Thursday, January 17, 2019

ബ്രാഹ്മണ പൌരോഹിത്യ കുത്തക നിരോധന നിയമം വേണം


നൂറ്റാണ്ടുകള്‍ നീണ്ട പാരമ്പര്യ രാജ്യഭരണ കുത്തക അവസാനിച്ചത് ഇന്ത്യ ഒരു സ്വതന്ത്ര പരമാധികാര ജനാധിപത്യ രാഷ്ട്രമായതിനെ തുടര്‍ന്നാണ്‌. അതുവരെയുണ്ടായിരുന്ന ഇന്ത്യയിലെ പാരമ്പര്യ രാജാക്കന്മാരെല്ലാം ആധുനിക ജനാധിപത്യ ഗവണ്മെന്റിന്റെ ആജ്ഞക്ക് മുന്നില്‍ കുത്തകയായിരുന്ന തങ്ങളുടെ എല്ലാ അധികാര അവകാശങ്ങളും സ്ഥാന-മാനങ്ങളും ഉപേക്ഷിച്ച് സാധാരണ ഇന്ത്യന് പൌരത്വം സ്വീകരിക്കാന്‍ തയ്യാറായി എന്നത് നമ്മുടെ ഐതിഹാസിക ചരിത്രമാണ്.

 എന്നാല്‍, നമ്മുടെ ജനാധിപത്യത്തിന് ഒരു ദൌര്ബല്യമുണ്ട്‌. അത് അഹിംസയില്‍ വിശ്വസിക്കുന്നു. മുന്‍കാലങ്ങളില്‍ രാജഭരണത്തിന്റെ പേരില്‍ ജനങ്ങളെ നരക യാതനക്ക് വിധേയരാക്കിയ രാജഭാരണാധികാരികളെയും ഭൂപ്രഭുക്കന്മാരെയും മാടംബികളെയും സ്നേഹപൂര്‍വ്വം നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയിലെ പൌരന്മാരായി അംഗീകരിച്ച് ആദരിക്കുന്നു. അവര്ക്കെതിരെ രക്തരൂക്ഷിതമായ ഒരു കുടിയൊഴിക്കല്‍ നമ്മുടെ മാനവികതാബോധം അനുവദിക്കുന്നില്ല.

 ആ സൌജന്യം മുതലാക്കിയാണ് നമ്മുടെ സമൂഹത്തിലെ ചില രാജവംശ ദുരഭിമാനികളും മാടംബികളും സവര്‍ണ്ണ ജാതി ഗുണ്ടകളും വീണ്ടും അക്രമ പ്രവര്‍ത്തനങ്ങളിലൂടെ രാജഭരണ കാലത്തെ ആന തഴംബുമായി തലപൊക്കാന്‍ ദൈര്യപ്പെട്ടിരിക്കുന്നത്. ആരാധനാലയങ്ങളിലെ പൌരോഹിത്യവും പുരോഹിതരോട് അടിമത്വത്തിന് സമാനമായ ഭക്തി പുലര്‍ത്തുന്ന വിശ്വാസിളും ആസൂത്രിതമായി സംഘടിപ്പിച്ച് തെരുവ് ഗുണ്ടാവിളയാട്ടങ്ങളും നാമജപമാണെന്ന വ്യാജേന സ്ത്രീകളെ അണിനിരത്തിയുള്ള തെറിവിളി ഘോഷയാത്രയും ഭരണിപ്പാട്ടും വലതുപക്ഷ രാഷ്ട്രീയ ഭിക്ഷാം ദേഹികളുടെ "സുവര്‍ണ്ണാവസര" വോട്ടുപിടുത്തവും നമ്മുടെ ജനാധിപത്യ ജാഗ്രതക്കുറവിന്റെ കൂടി സന്തതികളാണ്.

സത്യത്തില്‍ ജനാധിപത്യത്തിന്റെ അന്ത്യത്തിന് പോലും വഴിവെക്കാവുന്ന ഗുരുതരമായ സ്ഥിതിവിശേഷമാണ് ഇത്. ഈ പ്രശ്നത്തെ പരിഹരിക്കാന് ‍ജനാധിപത്യത്തിന്റെ തുടക്കത്തില്‍ അശ്രദ്ധകൊണ്ട് പറ്റിപ്പോയ ഒരു പ്രധാനപ്പെട്ട പിഴവ് കര്‍ക്കശമായി തിരുത്താനുള്ള ജനാധിപത്യ ബോധം നമുക്കുണ്ടാകേണ്ടാതുണ്ട്.

കുത്തക പാരമ്പര്യ പൌരോഹിത്യം
  .................................................................

നമുക്കറിയാം, നമ്മുടെ ആരാധനാലയങ്ങളെയും ഭക്തജനങ്ങളെയും ദൈവത്തിന്‍റെ പ്രതിപുരുഷനായി നിന്ന് നിയന്ത്രിക്കുന്നവര്‍ ആധുനിക ജനാധിപത്യ സമൂഹത്തിനു ചേരാത്ത മന്ത്രവാദികളും, കപടവിദ്യകളിലൂടെയും കെട്ടി ചമച്ച പുരാണങ്ങളിലൂടെയും ഉപജാപ സ്വര്‍ണ്ണ പ്രശ്ന തട്ടിപ്പുകളിലൂടെയും ജനങ്ങളെ ആജ്ഞാനുവര്‍ത്തികളാക്കാന്‍ ശേഷിയുള്ളവരാണ്.

ദേവസ്വം ബോര്‍ഡ് അംഗങ്ങളെപ്പോലും ബ്രാഹ്മണ ഭക്തിയില്‍ അധിഷ്ടിതമായ അടിമബോധത്താല്‍ വെറും ഉത്തരം താങ്ങി പല്ലികള്‍ ആക്കാന്‍ ശേഷിയുള്ളതാണ് പൌരോഹിത്യ താന്ത്രിക ആചാരങ്ങൾ. ഇത്തരം ആചാരങ്ങള്‍ കൊണ്ട് മനുഷ്യരെ പൊട്ടന്‍ കളിപ്പിക്കാന്‍ ശേഷിയുള്ള മഹാ താന്ത്രികരും നൂറ്റാണ്ടുകളോ സഹസ്രബ്ദങ്ങളോ നീണ്ട പാരമ്പര്യ പൌരോഹിത്യം തങ്ങളുടെ കുത്തകാവകാശമാക്കിയവരും സാമൂഹ്യ മേധാവിത്വത്താല്‍ ഏകപക്ഷീയമായി അടിച്ചേല്‍പ്പിച്ച ബ്രാഹ്മണ വംശീയ പൌരോഹിത്യ അവകാശത്തിലൂടെ നമ്മുടെ പഴയകാല രാജാക്കന്മാരെപ്പോലും മൂക്കുകൊണ്ട്‌ "ക്ഷ" എഴുതിപ്പിച്ചിരുന്നവരുമാണ്. ഇതൊരു നിഷ്ക്കളങ്ക ഉപജീവന മാര്‍ഗ്ഗമോ തൊഴിലോ ആയി കുറച്ചു കാണുക അരുത്.

പൊതുജനങ്ങള്‍ ആത്മീയ ശുദ്ധിക്കായി ആശ്രയിക്കുന്ന നമ്മുടെ പൊതു ക്ഷേത്രങ്ങളില്‍ ചുരുങ്ങിയത് 1200 വര്‍ഷത്തെ വംശീയ ബോധവുമായി കുടിയേറിയവരാണ് ബ്രാഹ്മണ പൌരോഹിത്യം. ഈ ജനാധിപത്യ കാലത്ത് യോജിക്കാത്ത നരാധമമായ അശുദ്ധിവാദവും അയിത്തവും ജാതി വിവേചന ചിന്തയും സ്ത്രീവിരുദ്ധ പുരുഷാധിപത്യ ആചാര അനുഷ്ടാന ശാഠ്യങ്ങളുമായി ദൈവ സംങ്കലപ്പത്തിന്‍റെ പിതൃസ്ഥാനീയത പോലും ഇവര് അവകാശപ്പെടുന്നു ! വംശീയമായ പൌരോഹിത്യ കുത്തക അവകാശ അഹങ്കാരവും കുടില ജാതി തന്ത്രജ്ഞതയുമായി നമ്മുടെ ജനാധിപത്യ ഭരണ വ്യവസ്ഥിതിയെയും ഭരണഘടനയും വെല്ലുവിളിക്കുന്ന ‍പൌരോഹിത്യത്തെ നമ്മുടെ ജനാധിപത്യ ബോധം ഇനിയും ചുമക്കേണ്ടാതുണ്ടോ ?

പാരമ്പര്യ പൌരോഹിത്യ കുത്തകാവകാശം രാജഭരണ കാലത്തോടെത്തന്നെ അവസാനിച്ചിരിക്കുന്നു, അഥവാ അവസാനിക്കേണ്ടതായിരുന്നു. രാജഭരണം അവസാനിച്ചിട്ട് അരനൂറ്റാണ്ടിലെറെയായിട്ടും രാജഭരണത്തോടൊപ്പം ഒലിച്ചു പോകേണ്ടിയിരുന്ന ബ്രാഹ്മണ മന്ത്രവാദി വംശീയ പൌരോഹിത്യ കുത്തക ഇനിയും നമ്മുടെ ജനാധിപത്യ മാനവിക ബോധത്തെ പരിഹസിച്ചുകൊണ്ട് നിലനില്‍ക്കാന്‍ അര്‍ഹമല്ല.

കാലഹരണപ്പെട്ട അനാചാരങ്ങളെയും മനുഷ്യത്വ വിരുദ്ധമായ അശുദ്ധി വാദങ്ങളെയും സംരക്ഷിച്ചും മഹത്വവല്‍ക്കരിച്ചും സമൂഹ മനസ്സില്‍ വിഷം കലര്‍ത്തുന്ന ബ്രാഹ്മണ വംശീയ ബോധം ഇന്ത്യന്‍ പൌരബോധത്തില്‍ ലയിച്ച് മാനവികതയിലേക്കും ജനാധിപത്യ സംസ്കൃതിയിലെക്കും ഉയരേണ്ടതുണ്ട്. ബ്രാഹ്മണ പൌരോഹിത്യത്തിന്റെ തിന്മയുടെ ചരിത്രം ടെക്സ്റ്റ് ബുക്കുകളിലേക്കും മ്യൂസിയങ്ങളിലേക്കും ഡോക്കുമെന്റ് ചെയ്ത് പൊതുബോധത്തില്‍ എത്തിക്കുന്ന കാര്യത്തില്‍ നാം വീഴ്ച്ച വരുത്തിയിട്ടുണ്ട്. അത് ചെയ്തിരുന്നെങ്കില്‍ പൌരോഹിത്യ കുത്തക നിരോധന നിയമം വേണമെന്ന് ആവശ്യപ്പെടാന് അവസരം നല്‍കാതെ ബ്രാഹ്മണ്യം പൌരോഹിത്യ കുത്തക സ്വയം ഉപേക്ഷിച്ച് ജനാധിപത്യ ബോധത്തിലേക്ക്‌ ഉയര്‍ന്നേനെ.

അതില്ലാത്ത സാഹചര്യത്തില്‍‍ അതിനായി പൌരോഹിത്യ കുത്തക നിരോധന നിയമം നിര്‍മ്മിക്കപ്പെടെണ്ടതുണ്ട്. പൊതുജനങ്ങളുടെ കാണിക്കയോ സംഭാവനയോ സ്വീകരിക്കുന്നതും പുരോഹിതന്‍റെ കുടുംബത്തിനു പുറത്തുള്ള ഭക്ത ജനങ്ങളെ പ്രവേശിപ്പിക്കുന്നവയുമായ എല്ലാ ഹൈന്ദവ ആരാധനാലയങ്ങളില്‍ നിന്നും നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കുത്തക പൌരോഹിത്യ ബ്രാഹ്മണ മന്ത്രവാദികളെ എന്നെന്നേക്കുമായി കുടിയൊഴിപ്പിക്കാനുള്ള/ പുറത്താക്കിക്കൊണ്ടുള്ള നിയമം നിര്‍മ്മിക്കുക തന്നെ വേണം. അതായത് "കുത്തക ബ്രാഹ്മണ വംശീയ പൌരോഹിത്യ നിരോധന നിയമം" നമ്മുടെ ജനാധിപത്യ നിലല്പ്പിനു അനിവാര്യമാണ്.

