Monday, December 26, 2011

കണ്ണൂരിലെ മാപ്പിളമാര്‍

കണ്ണൂരിലെ മുസ്ലീങ്ങളെ ചിത്രകാരന്‍ കാണാന്‍ തുടങ്ങിയിട്ട് ഏതാണ്ട് 18 വര്‍ഷമേ ആയിട്ടുള്ളു. അതിനു മുന്‍പ് മലപ്പുറം ജില്ലയിലെ മുസ്ലീം ജീവിതത്തെക്കുറിച്ചുള്ള സാമാന്യബോധമാണ് മലയാളികളായ മാപ്പിളമാരെക്കുറിച്ച് ചിത്രകാരന്‍ മുന്‍ വിധിയായി വച്ചുപുലര്‍ത്തിയിരുന്നത്.

കണ്ണൂരിലെ മുസ്ലീങ്ങളെ അടുത്തറിയാനുള്ള , അടുത്തിടപഴകാനുള്ള സാഹചര്യം അടുത്തകാലംവരെ (ഏഴു വര്‍ഷം മുന്‍പ് കണ്ണൂരില്‍ വീടുവച്ച് താമസിക്കുന്നതുവരെ) ഉണ്ടായിരുന്നുമില്ല. അതുകൊണ്ടുതന്നെ, മലപ്പുറത്തെ നാടന്‍ മാപ്പിളമാരോളം മഹത്വം കണ്ണൂരിലെ പൊതുവെ പൂര്‍വ്വികമായി സമ്പന്നരായ മാപ്പിളമാരോട് തോന്നിയിരുന്നില്ല. അതിനുള്ള പ്രത്യേക കാരണം കണ്ണൂരിലെ മാപ്പിളമാരെക്കുറിച്ച് ഇവിടത്തെ സാധാരണ ജനങ്ങളില്‍ നിന്നും ലഭിച്ച ടിപ്പു സുല്‍ത്താന്റെ കാലത്ത് ഹിന്ദുമതത്തില്‍ നിന്നും നിര്‍ബന്ധപൂര്‍വ്വം ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട നംബ്യാര്‍(കണ്ണൂരിലെ നായരെ നമ്പ്യാരെന്നാണു വിളിക്കുക.) കുടുംബങ്ങളാണ് സമ്പന്നരായ കണ്ണൂരിലെ മുസ്ലീങ്ങളെന്ന അറിവായിരുന്നു.

ഇവിടത്തെ മുസ്ലീങ്ങളുടെ സാമ്പത്തിക മേധാവിത്വത്തിനു കാരണം സവര്‍ണ്ണ പാരമ്പര്യമാണെന്ന ഹൈന്ദവ പൈതൃക വാദം പൊതുവെ അംഗീകരിക്കപ്പെട്ടതും, അറക്കല്‍ മുസ്ലീം രാജ കുടുംബവുമായി ചിറക്കല്‍ കോവിലകത്തെ കുളത്തില്‍ വീണ ഒരു പെണ്ണ് പുടവ സ്വീകരിച്ച ഐതിഹ്യ സമാനമായ ജനപ്രിയ പൈങ്കിളികഥയുടെ പൊതു ബോധവും , അതുകൂടാതെ നായന്മാരെപ്പോലെ കണ്ണൂരിലെ മുസ്ലീങ്ങള്‍ പിന്തുടരുന്ന മരുമക്കത്തായത്തെക്കുറിച്ചുള്ള അറിവും മാപ്പിളമാരെ ടിപ്പു സുല്‍ത്താന്റെ മത പരിവര്‍ത്തന കഥയുമായി ദൃഢമായി കൂട്ടിക്കെട്ടാനാണ് തെളിവു നല്‍കിയിരുന്നത്. സത്യത്തില്‍ കണ്ണൂരിലെ നമ്പ്യാന്മാരും നായനാര്‍മാരും ഇവിടത്തെ മുസ്ലീങ്ങളോളം സമ്പന്ന പൈതൃകമുള്ളവരല്ല എന്ന യാഥാര്‍ത്ഥ്യം പോലും ഈ മുന്‍ വിധിയില്‍ അകപ്പെടാതിരിക്കാന്‍ സഹായിച്ചില്ല. കണ്ണൂരിലെ പ്രതാപികളായ തിയ്യന്മാരും, വന്‍പിച്ച നഗരസ്വത്തുക്കള്‍ക്ക് ഉടമകളായിരുന്ന ഗുജറാത്തികളും കഴിഞ്ഞ് നാലാം സ്ഥാനം മാത്രമേ സമ്പത്തിന്റെ കാര്യത്തില്‍ കണ്ണൂര്‍ നഗരപ്രദേശത്ത് സവര്‍ണ്ണര്‍ക്കുണ്ടായിരുന്നുള്ളു. എന്നിട്ടും പഴയ സവര്‍ണ്ണ പാരമ്പര്യത്തിന്റെ ഇസ്ലാമീകരിച്ച പതിപ്പയി കണ്ണൂര്‍ മാപ്പിളമാരെ തെറ്റിദ്ധരിച്ചു പോയി !

