Sunday, February 28, 2010

ഡോ.ഗെയ്‌ല്‍ ഓംവെദ്-നന്മയുടെ തുരുത്ത്


മാനവികമായ ചിന്ത എന്നത് സാധാരണ ജനങ്ങളുടെ കാഴ്ച്ചപ്പാടിലൂടെ നൊക്കുംബോള്‍ ഒരു ബാധ്യതതന്നെയാണ്. പക്ഷേ, അതിന് ഏറ്റവും നിര്‍മ്മലമായ സംതൃപ്തിയുടെ ഒരു ആത്മസുഖം കൂടിയുണ്ടെന്ന് അധികാരത്തിന്റെ വഴിയില്‍ ഒരു പഞ്ചായത്ത് മെംബര്‍ പോലുമാകാതിരുന്ന മഹാത്മാഗാന്ധി നമുക്ക് കാണിച്ചുതന്നിട്ടുണ്ട്. സമൂഹത്തിന് ജീവന്‍ ത്യജിച്ചും നന്മചെയ്യുംബോഴുണ്ടാകുന്ന സായൂജ്യം വിശാലമായ മാനവികതയുടെ നിറവാണ്. പണത്തിനു പിന്നാലെ ഓടുന്ന ആക്രാന്തം പിടിച്ച മനസ്സുകള്‍ക്ക് അതു പിടികിട്ടില്ല. എന്നാല്‍ അവരേയും തനിക്കുതുല്യം സ്നേഹിക്കാന്‍ കഴിയുന്ന മഹാത്മാക്കള്‍ക്ക് സകല മനുഷ്യരേയും ഒരൊറ്റ വംശവൃക്ഷമായെ കാണാനാകു. അത്തരം മനസ്സുകള്‍ക്ക് ഭൂമി മുഴുവന്‍ തന്റെ മാതൃഭൂമിയാണെന്നും,എല്ലാ മനുഷ്യരും തന്റെ കുടുംബാംഗങ്ങളാണെന്നും അനുഭവപ്പെടും. സത്യത്തില്‍ പരിശുദ്ധമായ സ്ത്രൈണതയുടെ സ്നേഹഭൂമിയാണ് ഓരോ മഹാത്മാവിന്റേയും മനസ്സ്.ബുദ്ധനും,കൃസ്തുവും,മഹാത്മാഗന്ധിയും എല്ലാം തന്നെ തങ്ങളുടെ ആസക്തിനിറഞ്ഞ പുരുഷമനസ്സിനെ നിര്‍ജ്ജീവമാക്കി, തങ്ങളിലെ ഉറങ്ങിക്കിടന്ന സ്ത്രൈണ മനസ്സിനെ ഉണര്‍ത്തിയെടുത്ത് ആ മനസ്സിലൂടെ ലോകത്തെ നോക്കിക്കാണുകയും, അമ്മയെപ്പോലെ മാനവികതയെ വാരിപ്പുണരുകയും ചെയ്ത അപൂര്‍വ്വ പ്രതിഭാസങ്ങളായിരുന്നു എന്നാണ് ചിത്രകാരന്റെ നിരീക്ഷണം.
അന്യരും,എതിരാളികളും, ശത്രുക്കളുമില്ലാത്ത സ്നേഹത്തിന്റെ ആ നിര്‍മ്മലതയിലേക്ക് ഉയരാനുള്ള അദ്ധ്വാനത്തോളം മഹത്തരമായി ഈ ലോകത്ത് എന്താണ് സ്ഥായിയായുള്ളത് !!!

അമേരിക്കയില്‍ ജനിച്ച് ഇന്ത്യയിലെ ജാതിവിവേചനത്തെക്കുറിച്ച് പഠിക്കാനെത്തി,മനുഷ്യത്വരഹിതമായ ജാതീയ പീഢനങ്ങള്‍ക്കിരയാകുന്ന ഇന്ത്യന്‍ അവര്‍ണ്ണ ജനതയെ മനുഷ്യാവകാശങ്ങളിലേക്ക് കൈപ്പിടിച്ചുയര്‍ത്താന്‍ സ്വന്തം ജീവിതം നീക്കിവച്ച് ഇന്ത്യന്‍ പൌരത്വം സ്വീകരിച്ച് ജീവിക്കുന്ന ഡോ.ഗെയ്‌ല്‍ ഓംവെദ് എന്ന മനുഷ്യാവകാശ പ്രവര്‍ത്തകയെ ഇന്നത്തെ മാതൃഭൂമി വാരാന്ത്യപ്പതിപ്പില്‍(28.2.10)മിന്നു വേണുഗോപാല്‍ എന്ന ലേഖിക ചെറുതായൊന്നു പരിചയപ്പെടുത്തിയതു കണ്ടപ്പോള്‍ തോന്നിയ സന്തോഷത്താലാണ് ചിത്രകാരന്‍ ഈ പോസ്റ്റ് എഴുതുന്നത്.മാതൃഭൂമിക്കും, മിന്നു വേണുഗോപാലിനും നന്ദി.

ഈ ചിത്രകാരന് ഈ ജാതീയതയോട് എന്താണിത്ര വിരോധം എന്ന് പലര്‍ക്കും മനസ്സിലാകുന്നില്ല... !!! ജാതീയത 2000 വര്‍ഷത്തിലേറെ പഴക്കമുള്ള മനുഷ്യത്വഹീനമായ വിവേചനങ്ങളുടെ സവര്‍ണ്ണ സംസ്ക്കാരമാണ്. നമ്മുടെ ശ്രീ നാരായണ പ്രസ്ഥാനവും,ഇടതുപക്ഷ പാര്‍ട്ടികളും,പുരോഗമന പ്രസ്ഥാനങ്ങളും സവര്‍ണ്ണ സംസ്ക്കാരത്താല്‍ എന്നോ വിഴുങ്ങപ്പെട്ട് സ്ഥലജല ഭ്രമത്തിനടിമപ്പെട്ട് നടത്തുന്ന ആത്മഹത്യാപരമായ പേക്കൂത്തുകള്‍ നാം കാണുന്നതല്ലേ..?? ഇന്ത്യയില്‍ സവര്‍ണ്ണതയേയും അതിന്റെ പ്രഭവസ്ഥാനമായ ബ്രാഹ്മണ്യത്തേയും യാഥാര്‍ത്ഥ്യബോധത്തോടെ വിശകലനം ചെയ്ത് തിന്മയും വംശീയ വിഷവുമായി രേഖപ്പെടുത്താതെ
ഒരു പുരോഗമന പ്രസ്ഥാനത്തിനും മുന്നോട്ടു പോകാനാകില്ല. സവര്‍ണ്ണതയെ നശിപ്പിച്ച് മനുഷ്യരാക്കാന്‍ വിശ്രമമില്ലാത്ത നിരന്തര ശ്രമങ്ങള്‍ ഇന്ത്യയില്‍ നടക്കേണ്ടിയിരിക്കുന്നു. സവര്‍ണ്ണത ഒരു സാംസ്ക്കാരികതയായി നിലനില്‍ക്കുംബോള്‍ അവര്‍ണ്ണര്‍പോലും അതിന്റെ പടയാളികളായി ജാതീയത നിലനിര്‍ത്താന്‍ ശ്രമിക്കുമെന്നതാണ് പരിതാപകരമായ വസ്തുത. ഈ വസ്തുതകള്‍ ജാതീയതയില്‍ നിന്നും മുക്തരായ മനസ്സുകള്‍ക്കേ അതിന്റെ ശരിയായ അര്‍ത്ഥതീവ്രതയില്‍ മനസ്സിലാകു എന്നതിനാല്‍ ഡോ.ഗെയ്‌ല്‍ ഓംവെദിനെപ്പോലുള്ളവരുടെ സാമൂഹ്യശാസ്ത്ര അറിവുകള്‍ നമ്മുടെ നാടിനെ രക്ഷിക്കട്ടെ എന്നാശിക്കുന്നു. ജാതിക്കെതിരെ സംസാരിക്കുന്നത് എന്തോ സംവരണം ലഭിക്കുന്നതിനാണെന്ന് ചിന്തിക്കാനെ നമ്മുടെ സവര്‍ണ്ണ ജാത്യാഭിമാനികള്‍ക്ക് കഴിയു. പണത്തെ മൂല്യബോധമായി കരുതുന്ന ബ്രാഹ്മണ്യത്തിന്റെ ദഹനക്കേടാണ് ആ ചിന്ത :)
വിക്കിയില്‍ ഡോ.ഗെയ്‌ല്‍ ഓംവെദിനെക്കുറിച്ചുള്ള ലേഖനത്തിന്റെ ലിങ്ക്.

