Monday, December 28, 2009

ഹര്‍ത്താല്‍-ഞാഞ്ഞൂലുകള്‍ പത്തിവിടര്‍ത്തുന്നു !

നാളെ 29.12.09 സുന്ദരമായൊരു ഹര്‍ത്താല്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കയാണ്.കുപ്പിയും, കോഴിയും, സീരിയലും,വാര്‍ത്താ ചാനലുകളുമായി മലയാളി അവന്റെ ഭീരുത്വവും അരാഷ്ട്രീയതയും ആഘോഷിക്കുന്ന മഹത്തായ ദിനമാണ് ഹര്‍ത്താല്‍ ! അത്യാസന്ന നിലയില്‍ കിടക്കുന്ന 2009 ന്റെ ശ്വാസം നിലക്കുന്നതിനു മുന്‍പ് ഹര്‍ത്താല്‍ നടത്താനുള്ള ഞാഞ്ഞൂല്‍ സംഘടനയുടെ അതിസാമര്‍ത്ഥ്യത്തെ അഭിനന്ദിക്കുകതന്നെ വേണം.

ജനങ്ങളുടെ സ്വാഭാവിക മതേതര രാഷ്ട്രീയം ജീര്‍ണ്ണത ബാധിച്ച് നിഷ്പ്രഭമാകുന്ന സന്ദര്‍ഭങ്ങളിലാണ് ഞാഞ്ഞൂലുകള്‍ക്ക് തങ്ങളുടെ ഭാഗ്യം പരീക്ഷിക്കാന്‍ ഉള്‍‌വിളിയുണ്ടാകുക.വിലക്കയറ്റത്തിനെതിരെ നടത്തുന്ന ഹര്‍ത്താല്‍ വഴിപാടിലൂടെ ഇങ്ങനെയൊരു സംഘടനയുണ്ടെന്ന് ജനങ്ങളെ അറിയിക്കുക എന്നതാണ് ലക്ഷ്യമെന്നു തോന്നുന്നു.ബ്രാഹ്മണ ജനതാ പാര്‍ട്ടിയുടെ തൊഴിലാളി വിഭാഗം
ഹര്‍ത്താല്‍ നടത്തുന്നത് വിഹ്വലമാകാനിരിക്കുന്ന നമ്മുടെ ഭാവിയിലേക്കുള്ള ഒരു എളിയ വര്‍ഗ്ഗീയ നിക്ഷേപം തന്നെയാണ്.മത പ്രീണന രാഷ്ട്രീയത്തിന്റെ വിടവിലൂടെ സമൂഹത്തിലേക്ക് വേരാഴ്ത്താന്‍ അവര്‍ക്കും കൊതിയുണ്ടാകും.

ഹര്‍ത്താലുകള്‍ പ്രഖ്യാ‍പിക്കുന്ന നേതാക്കളെയും,കടയടപ്പിക്കാനും വാഹനം തടയാനും പുറത്തിറങ്ങുന്ന ഹര്‍ത്താല്‍ പ്രചാരകരെയും അറസ്റ്റു ചെയ്ത് ജനജീവിതത്തിനു തടസ്സമുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട നമ്മുടെ
സര്‍ക്കാര്‍ ധാര്‍മ്മിക ശക്തിയില്ലാതെ പകലുറങ്ങുംബോള്‍ ... അരങ്ങ് വര്‍ഗ്ഗീയ ശക്തികള്‍ക്ക് ഒഴിഞ്ഞുകൊടുത്ത് നമുക്ക് മാളങ്ങളിലേക്ക് ഉള്‍വലിയാം ! ജയ് ഹര്‍ത്താല്‍ !!!

Friday, December 25, 2009

കേരളം മദ്യാഘോഷങ്ങളുടെ നാട് !

ഇന്ന് ക്രിസ്തുമസ്സാണ്. ക്രിസ്തുമസ് ആഘോഷിക്കാനായി കേരളത്തിലെ ജനങ്ങള്‍ ഇന്നലെ ബീവറേജസ്സിനു കൊടുത്തത് 28 കോടി രൂപയാണത്രേ. ന്യൂ ഇയര്‍ ആഘോഷത്തിന്റെ മുന്‍പുള്ള സാമ്പിള്‍ മദ്യാഘോഷമായ ക്രിസ്തുമസ് ഏതോ മദ്യ കോണ്ട്രാക്റ്ററുടെ ജന്മദിനമായതുകൊണ്ടല്ല കേരള ജനത ക്രിസ്തുമസിന് ഇത്രയും മദ്യം ഉപഭോഗിക്കുന്നത്.മദ്യം കേരളത്തിന്റെ അത്താണിയായിരിക്കുന്നു എന്നതാണ് സത്യം. ലക്ഷ്യബോധം നഷ്ടപ്പെട്ട ജനം മദ്യം എന്ന അത്താണിയില്‍ തങ്ങളുടെ ജീവിതം ഇറക്കിവച്ച് സദാ വിശ്രമിക്കാന്‍ ആഗ്രഹിക്കുന്നു.
വല്ലവനും വിദേശത്ത് ദാസ്യവൃത്തിയിലൂടെ അദ്ധ്വാനിച്ചുണ്ടാക്കുന്ന പണം കമ്മീഷനിലൂടെയോ,തട്ടിപ്പിലൂടെയോ,കൈക്കൂലിയിലൂടെയോ മെയ്യനങ്ങാതെ കൈക്കലാക്കി മദ്യഷോപ്പിലോ ദൈവ സന്നിധിയിലോ എത്തിച്ച് ലഹരിയിലാറാടുക എന്നത് നമ്മുടെ ശീലമായിരിക്കുന്നു. അവരെ കുറ്റം പറയാനാകില്ല. മറ്റൊരു ലക്ഷ്യ ബോധം നല്‍കാന്‍ അവരുടെ മാതാപിതാക്കള്‍ പ്രബുദ്ധരല്ല. മദ്യത്തിന്റെ അമിതോപയോഗം വിരല്‍ ചൂണ്ടുന്നത് നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന അവിശുദ്ധമായ ധന ഇടപാടുകളുടെ ആധിക്യത്തെക്കുറിച്ചുകൂടിയാണ്. ജനം ഒന്നാകെ സ്വാര്‍ത്ഥ ശക്തികളുടെയും,കരിഞ്ചന്തയുടേയും ഏജന്റുമാരാകുന്നതിന്റെ ഫലമായി ലഭിക്കുന്ന പണം അധാര്‍മ്മികതയിലേക്ക് തിരിച്ചൊഴുകുന്നു !