ഈ ധാരണ പിശകാണ് 2011 ഡിസംബര്‍ 12 മുതല്‍ 17 വരെ ശ്രീകണ്ഠപുരത്ത് കേരള സര്‍ക്കാരിന്റെ ആര്‍ക്കീവ്സ് ഡിപ്പാര്‍ട്ടുമെന്റ് നടത്തിയ പുരാരേഖ പ്രദര്‍ശനം കണ്ടതോടെ മാറ്റത്തിനു വിധേയമായതെന്നു പറയാം.(മുസ്ലീങ്ങളുടെ സത്യത്തിലുള്ള ചരിത്രം അഭിമാനകരമാണ്)
അവിടെ കണ്ട ചരിത്ര രേഖകളില്‍ പോര്‍ച്ചുഗീസുകാരോട് കണ്ണൂരിന്റെ കാര്യങ്ങള്‍ ആശയ വിനിമയം ചെയ്യുന്നത് അറക്കല്‍ രാജ വംശത്തിന്റെ ആലി രാജാവാണ് എന്നത് ശ്രദ്ധയില്‍പ്പെട്ടു. കോലത്തു പഴമ എന്ന എം.പി.കുമാരന്‍ മാസ്റ്ററുടെ ചരിത്ര ഗവേഷണ പുസ്തകത്തില്‍(ശ്രീമൂലവാസം, ധര്‍മ്മടം അണ്ടല്ലൂര്‍ കാവ് ?) “ഒരു മുസ്ലീം രാജ വംശത്തിന്റെ പിറവി” എന്ന അദ്ധ്യായം അലസമായി വായിച്ചതിന്റെ ഒര്‍മ്മകളില്‍ നിന്നും തീ പുകയാന്‍ ഈ ചരിത്ര രേഖ കാരണമായെന്നു പറയാം. തുടര്‍ന്നു വീണ്ടും കുമാരന്‍ മാസ്റ്ററുടെ കോലത്തു പഴമ വായിക്കാനും, അതേക്കുറിച്ച് കൂടുതലറിയാനും നടത്തിയ ശ്രമത്തിന്റെ ഭാഗമായി പി.ശെല്‍‌വരാജ് എഴുതി തിരുവനന്തപുരം ചിന്താ പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച(2010 സെപ്തംബര്‍) അണ്ടല്ലൂര്‍ കാവ് എന്ന പുസ്തകം വായിക്കാനുമിടയായപ്പോള്‍ കണ്ണൂരിലെ മാപ്പിളമാരുടെ ഐതിഹാസികമായ ചരിത്രം മുന്നില്‍ തെളിഞ്ഞു തുടങ്ങി.

