Thursday, November 8, 2018

ബ്രാഹ്മണ പൌരോഹിത്യം മാപ്പ് പറയെണ്ടാതല്ലേ ?നമ്മുടെ നാട്ടിലും #മീടൂ  #metoo  തരംഗം പല വന്‍ മരങ്ങളെയും കടപുഴകി വീഴ്ത്തിക്കൊണ്ട്‌ വീശിയടിക്കുന്ന വര്‍ത്തമാന കാലത്ത്  സ്ത്രീ ചൂഷണങ്ങളുടെ കുറഞ്ഞത് 1500 വര്‍ഷത്തെയെങ്കിലും  ലജ്ജാകരമായ പാരമ്പര്യമുള്ള ഇന്ത്യന്‍ ബ്രാഹ്മണ പൌരോഹിത്യം കേരളത്തിലെ  ശൂദ്ര/നായര്‍ സ്ത്രീകളോടും ഇന്ത്യയിലെ  മറ്റു ദേവദാസി സമൂഹങ്ങളോടും മാപ്പ്  പറയേണ്ടതല്ലേ ? 

ഇന്നത്തെ ബ്രാഹ്മണ തലമുറ ലൈംഗീക ചൂഷണമൊന്നും നടത്തുന്നില്ല എന്നതിനാല്‍ വ്യക്തിപരമായി കുറ്റബോധം അനുഭവിക്കുകയോ മാപ്പ് പറയുകയോ ചെയ്യേണ്ടതില്ല. എന്നാല്‍, തന്ത്രി സമൂഹം, യോഗക്ഷേമ സഭ, ബ്രാഹ്മണ അസോസിയേഷനുകള്‍, ബ്രാഹ്മണ ജാതി സംഘടനകള്‍  തുടങ്ങിയ പാരമ്പര്യ പൌരോഹിത്യ സംഘടനകള്‍ വര്‍ത്തമാന മാനവിക സംസ്ക്കാരത്തിലേക്ക് സ്വയം  ഉയരുന്നതിനായി തങ്ങളുടെ  ക്രൂരമായ സാമൂഹ്യ ചൂഷണ ചരിത്രത്തെ മനുഷ്യത്വ വിരുദ്ധമെന്ന് തള്ളി പറയുകയും പശ്ചാത്തപിക്കയും വിശ്വാസി സമൂഹത്തോട് മാപ്പിരക്കുകയും ചെയ്യേണ്ടതല്ലേ ?

ഈ പോസ്റ്റിനോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രം നോക്കുക.  25 വര്ഷം മുന്‍പ്, അതായത് 1993 ല്‍ വരച്ച ഒരു ഓയില്‍ പെയിന്റിങ്ങാണ്. പേര് "ശൂദ്ര സ്ത്രീ". (നമുക്ക് ഇന്ന് മനസ്സിലാകണമെങ്കില്‍ നായര്‍ സ്ത്രീ എന്ന് തന്നെ പറയണം.) ഏതാണ്ട് സമീപ കാലം വരെ സംബന്ധം എന്ന പേരിലുള്ള വേശ്യാവൃത്തിയുടെ നുകത്തിനകത്ത് കുറഞ്ഞത് 1200 സംവത്സരങ്ങള്‍ ചൂഷണം ചെയ്യപ്പെട്ട മലയാളികളായ സ്ത്രീ സമൂഹമാണ് ശൂദ്ര/നായര്‍ സ്ത്രീകള്‍ !!

ഇന്നത്തെ  നമ്മുടെ അന്തസ്സുള്ള കുടുംബങ്ങളിലെ കുല സ്ത്രീകള്‍ക്ക് ഒരു പക്ഷെ ഈ  അപമാനകരമായ ചരിത്രം തന്നെ അറിയണമെന്നില്ല. ചരിത്രം പഠിക്കാത്തതിന്റെയും അറിയാത്തതിന്റെയും ആനുകൂല്യം ആണെന്ന് പറയാം.  പക്ഷെ,സമൂഹത്തില്‍ ചരിത്രം പഠിക്കുന്ന ഇതര സമൂഹങ്ങളും ഉണ്ടല്ലോ. 1200 വര്‍ഷക്കാലം നമ്മുടെ സമൂഹത്തില്‍  ബ്രാഹ്മണ പൌരോഹിത്യം നടത്തിയ സംസ്ക്കാര ശൂന്യമായ  ലൈഗീക ചൂഷണത്തെ എങ്ങിനെയാണ് സത്യസന്ധമായ ചരിത്ര രചനയില്‍ മറച്ചുവെക്കുക ? 

വൈദികരുടെ താന്ത്രിക തട്ടിപ്പുകളുടെ ഭാഗമായി നടപ്പാക്കിയ ഈ വംശീയ ചൂഷണത്തിനെതിരെ  ഒരു ദീര്‍ഘ നിശ്വാസം പോലും എടുക്കാനുള്ള അവകാശമോ ആത്മാഭിമാനമോ ഇല്ലാത്തവിധം അടിമത്വത്തിലെക്ക് ചവിട്ടി താഴ്ത്തപ്പെട്ടിരുന്ന  ശൂദ്ര-ദേവദാസി-ദാസ്യ  ജാതി വ്യവസ്ഥിതിയുടെ പിന്മുറക്കാരായ ശൂദ്ര/ നായര്‍ സമുദായം എങ്ങിനെയാണ് പരിഷ്കൃത സംസ്ക്കാരത്തില്‍ ചരിത്ര  സത്യത്തെ അഭിമുഖീകരിക്കുക ? ആധുനിക കാലത്തെ  സ്ത്രീകളെയും പുരുഷന്മാരെയും മനുഷ്യ സാംസ്ക്കാരികതയിലെക്ക് ഉയര്‍ത്താനായി ഈ ദുരന്ത ചരിത്രം വിദ്ധ്യാര്‍ഥികളുടെ പാട്യ പദ്ധതിയില്‍ ഇടം തേടേണ്ടത് അനിവാര്യമാണ്. ഗവേഷണ വിദ്യാര്‍ത്ഥികള്‍ അടിമത്വത്തിന്റെ മഹത്വവല്‍ക്കരിച്ച ഈ  സ്ത്രീ ചൂഷണ മാതൃകയെ എത്രകാലം കണ്ടില്ലെന്നു നടിക്കും ?

ഈ ചിത്രം വരക്കുമ്പോള്‍ ഒരു ചിത്രകാരനെന്ന നിലയില്‍ എന്നെ അതിശയിപ്പിച്ച സംഗതി  ബ്രാഹ്മണ പൌരോഹിത്യം എത്ര അനായാസമായാണ് നമ്മുടെ കുലീന ശൂദ്ര /നായര്‍ വീടുകളിലേക്ക് പ്രതിഫലം പോലും നല്‍കേണ്ടതില്ലാത്ത സംബന്ധം എന്ന ലൈംഗീക സേവനത്തിനായി 1200 വർഷക്കാലം നിസംങ്കോചം, പ്രതിരോധമില്ലാതെ, പ്രവേശിച്ചുകൊണ്ടിരുന്നത് എന്നതാണ്.  ബ്രാഹ്മണരുടെ വൈദിക ആചാരങ്ങളെല്ലാം ഇങ്ങനെ മനുഷ്യരെ പരാന്നജീവികളെപ്പോലെ ചൂഷണം ചെയ്തു സാമൂഹ്യ ആധിപത്യം നിലനിര്‍ത്തുന്ന സംവിധാനങ്ങളായിരുന്നു എന്ന് തിരിച്ചറിയാന്‍ ഈ ആധുനിക കാലത്ത് പോലും നമുക്ക് കഴിയാതെ വന്നാല്‍ ലോകത്തിനു മുന്നില്‍ മഹത്വവല്‍ക്കരിച്ച അടിമ സമൂഹമായി ഇന്ത്യ പരിഹാസ്യമാകില്ലേ ?

