
ഇന്നത്തെ പ്രഭാതത്തെ പ്രതീഷാനിര്‍ഭരമാക്കിക്കൊണ്ട് ഈ അഭിമാനകരമായ വാര്‍ത്ത ചിത്രകാരന്റെ മുന്നിലെത്തിച്ചതിന്റെ പേരില്‍ മാതൃഭൂമിയോട് കൃതജ്ഞതയറിയിക്കട്ടെ.വാര്‍ത്ത കൊടുത്തു എന്നതിലുപരി ഈ വാര്‍ത്തക്കു നല്‍കിയിരിക്കുന്ന സ്ഥാനമാണ് ചിത്രകാരനെ കൂടുതല്‍ സന്തോഷിപ്പിക്കുന്നത്.ഒന്നാം പേജില്‍ ഏറ്റവും മുകളിലായി ശാസ്ത്രന്വേഷകയായ ഹനാന്‍ ബിന്ത് ഹഷീം എന്ന പതിനഞ്ചുകാരിയുടെ പടവും വാര്‍ത്തയും നല്‍കുന്നതിലൂടെ പത്രാധിപ സമിതിയില്‍ പത്ര ധര്‍മ്മം എന്താണെന്ന് ബോധ്യമുള്ള അരെല്ലാമോ ഉണ്ട് എന്ന് മാതൃഭൂമി തെളിയിച്ചിരിക്കുന്നു. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത സിസി ജേക്കബ് ആരാധന കൂടി വസ്തുനിഷ്ടയില്‍ നിന്നും അകന്നിരിക്കുമോ എന്നു ഭയമുണ്ടെങ്കിലും ധന്യമായ ഒരു കൃത്യമാണ് ചെയ്തിരിക്കുന്നത്.അവരോടും നന്ദി പറയുന്നു.
ഹനാന്‍ ബിന്‍ത് ഹാഷിം
നമ്മുടെ അഭിമാനമായി മാറിയ റസൂല്‍ പൂക്കുട്ടിക്കും, എ.ആര്‍.റഹ്‌മാനും ശേഷം ഹനാന്‍ ബിന്ത് ഹഷീം എന്ന പതിനഞ്ചുകാരിയും
ലോകത്തിന്റെ വേലക്കാര്‍ മാത്രമായ നമ്മളും ബുദ്ധിയുള്ളവരാണെന്ന് ലോകത്തിനുമുന്നില്‍ സാക്ഷ്യപ്പെടുത്തുമെന്ന് തോന്നുന്നു.മാതൃഭൂമിയുടെ ഇന്നത്തെ ഒന്നാം പേജ് വാര്‍ത്ത വസ്തുനിഷ്ടമാണെങ്കില്‍ ഹനാന്‍ നമ്മുടെ വെളിച്ചത്തിലേക്കുള്ള പ്രതീക്ഷയാണ്. ആ മിടുക്കി ആത്മബോധത്തോടെ പറയുന്ന ഒരു വാചകമാണ് ചിത്രകാരനില്‍ പ്രതീക്ഷയുണ്ടാക്കുന്നത്. “മറ്റു രാജ്യങ്ങളെ ആശ്രയിച്ചാണ് ഞാന്‍ നില്‍ക്കുന്നത്.അതില്‍ എനിക്ക് നാണക്കേടുണ്ട്.എന്റെ വിഷയം പഠിക്കാന്‍ പറ്റിയ സ്ഥപനം എന്റെ നാട്ടിലില്ലാത്തപ്പോള്‍ എനിക്കതേ ചെയ്യാന്‍ പറ്റു”
ചിത്രകാരന്റെ പ്രിയപ്പെട്ട ഹനാന്‍ മോളേ ഈ ചിത്രകാരനും ആ ദുഖം പങ്കുവക്കുന്നു. ചിത്രകാരന്‍ സ്വന്തമെന്നു കരുതി ഉപയോഗിക്കുന്ന വാച്ചിലെ ബട്ടണ്‍ സെല്‍ മുതല്‍ അല്ലെങ്കില്‍ ബോള്‍ പെന്നിലെ ബോള്‍ മുതല്‍...ഇന്ന് നമ്മള്‍ കാശുകൊടുത്ത് അഹങ്കാരത്തോടെ ഉപയോഗിക്കുന്ന ഈ കംബ്യൂട്ടറും, മൊബൈലും,കാല്‍ക്കുലേറ്ററും,കാറും,ഒന്നും സത്യത്തില്‍ നമ്മുടേതല്ലല്ലോ എന്ന ബോധം ലജ്ജിപ്പിക്കുന്നതാണ്.
അതിനൊരറുതിവരുത്താന്‍ ആയിരം ഹനാന്മാര്‍ ജന്മമെടുക്കട്ടെ എന്ന് കൊതിച്ചുപോകുന്നു.
നമ്മുടെ എഞ്ചിനീയറീങ്ങ് കോളെജുകളിലും, യൂണിവേഴ്സിറ്റികളിലും നിര്‍മ്മിക്കപ്പെടുന്ന വന്ധ്യംങ്കരിച്ച അടിമ വേലക്കാരെയോര്‍ത്ത്
ദുഖിക്കുന്നു. റിട്ടയറാകുന്നതുവരെ നമ്മുടെ ഭാവി തലമുറയെ ക്ഷ്വരം പഠിപ്പിക്കുന്ന പ്രഫസര്‍മാരെ വല്ല ക്ഷേത്രങ്ങളിലെ ശാന്തിപ്പണിക്കോ,പള്ളികളിലെ മുക്രിജോലിക്കോ നിയോഗിക്കുന്നതാണ് ഉത്തമം. മുക്രികള്‍ക്ക് 4000 രൂപ പെന്‍ഷന്‍ നല്‍കി പ്രോത്സാഹിപ്പിക്കുന്ന ഭരണ കര്‍ത്താക്കളുള്ള ഈ നാടിനെ രക്ഷിക്കാന്‍ ഹനാന്മാര്‍ക്ക് വിദേശ രാജ്യങ്ങളെത്തന്നെ ആശ്രയിക്കേണ്ടിവരും !