“അണ്ടല്ലൂര്‍ കാവ്- സങ്കര സംസ്കൃതിയുറ്റെ ചരിത്ര സാക്ഷ്യം” എന്ന 
പി.സെല്‍‌വരാജിന്റെ പുസ്തകം.ചിന്താപബ്ലിഷേഴ്സ്, തിരുവനന്തപുരം.(2010)

“ധര്‍മ്മടം വെന്തത് കോയ അറീല്ല”
കപ്പല്‍ നിര്‍മ്മാണ ശാലകളുടേയും, പാണ്ഡികശാലകളുടേയും, പള്ളികളുടേയും, വിദ്യാലയങ്ങളുടെയും,മുസ്ലീം വാണിജ്യ പ്രമുഖരുടേയും പതിനാറാം നൂറ്റാണ്ടിലെ സമ്പന്ന ആസ്ഥാനമായിരുന്ന ധര്‍മ്മടം എന്ന വിശാലമായ തുരുത്ത്  കോലത്തിരി രാജാവിന്റെ കൊട്ടേഷന്‍-ആജ്ഞാനുസരണം പോര്‍ച്ചുഗീസുകാര്‍ കൊള്ളിവച്ച് നശിപ്പിച്ചത് ആ സമയത്ത് ഹജ്ജിനു പോയിരുന്ന കോയ (രാജാവിനു വേണ്ടി നികുതി പിരിച്ചിരുന്ന മുസ്ലീം ഭരണാധികാരിയായിരുന്ന കേയി) അറിഞ്ഞിരുന്നില്ല എന്നതിന്റെ പെരില്‍ പ്രചരിച്ച പഴംചൊല്ലാണ് “ധര്‍മ്മടം വെന്തത് കോയ അറീല്ല”എന്നത്. സ്വന്തം രാജ്യത്തിന്റെ ഭാഗമായ വലിയൊരു ഭൂപ്രദേശത്തെ നശിപ്പിക്കാന്‍ ഉത്തരവിടാന്‍  കോലത്തിരിരാജാവിനെ പ്രെരിപ്പിച്ചത് സ്വന്തം വീടുകള്‍ക്കു തന്നെ തീവച്ചുകൊണ്ട് ജനങ്ങള്‍ കോലത്തിരിക്കെതിരെ നടത്തിയ ഒരു കലാപമായിരുന്നു. കോലത്തു നാടിന്റെ കപ്പല്‍ പടനായകനായിരുന്ന വലിയ ഹസ്സനെന്ന ധീരനായ ഒരു മുസ്ലീം നാവികനെ പോര്‍ച്ചുഗീസുകാരെ പ്രീണിപ്പിക്കാനായി കോലത്തിരി പറങ്കികള്‍ക്ക് പിടിച്ചു കൊടുക്കുകയും (1524 സെപ്തംബര്‍ 24ന്) കണ്ണൂര്‍ കോട്ടയില്‍ വച്ച് 1525 ജനുവരി മാസം ഹസ്സനെ തൂക്കിക്കൊല്ലുകയും ചെയ്തതിനെത്തുടര്‍ന്ന് കോലത്തിരിയുടെ വഞ്ചനക്കെതിരെ ജനങ്ങള്‍ നടത്തിയ കലാപം നിയന്ത്രണാതീതമാകുകയാണുണ്ടായത്. ഈ കലാപത്തെ നേരിടാനാണ് ദുര്‍ബലനായിരുന്ന കോലത്തിരി പറങ്കികളുടെ സഹായത്തോടെ കോടീശ്വരന്മാരായിരുന്ന മുസ്ലീം കച്ചവട സമൂഹത്തെ നശിപ്പിക്കാന്‍ കുടില ബുദ്ധി പ്രയൊഗിക്കുകയും, കണ്ണൂരിലെ ജനങ്ങളാല്‍ തിരസ്ക്കരിക്കപ്പെട്ട് ചരിത്രത്തിന്റെ മൂലയിലേക്ക് സ്വയം പിന്‍ വലിയാന്‍ ഇടയായതും. 1527 ല്‍ കോലത്തിരിയുടെ മരണശേഷം കണ്ണൂരിനെ വിദേശ ശക്തികള്‍ക്കു മുന്നില്‍ പ്രതിനിധീകരിക്കുന്നത് മുസ്ലീം യോദ്ധാക്കളാണ്. പതിനാറാം നൂറ്റാണ്ടിന്റെ അന്ത്യമാകുമ്പോഴേക്കും കണ്ണൂരിന്റെ എല്ലാ അധികാരങ്ങളും കോലത്തിരി ആലി രാജാക്കന്മാര്‍ക്ക് മുന്നില്‍ അടിയറവെക്കേണ്ടിവന്നു എന്നാണു ചരിത്രം.