സംബന്ധ ആചാരത്തിന്‍റെ വര്‍ത്തമാന ദുരന്തത്തിലേക്ക് നോക്കു:
ഈ ചിത്രത്തിലെ നായർ സ്ത്രീ ഒരു ഇരയാണ് എന്നു നമുക്ക് അറിയാം. പക്ഷേ, ഇരയാണോ ? സംബന്ധം എന്ന വേശ്യ കുലത്തൊഴിൽ അടിച്ചേൽപ്പിക്കപ്പെട്ട് അപമാനിക്കപ്പെട്ടതിന്റെ ഇരയായിരുന്നെന്ന് ആ സ്ത്രീ  സ്വയം തിരിച്ചറിഞ്ഞിരുന്നെങ്കിൽ വേട്ടക്കാരായ  ബ്രാഹ്മണരുടെ താന്ത്രിക  ആചാരങ്ങളും താൽപ്പര്യങ്ങളും സംരക്ഷിക്കാനായി നാമജപ ഘോഷയാത്രയും  തെറിയുടെ ഭരണിപ്പാട്ടുമായി തെരുവോരാങ്ങളിൽ അലയാൻ ശൂദ്ര / നായർ സ്ത്രീകൾ തയ്യാറാകുമായിരുന്നോ ? നായർ ജാതി സംഘടന ഈ സംഘി ഓപ്പറേഷന്റെ ആസൂത്രണ സംഘാടകരായി ഞെളിഞ്ഞിരിക്കുമായിരുന്നോ ?

സഹസ്രാബ്ദത്തിലേറെ നീണ്ട പൗരോഹിത്യ ക്രൂരതയുടെ ഇര !
ഇര അവിടെ ഇരിക്കട്ടെ ! അത്രയും കാലം ആത്മാഭിമാനത്തിന്റെ ഒരു തരി പോലും ശേഷിക്കാത്ത വിധം പൗരോഹിത്യ അടിമത്വത്തിനു കീഴടങ്ങിയ ഭർത്താവായ ഈ  ചിത്രത്തിലെ ശൂദ്രനെ/ നായരെ നോക്കു.

അയാൾക്ക് ഈ വർത്തമാന ജനാധിപത്യ കാലത്തുപോലും ഉളുപ്പില്ലാതെ ബ്രഹ്മണ  പൗരോഹിത്യത്തിന്റെ പൃഷ്ഠവും താങ്ങി തങ്ങളുടെ ഭാര്യയും സഹോദരിയും അമ്മയും മകളുമായ ശൂദ്ര സ്ത്രീകളെ നമ: ജപ ഘോഷയാത്രക്ക് അണിനിരത്തി പഴയ സംബന്ധ പാരമ്പര്യത്തിന്റെ വിനീത വിധേയ നാടകം കളിക്കാൻ ലജ്ജ തോന്നത്തത് എന്തുകൊണ്ടായിരിക്കും ?

പ്രഫസര്‍ ഇളംകുളം കുഞ്ഞന്‍പിള്ള എന്നൊരു മലയാളം കോളേജ് അദ്ധ്യാപകന്‍ മാത്രമേ ഇത്രയും ദയനീയമായ ശൂദ്ര /നായര്‍ സമൂഹത്തിന്‍റെ അടിമത്വത്തിന് നേരെനിന്നു ക്ഷുഭിതനായി എതിര്‍ത്തു സാംസ്ക്കാരിക ലോകത്തോട്‌ സംസാരിക്കാന്‍, കഴിഞ്ഞ 1200 വര്‍ഷക്കാലത്തിനുള്ളില്‍ സത്യസന്ധതയും ആര്‍ജ്ജവവും പ്രകടിപ്പിച്ചിട്ടുള്ളു എന്നാണു ചരിത്രം പറയുന്നത്.    
എന്നാൽ, ആ ചരിത്രം പോലും തേച്ചു മായ്ച്ചു കളഞ്ഞ് ബ്രാഹ്മണ പൗരോഹിത്യത്തോട് ചേർന്ന് നിൽക്കാനായി ശൂദ്ര/നായര്‍  ജാതി ഭ്രാന്ത സംഘടന ഇളംകുളത്തിന്റെ "കേരള ചരിത്രത്തിലെ ഇരുളടഞ്ഞ എടുകൾ " എന്ന പുസ്തകം മൊത്തം വിലക്കെടുത്ത് നശിപ്പിച്ചുകളഞ്ഞു  എന്നാണ് പറയപ്പെടുന്നത്.ഒന്‍പതാം നൂറ്റാണ്ടു മുതല്‍ വിരചിതങ്ങളായ മണിപ്രവാള സാഹിത്യത്തിലെ  നിരവധി അച്ചി ചരിതങ്ങളിലും, വൈശിക തന്ത്രങ്ങളിലും, ചന്ടോത്സവങ്ങളിലും, നൂറുകണക്കിന് സന്ദേശ കാവ്യങ്ങളിലും വ്യക്തമായി പ്രതിഫലിക്കുന്ന കേരള സാമൂഹ്യ ചരിത്രത്തെ ഏതെങ്കിലും കണ്ണാടി കുത്തിപ്പൊട്ടിച്ച് പൂര്‍ണ്ണമായി താമസ്ക്കരിക്കാനാകുമോ ?

1200 വർഷത്തിലേറെ നിലനിന്ന ഗ്ലോറിഫൈഡ് വേശ്യ വൃത്തിയായി ശൂദ്ര /നായർ സമുദായം കൊണ്ടാടിയ 'സംബന്ധം' വിവാഹ ബന്ധമല്ലെന്ന് പച്ചക്ക് നമ്പൂതിരിമാർ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.(കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിന്‍റെ നായന്മാരുടെ പൂര്‍വ്വ ചരിത്രം നോക്കുക ) എന്നിട്ടും തങ്ങളുടെ സമുദായത്തിലെ സ്ത്രീകൾ അനുഭവിച്ച സഹസ്രാബ്ദത്തേക്കാൾ നീണ്ട ഈ ലൈംഗീക ചൂഷണത്തെ തള്ളിപ്പറയാനും സവർണ്ണ പൗരോഹിത്യമായ ബ്രാഹ്മണ സമുദായത്തെക്കൊണ്ട് മാപ്പു പറയിപ്പിക്കാനും ശ്രമിക്കേണ്ടതിനു പകരം സൌജന്യങ്ങളും സ്ഥാനമാനങ്ങളും സാമൂഹ്യ മേധാവിത്വവും അവിഹിതമായി നേടി,  സവർണ്ണ ജാതി ഭ്രാന്തിന്റെ പേപ്പട്ടി വളർത്തു കേന്ദ്രമായി സ്വയം മാറാനുള്ള ശൂദ്ര സമുദായ ശ്രമം സാമൂഹ്യമായും സാംസ്കാരികമായും നാം നേരിടുന്ന ഒരു വിപത്തായി കാണേണ്ടിയിരിക്കുന്നു.

ബ്രാഹ്മണ പൗരോഹിത്യം

ഏതു മതത്തിലെ പൌരോഹിത്യമായാലും ശരി, അവന്‍ പുരുഷാധികാരത്തിന്‍റെ ആരൂഡം ഉറപ്പിക്കുന്നത് സമൂഹത്തിലെ  വിശ്വാസിയായ സ്ത്രീയിലാണ്. സ്ത്രീയെ വരുതിയിലാക്കിയാല്‍ പുരുഷനെ കയറില്ലാതെ കെട്ടിയിടാം. പുരുഷനെ ഇതര സമുദായങ്ങളെ ആക്രമിക്കാനുള്ള വേട്ട പട്ടികളായി ഉപയോഗിക്കാം. അങ്ങിനെ സമൂഹത്തെ മുഴുവനായി വരുതിയിലാക്കാം. ഒരു രാജ്യത്തെ അടിമപ്പെടുത്താം. നമ്മുടെ സവർണ്ണ ഹിന്ദു മതത്തിന്റെ ശക്തി ഇങ്ങനെ ഭക്തിയിലൂടെ അടിമകളാകുന്ന സ്ത്രീ സമൂഹത്തിന്‍റെ ചരിത്രമാണെന്നു കാണാം.