മദ്യകച്ചവടം,ഭക്തി കച്ചവടം,വിദ്യാഭ്യാസ കച്ചവടം,ഭൂമി കച്ചവടം,കറന്റ് കച്ചവടം,ഗ്രാന്‍ഡ് കേരള ഷോപ്പിങ്ങ് കച്ചവടം,ടൂറിസം കച്ചവടം,മണല്‍ കച്ചവടം,റോഡ് റിപ്പയറിങ്ങ് കച്ചവടം,സിനിമ കച്ചവടം,ക്രമസമാധാന കച്ചവടം,ഭരണ നീതി കച്ചവടം ... തുടങ്ങിയ അനവധി കച്ചവടങ്ങള്‍ അഞ്ചു വര്‍ഷത്തേക്ക് ഏറ്റെടുത്ത് നടത്തുന്നതിനുള്ള സംവിധാനത്തെയാണ് ഗവണ്മെന്റ് എന്നു പറയുന്നതെന്നു തോന്നുന്നു.അല്ലാതെ, സമൂഹത്തിന്റെ ഒരു നൂറുവര്‍ഷത്തെയെങ്കിലും വികസന സാധ്യതകളെ കണക്കിലെടുത്ത് അതിനനുസരിച്ചുള്ള സാമൂഹ്യവും സാംസ്ക്കാരികവും ശാസ്ത്രീയവുമായ അടിത്തറയും സ്ട്രക്ച്ചറും ആസൂത്രണം ചെയ്ത് ഒരു ദേശീയതയായി വളരുക എന്നത് നമ്മുടെ അജണ്ടയിലില്ലെന്നു മാത്രമല്ല... സ്വപ്നത്തില്‍ പോലുമില്ല ! കന്നുകാലികളെ മേക്കുന്ന കാലിച്ചെക്കന് ഉള്ള രാഷ്ട്രീയ ബോധം പോലും നമ്മുടെ രാഷ്ട്രീയക്കാര്‍ക്കില്ല. ജനങ്ങള്‍ എവിടേക്കു പോകുന്നോ അവിടെയൊക്കെ കച്ചവടവിഭവങ്ങളായ മദ്യവും,ഭക്തിയും,... നീണ്ട ക്യൂകള്‍ ഏര്‍പ്പെടുത്തി കൊള്ളവിലക്ക് കച്ചവടം ചെയ്യുക എന്നതായിരിക്കുന്നു ഭരണം.

സ്വന്തം ജനങ്ങളുടെ ശാരീരികവും,മാനസികവും,സാംബത്തികവും,സാംസ്ക്കാരികവുമായ ശക്തിക്ഷയങ്ങള്‍ക്കെതിരെ ജാഗരൂകരാകേണ്ട ഗവണ്മെന്റ് ഒരു കൂട്ടിക്കൊടുപ്പുകാരന്റെ സ്ഥാനത്തേക്ക് സ്വയം താഴുന്നത് ഒരു സമൂഹത്തിനും ആശാസ്യമല്ല. ലഭ്യമായ മനശ്ശാസ്ത്രജ്ഞരുടേയും,സാമൂഹ്യ ശാസ്ത്രജ്ഞരുടേയും, യൂണിവേഴ്സിറ്റികളുടേയും സഹായം ഉപയോഗപ്പെടുത്തിക്കൊണ്ട് സമൂഹത്തിന്റെ മദ്യദീന കാരണം കണ്ടെത്തി ചികിത്സിക്കേണ്ടത് സമൂഹത്തിന്റെ, അതായത് ഗവണ്മെന്റിന്റെ ചുമതല തന്നെയാണ്.

അബ്കാരികളുടെ മാസപ്പടികൊണ്ട് കഴിഞ്ഞുകൂടുന്ന ദല്ലാളന്മാര്‍ക്ക് അതിനു കഴിയില്ലെന്നത് മറ്റൊരു കാര്യം !

Tuesday, December 22, 2009

ഉണ്ണിത്താനും പിഡിപി-ഡിഫി സദാചാരവും

ഉണ്ണിത്താന്‍ പ്രശ്നത്തില്‍ പിഡിപിക്കാര്‍ നമ്മുടെ കപട ഏകഭാര്യവൃതത്തിന്റെ രാമരാജ്യത്തിനെതിരെ വിപ്ലവകരമായ തൊണ്ടി പിടുത്തമാണ് നടത്തിയിരിക്കുന്നത്. അവര്‍ക്കതിനു യോഗ്യതയുണ്ട്. നാലു ഭാര്യമാരെവരെ നിയമ വിധേയമായി മാനേജു ചെയ്യാന്‍ ഭാഗ്യം ലഭിച്ച ഇസ്ലാം മത വിശ്വാസികള്‍ക്ക് നമ്മുടെ കപട രാമന്മാരെ തുറന്നു കാണിക്കാനും,പരിഹസിക്കാനും ധാര്‍മ്മിക യോഗ്യതയുണ്ട്. ഇസ്ലാമിന്റെ ആകര്‍ഷകമായ ഈ വ്യവസ്ഥിതി ഹിന്ദുക്കള്‍ക്കും കൃസ്ത്യാനികള്‍ക്കും കൂടി ലഭ്യമാക്കുന്ന തരത്തില്‍ നമ്മുടെ വിവാഹ നിയമങ്ങള്‍ പൊളിച്ചെഴുതേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് വര്‍ദ്ധിച്ചുവരുന്ന രാഷ്ട്രീയക്കാരുടെ സദാചാര കേസുകള്‍ സാക്ഷ്യപ്പെടുത്തുന്നു! ഹഹഹഹഹഹ............എന്റെ ഭഗവാനേ, ഇതിനായി കൂടുതല്‍ രാഷ്ട്രീയക്കാര്‍ വ്യഭിചാരമാരോപിച്ച് തൊണ്ടി സഹിതം പിടിക്കപ്പെടണമേ ...!!!! പീഡീപ്പിക്കാരെ,പീഡീപിയുടെ പോഷക സംഘടനയായ ഡിഫിക്കാരെ...എന്‍ഡീഎഫ് സഖാക്കളേ...സോളിഡാരിറ്റി വെള്ളരി പ്രാവുകളെ...മുത്തലീക്കുമാരേ..കാക്കി ആറെസ്സസ്സുകാരേ... ജാഗ്രത പുലര്‍ത്തുവിന്‍ !!! എല്ലാവരേയും തൊണ്ടിയോടെ പിടിച്ച് അപമാനിപ്പിന്‍ !!!

എല്ലാ രാഷ്ട്രീയക്കാരും അന്തോണിമാരും,ശ്രീരാമന്മാരുമായിരിക്കണമെന്ന് അടിമകളായ പൊതുജനത്തിന്റെ മൂഢസംങ്കല്‍പ്പം മാത്രമാകാനാണിട. ഒരാള്‍ രാഷ്ട്രീയത്തിലേക്ക് കൂടുതല്‍ തല്‍പ്പരനാകുന്നതുതന്നെ തന്റെ ക്രിയാത്മകതക്ക് മേച്ചില്‍പ്പുറ വിസ്തൃതി പോരാത്തതുകൊണ്ടാണ്. അതുകൊണ്ടുതന്നെ രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവക്കുന്ന ആണത്വം കൂടിയ ആണുങ്ങളില്‍ രാമന്റെ ഏകഭാര്യാവൃതത്തില്‍ കെട്ടിപ്പിടിച്ചിരിക്കുന്നവരുടെ സംഖ്യ തുലോം വിരളമാകാനാണ് സാധ്യത. ഈ അണിയറ രഹസ്യങ്ങളെല്ലാം പത്ര-മാധ്യമ പ്രവര്‍ത്തകര്‍ക്കും,ഉയര്‍ന്ന നിയമപാലകര്‍ക്കും,രാഷ്ട്രീയക്കാരുടെ ധര്‍മ്മപത്നിമാര്‍ക്കും പകല്‍‌പോലെ അറിയാവുന്ന കാര്യവുമാണ്. പരസ്പര സഹകരണത്താല്‍ ആരും പല്ലില്‍ കുത്തി മണപ്പിക്കാതെ അവസരങ്ങള്‍ സഹവര്‍ത്തിത്വത്തോടെ പ്രയോജനപ്പെടുത്തുന്നു! ഈ കപടതയാണ് പൊളിക്കപ്പെടേണ്ടത്.പിഡിപിക്കാരും,ഡിഫിക്കാരും പ്രകടിപ്പിക്കുന്ന സദാചാര രോക്ഷം കണ്ടാല്‍ തോന്നും തങ്ങളുടെ നേതാക്കള്‍ എല്ലാം നപുംസകങ്ങളോ,ഷണ്ഡന്മാരോ ആണെന്ന്‌ !!! ഇവിടെ പള്ളീലച്ചന്മാര്‍ കന്യാസ്ത്രീകള്‍ക്ക് കിടക്കപ്പൊറുതി കൊടുക്കുന്നില്ല,... എന്നിട്ടാണ് ജന്മനാ കോഴികളായ രാഷ്ട്രീയ മുതലാളിമാര്‍ ! ഹഹഹ.......