 ( ഇതോടൊപ്പം ചേര്‍ത്തിരിക്കുന്ന ചിത്രം ഞാന്‍ 1993 ല്‍ വരച്ച ഒരു ഓയിൽ പെയിന്റിങ്ങാണ്. പൂണൂലിലെ താക്കോല്‍ എന്നോ താക്കോല്‍ സൂക്ഷിക്കുന്ന ബ്രാഹ്മണ മന്ത്രവാദി എന്നോ ഈ ചിത്രത്തെ വിളിക്കാം.) ‍ -ചിത്രകാരന്‍ ടി. മുരളി -Chithrakaran T. T Murali 17-01-2019 https://www.facebook.com/chithrakaran

Saturday, January 5, 2019

നായന്മാരുടെ പ്രതികാരവും ചുടുവീടന്മാരും ! Chudu veedanmaar, Kudilodikal, Chudukudikkaarബ്രാഹ്മണര്‍ നല്‍കിയ 1200 കൊല്ലക്കാലത്തെ പിതൃശൂന്യത അഥവ അച്ഛന്‍ ആരാണെന്ന് അറിയാത്ത അവസ്ഥയുടെ സാംസ്കാരിക നീറ്റലും, ശൂദ്രരാണെന്ന അടിമത്വ ബോധവും തങ്ങളുടെ ഭാഗ്യമാണെന്ന് വിശ്വസിക്കാന്‍ നായന്മാര്‍ക്ക് തങ്ങളുടെ കാല്‍ചുവട്ടിലും ഭാഗ്യഹീനരായ മനുഷ്യരുണ്ടെന്ന് തെളിവു നല്‍കേണ്ട ബാധ്യത ചാതുര്‍വർണ്ണ്യ ജാതീയ മതത്തിന്റെ അവതാരകരും ഗുണഭോക്താക്കളുമായ ബ്രാഹ്മണര്‍ക്കുണ്ടായിരുന്നു.
അതിന്റെ ഭാഗമായാണ് അയിത്തം ലംഘിച്ചെന്ന്‍ ആരോപിച്ച് ഈഴവരുടെ (ബൌദ്ധരുടെ) തലയറുത്ത് കാളീ ക്ഷേത്രത്തില്‍ എത്തിച്ച് , പട ചോറുണ്ട്, വര്‍ഷത്തിലൊരിക്കല്‍ ജീര്‍ണ്ണിച്ച് വെറും തലയോടുകളായി മാറുന്ന ഈഴവ തലകള്‍ നായര്‍ (ശൂദ്ര) സ്ത്രീകളെക്കൊണ്ട് ഉരലിലിട്ട് ഇടിച്ച് കാളി ദേവിക്ക് നിവേദ്യമാക്കിയിരുന്ന “പൊങ്ങിലിടി” പോലുള്ള
https://www.facebook.com/chithrakaran/posts/2082892061741108
പ്രതീകാത്മക അനുഷ്ടാനങ്ങള്‍ നിലവില്‍ വന്നതെന്ന് പറയാം. അതുപോലെ, നീചമായ മറ്റൊരു കൊടിയ ദ്രോഹമായിരുന്നു- “ചുടുവീടന്മാരെ” സൃഷ്ടിക്കുന്ന ഏര്‍പ്പാട്. ചുടു വീടന്മാരെ കുറിച്ചു പറയുന്നതിനു മുമ്പ് ആ ക്രൂരതക്ക് ഇരയായിരുന്ന പിന്നോക്കക്കാർ അഥവ കേരളത്തിലെ ജനസമുദായങ്ങളുടെ പൂര്‍വികരെ നമുക്ക് തിരിച്ചറിയേണ്ടതുണ്ട്.
ആരാണ് നമ്മുടെ പിന്നോക്കക്കാരായ 
അരയർ/പുലയര് /ഈഴവര്‍/ തിയ്യര്‍ / ആശാരി/തച്ചന്മാര്‍/ തറവാട് അച്ഛന്മാര് ...?
............................................................... ..
പൊതുവെ, കൃത്യമായ ഒരു കുലത്തൊഴില്‍ ഇല്ലാത്തതും ഒരു ജാതിയാണെന്ന് വിശേഷിപ്പിക്കാനാകാത്തതുമായ ജനവിഭാഗമായിരുന്നു ഈഴവര്‍/ തിയ്യര്‍/ചേകവര്‍/അരയര്‍ /അച്ഛന്മാര്‍/ആചാര്യൻ (ആശാരി / തച്ചന്മാർ) എന്നൊക്കെ വിശേഷിപ്പിക്കപ്പെട്ടിരുന്നവര്‍.
സിലോൺ / ഈഴ ദീപില്‍ നിന്നും വന്ന് തദ്ദേശവാസികളായ പുലയ കർഷകരുമായി ഇണങ്ങി ചേര്‍ന്നവരെന്നോ, അശോക ചക്രവര്‍ത്തിയുടെ നിര്‍ദ്ദേശാനുസരണം 2300 വർഷം മുമ്പ് ബുദ്ധ ധർമ്മ തത്വങ്ങള്‍ പ്രചരിപ്പിക്കാനും കൃഷി, ആയുര്‍വേദം, എഴുത്തു വിദ്യ (ഈഴത്തു വിദ്യ), ജ്യോതിശാസ്ത്രം, ആയോധന കലയായ കളരി, വാസ്തുവിദ്യ, ലോഹ ശാസ്ത്രം എന്നിത്യാദിയുള്ള അറിവുകള്‍ സമൂഹത്തിനു മിഷണറി പ്രവര്‍ത്തനത്തിലൂടെ പകര്‍ന്നു നല്‍കാനും ശ്രീലങ്ക വഴി കേരളത്തിലെത്തി, തദ്ദേശവാസികളായ കൃഷിയുടമകളായിരുന്ന പുലയരുമായി സങ്കരപ്പെട്ട ജാതി രഹിതരായ ഒരു വിസ്മൃത ബൌദ്ധ സമൂഹമായും ഇന്നത്തെ പിന്നോക്കക്കാരെ /ഈഴവരെ കാണാവുന്നതാണ്.
കാരണം, ബ്രാഹ്മണരെപ്പോലെ തന്നെ സംസ്കൃത മടക്കമുള്ള ഭാഷകളിൽ സ്വന്തമായി പണ്ഡിതരുള്ള സമുദായമായിട്ടും ആയുർവേദ വൈദ്യത്തിൽ അഗ്രഗണ്യരും (കപില -)വാസ്തു ശാസ്ത്രത്തിലെ ആചാര്യ പ്രതിഭകളാൽ സമ്പന്നരായിട്ടും ബ്രാഹ്മണ മതക്കാരിൽ നിന്നും ഈഴവ പക്ഷ സമുദായങ്ങൾ നൂറ്റാണ്ടുകളായി അനുഭവിച്ചിരുന്ന വിവേചനങ്ങളും ക്രൂരമായ പീഡന ചരിത്രങ്ങളും ഈഴവരുടെ ബുദ്ധ പാരമ്പര്യത്തിന് തെളിവുകളാണ്.
എന്തായാലും പണ്ടുകാലത്ത് അതൊരു ജാതിപ്പേരായിരുന്നില്ല. കാരണം, ഏതാണ്ട് 350 വർഷം മുമ്പ് എഴുതി തയ്യാറാക്കി യൂറോപ്പിൽ പ്രസിദ്ധീകരിച്ച ഹോർത്തൂസ് മലബാറിക്കൂസ് എന്ന ലോക പ്രശസ്ത ഗ്രന്ഥത്തിലെ സസ്യ ശാസ്ത്ര വിവരങ്ങളെ ആധികാരികമായി ശരിയാണെന്ന്‌ സാക്ഷ്യപ്പെടുത്തിയ ആലപ്പുഴ കൊല്ലാട്ടു വീട്ടിലെ ഇട്ടി അച്ചുതൻ എന്ന കൊച്ചി രാജാവിന്റെ കൊട്ടാരം വൈദ്യൻ ഹോർത്തൂസ് മലബാറിക്കൂസിൽ സ്വന്തം കൈപ്പടയിൽ കോലെഴുത്ത് മലയാളത്തിൽ എഴുതിയ രേഖയിൽ അദ്ദേഹത്തിന്റെ ജാതിയായി അവകാശപ്പെടുന്നത് ചേകോ (ചേകവൻ) വർണ്ണമാണ്. (തെക്കൻ കേരളത്തിലെ സവർണ്ണ ജാതിക്കാർ ചേകവൻ എന്ന ഈ സമുദായ അടയാളത്തെ ചോവൻ, ചോൻ എന്നിങ്ങനെ പരിഹാസപൂർവ്വം വിളിക്കും). സത്യത്തിൽ അശോക ചക്രവർത്തിയുടെ ബൗദ്ധ മിഷണറി സംഘത്തിലെ സൈനികസേവന പാരമ്പര്യമായ ചേകവൻ എന്ന മലയാള ഭാഷ്യമാണത്. അശോകൻ 2300 വർഷം മുമ്പ് കേരള പുത്രർക്കായി ബൗദ്ധ മിഷണറി സംഘത്തെ അയച്ചു എന്ന ബ്രാഹ്മി ലിപിയിലുള്ള ശിലാ ശാസനരേഖകൾ ഇന്ത്യയിലും പാക്കിസ്ഥാനിലുമായി ചുരുങ്ങിയത് 4 എണ്ണമെങ്കിലും കണ്ടെത്തിയിട്ടുമുണ്ട്.
സമൂഹത്തിനാവശ്യമായ എല്ലാ ശാസ്ത്ര സാങ്കേതിക വിദ്യകളിലും, ആയോധനകലയിലും കൃഷിയിലും ആയുര്‍വ്വേദത്തിലും തത്വശാസ്ത്രങ്ങളിലും നിപുണരായി കേരളത്തിലെത്തിയ ആദ്യ ബൗദ്ധ മിഷണറി സംഘമായി പിന്നോക്കക്കാരുടെ /ഈഴവരാദി സമുദായങ്ങളുടെ പൂര്‍വ്വികരെ കാണാണം.
ഇന്നു കാണപ്പെടുന്ന സകല അവര്‍ണ്ണ ജാതിപ്പേരുകളും എട്ടാം നൂറ്റാണ്ടിനു ശേഷം ബ്രാഹ്മണരുടേയും അവരുടെ ദാസ്യ ഭൃത്യരായിരുന്ന ശൂദ്രന്മാരുടേയും(നായന്മാര്‍) നിരന്തരമായ സമ്മര്‍ദ്ദത്താലും ഇടപെടലുകളിലൂടെയും നിലവില്‍ വന്ന സവര്‍ണ്ണ /ജാതി ഭ്രാന്താലയ നിര്‍മ്മിതിയുടെ പരിണത ഫലമാണ്.