ഏതാണ്ട് 500 കൊല്ലക്കാലത്തെ ഐതിഹാസികമായ ഈ ചരിത്രവസ്തുതകളെ തമസ്ക്കരിക്കാനാണ് പതിവുപോലെ ബ്രാഹ്മണരുടേ ഏറാന്‍-മൂളികളായ സവര്‍ണ്ണ ചരിത്രകാരന്മാര്‍ ഐതിഹ്യ കഥകള്‍ പടച്ചുണ്ടാക്കി മാപ്പിളമാരെ വെടക്കാക്കി, തങ്ങളുടെ ആശ്രിത മുദ്രകുത്തി , സവര്‍ണ്ണ പാരമ്പര്യ തൊഴുത്തിലേക്ക് കെട്ടുന്നത്.പതിനെട്ടാം നൂറ്റാണ്ടിലെ ടിപ്പു സുല്‍ത്താന്റെ(ടിപ്പു സുല്‍ത്താന്റെ വിക്കി ലിങ്ക്) നിര്‍ബന്ധിത മത പരിവര്‍ത്തനത്തിനു വിധേയരായ നായന്മാരാണ് കണ്ണൂരിലെ മുസ്ലീങ്ങള്‍ എന്ന വാദവും കള്ളക്കഥകളുടെ മൊത്ത വിതരണക്കാരില്‍ നിന്നും പ്രചരിച്ച സവര്‍ണ്ണ കുടിലതയുള്ള അസൂയ കഥതന്നെ !!

Saturday, December 17, 2011

മുസ്ലീങ്ങളുടെ സത്യത്തിലുള്ള ചരിത്രം അഭിമാനകരമാണ്

ചരിത്രം കെട്ടുകഥയോ, പുരാണങ്ങാളോ, ഐതിഹ്യങ്ങളോ, ദൈവ വചനങ്ങാളോ അല്ല. ചരിത്രം സമൂഹത്തിന്റെ വസ്തുനിഷ്ഠമായ ചരിത്രമാകണം. സ്വന്തം ചരിത്രത്തിലേക്കുള്ള ബന്ധം അല്ലെങ്കില്‍ ഓര്‍മ്മ വിട്ടുപോകുന്നതാണ് ഏതൊരു സമൂഹത്തെയും പാര്‍ശ്വവല്‍ക്കരിക്കാന്‍ എതിരാളികള്‍ ഉപയോഗപ്പെടുത്തുന്ന സന്ദര്‍ഭം.

ഒരു ഉദാഹരണം പറയാം. കേരളത്തിലെ മുസ്ലീങ്ങളോളം അന്തസ്സുള്ള ചരിത്രമുള്ള മലയാളി വിഭാഗമില്ല. ആയിരക്കണക്കിനു വര്‍ഷങ്ങളായി സവര്‍ണ്ണ ഹിന്ദു മതത്തിന്റെ വര്‍ഗ്ഗീയ വേര്‍ത്തിരിവിനെതിരേയും, വിവേചനത്തിനെതിരേയും, ക്രൂരതക്കെതിരേയും ചെറുത്തുനിന്ന അവര്‍ണ്ണരിലെ ഒരു ഭാഗമാണ് മുസ്ലീങ്ങള്‍. മുസ്ലീങ്ങള്‍ക്ക് കേരളത്തില്‍ പതിനാറാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ കണ്ണൂര്‍ ആസ്ഥാനമായി ഒരു മുസ്ലീം രാജാവിനെ സൃഷ്ടിക്കാനായി. ആലി രാജവംശം. 
ഇതിനു പുറമേയാണ് പേടി തൊണ്ടന്മാരായിരുന്ന കോഴിക്കോട്ടെ സാമൂതിരിമാര്‍ക്ക് അധികാരത്തിന്റെ ഉരുക്കുകോട്ട നിര്‍മ്മിച്ച് രാജ്യത്തിന്റെ അഭിമാനം തന്നെ സംരക്ഷിച്ചു പോന്ന കുഞ്ഞാലി മരക്കാന്മാര്‍. ചതിയനും നന്ദികെട്ടവനുമായ സാമൂതിരി രാജാവിനാല്‍ വിദേശികള്‍ക്ക് ഒറ്റിക്കൊടുക്കപ്പെട്ട കുഞ്ഞാലി മരക്കാറെ പോലുള്ള ഒരു വീരനെ മറ്റേതു സമൂഹത്തിനാണ് കേരളത്തില്‍ അവകാശപ്പെടാനാകുക !!!