ചിത്രകാരന്‍ പറയുന്നത് സ്ത്രീ-പുരുഷ ലൈംഗീകതയല്ല സാമൂഹ്യപ്രശ്നം എന്നാണ്. കരിഞ്ചന്തയായി മാത്രം ലൈംഗീകവിനിമയം നിലനില്‍ക്കുന്ന സമൂഹത്തിന്റെ കാപട്യമാണ് ഇന്നത്തെ സാമൂഹ്യപ്രശ്നം. ആ കാപട്യമാണ് അല്ലെങ്കില്‍ സത്യസന്ധത ഇല്ലായ്മയാണ് നമ്മുടെ സമൂഹം അനുഭവിക്കുന്ന സകല ജീര്‍ണ്ണതകളുടേയും കാരണം. ലൌ ജിഹാദു നടത്താനുള്ള അവകാശത്തിനായി താത്വിക ലേഖനങ്ങളെഴുതിനിറച്ച പുരോഗമന നാട്യക്കര്‍ക്കൊന്നും സ്ത്രീ-പുരുഷ ലൈംഗീകതയുടെ കരിംഞ്ചന്തക്കു വിരാമമിടാനുള്ള പ്രായോഗിക മാര്‍ഗ്ഗങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ സമയം കാണില്ല.
വിവാഹത്തിലേര്‍പ്പെടാത്ത ഒരു സ്ത്രീയും പുരുഷനും ഒരു മേല്‍ക്കൂരക്കു കീഴില്‍ ഒരുമിച്ചിരിക്കാനുള്ള മാനുഷിക സ്വാതന്ത്ര്യത്തിന്റെ ആവശ്യകതയെ അവര്‍ക്ക് ബോധ്യപ്പെടുകയില്ല.ആ സ്വാതന്ത്ര്യത്തെ ബഹുമാനിക്കാനുള്ള മര്യാദയോ സംസ്ക്കാരമോ നമുക്കില്ലെന്ന സത്യമാണ് മനസ്സിലാക്കേണ്ടത്.അന്യന്റെ സ്വകാര്യതയിലേക്ക് എത്തിനോക്കാനും,ഒളിഞ്ഞുനോക്കാനും,ആളെ സംഘടിപ്പിച്ച് ചവിട്ടിമെതിച്ച് കടന്നുകയറ്റം നടത്താനുമുള്ള മാടംബി സംസ്ക്കാരമാണ് നമുക്കുള്ളത്.ജനത്തിന്റെ സാംസ്ക്കാരിക രോഗം എന്ന് ഇതിനെ വിശേഷിപ്പിക്കാം.പൊതുജനത്തിന്റെ ഈ ജീര്‍ണ്ണിച്ച സംസ്ക്കാരത്തെ നവീകരിക്കുന്നതിനു പകരം ഈ രോഗത്തിന്റെ മറവില്‍ രാഷ്ട്രീയ മുതലെടുപ്പു നടത്താനുള്ള ശ്രമമാണ് നമ്മുടെ ചീഞ്ഞ രാഷ്ട്രീയ കക്ഷികളെല്ലാം നടത്തിക്കൊണ്ടിരിക്കുന്നത്.ആ ചീഞ്ഞ സദാചാര വിളവെടുപ്പില്‍ ഉണ്ണിത്താന്‍ മികച്ച കൊയ്ത്തുകാരനായിരുന്നു എന്നത് അദ്ദേഹത്തെ പോസ്റ്റുമാര്‍ട്ടം ചെയ്യുന്നവര്‍ക്ക് ആവേശം നല്‍കുന്ന ഘടകമായത് കാലത്തിന്റെ കളിതന്നെ.ലൈംഗീക ആരോപണത്തിന് സര്‍വ്വഥായോഗ്യത തെളിയിച്ച ഉണ്ണിത്താന്‍ ജനക്കൂട്ടത്തിന്റെ സദാചാര ചര്‍ച്ചയില്‍ മുങ്ങിക്കുളിക്കട്ടെ. പക്ഷേ, നമുക്ക് ഇതിലെ മനുഷ്യത്വ വിരുദ്ധതയാണു ചിന്താവിഷയം.ഒരു സ്ത്രീയും പുരുഷനും സ്നേഹിക്കുന്നതും,കാണുന്നതും,സംസാരിക്കുന്നതും,ഒരു വാഹനത്തില്‍ സഞ്ചരിക്കുന്നതും,ഒരു വീട്ടിലോ ലോഡ്ജിലോ താമസിക്കുന്നതും അവര്‍ക്ക് എതിര്‍പ്പില്ലാത്ത കാലത്തോളം അവരുടെ വ്യക്തിപരമായ സ്വകാര്യതയുടേയും സ്വാതന്ത്ര്യത്തിന്റേയും പരിപാവനമായ ഇടമാണ്.ആ സ്വാതന്ത്ര്യത്തെ പൊതുജനം ബഹുമാനിക്കാനും,ആദരിക്കാനും കടപ്പെട്ടിരിക്കുന്നു.അതിനു പകരം ഈ പന്ന സദാചാരം ലംഘിക്കുന്നവര്‍ എതിര്‍ പാര്‍ട്ടിക്കരാണെങ്കില്‍ ഏതു വര്‍ഗ്ഗീയ മൂരാച്ചികള്‍ക്കൊപ്പം വേണമെങ്കിലും ആ മനുഷ്യസ്വാതന്ത്ര്യത്തിനെതിരെ സദാചാര സമരം നയിക്കാന്‍ ലൌ ജിഹാദിനു കുടപിടിക്കുന്ന മാനവിക വാദികള്‍ മടിക്കുന്നില്ല എന്നത് അപലപനീയമായ അളവിലുള്ള സംസ്ക്കാര ശൂന്യതയാണ്.

നമ്മുടെ സ്ത്രീകള്‍ക്ക് സമൂഹത്തില്‍ മാന്യത ലഭിക്കപ്പെടാതിരിക്കുന്നതും,സ്ത്രീകള്‍ നിരന്തരം പീഡിപ്പിക്കപ്പെടുന്നതും,കൊച്ചു കുട്ടികള്‍ പോലും ലൈംഗീക ആക്രമണങ്ങള്‍ക്ക് ഇരകളാക്കപ്പെടുന്നതുമെല്ലാം പോലീസിന്റേയും,നിയമത്തിന്റേയും,പുരുഷവര്‍ഗ്ഗത്തിന്റേയും കുഴപ്പം കൊണ്ടാണെന്ന് പിച്ചും പേയും പറഞ്ഞുകൊണ്ടിരിക്കുന്ന സദാചാരികളോട് ചിത്രകാരന്‍ പറയുന്നു... സമൂഹം അനുഭവിക്കുന്ന സ്നേഹത്തിന്റേയും ലൈംഗീകതയുടേയും ദാരിദ്ര്യമാണ് നമ്മുടെ പ്രശ്നം.അതെ,സ്നേഹ ദാരിദ്ര്യം !!! എത്ര ശക്തനായ പുരുഷനും അഭയം പ്രാപിക്കാന്‍ സ്ത്രൈണസ്നേഹത്തിന്റെ ഇത്തിരി തണലുവേണം. അതിന്റെ വില ഒരുപക്ഷേ അവന്റെ നേട്ടങ്ങളുടെ കൊടുമുടിയില്‍ നിന്നും ഒരു നിമിഷം കൊണ്ട് അവനെ തള്ളിയിട്ടേക്കാം !!! എങ്കിലും... ആ അഭയത്തിനുവേണ്ടിയാണ് പുരുഷന്‍ ലോകത്തെപ്പോലും കീഴടക്കാന്‍ ഒരുങ്ങിപ്പുറപ്പെടുന്നത് ! ക്ഷമിക്കുക... ചിത്രകാരന്റെ ഭ്രാന്ത ചിന്തകളാവാം :)

