Monday, November 7, 2011

ആദമിന്റെ മകന്‍ അബു

ആങ്ങനെ...  ചിത്രകാരനും ആദമിന്റെ മകന്‍ അബു എന്ന മലയാ‍ള സിനിമ കണ്ടു. പതിവുപോലെ, ചിത്രകാരന്റെ അനിയന്‍ മധു “ആദമിന്റെ മകന്‍ അബു”വിനെക്കുറിച്ചുള്ള നല്ല അഭിപ്രായത്തോടെ സി.ഡി. ഏല്‍പ്പിച്ചപ്പോള്‍ കാണാന്‍ നിര്‍ബന്ധിതനായതാണ്.

കിടിലോല്‍ക്കിടിലമായ ഒരു കഥയോ കട്ടിയുള്ളൊരു പ്രമേയമോ ഇല്ലെങ്കില്‍ പോലും സിനിമയുടെ ഹൃദ്യമായ ജീവിതാഭിമുഖ്യവും, സത്യസന്ധതയും, സുതര്യതയും, ലാളിത്യവും അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്ന സിനിമയായി ആദമിന്റെ മകന്‍ അബു വേറിട്ടുനില്‍ക്കുന്നുണ്ട്. സത്യത്തില്‍ ആദമിന്റെ മകന്‍ അബു നമ്മുടെ നാടിന്റെ സിനിമയാണ്, മലയാളിയുടെ സിനിമയാണ്, നമ്മുടെ ജീവിതത്തിന്റെ സിനിമയാണ്. അതിഭാവുകത്വത്തിന്റേയും, അബദ്ധജടിലമായ വിശ്വാസങ്ങളുടേയും, ഉപരിവര്‍ഗ്ഗ മാടമ്പിത്വത്തിന്റേയും ബാലിശമായ പ്രമേയങ്ങളില്‍ കൂത്താടുന്ന മലയാള സിനിമക്ക് പേരുദോഷത്തില്‍ നിന്നും രക്ഷപ്പെടാനുള്ള ശരിയായ വഴി കാണിക്കുന്ന സിനിമയായി “ആദമിന്റെ മകന്‍ അബു”വിനെ കാണേണ്ടിവരും.

മലയാള മാടമ്പി സിനിമയിലെ സ്ഥിരം വിഢികളും, തല്ലുകൊള്ളികളും, അധികപ്രസംഗികളും, ഗോഷ്ടികള്‍കൊണ്ടു ഭാവാഭിനയം നടത്തി കാലക്ഷേപം നടത്തുന്നവരുമായിരുന്ന സലീം കുമാറിനേയും, സുരാജ് വെഞ്ഞാറമൂടിനേയും, കലാഭവന്‍ മണിയേയുമൊക്കെ അനാവശ്യമായി വായതുറപ്പിക്കാതെയും, സ്വന്തം  രോമം പോലും അനാവശ്യമായി ചലിപ്പിക്കാന്‍ അവസരം കൊടുക്കാതെയും സംവിധായകന്‍ സലീം അഹമ്മദ് ശക്തമായ ഇച്ഛാശക്തിയോടെ കഥാപാത്രങ്ങളെ ലാളിത്യത്തോടെ വരച്ചുകാണിച്ചിരിക്കുന്നു.