ഈഴവ സമൂഹത്തിലെ ആശാരി, തട്ടാന്‍, മൂശാരി, കരുവാന്‍, കല്ലും മൂപ്പന്‍ തുടങ്ങിയ (സാങ്കേതിക വിദഗ്ദരുടെ ആചാര്യ പദവിയുണ്ടായിരുന്ന) ബൌദ്ധ ആര്‍ക്കിടെക്റ്റുകളും, എഞ്ചിനീയര്‍മാരുമായിരുന്നവരെ വെറും കമ്മാളരായി, കൈത്തൊഴിലുകാരായി അഞ്ചു ജാതിപ്പേരുകളില്‍ ബ്രാഹ്മണരാല്‍ വിഭജിക്കപ്പെട്ടപ്പോള്‍‍ ബൌദ്ധര്‍ക്കിടയിലെ (ഈഴവര്‍ക്കിടയിലെ) ഈ സാങ്കേതിക വിദഗ്ദര്‍ ബ്രാഹ്മണരുടെ അടിമത്വത്തിനു കീഴില്‍ വിശ്വകര്‍മ്മജരായി, ബൗദ്ധഅച്ഛന്മാർ തച്ചന്മാരായി ആസൂത്രിതമായി ആക്ഷേപകരമായ ജാതിയാതയിലേക്ക് ഉൾചേർക്കപ്പെട്ടു.
തങ്ങള്‍ക്ക് ആവശ്യം വരുമ്പോള്‍ വിശ്വകര്‍മ്മാവ് എന്ന ദൈവത്തിന്റെ പിന്മുറക്കാരായി വിശേഷിപ്പിച്ച് അവരുടെ തൊഴില്‍ശേഷിയെ ചൂഷണം ചെയ്യാനും, ആവശ്യം കഴിഞ്ഞാല്‍ അവര്‍ണ്ണര്‍ (ഈഴവര്‍/ബുദ്ധര്‍) എന്നാക്ഷേപിച്ച് ക്ഷേത്ര പരിസരങ്ങളില്‍ നിന്നും ആട്ടിയോടിക്കാനും ബ്രാഹ്മണര്‍ക്കും ശൂദ്രര്‍ക്കും കൂടുതല്‍ ചിന്തിക്കേണ്ട കാര്യമില്ലയിരുന്നു.
അതുപോലെ, അവര്‍ണ്ണരിലെ വാണിയര്‍ (ചക്കാലര്‍ / എഴുത്തച്ഛന്മാർ) എണ്ണയാട്ടുന്ന സാംങ്കേതിക വിദ്യ അറിയുന്നവരും അക്ഷരാഭ്യാസം ഉള്ളവരായതിനാലും, എണ്ണ നിത്യജീവിതത്തില്‍ അനിവാര്യമായ വസ്തുവായതിനാലും വാണിയരിൽ ചിലരെങ്കിലും സാധാരണയിലും താഴ്ന്ന വാണിയ നായരാക്കപ്പെട്ടതായി കാണാം. എഴുത്തച്ഛന്‍ ഭാഷ പിതാ സ്ഥാനം ഉള്ളവരെന്നു പുറമേ പറയുമെങ്കിലും രഹസ്യമായി കടുപ്പോട്ടന്മാരാണ് സവര്‍ണ്ണര്‍ക്ക്. അതുപോലെ തിയ്യരും പൊട്ടന്മാരാണ് കാരണം ബൌദ്ധ പണ്ഡിതന്മാരെ ഭട്ടന്മാര്‍ എന്നാണു വിളിക്കുക. അതിനെ അസ്ലീലവല്‍ക്കരിച്ച്ചാണ് പൊട്ടനാക്കുന്നത്.
മണ്‍ പാത്രങ്ങള്‍ നിര്‍മ്മിക്കാനുള്ള അറിവും, യന്ത്രങ്ങളുമായി അവര്‍ണ്ണരുടെ (ബൌദ്ധരുടെ) കൂടെ നടന്നവര്‍ കുശവന്മാര്‍ എന്ന അസ്ലീലമാക്കപ്പെട്ട പേരിലും, അവരിലെ ബ്രാഹ്മണ പക്ഷം ചേര്‍ന്നവര്‍ വളരെ താഴ്ന്ന അന്തൂറു നായരുമായി.
നാവിക വൈദഗ്ദ്യമുള്ളവര്‍ ബൗദ്ധ / ഈഴവ ആര്യ അച്ഛമാർ തന്നെ ആയിരിക്കുമല്ലോ പിന്നീട് അരയരും മുക്കുവരുമായി തീര്‍ന്നത്.
ഈഴവരിലെ/ബൌദ്ധരിലെ കൊട്ടാരം വൈദ്യന്മാര്‍ ഏറെയും ഈഴവര്‍ ( ബൌദ്ധരായ അസവര്‍ണ്ണര്‍ എന്നേ അര്‍ഥാമാക്കേണ്ടതുള്ളു) തന്നെയായിരുന്നതിനാല്‍ വൈദ്യന്മാരുടെ മേക്കിട്ടു കേറ്റം കുറച്ചു കുറവായിരുന്നു. ബ്രാഹ്മണര്‍ക്ക് ചികിത്സ ആവശ്യം വന്നാലും ഈഴവ ആയുര്‍വേദ വൈദ്യന്മാര്‍ തന്നെ വേണമായിരുന്നു. ആയുർവേദം ബൗദ്ധ പാരമ്പര്യമാണ്. കോട്ടക്കലെ വാര്യന്മാരും, അഷ്ട വൈദ്യ മൂസതുമാരും സവര്‍ണ്ണ ഗ്ലാമറുള്ള ആയുര്‍വേദത്തിന്റെ തറവാട്ടു പടിക്കലെത്തുന്നത് അടുത്തകാലത്തായിരിക്കണം.
ചേരമാന്‍ പെരുമാളുടെ സൈനിക രക്ഷാധികാരിയായി നിലകൊണ്ട പുത്തൂരാം വീട്ടിലെ തിയ്യ ചേകോന്മാരും, പട്ടാളക്കാരില്ലാത്ത പന്തളം രാജാവിനു കളരിയുടെ സംരക്ഷണം നല്‍കിയിരുന്ന ചേറപ്പന്‍ ചിറയിലെ ഈഴവ തറവാട്ടുകാരും നായന്മാര്‍ വെറും കുന്തവും പിടിച്ച് ബ്രാഹ്മണ ഭൃത്യരായി ഓടി നടക്കുന്ന കാലത്തായിരിരുന്നു യോദ്ധാക്കളായി നാടിന്‍റെ രക്ഷാധികാരികളായിരുന്നത് എന്നോര്‍ക്കണം.
വെള്ളക്കാരു വന്നതോടെ തങ്ങളുടെ അടിമത്വത്തിലും, നിരക്ഷരാവസ്ഥയിലും, തന്തയേതെന്നറിയാത്ത പൈതൃകത്തിലും കുറച്ചെങ്കിലും നാണം തോന്നിത്തുടങ്ങിയ നായന്മാര്‍ക്ക് (ശൂദ്രര്‍ക്ക്) പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ തന്നെ തങ്ങളെക്കാള്‍ സാംസ്ക്കാരികമായും സാമൂഹ്യമായും ഉയര്‍ന്നു നില്‍ക്കുന്ന ഈഴവരുടെ തല വെട്ടാന്‍ പ്രത്യേക അവകാശാധികാരങ്ങളുള്ള പട്ടാളക്കാരുടേയും ആദിവാസി രാജാക്കന്മാരുടേയും വംശമാണ് തങ്ങളെന്ന് ദുരഭിമാനം കൊള്ളാതെ കഴിയുമായിരുന്നില്ല.
മാത്രമല്ല, ഈഴവര്‍ വെറുക്കപ്പെടേണ്ടതും, കൊല്ലപ്പെടാന്‍ അര്‍ഹതയുള്ളവരുമായ ഒരു അധമ ജാതിയാണെന്നു സ്ഥാപിക്കാതെ നായന്മാരുടെ അപകര്‍ഷത പരിഹരിക്കാനാകില്ലെന്ന് ശൂദ്രന്മാരുടെ ഉടമകളായിരുന്ന ബ്രാഹ്മണര്‍ക്കും ബോധ്യമായിരിക്കണം. അതിനായി, സവര്‍ണ്ണ മതം കണ്ടെത്തിയ ഒരു ന്യായീകരണമാണ് ഈഴവരുടെ കുലത്തൊഴിലായി മദ്യ നിര്‍മ്മാണമാണെന്ന് സ്ഥാപിക്കല്‍.
ഈഴവർ / ബൗദ്ധർ വളരെ സ്വതന്ത്രരായി വ്യത്യസ്ഥ തൊഴിലുകളിലും വാസ്തുവിദ്യയിലും വിദ്യാഭ്യാസത്തിലും കൃഷിയിലും നെയ്ത്തിലും മത്സ്യ ബന്ധനത്തിലും വൈദ്യത്തിലും കച്ചവടത്തിലും വിദേശ വ്യാപാരത്തിലുമെല്ലാം ഇടപെട്ടിരുന്നു. മലയാളത്തിലെ വട്ടെഴുത്തും കോലെഴുത്തുമെല്ലാം ബൗദ്ധ പാരമ്പര്യത്തിൽ രൂപപ്പെട്ടതാണ്. ബൗദ്ധ വിദ്യാഭ്യാസ ഭട്ട / ആചാര്യ കേന്ദ്രങ്ങളായിരുന്ന വട്ടങ്ങളിലേയും കോലങ്ങളിലേയും എഴുത്ത് വിദ്യകളാണ് വട്ടെഴുത്തും കോലെഴുത്തുമായി വെവ്വേറെ വിശേഷിപ്പിക്കപ്പെട്ടിരുന്നത്. 
മാത്രമല്ല, അക്കാലത്ത് ശൂദ്രരായിരുന്ന നായന്മാർക്ക് അക്ഷരമെഴുത്തും വിദ്യാഭ്യാസവും നിഷിദ്ധവുമായിരുന്നു. വെള്ളക്കാരുടെ ആധിപത്യത്തിൽ ആയിരുന്ന കഴിഞ്ഞ നാലു നൂറ്റാണ്ടിനിടക്കാണ് ശൂദ്രരുടെ (നായന്മാരുടെ ) വിദ്യാഭ്യാസമില്ലായ്മ പരിഹരിക്കാനായി ഈഴവ ബൗദ്ധ പക്ഷത്തുനിന്നും കളരിഗുരുക്കന്മാരെയും പണിക്കന്മാരെയും പിള്ളമാരെയും സവർണ്ണ ബ്രാഹ്മണ പക്ഷത്തേക്ക് തന്ത്രപൂർവ്വം സ്ഥാനമാനങ്ങളും ആദരങ്ങളും നൽകി നായർ വിഭാഗത്തെ അക്ഷരാഭ്യാസമുള്ള നായർ (ശൂദ്ര) തറവാടികളും കുലീനരുമാക്കുന്നത്. ഇങ്ങനെ ഈഴവ / ബൗദ്ധ കളരികളിൽ നിന്നും TC വാങ്ങി അടുത്ത കാലത്ത് സവർണ്ണ പക്ഷത്തെത്തിയ ഈഴവരാണ് നായന്മാരിലെ കുറുപ്പ് , മേനോൻ, ഉത്തര മലബാറിലെ നമ്പ്യാർ എന്നീ ജാതിപ്പേരുകളിൽ അറിയപ്പെടുന്നത്.