ലൈംഗീക ദാരിദ്ര്യവും,സ്നേഹ ശൂന്യതയും സമൂഹത്തില്‍ സ്ത്രീക്കുമാത്രം പരിഹരിക്കാന്‍ കഴിയുന്ന മനുഷ്യ ബന്ധത്തിന്റെ അടിസ്ഥാന ഘടകമാണ്. ഈ സത്യത്തെ വസ്തുതാപരമായി വിശകലനം ചെയ്ത് സാമൂഹ്യ ശാസ്ത്രജ്ഞന്മാരാല്‍,ആണത്വമുള്ള രാഷ്ട്രതന്ത്രജ്ഞരാല്‍ പരിഹരിക്കപ്പെട്ടാലേ സംസ്ക്കാരമുള്ള സമൂഹമായി മുന്നേറാന്‍ നമുക്ക് സത്യസന്ധതയുടെ ഊര്‍ജ്ജ്യം ലഭിക്കു.

Sunday, December 20, 2009

തീവ്രവാദിയായിരുന്നുവോ മഹാത്മാഗാന്ധി ?

റിച്ചാഡ് ആറ്റംബറോയുടെ മനസ്സിലെ ഗാന്ധി...

മഹാത്മാഗാന്ധി തീവ്രവാദിയായിരുന്നു എന്നുതന്നെയാണ് ചിത്രകാരന്റെ വിശ്വാസം.
സത്യസന്ധതയുടെ തീവ്രവാദി !....അഹിംസയുടേയും !!

തീവ്രവാദം രണ്ടു തരമുണ്ട്.
1)മനസ്സിനകത്തേക്കുള്ള തീവ്രവാദം.
അത് സത്യസന്ധതയോടുള്ള തീവ്രമായ അഭിനിവേശമാണ്.സ്വന്തം മനസ്സിനോടും,സ്വന്തം വ്യക്തിത്വത്തോടും,സ്വന്തം ജീവിത മൂല്യങ്ങളോടും,സ്വന്തം കാഴ്ച്ചപ്പാടുകളോടും,സ്വന്തം അറിവിനോടും,സ്വന്തം സമൂഹത്തോടും സത്യസന്ധത പുലര്‍ത്തുക എന്നത് ഒരു തീവ്രവാദി ലക്ഷണം തന്നെയാണ്. ആര്‍ക്കും വേണ്ടാത്ത സത്യത്തിനുവേണ്ടി കഠിനമായി വാശിപിടിക്കുക എന്നത് തീവ്രവാദമല്ലെങ്കില്‍ പിന്നെന്താണ് ???
ഹഹഹഹഹ............. പക്ഷേ,അത്തരം ഏതു തീവ്രവാദിയും ഒരു നൂറ്റാണ്ടു മുന്‍പുവരെ വിഷം കൊടുത്തു കൊല്ലപ്പെടാനും,കണ്ണു കുത്തിപ്പൊട്ടിക്കപ്പെടാനും,ചുട്ടുകൊല്ലപ്പെടാനും,കുരിശിലേറ്റപ്പെടാനും,തലവെട്ടി മാറ്റപ്പെടാനും അര്‍ഹമായവിധം രാജ്യദ്രോഹികള്‍ തന്നെയായിരുന്നു ! കൊടിയ രാജ്യദ്രോഹ കുറ്റമായ ഈ തീവ്രവാദത്തെ ഹൃദ്യമായ മാനവിക വികാസമായി തിരിച്ചറിഞ്ഞ് ആദരിക്കാന്‍ പശ്ചാത്യ നാഗരികത വളര്‍ന്നിരിക്കുന്നു എന്ന് മനസ്സിലാക്കിയിരുന്നു മഹാത്മാഗാന്ധിയിലെ തീവ്രവാദി.
മഹാത്മാഗാന്ധി തീവ്രവാദിയാകുന്നത് തീവ്രമായ സത്യസന്ധത ജീവിതത്തില്‍ ആചരിക്കുന്നതിലൂടെയാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ വിരിമാറിലൂടെ വലിച്ചുകെട്ടിയ തന്റെ ജീവിതത്തില്‍ സത്യസന്ധത കൊണ്ട് ഗാന്ധി രചിച്ച മാനവികതയുടെ അഹിംസാസന്ദേശം തങ്ങളുടെ സാസ്ക്കാരികതയുടെ ധന്യതയായി തിരിച്ചറിയാന്‍ പശ്ചാത്യ നാഗരികത വളര്‍ന്നു എന്നത് മനുഷ്യ ചരിത്രത്തിലെ മഹാഭാഗ്യം തന്നെയാണ്.മനസ്സിനകത്തേക്കുള്ള തീവ്രവാദത്തിലൂടെ ഗാന്ധി ലോകത്തിലെ എല്ലാ മനുഷ്യരേയും സഹോദരങ്ങളായി ഉള്‍ക്കൊള്ളാനാകുന്നവിധം തന്റെ മനസ്സ് വികസിപ്പിക്കുകയാണ് ചെയ്തത്. ആ വിസ്താരം പശ്ചാത്യരെക്കൊണ്ട് സാക്ഷ്യപ്പെടുത്താന്‍ കഴിഞ്ഞതിലൂടെ ഇടുങ്ങിയ മനസ്സുള്ള ഇന്ത്യക്കാര്‍ തങ്ങളുടെ സങ്കുചിതത്വം ഉപേക്ഷിക്കാതെത്തന്നെ അദ്ദേഹത്തിന്റെ ഭക്തരായി! ഗാന്ധിയെ കൊന്ന്, സ്റ്റഫ് ചെയ്ത് വഴിനീളെ വിഗ്രഹങ്ങളായി പ്രതിഷ്ടിച്ച് ...സത്യസന്ധതയുടെ തുടര്‍ തീവ്രവാദത്തെ നാം കടിഞ്ഞാണിട്ടു നിര്‍ത്തി. അതെ,മഹാത്മാവ് തീവ്രവാദിതന്നെയായിരുന്നു...മഹത്വമാര്‍ന്ന തീവ്രവാദി !!!