സമീപകാലത്തെ മനുഷ്യ ദൈവങ്ങളെല്ലാം ഈ പുരുഷാധികാര തന്ത്രത്തില്‍ വിജയിച്ചവരാണ്. പുരുഷ ആസക്തിയുടെ ഒരു താന്ത്രിക കെട്ടുകഥയാണ് എല്ലാ മതങ്ങളുടെയും എല്ലാ ദൈവങ്ങളുടെയും ഉല്‍പ്പത്തി രഹസ്യം.

സാംസ്ക്കാരിക നവീകരണം സംഭവിക്കുന്നത് തിരിച്ചരിവുകളിലൂടെയാണ്. അതിനായി ശൂദ്ര ദേവദാസി നായര്‍ സമൂഹത്തോട് ബ്രാഹ്മണ്യം മാപ്പപേക്ഷിക്കണമെന്ന ആവശ്യം നമുക്ക് ഈ മലയാളക്കരയില്‍ നിന്നും ആരംഭിക്കാം. നാളെ, അത് ഇന്ത്യ മുഴുവന്‍ ഏറ്റെടുക്കുന്ന സാംസ്ക്കാരിക നവീകരണത്തിന്‍റെ നവോത്ഥാന പ്രസ്ഥാനമായി വളര്‍ന്നേക്കാം !

- ചിത്രകാരൻ ടി. മുരളി
- Chithrakaran T Murali T
08-11-2018
https://facebook.com/chithrakaran/

