Friday, September 9, 2016

'ഹിരണ്യഗര്‍ഭം' പെയിന്‍റിംഗ്


My new painting, "Hiranya Garbha" Aug-Sept 2016. Acrylic on canvas. Size: 91x61cm.

പഴയകാലത്തെ ഇന്ത്യയില്‍  ബ്രാഹ്മണർക്ക് സവർണ/ജാതീയ ഹിന്ദുക്കളായ ശൂദ്ര രാജാക്കന്മാർ ഒരു നിശ്ചിത കാലയളവിനുള്ളിൽ തവണകളായി നൽകേണ്ടതായ അഥവ സമർപ്പിക്കേണ്ടതായ പതിനാറോളം മഹാദാനങ്ങളിൽ ഒന്നു മാത്രമാണ് ഹിരണ്യഗർഭം. ശൂദ്ര രാജാവ് ഭരണമേൽക്കുന്ന അവസരത്തിലാണ് ഈ മഹാദാനങ്ങളുടെ ബാധ്യത ആരംഭിക്കുന്നത്.

ബ്രാഹ്മണരുടെ ചതുർവർണ്യ സാമൂഹ്യ വിഭജന ജാതിവ്യവസ്ഥ പ്രകാരം ശൂദ്രർ അടിമകളാണ്. തങ്ങളുടെ മേൽ ജാതിക്കാരായ ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ എന്നീ വിഭാഗങ്ങളുടെ ഭൃത്യരായി തങ്ങളുടെ പാപ ജന്മ ദോഷം പരാതിയില്ലാതെ യജമാന ഭക്തിയോടെ ജീവിച്ചു തീർക്കുക എന്നതു മാത്രമാണ് ശൂദ്രരുടെ സവർണ്ണ നിയോഗം ! അതു കൊണ്ടുതന്നെ, ശൂദ്രർ അക്ഷരം പഠിക്കുന്നതും രാജ്യഭരണ വൃത്തികളിൽ ഏർപ്പെടുന്നതും ബ്രാഹ്മണ ദൃഷ്ടിയിൽ മാപ്പർഹിക്കാത്ത ഗുരുതര കുറ്റകൃത്യമായിരുന്നു.

അഥവ ശൂദ്രരിൽ ആരെങ്കിലും ജന്മം കൊണ്ട്  ലഭിക്കുന്ന ഈ ജാതീയ കർത്തവ്യം ലംഘിച്ച് അന്യരുടെ ജാതീയ കർമ്മപഥങ്ങളിലേക്ക് കടന്നാൽ നിഷ്ക്കരുണം കൊല്ലപ്പെടും.

ബ്രാഹ്മണർ അത്തരം ജാതീയ അതിർത്തി ലംഘനങ്ങൾ ഉന്മൂലനം ചെയ്യുന്നതിനായി ആയുധ ധാരികളായ ആയിരക്കണക്കിന് ദൈവങ്ങളുടെ കൊട്ടേഷൻ സംഘത്തെ തന്നെ പുരാണേതിഹാസങ്ങളിലൂടെ പടച്ചുണ്ടാക്കി ജനമനസ്സിൽ പ്രതിഷ്ഠിച്ചിരുന്നതായി കാണാം. രാമായണത്തിലെ ശംബുകനായിരിക്കണം ജാതിയമായ ഈ അതിർത്തി ആദ്യമായി ലംഘിച്ചതിന്റെ പേരിൽ ശ്രീരാമന്റെ കൈ കൊണ്ട് മരിക്കാൻ യോഗമുണ്ടായ ശൂദ്രൻ.

ദൈവത്തിന്റെ പ്രതിപുരുഷന്മാരായിരുന്ന ബ്രാഹ്മണരുടെ ഈ തല പോകുന്ന നിയമത്തിൽ നിന്നും ശൂദ്രർക്ക് രക്ഷപ്പെടാനുള്ള പ്രതീക്ഷയുടെ ഒരു പഴുതായാണ് ഹിരണ്യഗർഭം പോലുള്ള മഹാദാനങ്ങൾ ബ്രാഹ്മണർ തന്നെ അതിവിദഗ്ദമായി വിഭാവനം ചെയ്ത് ഈ മഹാഭാരത ഭൂമിയിൽ നടപ്പിലാക്കിയിരുന്നത്.