മുകളില്‍ പറഞ്ഞ എല്ലാ കുലത്തൊഴിലും ഒഴിവാക്കി, തെങ്ങില്‍ കേറാനറിയാത്തവനേയും, ആയുര്‍വേദ വിധിപ്രകാരം രസായനം പോലെ മദ്യം നിര്‍മ്മിക്കാനറിയാത്തവനേയും കള്ളുചെത്ത് കുലത്തൊഴിലാക്കിയ്‌വരെന്ന് ലേബലടിച്ച് നികൃഷ്ട ജനവിഭാഗമാക്കാന്‍ നടത്തിയ ശ്രമത്തിന്റെ ഭാഗമായാണ് “ചുടുവീടന്മാര്‍” എന്ന ഹതഭാഗ്യര്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം ഓടി നടക്കേണ്ടി വന്നത്.
അക്കാലത്ത് മദ്യത്തെ നിഷിദ്ധമെന്ന് കരുതിയിരുന്ന ബൗദ്ധരെ / ഈഴവരെക്കോണ്ട് തന്നെ മദ്യം ഉത്പാദിപ്പിക്കാന്‍ നിര്‍ബന്ധിക്കുന്നതിലൂടെ ബൌദ്ധരെ സ്വയം അധമാരെന്നു ബോധ്യപ്പെടുത്താനുള്ള കുറുക്കുവഴി ബ്രാഹ്മണ സവര്‍ണ്ണമതം കണ്ടെത്തി എന്ന് പറയാം.
കേരളത്തിലെ ബുദ്ധ ധര്‍മ്മ സമൂഹത്തെ കൊള്ളയടിച്ചും പിടിച്ച് പറിച്ചും, നാവും തലയും വെട്ടിയും പുറത്തു നിന്നും നശിപ്പിക്കുന്നതിനോടോപ്പം സാംസ്ക്കാരികമായി ആത്മാഭിമാനം ചവിട്ടി താഴ്ത്തി തകര്‍ക്കുന്നതായിരുന്നു ബ്രാഹ്മണ സവര്‍ണ്ണ ഹിന്ദു മതത്തിന്‍റെ കുലത്തൊഴില്‍ ലേബലടിക്കല്‍ ശ്രമങ്ങള്‍.
ചുടുവീടന്മാര്‍, കുടിലോടികള്‍ 
........................................................
“ചുടുവീടന്മാര്‍” രസിക ശിരോമണികളായ ബ്രാഹ്മണരുടെ അത്താഴത്തിനു ശേഷമുള്ള ഒരു വിനോദമായും നായന്മാരുടെ പ്രതികാരദാഹത്തിന്റെ ഫലമായും രണ്ടു വിധേനയും സൃഷ്ടിക്കപ്പെട്ടിരുന്നു എന്നാണു പറയപ്പെടുന്നത്.
നായന്മാര്‍‍ക്കിടയില്‍ ധനിക-ദരിദ്രഭേദമില്ലാതെ ആചരിക്കപ്പെട്ടിരുന്ന ഒരു ചടങ്ങായിരുന്നു “മച്ചുകര്‍മ്മം”. പുനീശ്വരി പൂജ (ഭുവനീശ്വരി പൂജ എന്നു ബ്രാഹ്മണ ഭാഷ്യം.) എന്ന പേരിലും ഇതറിയപ്പെട്ടു. വീടിന്റെ പടിഞ്ഞാറ്റയില്‍, നടുവിലെ പ്രധാന മുറിക്കാണു മച്ച് എന്നു പറയുന്നത്.
നായന്മാരുടെ രക്തദാഹികളായ സകല ദൈവങ്ങളുടേയും ഇരിപ്പിടം ഈ മച്ചിലാണത്രേ ! ഈ പുനീശരീ (കാളീ) പൂജക്ക് കള്ളും കോഴിയും പ്രധാന നിവേദ്യങ്ങളായി നിശ്ചയിച്ചത് ബ്രാഹ്മണരല്ലാതെ മറ്റാരുമാകാനിടയില്ലല്ലോ. കാരണം, നായര്‍ കള്ളു ചെത്തുക പോയിട്ട് അദ്ദ്വനിച്ച് ജീവിക്കാന്‍ ശ്രമിക്കുന്നതുപോലും നിന്ദ്യമെന്നു കരുതുന്ന അക്കാലത്ത്, മച്ചു കര് ‍മ്മത്തിനു പുലിപ്പാലുപോലെ പ്രയാസകരമായ കള്ള് എല്ലാ നായര്‍ വീടുകളിലും അനിവാര്യമാകുന്നത് ഈഴവ (ബൌദ്ധ) വംശഹത്യ ലക്ഷ്യം വെക്കുന്നതല്ലെന്നു പറയാനാകില്ല.
അക്കാലത്ത്, “വേട്ടുവരെന്ന” ആദിമവാസി വിഭാഗമാണ് തെങ്ങില്‍ കേറ്റവും മറ്റും നടത്തുന്നത്. പക്ഷേ, മച്ചില്‍ വച്ചൂകൊടുക്കുന്നതിനുള്ള നിവേദ്യമായ കള്ള് നായര്‍ വീടുകളില്‍ എത്തിക്കേണ്ട ചുമതല തലപോകുന്ന ആചാരം ആയി ലഭിക്കുന്നത് സ്ഥലത്തെ കുറച്ചു ദുര്‍ബല ഈഴവ(ബൌദ്ധ) കുടുമ്പത്തിനു മാത്രമായിരിക്കും.
ഇവരുടെ ആജ്ഞ നിറവേറ്റാന്‍ കഴിയാത്ത ഈഴവ കുടുംബത്തിന്റെ വീടു കത്തിക്കുക എന്നതാണു നായന്മാര്‍ അക്കാലത്തു ചെയ്തിരുന്ന പ്രതികാര നടപടി. അങ്ങനെ, വീട് കത്തിക്കപ്പെട്ട്, ആ നാട്ടില്‍ നിന്നും ജീവന്‍ രക്ഷിക്കാനായി ഓടി രക്ഷപ്പെട്ടിരുന്ന ഹതഭാഗ്യരായ ഈഴവരെ അക്കാലത്ത് വിശേഷിപ്പിച്ചിരുന്ന പരിഹാസ പേരാണു “ചുടുവീടന്മാര്‍” എന്ന്.
വിസ്മൃത ബുദ്ധ ധർമ്മക്കാരായ ഈഴവരില്‍ നിന്നും സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളെ കള്ളുചെത്ത് തൊഴിലിലേക്ക് സമ്മര്‍ദ്ദപൂർവ്വം നിയോഗിച്ച് ഈഴവരുടെ കുലത്തൊഴില്‍ മദ്യ നിര്‍മ്മാണമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ബ്രാഹ്മണ പൌരോഹിത്യ ഗൂഡാലോചന ജാതിയത ബൗദ്ധരിലേക്കും തൊഴിൽ പേരുകളായി സന്നിവേശിപ്പിക്കുന്ന ഗൂഢതന്ത്രത്തിന്റെ അജണ്ട തന്നെയാണ് ചുടു വീടന്മാരെ സൃഷ്ടിക്കാൻ കാരണമായത്.
ചില സ്ഥലങ്ങളില്‍ ഇവരെ “ചുടുകുടിക്കാര്‍” “കുടിലോടികള്‍” എന്നീ പേരുകളും വിളിച്ചിരുന്നു എന്നാണു കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ നായന്മാരുടെ പൂര്‍വ്വ ചരിത്രം എന്ന പുസ്തകത്തിന്റെ രണ്ടാഭാഗത്തില്‍ പ്രതികാരം എന്ന അദ്ധ്യായത്തില്‍ പറയുന്നത്.
ഇതിൽ നിന്നും എന്താണ് മനസ്സിലാക്കേണ്ടത്? 
എത്ര നഷ്ടം സംഭവിച്ചാലും കുല തൊഴിലായി മദ്യ നിർമ്മാണവും കള്ളുചെത്തലും സ്വീകരിക്കാൻ വിസ്മൃത ബൗദ്ധ ജനത / ഈഴവർ കൂട്ടാക്കിയിരുന്നില്ല എന്നു തന്നെയാണ്.
ബ്രാഹ്മണ പൗരോഹിത്യം ഒരു ദ്വിമുഖ തന്ത്രമാണ് പ്രയോഗിച്ചിരുന്നത് എന്ന് മനസ്സിലാക്കാം. ചുടു വീടന്മാർ, കുടിലോടികൾ, ചുടു കുടിക്കാർ തുടങ്ങി പല പേരിൽ വിളിക്കപ്പെടുന്നതിൽ നിന്നും അനേകം ജനം പലയിടത്തായി ഇങ്ങനെ പാലായനം ചെയ്യാൻ നിർബന്ധിതരായിട്ടുണ്ട് എന്ന് വ്യക്തമാണ്. സ്വന്തം വീടും സ്വത്തുക്കളും നഷ്ടപ്പെട്ട് ജീവൻ മാത്രം രക്ഷിച്ച് നാടുവിട്ട് ഓടേണ്ടി വന്നിരുന്ന ഹതഭാഗ്യരുടെ വീടും സ്വത്തും കൃഷിയും വ്യാപാരങ്ങളും പുരോഹിതരുടെയോ ആശ്രിതരായ നായന്മാരുടെയോ സ്വന്തമായിത്തീരുന്നുണ്ട്.
കള്ള് ചെത്ത് കുലത്തൊഴിലായി സ്വീകരിക്കുന്ന ഒരു ഈഴവ ജാതിയെ നിർമ്മിക്കുന്നതിനോടൊപ്പം അതിനേക്കാളും വലിയ വംശീയ നശികരണവും സുരക്ഷിതമായ കൊള്ള മുതൽ സംബാദനവും വിഭാവനം ചെയ്യപ്പെട്ടിരുന്നു എന്നത് സ്പഷ്ടമാണ്.
-Chithrakaran T Murali
-ചിത്രകാരന്‍ ടി. മുരളി 05-01-2019
https://www.facebook.com/chithrakaran

