിതത്തിന്റെ അവസാന ശ്വാസംവരെ മാനവികതക്കുവേണ്ടി ഊര്‍ജ്ജ്വസ്വലതയോടെ സംസാരിച്ച എം.എന്‍.വിജയന്‍ മരണത്തെ പുല്‍കിയത് അതിമനോഹരമായാണ്.

ഭാഗ്യവാന്‍ !!!

ഇത്തരം ഒരു മരണം കൊതിപ്പിക്കുന്ന സൌന്ദര്യമുള്ളതാണ്.

ജീവന്റെ അവസാന ശ്വാസംവരെ ഉപയോഗിച്ച് നമുക്കു പറയാനുള്ളതെല്ലാം പറയാനും, ചെയ്യാനുള്ളതെല്ലാം ചെയ്യാനും കഴിയുകയെന്നതുതന്നെയാണ് ജീവിത സായൂജ്യം.

അത്യപൂര്‍വ്വമായ ആ യോഗം വിജയന്‍ മാഷിനു ലഭിച്ചു... ധന്യമാണ് ആ ജീവിതം.


ഇന്നലെ ഉച്ചക്ക് ഏതാണ്ട് 12.30 ന് അപ്രതീക്ഷിതമായും,നാടകീയമായും വിജയന്‍ മാഷ് മരിക്കുന്നത് ടിവിയിലൂടെ കേരളം കണ്ടു. ആ ശരീരത്തില്‍നിന്നും അവസാനത്തെ ജ്വാലയും അക്ഷരങ്ങളായി പൂര്‍ത്തിയായ വാക്കുകളായി വജ്രരൂപം‌പൂണ്ട ആശയങ്ങളായി പുറത്തുവരുന്ന ദൃശ്യം ഒരിക്കലും മറക്കാനാകാത്ത അനുഭവമായി. “ശബ്ദം ബാക്കിയുണ്ടെങ്കില്‍ അതു പുറത്തു പറയണമെന്നു പറഞ്ഞ മഹാനാണ് എം എന്‍ വിജയന്‍" കാരണം നമ്മളെല്ലാം ശബ്ദം എങ്ങിനെ വിഴുങ്ങാം എന്നു പഠിച്ചവരും ,പ്രയോഗിക്കുന്നവരുമായതിനാല്‍ ആ വാക്കുകള്‍ക്ക് ആഴമുള്ള ആന്തരാര്‍ഥമുണ്ട്.


കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എന്ന പഴയ മാലാഖയുടെ പൊയ്‌മുഖത്തിനു പിന്നിലെ സ്ഥാപിതതാല്‍പ്പര്യങ്ങളുടെ വര്‍ത്തമാനകാലത്തെ പിശാചിനെ നമുക്കു ചൂണ്ടിക്കാണിച്ചു തരാനാണ് അവസാന നിമിഷങ്ങളില്‍ വിജയന്മാഷ് തന്റെ ജീവശ്വാസം ഉപയോഗിച്ചത് എന്ന വസ്തുത നമ്മുടെ ചിന്തകളേയും, നിലപാടുകളേയും ജ്വലിപ്പിക്കേണ്ടതാണ്.


മരണം ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണെന്നു പറയുന്നത് തികഞ്ഞ പൈങ്കിളിത്തമാകും. (ഒരു ചാനല്‍ അങ്ങിനെ വിശേഷിപ്പിക്കുനതുകണ്ടു). എന്നാല്‍ ജീവിതത്തിന്റെ അവസാന ശ്വാസം വരെ ജീവിതം ഒരു രാഷ്ട്രീയപ്രവര്‍ത്തനമാണെന്ന് ജീവിച്ചു തെളിയിച്ച നമ്മുടെ നാടിന്റെ ദാര്‍ശനിക ആചാര്യന്‍ തന്നെയാണ് വിജയന്‍ മാഷ്. ശ്രീനാരായണ ഗുരുവില്‍ നിന്നും വളര്‍ന്നു നില്‍ക്കുന്ന കേരളത്തിന്റെ വര്‍ത്തമാന മാനവികതയുടെ ഉഗ്ര തേജസ്സാണ് വിജയന്‍ മാഷിന്റെ ഉള്ളടക്കം.


