Wednesday, January 30, 2013

നങ്ങേലി-മുലക്കരത്തിന്റെ രക്തസാക്ഷി


ഈ ജനുവരി 30നും പതിവുപോലെ നാം നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാഗാന്ധിയെ വെടിവച്ചുകൊന്നതിന്റെ പാപക്കറ പൂക്കളിലൊളിപ്പിച്ച്,രക്തസാക്ഷിത്വത്തിന്റെ 65 ആം വാര്‍ഷികം ആചരിക്കുന്നു. നമ്മുടെ കൈകളിലെ രക്തക്കറയൊഴിച്ച് മറ്റേത് വിഷയത്തെക്കുറിച്ചും നാം ചര്‍ച്ചചെയ്യും. പക്ഷേ, ആ ചോരക്കറയെക്കുറിച്ച് പഠിക്കാനും പശ്ചാത്തപിക്കാനും നാം എന്നാണു പ്രാപ്തി നേടുക !! മുന്നോട്ടു പോകണമെങ്കില്‍ ആ ചോരക്കറയുടെ ഉത്തരവാദിത്വം വെറുമൊരു ഗോഡ്സെയില്‍ മാത്രം ചുമത്താതെ നമ്മുടെ സാംസ്ക്കാരിക പങ്കുകൂടി വീതിച്ചെടുക്കാതെ വയ്യ. ഹിന്ദുത്വം എന്ന് നാം ദുരഭിമാനിക്കുന്ന 1500 വര്‍ഷം പഴക്കമുള്ള സാംസ്ക്കാരിക ജീര്‍ണ്ണതയുടെ രക്തസാക്ഷിയായാണ് മഹാത്മാഗന്ധിയും കൊല്ലപ്പെട്ടതെന്ന് ചിത്രകാരന്‍ വിശ്വസിക്കുന്നു. പാല്‍പ്പായസം പോലുള്ള അംഗീകൃത ചരിത്രങ്ങളുടെ മൌനം കട്ടപിടിച്ച ഇടനാഴികളില്‍ കെട്ടിക്കിടക്കുന്ന കൊല്ലപ്പെട്ട ചരിത്രങ്ങളുടെ രക്തകുളങ്ങളെ രേഖപ്പെടുത്തേണ്ടത് മാനവികതയുടെ സത്യസന്ധതയുടെ ഭാഗമാണെന്നെങ്കിലും നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.  സത്യാന്വേഷകനും സത്യാഗ്രഹിയുമായിരുന്ന മഹാത്മാഗാന്ധിയുടെ 65 ആം രക്തസാക്ഷി ദിനത്തില്‍ അത്രത്തോളം തന്നെ മഹത്തരമായ ത്യാഗത്തിലൂടെ കേരളത്തിലെ തിരുവിതാംകൂര്‍ രാജ്യത്ത് സ്ത്രീകള്‍ക്ക് “മുലക്കരം” നല്‍കാതെ മാറുമറക്കാനുള്ള സ്വാതന്ത്ര്യം നേടിത്തന്ന “നങ്ങേലി”യുടെ ഒരു ചിത്രം വരച്ചു പൂര്‍ത്തിയാക്കിയതായി ജനങ്ങളെ അറിയിച്ചുകൊള്ളുന്നു. നമ്മുടെ പണ്ഡിത പ്രമാണികളായ ചരിത്രകാരന്മാര്‍ ചരിത്രത്തില്‍ ഉള്‍പ്പെടുത്താന്‍ മനപ്പൂര്‍വ്വം മറന്നു പോയ ചരിത്രമാണ് കേരള സ്ത്രീത്വത്തിന്റെ മഹനീയ മാതൃകയായ നങ്ങേലിക്കുള്ളത്. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല പട്ടണത്തില്‍ “മുലച്ചിപ്പറമ്പ്” എന്ന സ്ഥലം ഇപ്പോഴും അനാഥമായി സ്ഥിതിചെയ്യുന്നുണ്ട്. ചരിത്രമറിയുന്നവരും, നങ്ങേലിയുടെ ബന്ധുജനങ്ങളും ചേര്‍ത്തലയിലുണ്ട്. മുലക്കരം അടക്കാത്തതിന്റെ കാരണം അന്വേഷിച്ചുവന്ന  തിരുവിതാംകൂര്‍ രാജാവിന്റെ അധികാരി(വില്ലേജ് ഓഫീസര്‍ / പ്രവര്‍ത്തിയാര്‍ ) ക്ക് മുന്നില്‍ നിലവിളക്കു കത്തിച്ചുവച്ച്, നാക്കിലയിലേക്ക് ഭക്ത്യാദരപൂര്‍വ്വം മുലകള്‍ മുറിച്ചുവച്ച്  മുലക്കരത്തില്‍ നിന്നും മുക്തി നേടിയ നങ്ങേലി, മുലക്കരം നിറുത്തല്‍ ചെയ്യാനുള്ള നിമിത്തമാവുകയായിരുന്നു. മാറു മറക്കാനുള്ള അവകാശത്തിനായി 50 വര്‍ഷത്തിലേറെക്കാലം തിരുവനന്തപുരത്ത്  മേല്‍ വസ്ത്രം ധരിച്ചുകൊണ്ട് നിയമ ലംഘനങ്ങള്‍ നടത്തിപ്പോന്നതിന്റെ പേരില്‍ മൃഗീയമായി രാജ കിങ്കരന്മാരുടെ ആക്രമണത്തിനിരയായിരുന്ന കൃസ്തുമതക്കാരായ ചാന്നാര്‍ സ്ത്രീകള്‍ നടത്തിയ സമരത്തിന്റെ പരിസമാപ്തിയായി നങ്ങേലിയുടെ ധീരോജ്ജ്വലമായ ത്യാഗത്തെ ഒരു ചിത്രകാരനെന്ന നിലയില്‍ ഈ പെയിന്റിങ്ങിലൂടെ രേഖപ്പെടുത്തട്ടെ. ഇതോടൊപ്പം കൊടുത്തിരിക്കുന്ന പെയിന്റിങ്ങ് മുഴുവന്‍ ചിത്രത്തിന്റെ ഒരു ഭാഗം മാത്രമാണ്. പൂര്‍ണ്ണ ചിത്രം പിന്നീട്.  ഈ ചിത്രം കൂടാതെ മറ്റൊരു ചിത്രം കൂടി നങ്ങേലിയെക്കുറിച്ച് വരച്ചുകൊണ്ടിരിക്കുന്നുണ്ട്. ഫെബ്രുവരിയില്‍ ആ ചിത്രവും പൂര്‍ത്തിയാക്കി പോസ്റ്റു ചെയ്യുന്നതാണ്. മുത്തപ്പന്‍ ബ്ലൊഗില്‍ നങ്ങേലിയെക്കുറിച്ചു വന്ന പോസ്റ്റിന്റെ ലിങ്ക് താഴെ കൊടുക്കുന്നു.