Saturday, December 29, 2018

അണ്ടല്ലൂര്‍ കാവിലെ ഭാട്ടന്മാര്‍/ അച്ഛന്മാര്‍ Battas/Achans of Andallur Kavu


1200 വര്ഷം മുന്‍പ് കേരളത്തിലെത്തിയ ബ്രാഹ്മണ പണ്ഡിതന്മാരുടെ ശല്യം സഹിക്കാതെ കേരളത്തിലെ ജനങ്ങള്‍ അവജ്ഞയോടെ ബ്രാഹ്മണരെ 'തെണ്ടികള്‍' എന്നാണു വിളിച്ചിരുന്നത്.
ഇന്നത്തെ പോലെ തെറിയായല്ല തെണ്ടിയെന്ന് വിളിച്ചിരുന്നത്. പണ്ഡിതനാണെന്നും ആദരണീയനാണെന്നും തോന്നിക്കാനായി അവർ കയ്യിലേന്തിയിരുന്ന ഒരു ദണ്ഡ് (വടി) കാരണമാണ് മലയാളത്തിൽ ആദ്യ കാല ബ്രാഹ്മണരെ തെണ്ടികൾ എന്നു ജനം വിളിച്ചിരുന്നത്.
അക്കാലത്ത് കേരളത്തില്‍ ബൌദ്ധ
ജൈന ധാര്‍മ്മികതയായിരുന്നു ജനങ്ങളെ സാംസ്ക്കാരികമായി നയിച്ചിരുന്നത്. ബി.സി. മൂന്നാം നൂറ്റാണ്ടുമുതല്‍ എ.ഡി. എട്ടാം നൂറ്റാണ്ടു വരെയുള്ള കേരളത്തിലെ ജനങ്ങളുടെ കലാ-സാംസ്ക്കാരികവും കാർഷികവും വിദ്യാഭ്യാസപരവും വാണിജ്യപരവും സാമ്പത്തികവുമായ സാമൂഹ്യ അവസ്ഥ ലോക നിലവാരത്തില് തന്നെ ഉന്നതവും മികച്ചതുമായിരുന്നു.
ഇന്നത്തെപ്പോലെ ജാതിയമായി വിഭജിക്കാത്തതും ജനങ്ങളെ ശാസത്രാഭിമുഖ്യമുള്ളവരും ധാർമ്മികത യുള്ള സ്വതന്ത്ര മനുഷ്യരാക്കുന്നതുമായിരുന്ന ബൗദ്ധ-ജൈന ഭിക്ഷുക്കളുടെയും ഭിക്ഷുണിമാരുടെയും ഭട്ടന്മാരുടെയും വാസ്തു ശാസ്ത്ര വിദഗ്ദരായ ആചാര്യന്മാരുടെയും (ആശാരി) സാന്നിദ്ധ്യത്താൽ അനുഗ്രഹീതമായിരുന്ന പള്ളികളും പള്ളിക്കൂടങ്ങളും വഞ്ചി പോലുള്ള ബൗദ്ധ യൂണിവേഴ്സിസിറ്റികളും അക്കാലത്തു കേരളത്തിൽ ഉണ്ടായിരുന്നു.
കാർഷിക സമൃദ്ധിയാൽ അനുഗ്രഹീതമായ പുലയ ന്മാരുടെ (കർഷകരുടെ) കൃഷിയിടങ്ങളായ പുലങ്ങളും (വയലുകളും) ചികിത്സാ കേന്ദ്രങ്ങൾ കൂടിയായിരുന്ന അമ്പലങ്ങളും വിശ്രമകേന്ദ്രങ്ങളായിരുന്ന സംഘാരാമങ്ങളും കാവുകളും വഴിയമ്പലങ്ങളും കപ്പൽ നിർമ്മാണ കേന്ദ്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും ആയുർവേദ ചികിത്സാരംഗത്തെ പ്രതിഭകളായ വൈദ്യമാരും (ആര്യ വൈദ്യം) നാടിന്റെ പ്രതിരോധ ശേഷിയായിരുന്ന കളരികളും എല്ലാം അടങ്ങിയ ഒരു സമ്പൂർണ്ണ സുവർണ്ണ കാലഘട്ടമായിരുന്നു എട്ടാം നൂറ്റാണ്ടുവരെയുള്ള പ്രബുദ്ധ കേരളം.
അക്കാലത്ത് (BC.300-AD.500) ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖങ്ങളില്‍ ഒന്നായിരുന്നു കേരളത്തിന്‍റെ സ്വാഭാവിക തലസ്ഥാനം കൂടിയായിരുന്ന മുച്ചിറി പട്ടണം എന്ന മുസിരിസ്.
നമ്മുടെ ധീരരായ അരയന്മാരും മുക്കുവന്മാരും വലിയ വാണിജ്യ കപ്പലുകളുമായി ലോക സഞ്ചാരം നടത്തിയിരുന്ന സമ്പന്ന ജനവിഭാഗമായിരുന്ന ആ സുവര്‍ണ്ണ കാലഘട്ടത്തെ ആണ് തെണ്ടി (ദണ്ഡി)കളായി വന്ന ബ്രാഹ്മണ പൌരോഹിത്യം കുടിലതന്ത്രങ്ങളിലൂടെ പിടിച്ചെടുത്ത് നശിപ്പിച്ചത്.
ഇന്ത്യ ഉപഭൂഖണ്ഡത്തിലെ ബൗദ്ധ സ്വാധീനത്തിൽ വിഷണ്ണരായി ക്ഷത്രിയ/ ബൗദ്ധ നിഗ്രഹ പ്രതിജ്ഞയുമായി 20 ജന്മങ്ങൾ എടുത്ത് ക്ഷത്രിയരെ മുഴുവൻ ഉന്മൂലനം ചെയ്ത വിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ഒന്നായ പരശുരാമൻ എന്ന മിത്തിനെ നമുക്കറിയാം. (കേരളോത്പ്പത്തായിലൂടെ സത്യത്തിൽ കേരളത്തിന്റെ ഏക ഉടമ കൂടിയാണ് ടിയാൻ !)
ഈ പരശുരാമനെ പോലെ ബൗദ്ധരെ ഹിംസക്കു വിധേയരാക്കിയും ബുദ്ധ സാംസ്കാരികതയെ നശിപ്പിക്കാനായുള്ള വഴിയന്വേഷിച്ച് ബൗദ്ധ യൂണിവേഴ്സിറ്റികളിൽ ഗുരുക്കന്മാരോട് കള്ളം പറഞ്ഞ് കയറിക്കൂടുകയും ചെയ്യുന്ന കുമരില ഭട്ടനെ ഒരു നീലക്കുറുക്കനെപ്പോലെ കയ്യോടെ പിടികൂടി സഹപാഠികൾ ഗുരുസന്നിധിയിൽ എത്തിക്കുന്നതും നമുക്ക് കാണാനാകും. ഈ ഗുരു വഞ്ചനയുടെ ശിക്ഷയായി കുമരില ഭട്ടൻ ഉമിത്തീയിൽ സ്വയം എരിഞ്ഞു തീരാനുള്ള ഉഗ്ര പ്രതിജ്ഞയെടുക്കുകയും ആ സമയത്ത് കുമരില ഭട്ടന്റെ അതേ ചിന്താപദ്ധതിക്കാരനായ ശങ്കരാചാര്യർ തന്റെ അദ്വൈത സിദ്ധാന്തത്തിനു കുമരില ഭട്ടനെക്കൊണ്ട് ഭാഷ്യം/വ്യാഖ്യാനം എഴുതിക്കാൻ അവിടം സന്ദർശിച്ച് നിരാശനാകുന്നതും ശ്രീ ശങ്കരന്റെ ചരിത്രത്തിൽ കാണാവുന്നതാണ്. ബുദ്ധനും ബുദ്ധന്റെ വംശമായ ക്ഷത്രിയരും കർഷകരും ഇവരുടെ പൊതു ശത്രുവായിരുന്നു എന്നോർക്കണം. ബുദ്ധനെ ബ്രഹ്മണ്യം ബുദ്ധൻ എന്ന് ഒരിക്കലും വിളിക്കില്ല. ക്ഷത്രിയർ എന്ന ആത്മാഭിമാനികളും ധാർമ്മികതയുള്ളവരും രണശൂരരുമായ ഒരു പ്രബുദ്ധ സാംസ്കാരിക പരമ്പരയുടെ മാർഗ്ഗദീപമായിത്തീർന്ന ബുദ്ധനെ വിസ്മൃതമാക്കാതെ സമൂഹത്തിൽ തങ്ങളുടെ ബ്രാഹ്മണ പുരോഹിത ചൂഷണ (പരാന്ന ജീവനം) അതിജീവന വംശീയ താൽപ്പര്യങ്ങൾ അസാധ്യമാണ് എന്ന ബോധ്യത്തിൽ നിന്നാണ് ബുദ്ധനെ വിസ്മൃതമാക്കാനുള്ള ബ്രാഹ്മണ വംശീയ രാഷ്ട്രീയം ഹിംസാത്മകമായി ശക്തി പ്രാപിക്കുന്നത്.
ഒരു വടിയുടെ അറ്റത്ത് കുറച്ചു ഓലക്കെട്ട് ഗ്രന്ഥങ്ങള്‍ കെട്ടിവെച്ച് പണ്ഡിതന്മാരുടെ വേഷംകെട്ടി വെട്ടുകിളികളെപ്പോലെ സംഘടിതമായി കേരളത്തിലേക്ക് കടന്നുവന്ന വൈദിക ബ്രാഹ്മണ പൌരോഹിത്യം തങ്ങളുടെ താന്ത്രിക കുടിലബുദ്ധികൊണ്ട് കേരളത്തിലെ രാജാക്കന്മാരുടെ അന്നത്തെ ഗുരുക്കന്മാരും ബുദ്ധ ഭിക്ഷുക്കളുമായിരുന്ന ഭട്ടന്മാരെ പാണ്ഡിത്യതര്‍ക്കത്തില്‍ തോല്‍പ്പിച്ച് രാജ ഗുരു സ്ഥാനം നേടുകയായിരുന്നു.
രാജാവിന്‍റെ 'പട്ടത്താന'ത്തിനുവേണ്ടിയുള്ള (ഭട്ടസ്ഥാനം/അഥവാ രാജഗുരു സ്ഥാനം) തർക്ക മത്സരത്തില് ഏർപ്പെടുമ്പോള്‍ അക്കാലത്തെ ഉഗ്ര ഹിംസാവദികളും ഗോ മാംസം ഭുജിക്കുന്നവരും ആയിരുന്ന ബ്രാഹ്മണ പണ്ഡിതന്മാരുടെ തര്‍ക്ക വ്യവസ്ഥ പ്രകാരം തോറ്റുപോകുന്ന ബൌദ്ധ ഭട്ടന്മാരുടെയും ശിക്ഷ്യഗണങ്ങളുടെയും നാവും തലയും അരിഞ്ഞു നല്‍കേണ്ട ചുമതല തര്‍ക്ക മത്സരത്തിലെ അധ്യക്ഷനായ രാജാവിന്‍റെ കര്‍ത്തവ്യമായിരുന്നു.
ഈ ചടങ്ങ് യഥാവിധി നടപ്പാക്കിയതിന്റെ ഫലമായിരിക്കണം കേരളത്തിന്റെ ഏറ്റവും വലിയ സാംസ്ക്കാരിക കേന്ദ്രവും തലസ്ഥാനവും തുറമുഖ നഗരവുമായിരുന്ന മുച്ചിറി പട്ടണത്തിന്റെ പേരു തന്നെ കൊടും കൊല നടന്ന ഊരായി മാറി. ചേരമാന്‍ പെരുമാളിന്റെ ഈ ആസ്ഥാന നഗരത്തെ ഇപ്പോള് കൊടുങ്ങല്ലൂര്‍ (കൊടും+കൊല+ഊര്) എന്ന് വിളിക്കുന്നു.

(മറ്റൊരു കൊല്ലുന്ന ഊരുള്ളത് മംഗലാപുരം അടുത്ത് മൂകാംബിക ദേവി ക്ഷേത്രമുള്ള കൊല്ലൂര്‍ ആണ്. അവിടത്തെ പ്രതിഷ്ഠയുടെ (മൂല വിഗ്രഹം) നാവും തലയും അറുക്കപ്പെട്ട ഒരു ജൈന ഭട്ട / പണ്ഡിത സ്ത്രീയുടെ തലയാണെന്നും കാണാം. നാവു നഷ്ടപ്പെട്ടതിനാല്‍ മൂകയായ ദേവിക്ക് മൂകാംബിക എന്ന പേരും ബ്രാഹ്മണ പൌരോഹിത്യം കനിഞ്ഞു നല്‍കിയിട്ടുണ്ട്.)