അദ്ദേഹത്തിനു പറ്റിയ ചെറിയൊരു പിശക് വ്യക്തി ബന്ധ്ങ്ങളുടെ പേരില്‍ വഹിച്ച ചില സ്ഥാനമാനങ്ങള്‍ മാത്രമായിരിക്കും. ആ ഗ്രഹണത്തില്‍നിന്നും അദ്ദേഹത്തിനു പുറത്തുവരാനായി എന്നത് അദ്ദേഹത്തിന്റെ സൂര്യതേജസ്സിന്റെ മഹത്വം തന്നെയാണ്. വിജയന്‍ മാഷെപ്പോലുള്ള ഒരു ചിന്തകന്‍ മസിലും,പണപ്പെട്ടിയും താങ്ങി നടക്കുന്ന രാഷ്ട്രീയക്കാരന്റെ പിറകേ നടക്കേണ്ടവനായിരുന്നില്ല. രാഷ്ട്രീയത്തിനു ലക്ഷ്യബോധം നല്‍കാന്‍ പ്രാപ്തനായിരുന്ന അദ്ദേഹത്തെ രാഷ്ട്രീയത്തിനു മുന്നില്‍ നടക്കാന്‍ അനുവദിക്കാനുള്ള സംസ്കാരം ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കുണ്ടായില്ല എന്നതില്‍ ലജ്ജിക്കുക.


ചിത്രകാരന് പിണറായിയുടെ അനുശോചന സന്ദേശം വായിച്ച് ചിരി വന്നു.

“നല്ല കലാലയ അദ്ധ്യാപകനായിരുന്നു അദ്ധേഹം”
......................................................................................................................
ഫോട്ടോ കടപ്പാട്: കേരള കൌമുദി പത്രം 4-10-07


Wednesday, October 3, 2007

മാതൃഭൂമി ഊതി വലുതാക്കുന്ന ബൂലോകം?


മാത്രുഭൂമി പത്രം കഴിഞ്ഞവര്‍ഷം ഇതേ കാലത്തു പ്രസിദ്ധീകരിച്ച സണ്‍‌ഡേ സപ്ലിമെന്റിലെ ലേഖനം വായിച്ചാണ് അന്നു തന്നെ ഒരു ബ്ലൊഗ് ഉണ്ടാക്കി ചിത്രകാരന്‍ ഈ ബൂലോകത്ത് എത്തിപ്പെട്ടത്. ഇപ്പോള്‍ മാത്രുഭൂമി ആഴ്ച്ചപ്പതിപ്പും ബ്ലൊഗുകളെക്കുറിച്ച് ഒരു കവര്‍ സ്റ്റോറി പ്രസിദ്ധീകരിച്ചുകൊണ്ട് ബ്ലൊഗ് എന്ന ജനാധിപത്യ മാധ്യമത്തിന് കനത്ത പ്രോത്സാഹനം നല്‍കിയിരിക്കുന്നു.