Friday, February 26, 2010

മമ്മുട്ടി,മോഹന്‍ലാല്‍,തിലകന്‍,അഴീക്കോട്...


സിനിമാതാരങ്ങളെ അവര്‍ ആണായാലും പെണ്ണായാലും അവര്‍ക്ക് ശരീരം വിറ്റു ജീവിക്കുന്ന വേശ്യകള്‍ക്കപ്പുറമുള്ള ബഹുമാനം നല്‍കുന്ന സമൂഹം അടിമകളുടേതാണെന്ന കാര്യത്തില്‍ ചിത്രകാരനു സംശയമില്ല.സിനിമക്കുവേണ്ടി ശരീരവും,ശാരീരവും വില്‍ക്കുക എന്നതിലുപരിയായ ജോലിയൊന്നും ഒരു സിനിമാതാരത്തിനു ചെയ്യാനില്ല. അതുകൊണ്ടുതന്നെ പൊള്ളയായ രൂപത്തിനപ്പുറം ഈ സിനിമാവേശ്യകളില്‍ മഹത്തരമായ ഒന്നുംതന്നെയില്ല.പിന്നെ,മന്ദബുദ്ധികളായ സമൂഹം ഈ വേശ്യകളാണ് സിനിമയുടെ ഉള്ളടക്കം എന്ന് അന്ധമായി വിശ്വസിക്കുന്നതിലൂടെ ഈ സാധനങ്ങള്‍ക്ക് ലഭിക്കുന്ന അമിതപ്രാധാന്യത്തെയാണ് സൂപ്പര്‍ സ്റ്റാര്‍,മെഗാസ്റ്റാര്‍,സിനിമാതാരം എന്നിങ്ങനെയൊക്കെ പേരിട്ട്,നമ്മള്‍ മര്യാദാരാമനും സീതയുമായി വിഗ്രഹവല്‍ക്കരിക്കുന്നത്.

സ്ത്രൈണമായ അടിമ സമൂഹത്തിന് ഒട്ടിനില്‍ക്കാന്‍ സമൂഹത്തില്‍ ആണത്വത്തിന്റെ തണലുവേണം.അത്തരം കരുത്തുള്ള ആണത്വം സമൂഹത്തില്‍ ഇല്ലാതാകുംബോള്‍, കലയിലോ,സാഹിത്യത്തിലോ,സ്വപ്നത്തിലോ,സിനിമയിലോ ഉള്ള ആണത്വത്തിന്റെ പൊയ്‌മുഖങ്ങളെ തങ്ങളുടെ ഉടമകളായും,രക്ഷകരായും സ്വയം മനസ്സില്‍ പ്രതിഷ്ടിച്ച് ആരാധിക്കുന്നതിനെയാണ് താരാരാധന,വീരാരാധന,വിഗ്രഹാരാധന,ഫാനാരാധന എന്നൊക്കെപ്പറയുന്നത്.
സമൂഹ്യഅടിമത്വത്തിന്റെ ഈ രസതന്ത്രം രുചിച്ചറിയുന്ന വെളവന്മാരും അതിവെളവന്മാരുമാണ് (അതിസമര്‍ത്ഥര്‍)കപടമായ തങ്ങളുടെ ബ്രാന്‍ഡ് ഇമേജ് പിടിച്ചു നിര്‍ത്തുന്നതിനും വളര്‍ത്തിയെടുക്കുന്നതിനുമായി ഗുണ്ടാസംഘങ്ങളെപ്പോലെ ആശ്രിതന്മരെ കൂലിക്കുനിര്‍ത്തി ചലച്ചിത്രകലയെത്തന്നെ സംഘടനകള്‍കൊണ്ട് വിഷലിപ്തമാക്കുന്നത്. ഈ പ്രവണത സിനിമയെ സൂപ്പര്‍സ്റ്റാറുകളുടെ തൊഴുത്തിലെ കന്നുകാലികളാക്കിയിരിക്കുന്നു എന്നതും,സിനിമാരംഗത്തുള്ള ആര്‍ക്കും ഈ സ്വാര്‍ത്ഥ ശക്തികള്‍ക്കെതിരെ ശബ്ദിക്കാന്‍ സാധിക്കുന്നില്ല എന്നതും സിനിമയുടെ മാത്രം പ്രശ്നമല്ല,നമ്മുടെ സാംസ്ക്കാരികതയുടെ അര്‍ബുദരോഗമായിത്തന്നെ ഇതിനെ മനസ്സിലാക്കേണ്ടതുണ്ട്.