ബ്രാഹ്മണരുടെ ബിനാമി ശൂദ്ര രാജവംശങ്ങൾ ഭരിച്ചിരുന്ന നാട്ടുരാജ്യങ്ങളിലാണ് ഹിരണ്യഗർഭം, ഹിരണ്യ കാമധേനു, ഹിരണ്യാശ്വരഥം, തുലാപുരുഷ ദാനം പോലുള്ള 16 ലേറെ മഹാദാനങ്ങൾ ബ്രാഹ്മണർക്ക് സ്വർണ്ണക്കട്ടികളായി സമർപ്പിക്കുന്ന വ്യവസ്ഥിതി നടപ്പാക്കിയിരുന്നത്.

ഹിരണ്യം എന്ന വാക്കിന് അര്‍ത്ഥം സമ്പത്ത് എന്നാണ്. സമ്പത്ത് എന്നാല്‍ മുഖ്യമായും സ്വര്‍ണ്ണം തന്നെ. സ്വര്‍ണ്ണം, സ്വര്‍ണ്ണ പാത്രം, രത്നം, വെള്ളി, തുടങ്ങിയ മൂല്യം കൂടിയതും നശിക്കാത്തതുമായ  എന്തും ഹിരണ്യമാണ്.

ജനങ്ങളുടെ സമ്പത്ത് കൊള്ളയടിക്കുക അഥവ ചൂഷണം ചെയ്തെടുക്കുക എന്നതാണ് ഹിരണ്യഗർഭത്തിന്റെ പച്ചയായ ലക്ഷ്യം. പക്ഷേ, കൊള്ളയെ വളരെ ചെറിയ കാലത്തേക്കു മാത്രമേ ജനം പൊറുപ്പിക്കു എന്ന് നല്ല നിശ്ചയമുള്ളവരായിരുന്നു നമ്മുടെ പ്രൊഫഷണൽ മന്ത്രവാദികൾ. രാജാക്കന്മാരുടെ ഖജനാവു കൊള്ളയടിക്കുന്ന ബ്രാഹ്മണ പൗരോഹിത്യ ലക്ഷ്യത്തെ വിശുദ്ധമായ ഒരു ആചാരമായും ബ്രാഹ്മണ സംബന്ധമുണ്ടായാൽ പോലും ശൂദ്രരെ മാത്രം പ്രസവിക്കാൻ ശേഷിയുള്ള ശൂദ്ര സ്ത്രീകളുടെ യോനീ ദോഷം കൊണ്ട് രാജാവാകാൻ അർഹതയില്ലാതാകുന്ന ശൂദ്ര കുമാരന്മാരുടെ ജന്മദോഷം പരിഹരിക്കുന്ന ഒരു താന്ത്രിക വിദ്യയായും ഹിരണ്യഗർഭ മടക്കമുള്ള മഹാദാനങ്ങളെ  ചിട്ടപ്പെടുത്തി അവതരിപ്പിച്ചു.

ജനത്തെ മാനസികമായി കീഴടക്കി, വിശ്വാസം പിടിച്ചുപറ്റി, ആ വിശ്വാസം ഊട്ടിയുറപ്പിച്ച് മുന്നേറുന്ന മന്ത്രവാദികൾക്കു മുന്നിൽ വിശ്വാസി എന്തും അടിയറ വെക്കും.
ഈ മാനസികാവസ്ഥയെ ഒരു സ്ഥിരം ചൂഷണ വ്യവസ്ഥിതിയും അതിജീവന മാർഗ്ഗവുമായി വികസിപ്പിക്കാനായതാണ്  മഹത്വവൽക്കരിക്കപ്പെട്ട ബ്രാഹ്മണ്യ പൗരോഹിത്യത്തിന്റെ ശ്രേഷ്ഠത !

ഹിരണ്യഗർഭം പശുവിന്റെ ഗർഭപാത്രത്തിന്റെ പ്രതീകാത്മക രൂപമായാണ് സങ്കൽപ്പിക്കപ്പെട്ടിരുന്നത്.
സ്വർണ്ണ പശുവായും, സ്വർണ്ണ താമരയായും, സ്വർണ്ണ കുളമായും എല്ലാം... നാട്ടുരാജാവിന്റെ സാമ്പത്തിക സ്ഥിതിക്കനുസരിച്ചും ബ്രാഹ്മണ പൗരോഹിത്യ സാമർത്ഥ്യത്തിനനുസരിച്ചും പല രൂപത്തിലും ഇന്ത്യയിൽ ഹിരണ്യഗർഭം നിർമ്മിക്കുന്ന പതിവുണ്ടായിരുന്നു.