ധർമ്മടത്തെ ദൈവത്താര്‍ തെയ്യം
ഇങ്ങനെ പട്ടത്താനത്തിനു വേണ്ടി (രാജ ഗുരു സ്ഥാനം) ബ്രാഹ്മണ പൌരോഹിത്യത്തിന്റെ പാണ്ഡിത്യതര്‍ക്ക മത്സരത്തില്‍ പരാജയപ്പെട്ടു നാവും തലയും നഷ്ടപ്പെട്ട ഒരു ബൌദ്ധ ഭട്ടനായ കൊലത്തുരാജാവിന്റെ രാജഗുരുവിനെ ഇപ്പോള്‍ തലശ്ശേരിക്ക് അടുത്തുള്ള ധര്മ്മടം എന്ന സ്ഥലത്തെ അണ്ടല്ലൂര്‍ കാവിൽ "ദൈവത്താര്‍" എന്ന തെയ്യമായി കെട്ടിയാടുന്നുണ്ട്.
ശ്രീരാമന്‍റെ തെയ്യമാണെന്നാണ് ജനങ്ങളെ പൌരോഹിത്യം കഥകളിലൂടെ തെറ്റിദ്ധരിപ്പിച്ച് വച്ചിട്ടുള്ളത് ! അശ്ലീലമായ ഒരു പുരാണമാണ് അതിനായി പൌരോഹിത്യം ചമച്ചുണ്ടാക്കിയിരിക്കുന്നത്. ഭക്തര്‍ അത് തൊണ്ട തൊടാതെ വിഴുങ്ങിയതായും കാണാം.
ബാലി സുഗ്രീവ യുദ്ധം കഴിഞ്ഞു മടങ്ങുന്ന വഴി രാമനും ലക്ഷ്മണനും കാട്ടിലൂടെ സഞ്ചരിക്കവേ ശ്രീരാമന് കലശലായ ദാഹം അനുഭവപ്പെട്ടെന്നും ദാഹം മാറ്റാനായി വെള്ളമാന്വേഷിച്ച് നടക്കുമ്പോള്‍ ഒരു കുടില് കാണുകയും അവിടെനിന്നും രാമന്‍ വെള്ളം വാങ്ങിക്കുടിച്ച് ദാഹം അകറ്റുകയും ചെയ്തു. എന്നാല്‍ ആ കുടില്‍ ഒരു പുലയ ജാതിക്കാരുടെതാണ് എന്ന്‍ തിരിച്ചറിഞ്ഞ ലക്ഷ്മണന് പുലയന്റെ വെള്ളം കുടിച്ച് ജാതീയ അയിത്തത്താൽ അശുദ്ധമായ‍ ശ്രീരാമന്‍റെ നാവു തന്നെ ചവിട്ടി പുറത്തു കളഞ്ഞെന്ന പുരാണമാണ് "ദൈവത്താറിന്റെ" സംസാര ശേഷി നശിച്ചതിന്റെ പിന്നിലെ ചരിത്രത്തിനു ബദലായി അടുത്ത കാലത്ത് പ്രതിഷ്ഠിച്ചിരിക്കുന്നത്. ജാതി ഭ്രാന്ത് കൊടുംബിരികൊണ്ട് നിന്ന കഴിഞ്ഞ ഒരു നൂറു വർഷത്തിനിടക്ക് അണ്ടല്ലുര്‍ കാവിന്‍റെ ഉത്സവ കമ്മിറ്റിയില്‍ നുഴഞ്ഞു കയറിയ ചാതുര്‍വര്‍ണ്യ ഭക്തരായിരിക്കണം ഈ ബാലിശ പുരാണം പടച്ചുണ്ടാക്കിയത് എന്ന് വ്യക്തമാണ്.
എന്നാല്‍, ചരിത്ര ഗവേഷകർ പറയുന്നത് ധർമ്മടം എന്ന സ്ഥലനാമം തന്നെ ബൗദ്ധ ധർമ്മത്തിന്റെ കേന്ദ്രമായിരുന്നതു കൊണ്ടാണെന്നും അവിടത്തെ ദേരെ വാദി ബുദ്ധ ധർമ്മകേന്ദ്രമായിരുന്ന അണ്ടല്ലൂർ കാവിലെ രക്ഷാപുരുഷന്മാരും അച്ഛന്മാർ (അയ്യൻ/ആര്യൻ/ അജ്ജൻ/ ആതന്മാർ/ അർഹതർ) കോലത്തിരി രാജാവിന്റെ ഗുരുക്കന്മാരായിരുന്നതിനാൽ രാജാവിന്റെ അധ്യക്ഷതയിൽ ബ്രാഹ്മണ പണ്ഡിതരുമായുള്ള തർക്കത്തിൽ തോൽപ്പിക്കപ്പെടുകയും തർക്ക വ്യവസ്ഥ പ്രകാരം കാവിലെ അച്ഛന്മാരുടെ നാവ് ബ്രാഹ്മണർക്ക് അരിഞ്ഞു കൊടുത്തിട്ടുണ്ടെന്നുമാണ്. സ്വന്തം ഗുരുക്കന്മാരുടെ നാവ് അരിഞ്ഞു കൊടുത്ത മനഃസ്ഥാപത്താൽ കോലത്തിരി രാജാവ് ഇസ്ലാം മതം സ്വീകരിച്ച് മക്കത്ത് പോയെന്നും വാമൊഴി കഥയുണ്ടെന്നും പറയുന്നു.
ഏക്കറുകൾ പരന്നു കിടക്കുന്ന സംഘാരാമമായിരുന്ന അണ്ടല്ലൂർ കാവ് വിഗ്രഹമോ പ്രതിഷ്ഠയോ പോലുമില്ലാത്ത ദേരെവാദി ബുദ്ധ ധർമ്മ കേന്ദ്രമായിരുന്നതിനാൽ ബ്രാഹ്മണ പൗരോഹിത്യത്തെ ആകർഷിക്കുന്ന സ്വർണ്ണമോ സമ്പത്തോ അമ്പലമോ ഇല്ലാത്തതു കാരണമായിരിക്കാം പാണ്ഡിത്യ തർക്കത്തിൽ വിജയിച്ച ബ്രാഹ്മണ പൗരോഹിത്യം അധികാര സ്ഥാപനത്തിനായി തിരിച്ചു വരാഞ്ഞതിനാൽ മാത്രം ഇപ്പോഴും നാലു തിയ്യ(ഈഴവ/ചേകവർ / ബൗദ്ധ) തറവാട്ടു കാരണവന്മാരുടെ അധ്യക്ഷതയിൽ എല്ലാ ജാതി- മതസ്ഥർക്കും പ്രവേശനവും അധികാര അവകാശങ്ങളും ഉള്ള ഒരു ചരിത്ര പൈതൃക കാവായി തുടരുന്നു. ( 2011 ൽ കാവ് ആദ്യമായി സന്ദർശിക്കുമ്പോൾ കാവിൽ നിറയെ വളഞ്ഞു പിരിഞ്ഞ് വന്മരങ്ങളായി നിന്നിരുന്ന ബൗദ്ധരുടെ വിശേഷ വൃക്ഷമായ അരളി /കളളി / ചമ്പകം മരങ്ങളാൽ അതി മനോഹരമായിരുന്നു അണ്ടല്ലൂർ കാവ്. പിന്നീട് 4 വർഷത്തിനു ശേഷം നടന്ന സന്ദർശനത്തിൽ പേരിന് ഒരു മരം മാത്രമേ കണ്ടുള്ളു.)
ഉത്സവം നടക്കുന്ന ഒരു മാസം ധർമ്മടം വാസികൾ പഴയ കാല വിസ്മൃത ബൗദ്ധ ആചാരങ്ങളിലേക്ക് അനുഷ്ഠാന പൂർവ്വം പ്രവേശിക്കുകയും മത്സ്യ-മാംസാദികൾ വർജ്ജിച്ച് വീടും പരിസരവുമെല്ലാം വൃത്തിയാക്കി ഉത്സവത്തിനായി എത്തുന്ന അതിഥികളെ സഹോദര്യത്തോടെ സ്വീകരിക്കുന്നു. ഉത്സവകാലത്ത് അതിഥികൾക്ക് ഏതു വീട്ടിൽ നിന്നായാലും അവിലും മലരും ശർക്കരയും പഴവുമെല്ലാം അടങ്ങിയ ഭക്ഷണം തന്നെയാണ് ആദിത്യ മര്യാദയുടെ ഭാഗമായി ലഭിക്കുക.
ഉത്സവത്തിന് അധ്യക്ഷ്യം വഹിക്കുന്ന തിയ്യ തറവാട്ടു കാരണവന്മാരായ 'അച്ഛന്മാർ' ഇപ്പോഴും തങ്ങളുടെ പിതാമഹന്മാർ ഉപയോഗിച്ചിരുന്ന ബൗദ്ധ ഭട്ടന്മാരാണെന്നതിന്റെ സ്ഥാന ചിഹ്നമായിരുന്ന നെറ്റിക്ക് കുറുകെ തലക്കു ചുറ്റുമായി കെട്ടുന്ന പട്ടം അഥവ വട്ടം കെട്ടുന്നതു കാണാം. തെയ്യങ്ങളിലെ ഏറ്റവും പ്രധാനിയും ആദരണീയനുമായ ദൈവത്താറിനു പുറമെ നാൽപ്പതോളം തെയ്യങ്ങൾ കെട്ടിയാടുന്ന ഉത്സവത്തിൽ തെയ്യങ്ങളെക്കാളും ആദരണീയ സ്ഥാനമാണ് ഈ തറവാട്ടു കാരണവന്മാരായ അർഹത / ആര്യ /ബൗദ്ധ ഗുരു പാരമ്പര്യമുള്ള അച്ഛന്മാർക്ക് ഉള്ളത് എന്ന് ശ്രദ്ധിക്കേണ്ടതാണ്. കാരണം, ബുദ്ധ ധർമ്മം അറിവിനെയും അറിവുള്ളവരെയുമാണ് ആദരിച്ചിരുന്നത് എന്നത് പാരമ്പര്യം വിസ്മൃതമായിട്ടു പോലും ആചാരങ്ങളുടെ ഭാഗമായി ഒരു ഫോസിൽ പോലെ അണ്ടല്ലൂരിലെ പട്ടം കെട്ടിയ അച്ഛന്മാരായി നിലനിൽക്കുന്നത് ഒരു ഭാഗ്യമായി കാണണം.
ഇതോടൊപ്പം ചേർത്ത അണ്ടല്ലൂർ അച്ഛന്മാരുടെ ചിത്രം 2011ൽ ചിത്രകാരൻ ആദ്യമായി അണ്ടല്ലൂർ കാവു സന്ദർശിച്ചപ്പോൾ എടുത്തതാണ്. അതിനു ശേഷം നാലു വർഷം കഴിഞ്ഞു പോയപ്പോഴും അണ്ടല്ലൂർ അച്ഛന്മാർ തങ്ങളുടെ നെറ്റിയിൽ ഭട്ട സ്ഥാന ചിഹ്നമായ പട്ടം ധരിച്ചു കൊണ്ടാണ് അധ്യക്ഷ മണ്ഡപത്തിൽ ഇരുന്നിരുന്നത് എന്നും രേഖപ്പെടുത്തുന്നു.
ഇപ്പോൾ അണ്ടല്ലൂർ കാവിൽ ഉത്സവകാലത്ത് ബ്രാഹ്മണരെ ക്ഷണിച്ചു കൊണ്ടുവന്ന് പൂജാരിമാരാക്കുന്ന സമ്പ്രദായമെല്ലാം നിലവിൽ വന്നു കഴിഞ്ഞു. ചരിത്രബോധമില്ലാത്തതും സവർണ്ണ വൽക്കരിക്കപ്പെട്ടതുമായ ഉത്സവ / അമ്പല കമ്മിറ്റികൾക്ക് തെളിവുകൾ നശിപ്പിക്കുന്ന ബ്രാഹ്മണ്യ അജണ്ടക്ക് വിളക്കുപിടിച്ചു കൊടുക്കാനെ കഴിയു. ഒരോ വർഷത്തേയും ഉത്സവം കേമമാക്കുക ( ഭക്തി വ്യവസായം ) എന്ന ദുരഭിമന മത്സരത്തിനപ്പുറം തങ്ങളുടെ മഹത്തായ പൈതൃകത്തെ തിരഞ്ഞുപിടിച്ച് ഹൃദയത്തോട് ചേർത്തു പിടിക്കാനുള്ള വകതിരിവൊന്നും ഉത്സവ കമ്മിറ്റിയിൽ അണി ചേർക്കപ്പെടുന്ന സാധാരണക്കാർക്ക് ഉണ്ടാകില്ല.
ചരിത്ര ഗവേഷകരുടെയും സത്യാന്വേഷികളുടെയും പുരാവസ്തു വകുപ്പിന്റെയും യൂണിവേഴ്സിറ്റി പുരാവസ്തു വിഭാഗത്തിന്റെയും സാമൂഹ്യ ശാസ്ത്ര പഠിതാക്കളുടെയുമൊക്കെ സത്വര ശ്രദ്ധ പതിയേണ്ടതാണ് അണ്ടലൂർ കാവിലെ അച്ചന്മാരുടെ ഭട്ട സ്ഥാനചിഹ്നം.
- ചിത്രകാരൻ ടി. മുരളി
- Chithrakaran T Murali
27-12-2018
https://facebook.com/chithrakaran

Monday, December 24, 2018

"ആര്‍ത്തവ നാമജപ ലഹള" ഒരു പരിഹാര ചിന്ത Sabarimala


ഭക്തര്

മനുഷ്യന്റെ ഏറ്റവും അടിസ്ഥാനപരമായ ആത്മബോധം അടിയറ വെക്കപ്പെട്ട വെറും (ജൈവീകമായ ഹാര്ഡ്‌വെയര്) ശരീരമാണ് ഓരോ ഭക്തരും.