കോമാളിത്വവും,വളിപ്പുകളുമായി എങ്ങിനെയൊക്കെയോ സിനിമയുടെ അകത്തളത്തില്‍ കയറിപ്പറ്റുന്ന ഈ ജന്തുക്കള്‍ അടിമകളായ ജനങ്ങളുടെയും,മന്ദബുദ്ധികളായ സംവിധായകരുടേയും ദൌര്‍ബല്യം മുതലാക്കി സിനിമയുടെ നെടും തൂണുകളും, താര രാജാക്കന്മാരുമാകുന്നത് സാമൂഹ്യ ജീര്‍ണ്ണതയുടെ ഭാഗമാണ്. താന്‍ നേരിട്ട അഭിനയ വിലക്കിനെത്തുടര്‍ന്ന് തിലകന്‍ സിനിമയിലെ ഇത്തിക്കണ്ണികളായ സൂപ്പര്‍സ്റ്റാറുകളെ തുറന്ന് എതിര്‍ക്കാന്‍ തയ്യാറായത് എന്തുകൊണ്ടും അഭിനന്ദനീയമാണ്.കലയായാലും,സാഹിത്യമായാലും,സിനിമയായാലും അത് സമൂഹത്തിന്റെ പുരോഗമന ചിന്തയുടെ സ്നേഹപൂര്‍ണ്ണമായ മൃദുഭാവമാണ്. അതിനെ ഏതാനും വ്യക്തികള്‍ സംഘടനയിലൂടെ തളച്ചിടാന്‍ ശ്രമിക്കുന്നത് സാമൂഹ്യദ്രോഹവുമാണ്.
സിനിമയുടെ സ്വാതന്ത്ര്യത്തിനായി ശബ്ദമുയര്‍ത്താന്‍ മുന്നോട്ടു വന്ന തിലകന്‍ വെറും നടന്‍ മാത്രമല്ലെന്നും,ധീരനായ കലാകാരന്‍‌കൂടിയാണെന്ന് തെളിയിച്ചിരിക്കുന്നു.

സമൂഹത്തില്‍ ഉണര്‍ന്നിരിക്കാന്‍ ശ്രമിക്കുന്ന സുകുമാര്‍ അഴിക്കോട് സൂപ്പര്‍സ്റ്റാറുകള്‍ക്കെതിരെ നടത്തിയ കുതിരകയറ്റം കേരളസമൂഹത്തിന്റെ ഇടപെടലായിത്തന്നെ കാണേണ്ടിയിരിക്കുന്നു... അതില്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ പൊങ്ങച്ചങ്ങള്‍ പൊങ്ങിവരുന്നുണ്ടെങ്കില്‍ പോലും, അവസരോചിതം നടത്തേണ്ട ഇടപെടല്‍ തന്നെ.
വല്ല വയലിലും നോക്കുകുത്തിയായി നിര്‍ത്താന്‍ മാത്രം കൊള്ളാവുന്ന അഭിനയസിദ്ധിയുള്ള ഇന്നച്ചന്‍ അഴിക്കോടിനോട് വയസ്സുകാലത്ത് നാമം ജപിച്ച് ജീവിക്കാന്‍ പറഞ്ഞിരിക്കുന്നത്രെ!... ഹഹഹഹ....

തിലകനും അഴിക്കോടിനും ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!
സിനിമയിലെ മാലിന്യങ്ങളായ സൂപ്പര്‍ താരങ്ങളെ ചവറ്റുകൂടയിലെറിയുക !!!
ബന്ധപ്പെട്ട പോസ്റ്റുകള്‍:
1)മോഹന്ലാലിന്റെ വിഢിവേഷം !
2)മമ്മുട്ടിയും ബാര്ബര്ബാലനും !

ഇപ്പോള് ‍(February 27, 2010 4:08 PM) കമന്റായി കൂട്ടിചേര്‍ത്ത ചിത്രകാരന്റെ താത്വികവിചാരം:)

കല,സാഹിത്യം,സംസ്ക്കാരം തുടങ്ങിയവ ഏതൊരു സമൂഹത്തിന്റേയും പരസ്പ്പരം ബന്ധിപ്പിക്കുന്ന സ്നേഹാഭിവാഞ്ഛയുടെ ബഹിര്‍സ്ഫുരണങ്ങളാണ്.
അതായത് സാമൂഹ്യനന്മയാണ് !!!

ഈ സാമൂഹ്യ നന്മയെ കച്ചവടക്കാരും,സ്വാര്‍ത്ഥതാല്‍പ്പര്യക്കാരായ
കുത്തകകളും വിലക്കെടുക്കുംബോഴാണ് സമൂഹത്തില്‍ ഇരുട്ടുപരക്കുന്നത്. ജനങ്ങളുടെ കലക്കുപകരം, കച്ചവടക്കാരന്‍ വിതരണം ചെയ്യുന്ന കൃത്രിമകലയും,പുരാണസാഹിത്യവും, സൂപ്പര്‍സ്റ്റാര്‍സിനിമയും സമൂഹത്തില്‍ അടിമത്വത്തിന്റെ ഉപഭോക്താക്കളെ മാത്രമേ സൃഷ്ടിക്കു. 2000 കൊല്ലക്കാലം ഇന്ത്യക്കാരന്‍ ബ്രാഹ്മണന്റെ ഐതിഹ്യവും പുരാണവും ച്യുയിംഗം പോലെ ചവച്ച് ചവച്ച് മൃതപ്രായരായി അടിമത്വത്തില്‍ കഴിച്ചുകൂട്ടിയതിന്റെ ചരിത്രം നമ്മുടെ മുന്നിലുണ്ട്.

കല വെറും വിനോദം മാത്രമാണെന്നു വിശ്വസിക്കുന്ന മന്ദബുദ്ധികള്‍ക്ക് ഡ്രഗ് അഡിക്റ്റുകളെപ്പോലെ കച്ചവടക്കാരന്റെ ചിരിമരുന്നും,ഇടിമരുന്നും,റിയാലിറ്റി ഗദ്ഗദങ്ങളും ധാരാളമായേക്കാം.

എന്നാല്‍,ഒരു തൊഴിലിനുവേണ്ടി(ദാസ്യ അവസരത്തിനായി)ലോകം മുഴുവന്‍ തെണ്ടുന്ന
മലയാളികളെപ്പോലുള്ള സമൂഹത്തിന് സ്വന്തം ഉടമയാകാന്‍
(അടിമത്വത്തില്‍ നിന്നും മോചനം നേടാന്‍)
സമൂഹത്തിന്റെ സ്നേഹത്തിന്റേയും,നന്മയുടേയും
മുലപ്പാലായ കലയും സാഹിത്യവും സംസ്ക്കാരവും കലര്‍പ്പില്ലാതെ ലഭിക്കേണ്ടതുണ്ട്.

കച്ചവടക്കാരന്റെ കലയെന്ന പേരില്‍ ലഭിക്കുന്ന മദ്യവും മയക്കുമരുന്നും എത്രമാത്രം ആസ്വാദനസുഖം നല്‍കിയാലും അത് നമ്മെ സ്വതന്ത്രമാക്കാനുള്ളതല്ലെന്നും, നമ്മെ അടിമപ്പെടുത്താനുള്ളതാണെന്നും നമ്മുടെ ബുദ്ധിജീവികളോ പുരോഗമന ചിന്തക്കാരോ തിരിച്ചറിയുന്നില്ലെന്നത് ആത്മഹത്യാപരമാണ്.