2)മസിലുകളിലേക്കുള്ള തീവ്രവാദം(മനസ്സിനു പുറത്തേക്ക്)
അസമത്വം വാഴുന്ന സമൂഹ്യ വ്യവസ്ഥിതിയുടെ അകത്തുനിന്നുകൊണ്ട് കൂടുതല്‍ വിഭവങ്ങള്‍ക്കും,അധികാരത്തിനും വേണ്ടിയുള്ള വിഭാഗീയമായ,കച്ചവട തന്ത്രങ്ങളിലധിഷ്ഠിതമായ വിലപേശലാണ് ഇത്.സ്വന്തം മനസ്സിനു അനുകൂലമായ ആശയങ്ങളോ,വാദഗതികളോ,അവകാശങ്ങളോ അന്യരും അംഗീകരിക്കണമെന്ന വാശിയും നിര്‍ബന്ധബുദ്ധിയും ഈ തീവ്രവാദത്തിന്റെ വസ്തുനിഷ്ടമല്ലാത്തതും,സത്യസന്ധമല്ലാത്തതും,വൈകാരികമായതുമായ രീതിയാണ്.അന്യരുടെ അവകാശങ്ങള്‍ കൂടി കവര്‍ന്നെടുക്കാം എന്ന ദുഷ്ട ലക്ഷ്യം പോലും മനോവികാസം പ്രാപിക്കാത്ത ഈ തീവ്രവാദികള്‍ തങ്ങളുടെ പരിപാവന ലക്ഷ്യമായി ഉയര്‍ത്തിക്കാണിക്കും.സ്വയം ആത്മബോധം നേടിയിട്ടില്ലാത്തവരും,അന്യ രാജ്യങ്ങളുടെയോ,വര്‍ഗ്ഗീയ ഗ്രൂപ്പുകളുടേയോ രാഷ്ട്രീയ വ്യാപന ലക്ഷ്യങ്ങളുടെയോ അടിമകളോ കൂലികളോ ആയവരും ഈ തീവ്രവാദ ബിസിനസ്സ് നടത്തി ഭൌതീകമായും രാഷ്ട്രീയമായും പുരോഗമിക്കാന്‍ ശ്രമിക്കുന്നത് അവികസിത രാജ്യങ്ങളിലെ പതിവു ദൃശ്യമാണ്.സമൂഹത്തില്‍ നിലവിലുള്ള ജാതി-മത-വര്‍ഗ്ഗ-വംശ-ഗോത്ര-പാര്‍ട്ടി-ആശയ വിഭാഗീയതയുടെ നേരിയ വിള്ളലുകളെങ്കിലും ഉപയോഗപ്പെടുത്തി, സംഘബലം കൂട്ടി,മസിലുരുട്ടുന്ന ഭീഷണിയോടെ നടത്തുന്ന ഈ തീവ്രവാദവും സംകുചിത രാഷ്ട്രീയ പ്രവര്‍ത്തനവും മാനവികതക്കു നേരെയുള്ള ആക്രമണവുമാണ്.

അറിവില്ലായ്മ,ഭക്തി,അടിമത്വം,വിധേയത്വം,ദാസ്യം എന്നീ കാരണങ്ങള്‍ കൊണ്ട് ആത്മബോധം ആര്‍ജ്ജിക്കാനാകാതെവരുന്നവരുടെ മനസ്സില്‍ ഭയം നിക്ഷേപിക്കുന്നതിലൂടെ നിര്‍മ്മിച്ചെടുക്കുന്ന സംഘബലമാണ് ഈ സങ്കുചിത തീവ്രവാദത്തിന്റെ കരുത്ത്.
വസ്തു നിഷ്ടമല്ലാത്ത ദുരഭിമാനങ്ങളും,അര്‍ദ്ധ സത്യങ്ങള്‍ കൊണ്ട് നിര്‍മ്മിക്കുന്ന കള്ള കഥകളുമായി ഈ തീവ്രവാദത്തെ ഭീകരവാദമായി വളര്‍ത്തിയെടുക്കാന്‍ അശേഷം ബുദ്ധിമുട്ടേണ്ടതില്ല.

തീവ്രവാദത്തിന്റെ കാരണം പിന്നോക്കാവസ്ഥയല്ല !
ഈ ലോകത്തെ ഏതൊരുവന്റേയും പിന്നോക്കാവസ്ഥയുടെ മുഖ്യകാരണം അവന്‍ തന്നെയാണ്. സ്വന്തം കഴിവില്ലായ്മയുടെ,അല്ലെങ്കില്‍ കഴിവിനെക്കുറിച്ചുള്ള ദുരഭിമാനത്തിന്റെ ഫലമായി പൊതു മാര്‍ഗ്ഗത്തില്‍ നിന്നും എപ്പോഴെങ്കിലും ഉള്‍വലിഞ്ഞു നിന്നതിന്റെ നിര്‍ഭാഗ്യകര അവസ്ഥയാണ് പിന്നോക്കാവസ്ഥ. സംഘടിത അടിമവല്‍ക്കരണത്തിലൂടെയോ,പിടിച്ചുപറിയിലൂടെയോ,രാഷ്ട്രീയമായി നിഷ്ക്കാസിതരായോ പിന്നോക്കാവസ്ഥയിലെത്തിയവരുമുണ്ട്. ഇവരെയെല്ലാം ഓരോ കാലഘട്ടങ്ങളില്‍ മാനവികത ഉണര്‍ത്തുപാട്ടായി വന്ന് വിളിച്ചുണര്‍ത്താറുണ്ട് എന്നത് നമ്മെ പിന്നോക്കാവസ്ഥയിലേക്ക് തള്ളിയവരുടെതന്നെ തെറ്റുകളും ക്രൂരതകളും തിരുത്തുന്ന മനുഷ്യസ്നേഹത്തിന്റെ പൊതുബോധമാണ്. ആ പൊതു ബോധത്തോളം വളരാനായി എന്നതാണ് മഹാത്മാഗാന്ധിയുടെ മഹത്വം.

പിന്നോക്കാവസ്ഥയുടെ കാരണം വിവരമില്ലായ്മ !

അന്യ സമൂഹങ്ങളുമായി നമ്മുടെ സമൂഹത്തെ താരതമ്യം ചെയ്യുംബോള്‍ മാത്രമുണ്ടാകുന്ന സാംബത്തികവും സാംസ്ക്കാരികവുമായ ആപേക്ഷിക വ്യത്യാസമാണ് പിന്നോക്കാവസ്ഥ. അതുകൊണ്ടു തന്നെ നമ്മുടെ പിന്നോക്കാവസ്ഥ ഇല്ലാതാക്കാന്‍ അന്യ സമൂഹങ്ങളെ
സംങ്കുചിത ചിന്തകള്‍ മാറ്റിവച്ച് തുറന്ന മനസ്സോടെ പഠിക്കുക മാത്രമേ വഴിയുള്ളു. സാംബത്തികമായി നാം എത്ര വളര്‍ന്നാലും അന്യ സമൂഹത്തിന്റെ മികവിനെക്കുറിച്ചുള്ള അറിവും,നമ്മുടെ പോരായ്മയെക്കുറിച്ചുള്ള വിമര്‍ശനവും ഇല്ലാതുള്ള വളര്‍ച്ച ശാശ്വതമല്ല.സമൂഹങ്ങളെ വിളക്കിച്ചേര്‍ക്കുന്ന ഘടകം തന്നെ ഈ ആത്മ വിമര്‍ശനങ്ങളും,അന്യ സമൂഹങ്ങളുടെ മികവിനേയും,അറിവിനേയും ഉള്‍ക്കൊള്ളാനുള്ള നമ്മുടെ സത്യാഭിമുഖ്യത്തിലൂടെയാണ്.അല്ലാതെ, ദുരഭിമാനത്തിലൂടെ ആയിക്കൂട !!!!

....................................................................
ചിത്രകാരന്റെ ഞായറാഴ്ച്ച ചിന്തകള്‍ കുറിച്ചുവച്ചതാണ്.ചിന്തയുടെ രൂപമോ ഭംഗിയോ ഒന്നും ശ്രദ്ധിച്ചിട്ടില്ല. സമൂഹത്തെ നിരന്തരം വിമര്‍ശിച്ച് ശക്തിപ്പെടുത്തുക എന്നത് ചിത്രകാരന്റെ മാനവിക വീക്ഷണത്തിന്റെ ഭാഗമാകുന്നത്,കലാപ്രവര്‍ത്തനമാകുന്നത് എങ്ങനെയെന്ന് ചിലര്‍ക്കെങ്കിലും ഇതില്‍ നിന്നും മനസ്സിലാകുമെന്ന് പ്രതീക്ഷിക്കട്ടെ!