ഒരു അത്തറുവില്‍പ്പനക്കാരന്റെ പരമ്പരാഗത വാര്‍പ്പുമാതൃകക്ക് അനുരൂപനായ നടന്‍ സലീം കുമാറിന്റെ ബാഹ്യപ്രകൃതിയെ തിരഞ്ഞെടുക്കുന്നതിലൂടെത്തന്നെ സംവിധായകന്‍ തന്റെ ചലച്ചിത്രഭാഷയുടെ വ്യാകരണബോധം പ്രകടമാക്കുന്നുണ്ട്. ആ കഥാപാത്രത്തില്‍ ആവാഹിക്കപ്പെടുന്ന നന്മയും, ഭക്തിയും, സത്യസന്ധതയും, ധാര്‍മ്മികതയും, സഹദര്‍മ്മിണിയോടുള്ള പ്രേമവും ... ഏതൊരു ഇസ്ലാം മതവിശ്വാസിക്കും ഏറ്റവും മഹത്തരമെന്ന് അനുഭവപ്പെടുന്ന ഹജ്ജ് ചെയ്യാനുള്ള ആഗ്രഹവും ഹൃദ്യമായി ആസ്വാദകന്റെകൂടി അനുഭവമാക്കുന്നതില്‍ ചലച്ചിത്രകാരന്‍ വിജയിച്ചിട്ടുണ്ട്. ഹജ്ജു ചെയ്യാനുള്ള തങ്ങളുടെ അദമ്യമായ ആഗ്രഹത്തിനു തടസ്സം നേരിടുമ്പോള്‍, ഏറ്റവും ദരിദ്രമായ സാഹചര്യത്തിലുള്ള ഏറ്റവും നന്മനിറഞ്ഞ മനുഷ്യര്‍ക്കുമാത്രം അനുഭവപ്പെടുന്ന ഈശ്വരനെക്കരുതി സമാധാനിക്കാനുള്ള ശേഷികൊണ്ട്  സാധാരണ ജീവിതത്തിന്റെ കര്‍ത്തവ്യബോധത്തിലേക്ക് തിരിച്ചുവരുന്ന ആദമിന്റെ മകന്‍ അബു അസാധാരണമായ പഴയ സ്കൂള്‍ പാഠപുസ്തകത്തിലെ അബുവിന്റെ പാരമ്പര്യം ഉദ്ഘോഷിക്കുകയാണെന്ന് പറയാം. 

മലബാറിലെ പ്രൈവറ്റ് ബസ്സുകളില്‍ കാണപ്പെടുന്ന വ്യത്യസ്ഥമതക്കാരായ ദൈവങ്ങളുടെ ഫോട്ടോ-സമ്മേളനം പോലുള്ള മതസൌഹാര്‍ദ്ദതുല്യതാബോധം കണിശമായി പാലിക്കാന്‍ സലീം അഹമ്മദ് ഈ ചിത്രത്തില്‍ ശ്രദ്ധിച്ചിട്ടുണ്ട്. അതുമാത്രമല്ല, വ്യത്യസ്തമതക്കാരായ കഥാപാത്രങ്ങളുടെ കൊടുക്കല്‍ വാങ്ങലുകള്‍ അതീവ ലോലമായതും മതാതീതവുമായ മാനുഷിക ബന്ധങ്ങള്‍ കൊണ്ട് ഇണക്കി ചേര്‍ക്കുന്ന കാര്യത്തിലും വിജയിച്ചിരിക്കുന്നു. ആദമിന്റെ മകന്‍ അബുവിന് ആകെ കലഹിക്കേണ്ടി വന്ന ചരിത്രമുള്ളത് അയല്‍പ്പക്കക്കാരനായ വഴക്കാളി സലീമുമായാണ്. അതുതന്നെ,  മനുഷ്യസ്നേഹത്തിന്റെ മറ്റൊരു രുചിഭേദമായി പരിവര്‍ത്തനം ചെയ്തെടുക്കുന്നതിലും സംവിധായകന്‍ മനസ്സുവക്കുമ്പോള്‍ സിനിമ മൊത്തത്തില്‍ ഒരു സ്നേഹകാവ്യമായിത്തീരുന്നുണ്ട്.