മിക്കവര്‍ക്കും മനസ്സിലാകാന്‍ സാധ്യതയില്ലാത്ത ഈ ശാസ്ത്രീയ സമീപനത്തെ കുറച്ചെങ്കിലും ജനം ഉള്‍ക്കൊണ്ടിരുന്നെങ്കില്‍ എന്ന് ആശിച്ചുപോകുകയാണ് ചിത്രകാരന്‍.

നിലവിലുള്ള കലാരൂപങ്ങളില്‍ ഏറ്റവും ശക്തമായ കലയായ സിനിമയെ കച്ചവടക്കാരന്റെ മയക്കുമരുന്ന് ഉത്പാദനരംഗമാക്കി നിലനിര്‍ത്താനുള്ള സിനിമ തൊഴിലാളി സംഘടനകളുടേയും,
അവരെ അടിമകളെപ്പോലെ നിയന്ത്രിക്കുന്ന
സൂപ്പര്‍സ്റ്റാര്‍,സാദാസ്റ്റാര്‍ മാടംബിമാരേയും
വിമര്‍ശിച്ച് തകര്‍ക്കേണ്ടത് (അവരെ അതിമാനുഷരില്‍ നിന്നും മനുഷ്യരാക്കേണ്ടത്)സമൂഹത്തിന്റെ
സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവരുടെ
കര്‍ത്തവ്യമാണെന്ന് ചിത്രകാരന്‍ വിശ്വസിക്കുന്നു.

ഈ വിഷയം നിസാരമല്ല.
കലയും സാഹിത്യവും സംസ്ക്കാരവും അന്യര്‍
പിടിച്ചടക്കിക്കഴിഞ്ഞാല്‍ ... പിന്നെ, സമൂഹത്തിന് ഇറച്ചിക്കോഴികളെപ്പോലെ
ഉടമക്കുവേണ്ടി ജീവിക്കുകയേ വഴിയുള്ളു.
ഓര്‍ക്കുക....
ബ്രിട്ടീഷുകാരില്‍ നിന്നും നമുക്ക് സ്വാതന്ത്ര്യം നേടാനായി; എന്നാല്‍, ബ്രാഹ്മണരില്‍ നിന്നും ഇന്ത്യ ഇനിയും സ്വതന്ത്രമായിട്ടില്ല !!!

Monday, February 15, 2010

ഭയം എന്ന വില്‍പ്പനച്ചരക്ക്


നമ്മുടെ മതങ്ങളും,രഷ്ട്രീയ പാര്‍ട്ടികളും,രാഷ്ട്രങ്ങളും ഭയത്തിന്റെ ഉത്പാദകരും,വില്‍പ്പനക്കാരുമാണ്. ഇന്നത്തെ ലോകത്ത് ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച വില്‍പ്പനച്ചരക്ക് ഭയം തന്നെയാണ്. ഭയം ശക്തിയില്ലായ്മയെക്കുറിച്ചുള്ള അറിവാണ്. ഈ അറിവിനെ സംതുലിതാവസ്ഥയിലെത്തിക്കാന്‍ ഭയം മാര്‍ക്കെറ്റിലെത്തിക്കുന്ന വിപണിതന്നെ ദുരഭിമാനം നല്‍കുന്ന ശക്തി ഗുളികകളും ജനത്തിനുവേണ്ടി ഒരുക്കിവച്ചിട്ടുണ്ട്. ഭയ വില്‍പ്പനക്കുശേഷം ഭയം നിര്‍വീര്യമാക്കാനുള്ള മരുന്നുകളും വില്‍ക്കാം എന്നത് എത്രമാത്രം ലാഭകരമയ ആശയമാണെന്നു നോക്കു !!! ഈ രണ്ട് ഉത്പന്നങ്ങളുടേയും ഉപഭോക്താക്കളായി ലോക ജനതയെ ആഗോളവിപണി ഉന്മാദത്തിന്റെ ആഘോഷഭരണിയില്‍ ഉപ്പിലിട്ടു വക്കുംബോള്‍ ലോകം ഇപ്പോഴും അടിമത്വത്തിലാണെന്ന് ഭരണിക്ക് പുറത്തുനിന്ന് ചിലരെങ്കിലും നമ്മേ നോക്കി പറയാനുണ്ടാകുക എന്നത് എന്തു സുകൃതം കൊണ്ടായാലും, മനുഷ്യകുലത്തിന്റെ ഭാഗ്യമെന്നുതന്നെ പറയണം.
ഇന്നത്തെ മാതൃഭൂമി കണ്ണൂര്‍ എഡിഷനില്‍(2010 ഫിബ്രവരി 15,തിങ്കള്‍)അഞ്ചാം പേജില്‍ അമേരിക്കയിലെ പോര്‍ട്ട്‌ലാന്‍ഡ് കമ്മ്യൂണിറ്റി കോളേജിലെ പ്രഫസറും,ഗാന്ധിയനുമായ മൈക്കിള്‍ വാറന്‍ സണ്‍ലിറ്റ്നര്‍ കണ്ണൂരില്‍വച്ചു നടത്തിയ പ്രഭാഷണത്തിന്റെ വാര്‍ത്തയുണ്ട്. ദിനകരന്‍ കൊമ്പിലാത്ത് വളരെ ഭംഗിയായി പ്രഭാഷണം റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നു.അതിന്റെ സ്കാന്‍ ചെയ്ത രൂപമാണ് മുകളില്‍ കൊടുത്തിരിക്കുന്നത് ആ വാര്‍ത്തയില്‍ ഞെക്കിയാല്‍ വാര്‍ത്ത വായിക്കാവുന്നവിധം വലുതായി കാണാം.
വാറന്‍ സണ്‍ലിറ്റ്നറുടെ ആത്മീയതയെക്കുറിച്ചുള്ള കാഴ്ച്ചപ്പാടൊന്നും എന്തെന്ന് ചിത്രകാരനറിയില്ല. എന്നാല്‍, ഈ വര്‍ത്തയില്‍ കണ്ടിടത്തോളം അതിപ്രധാന സത്യമാണ് ഭയത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞിരിക്കുന്നത്. മാത്രമല്ല, ഗാന്ധിയും മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങുമാണ് ഭയത്തെ ഭയപ്പെടാത്ത അഥവ അടിമപ്പെടാത്ത നമുക്കു മുന്നിലുള്ള വ്യക്തിത്വങ്ങളെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.
ഓര്‍മ്മിക്കപ്പെടേണ്ട ഈ വര്‍ത്താശകലം പുസ്തകത്തിനിടയിലെ മയില്‍പ്പീലിപോലെ ചിന്തകള്‍ പെറ്റു പെരുകാനായി ചിത്രകാരന്‍ ഇവിടെ സൂക്ഷിച്ചുവക്കുന്നു.

Sunday, February 7, 2010

വിക്റ്റോറിയന്‍ സദാചാരം...മാങ്ങാത്തൊലി !