വിശാലമനസ്കനുമായുള്ള ഓണ്‍ലൈന്‍ ഇന്റര്‍വ്യുവും, അദ്ദേഹത്തിന്റെ തന്നെ ഒരു സാബിള്‍ ബ്ലൊഗ്കഥയും പുറമെ വി.കെ ആദര്‍ശ് എന്ന ബ്ലൊഗറുടെ ബ്ലൊഗിനെക്കുറിച്ചുള്ള ലേഖനവും,അദ്ദേഹം തന്നെ എഴുതിയ ബ്ലൊഗ് തുടങ്ങാനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളടങ്ങിയ കുറിപ്പും വളരെ പ്രാധാന്യത്തോടെ ധാരാളം ഇലസ്ട്രേഷനുകള്‍ സഹിതം പ്രസിദ്ധീകരിച്ചിരിക്കുന്നു.
മാത്രുഭൂമി ആഴ്ച്ചപ്പതിപ്പിന്റെ മുഖച്ചിത്രവും ബ്ലൊഗുതന്നെ. ഇത്രയും പ്രാധാന്യം ബ്ലൊഗിനു മാതൃഭൂമി നല്‍കുംബോള്‍ ബ്ലൊഗിന്റെ വികസന സാദ്ധ്യതയാണ് വ്യക്തമാകുന്നത്. ആ ദീര്‍ഘദര്‍ശിത്വത്തിനു നന്ദി പറയുക. (വിശാല മനസ്കന്റെ കഥയൊഴിച്ച് -സെപ്തംബര്‍ 16ന്റെഓര്‍മ്മ...-മറ്റെല്ലാം നോക്കുകയല്ലാതെ,വായിക്കാന്‍ ചിത്രകാരന്റെ ക്ഷമ അനുവദിച്ചില്ലെന്നും,അതേക്കുറിച്ചുള്ള കമന്റുകള്‍ക്ക് മറുപടിപറയാന്‍ ബാധ്യതയില്ലെന്നും മുങ്കൂര്‍ ജാമ്യമെടുത്തിരിക്കുന്നു)

ഈ ആഴ്ച്ചയിലെ (2007ഒക്ടോബര്‍7)മാത്രുഭൂമി വീക്കിലി വായിക്കാത്തവര്‍ വായിക്കുക.

അച്ചടി മാധ്യമ രംഗത്തിന് ബ്ലൊഗ് വെല്ലുവിളിയാകുന്നു എന്ന വെളിപാടുകള്‍
മാത്രുഭൂമി കവര്‍പ്പേജുമുതല്‍ ഉള്‍പ്പേജില്‍ വരെ വാരി വിതറിയിരിക്കുന്നു. നമ്മുടെ ബ്ലൊഗ്ഗേഴ്സിന്റെ മിഥ്യാധാരണകളും അമിത പ്രതീക്ഷകളും വെല്ലുവിളിയായി കവിഞ്ഞൊഴുകുന്നുണ്ടായിരിക്കുമെങ്കിലും അച്ചടി രംഗത്തിന് ഒരു വെല്ലുവിളി ബ്ലൊഗില്‍ നിന്നും ഉണ്ടാകുമെന്ന് ചിത്രകാരന്‍ കരുതുന്നില്ല.(അങ്ങനെ ഒരു ഭയം ഉണ്ടായിരുന്നെങ്കില്‍ കൂടുതല്‍പേരെ ബ്ലൊഗിലേക്ക് പരിചയപ്പെടുത്തിക്കൊണ്ട് ഒരു നഷ്ടക്കച്ചവടത്തിന് മാതൃഭൂമി മുതിരില്ലല്ലോ!) സത്യം പുലരുന്നതിനായി നിലവിലുള്ള മാധ്യമങ്ങളെക്കാള്‍ ബ്ലൊഗിന് ഉണര്‍ന്നിരിക്കാന്‍ കഴിയുമെന്നാല്ലാതെ സത്യത്തിന്റെ വഴിയില്‍ സഞ്ചരിക്കുന്ന ആര്‍ക്കും വെല്ലുവിളി ഉയര്‍ത്താന്‍ ബ്ലൊഗിനാകില്ലെന്നുതന്നെ ചിത്രകാരന്‍ ഉറച്ചു വിശ്വസിക്കുന്നു.