Sunday, November 4, 2018

ശൂദ്രന്മാരുടെ (നായർ ) നെയ്‌ക്കിണ്ടിവക്കല്‍ ആചാരംശൂദ്രന്മാരുടെ (നായർ )
നെയ്‌ക്കിണ്ടിവക്കല്‍
ഏതാണ്ട് 100 കൊല്ലം മുന്‍പുവരെ കേരളത്തിലെ ശൂദ്രന്മാർ (നായന്മാര്‍) അനുഷ്ടിച്ചിരുന്ന ഒരു ചടാങ്ങാണ് നെയ്ക്കിണ്ടിവക്കല്‍. ആ ചടങ്ങിന്റെ ചരിത്ര സാഹചര്യം താഴെ വിവരിക്കാം.
..............................
മുന്നറിയിപ്പ്: ജാതിയതയിലും ബാലിശ ദൈവ സങ്കൽപ്പങ്ങളിലും സംഘപരിവാര ബ്രാഹ്മണ മന്ത്രവാദ പൗരോഹിത്യ വംശീയ രാഷ്ടീയ ഭക്തി/ അടിമത്വത്തിലും വിശ്വസിക്കുന്നവർ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രമേ ഈ പോസ്റ്റ് വായിക്കാൻ പാടുള്ളു.
.................................
കേരളത്തിലെ ശൂദ്രർക്ക് / നായന്മാര്‍ക്ക് നമ്പൂതിരിയില്ലാതെ ഒരു ജീവിതത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും പണ്ടുകാലത്ത് സാധിക്കുമായിരുന്നില്ല. നമ്പൂതിരിമാരുടെ അടിമകളായിരിക്കുക എന്നത് അവരുടെ അഭിമാനകരമായ ജീവിത ലക്ഷ്യം തന്നെയായിരുന്നു.
നമ്പൂതിരിമാര്‍ തങ്ങളുടെ വീട്ടുജോലിക്കും സംബന്ധം എന്ന സൗജന്യ വേശ്യാ സേവനത്തിനും വീട്ടു കാവലിനും നാട്ടിൽ ബ്രാഹ്മണ മേധാവിത്വം എന്ന സവർണ്ണ സാമൂഹ്യ വ്യവസ്ഥിതി നിലനിർത്തുന്നതിനായുള്ള മാടമ്പി - ഗുണ്ടാ പ്രവർത്തനം നടത്തുന്നതിനുമായി സൃഷ്ടിച്ച അടിമകളായ ഭൃത്യ/ ദാസ്യ ജനങ്ങളാണ് വാസ്തവത്തില്‍ ശൂദ്രർ / നായന്മാര്‍ എന്ന പേരില്‍ ചരിത്രത്തിൽ അറിയപ്പെടുന്നത്.
മലയാള ബ്രാഹ്മണർ:
ഭട്ടതിരി, നമ്പൂതിരി
1200 വർഷം മുമ്പ് അഥവ എട്ടാം നൂറ്റാണ്ടിൽ കേരളത്തിലെ ബൗദ്ധ ധർമ്മത്തിൽ വിശ്വസിച്ചിരുന്ന പ്രബുദ്ധവും സമ്പന്നവുമായ ജനസമൂഹത്തിന്റെ (ഇന്നത്തെ ദളിത് പിന്നോക്ക ജനങ്ങളുടെ ) പുലയ വംശ രാജാവായിരുന്ന കൊടുങ്ങല്ലൂരിലെ ചേരമാൻ പെരുമാളിന്റെ ബൗദ്ധ രാജഗുരുക്കന്മാരെ (ബൗദ്ധ ഭട്ടന്മാരെ) പാണ്ഡിത്യ തർക്കത്തിൽ തോൽപ്പിച്ച ബൗദ്ധ വേഷം ധരിച്ച പരദേശികളായ വൈദിക ബ്രാഹ്മണരാണ് കേരളത്തിൽ ആദ്യമായി സവർണ്ണ മേധാവിത്വം സ്ഥാപിക്കുന്നതും മലയാള ബ്രാഹ്മണരായി നമ്പൂതിരിമാരെയും ( ബൗദ്ധ അരയൻ /നമ്പു + തിരിഞ്ഞത്), ഭട്ടതിരിമാരെയും (ബൗദ്ധ ചേകവ ഭട്ടൻ + തിരിഞ്ഞത്) സവർണ്ണ വ്യവസ്ഥിതിയുടെ അധിപതികളാക്കുന്നത്.
കേരളീയനായിരുന്നെന്ന് പറയപ്പെടുന്നതും ബൗദ്ധ വേഷ പ്രച്ഛന്നനായി (തല മുണ്ഡനം ചെയ്തതും പൂണൂൽ ധരിക്കാത്തതുമായ ബൗദ്ധ ഭട്ടവേഷത്തിൽ) ഇന്ത്യയൊട്ടുക്ക് പാണ്ഡിത്യ ദിഗ്വിജയം നടത്തിയ ഒരു കാലടിക്കാരൻ ശ്രീ ശങ്കരാചാര്യരായിരുന്നു സവർണ്ണ അധിനിവേശത്തിന്റെ കാർമ്മികൻ എന്നും പറയപ്പെടുന്നുണ്ട്. കാരണം, ബ്രഹ്മണാചാരങ്ങൾ ജീവിതരീതി, സവർണ്ണ സാമൂഹ്യ ആചാരങ്ങൾ എന്നിവ ക്രമപ്പെടുത്തുന്ന (മനുസ്മൃതി പോലുള്ള ) 'ശങ്കര സ്മൃതി 'യാണത്രേ മലയാള ബ്രാഹ്മണരുടെ സാമൂഹ്യാചാരങ്ങളുടെ അടിസ്ഥാന പ്രമാണം.
മലയാള ബ്രാഹ്മണാധിപത്യവും
മക്കക്കു പോകുന്ന ചേരമാൻ പെരുമാളും
പാണ്ഡിത്യ തർക്കമത്സരത്തിന്റെ ബ്രാഹ്മണ നിബന്ധനകൾ പ്രകാരം രാജാവായ ചേരമാൻ പെരുമാൾ തന്റെ ബൗദ്ധ ഗുരുക്കന്മാരുടെയും / ഭട്ടന്മാരുടെയും ശിക്ഷ്യഗണങ്ങളുടെയും നവോ തലയോ ഛേദിച്ചു നൽകണമെന്ന വാഗ്ദാനം പാലിച്ച് അതിന്റെ മനോവ്യഥ താങ്ങാനാകാതെ ഭരണമുപേക്ഷിച്ച് മക്കത്തേക്ക് യാത്രയായി എന്നാണ് പറയപ്പെടുന്നത്.
അതിന്റെ സ്മാരകമായി, ഒരു ബുദ്ധ പള്ളിയുടെ തനി സ്വരൂപത്തിൽ കൊടുങ്ങല്ലൂർ ചേരമാൻ പെരുമാൾ മുസ്ലീം പള്ളി അടുത്ത കാലം വരെ നിലനിന്നിരുന്നു. ( പുരാതന ബൗദ്ധ പള്ളിയുടെ മിനിയേച്ചർ രൂപം അവിടത്തെ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. )സമീപകാലത്ത് പഴയ ബൗദ്ധ പള്ളിയുടെ അകത്തളം ഒഴിച്ചുള്ള ഭാഗങ്ങളെല്ലാം പൊളിച്ച് കോൺക്രീറ്റാക്കിയെങ്കിലും പുരാതനമായ ബൗദ്ധ പള്ളിയുടെ പീഠവും ധ്യാന മണ്ഡപവും കേടുകൂടാതെ ഇന്നും സംരക്ഷിക്കപ്പെടുന്നുണ്ട്.
മാത്രമല്ല, പള്ളിക്കു മുന്നിലായി റോഡ് സൈഡിൽ നേർച്ചപ്പണം സമർപ്പിക്കാനുള്ള ഒരു ഭണ്ഡാരവും കാണാം. ഇവിടെ ബൗദ്ധ ആരാധനാലയങ്ങളിൽ കാർമ്മിക ആവശ്യങ്ങൾക്കായി പണം സ്വീകരിക്കുന്നതിനും പൊതുഭരണത്തിനും ഉപയോഗിക്കുന്ന ഭണ്ഡാരം എന്ന പഴയ മലയാളം വാക്കു തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. അല്ലാതെ നേർച്ചപ്പെട്ടി എന്നല്ല !
മലയാള ശൂദ്രൻ / നായർ
കേരളം നമ്പൂതിരി ഗ്രാമങ്ങളായി പുനർനിർമ്മിക്കുന്നതിന്റെ ഭാഗമായി നമ്പൂതിരിമാരുടെ ഗ്രാമ / ഗൃഹ പരിപാലനത്തിനും സുരക്ഷക്കുമായി തിരഞ്ഞെടുക്കപ്പെട്ട പറയ-പാണ സമുദായങ്ങളിൽ നിന്നുള്ള അടിമകളാണ് ശൂദ്രൻ എന്ന സവർണ്ണ ദാസ്യവൃത്തിയിലേക്ക് ഉൾച്ചേർക്കപ്പെടുന്നത്.
കാരണം, കേരളത്തിന്റെ കൃഷിയിടങ്ങളായ 'പുല 'ങ്ങളുടെ ഉടമകളായിരുന്ന 'പുലയർ ' ചേരമാൻ പെരുമാളിന്റെ സ്വന്തം വംശീയ ജനതയായതിനാൽ നിഷ്ഠൂരമായ അടിമത്വത്തിലേക്ക് ചവിട്ടിത്താഴ്ത്തപ്പെടുകയും തങ്ങളുടെ ഉടമസ്തതയിലായിരുന്ന കൃഷിയിടങ്ങളിലെ അടിമകളായ കൃഷിപ്പണിക്കാരായി അവർ അപമാനിക്കപ്പെടുകയും ചെയ്യുന്നുണ്ട്.
ആ അധികാര-അവകാശ വിടവിലേക്കാണ് പ്രാദേശിക ജനതയിലെ തന്നെ ബ്രാഹ്മണർക്ക് വിശ്വസിക്കാവുന്ന ഭൃത്യരായി, പറയ-പാണ സമുദായങ്ങളിൽ നിന്നുള്ള അടിമകളെ ബ്രാഹ്മണ്യം ശൂദ്രവൃത്തിയിലേക്ക് അഥവ ശൂദ്രജാതിക്കാരാക്കി സവർണ്ണ ജാതീയതയുടെ അടിത്തട്ടുകാരായി നിയോഗിക്കുന്നത് എന്നതുകൂടി ശ്രദ്ധിക്കണം.
ഓരോ നമ്പൂതിരി ഇല്ലത്തോടും ചേര്‍ന്ന് നിശ്ചിത എണ്ണം നായര്‍ വീടുകള്‍ ഉണ്ടായിരിക്കണമെന്നത് പണ്ടുകാലത്ത് നിര്‍ബന്ധമുള്ള കാര്യമാണ്. കാരണം, നമ്പൂതിരി ഗൃഹങ്ങളിലെ എല്ലാ ജോലിയും ചെയ്യേണ്ടത് നായരുടെ കർത്തവ്യമാണ്.