എന്താണ് ഈ വിക്റ്റോറിയന്‍ പള്ളി സദാചാരം എന്ന് ചിത്രകാരന് വലിയ പിടിയൊന്നുമില്ല. പക്ഷേ, നമ്മുടെ ബ്ലോഗുകളിലും പത്രമാസികളിലുമൊക്കെ ഈ പരാമര്‍ശം ഇയ്യിടെയായി ധാരാളമായി കടന്നുവരുന്നുണ്ട്. മലയാളിയുടെ എത്തിനോക്കി-ഒളിഞ്ഞുനോക്കി സംസ്ക്കാരത്തിന്റെ കാരണം ഇപ്പോള്‍ സമൂഹത്തില്‍ നിലവിലുള്ള വിക്റ്റോറിയന്‍ സദാചാര സംസ്ക്കാരത്തിന്റെ സ്വാധീനമാണെന്നാണ് അത്യാവശ്യം ഭേദപ്പെട്ട നിലയില്‍ ചിന്തിക്കുന്ന എഴുത്തുകാരൊക്കെ ഇടക്കിടക്ക് പറഞ്ഞുകൊണ്ടിരിക്കുന്നത്.(പറയുന്ന കാര്യത്തിന് ഒരു ഗരിമ കിട്ടാനാകും) മലയാളിയുടെ ലൈംഗീക ദാരിദ്ര്യവും ലൈംഗീക അപകര്‍ഷതയില്‍ നിന്നുമുണ്ടാകുന്ന അസൂയയും,ആകാംക്ഷയും പുരോഗമന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുപോലും പിടിച്ചു നിര്‍ത്താനാകാത്തവിധം പൊതുസാംസ്ക്കാരികതയുടെ നട്ടെല്ലായി വേഷം മാറിക്കൊണ്ടിരിക്കുന്ന ദയനീയ വര്‍ത്തമാനകാലത്തിലാണ് നാം ഇന്ന് എത്തി നില്‍ക്കുന്നത് എന്ന് നേരാണ്. എന്നാല്‍, അതിന്റെ കാരണം സായിപ്പിന്റെ വിക്റ്റോറിയന്‍ പള്ളി സദാചാരമാണെന്ന കണ്ടുപിടുത്തത്തോട് ചിത്രകാരനു മതിപ്പില്ല.

നമ്മുടെ നാട്ടിലെ തിന്മയുടെയെല്ലാം ഉറവിടം സായിപ്പാണെന്ന് വരുത്തിത്തീര്‍ക്കേണ്ടത് നമ്മുടെ ജാതി-വര്‍ഗ്ഗീയ-രാഷ്ട്രീയ അധമചിന്തയുടെ അജണ്ടയാണ്. സായിപ്പ് വന്നില്ലായിരുന്നെങ്കില്‍( ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യ സ്വതന്ത്രയായിരുന്നു )നമ്മുടെ നാട്ടില്‍ തേനും പാലും ഒഴുകിയേനെ !!! വിക്റ്റോറിയന്‍ പള്ളി സദാചാരം സായിപ്പ് ഇറക്കുമതി ചെയ്ത് നമ്മുടെ മണ്ടയില്‍ അടിച്ചേല്‍പ്പിച്ചില്ലായിരുന്നെങ്കില്‍ നടുറോഡില്‍ പോലും സുരക്ഷിതമായി നമ്മള്‍ ഇണചേര്‍ന്നേനെ... ആരും തിരിഞ്ഞു നോക്കില്ല, ശല്യപ്പെടുത്തില്ല. 32 അടിയും 64 അടിയും അളന്ന് അയിത്തമാചരിച്ചിരുന്ന കാലത്ത് ക്ഷേത്ര ശ്രീകോവിലിനു മുന്നില്‍ വച്ചുപോലും കാര്യം സാധിച്ചിരുന്നത് മറക്കരുതല്ലോ ! വിക്റ്റോറിയന്‍ സദാചാരം വന്നതോടുകൂടി എല്ലാം നിന്നുകിട്ടി.സത്യത്തില്‍, ആകെ നിന്നുകിട്ടിയത് നമ്മുടെ ടിപ്പു സുല്‍ത്താന്‍ ആവുന്നത്ര ശ്രമിച്ചിട്ടും നിര്‍ത്താന്‍ കഴിയാതിരുന്ന.... നായര്‍ അച്ചിമാരുടെ സംബന്ധം മാത്രമാണെന്ന് നമ്മളൊട്ട് സമ്മതിക്കുകയുമില്ല.(അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ലെന്ന് വിശ്വസിക്കാന്‍ ഉരുണ്ടുകളിക്കുകയാണ് നമ്മള്‍).

ശീലാവതിയുടെ പാതിവൃത്യം
ഈ വിക്റ്റോറിയന്‍ സദാചാരം ഇറക്കുമതി ചെയ്തതായിരുന്നെങ്കില്‍ ഇപ്പോഴത്തെ കേരളത്തിലെ ഡിഫി-പിഡിപി-ശ്രീരാമസേന-എന്‍.ഡി.എഫ് സദാചാര രോഗികള്‍ ബ്രിട്ടണിലുമുണ്ടാകേണ്ടതല്ലേ ? ഇത് അതൊന്നുമല്ല കാര്യം. നാം നമ്മുടെ ചരിത്രം വായിക്കുംബോള്‍ അരുതാത്തതെന്നു കരുതി പലതും വായിക്കാന്‍ ധൈര്യപ്പെടുന്നില്ല എന്നതാണു കാരണം.
നിലവിലുള്ള മലയാളിയുടെ സദാചാര മനോരോഗം മുഖ്യമായും ബ്രാഹ്മണ ഭീതിയില്‍ നിന്നുണ്ടായതാണ്. അതായത് നായര്‍ വേശ്യാചരിത്രത്തെ പത്തായത്തില്‍ അടച്ചുവച്ച്, പാതിവൃത്യത്തിന്റെ മര്യാദ രാമന്മാരാകാന്‍ നാം ഇപ്പോള്‍ എടുത്തണീഞ്ഞ ആയുധം കേരളബ്രാഹ്മണ്യത്തിന്റെ സ്മാര്‍ത്തവിചാരത്തിന്റെ അണുവിട അഴവില്ലാത്ത സദാചാര നിഷ്ടയുടെ പഴയ ഭാണ്ഡത്തില്‍ നിന്നുമെടുത്തതാണ്. നംബൂതിരിയുടെ പാരംബര്യം എന്നു പറയുംബോള്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യമില്ലല്ലോ ! അത് മോശാവില്ല, അത്രതന്നെ !!! നമുക്കറിയാം, കേരളത്തിലെ ഒരു രാഷ്ട്രീയ കക്ഷിയോ,മാധ്യമമോ നംബൂതിരി സ്പര്‍ശമുള്ള ഒന്നിനേയും ഇകഴ്ത്തി സംസാരിക്കില്ല. നംബൂതിരി എന്തു വിഢിത്തം പറഞ്ഞാലും അതു ഫലിതമോ, നേരംബോക്കോ ആണ്.നംബൂതിരി തന്റെ വിഢിത്തത്തിന്റെ പേരില്‍പ്പോലും രസികനാകുന്നു. ആ അടിമ സംസ്ക്കാരത്തില്‍ നിന്നും ഒരുത്തനും ഇന്നും ബുദ്ധിതെളിഞ്ഞിട്ടില്ല !!!