ഭാര്യയുടെ ചിതയില്‍ ചാടി സതി അനുഷ്ടിച്ച കണ്ടപ്പന്‍


Saturday, January 12, 2013

വില്ലുവണ്ടി യാത്ര

അറിവില്ലായ്മയുടേയും അടിമത്വത്തിന്റേയും തടവറയില്‍ സര്‍വ്വാധിപതികളായ കോമാളികളായി അഭിനയിച്ചുകൊണ്ടിരുന്ന കേരളത്തിലെ ശൂദ്ര രാജാക്കന്മാര്‍ ജനങ്ങളെ ക്രൂരമായി അപമാനിച്ചും ഹീനമായ നികുതികളാല്‍ കൊള്ളയടിച്ചും തങ്ങളുടെ അപകര്‍ഷതക്ക് ആശ്വാസം കണ്ടെത്തിയിരുന്ന ഇരുണ്ട കാലത്താണ് കേരളത്തിന്റെ അഭിമാനമായ സാമൂഹ്യ പരിഷ്ക്കര്‍ത്താവായ അയ്യങ്കാളി ഉദിച്ചുയരുന്നത്. പൊതുവഴിയിലൂടെ സഞ്ചാര സ്വാതന്ത്ര്യമോ അക്ഷരം പഠിക്കാനുള്ള അവകാശാമോ മനുഷ്യരെന്ന് സ്വയം അഭിമാനിക്കാനുള്ള സാഹചര്യങ്ങളോ ഇല്ലാതിരുന്ന നരാധമ രാജഭരണത്തിന്‍ കീഴില്‍ അടിമത്വത്തിന്റെ ഏറ്റവും തിക്തഫലങ്ങള്‍ അനുഭവിച്ചിരുന്ന ജന വിഭാഗങ്ങള്‍ക്കിടയില്‍ നിന്നും ഉയര്‍ന്നുവന്ന അയ്യന്‍ കാളി തന്റെ സമൂഹത്തിനായി പടിപടിയായി മനുഷ്യാവകാശങ്ങള്‍ നേടിയെടുത്ത ചരിത്രത്തിന്റെ നാള്‍ വഴികളില്‍ പ്രധാനപ്പെട്ട വില്ലുവണ്ടി യാത്രയുടെ ശില്‍പ്പാവിഷ്ക്കാരമാണ് എറണാകുളം ചെറായിയിലെ അംബേദ്ക്കര്‍ ബീച്ചില്‍ കാണാനാകുക. പണത്തിനു പുറകേയുള്ള നെട്ടോട്ടത്തില്‍ സ്വന്തം അച്ഛനാരെന്ന സത്യം പോലും വിസ്മരിക്കുന്ന സാംസ്ക്കാരികത നിലനില്‍ക്കുന്ന സമൂഹത്തില്‍ ചരിത്രത്തെക്കുറിച്ച് ബോധം നല്‍കുന്ന ചൂണ്ടു പലകകള്‍ പോലെ ഈ ശില്‍പ്പങ്ങള്‍ പ്രാധാന്യമര്‍ഹിക്കുന്നു. അംബേദ്ക്കറുടേയും അയ്യന്‍ കാളിയുടെ വില്ലുവണ്ടി യാത്രയുടേയും ശില്‍പ്പങ്ങള്‍ ഒരുക്കിയിരിക്കുന്നത് ശില്‍പ്പിയും ആര്‍ച്ചിടെക്റ്റുമായ പി.ടി.രാജു ഏഴിക്കരയാണെന്ന് ഇവിടെ ആലേഖനം ചെയ്തു കാണുന്നു. 30.8 2012 ലാണ് ഈ ശില്‍പ്പങ്ങള്‍ ബീച്ചിന്റെ ഭാഗ്യമായി ഔപചാരികമായി സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. ചേറായിയിലെ ഡോ.ബി.ആര്‍.അംബേദ്ക്കര്‍ സ്മാരക സമിതിയുടെ താല്‍പ്പര്യത്തില്‍ നിര്‍മ്മിച്ച് പരിപാലിക്കപ്പെടുന്ന ഈ ശില്‍പ്പങ്ങള്‍ സമൂഹത്തിനു ലക്ഷ്യബോധം നല്‍കട്ടെ. ചിത്രകാരന്‍ എടവനക്കാട്ടെ സുഹൃത്തായ സുദേഷുമൊന്നിച്ച് ഈ ശില്‍പ്പത്തെക്കുറിച്ച് കേട്ടറിഞ്ഞ് നട്ടുച്ച നേരത്ത് അംബേദ്ക്കര്‍ ബീച്ചിലൂടെ ഒരു ഓട്ട പ്രദിക്ഷണം നടത്തിയതിന്റെ ചിത്രങ്ങള്‍ താഴേ ചേര്‍ത്തിരിക്കുന്നു.Monday, January 7, 2013

സര്‍ക്കാര്‍ ജീവനക്കാര്‍ പെരുച്ചാഴികളോ ?