കാതല്‍ നഷ്ടപ്പെട്ട പൊള്ളയായ പ്ലാവെന്ന രൂപകത്തില്‍ തട്ടി തകര്‍ന്നുവീണ ഹജ്ജ് സ്വപ്നത്തെ യാഥാര്‍ത്ഥ്യബോധത്തോടെ അഭിമുഖീകരിക്കാനും, അകക്കാമ്പുള്ള ഒരു യാഥാര്‍ത്ഥ്യമായി വീണ്ടും നട്ടുനനച്ചു വളര്‍ത്താനുള്ള ഒരു തിരുത്തി എഴുത്തായും ചിത്രം അവസാനിക്കുമ്പോള്‍ സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു സാംസ്ക്കാരിക-രാഷ്ട്രീയ പ്രവര്‍ത്തനമായി “ആദമിന്റെ മകന്‍ അബു” എന്ന കലാസൃഷ്ടി മാറുന്നുണ്ട്. ഭൌതീക വളര്‍ച്ചയാല്‍ ഇളകിമറിയുന്നതും, സാംസ്ക്കാരികമായോ രാഷ്ട്രീയമായോ ഈടുറ്റ അടിത്തറകളൊന്നും ഇല്ലാത്തതുമായ ഒരു സമൂഹത്തെ അതിന്റെ ശക്തിദൌര്‍ബല്യങ്ങളെ മനസ്സിലാക്കിയ കലാകാരന്‍ അഭിമാനകരമായ തങ്ങളുടെ ജീവിത നൈര്‍മല്യത്തിലേക്കും, സൌന്ദര്യത്തിലേക്കും വിളിച്ചുണര്‍ത്തുകയാണ് ഈ സിനിമയിലൂടെ. 

തെളിച്ചുപറയണോ വേണ്ടയോ എന്നൊരു സംശയത്തോടെയുള്ള പ്രമേയത്തില്‍ സംവിധായകന്‍ സലീം അഹമ്മദ് പറഞ്ഞതിലേറെ കാര്യങ്ങള്‍ പറയാതെ ഒളിപ്പിച്ചുവച്ചിട്ടില്ലേ എന്ന ശങ്കയാണ്  ഈ സിനിമ ചിത്രകാരനിലുളവാക്കിയത്. ചിത്രത്തില്‍ ഉടനീളം അദൃശ്യ സാന്നിദ്ധ്യമായി അബുവിന്റെ ഏകമകന്‍ സത്താര്‍ നീണ്ടു നിവര്‍ന്ന് കിടക്കുന്നത് ഒരുപക്ഷേ ഭാവിയില്‍ നടക്കാനിരിക്കുന്ന ഈ സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകളിലൂടെയും നിരൂപണങ്ങളിലൂടെയും പുറത്തുവരാ‍നിരിക്കുന്നതേയുള്ളു.
അബുവിന്റെ മകന്‍ സത്താര്‍ ആരാണ് ? അയാള്‍ സംബാദിക്കുന്ന പണം ഹലാലാകാനിടയില്ലെന്ന് അബു കരുതുന്നത് എന്തുകൊണ്ടായിരിക്കും ? നട്ടുനനച്ചു വളര്‍ത്തിയ വീട്ടുമുറ്റത്തെ പ്ലാവ് ജീവിതത്തിലെ ഏറ്റവും ധന്യമായ ലക്ഷ്യത്തിന് ഉപകരിക്കാതെ... പൊള്ളയായി തീര്‍ന്നതും, പൊള്ളയായ പ്ലാവിനെ സത്താറിന്റെ സാന്നിദ്ധ്യമായി ധ്വനിപ്പിക്കുന്നതിനും പിന്നില്‍ സവിധായകന്‍ സൃഷ്ടിപരമായി അനുഭവിക്കുന്ന പറയാനാകാത്ത വിങ്ങല്‍ എന്തായിരിക്കുമെന്നൊക്കെ സമൂഹത്തിന്റെ ആത്മ പരിശോധനക്കും, വായനകള്‍ക്കും, ചര്‍ച്ചകള്‍ക്കും വിഷയമാകേണ്ടതുണ്ട്. ആദമിന്റെ മകന്‍ അബുവിന്റെ പ്രതിപാദ്യം സിനിമയില്‍ ഇല്ലെന്നുതന്നെ പറ്യാം. അത് സിനിമയില്‍ നിന്നും പുറത്തേക്ക് ഒഴുകി വര്‍ത്തമാനമായി നമ്മുടെ ജീവിതത്തിനിടയില്‍ നിറഞ്ഞുകിടക്കുന്നു. സത്യമായും, ഇതാണ് മലയാള സിനിമയുടെ അഭിമാനകരമായ മുഖം.