പൌരോഹിത്യങ്ങള് ദൈവ സംങ്കല്പ്പങ്ങളെ മുന്നിര്ത്തി നടത്തുന്ന ആചാര അനുഷ്ടാനങ്ങളുടെ ഭാഗമായി സ്വന്തം ആത്മാഭിമാനത്തെയും സ്വാര്ത്ഥതയെയും വെടിഞ്ഞു ദൈവീക അനുഗ്രഹവും സംരക്ഷണവും നേടാമെന്ന അന്ധ വിശ്വാസത്തിനു അടിപ്പെട്ട പൌരോഹിത്യ അടിമകളെയാണ് സാങ്കേതികമായി ഭക്തര് എന്ന് വിശേഷിപ്പിക്കുന്നത്.

സത്യത്തില് ഓരോ ഭക്തരും കുടില ബുദ്ധികളായ പൌരോഹിത്യത്തിന്റെ അടിമകളാണ്. നമ്മുടെ സമൂഹത്തില് പുരാണേതിഹാസങ്ങളിലൂടെയും മത ഗ്രന്ഥങ്ങളിലൂടെയും സാംസ്ക്കാരികമായി പൌരോഹിത്യ വംശീയത മേല് ക്കോയ്മ സ്ഥാപിച്ചിട്ടുള്ളതിനാല് അടിമത്വം അഥവാ ഭക്തി മഹനീയമായ ഭാഗ്യമായി ഒരു മയക്കു മരുന്ന് പോലെ ഉപയോഗിക്കപ്പെടുകയും അതിനു സമൂഹത്തില് അംഗീകാരവും ആദരവും ലഭിക്കുന്ന സ്ഥിതി വിശേഷം ഉണ്ട്.

ഭക്തരെ സ്വയം ഭിന്ന ശേഷി അവസ്ഥ പ്രാപിച്ച വിഡ്ഢികള് ആയി കാണുന്നതില് സാങ്കേതികമായി തെറ്റില്ല എങ്കിലും, പ്രായോഗികമായി ആരും അത് തുറന്നു പറയാറില്ല. സത്യം പറയുന്നവര് ബഹിശ്കൃതരാകും എന്നതിനാലും പൌരോഹിത്യം സമസ്ത മേഖലകളും സാംസ്ക്കാരികമായി ആധിപത്യം പുലര്ത്തുന്നതിനാലും പോലീസോ കോടതിയോ പോലും സ്വതന്ത്ര-ജനാധിപത്യ ചിന്തകളെ സംരക്ഷിക്കാന് വിമുഖത പുലര്ത്തുന്ന സമൂഹമായി തുടരുകയാണ് .

ഇതിനൊരു അറുതി വരേണ്ടതുണ്ട്.
ഭക്തര് മഹത്വവല്ക്കരിക്കപ്പെട്ട വെറും അടിമകളാണ്. അവരെ തന്ത്രശാലികളായ ആര്ക്കും വേട്ടപ്പട്ടികളെപ്പോലെ ഉപയോഗിക്കാനാകും എന്നാ സത്യമാണ് ശബരിമലയിലെ "ആര്ത്തവ നാമജപ ലഹള" നമുക്ക് മുന്നറിയിപ്പ് നല്കുന്നത്.

ഭക്ത -അടിമത്ത മോചനം ഒരു പരിഹാര ചിന്ത
........................................................................................

ഭക്തര് സ്വയം ബോധം നഷ്ടപ്പെടുത്തിയ വെറും അടിമകളായതിനാല് അവരെ ബുദ്ധി ഉപദേശിച്ച് സമയം നഷ്ടപ്പെടുത്തരുത്. ഭക്തരെ അടിമത്തത്തിലെക്ക് ആകര്ഷിക്കുന്ന കുടില ബുദ്ധികളായ പുരോഹിതരെയും പൌരോഹിത്യത്തിന്റെ അടിമത്ത തന്ത്രങ്ങള് ക്ക് വേദിയൊരുക്കുന്ന സവര്ണ്ണ ജാതിഭ്രാന്തരായ മാടംബിത്ത ദുഷ് പ്രഭുക്കളെയും തന്നെയാണ് നിയന്ത്രണ വിധേയം ആക്കേണ്ടത്.

അതിനായി കലാ സാഹിത്യ സാംസ്ക്കാരികത പ്രവര്ത്തകരും ചരിത്ര ഗവേഷകരും സ്ത്രീ സ്വാതന്ത്ര്യ ചിന്തകരും മാധ്യമങ്ങളുടെ സഹായത്തോടെ നമ്മുടെ പുരാനെതിഹാസങ്ങളെയും ആചാര വിശ്വാസങ്ങളെയും പൊതുജന മധ്യത്തില് ഉടച്ചുവാര്ക്കാന് മുന്നോട്ടു വരേണ്ടതുണ്ട്.

പൌരോഹിത്യത്തിനെതിരെയുള്ള പൊതുജന ബോധം സാംസ്ക്കാരികമായി ഉയര്ത്തിക്കൊണ്ടുവരാതെ "ആര്ത്തവ നാമജപ ലഹള" പോലുള്ള പൌരോഹിത്യ -മാടംബിത്ത തന്ത്രങ്ങളെ നമുക്ക് പ്രതിരോധിക്കാനാകില്ല.

ഇതോടൊപ്പം ചേര്ത്തിരിക്കുന്നത് 2013 ല് ഞാന് വരച്ച "മഹത്വവല്ക്കരിച്ച അടിമത്തം" / Glorified Slavery എന്ന പെയിന്റിങ്ങാണ്. ഭക്തിക്കു കീഴിലെ അടിമത്തത്തിന്റെ മാനസികാവസ്ഥ കലാസ്വാദകര് ക്ക് അനായാസം മനസ്സിലാക്കാന് ഈ ചിത്ര നിരീക്ഷണത്തിലൂടെ സാധിക്കും എന്ന് ആശിക്കട്ടെ !
- ചിത്രകാരന് ടി. മുരളി
- Chithrakaran T Murali
24-12-2018
https://www.facebook.com/chithrakaran/

Thursday, November 8, 2018

ബ്രാഹ്മണ പൌരോഹിത്യം മാപ്പ് പറയെണ്ടാതല്ലേ ?നമ്മുടെ നാട്ടിലും #മീടൂ  #metoo  തരംഗം പല വന്‍ മരങ്ങളെയും കടപുഴകി വീഴ്ത്തിക്കൊണ്ട്‌ വീശിയടിക്കുന്ന വര്‍ത്തമാന കാലത്ത്  സ്ത്രീ ചൂഷണങ്ങളുടെ കുറഞ്ഞത് 1500 വര്‍ഷത്തെയെങ്കിലും  ലജ്ജാകരമായ പാരമ്പര്യമുള്ള ഇന്ത്യന്‍ ബ്രാഹ്മണ പൌരോഹിത്യം കേരളത്തിലെ  ശൂദ്ര/നായര്‍ സ്ത്രീകളോടും ഇന്ത്യയിലെ  മറ്റു ദേവദാസി സമൂഹങ്ങളോടും മാപ്പ്  പറയേണ്ടതല്ലേ ? 

ഇന്നത്തെ ബ്രാഹ്മണ തലമുറ ലൈംഗീക ചൂഷണമൊന്നും നടത്തുന്നില്ല എന്നതിനാല്‍ വ്യക്തിപരമായി കുറ്റബോധം അനുഭവിക്കുകയോ മാപ്പ് പറയുകയോ ചെയ്യേണ്ടതില്ല. എന്നാല്‍, തന്ത്രി സമൂഹം, യോഗക്ഷേമ സഭ, ബ്രാഹ്മണ അസോസിയേഷനുകള്‍, ബ്രാഹ്മണ ജാതി സംഘടനകള്‍  തുടങ്ങിയ പാരമ്പര്യ പൌരോഹിത്യ സംഘടനകള്‍ വര്‍ത്തമാന മാനവിക സംസ്ക്കാരത്തിലേക്ക് സ്വയം  ഉയരുന്നതിനായി തങ്ങളുടെ  ക്രൂരമായ സാമൂഹ്യ ചൂഷണ ചരിത്രത്തെ മനുഷ്യത്വ വിരുദ്ധമെന്ന് തള്ളി പറയുകയും പശ്ചാത്തപിക്കയും വിശ്വാസി സമൂഹത്തോട് മാപ്പിരക്കുകയും ചെയ്യേണ്ടതല്ലേ ?

ഈ പോസ്റ്റിനോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രം നോക്കുക.  25 വര്ഷം മുന്‍പ്, അതായത് 1993 ല്‍ വരച്ച ഒരു ഓയില്‍ പെയിന്റിങ്ങാണ്. പേര് "ശൂദ്ര സ്ത്രീ". (നമുക്ക് ഇന്ന് മനസ്സിലാകണമെങ്കില്‍ നായര്‍ സ്ത്രീ എന്ന് തന്നെ പറയണം.) ഏതാണ്ട് സമീപ കാലം വരെ സംബന്ധം എന്ന പേരിലുള്ള വേശ്യാവൃത്തിയുടെ നുകത്തിനകത്ത് കുറഞ്ഞത് 1200 സംവത്സരങ്ങള്‍ ചൂഷണം ചെയ്യപ്പെട്ട മലയാളികളായ സ്ത്രീ സമൂഹമാണ് ശൂദ്ര/നായര്‍ സ്ത്രീകള്‍ !!

ഇന്നത്തെ  നമ്മുടെ അന്തസ്സുള്ള കുടുംബങ്ങളിലെ കുല സ്ത്രീകള്‍ക്ക് ഒരു പക്ഷെ ഈ  അപമാനകരമായ ചരിത്രം തന്നെ അറിയണമെന്നില്ല. ചരിത്രം പഠിക്കാത്തതിന്റെയും അറിയാത്തതിന്റെയും ആനുകൂല്യം ആണെന്ന് പറയാം.  പക്ഷെ,സമൂഹത്തില്‍ ചരിത്രം പഠിക്കുന്ന ഇതര സമൂഹങ്ങളും ഉണ്ടല്ലോ. 1200 വര്‍ഷക്കാലം നമ്മുടെ സമൂഹത്തില്‍  ബ്രാഹ്മണ പൌരോഹിത്യം നടത്തിയ സംസ്ക്കാര ശൂന്യമായ  ലൈഗീക ചൂഷണത്തെ എങ്ങിനെയാണ് സത്യസന്ധമായ ചരിത്ര രചനയില്‍ മറച്ചുവെക്കുക ? 

വൈദികരുടെ താന്ത്രിക തട്ടിപ്പുകളുടെ ഭാഗമായി നടപ്പാക്കിയ ഈ വംശീയ ചൂഷണത്തിനെതിരെ  ഒരു ദീര്‍ഘ നിശ്വാസം പോലും എടുക്കാനുള്ള അവകാശമോ ആത്മാഭിമാനമോ ഇല്ലാത്തവിധം അടിമത്വത്തിലെക്ക് ചവിട്ടി താഴ്ത്തപ്പെട്ടിരുന്ന  ശൂദ്ര-ദേവദാസി-ദാസ്യ  ജാതി വ്യവസ്ഥിതിയുടെ പിന്മുറക്കാരായ ശൂദ്ര/ നായര്‍ സമുദായം എങ്ങിനെയാണ് പരിഷ്കൃത സംസ്ക്കാരത്തില്‍ ചരിത്ര  സത്യത്തെ അഭിമുഖീകരിക്കുക ? ആധുനിക കാലത്തെ  സ്ത്രീകളെയും പുരുഷന്മാരെയും മനുഷ്യ സാംസ്ക്കാരികതയിലെക്ക് ഉയര്‍ത്താനായി ഈ ദുരന്ത ചരിത്രം വിദ്ധ്യാര്‍ഥികളുടെ പാട്യ പദ്ധതിയില്‍ ഇടം തേടേണ്ടത് അനിവാര്യമാണ്. ഗവേഷണ വിദ്യാര്‍ത്ഥികള്‍ അടിമത്വത്തിന്റെ മഹത്വവല്‍ക്കരിച്ച ഈ  സ്ത്രീ ചൂഷണ മാതൃകയെ എത്രകാലം കണ്ടില്ലെന്നു നടിക്കും ?