ഇത്രയും ഉജ്ജ്വല ചരിത്രമുള്ളവര്‍  ആ ചരിത്രം വിസ്മരിച്ച് , മൌദൂതിസത്തില്‍ അകൃഷ്ഠരായി സൌദി അറേബ്യയില്‍ തങ്ങളുടെ വേരുകള്‍ തിരയുമ്പോള്‍  പിറന്ന നാട്ടില്‍ പാര്‍ശ്വവല്‍ക്കരിക്കരിപ്പെട്ടില്ലെങ്കിലേ അത്ഭുതമുള്ളു. പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ഒരോ ജനതയും തങ്ങളുടെ ശരിയായ ചരിത്രം സമൂഹത്തിന്റെ പൊതു ബോധത്തില്‍ എത്തിക്കുകമാത്രമേ സാമൂഹ്യ സമത്വത്തിന് വഴിവക്കുകയുള്ളു. അതു ചെയ്യാതിരിക്കുമ്പോള്‍ പരാന്നഭോജികളായ ഉപരിവര്‍ഗ്ഗ സമൂഹം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കായി തങ്ങളുടെ പഴയ ജീര്‍ണ്ണിച്ച അടി വസ്ത്രങ്ങള്‍ “ദയാപുരസ്സരം” എറിഞ്ഞു നല്‍കുകയും, അത് തങ്ങളുടെ സ്വന്തം വസ്ത്രമാണെന്ന് കരുതി പാര്‍ശ്വവല്‍ക്കൃതര്‍ക്ക് വേഷം കെട്ടി നടക്കുകയും ചെയ്യാം. അത്തരം ഒരു കെട്ടു കാഴ്ച്ചയുടെ ആഘോഷമാണ് നമ്മുടെ സമൂഹത്തില്‍ ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്.

അഭിമാനകരമായ ചരിത്രമുള്ള ആലി രാജ വംശത്തെക്കുറിച്ച് (റാണിയെ അറക്കല്‍ ബീബി എന്നും വിളിക്കുന്നു) സവര്‍ണ്ണര്‍ കെട്ടി ചമച്ചതായ അഞ്ചിലേറെ ഐതിഹ്യ കഥകള്‍ നമ്മുടെ ചരിത്ര പുസ്തകങ്ങളില്‍ പോലും സ്ഥാനം പിടിച്ചിട്ടുണ്ട്. ഏഴിമലയിലെ കോലത്തിരി രാജാവിന്റെ കണ്ണൂരിലെ പ്രതിനിധിയായ ഒരു കാര്യസ്ഥന്‍ നായരുടെ പദവി മാത്രമുള്ള ചിറക്കല്‍ കോവിലകത്തെ ഒരു പെണ്ണിനെ “ലൌ ജിഹാദു“ നടത്തി തട്ടിയെടുത്ത മാപ്പിളക്ക് “ദയാപുരസ്സരം” വീതിച്ചു നല്‍കിയ രാജ്യമാണ് അറക്കല്‍ രാജക്കന്മാരുടേതെന്ന തട്ടുപൊളിപ്പന്‍ കള്ളങ്ങളുടെ മാധുര്യമാണ് നമുക്ക് പ്രിയങ്കരമാകുന്നെന്നത് ചരിത്രം നഷ്ടപ്പെട്ടതുകൊണ്ടുള്ള അധപ്പതനമാണ്. കണ്ണൂരിലെ ആലി രാജാവിനു കീഴ്പ്പെട്ടുകൊണ്ടുള്ള ചരിത്രമാണ് 16ആം നൂറ്റാണ്ടിന്റെ ആദ്യപകുതി മുതല്‍ ഏഴിമല രാജവംശത്തിനുണ്ടായിരുന്നത്.
മുസ്ലീങ്ങള്‍ക്കു മാത്രമല്ല, എല്ലാ വിഭാഗം ജനതക്കും വസ്തുനിഷ്ടമായ ചരിത്രം ഭാവിയിലേക്ക് അതിരുകളില്ലാതെ വളരാന്‍ അവസരം നല്‍കുന്ന ഊര്‍ജ്ജ്യ സ്രോതസാണ്.