വല്ല അസ്വാഭാവികതയും വന്നിട്ടുണ്ടെങ്കില്‍ അത് അസ്സനാര്‍ ഹാജിയുടെ പരിസരങ്ങളില്‍ മാത്രം.
രാമന്‍ നായരുടെ ചായക്കടകള്‍ മാത്രം കണ്ട് മടുത്ത മലയാള സിനിമക്ക് ഹോട്ടല്‍ ബദരിയയും കേരളത്തിലുണ്ടെന്ന് അടയാളപ്പെടുത്തിയ സിനിമ.
സുരാജ് വെഞ്ഞാറമൂടിന്റെ ഒരു കഥാപാത്രത്തെ ആദ്യമായി കാണാനായി.
ദിവ്യന്മാര്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമായതിനാല്‍ സഹിക്കാം.
ഇത്ര മനോഹരമായും സത്യസന്ധമായും ലാളിത്യത്തോടെയും കലാസംവിധാനം ചെയ്യാം.
നമ്മുടെ ഭാഗ്യമായ പ്രകൃതിയും, ഗ്രാമ്യ സൌന്ദര്യവും നമുക്കു തിരിച്ചറിയാന്‍ ...
കോഴിക്കോട് ഒരു ബസ്സ് സ്റ്റാന്റുണ്ടെന്ന് പറഞ്ഞാല്‍ സിനിമ മോശമാകില്ല.
ഒരു കച്ചവട സ്ഥാപനത്തിന്റെ പരസ്യപ്പലക കണ്ടാലും കുഴപ്പമില്ല. നല്ലൊരു സിനിമയുണ്ടായല്ലോ... ഭാഗ്യം.
മനുഷ്യ ദൈവങ്ങളും മന്ത്രവാദവും കേരളത്തിലെ മുസ്ലീങ്ങള്‍ക്കിടയിലും നിലനില്‍ക്കുന്ന യാഥാര്‍ത്ഥ്യമാണ്. നബിയുടെ തലനാരിഴയെ പ്രതിഷ്ടയാക്കാനുള്ള ശ്രമവും അതിന്റെ അനുബന്ധമാണ്.
പാപ്പിനിശ്ശേരിക്കടുത്ത് ഇങ്ങനെയൊരു കാട്ടിലെപ്പള്ളിയുണ്ടെന്ന് അറിഞ്ഞിരുന്നില്ല... നന്ദി.
ആരും അഭിനയിക്കാത്ത സിനിമ.
ജീവിതം തന്നെ സിനിമ ! സറീന വഹാബ്
ആയിശുമ്മ
വീട്ടില്‍ പോലീസ് തിരഞ്ഞു വന്നാല്‍ ആരും പേടിക്കും
ങ്ങളെ തെരഞ്ഞ് പോലീസ് വന്നിനി
നാടന്‍ പോലീസ് സ്റ്റേഷന്‍
ഉസ്താദിന്റെ മയ്യത്ത് സാധ്യതകളുള്ള സ്വത്താണ്
മതങ്ങള്‍ക്ക് സ്ഥാനമില്ലാത്ത ഊടും പാവും പോലുള്ള ബന്ധം..
അയല്‍പ്പക്ക ലഹള നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്
സമൂഹത്തിന്റെ നല്ല ചിത്രങ്ങള്‍...