ഇന്നത്തെ പത്രം വായിച്ചുവോ ? (7.1.2013) സര്‍ക്കാര്‍ ജീവനക്കാര്‍ പ്രഖ്യാപിച്ച സമരത്തിന്റെ അപ്രസക്തി തുറന്നുകാട്ടാനാണെങ്കിലും, പത്രത്തില്‍ കേരള ഗവണ്മെന്റിന്റെ ഒരു വര്‍ഷത്തെ വരവു ചിലവു കണക്കുകള്‍ സംക്ഷിപ്തമായി പരസ്യപ്പെടുത്തിയിട്ടുണ്ട്.  2011-2012 സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ വരുമാനമായ 29197 കോടി രൂപയില്‍ 23537 കോടിയും ചിലവഴിച്ചത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും കൊടുക്കാനാണെന്ന് കാണുന്നു !! അതായത് സര്‍ക്കാര്‍ വരുമാനത്തിന്റെ 81% വും ജനസംഖ്യയുടെ 3%ത്തിനു താഴെ മാത്രമായ സര്‍ക്കാര്‍ ജീവനക്കാര്‍ ഒറ്റക്കു തിന്നുതീര്‍ക്കുമ്പോള്‍ ബാക്കി വരുന്ന കേവലം 19% വരുമാനത്തില്‍ നിന്നും മന്ത്രി, എം.എല്‍ . എ., മറ്റു വെള്ളാനകള്‍ എന്നിവരുടെ എസ്കോര്‍ട്ട്, ഉദ്ഘാടനം, തറക്കല്ലിടല്‍ , പ്രസംഗിച്ചു നാടു തെണ്ടല്‍ , ടി.എ., ഡി.എ. സര്‍ക്കാരിന്റെ കടവും പലിശയുമടക്കല്‍  തുടങ്ങിയ ജീവല്‍ പ്രശ്നങ്ങളെല്ലാം കഴിഞ്ഞിട്ടു വേണം വല്ല പാലമോ, സ്കൂളൊ, റോഡോ, ആശുപത്രിയോ, കളിസ്ഥലമോ മൊത്തം ജനങ്ങള്‍ക്കായി നിര്‍മ്മിച്ചു നല്‍കാന്‍ .

രാഷ്ട്രീയക്കാരുടെ ചക്കരക്കുടത്തില്‍ കയ്യിട്ടുമാന്തല്‍ നമുക്ക് വേറെ ചര്‍ച്ചചെയ്യാം.  കേരളത്തിലെ മൂന്നേക്കാല്‍ കോടിയിലേറെവരുന്ന ജനങ്ങള്‍ നല്‍കുന്ന നികുതിപ്പണത്തിന്റെ സിംഹഭാഗവും തിന്നുതീര്‍ക്കുന്നത് ഉത്പ്പാദനക്ഷമമോ ക്രിയാത്മകമോ അല്ലാത്ത വെറും ന്യൂനപക്ഷമായ 3%ല്‍ താഴെവരുന്ന  സര്‍ക്കാര്‍ ജീവനക്കാരാണെന്ന സത്യം ഭയാനകമായ നമ്മുടെ സാമൂഹ്യ വിപത്തിലേക്കാണ് അല്ലെങ്കില്‍ സാമൂഹ്യ അസമത്വത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. എന്തായാലും സര്‍ക്കാര്‍ ജീവനക്കാര്‍ വിളവു തിന്നുന്ന വേലികളായി നമ്മുടെ സമൂഹത്തിന്റെ വരുമാനം മുഴുവന്‍ നിയമവിധേയമായി ഒറ്റക്കു തിന്നുതീക്കാന്‍ തുടങ്ങിയത് കഴിഞ്ഞവര്‍ഷം മുതലല്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ നടത്തുന്ന -ഫലത്തില്‍ - ഖജനാവു കൊള്ളയടിക്കുന്ന ഈ വ്യവസ്ഥിതിയുണ്ടാക്കി നിലനിര്‍ത്തുന്നതില്‍ പങ്കുണ്ട്. സര്‍ക്കാര്‍ ജീവനക്കാരെ പ്രീണിപ്പിച്ച് നിര്‍ത്തുന്നതിലൂടെ മാത്രമേ അധികാരത്തിന്റെയും പൊതുമുതലിന്റേയും സുഗമമായ പങ്കുവെപ്പ്  സാധ്യമാകു എന്ന് ആര്‍ക്കാണറിയാത്തത് !