ഈ ചിത്രം വരക്കുമ്പോള്‍ ഒരു ചിത്രകാരനെന്ന നിലയില്‍ എന്നെ അതിശയിപ്പിച്ച സംഗതി  ബ്രാഹ്മണ പൌരോഹിത്യം എത്ര അനായാസമായാണ് നമ്മുടെ കുലീന ശൂദ്ര /നായര്‍ വീടുകളിലേക്ക് പ്രതിഫലം പോലും നല്‍കേണ്ടതില്ലാത്ത സംബന്ധം എന്ന ലൈംഗീക സേവനത്തിനായി 1200 വർഷക്കാലം നിസംങ്കോചം, പ്രതിരോധമില്ലാതെ, പ്രവേശിച്ചുകൊണ്ടിരുന്നത് എന്നതാണ്.  ബ്രാഹ്മണരുടെ വൈദിക ആചാരങ്ങളെല്ലാം ഇങ്ങനെ മനുഷ്യരെ പരാന്നജീവികളെപ്പോലെ ചൂഷണം ചെയ്തു സാമൂഹ്യ ആധിപത്യം നിലനിര്‍ത്തുന്ന സംവിധാനങ്ങളായിരുന്നു എന്ന് തിരിച്ചറിയാന്‍ ഈ ആധുനിക കാലത്ത് പോലും നമുക്ക് കഴിയാതെ വന്നാല്‍ ലോകത്തിനു മുന്നില്‍ മഹത്വവല്‍ക്കരിച്ച അടിമ സമൂഹമായി ഇന്ത്യ പരിഹാസ്യമാകില്ലേ ?

സംബന്ധ ആചാരത്തിന്‍റെ വര്‍ത്തമാന ദുരന്തത്തിലേക്ക് നോക്കു:
ഈ ചിത്രത്തിലെ നായർ സ്ത്രീ ഒരു ഇരയാണ് എന്നു നമുക്ക് അറിയാം. പക്ഷേ, ഇരയാണോ ? സംബന്ധം എന്ന വേശ്യ കുലത്തൊഴിൽ അടിച്ചേൽപ്പിക്കപ്പെട്ട് അപമാനിക്കപ്പെട്ടതിന്റെ ഇരയായിരുന്നെന്ന് ആ സ്ത്രീ  സ്വയം തിരിച്ചറിഞ്ഞിരുന്നെങ്കിൽ വേട്ടക്കാരായ  ബ്രാഹ്മണരുടെ താന്ത്രിക  ആചാരങ്ങളും താൽപ്പര്യങ്ങളും സംരക്ഷിക്കാനായി നാമജപ ഘോഷയാത്രയും  തെറിയുടെ ഭരണിപ്പാട്ടുമായി തെരുവോരാങ്ങളിൽ അലയാൻ ശൂദ്ര / നായർ സ്ത്രീകൾ തയ്യാറാകുമായിരുന്നോ ? നായർ ജാതി സംഘടന ഈ സംഘി ഓപ്പറേഷന്റെ ആസൂത്രണ സംഘാടകരായി ഞെളിഞ്ഞിരിക്കുമായിരുന്നോ ?

സഹസ്രാബ്ദത്തിലേറെ നീണ്ട പൗരോഹിത്യ ക്രൂരതയുടെ ഇര !
ഇര അവിടെ ഇരിക്കട്ടെ ! അത്രയും കാലം ആത്മാഭിമാനത്തിന്റെ ഒരു തരി പോലും ശേഷിക്കാത്ത വിധം പൗരോഹിത്യ അടിമത്വത്തിനു കീഴടങ്ങിയ ഭർത്താവായ ഈ  ചിത്രത്തിലെ ശൂദ്രനെ/ നായരെ നോക്കു.

അയാൾക്ക് ഈ വർത്തമാന ജനാധിപത്യ കാലത്തുപോലും ഉളുപ്പില്ലാതെ ബ്രഹ്മണ  പൗരോഹിത്യത്തിന്റെ പൃഷ്ഠവും താങ്ങി തങ്ങളുടെ ഭാര്യയും സഹോദരിയും അമ്മയും മകളുമായ ശൂദ്ര സ്ത്രീകളെ നമ: ജപ ഘോഷയാത്രക്ക് അണിനിരത്തി പഴയ സംബന്ധ പാരമ്പര്യത്തിന്റെ വിനീത വിധേയ നാടകം കളിക്കാൻ ലജ്ജ തോന്നത്തത് എന്തുകൊണ്ടായിരിക്കും ?

പ്രഫസര്‍ ഇളംകുളം കുഞ്ഞന്‍പിള്ള എന്നൊരു മലയാളം കോളേജ് അദ്ധ്യാപകന്‍ മാത്രമേ ഇത്രയും ദയനീയമായ ശൂദ്ര /നായര്‍ സമൂഹത്തിന്‍റെ അടിമത്വത്തിന് നേരെനിന്നു ക്ഷുഭിതനായി എതിര്‍ത്തു സാംസ്ക്കാരിക ലോകത്തോട്‌ സംസാരിക്കാന്‍, കഴിഞ്ഞ 1200 വര്‍ഷക്കാലത്തിനുള്ളില്‍ സത്യസന്ധതയും ആര്‍ജ്ജവവും പ്രകടിപ്പിച്ചിട്ടുള്ളു എന്നാണു ചരിത്രം പറയുന്നത്.    
എന്നാൽ, ആ ചരിത്രം പോലും തേച്ചു മായ്ച്ചു കളഞ്ഞ് ബ്രാഹ്മണ പൗരോഹിത്യത്തോട് ചേർന്ന് നിൽക്കാനായി ശൂദ്ര/നായര്‍  ജാതി ഭ്രാന്ത സംഘടന ഇളംകുളത്തിന്റെ "കേരള ചരിത്രത്തിലെ ഇരുളടഞ്ഞ എടുകൾ " എന്ന പുസ്തകം മൊത്തം വിലക്കെടുത്ത് നശിപ്പിച്ചുകളഞ്ഞു  എന്നാണ് പറയപ്പെടുന്നത്.ഒന്‍പതാം നൂറ്റാണ്ടു മുതല്‍ വിരചിതങ്ങളായ മണിപ്രവാള സാഹിത്യത്തിലെ  നിരവധി അച്ചി ചരിതങ്ങളിലും, വൈശിക തന്ത്രങ്ങളിലും, ചന്ടോത്സവങ്ങളിലും, നൂറുകണക്കിന് സന്ദേശ കാവ്യങ്ങളിലും വ്യക്തമായി പ്രതിഫലിക്കുന്ന കേരള സാമൂഹ്യ ചരിത്രത്തെ ഏതെങ്കിലും കണ്ണാടി കുത്തിപ്പൊട്ടിച്ച് പൂര്‍ണ്ണമായി താമസ്ക്കരിക്കാനാകുമോ ?

1200 വർഷത്തിലേറെ നിലനിന്ന ഗ്ലോറിഫൈഡ് വേശ്യ വൃത്തിയായി ശൂദ്ര /നായർ സമുദായം കൊണ്ടാടിയ 'സംബന്ധം' വിവാഹ ബന്ധമല്ലെന്ന് പച്ചക്ക് നമ്പൂതിരിമാർ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.(കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിന്‍റെ നായന്മാരുടെ പൂര്‍വ്വ ചരിത്രം നോക്കുക ) എന്നിട്ടും തങ്ങളുടെ സമുദായത്തിലെ സ്ത്രീകൾ അനുഭവിച്ച സഹസ്രാബ്ദത്തേക്കാൾ നീണ്ട ഈ ലൈംഗീക ചൂഷണത്തെ തള്ളിപ്പറയാനും സവർണ്ണ പൗരോഹിത്യമായ ബ്രാഹ്മണ സമുദായത്തെക്കൊണ്ട് മാപ്പു പറയിപ്പിക്കാനും ശ്രമിക്കേണ്ടതിനു പകരം സൌജന്യങ്ങളും സ്ഥാനമാനങ്ങളും സാമൂഹ്യ മേധാവിത്വവും അവിഹിതമായി നേടി,  സവർണ്ണ ജാതി ഭ്രാന്തിന്റെ പേപ്പട്ടി വളർത്തു കേന്ദ്രമായി സ്വയം മാറാനുള്ള ശൂദ്ര സമുദായ ശ്രമം സാമൂഹ്യമായും സാംസ്കാരികമായും നാം നേരിടുന്ന ഒരു വിപത്തായി കാണേണ്ടിയിരിക്കുന്നു.

ബ്രാഹ്മണ പൗരോഹിത്യം

ഏതു മതത്തിലെ പൌരോഹിത്യമായാലും ശരി, അവന്‍ പുരുഷാധികാരത്തിന്‍റെ ആരൂഡം ഉറപ്പിക്കുന്നത് സമൂഹത്തിലെ  വിശ്വാസിയായ സ്ത്രീയിലാണ്. സ്ത്രീയെ വരുതിയിലാക്കിയാല്‍ പുരുഷനെ കയറില്ലാതെ കെട്ടിയിടാം. പുരുഷനെ ഇതര സമുദായങ്ങളെ ആക്രമിക്കാനുള്ള വേട്ട പട്ടികളായി ഉപയോഗിക്കാം. അങ്ങിനെ സമൂഹത്തെ മുഴുവനായി വരുതിയിലാക്കാം. ഒരു രാജ്യത്തെ അടിമപ്പെടുത്താം. നമ്മുടെ സവർണ്ണ ഹിന്ദു മതത്തിന്റെ ശക്തി ഇങ്ങനെ ഭക്തിയിലൂടെ അടിമകളാകുന്ന സ്ത്രീ സമൂഹത്തിന്‍റെ ചരിത്രമാണെന്നു കാണാം.

സമീപകാലത്തെ മനുഷ്യ ദൈവങ്ങളെല്ലാം ഈ പുരുഷാധികാര തന്ത്രത്തില്‍ വിജയിച്ചവരാണ്. പുരുഷ ആസക്തിയുടെ ഒരു താന്ത്രിക കെട്ടുകഥയാണ് എല്ലാ മതങ്ങളുടെയും എല്ലാ ദൈവങ്ങളുടെയും ഉല്‍പ്പത്തി രഹസ്യം.

സാംസ്ക്കാരിക നവീകരണം സംഭവിക്കുന്നത് തിരിച്ചരിവുകളിലൂടെയാണ്. അതിനായി ശൂദ്ര ദേവദാസി നായര്‍ സമൂഹത്തോട് ബ്രാഹ്മണ്യം മാപ്പപേക്ഷിക്കണമെന്ന ആവശ്യം നമുക്ക് ഈ മലയാളക്കരയില്‍ നിന്നും ആരംഭിക്കാം. നാളെ, അത് ഇന്ത്യ മുഴുവന്‍ ഏറ്റെടുക്കുന്ന സാംസ്ക്കാരിക നവീകരണത്തിന്‍റെ നവോത്ഥാന പ്രസ്ഥാനമായി വളര്‍ന്നേക്കാം !

- ചിത്രകാരൻ ടി. മുരളി
- Chithrakaran T Murali T
08-11-2018
https://facebook.com/chithrakaran/