നംബൂതിരിമാര്‍ കേരാളത്തിലെ നായര്‍ സ്ത്രീകളെ സമ്മന്തമെന്ന പേരില്‍ ചവിട്ടിമെതിക്കുംബോഴും തങ്ങളുടെ സ്വന്തം പെണ്ണുങ്ങളെ മറക്കുടക്കു പിന്നിലും അടുക്കളക്കുള്ളിലും കന്നുകാലികളെപ്പോലെ തളച്ചിടുകയായിരുന്നല്ലോ സംബ്രദായം. ആയിരത്തിലേറെ കൊല്ലക്കാലം തുടര്‍ന്ന ഈ സ്ത്രീപീഢനത്തിന് സാധൂകരണം നല്‍കാന്‍ കുറെ കഥകളും,കവിതകളും ബ്രാഹ്മണ്യം ചമച്ചുണ്ടാക്കിയിരുന്നു.അതില്‍ ഏറ്റവും വിഷാംശം കൂടിയയ സ്ത്രീവിരുദ്ധവും മനുഷ്യത്വ രഹിതമായതും “ശീലാവതി” എന്ന കാവ്യം തന്നെ. ഒരു പതിവ്രതയായ സ്ത്രീ എന്തുമാത്രം ക്ഷമാശീലമുള്ളവളായിരിക്കണമെന്നും, ഭര്‍ത്താവിനെ ദൈവതുല്യം ബഹുമാനിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും, ഭര്‍ത്താവിന്റെ അധമമായ ആഗ്രഹങ്ങള്‍കൂടി സാക്ഷാത്ക്കരിച്ചുകൊടുക്കേണ്ടതായ ധര്‍മ്മ പത്നിയുടെ ബാധ്യതയെക്കുറിച്ചും ഒരു കുഷ്ഠരോഗിയായ വൃദ്ധ ബ്രാഹ്മണന്റെ ഭാര്യാപഥമലങ്കരിക്കുന്ന ശീലാവതി എന്ന ക്ഷമാശീലയെ അവതരിപ്പിച്ച് ബ്രാഹ്മണ്യം നടപ്പിലാക്കിയ സ്ത്രീപീഢനഭീകരത തിരിച്ചരിയണമെങ്കില്‍ സ്മാര്‍ത്തവിചാര ചരിത്രങ്ങളും നായര്‍ സ്ത്രീകളെ തേവ്ടിച്ചികളായി വച്ചുകൊണ്ടിരുന്ന സംബന്ധചരിത്രവും(സംബന്ധവും സ്മാര്‍ത്തവിചാരവും) പഠിക്കുകതന്നെ വേണം.

അവര്‍ണ്ണനും ശീലാവതി സദാചാരം !
നമ്മുടെ പറയി പെറ്റ പന്തിരുകുലത്തിലെ പാണന്‍ പാക്കനാരുടെ കഥയിലും ശീലാവതിയായ പാക്കനാരുടെ ഭാര്യയെക്കാണം. കിണറില്‍ നിന്നും വെള്ളം കോരിക്കൊണ്ടിരുന്ന പാക്കനാരുടെ ഭാര്യ ഭര്‍ത്താവിന്റെ വിളി കേട്ടയുടന്‍ കിണറില്‍ നിന്നും കോരിക്കൊണ്ടിരിക്കുന്ന പാളയും കയറുമൊന്നും പിന്നീട് ശ്രദ്ധിക്കാതെ ഭര്‍തൃ സേവക്കായി ഓടിപ്പോയെന്നും , പാക്കനാരുടെ ഭാര്യയുടെ പാതിവൃത്യത്തിന്റെ തപശക്തിയാല്‍ പാള നിറയെ വെള്ളവുമായി കയര്‍ നിശ്ചലമായി നിന്നു എന്നുമാണ് ഐതിഹ്യം.അപ്പോള്‍, ബ്രാഹ്മണ സ്ത്രീകള്‍ക്കു മാത്രമല്ല, കേരളത്തിലെ അവര്‍ണ്ണ ജനങ്ങള്‍ക്കും ബ്രാഹ്മണന്റെ സദാചാര ബോധം തലവഴി ഒഴിച്ചുകൊടുത്തിട്ടുണ്ടെന്ന് സാരം ! ദേവകന്യകളാക്കി വ്യഭിചരിക്കാന്‍ ഉഴിഞ്ഞുവച്ച നായര്‍ സ്ത്രീകള്‍ക്കുമാത്രമേ ശീലാവതിയുടെ പാതിവൃത്യകഥ കേരളത്തില്‍ ബാധകമല്ലാതിരുന്നിട്ടുള്ളു.

അതായത് വിക്റ്റോറിയന്‍ പള്ളി സദാചാരവുമായൊന്നും നമ്മുടെ ഇന്നത്തെ ജനങ്ങളുടെ സദാചാര സംശയരോഗത്തിനും,ഡിഫി-പിഡിപി സദാചാര പോലീസിങ്ങിനും ബന്ധമില്ലെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. നമ്മുടെ ഇന്നത്തെ സദാചാരം നംബൂതിരി സ്ത്രീകള്‍ക്ക് നായര്‍ സ്ത്രീകളുടെ അഴിഞ്ഞാട്ടത്തില്‍ നിന്നും സുരക്ഷിതമായ അകലം പാലിക്കുന്നതിനുവേണ്ടി സൃഷ്ടിക്കപ്പെട്ട അതി കഠിനമായ ശീലാവതി പാതിവൃത്യസദാചാരമാണ് ഇപ്പോഴും നമ്മുടെ സമൂഹത്തിന്റെ സദാചാര മൂല്യത്തെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത്. ശീലാവതിയുടെ പതിവൃത ബോധത്തില്‍ നിന്നും പുറത്തുകടക്കുന്ന സ്ത്രീകളെയും,സദാചാര ലംഘനം നടത്തുന്ന പുരുഷന്മാരേയും ജനങ്ങളും മീഡിയയും കൂടി സ്മാര്‍ത്തവിചാരം നടത്തി ഇന്നും പിഢം വച്ച് നാടുകടത്തും ! മലയാളികള്‍ പഴയ നംബൂതിരിയെ അനുകരിച്ച് ശീലാവതിയുടെ പാതിവൃത്യം സ്വന്തം വീട്ടില്‍ ഉണ്ടാകണമെന്ന് നിഷ്ക്കര്‍ഷിച്ചുകൊണ്ട്,പഴയ നായര്‍ സംബന്ധത്തിന്റെ ലൈംഗീക സുഖലോലുപതയിലേക്ക് അസൂയയോടെ എത്തിനോക്കി അന്യന്റെ വൈവിദ്ധ്യമാര്‍ന്ന ലൈംഗീകതയുടെ മനപ്പായസമുണ്ട് കഴിഞ്ഞുകൂടുകയാണ്.നമ്മുടെ സദാചാര ഇരട്ടത്താപ്പിന്റെ വിഷബീജം നമ്മുടെ പറംബില്‍ തന്നെയാണെന്ന്...!!! അല്ലാതെ... സായിപ്പിനേയോ, വിക്റ്റോറിയന്‍ പള്ളി സദാചാരത്തേയോ കുറ്റം പറയേണ്ടതില്ല.