സര്‍ക്കാര്‍ പത്ര പരസ്യത്തിലെ പ്രസക്ത ഭാഗം

ഫലത്തില്‍ പെരുച്ചാഴികള്‍
സര്‍ക്കാര്‍ ജീവനക്കാര്‍ തൊഴിലാളികളല്ലേ, അവര്‍ക്ക് നല്ല ശംബളവും ആനുകൂല്യങ്ങളും നല്‍കേണ്ടത് ഏതൊരു സമൂഹത്തിന്റേയും സര്‍ക്കാരിന്റേയും ധാര്‍മ്മിക ബാധ്യതയും മാനുഷിക കാഴ്ച്ചപ്പാടിന്റെ ഭാഗവുമല്ലേ എന്ന് കൂലിപ്പണിയേടുക്കുന്ന കണാരേട്ടനും ഓട്ടോ റിക്ഷ ഓടിക്കുന്ന ജമാലിക്കയും ബീഡി തേറുക്കുന്ന പ്രസന്നേച്ചിയും വരെ നിരവധി ന്യയങ്ങള്‍ നിരത്തി ചോദിക്കും. കാരണം, “തൊഴിലാളി വര്‍ഗ്ഗത്തിന്റെ” അവകാശങ്ങള്‍ക്കു വേണ്ടി തൂപ്പുകാരി തൊട്ട് ഐ.എ.എസ്സുകാരന്‍ വരെ നമ്മുടെ നാട്ടില്‍ ഒറ്റക്കെട്ടാണ്. സര്‍ക്കാര്‍ റേഷന്‍ കടകളിലൂടെ നീണ്ട ക്യൂകളുടെ അറ്റത്തു വിതരണം ചെയ്യുന്ന ബിപീ‌‌എല്‍ പിച്ചയായ രണ്ടു രൂപയുടെ അരി വാങ്ങിയുണ്ണുന്നവര്‍പോലും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശംബളവര്‍ദ്ധനയുണ്ടാകട്ടെ എന്നേ ആഗ്രഹിക്കു. കാരണം, നമ്മുടെ മൈന്‍ഡ് സെറ്റ് അങ്ങിനെയാണ്. നമ്മള്‍ ഉണ്ടില്ലെങ്കിലും ബ്രാഹ്മണരെ ഊട്ടണമെന്ന് നിര്‍ബന്ധമുള്ള അസ്സല്‍ വിഢികളുടെ നാടാണ്. പണ്ട് തിരുവിതാംകൂര്‍ രാജാക്കന്മാര്‍ നൂറിലേരെ പേരുകളില്‍ ചുമത്തിയിരുന്ന ക്രൂരമായ കൊള്ള നികുതികള്‍ ജനങ്ങളില്‍ നിന്നും പിരിച്ചെടുത്തിരുന്നത് അന്നത്തെ സര്‍ക്കാര്‍ ജീവനക്കാരായ പട്ടന്മാരെ തീറ്റിപ്പോറ്റാനും, ആയിരക്കണക്കിനു വരുന്ന ബ്രാഹ്മണര്‍ക്ക് ദിവസവും അന്നദാനം നടത്താനും, മുറജപം, ഹിരണ്യഗര്‍ഭം, തുലാപുരുഷദാനം  തുടങ്ങിയ ചടങ്ങുകളില്‍ ആയിരക്കണക്കിനു ബ്രാഹ്മണരെ തൃപ്തിപ്പെടുത്താനുമായി  സ്വര്‍ണ്ണം ദാനം ചെയ്യുന്നതിനുമായിരുന്നല്ലോ. ഇന്ന് ബ്രാഹ്മണര്‍ക്കു പകരം സര്‍ക്കാര്‍ ഗുമസ്തന്മാരും രാഷ്ട്രീയ പാര്‍ട്ടികളും നമ്മുടെ നികുതിപ്പണത്തിന്റെ അംഗീകൃത അവകാശികളായിരിക്കുന്നു !!