Friday, December 11, 2009

മലയാളമറിയാത്ത കേരളമേ ലജ്ജിക്കുക !

നമ്മുടെ നെറ്റ് കഫെകള്‍ അത്യാവശ്യം ഇംഗ്ലീഷില്‍ ഈ-മെയില്‍ അയക്കാനും,പിന്നെ അശ്ലീല വെബ് സൈറ്റുകള്‍ സന്ദര്‍ശിക്കാനും മാത്രമുള്ള പൊതു ഇടങ്ങളാണെന്ന് തോന്നുന്നു.കേരളത്തിലെ ഒട്ടുമിക്ക നെറ്റ് കഫെകളിലെ കംബ്യൂട്ടറുകളിലും മലയാള ഭാഷ കിട്ടാക്കനിയാണ്.എവിടേയും യൂണീക്കോഡ് മലയാളം ലഭ്യമല്ല.വളരെ അനായാസമായി മലയാളം ഇന്‍സ്റ്റാള്‍ ചെയ്ത് കംബ്യൂട്ടര്‍ കഫെകളെ വായന ശാലകള്‍ പോലെ ജന സൌഹാര്‍ദ്ദനിലയങ്ങളായും,സാംസ്ക്കാരിക കേന്ദ്രങ്ങളായും പരിവര്‍ത്തനപ്പെടുത്താമെന്നിരിക്കെ നമ്മുടെ സര്‍ക്കാരിനോ,കംബ്യൂട്ടര്‍ സാക്ഷരതാക്കുവേണ്ടിയുള്ള സാങ്കേതിക വിദഗ്ദര്‍ക്കോ അതിനുവേണ്ടിയുള്ള സംഭാവനകളൊന്നും നല്‍കാനാകുന്നില്ലെന്നത് നിര്‍ഭാഗ്യകരം തന്നെ.
കേരളത്തില്‍ യാതചെയ്യേണ്ടിവരുന്ന മലയാളം ഉപയോഗിക്കുന്ന ബ്ലോഗര്‍മാര്‍ക്കാണ് ഈ അസൌകര്യം വളരെ അരോചകമായി തോന്നുക. കാരണം പലരുടെയും മെയില്‍ ബോക്സില്‍ നിറഞ്ഞിരിക്കുന്ന മെയിലുകള്‍ അധികവും മലയാളത്തിലാകുമെന്നതിനാല്‍ മെയില്‍ ബോക്സ് തുറന്നാലും മെയിലുകള്‍ വായിക്കാനാകാതെ വിഷമവൃത്തത്തിലാകുന്നു !
ഇതിനൊരു പരിഹാരം ബ്ലോഗര്‍മാര്‍ മുന്നിട്ടിറങ്ങിത്തന്നെ ഉണ്ടാക്കേണ്ടതാണെന്നു തോന്നുന്നു.
കേരള ബ്ലോഗ് അക്കാദമി,വിവിധ ബ്ലോഗ് കമ്യൂണിറ്റികള്‍,ബ്ലോഗ് പത്രങ്ങള്‍,മലയാളം ന്യൂസ് പോര്‍ട്ടലുകള്‍ എന്നിവര്‍ കൂട്ടായ്മയോടെ ശ്രമിച്ചാല്‍ നമ്മുടെ ഇന്റെര്‍നെറ്റ് കഫെകള്‍ മലയാളം യൂണിക്കോഡ് ഇന്‍സ്റ്റാള്‍ ചെയ്യാനും,മലയാളം മെയില്‍ അയക്കലും ബ്ലോഗ് വായനയും,എഴുത്തും അനായസമാക്കാനും സാധിക്കുന്നതാണ്. ഈ സദുദ്ധേശത്തിനായി നമുക്ക് യോജിച്ച് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.വിദേശങ്ങളില്‍ നിന്നും വല്ലപ്പോഴും നാട്ടില്‍ വരുന്നവര്‍ക്കും കഫെകളുടെ മലയാളവല്‍ക്കരണം വളരെ ആശ്വാസമാകും.ഇത്തരം ചിന്തകളും,പ്രവര്‍ത്തനവും വികസിക്കുന്നതിനായി ഈ വിഷയം ബ്ലോഗര്‍മാര്‍ ചര്‍ച്ചചെയ്യണമെന്ന് ചിത്രകാരന്‍ അഭ്യര്‍ത്ഥിക്കുന്നു.

Tuesday, December 8, 2009

തിരുവില്വാമല ഐവര്‍മഠം ശ്മശാനം

കുറച്ചു കാലമായി ഐവര്‍മഠം എന്ന ശ്മശാനം ചിത്രകാരനെ വേട്ടയാടുന്നു. ഇന്നലെയാണ് (7.12.09)നിയതമായ രൂപമില്ലാതിരുന്ന ആ ശ്മശാനത്തിന്റെ ബ്രാന്‍ഡ് നാമത്തിനു പിന്നിലുള്ള ഭൂപ്രകൃതി ഹൃദിസ്ഥമാക്കാനായത്.ഒരു പത്തു വര്‍ഷം മുന്‍പ് ഭാരതപ്പുഴയുടെ തീരത്തുള്ള തിരുവില്വാമല (പാലക്കാട് ജില്ല) ശ്മശാനത്തെക്കുറിച്ച് ഒന്നും കേട്ടിരുന്നില്ല.എന്നാല്‍ അടുത്തകാലത്തായി കോഴിക്കോട്,മലപ്പുറം,പാലക്കാട്,തൃശൂര്‍ ജില്ലകളിലുള്ള ജനങ്ങളുടെ പൊതുശ്മശാനം തിരുവില്വാമല പഞ്ചായത്തിലാണ്.ഒ.വി.വിജയന്റെ ശവസംസ്ക്കാര ചടങ്ങുകളെക്കുറിച്ചുള്ള ബഹളങ്ങള്‍ക്കിടയിലാണ് ഐവര്‍ മഠം എന്നൊരു ശവസംസ്ക്കാര വ്യവസായത്തെക്കുറിച്ച് ചിത്രകാരന്‍ ആദ്യമായി കേള്‍ക്കുന്നത്. ഇപ്പോള്‍,ഐവര്‍ മഠം എന്നത് ശവസംസ്ക്കാരത്തിന്റെ ഒരു ബ്രാന്‍ഡ് നൈം ആയിരിക്കുന്നു ഇവിടങ്ങളില്‍. എന്തോ... നേരിട്ട് സ്വര്‍ഗത്തിലേക്ക് പിതൃക്കളെ വണ്ടി കയറ്റി വിടുന്ന ആസ്ഥാനം.നൂറോളം മൃതദേഹം ഒരേസമയം ഭാരതപ്പുഴയുടെ തീരത്തുള്ള ഈ ശ്മശാനത്തില്‍ ദഹിപ്പിക്കാം ! ഈ ശ്മശാനത്തെ ആകര്‍ഷകമാക്കുന്നത് അതിന്റെ നടത്തിപ്പിലെ പ്രഫഷണലിസം തന്നെയാണ്. ശ്മശാനത്തിന്റെ വിസിറ്റിങ്ങ് കാര്‍ഡ് പലരുടേയും കയ്യില്‍ കാണും. അതിലെ ഫോണ്‍ നംബറില്‍ ഒന്നു വിളിച്ചുപറയുകയേ വേണ്ടു.മൃദദേഹത്തിനുള്ള അവസാനത്തെ വിറകുകൊണ്ടുള്ള കട്ടിലും രാമച്ചം,ചന്ദനത്തിരി,മണ്‍കുടം,കിണ്ടി,വെള്ളം...എല്ലാം റെഡിയായിക്കഴിഞ്ഞു.ആംബുലന്‍സ് അയക്കണമെന്ന് ആവശ്യപ്പെട്ടാല്‍ അതും റെഡി. മരിക്കാന്‍ ഇത്രയും നല്ല സാഹചര്യം നമ്മുടെ നാട്ടിലുണ്ടായിരുന്നില്ലെന്ന് മനസ്സിലാകും ശ്മശാന നടത്തിപ്പുകാരുടെ പ്രഫഷണലിസം കണ്ടാല്‍. ശ്മശാനത്തില്‍ അംബുലന്‍സില്‍ നിന്നും ഇറങ്ങിയപാടെ മൃദദേഹത്തെ അനുഗമിക്കുന്നവരെത്തേടി മണ്‍ കുടവുമായി ഒരാള്‍ വരും. ചടങ്ങു നടത്തേണ്ടവര്‍ കുളിച്ച് ഈറനായി വരണം...
ചിതകൊളുത്തേണ്ട മൂത്ത പുത്രന്‍ മുങ്ങിക്കുളിക്കിടക്ക് മണ്‍ കുടത്തില്‍ കര്‍മ്മം ചെയ്യാനുള്ള വെള്ളവും എടുക്കേണ്ടതാണ്.
കുളിച്ചെത്തിയവര്‍ മൃതദേഹം ചിതയില്‍ വച്ചുകഴിഞ്ഞ് പഞ്ചായത്തിനുള്ള ഫീസായ 50 രൂപയും,സംസ്ക്കാരത്തിനാവശ്യമായ ചിലവുകള്‍ക്കാവശ്യമായ 1450 രൂപയുടെ ബില്ലും അടക്കാം. മരണാനന്തര ചടങ്ങുകള്‍ക്കുവേണ്ടിയുള്ള അസ്ഥിശേഖരിക്കാന്‍ വരുംബോള്‍ തൊട്ടടുത്ത ഐവര്‍മഠം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ അടക്കാനുള്ള 275രൂപകൂടി കൊണ്ടുവന്നാല്‍ ചിലവുകളെല്ലാം തീര്‍ന്നു.
പഞ്ചായത്ത് ശ്മശാനം ലേലത്തില്‍ പിടിക്കുന്നവരാനത്രേ ശവസംസ്ക്കാര ചടങ്ങിനുള്ള സൌകര്യങ്ങളൊരുക്കുന്നത്.