കൂടാതെ നമ്പൂതിരിയോ അന്തര്‍ജ്ജനമോ ഇല്ലത്തിനു പുറത്തിറങ്ങുകയാണെങ്കില്‍ ബൗദ്ധ പാരമ്പര്യമുള്ള അന്യ സമുദായ ജനങ്ങളെ കാണാതേയും, അവരുമായുള്ള അയിത്താചാരപ്രകാരമുള്ള ദൂരം നിശ്ചയിച്ചും, വിളിച്ചു കൂവിയും ഒച്ച വെച്ചും അയിത്ത ദൂരം അളന്നും മുന്നിലും പിന്നിലുമായി ഇല്ലത്തെ അടിമകളായ നായന്മാര്‍ ഒരു യജമാന ഭക്തിയുള്ള നായ കണക്കെ ഓടിക്കൊണ്ടിരിക്കുക തന്നെ വേണം.
ഇങ്ങനെ ദൈവത്തിന്റെ സൂക്ഷിപ്പുകാരായ നമ്പൂതിരിമാരുടെ ആശ്രിതരായി വട്ടം ചുറ്റി കളിക്കുന്നത് ഒരു അംഗീകാരവും, ഭാഗ്യവും, സുകൃതവുമായാണ് നായര്‍ കരുതുക. ഈ വക ജോലികള്‍ക്കൊന്നും കൂലിപോലും ചോദിക്കാനുള്ള വിവരമോ വിദ്യാഭ്യാസമോ അന്നവര്‍ക്കുണ്ടായിരുന്നില്ല.
അക്ഷരം പഠിക്കാത്തവരായതിനാൽ 'നാണോം മാനോം' ഇല്ലാത്തവർ എന്നൊരു അജ്ഞതയുടെ അലങ്കാര വിശേഷണവും കൂടി പണ്ട് അവർക്കുണ്ടായിരുന്നു. ' 'നാനോം മോനോം ' എന്നത് അക്കാലത്ത് ബൗദ്ധർ (ഇന്നത്തെ പിന്നോക്ക ജനതയുടെ പൂർവ്വികർ ) ഉപയോഗിച്ചിരുന്ന അക്ഷരമാലയുടെ പേരായിരുന്നു. അതായത് നമ്പൂതിരിയുടെ കീഴിലുള്ള അടിമത്വം നായര്‍ക്ക് അഭിമാനകരമായി തീർന്നത് വിദ്യാഭ്യാസ നിഷേധത്തിൽ കൂടിയാണെന്ന് സാരം.
ശൂദ്രന്മാരുടെ ( നായന്മാരുടെ )
നെയ്ക്കിണ്ടി വെക്കൽ
നംബൂതിരിമാര്‍ തങ്ങളുടെ മൂത്ത ആണ്‍മക്കള്‍ക്ക് (അച്ഛന്‍ നമ്പൂതിരി) മാത്രമേ സ്വസമുദായത്തില്‍ നിന്നും വിവാഹം അനുവദിച്ചിരുന്നുള്ളു എന്നതിനാലും, ഇളയ സഹോദരങ്ങള്‍ക്ക് (അഫ്ഫന്‍ നമ്പൂതിരിമാര്‍)അന്യ ശൂദ്ര (നായര്‍), അമ്പലവാസി ജാതികളുമായി മാത്രമേ സംബന്ധം അനുവധിച്ചിരുന്നുള്ളു എന്നതിനാലും നമ്പൂതിരി ഗൃഹങ്ങള്‍ വംശവര്‍ദ്ധനവില്ലാതിരിക്കയും ആശ്രിതരായ നായര്‍ ഗൃഹങ്ങളിൽ അംഗസംഖ്യ പെറ്റു പെരുകുകയും, സംബന്ധ വൈശിക സേവനങ്ങളിലൂടെയുള്ള വരുമാനങ്ങളിലൂടെയും സാംബത്തികമായി പുരോഗതിപ്രാപിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് തങ്ങളുടെ ഉടമസ്തരായ നമ്പൂതിരിഗൃഹങ്ങളില്‍ നിന്നും പിരിഞ്ഞു താമസിക്കാനും തുടങ്ങിയതിനാല്‍ കാലക്രമത്തില്‍ പലര്‍ക്കും തങ്ങളുടെ ഉടമകളായ നമ്പൂരന്മാര്‍ ആരാണെന്ന് നിശ്ചയമില്ലാത്ത അവസ്ഥ സംജാതമായി എന്നാണ് ഒരു വാദം.
നമ്പൂതിരിമാരെ പിരിഞ്ഞുള്ള ഈ അകൽച്ച ശൂദ്രരിൽ കടുത്ത അരക്ഷിതാവസ്ഥ സൃഷ്ടിച്ചു എന്നാണു കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട് പറയുന്നത്.
ഇതിനൊരു പരിഹാരമായി ഇത്തരം സാംബത്തിക ഭദ്രത നേടിയ നായര്‍ കുടുംബങ്ങള്‍ തങ്ങളുടെ ഉടമകളായി ഏതെങ്കിലും നമ്പൂതിരി കുടുംബങ്ങളെ കണ്ടെത്തുകയാണു ചെയ്തിരുന്നത്. ഇങ്ങനെ കണ്ടെത്തുന്ന നംബൂതിരി കുടുബവുമായി വീണ്ടും സ്വയം അടിമപ്പെടുന്നതിനായി നടത്തിവന്ന ചടങ്ങാണ് നായന്മാരുടെ നെയ്‌ക്കിണ്ടി വെക്കല്‍.
നെയ്ക്കിണ്ടിവക്കല്‍ ചടങ്ങിന്റെ ഭാഗമായി നായര്‍ കുടുംബം കുഞ്ഞുകുട്ടികള്‍ മുതല്‍ മൂത്ത സ്ത്രീകളും പുരുഷന്മാരും വരെ നമ്പൂതിരി ഇല്ലത്തില്‍ ചെന്ന് സദ്യനടത്തണം. ഇല്ലത്തിനകത്തും പുറത്തുമുള്ള അന്തര്‍ജ്ജനങ്ങള്‍ക്കും, നമ്പൂതിരിമാര്‍ക്കും,കുട്ടികള്‍ക്കും നായര്‍ കുടുംബത്തിലെ ഏല്ലാവരും പ്രത്യേകം തിരുമുല്‍കാഴ്ച്ച സമര്‍പ്പിക്കണം.
പ്രായം തികഞ്ഞ നായര്‍ സ്ത്രീകളും പുരുഷന്മാരും ഓരോ ഓട്ടുകിണ്ടിയില്‍ നെയ് നിറച്ച് കാഴ്ച്ചവക്കും. ഇല്ലത്തിന്റെ നടുമുറ്റത്തുവച്ച് നിറപറയും നിലവിളക്കും വച്ച് ചില കര്‍മ്മങ്ങള്‍കൂടി ചെയ്യും. അന്നുമുതല്‍ ആ നായന്മാര്‍ നമ്പൂതിരി ഗൃഹത്തിലെ അടിയാന്മാരായി കണക്കാക്കപ്പെടും.
ഇങ്ങനെയാണ് നമ്പൂതിരി അടിമത്വത്തില്‍ നിന്നും ഊര്‍ന്നു പോയ നായന്മാര്‍ തങ്ങളുടെ അഭിമാനകരമായ അടിമത്വത്തിലേക്ക് നെയ്‌ക്കിണ്ടിവച്ച് തിരിച്ചുവന്നിരുന്നത്.
നെയ്ക്കിണ്ടി വെക്കൽ ചടങ്ങിന് കാരണമാകാൻ ഒരു ശൂദ്ര /നായർ കുടുംബം നമ്പൂതിരി കടുംബത്തിൽ നിന്നും വിട്ടു പോകുകയും അതിനെത്തുടർന്ന് അവർക്ക് ജീവിതത്തിൽ പ്രശ്നങ്ങൾ/ അനർത്ഥങ്ങൾ സംഭവിക്കുകയും ജ്യോതിഷപ്രശ്ന വിധിയിൽ ബ്രാഹ്മണ ദാസ്യവൃത്തിയിൽ നിന്നും അകന്നു പോയതുകൊണ്ടാണെന്ന് കണ്ടു പിടിച്ചതിന്റെ ഭാഗമായാണ് പരിഹാരമായി നെയ്ക്കിണ്ടി വെക്കലിലൂടെ ശൂദ്രർ വീണ്ടും ബ്രാഹ്മണ അടിമത്വത്തിലേക്ക് തിരിച്ചു വന്നിരുന്നത് എന്ന് കാണിപ്പയ്യൂർ അഭിപ്രായപ്പെടുന്നുണ്ട്. പക്ഷേ അപൂർവ്വമായി അതു സംഭവിക്കാമെങ്കിലും പൂർണ്ണമായി വിശ്വസിക്കാനാകാത്തതാണ് ആ പ്രസ്താവന.
കരണം, ബ്രാഹ്മണ ദാസ്യ നുകത്തിനകത്തു കയറിയാൽ അതിനകത്തു നിന്നും പുറത്തു കടക്കാൻ ശൂദ്രർക്കല്ല, മറ്റു ഏത് യജമാന ഭക്തിയുള്ള സമുദായക്കാർക്കു പോലും സാധിക്കുന്നതല്ല എന്നതു തന്നെ !
അതിനു തെളിവാണ് താഴെ പറയുന്ന കുറച്ചു മുന്തിയ ശൂദ്രന്മാരായവരുടെ സവർണ്ണ സാന്നിദ്ധ്യം !
അമ്പല വാസികൾ, പിള്ള, പണിക്കർ , കുറുപ്പ് , മേനോൻ, നമ്പ്യാർ, തറവാടി നായർ, ... തുടങ്ങിയ 'തൃശങ്കുവിലെ ' ആഢ്യ ശൂദ്രന്മാർ (നായന്മാർ) മുകളിൽ വിവരിച്ച തരം അടിമ ശൂദ്രരല്ല എന്നാണ് എന്റെ നിരീക്ഷണം. അതേക്കുറിച്ച് മറ്റൊരു പോസ്റ്റിൽ പ്രതിപാദിക്കാം.
ശൂദ്രരുടെ (നായന്മാരുടെ ) നെയ്ക്കിണ്ടി വെക്കുന്ന ചടങ്ങിനെക്കുറിച്ച് ബ്രാഹ്മണ സ്രോതസിൽ നിന്നും നേരിട്ടറിയാൻ കാണിപ്പയ്യൂർ ശങ്കരൻ നമ്പൂരിപ്പാടിന്റെ 'നായന്മാരുടെ പൂർവ്വ ചരിത്രം' എന്ന പുസ്തകം നോക്കുക. (ഒന്നാം ഭാഗം, പേജ്: 48. പ്രസാധകർ: പഞ്ചാംഗം പുസ്തകശാല, കുന്ദംകുളം).
ഇതോടൊപ്പം ചേർത്തിരിക്കുന്നത് എന്റെ ഒരു ക്രയോൺ റഫ് ഡ്രോയിംങ്ങ് ആണ്.
- ചിത്രകാരൻ ടി. മുരളി
- Chithrakaran T Murali T
04-11-2018
https://m.facebook.com/chithrakaran/