ആക്രാന്തം ശമിക്കുന്നില്ല !
ശമ്പളവും, പെന്‍ഷനും , പിന്നെ പലിശയും കൂടി നല്‍കണമെങ്കില്‍ 2981 കോടി രൂപ ഒരോ വര്‍ഷം കൂടുതലായി ജനങ്ങളുടെ പിച്ചച്ചട്ടിയില്‍ നിന്നും അധിക നികുതിയിനത്തില്‍ കണ്ടെത്തിയാലെ ഗവണ്മെന്റിന് പെരുച്ചാഴികളോടുള്ള ധാര്‍മ്മിക ബാധ്യത തീര്‍ക്കാനാകു എന്നാണ് സര്‍ക്കാര്‍ പരസ്യത്തിലെ വസ്തുതകള്‍ വെളിപ്പെടുത്തുന്നത്. അതിനിടക്കാണിപ്പോള്‍ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാതിരിക്കാനുള്ള ജീവനക്കാരുടെ “അവകാശ സമര” പ്രഖ്യാപനം !!! ഇവര്‍ക്ക് ഏതു കോത്താഴത്തെ അവകാശമാണ് ഇനി ജനങ്ങളില്‍ നിന്നും പിടിച്ചെടുക്കാനുള്ളത് ? ഗള്‍ഫിലെ മരുഭൂമിയില്‍ വറുത്തെടുക്കുന്ന പ്രവാസി മലയാളികളുടെ ചിലവില്‍ മൂന്നുനേരം ഉണ്ണാന്‍ മാത്രം പ്രാപ്തിയുണ്ടായിരിക്കുന്ന മലയാളിക്ക് ഏതാണ്ട് ഉപയോഗശൂന്യമായ സേവനദാതാക്കളായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അമേരിക്കയിലോ ഗള്‍ഫിലോ ലഭിക്കുന്ന മികച്ച വേതനവും ആനുകൂല്യങ്ങളും ചോദിക്കാന്‍ എന്ത് ന്യായമാണുള്ളത് ? കഴിയില്ലെങ്കില്‍ രാജിവച്ചു പോടെ എന്നു പറയേണ്ടതിനു പകരം, ഇവരെയൊക്കെ പ്രീണിപ്പിച്ച് പൊതുമുതല്‍ കൊള്ളയടിക്കാനുള്ള പുതിയ അധികാരാവകാശങ്ങള്‍ നല്‍കാനുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ശീലം എതിര്‍ക്കപ്പെടേണ്ടതുണ്ട്.

പെന്‍ഷനും ശമ്പളവും കുറക്കണം

കേരളത്തിലെ പരിധസ്ഥിതിയില്‍ ഒരാള്‍ക്ക് തന്റെ റിട്ടയര്‍മെന്റ് ജീവിതം നയിക്കാന്‍ ഒരു 4000 രൂപയിലധികമൊന്നും ആവശ്യമില്ല, എന്നിരിക്കെ കനത്ത പെന്‍ഷന്‍ വാങ്ങിയാണ് നമ്മുടെ ഏറെക്കുറെ പ്രയോജന രഹിതരായ പെന്‍ഷന്‍കാര്‍ പ്രമാണികളായി വിലസുന്നത്. അതുപോലെത്തന്നെ 6000 രൂപയിലധികം ശമ്പളം ലഭിക്കേണ്ട മലമറിക്കുന്ന ജോലിയൊന്നും ആവറേജ് സര്‍ക്കാരുദ്ധ്യൊഗസ്ഥനെക്കൊണ്ട് ചെയ്യിക്കാനാകില്ല. സമൂഹത്തിനാവശ്യമായ ഒരു ശാസ്ത്ര-സാമൂഹ്യ- സാംസ്ക്കാരിക പരിഹാരമൊന്നും സ്വയം വികസിപ്പിക്കാന്‍ ശേഷിയില്ലാത്ത നമ്മുടെ യൂണിവേഴ്സിറ്റി പ്രഫസ്ര്മാര്‍ക്കും മറ്റും ഒഴിവു സമയങ്ങളില്‍ ഹോട്ടലുകളില്‍ പാത്രം കഴുകാനുള്ള അധിക വരുമാന ജോലികളില്‍ ഇടപെടാന്‍ തോന്നുന്ന വിധത്തിലുള്ള കുറഞ്ഞ ശമ്പളം മാത്രം കൊടുക്കുന്ന ഒരു വ്യവസ്ഥിതി നടപ്പാക്കേണ്ടിയിരിക്കുന്നു. അതായത് ഫലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം നാലിലൊന്നായെങ്കിലും നിജപ്പെടുത്താതിരിക്കുന്നത് പൊതുജനം വിഢികളും രാഷ്ട്രീയ ബോധമില്ലാത്തവരുമായ അടിമകളായി തുടരാന്‍ ഇടവരുത്തുന്നുണ്ട്.