ഈ ശ്മശാനം യശാശാരീരയായ ഭാരതപ്പുഴയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത് എന്നതായിരിക്കണം ഇത്ര തിരക്കുപിടിച്ച് ശ്മശാനമാകാന്‍ കാരണം. ഭാരതപ്പുഴ എന്ന കാടുപിടിച്ച വയലുപോലെയോ
,പറംബു പോലെയോ ഉള്ള നദിയുടെ ശവത്തിന്റെ ഓരത്തുകൂടി ഏതാണ്ട് ഒഴുകിക്കൊണ്ടിരിക്കുന്ന ഒരു ചോലയിലെ വെള്ളം മണല്‍ ചാക്കുകളിട്ട് തടഞ്ഞു നിര്‍ത്തിയാണ് സംസ്ക്കാര ചടങ്ങിനായി എത്തിച്ചേരുന്നവര്‍ ഏതാണ്ട് മുട്ടോളം മാത്രം വെള്ളത്തില്‍ മുങ്ങിക്കുളിക്കുന്നത്.

നമ്മുടെ സമൂഹത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ മരണമണികൂടി ഐവര്‍മഠം പോലുള്ള ശ്മശാനങ്ങളില്‍ മുഴങ്ങുതായി ചിത്രകാരനു കാണാനായി.മതങ്ങളില്‍ നിന്നും,ആചാരങ്ങളില്‍ നിന്നും വേര്‍പ്പെടുത്തേണ്ടിയിരുന്ന ജനന മരണ വിവാഹപരമായ സാമൂഹ്യാ‍വശ്യങ്ങളെ ഏറ്റെടുത്ത് നടത്താനുള്ള ബുദ്ധിവൈഭവം പ്രകടിപ്പിക്കേണ്ടിയിരുന്ന പുരോഗമന പ്രസ്ഥാനങ്ങള്‍ നവ സാമൂഹ്യസൃഷ്ടിയെ എത്ര ഉദാസീനമായും,ഉത്തരവാദിത്വരഹിതമായുമാണ് ഹൈന്ദവ സവര്‍ണ്ണ ആചാരങ്ങള്‍ക്കും അനുഷ്ടാനങ്ങള്‍ക്കും അടിയറവച്ച് ഒഴിഞ്ഞു മാറിനില്‍ക്കുന്നതെന്ന് ചിത്രകാരന്‍ അതിശയത്തോടെ നോക്കി നില്‍ക്കുന്നു. ജനപിന്തുണയുള്ള നല്ലൊരു ആശയത്തിന്റെ തുടര്‍ ചിന്തകളുടെ അഭാവം കാരണമുള്ള അസന്ന മരണത്തിന് സാക്ഷിയാകേണ്ടിവരുമല്ലോ എന്നൊരു വേദന...

ഈ പോസ്റ്റിലെ ചിത്രങ്ങള്‍ മൊബൈല്‍ ക്യാമറ ഉപയോഗിച്ച് എടുത്തതായതിനാലും, മരണാനന്തര ചടങ്ങിനു വന്ന ആള്‍ പ്രകടമായി ചിത്രങ്ങള്‍ എടുക്കുന്നതില്‍ അനുഭവപ്പെടുന്ന സ്നേഹശൂന്യതയുടെ മനസ്സാക്ഷിക്കുത്തുള്ളതിനാലും പടങ്ങള്‍ ഗുണനിലവാരമുള്ളതാകില്ല. എങ്കിലും ചിത്രകാരനൊപ്പം ബ്ലോഗര്‍മാരെ തിരുവില്വാമലയിലെ ഈ ശ്മശാനത്തില്‍ എത്തിക്കാനുള്ള ,അനുഭവം പങ്കുവക്കാനുള്ള ശ്രമമായി കണ്ട് പാകപ്പിഴകള്‍ പൊറുക്കുക. ജീവിതത്തിന്റെ നിസാരതയെ ഓര്‍ക്കാന്‍ ഇടക്കൊക്കെ ശ്മാശന സന്ദര്‍ശനം നമ്മെ സഹായിക്കും.
ശ്മശാനത്തിന്റെ പ്രവേശന കവാടം
പ്രേതങ്ങള്‍ക്ക് തണലൊരുക്കുന്ന ശ്മശാനത്തിന്റെ നടുക്കുള്ള പാലമരം.
വിവിധ ചിതകളില്‍ നിന്നും ഉയരുന്ന പുക... ഒന്നായി പരമാത്മാവില്‍ ലിയിക്കുകയാണ് !
മുട്ടോളം വെള്ളത്തില്‍ ഒരു മുങ്ങിക്കുളി. ഭാരതപ്പുഴയില്‍ മണല്‍ ചാക്കുകളിട്ടാണ് ഈ മുട്ടോളം വെള്ളം സംഘടിപ്പിക്കുന്നത്.
ചിതക്ക് ചുറ്റും പ്രതിക്ഷണംവക്കുന്ന കുടുംബാംഗങ്ങള്‍ . ഫെമിനിസ്റ്റുകള്‍ക്ക് പ്രാതിനിധ്യം ലഭിക്കാത്ത അപൂര്‍വ്വം ചടങ്ങുകളിലൊന്ന്.
പരേതന്റെ മൃതശരീരവുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ച് ... (യാഥാര്‍ത്ഥ്യബോധത്തോടെ അഗ്നിക്കു വിട്ടുകൊടുത്ത് ) ജീവിതത്തിന്റെ കര്‍ത്തവ്യ ബോധങ്ങളിലേക്ക് വിടുതല്‍ വാങ്ങുന്ന നിമിഷങ്ങള്‍.
എവിടെനിന്നോ വരാനുള്ള ശവത്തിനുവേണ്ടി ഒരുങ്ങിക്കൊണ്ടിരിക്കുന്ന ചിത
നിരനിരയായുള്ള ചിതകളുടെ ക്യൂ...
കോണ്‍ക്രീറ്റ് മേല്‍ക്കൂരക്കു കീഴിലെ വി.ഐ.പി.ചിതകള്‍.