Friday, November 2, 2018

'മഹത്വമുള്ള കഴുവേറി' അഥവാ 'ചിത്രവധം' Chithravadham Great Kazhuveri'മഹത്വമുള്ള കഴുവേറി'
അഥവാ 'ചിത്രവധം'
1000 വർഷം മുമ്പുവരെ ബുദ്ധ ധർമ്മ വിശ്വാസികളും പ്രബുദ്ധ പാരമ്പര്യമുള്ളവരുമായിരുന്ന ദളിത്‌-പിന്നോക്ക സമുദായങ്ങളെ ( പുലയര്‍, അരയര്‍, ആശാരി, തട്ടാന്‍, നാടാര്‍, ഈഴവര് ‍/ തിയ്യര്‍, പണിക്കര്‍, വാണിയര്, ശാലിയര്, എഴുത്തച്ഛന്‍‍.. തുടങ്ങിയ കേരളത്തിലെ അസവർണ്ണ സമുദായങ്ങൾ ) സാമൂഹ്യമായും സാംസ്ക്കാരികമായും സാമ്പത്തികമായും തകര്ക്കുക എന്ന ഉദ്ദേശത്തോടെ ക്രൂരമായ ഉന്മൂലന തന്ത്രങ്ങള്‍ ബ്രാഹ്മണ പൌരോഹിത്യം അക്കാലത്തെ 'പാവ' രാജാക്കന്മാരായിരുന്ന ശൂദ്ര(നായര്‍ )ഭരണാധികാരികളെക്കൊണ്ട് നടപ്പിലാക്കിയിരുന്നു എന്നു കാണാം.
പണ്ടുകാലത്ത് രാജ്യം ഭരിക്കുന്ന രാജാക്കന്മാര്‍ പോലും ശൂദ്രന്‍ ആയതിനാല്‍ അവര്‍ക്ക് വിദ്യാഭ്യാസം ബ്രാഹ്മണര്‍ നിഷിദ്ധമാക്കിയിരുന്നു. സ്വന്തം ഭരണ സംവിധാനത്തില് ‍ ഒരു ഓഫീസ് ക്ലര്‍ക്കിനെപ്പോലും സ്വന്തം സമുദായമായ ശൂദ്രരില്‍‍ (നായരില്‍) നിന്നും നിയമിക്കാന് നമ്മുടെ ‍ ശൂദ്ര രാജാക്കന്മാര്‍ക്ക് കഴിയുമായിരുന്നില്ല. അക്ഷരാഭ്യാസം ആവശ്യമുള്ള ജോലികളെല്ലാം തമിഴ് ബ്രാഹ്മണരെ ഇറക്കുമതി ചെയ്താണ് നിര്‍വ്വഹിച്ചിരുന്നത്.
എന്നാല്‍, അക്കാലത്തുതന്നെ ബൌദ്ധപാരംബര്യമുള്ള പിന്നോക്ക സമുദായങ്ങളില്‍ സ്വന്തമായി പള്ളിക്കൂടങ്ങളും, ചേകവന്മാരായ ഗുരുക്കന്മാരുടെ കളരികളും ഉള്ളവരും ഗണിത വിദ്യയും ആയുർവേദത്തിൽ അഗ്രഗണ്യരായ (കൊട്ടാരം വൈദ്യന്മാര്‍ അടക്കം) വൈദ്യന്മാരും സംസ്കൃതമടക്കമുള്ള വിഷയങ്ങളില്‍ പ്രാഗല്‍ഭ്യവുമുള്ളവരും ഉണ്ടായിരുന്നു. എന്നാല്‍ ജനസംഖ്യയില്‍ ഭൂരിപക്ഷക്കാരായ ബൌദ്ധരെ സ്വന്തം രാജ്യത്തെ സാധാരണ പൌരന്മാരായി പോലും കാണാന്‍ ഭരണകൂടവും ബ്രാഹ്മണരും തയ്യാറായിരുന്നില്ല. പകരം അവര്‍ കൊല്ലപെടെണ്ടാവര്‍ ആണെന്നാണ്‌ അക്കാലത്തെ ഭരണകൂടത്തിന്റെ വിശ്വാസം. ബുദ്ധനോടും ബൗദ്ധ വിശ്വാസികളോടും സവര്‍ണ്ണ ബ്രാഹ്മണ മതത്തിന്‍റെ വംശീയ വൈരം എത്രത്തോളമുണ്ട് എന്നതിന്‍റെ ഉദാഹരണമായി ഇതിനെ കാണാം. ‍
വിദ്യാഭ്യാസമുള്ള ബൌദ്ധ പാരംബര്യക്കാരെ പൊതു നിരത്തില്‍ പോലും ഇറങ്ങി നടക്കാന്‍ അവകാശമില്ലാത്തവരായി പ്രഖ്യാപിക്കുകയും , തീണ്ടൽ, തൊടീൽ, അയിത്തം തുടങ്ങിയ മനുഷ്യത്വ വിരുദ്ധ സാമൂഹ്യ നിയമങ്ങളും അനാചാരങ്ങളും അടിച്ചെല്‍പ്പിക്കുകയും അത് ലംഘിക്കുന്നവരെ നിര്‍ദയം കൊന്നുകളയുകയും ചെയ്യുക എന്നത് അക്കാലത്ത് ഭരണ സംവിധാനത്തിന്‍റെ ജാഗ്രതയോടെയുള്ള ദിനചര്യയുടെ ഭാഗവുമായിരുന്നു.
ബൌദ്ധരെ നിരന്തരം എന്തെങ്കിലും കുറ്റമാരോപിച്ച് കൊന്നുകളയാതിരുന്നാല്‍ ബ്രാഹ്മണാധിപത്യ സമൂഹത്തിനു അത് ഭീഷണിയാകും എന്നത് നിശ്ചയമാണ്. ശൂദ്രന്‍ (നായര്‍) ബൌദ്ധരെ ശത്രുവായി കാണാതിരുന്നാല് അവര്‍ തമ്മിലുള്ള സ്ഥിര സംസര്‍ഗ്ഗത്താല്‍‍ ശൂദ്രർക്ക് വിലക്കപ്പെട്ട വിദ്യാഭ്യാസം പിന്നോക്ക സമുദായമായ ബൌദ്ധരില്‍ നിന്നും ശൂദ്രരിലേക്കും വ്യാപിക്കുമെന്നും, ബ്രാഹ്മണ പൌരോഹിത്യത്തിന്‍റെ അടിത്തറ തകരുമെന്നും, അടിമത്വത്തില്‍ നിന്നും ശൂദ്രര്‍‍ (നായന്മാര്‍) സ്വാതന്ത്ര്യം നേടുമെന്നും ബ്രാഹ്മണ പൌരോഹിത്യം അക്കാലത്ത് ഭയന്നിരുന്നു.
അങ്ങനെയുള്ള ഒരു സാമൂഹ്യ വ്യവസ്ഥിയുടെ ഭാഗമായി മാത്രമേ 'കഴുവേറ്റല്‍', 'ചിത്രവധം' തുടങ്ങിയ ബ്രാഹ്മണ ശിക്ഷാരീതികളായ ആചാരങ്ങളെ കാണാനാകു. അക്കാലത്ത് ഭൂരിപക്ഷ ജനത ആയിരുന്നിട്ടു പോലും പിന്നോക്ക സമുദായക്കാരനായ (ബൌധര്‍) ഒരു സമര്‍ത്ഥനായ യുവാവിനെ കണ്ടാല്‍ അയാള്‍ നിശ്ചയമായും താമസംവിനാ കഴുവേറ്റപ്പെടും എന്ന് ആര്‍ക്കും മനസ്സില്‍ ഉറപ്പിക്കാം എന്ന് സാരം.