ശീലാവതി എന്ന മാതൃകാ പതിവൃതയുടെ സ്വാധീനം നമ്മുടെ സമൂഹത്തില്‍ എത്രത്തോളമായിരുന്നു എന്ന് വ്യക്തമാക്കുന്ന ദേവകി നിലയങ്ങോടിന്റെ ഓര്‍മ്മക്കുറിപ്പിന്റെ നാലു പേജുകള്‍ ചിത്രകാരന്റെ വായന സൌകര്യത്തിനായി ഇവിടെ ചേര്‍ക്കുന്നു.കമന്റായി ഇപ്പോള്‍(February 8, 2010 12:14 PM )കൂട്ടിച്ചേര്‍ത്തത്:
കുടുംബം തന്നെയാണ് സമൂഹത്തിന്റെ ഏറ്റവും ചെറിയ തന്മാത്ര.
ആ തന്മാത്രയെ പിളര്‍ത്തിയാണ് ബ്രാഹ്മണ്യം സമൂഹത്തില്‍ സംബന്ധം എന്ന
വേശ്യാസംസ്ക്കാരവും, സ്മാര്‍ത്തവിചാരം എന്ന കൊടിയ സ്ത്രീപീഢനവും
ആയിരത്തിലേറെ കൊല്ലക്കാലം നമ്മുടെ സമൂഹത്തില്‍ നടപ്പാക്കിയത്.
സമൂഹം ഭ്രാന്താലയമായി എന്നതായിരുന്നു ഫലം. ആ ഭ്രാന്ത് ഇപ്പോഴും പൂര്‍ണ്ണമായി മാറിയിട്ടുമില്ല !

ഇപ്പോള്‍ ആഗോള മുതലാളിത്വവും ആഗോളതലത്തില്‍ മനുഷ്യ സമൂഹത്തെ ചൂഷണം ചെയ്യാന്‍ ഇതേ ആയുധം തന്നെയാണ് ഉപയോഗിക്കുന്നത്. ഫെമിനിസത്തിലൂടെയും, മീഡിയകളിലൂടെയും, ദൃശ്യ-ശ്രവ്യ കലകളിലൂടെയും, കൊര്‍പ്പറേറ്റ് -ഹൈപ്പര്‍ മാര്‍ക്കെറ്റ് സംസ്ക്കാരങ്ങളിലൂടെയും കുടുംബങ്ങളെ പിളര്‍ത്തി
മനുഷ്യരെ ഉല്‍പ്പന്നങ്ങളും,അതേ സമയം അടിമഉപഭോക്താക്കളുമാക്കുന്നതിലൂടെ
മൂല്യങ്ങള്‍ക്കുപോലും പണത്തിലൂടെ വിലപറയുന്ന തികച്ചും ന്യായമെന്നു തോന്നാവുന്ന
തന്ത്രമാണ് നമ്മുടെ സാംസ്ക്കാരികതയില്‍ നടപ്പാക്കുന്നത്.

ആ മാനേജുമെന്റ് തന്ത്രത്തെ അനായാസമായി പ്രതിരോധിക്കാനുള്ള ആത്മബോധത്തിന്റെ ശക്തി(രാഷ്ട്രീയ ബോധം) നമ്മുടെ പഴയ സംബന്ധ - സ്മാര്‍ത്ത വിചാര അനുഭവങ്ങളുടെ ചരിത്ര പഠനത്തില്‍ നിന്നും നമുക്ക് വേര്‍ത്തിരിച്ചെടുക്കാനാകും എന്നതാണ് ചിത്രകാരന്റെ
പ്രതീക്ഷ.

Saturday, February 6, 2010

ബൂലോകത്തെ കവികള്‍ എന്തു ചെയ്യുന്നു ???

കവികള്‍ എന്നാല്‍ പുറം ചൊറിയുന്ന, അല്ലെങ്കില്‍ വട്ടത്തിലിരുന്ന് പരസ്പ്പരം ചൊറികുത്തുന്ന ഒരു സഹകരണ സംഘമാണെന്നു തോന്നുന്നു. നമ്മുടെ ബൂലോകത്ത് കവികള്‍ക്ക് ദാരിദ്ര്യമില്ലാത്തതുകൊണ്ട് ധാരാളം കവിതാ പോസ്റ്റുകള്‍ കാണാറുണ്ട്.
എന്നാല്‍ വയറെളകി തൂറുന്ന ഞഞ്ഞാപിഞ്ഞ കവികളല്ലാതെ, കണ്ടിയുറപ്പോടെ ഒരു കവിത എഴുതുന്ന ഒരുത്തരേയും കണ്ടിട്ടില്ല.
ഒരു പക്ഷേ, ശ്രദ്ധയില്‍പ്പെടാതിരുന്നതുകൊണ്ടാകും. കാരണം, ഇപ്പോള്‍ ബൂലോകം വളരെ വിസ്തൃതവും ജനനിപിഢവുമായതിനാല്‍
നമ്മുടെ കാഴ്ച്ചക്കും,വായനക്കും പരിമിതിയുണ്ട്. എങ്കിലും, നമ്മുടെ ശ്രീ.ശ്രീ.ശ്രീ.(സ:)പിണറായിയുടെ വേദിയറിഞ്ഞ് സംസാരിക്കണമെന്ന രാജ വിളംബരം കേട്ടോ, പയ്യനൂരിലെ ശ്രീരാമസേനയുടെ സക്കറിയയുടെ ചങ്കിനുപിടുത്തത്തിനെത്തുടര്‍ന്നോ നമ്മുടെ കവികള്‍ മൂക്കിലൂടെയെങ്കിലും വല്ല
ചൂളവും പുറപ്പെടുവിക്കുകയുണ്ടായോ എന്നറിയാന്‍ അതിയായ ആകാംക്ഷ ചിത്രകാരനില്‍ കൂടുകൂട്ടിയിരിക്കുന്നു. വല്ലവരും ഈ പശ്ചത്തലത്തില്‍ വല്ല കവിതയും എഴുതിയിട്ടുണ്ടെങ്കില്‍ ബൂലോകത്തെ സുഹൃത്തുക്കള്‍ ദയവായി ലിങ്കു തരുമല്ലോ.