മാത്രുഭൂമി വീക്കിലിയില്‍ മുഖച്ചിത്രമായിവന്ന ആര്‍ട്ടിസ്റ്റ് മുരളീധരന്റെ ചിത്രം ചിലബ്ലൊഗ്ഗേഴ്സ് ഉയര്‍ത്തിക്കാണിക്കുന്ന വെല്ലുവിളിയെ നീരസത്തോടെ പരിഹസിക്കുന്ന ഒന്നാണെന്ന് ശ്രദ്ധിച്ചു നോക്കിയാല്‍ മനസ്സിലാകും. സ്വന്തം ആസനത്തില്‍നിന്നും കിളിര്‍ത്തുവന്ന ചെംബരത്തി തറയില്‍ പച്ചനിറമായി ഒഴുകിപ്പരന്ന് ആ പച്ചപ്പില്‍നിന്നും പൂവ്വും ഇലയുമായി ഉയിര്‍ത്തേണീറ്റ് തന്റെ സ്രഷ്ടാവായ ബ്ലൊഗ്ഗറുടെ നാസാരന്ധ്രങ്ങള്‍ക്ക് സുഗന്ധാനുഭൂതിനല്‍കുന്ന വിരേചനകൃത്യം മാത്രമാണ് ബ്ലൊഗെന്ന് ധ്വനിപ്പിക്കുന്ന കഴിവുറ്റ ആ ചിത്രകാരന്‍ ... തന്റെ മനസ്സിലെ പരിഹാസവിഷം ഭാവനയില്‍ ചേര്‍ത്ത് പ്രിന്റു മീഡിയയോട് കൂറു പ്രഖ്യാപിക്കുന്നത് ചിത്രകാരന്റെ മാത്രം തോന്നലാകട്ടെ എന്ന് ആശിക്കട്ടെ!!!!! ഹ ഹ ഹ ഹ ഹ ......

ആര്‍ക്കുവേണം ഇനി പത്രാധിപരേ എന്ന വാചകത്തിലെ പുച്ഛരസം ബ്ലൊഗിനിട്ടൊരു കുത്തുതന്നെയല്ലേ?
പത്രാധിപരെ പത്ര ഉടമക്കു വേണ്ടാതെ വരില്ല... എന്നുത്തരം.
ബ്ലൊഗറെക്കൊണ്ട് എന്തായാലും പത്രം നടത്താനാകില്ലല്ലോ!

മാത്രുഭൂമിക്കും, ബൂലോകത്തെ പുതിയ കൂട്ടുകാര്‍ക്കു പരിചയപ്പെടുത്താന്‍ സഹായിക്കുന്ന ബ്ലൊഗ് സുഹൃത്തുക്കള്‍ക്കും ബ്ലൊഗറെന്നനിലയില്‍ ചിത്രകാരന്‍ നന്ദി പറയുന്നു.
.............................................................................................................
ഇന്നലെ (10-10-07)മാത്രുഭൂമി ആഴ്ച്ചപ്പതിപ്പ് അലസമായി മറിച്ചുനോക്കുന്നതിനിടയില്‍ ... അതാകിടക്കുന്നു രണ്ടു ബ്ലോഗ് രചനകള്‍ കൂടി !!!
കുറുഞ്ഞി ഓണ്‍ ലൈനിലെ ജോസഫ് അഗസ്റ്റിന്റെ കൊട്ടുവടി നിര്‍മ്മാണ രഹസ്യത്തെക്കുറിച്ചുള്ള ചാരായനിരോധനമെന്ന കണ്ടുപിടിത്തം എന്ന അതീവ രസകരമായ പോസ്റ്റും,വണ്‍ സ്വാളോയുടെ മാര്‍ക്കേസിന്റെ മലയാളി പിതാവ് വിജ്ഞാനപ്രദമായ പൊസ്റ്റും.
ഈ രണ്ടു പോസ്റ്റും ചിത്രകാരന്‍ വീക്കിലിയില്‍ കാണാതിരുന്നത് കഷ്ടമായി തോന്നുന്നു. മറ്റു മൂന്നു ലേഖനങ്ങള്‍ തന്നെ വളരെ കൂടുതലായി തോന്നിയതിനാല്‍ ഇനിയും ബ്ലൊഗ് സൃഷ്ടികള്‍ ഉണ്ടാകുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല.ഇനി ഇതൊന്നും കൂടാതെ മറ്റുവല്ലതും ആ ലക്കത്തില്‍ ഉണ്ടെങ്കില്‍ ക്ഷമിക്കുക. സത്യമായും ചിത്രകാരന്റെ ശ്രദ്ധക്കുറവുകോണ്ടാണ്.