ഋഗ്വേദത്തിലും ഉപനിഷത്തിലുമെല്ലാം പ്രപഞ്ചനാഥന്റെയും പ്രപഞ്ചത്തിന്റെയും ആദിമ രൂപത്തെ ഭാവനാത്മകമായി വർണ്ണിക്കാൻ ഉപയോഗിച്ച ഹിരണ്യഗർഭം എന്ന വാക്കിനെ  രാജാക്കന്മാരുടെ സമ്പത്ത് തട്ടിയെടുക്കാനും, രാജാക്കന്മാരെ തങ്ങളുടെ അധസ്ഥിത വംശീയതയിൽ അപകർഷപ്പെടുത്തി മേധാവിത്വം നേടാനും പാകത്തിൽ വ്യാഖ്യനിച്ച് മന്ത്രവാദികൾ തങ്ങളുടെ സ്വർണ്ണ കൊള്ളക്ക് ആകർഷകമായ ഭാഷ്യം ചമക്കുകയായിരുന്നു.

ഹിരണ്യഗർഭ ചടങ്ങ് കേരളത്തില്‍


രാജകുമാരന്‍ വളര്‍ന്ന് അധികാരമേല്‍ക്കേണ്ട സമയമാകുമ്പോഴാണ്  ഹിരണ്യഗര്‍ഭം, തുലാപുരുഷ ധാനം തുടങ്ങിയ ചടങ്ങുകൾ അനുഷ്ഠിക്കുക.

ബ്രാഹ്മണന്റെ ദൈവീക മൃഗമായ പശുവിന്റെ സ്വർണ്ണം കൊണ്ടുണ്ടാക്കിയ ഗര്‍ഭപാത്രത്തില്‍ പ്രതീകാത്മകമായി ജനപ്പിക്കുന്ന താന്ത്രികമായ ഒരു വിദ്യയാണ് ഹിരണ്യ ഗര്‍ഭ ചടങ്ങിന് ഉപയോഗപ്പെടുത്തിയിരുന്നത്. പത്തടി ഉയരത്തിലും എട്ടടി വ്യാസത്തിലുമുള്ള കുളം എന്നു വിളിക്കാവുന്ന ഒരു സ്വര്‍ണ്ണ പാത്രമാണ് ഹിരണ്യഗര്‍ഭ ചടങ്ങിനായി നിര്‍മ്മിക്കുക. പശുവില്‍ നിന്നും ലഭിക്കുന്ന പാല്‍,തൈര്,നെയ്യ്,ചാണകം, ഗോമൂത്രം എന്നീ അഞ്ച് വസ്തുക്കള്‍ ബ്രാഹ്മണ നിർദ്ദേശ പ്രകാരം ചേര്‍ത്ത് ഉണ്ടാക്കുന്ന “പഞ്ചഗവ്യം” എന്ന “കൂട്ടുകറി” ദ്രാവകം ഈ സ്വര്‍ണ്ണ പാത്രത്തില്‍ മൂന്നിലൊരു ഭാഗം നിറക്കുന്നു.അതിനു ശേഷം രാജഭരണമേല്‍ക്കാന്‍ പോകുന്ന രാജകുമാരന്‍ പുരോഹിതരുടേയും,പണ്ഡിതരുടെയും,ക്ഷണിക്കപ്പെട്ട പ്രധാനികളുടേയും സാന്നിദ്ധ്യത്തില്‍ ശ്രീപത്മനാഭന്റെ അനുഗ്രഹം വാങ്ങിയതിനുശേഷം പ്രത്യേകം നിര്‍മ്മിച്ച കോണി ഉപയോഗിച്ച് സ്വര്‍ണ്ണ പാത്രത്തിലെ പഞ്ചഗവ്യത്തിലേക്ക് ഇറങ്ങുന്നു. തുടര്‍ന്ന് സ്വര്‍ണ്ണപാത്രം സ്വര്‍ണ്ണം കൊണ്ടു നിര്‍മ്മിച്ച അടപ്പുകൊണ്ട് സേവകര്‍ അടച്ചു വക്കുന്നതും, ഈ സമയത്ത് ബ്രാഹ്മണര്‍ മന്ത്രങ്ങള്‍ കൊണ്ട് അന്തരീക്ഷം ശബ്ദമുഖരിതമാക്കുകയും, യുവരാജാവ് പഞ്ചഗവ്യത്തില്‍ പ്രാര്‍ത്ഥനാനിരതനായി അഞ്ചു തവണ മുങ്ങുകയും ചെയ്യുന്നു. അതിനുശേഷം കോണിയുപയോഗിച്ച് പുറത്തുകടക്കുന്ന “ശൂദ്ര-ക്ഷത്രിയ”നായിത്തീര്‍ന്ന യുവരാജന്‍ ശ്രീ പത്മനാഭ ക്ഷേത്രത്തിലെ ഒറ്റക്കല്‍മണ്ഡപത്തിലേക്ക് ആനയിക്കപ്പെടുന്നു. അവിടെവച്ച് യുവരാജന്‍ ശ്രീ പത്മനാഭനെ നമസ്ക്കരിച്ച് തൊഴുകയ്യുകളോടെ നില്‍ക്കുകയും,ക്ഷേത്ര തന്ത്രി പ്രാര്‍ത്ഥനാപൂര്‍വ്വം,രാജാവിനെ കിരീടധാരണ കര്‍മ്മം നടത്തിക്കുകയും ചെയ്യുന്നു. അതോടുകൂടി അയാള്‍ “കുലശേഖരപെരുമാള്‍” എന്ന സ്ഥാനം വഹിക്കുന്ന മഹാരാജാവായിത്തീരുന്നു. തിരുവിതാം കൂറിലെ രാജാക്കന്മാരുടെ രാജ്യഭരണമേല്‍ക്കുന്ന പ്രാഥമിക ഘട്ടമായ ഹിരണ്യഗര്‍ഭ ചടങ്ങ് പൂര്‍ത്തിയാകാന്‍ പഞ്ചഗവ്യ സ്നാനത്തിനുപയോഗിച്ച സ്വര്‍ണ്ണ പാത്രം ചെറിയ കഷണങ്ങളായി മുറിച്ച് ആയിരക്കണക്കിനുവരുന്ന ബ്രാഹ്മണര്‍ക്ക് (ബ്രാഹ്മണര്‍ക്ക് മാത്രമാണെന്നത് ശ്രദ്ധിക്കുക)ദാനം ചെയ്യുക എന്ന ചടങ്ങുകൂടി രാജാവു പൂര്‍ത്തിയാക്കേണ്ടതുണ്ട്. ബ്രാഹ്മണര്‍ക്ക് സ്വര്‍ണ്ണ പാത്രത്തിന്റെ കഷണങ്ങള്‍ ദാനം ചെയ്യുന്നതോടെ ഹിരണ്യ ഗര്‍ഭ ചടങ്ങ് അവസാനിക്കും.