ശമ്പളം കുറക്കുന്നതിന്റെ പ്രയോജനങ്ങള്‍

നിലവില്‍ 40000 രൂപ ശമ്പളം വാങ്ങുന്ന ഒരു സര്‍ക്കാറുദ്ധ്യോഗസ്ഥന്‍ ജനങ്ങളുടെ ചിലവില്‍ സമൂഹത്തില്‍ ഉപജീവിക്കുന്ന ഒരു പാരസൈറ്റാണെന്നാണ് ചിത്രകാര മതം ! കഴിവുള്ള വ്യക്തിയാണെങ്കില്‍ 10000 ആയി ശമ്പളം കുറച്ചാല്‍ അയാള്‍ പ്രവര്‍ത്തന യോഗ്യമായേക്കും. കാരണം, അര്‍ഹതയില്ലാത്ത പണവും അധികാരാവകാശങ്ങളും നല്‍കുന്ന അലസത അയാളെ വിട്ടൊഴിയേണ്ടതാണ്. ഇങ്ങനെ ലാഭിക്കുന്ന 30000 രൂപയില്‍ 10000 രൂപ ശമ്പളത്തില്‍ ഒരു കഴിവുറ്റ പുതിയ ജീവനക്കാരനെ കൂടി നിയമിച്ച് ജനങ്ങളെ അറ്റന്റു ചെയ്യാന്‍ ആളില്ലാത്ത സര്‍ക്കാര്‍ ഓഫീസുകള്‍ ജന സേവന കേന്ദ്രാങ്ങളാക്കാനും, ശേഷിച്ച 20000 രൂപ കുളവും, കായലും, മാലിന്യമുക്തമാക്കാനും, ഗതാഗതയോഗ്യമാക്കാനും, ശുദ്ധജല പദ്ധതികള്‍ നടപ്പിലാക്കാനും നാടിന്റെ മറ്റു വികസന പദ്ധതികള്‍ക്കും നീക്കിവക്കാനുമാകുന്നു. അതായത് സര്‍ക്കാര്‍ ജീവനക്കാരുടേ എല്ലാവരുടേയും ശമ്പളം നാലിലൊന്നായി കുറക്കുന്നതിലൂടെ ഉപയോഗശൂന്യരും ജനസേവനത്തില്‍ താല്‍പ്പര്യമില്ലാത്തവരുമായ ധനമോഹികാളെ ജനസേവന കേന്ദ്രങ്ങളില്‍ നിന്നും പാലായനം ചെയ്യാന്‍ പ്രേരിപ്പിക്കാനും, ജനാധിപത്യത്തിലും, ജന സേവനത്തിലും താല്‍പ്പര്യമുള്ള ഇരട്ടി പുതിയ പബ്ലിക്ക് സര്‍വന്റ്സിനെ സര്‍വ്വീസില്‍ കൊണ്ടു വരാനും കഴിയും. ഇത് ഇപ്പോഴുള്ള സര്‍ക്കാര്‍ ഉദ്ദ്യ്പ്പ്ഗസ്ഥന്മാരുടെ എണ്ണം ഇരട്ടിയാക്കുകയും അത്രയും പുതിയ തൊഴിലന്വേഷകര്‍ക്ക് സര്‍ക്കാര്‍ തൊഴിലും അധികാര സ്ഥാനങ്ങളിലുള്ള പ്രാതിനിധ്യം നല്‍കാനും കാരണമാകും.