ശവസംസ്ക്കാരം തൊഴിലും വ്യവസായവുമാകുന്നു...!!!
ശ്മശാനത്തില്‍ വന്നിറങ്ങിയതും കുളിക്കാനായി പോകുന്ന പരേതന്റെ ബന്ധുക്കള്‍

Sunday, December 6, 2009

കന്യാകുമാരി യാത്ര ‘09

ശശി തരൂരിനെപ്പോലെ ഇടക്കൊക്കെ ട്വിറ്ററിലും,ബ്ലോഗിലും അറിയിപ്പുകള്‍ നല്‍കി മഹാനായ ചിത്രകാരനും ടൂറുപോകാറുണ്ട്.ഇപ്രാവശ്യം യാത്ര കോവളത്തേക്കായിരുന്നെങ്കിലും കന്യാകുമാരിയില്‍ തിരുവള്ളുവര്‍ വന്നതിനുശേഷം അവിടെ പോയിട്ടില്ലെന്ന ഖേദം തീര്‍ക്കാനായി യാത്ര കന്യാകുമാരി വരെ നീട്ടുകയായിരുന്നു.പോകുന്ന വഴിക്ക് കണ്ട ചില ദൃശ്യങ്ങള്‍ ക്യാമറയിലാക്കി ബ്ലോഗിലേക്ക് ചൊരിഞ്ഞിരിക്കുകയാണ്.വ്യക്തിപരമായ ഓര്‍മ്മ സൂക്ഷിക്കലിന്റെ ഭാഗമായി. കോവളത്തെ റിസോര്‍ട്ടില്‍ തയ്യാറാക്കപ്പെട്ട കഥകളി സ്ത്രീ വേഷം ക്ഷീണമകറ്റാന്‍ ഇലക്ട്രിക്ക് കാറില്‍ തന്റെ ഭാരിച്ച വേഷം ചാരിവച്ച് വിശ്രന്മിക്കുന്നു.
വര്‍ത്തമാന കൂത്തബലങ്ങളും അംബലങ്ങളും എല്ലാമായ ... റിസോര്‍ട്ടിലെ വാദ്യക്കാരും ചുവരിലെ മലയാളിയുടെ ഭാരിച്ച പൊങ്ങച്ചം ധരിച്ചു നില്‍ക്കുന്ന കഥകളി റിലീഫ് രൂപവും.
പാവാട ഭംഗിയായി രൂപ ഭംഗിയോടെ നില്‍ക്കാന്‍ എത്ര കെട്ട് പ്ലാസ്റ്റിക് ചാക്കുകളാണ് അരയില്‍ തെറുത്ത് കെട്ടിവച്ചിരിക്കുന്നതെന്ന് നാം അറിയുന്നുണ്ടോ ? .... മലയാളിയുടെ പൊങ്ങച്ചത്തിന്റെ പൊള്ളയായ കഥകളി രൂപം.
കഥകളിയുടെ പൊള്ളയായ അളിഞ്ഞ സ്നേഹ പ്രകടനം... നമ്മുടെ മഹനീയ സംസ്ക്കാരം !
കലയുടെ ദയനീയ രൂപം !
റിസോര്‍ട്ടിന്റെ ചുവരിലെ കഥകളി റിലീഫ് രൂപം... ടൂറിസ്റ്റ് ദൌര്‍ബല്യങ്ങളേ സ്വാഗതം !
ശുചീന്ദ്രം ക്ഷേത്രത്തിനു മുന്നിലെ പ്രവേശന കവാടത്തിലെ ചെറുപ്പക്കാരായ മനുഷ്യര്‍ക്ക് നൂറ്റാണ്ടുകളുടെ പ്രായമുണ്ട്.
കോവളം റിസോര്‍ട്ടില്‍ ആയുര്‍വേദ മസാജ് കോട്ടേജിന്റെ ഉത്തരത്തില്‍ കാണപ്പെട്ട ബോധിയിലെ(ആലിലയിലെ) ബുദ്ധരൂപം
നാഗര്‍ കോവിലില്‍ തെരുവോരത്തിരുന്ന് എണ്ണ പലഹാരമുണ്ടാക്കുന്ന തൊഴിലാളി. ബസ്സിലിരുന്ന് ഒരു സ്നാപ്പ് !
കന്യാകുമാരിയില്‍ പട്ടിക്കൂടുപോലുള്ള തടവറയില്‍ കാണപ്പെട്ട ഏതോ ഹിന്ദു ദൈവങ്ങള്‍ !
ദൈവങ്ങളുടെ ഉടമകള്‍ ഭക്തരെ ആകര്‍ഷിക്കാനായി കൂട് തുറന്നു വച്ചപ്പോള്‍...
ശുചീന്ദ്രത്ത് ശ്രീകോവിലിലേക്ക് പൂജസാധനങ്ങള്‍ വില്‍ക്കുന്ന കച്ചവടക്കാരന്‍
ശുചീന്ദ്രത്ത് ക്ഷേത്ര പ്രവേശന കവാടത്തില്‍ പിച്ചക്കിരിക്കുന്ന രണ്ടു ദൈവ കുഞ്ഞുങ്ങള്‍
ഹിന്ദു ഭക്തിയുടെ ഒരു വേഷം ,ഭിക്ഷാടനത്തിന്റേയും !
ശുചീന്ദ്രത്ത് തെരുവിലിരുന്ന് ഉണങ്ങുന്ന കച്ചവടക്കാരനും സുഗന്ധവ്യഞ്ജനങ്ങളും.
ശുചീന്ദ്രത്ത് തെരുവിലെ കച്ചവട ഉത്പ്പന്നങ്ങള്‍
ചന്ദ്രനിലേക്ക് റോക്കറ്റു വിടുന്ന രാജ്യത്തിലെ ദാരിദ്ര്യത്തിന്റെ ഓരോ മുഖങ്ങള്‍
ശുചീന്ദ്രത്തെ കച്ചവടക്കാരിയായ അമ്മൂമ്മ
കന്യാകുമാരി ...തിരു വള്ളുവര്‍ പ്രതിമ




വിവേകാനന്ദ പാറയിലെ മണ്ഡപം


29ന് കോവളത്തു വച്ചുനടന്ന കെ ത്രി എ വര്‍ഷിക ആഘോഷത്തില്‍ ...
കെ.ത്രി..വാര്‍ഷികാഘോഷത്തില്‍ വേദിയിലെ മീ‍ഡിയ പ്രമുഖരും,മന്ത്രിയും,കെ.ത്രി..ഭാരവാഹികളും.