Monday, February 1, 2010

സ്വാതന്ത്ര്യത്തിന് അതിരുകളരുത്

മനുഷ്യന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ചിന്താസ്വാതന്ത്ര്യത്തിന്റേയും അതിരുകള്‍ നിശ്ചയിക്കുന്നത് സംങ്കുചിതമായ അധികാരത്തിന്റേയും കയ്യൂക്കിന്റേയും നീചമായ പൌരുഷരാഷ്ട്രീയമാണ്. ആ പരുഷരാഷ്ട്രീയത്തിന് സംസ്ക്കാരം എന്നത് ദാസ്യകീര്‍ത്തനാലാപനം നടത്താനുള്ള അടിമകളുടേയും ഭക്തന്മാരുടേയും വിധേയന്മാരുടേയും എന്തും വിഴുങ്ങുന്ന തൊള്ളകള്‍(വായ്)മാത്രമാണ്. അത്തരം തൊള്ളകളുടെ ആക്രോശമാണ് സദസ്സും,വേദിയും,നാടും,സംസ്ഥാനവുമറിഞ്ഞ് സംസാരിക്കുകയും/അവാര്‍ഡുവാങ്ങുകയും(ഹുസൈന് അവര്‍ഡു പ്രഖ്യാപിച്ചവര്‍!!!:) ചെയ്യണമെന്ന സദാചാരികളുടെ മാര്യാദാഘോഷണത്തിന്റെ പ്രതിധ്വനിയായി ബ്ലോഗില്‍ മുഴങ്ങുന്നത്.

മോഡിമാരും,ശ്രീരാമസേനക്കാരും,ഡിഫിക്കാരും,പിഡിപിക്കാരും,സി.പി.എംകാരും,കാന്തപുരവും എല്ലാം ഒരൊറ്റ വര്‍ഗ്ഗമായിത്തീരുന്ന ആ സദാചാരബോധം സാമൂഹ്യ തിന്മയും സാംസ്ക്കാരിക വിരുദ്ധതയുടെ കൊലവിളിയുമാണെന്നത് നാം തിരിച്ചറിയാതിരുന്നുകൂട.ആ സത്യം പലപ്പോഴും തിരിച്ചറിയാതിരിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികളുടേയും,നേതാക്കളുടേയും,മത-ജാതി സംഘടനകളുടേയും,മനുഷ്യ ദൈവങ്ങളുടേയും അടിമകളായി മറുന്നതിലൂടെ നമുക്കു സംഭവിക്കുന്ന ബുദ്ധിമാന്ദ്യം കാരണമാണ്. രാഷ്ട്രീയ പാര്‍ട്ടികളുടേയും,ജാതി മത സംഘടനകളുടേയും കൂലികളാകുന്നതിന്റെ പ്രതിബദ്ധത കാരണം മനുഷ്യ സ്വാതന്ത്ര്യത്തിന്റെ ആകാശത്തിന് അതിരുകളിടേണ്ടിവരുന്ന ബുദ്ധിമാന്ദ്യം ഭീകരം തന്നെ !

ബ്ലോഗിലെ പാര്‍ട്ടിഭക്ത സഖാക്കളുടെ ബദ്ധപ്പാടുകള്‍ സക്കറിയയേയും ഉണ്ണിത്താനേയും ഒരുവഴിക്കാക്കാന്‍ കഷ്ടപ്പെടുന്നതു കാണുംബോള്‍ ആര്‍ക്കും സഹതാപം തോന്നും. ഒരു ബ്ലോഗര്‍ പഴയകാല കമ്മ്യൂണിസ്റ്റു നേതാക്കളുടെ ഒളിവു ജീവിതത്തിന്റെ ഭക്തിസാന്ദ്രമായ പേജുകളെല്ലാം അരിച്ചുപെറുക്കി പാര്‍ട്ടി ക്ഷോഭത്തിന്റെ വൈകാരിക-ദാര്‍ശനിക ന്യായം ചമച്ചപ്പോള്‍ മറ്റൊരു ബ്ലോഗര്‍ രാജവെംബാലക്കു തുല്യമായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മാളമാണ് പയ്യന്നൂരെന്നും,ആ മാളത്തില്‍ കയ്യിടാതിരിക്കാനുള്ള ബുദ്ധി സക്കറിയ കാണിക്കണമായിരുന്നെന്നും ഉദ്‌ബോധിപ്പിച്ചു !!! പൊതുവേ,വസ്തുതാപരമായി ചിന്തിക്കാന്‍ അസാമാന്യശേഷിയുള്ള സഖാക്കളാണ് ചിന്താശേഷിയുടെ ബോണ്‍സായ് രൂപത്തിലേക്ക് ഒടിഞ്ഞ് മടങ്ങി ചുരുണ്ട് പാര്‍ട്ടി നേതാക്കളുടെ ബ്ലോഗാക്രമണ ആഹ്വാനം ശിരസ്സാവഹിച്ച് ഈ വിഢിവേഷം കെട്ടുന്നത്!

സക്കറിയയുടെ കൊരലിനു പിടിച്ച ശ്രീരാമകൃഷ്ണ സേനയുടെ പ്രവര്‍ത്തനമായാലും,ഉണ്ണിത്താനെ തൊലിയുരിയാന്‍ അമിതാവേശം കാണിച്ച ഡിഫി‌‌‌പിഡിപിഐക്യമുന്നണിയുടെ സദാചാരപ്രതിബദ്ധതയായാലും മൃഗീയമായ/സംസ്ക്കാരശൂന്യമായ കയ്യംകളിയാണെന്നു തിരിച്ചറിയാന്‍ ഉണ്ണിത്താന്റെ സദാചാര പ്രസംഗമോ/പ്രവര്‍ത്തിയോ,സക്കറിയയുടെ പ്രസംഗത്തിലെ പ്രകോപനമോ ഒന്നും തന്നെ ന്യായമാകുന്നില്ല.സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യാന്‍‌കൂടിയുള്ളതാണെന്ന നല്ലൊരു ലേഖനം മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ (2010ജനുവരി31-ഫെബ്രുവരി6)സി.എസ്.വെങ്കിടേശ്വരന്‍ എഴുതിയിരിക്കുന്നു.ആ ലേഖനത്തിന്റെ സ്കാന്‍ ചെയ്ത പേജുകള്‍ ചിത്രകാരന്റെ ഓര്‍മ്മയുടെ സൌകര്യത്തിനായി ഇതോടൊപ്പം ചേര്‍ക്കുന്നു.
ഈ വിഷയത്തില്‍ വായിക്കേണ്ടതായ നല്ല രണ്ടു പോസ്റ്റുകള്‍:
1) ലൈംഗികദാരിദ്ര്യവും മോറല്‍പോലീസിങ്ങും-- നിത്യന്‍
2) കേരളത്തിന്റെ ലൈംഗിക താലിബാന്‍ -- ഷാ