സര്‍ക്കാര്‍ ജോലി സേവനമാക്കുക

പണം കൊണ്ട് നല്ലൊരു ജീവനക്കാരന്റെ ആത്മാര്‍ത്ഥത നേടാനാകില്ല. നമുക്കറിയാം മനുഷ്യ ദൈവങ്ങളുടെ കക്കൂസു കഴുകാനും, ചോറും കറിയും വക്കാനും രണ്ടു മൂന്നു പി എച്ച് ഡി യുള്ള മനുഷ്യസ്നേഹികള്‍ ക്യൂ നില്‍ക്കുന്ന നാടാണ് നമ്മുടേത്. കന്യാസ്ത്രീ മഠങ്ങളും, മിഷനറി സ്ഥാപനങ്ങളും വേശ്യാലയങ്ങളായും കൊലക്കളങ്ങളായും  കുപ്രസിദ്ധി നേടുന്നതിനു മുന്‍പ്  ജന സേവനം ഭാഗ്യമായികണ്ട് ഒട്ടേറെ നല്ല മനുഷ്യര്‍ പ്രതിഫലമില്ലാതെ അവിടങ്ങളില്‍ സേവനമനുഷ്ടിച്ചിരുന്നു. സര്‍ക്കാര്‍ ജോലി ജനങ്ങളെ സേവിക്കാനുള്ള അവസരമാണെന്നും, അതിന് 500 രൂപ മാത്രം മാസ ശമ്പളം (അതും സമയത്തിനു കിട്ടാതെ) സ്വീകരിച്ചുകൊണ്ട് ആദിവാസികളുടേയും മറ്റും മക്കളെ പഠിപ്പിച്ച്  ശമ്പളത്തിനായി മാസക്കണക്കായുള്ള ശമ്പള കുടിശിഖക്ക് പട്ടണത്തിലെ എ.ഇ.ഒ.ഓഫീസുകള്‍ കയറിയിറങ്ങി,  അധ്യാപകരായി നരകയാതനയനുഭവിക്കുന്നവര്‍ നമുക്കിടയില്‍ത്തന്നെയുണ്ട്. സംഘടിതരല്ലാത്തതിന്റെ പേരിലും സമൂഹത്തിന്‍ലെ ഏറ്റവും പാവപ്പെട്ട മനുഷ്യര്‍ക്ക് വേണ്ടിയുള്ള സ്ഥാപനാങ്ങളിലായതിനാലും “തൊഴിലാളി  വര്‍ഗ്ഗ” ന്യായങ്ങള്‍ വിളമ്പുന്ന വിശുദ്ധ പാര്‍ട്ടി പട്ടികളൊന്നും അവര്‍ക്കു വേണ്ടി കുരക്കാറില്ല. അതുകൊണ്ടുതന്നെ, ഇത്തിക്കണ്ണികളായ ഇപ്പോഴത്തെ സര്‍ക്കാര്‍ ജീവനക്കാരില്‍ ഭൂരിപക്ഷത്തിന്റേയും ശമ്പളം അനര്‍ഹമാണ്. സര്‍ക്കാര്‍ ജോലി സ്വീകരിക്കുന്നവര്‍ ഇതൊരു പൊതു ജന സേവനത്തിനുള്ള അവസരമാണെന്ന് കരുതുന്നവരായിരിക്കണം. അവര്‍ക്ക് പണത്തോട് അഭിനിവേശം തോന്നുമ്പോള്‍ വല്ല കച്ചവടമോ വ്യവസായമോ സ്വകാര്യ മേഖല ജോലിയോ തിരഞ്ഞെടുക്കാന്‍ സ്വയം നിര്‍ബന്ധിതരാകുകയും പൊതു ജന സഹായ കേന്ദ്രങ്ങളായ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും ഇവര്‍ നിഷ്ക്രമിക്കേണ്ടതും പൊതുജന താല്‍പ്പര്യമായി നാം മനസ്സിലാക്കേണ്ടതുണ്ട്. അതിന്റെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം കുറക്കുക എന്ന് അടിയന്തിര ആവശ്യം നേടിയെടുക്കാനായി ഒരു രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനം തന്നെ ഉയര്‍ന്നു വന്നാല്‍ നിലവിലുള്ള നമ്മുടെ സാമൂഹ്യ ജീര്‍ണ്ണതകളെ മറികടക്കാന്‍ ആ വിപ്ലവത്തിനായേക്കുമെന്ന്  പ്രതീക്ഷിക്കുന്നു... സാവധാനം മതി :))