കഴുവേറ്റൽ അഥവ ചിത്രവധം പലവിധത്തിൽ തിരുവിതാംകൂറിൽ നിലവിലുണ്ടായിരുന്നു. സവർണ്ണ ബ്രാഹ്മണ ക്ഷേത്രങ്ങളിൽ ഉത്സവം കൊടിയേറ്റ് നടത്തുന്നതിനു മുമ്പ് നിർബന്ധമായും ദേവപ്രീതിക്കായി നടത്തേണ്ടിയിരുന്ന പരിപാവനമായ ചടങ്ങായാണ് കഴുവേറ്റൽ ആചാരപ്പെടുത്തി ആർഭാടപൂർവ്വം കൊണ്ടാടിയിരുന്നത്. "കൊടിയേറ്റിനു മുന്‍പ് കഴുവേറ്റ് " എന്നൊരു പഴമൊഴി തന്നെയുണ്ട്‌. അതിന്‍റെ വിശദീകരണമായി കൊടുത്തിരിക്കുന്നത് നോക്കുക: "വൈക്കം പെരും തൃക്കോവിലില്‍ പണ്ട് ഉത്സവം കൊടിയേറുന്നതിനു മുന്‍പ് നരബലി നടത്തിയിരുന്നുവത്രേ. പിന്നീട് മനുഷ്യന് പകരം കോഴിയെ മതിയെന്ന് വച്ചു. " ( No. 4490 പഴഞ്ചൊൽ പ്രപഞ്ചം - പ്രൊഫസർ. പി.സി. കര്‍ത്താ .പേജ് 276).
എട്ടാം നൂറ്റാണ്ടു മുതൽ ബൌദ്ധരില്‍ നിന്നും ജൈനരില്‍ നിന്നും വൈദിക ബ്രാഹ്മണർ ചതിയിലൂടെയും തന്ത്രങ്ങളിലൂടെയും പിടിച്ചെടുത്തതാണ് കേരളത്തിലെ മിക്കവാറും എല്ലാ പ്രമുഖ അമ്പലങ്ങളും. നമ്മുടെ എല്ലാ അമ്പലങ്ങളിലും ബുദ്ധനു ബോധോദയം ലഭിച്ച്ചതുകാരണം പരിപാവനമായ വൃക്ഷമായി കരുതപ്പെടുന്ന ബോധി വൃക്ഷം, അഥവാ അരയാല്‍ അംബല മുറ്റത്ത് ആദരണീയമായ നിലയില്‍ പരിപാലിക്കപ്പെടുന്നത് കാണാവുന്നതാണ്. അരിയആല്‍‍/ അരയാല്‍ ബുദ്ധന്‍റെ പ്രതീകമായി ലോകമെങ്ങും ആരാധിക്കപ്പെടുന്ന വൃക്ഷമാണ്. വൈദിക ബ്രാഹ്മണര്‍ക്ക് അരയാലുമായി ബന്ധമൊന്നുമില്ല. തങ്ങള്‍ കയ്യേറിയ ബൌദ്ധ അമ്പലത്തിലെ ഒരു വൃക്ഷം എന്ന നിലയിലും, അതിന്റെ ചുവട്ടില്‍ ഗണപതിയുടെ ഓപ്പന്‍ എയര്‍ പ്രതിഷ്ഠ പതിവുണ്ടെന്നതിനാലും ബ്രാഹ്മണര്‍ അരയാലിനു മുന്നില്‍ ചില ഗോഷ്ടികലെല്ലാം കാണിച്ചു ഭക്തരെ വിഡ്ഢികളാക്കാരുണ്ട് എന്ന് മാത്രം. (ഗണപതി ശിരചേദം ചെയ്യപ്പെട്ട ബുദ്ധനാണെന്നു സ്ഥാപിക്കുന്ന ചിത്രവും വിശദീകരണവും ഉള്ളതിനാല്‍ ഇവിടെ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നില്ല.)
ഇങ്ങനെ ബൌദ്ധരില്‍ നിന്നും പിടിച്ചെടുത്ത അമ്പലങ്ങളില്‍ ഉത്സവത്തിന് പ്രാധാന്യം കൂട്ടാനായി ഇന്നത്തെ പിന്നോക്കക്കാരായ ബൌദ്ധപാരംബര്യമുള്ളവരെ തലയറുത്ത് ഉടല്‍ ക്ഷേത്ര കൊടിമരത്തില്‍ കെട്ടിത്തൂക്കുന്ന ഏര്‍പ്പാടുണ്ടായിരുന്നു എന്ന് കരുതാനുള്ള തെളിവുകള് ഇപ്പോഴും പ്രതീകാത്മകമായി നിലവിൽ ഉണ്ട്. ‍ ക്ഷേത്രത്തിലെ തലയില്ലാത്ത മനുഷ്യ ശരീരത്തോട് സാദൃശ്യമുള്ള കൊടിക്കൂറയും, കേവലം തുണികൊണ്ടുള്ള ഒരു കൊടി കെട്ടിത്തൂക്കാനായി സ്ഥാപിച്ചിരിക്കുന്ന പനയോളം വണ്ണമുള്ള കൊടിമരവും പഴയ ക്രൂരതകളുടെ ഭാരമേറിയ കഥ ശക്തമായി വിളിച്ചു പറയുന്നുണ്ട്.
മാത്രമല്ല, ബൌദ്ധരില്‍ നിന്നും പിടിച്ചെടുത്ത ക്ഷേത്രങ്ങളായതിനാല്‍ ബുദ്ധര്‍ അവിടേക്ക് വീണ്ടും തിരിച്ചു പ്രവേശിക്കാതിരിക്കാനായി "കഴുവേറ്റി കല്ലുകള്‍" എന്നൊരു കരിങ്കല്‍ ശില്‍പ്പവും ബ്രാഹ്മണ്യം ഏര്‍പ്പെടുത്തിയിരുന്നതായി കേരളത്തിലെ പല പഴയ ക്ഷേത്രങ്ങളിലും കാണാം. (അതെക്കുറിച്ച് ചിത്രവും വിശദീകരണവും വേറെ ഉണ്ട് എന്നതിനാല്‍ കൂടുതല്‍ ഇവിടെ എഴുതുന്നില്ല.)
ഇതിനു പുറമേയാണ് പാതയോരങ്ങളിലും അങ്ങാടികളിലും നരഹത്യയുടെ എക്സിബിഷൻ എന്നർത്ഥമുള്ള 'ചിത്രവധം' അഥവ 'കഴുവേറ്റൽ', 'ഉഴച്ചു കൊല്ലൽ' തുടങ്ങിയ പേരുകളിൽ നടത്തിയിരുന്നത്. ജനങ്ങളെ ഭയപ്പെടുത്തി കൂടുതൽ അടിമ ബോധമുള്ളവരാക്കാനും /അനുസരണയുള്ളവരാക്കാനും അധികാര വർഗ്ഗമായ ശൂദ്രരെ (നായരെ) ദുരഭിമാനം കൊണ്ട് ഗർവ്വിഷ്ടരാക്കാനും ഹിംസയെ മഹത്വവൽക്കരിക്കാനുമായുള്ള ക്രൂരമായ മനുഷ്യവധങ്ങളുടെ പ്രദര്‍ശനങ്ങള്‍ !