തുലാപുരുഷദാനം

അടുത്തതായി രാജപദവി ഏല്‍ക്കുന്നതിന്റെ രണ്ടാംഘട്ട ചടങ്ങ് ആരംഭിക്കും. കുലശേഖരപെരുമാള്‍ എന്ന സ്ഥാനം ഉറപ്പിക്കുന്നതിനായി തുലാപുരുഷ ദാനം നടത്തപ്പെട്ടിരുന്നു. ഇതിനായി പല വലിപ്പത്തിലുള്ള സ്വര്‍ണ്ണ നാണയങ്ങള്‍ നിര്‍മ്മിച്ചിരുന്നു. ശ്രീ പത്മനാഭ ക്ഷേത്രത്തിന്റെ തെക്കു കിഴക്കേ മൂലയില്‍ സ്ഥാപിച്ചിട്ടുള്ള കരിംങ്കല്‍ തൂണുകളില്‍ രാജാവിന് ഇരിക്കാനായി ഒരു തുലാസ് തൂക്കിയിടുന്നു. ഒരു തട്ടില്‍ രാജാവും മറുതട്ടില്‍ പലവലിപ്പത്തില്‍ നിര്‍മ്മിക്കപ്പെട്ട സ്വര്‍ണ്ണ നാണയങ്ങളും ഉപയോഗിച്ച് തൂക്കം തുല്യമായി ഒപ്പിക്കുന്നു. ഇങ്ങനെ ലഭിക്കുന്ന രാജാവിന്റെ തൂക്കത്തിലുള്ള സ്വര്‍ണ്ണ നാണയങ്ങള്‍ ബ്രാഹ്മണര്‍ക്ക് ദാനം ചെയ്യുന്ന ചടങ്ങിനെയാണ് തുലാപുരുഷദാനം എന്നു പറയുന്നത്. ബ്രാഹ്മണരുടെ വലിപ്പച്ചെറുപ്പങ്ങള്‍ക്കനുസരിച്ച് ചെറിയ നാണയമോ വലിയ നാണയമോ ദാനം ചെയ്യുന്ന ഏര്‍പ്പാടാണുണ്ടായിരുന്നത്രേ!