ഇത്തരം ചരിത്ര സത്യങ്ങളിലേക്ക് സമൂഹത്തെ പിടിച്ചുയര്‍ത്താന്‍ നമ്മുടെ ചരിത്ര രേഖകള്‍  ചരിത്ര പണ്ഡിതര്‍ മാത്രം കണ്ടാല്‍ പോര. ജനങ്ങള്‍ക്ക് തങ്ങളുടെ തായ്‌വേരുകളാണെന്ന് ബോധ്യ വരത്തക്കവിധം ചരിത്ര രേഖകള്‍ പൊതുജന സമക്ഷം പരിചയപ്പെടുത്തേണ്ടിയിരിക്കുന്നു. 2011 ഡിസംബര്‍ 12 മുതല്‍ 17 വരെ കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠാപുരത്ത് കമ്മ്യൂണിറ്റി ഹാളില്‍ കേരള സര്‍ക്കാറിന്റെ ആര്‍ക്കീവ്സ് ഡിപ്പാര്‍ട്ടുമെന്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രദര്‍ശനം മുകളില്‍ പറഞ്ഞ കാരണങ്ങളാല്‍ പ്രസക്തമായിരുന്നു. അവിടെ പ്രദര്‍ശിപ്പിച്ച ചില ചരിത്ര രേഖകളുടെ കളര്‍ പ്രിന്റുകളില്‍ നിന്നും ചിലവ ഫോട്ടൊയെടുത്ത് താഴെ ചേര്‍ത്തിരിക്കുന്നു. ക്ലിക്കി വലുതാക്കിയോ ഡൌണ്‍ ലോഡു ചെയ്തോ ആവശ്യക്കാര്‍ക്ക് ഉപയോഗിക്കാവുന്നതാണ്. ആര്‍ക്കീവ്സ് ഡിപ്പാര്‍ട്ടുമെന്റുതന്നെ ഈ ഡോക്കുമെന്റുകള്‍ നെറ്റില്‍ എത്തിച്ചിരുന്നെങ്കില്‍ ജനങ്ങള്‍ക്ക് എന്തുമാത്രം പ്രയോജന പ്രദമാകുമായിരുന്നു എന്ന് ചിന്തിച്ചു പോയി.
(ചരിത്രവിഷയത്തോട് ഉപരിപ്ലജീവികളായ സാധാരണ ജനങ്ങാള്‍ക്ക് പൊതുവെ താല്‍പ്പര്യം കുറവായതിനാലാണ് ഈ പ്രദര്‍ശനത്തെക്കുറിച്ച് പറയാതെ സാമൂഹ്യമായ കാര്യങ്ങള്‍ പരാമര്‍ശിച്ച് കുറച്ച് കാടു കേറാന്‍ ഇടയായത്. ലക്ഷ്യം, ഈ ചരിത്ര രേഖ വിഷയങ്ങളിലേക്ക് സാധാരണ ജനങ്ങള്‍ക്ക് താല്‍പ്പര്യം ജനിക്കണം എന്നതു മാത്രമാണ്.)
കണ്ണൂര്‍ ഭരിച്ചിരുന്ന അറക്കല്‍ രാജവംശത്തിലെ ആലി രാജാവിന്റെ  ഗവര്‍ണ്ണര്‍ക്കുള്ള കത്ത്.