മനുഷ്യനെ ജീവനോടെ ഇരുമ്പു കുന്തത്തിൽ കുത്തി നിർത്തുക എന്നതാണ് ഈ വധത്തിന്റെ രീതി. ജനങ്ങൾക്കുള്ള ഒരു കാഴ്ച്ച വസ്തുവായി രണ്ടോ മൂന്നോ ദിവസം ഭക്ഷണമോ വെള്ളമോ കൊടുക്കാതെ നരകിപ്പിച്ചു കൊല്ലുകയാണു ചെയ്യുക. 'ഉഴച്ചു കൊല്ലൽ ' എന്ന വിശേഷണം അതുകൊണ്ടാണ്. ആരും ദയ തോന്നിപ്പോലും ഒരിറ്റുവെള്ളം കഴുവേറ്റപ്പെട്ട മനുഷ്യന് കൊടുക്കാൻ ധൈര്യപ്പെടില്ല. രാജഭരണം നിർമ്മിക്കുന്ന കൂട്ടക്കൊല ആകാവുന്ന മരണ ഭയത്താൽ ബന്ധുക്കൾ പോലും ഇരയുടെ അടുത്തു ചെല്ലില്ല,...ശരീരം പച്ചയായി കൊത്തിത്തിന്നുകയോ കടിച്ചുകീറുകയോ ചെയ്യുന്ന ക്ഷുദ്രജന്തുക്കളല്ലാതെ !
കൊലപാതകത്തെ പ്രദർശന വസ്തുവായി ആസ്വദിക്കുന്ന ഈ കൊലപാതക രീതി ബ്രാഹ്മണികമായ ശാസ്ത്ര- മനുസ്മൃതി പ്രകാരമാണ് ധർമ്മരാജയുടെ (1758- 1798) കാലത്ത് തിരുവിതാംകൂറിൽ നടപ്പാക്കിയിരുന്നത്. അതുകൊണ്ടാണ് സംസ്കൃത വാക്കായ 'ചിത്രവധം' എന്ന പേര് ഉപയോഗിക്കപ്പെടാൻ കാരണം. ( തിരുവിതാംകൂര്‍രാജഭരണം സമീപ കാലത്ത് ഉപയോഗിച്ചിരുന്ന ആറടി ഉയരമുള്ള ചിത്രവധ കൂട് എന്നൊരു ആധുനിക ഇരുമ്പ് കൂട് കന്യാകുമാരി ജില്ലയിലുള്ള പത്മനാഭപുരം കൊട്ടാരത്തില്‍ പുരാവസ്തു വകുപ്പ് പ്രദര്സിപ്പിച്ചിട്ടുണ്ട്.)
കൊല്ലം പട്ടണത്തിൽ ലക്ഷ്മി നടയിൽ ഇത്തരം ഒരു ചിത്രവധം നടന്നതിന്റെ വിവരണം ബർത്തലോമ്യ രേഖപ്പെടുത്തിയിട്ടുണ്ട്.( കേരള ചരിത്ര പഠനങ്ങൾ - വേലായുധൻ പണിക്കാശ്ശേരി - പേജ് 32, 33). മൂന്നു തേങ്ങ മോഷ്ടിച്ചു എന്ന ആരോപണം അടിസ്ഥാനമാക്കിയുള്ള നീതി നിർവ്വഹണം എന്ന രീതിയിലാണ് കൊല നടപ്പാക്കിയതത്രേ ! ആറു ബ്രാഹ്മണ വൈദികർ ചേർന്ന് സ്മൃതികളെയും ധർമ്മ സൂത്രങ്ങളെയും ആധാരമാക്കിയാണ് ഒരു ഈഴവനെ അവിടെ കഴുവേറ്റാൻ വിധിച്ചത്. ( രാജഭരണ കാലത്തെ എല്ലാ കഴുമരങ്ങളും അസവർണ്ണർക്ക് വേണ്ടി ഉള്ളതായതിനാല്‍ ''കഴുവേറി' എന്ന വിശേഷണം ബൌദ്ധരുടെ പര്യായമായി പോലും അക്കാലത്ത് ഉപയോഗിച്ചിരിക്കണം.)
ഈ ശിക്ഷാരീതി സവർണ്ണ ഹിന്ദുക്കൾക്ക് (ശൂദ്രര്‍ക്ക്/നായന്മാര്‍ക്ക് ) ബാധകമായിരുന്നില്ല. ബൗദ്ധ പാരമ്പര്യമുള്ളതിനാൽ ബ്രാഹ്മണരുടെ ശത്രുതക്ക് പാത്രീഭവിച്ചിരുന്നതും ക്ഷേത്രപ്രവേശനവും വഴി നടക്കൽ അവകാശവും സ്വന്തം ഇഷ്ടപ്രകാരം വസ്ത്രം പോലും ധരിക്കാനുള്ള അവകാശം ഇല്ലാതിരുന്നവരുമായ അരയര്‍, ആശാരി, ഈഴവർ, നാടാർ/ചാന്നാര്‍ ... തുടങ്ങിയ അസവർണ്ണ ഹിന്ദുക്കളെയായിരുന്നു ചിത്രവധത്തിനു വിധേയരാക്കിയിരുന്നത്.
തെക്കൻ കേരളത്തിലെ ചില ക്ഷേത്രങ്ങളിൽ ആഘോഷപൂർവ്വം കൊണ്ടാടുന്ന 'ഗരുഢ തൂക്കം' ഉത്സവങ്ങൾ പണ്ടുകാലത്ത് അവർണ്ണരെ ചിത്രവധം നടത്തി നാടുനീളെ പ്രദർശിപ്പിച്ചു കൊണ്ടിരുന്ന ആചാരത്തിന്റെ അവശിഷ്ടമാണ്. കായലുകളില്‍ തോണികളിലും, മര ചക്ര കൈവണ്ടി വാഹനങ്ങളില്‍ കയറ്റിയ തെങ്ങ് കവുങ്ങ് തടികളില്‍ നാലും ആറും എട്ടും ശവ ശരീരങ്ങള്‍ ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി പ്രദര്‍ശിപ്പിച്ചിരുന്നതിന്റെ സൂചനകള്‍ ഗരുഡന്‍ തൂക്കങ്ങളിൽ കാണാനാകുന്നുണ്ട്. 
ബ്രിട്ടീഷ് ഭരണകാലത്ത് ചിത്രവധം സാധ്യമാകാതായപ്പോള്‍ പ്രതീകാത്മകമായി വ്രതം നോറ്റ് തൂക്കിലേറാൻ ചാവേറുകൾ നിയോഗിക്കപ്പെട്ടെന്നു മാത്രം !
2016 ലെ (Jan- Feb) ചിത്രകാരന്റെ ആദ്യ ചിത്രമാണിത്.
ഫേസ്ബുക്ക് പേജിലെ Feb 1 ആദ്യ പോസ്റ്റ് ലിങ്ക്:
https://m.facebook.com/story.php?story_fbid=1077862095577448&substory_index=0&id=374272179269780
My painting of Jan - Feb 2016
A painting named 'Great Kazhuveri'/ 'Chithra vadham'. Based on the real history of kazhuvetal or chithravadham which was usual in Travancore in the 18th century under the reign (1758- 1798) of Karthika Thirural Rama Varma who was also called Dharma Raja, because of his strict obedience towards the brahmin's racist laws like manu smurithi, Sankara smruthi etc.
- ചിത്രകാരൻ ടി. മുരളി
- Chithrakaran T Murali T
02-11-2018
https://m.facebook.com/chithrakaran/