Sunday, December 30, 2007

വസ്ത്രാക്ഷേപം കാര്‍ട്ടൂണ്‍

ചിത്രകാരന്റെ ഒരു വസ്ത്രാക്ഷേപ കാര്‍ട്ടൂണ്‍‌‌.
പ്രസിദ്ധീകരിച്ചത്. ഏതിലാണെന്ന് ഓര്‍മ്മയില്ല.
17 വര്‍ഷം മുന്‍പ് വരച്ചത്.
മഹാഭാരതം ടിവിയില്‍ വന്നിരുന്ന കാലത്ത് വരച്ചത്.

Saturday, December 29, 2007

മുസ്ലീങ്ങള്‍ക്ക് വെളിച്ചമാകുന്ന തസ്ലീമ


ഇസ്ലാം മത വിശ്വാസികള്‍ക്ക് ഇപ്പോള്‍ രണ്ടു വഴിയേ ഉള്ളു.

ഒന്ന്)

പിന്നോട്ട്... താലിബാന്‍ നയിക്കുന്ന സ്വര്‍ഗ്ഗ രാജ്യത്തിലേക്ക്.

രണ്ട്)

മുന്നോട്ട്... തസ്ലീമ മുന്നോട്ടു വക്കുന്ന മാനവികമായ ആധുനിക ലോകത്തേക്ക്.


ഒരു ജന സമൂഹത്തെ രക്ഷിക്കാന്‍ ഒരു സ്ത്രീ മുന്നോട്ടു വരുന്നത് ആ സമൂഹത്തില്‍ ബുദ്ധിശക്തിയുള്ള ആണുങ്ങളെല്ലാം തിന്മയുടെ കറപുരണ്ടവരായിരിക്കുമ്പോഴാണെന്ന് ചിത്രകാരന്‍ വിശ്വസിക്കുന്നു. (ബുദ്ധി നശിച്ച് നാല്‍ക്കാലികളെപ്പോലെ സ്ഥിരം പാളങ്ങളിലൂടെ വട്ടം കറങ്ങുന്ന ഭൂരിപക്ഷജനത്തെ കണക്കിലെടുക്കേണ്ടതില്ല..)

സ്വന്തം അച്ഛനമ്മമാരുടെ സ്വത്തും,സ്ഥാനങ്ങളും,ദുരഭിമാനവും സംരക്ഷിക്കാന്‍ സ്ത്രീകളെ ഡമ്മികളാക്കിയും,ആണ്‍ ഹോര്‍മോണ്‍ കുത്തിവച്ചും പ്രദര്‍ശിപ്പിക്കുന്നതുപോലെയല്ല ... സമൂഹത്തിന്റെ നഷ്ടങ്ങള്‍ ഏറ്റെടുക്കാനും, പീഢനങ്ങള്‍ സഹിക്കാനും ഒരു സ്ത്രീ തയ്യാറായി വരുന്നത്.


അവരെ ധാര്‍മ്മികമായി പിന്തുണക്കേണ്ടതും, അവര്‍ക്കുവേണ്ടി ശബ്ദിക്കേണ്ടതും നമ്മുടെ മനസ്സിനകത്തു പ്രകാശിക്കുന്ന നന്മയുടെ വികാസത്തിന് ഒഴിച്ചുകൂടാനാകാത്തതാണ്.


നമ്മളിലെ നമയുടെ വികാസത്തിനായി തസ്ലീമയുടെ വെബ് സന്ദര്‍ശിക്കുക. അവര്‍ക്കുവേണ്ടി ...(അല്ലാ‍.. നമ്മളിലെ നന്മക്കുവേണ്ടി)... രണ്ടു വാക്ക് സംസാരിക്കുക, എഴുതുക. അല്ലെങ്കില്‍ ഒരു പോസ്റ്റിട്ട് അവരോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുക.
സുകുമാരേട്ടന്റെ ബ്ലൊഗിലെ തസ്ലീമയെക്കുറിച്ചുള്ള പൊസ്റ്റുകള്‍: ബുദ്ധ ദേവിന്റെ തിരക്കഥ , തസ്ലീമ എന്തുകൊണ്ട് വീട്ടു തടങ്കലില്‍ ?

Friday, December 28, 2007

കറുത്ത മനസ്സുകള്‍

മക്കയിലെ മണ്ണെണ്ണവിളക്കും,
ശബരിമലയിലെ മകരജ്യോതിയും,
ജീവിതത്തില്‍
പ്രകാശം നിറക്കുമത്രേ!

ഇത്രയുംകാലം സൂര്യന്‍
അലമുറയിട്ടു പ്രകാശിച്ചിട്ടും
നിറയാത്ത ഇരുട്ടിന്റെ
കുടുക്കയുമായി നടക്കുന്നവരുടെ
ഓരോ സ്വപ്നങ്ങള്‍!

ഇരുട്ടിനെ അലങ്കരിക്കാന്‍
കാക്കപ്പൊന്നും,മിന്നാമിനുങ്ങും
തുന്നിപ്പിടിപ്പിച്ച ഇരുണ്ട
സ്വപ്നങ്ങള്‍ തന്നെ വേണം.

***********************
അല്ലാ..പിന്നെ,...

ചവിട്ടിപ്പുറത്താക്കണം
നമ്മെ വറുത്തെടുക്കുന്ന
ആ പിതൃശൂന്യനെ...
സൌരയുഥത്തിന്റെ
സിംഹാസനത്തില്‍ നിന്നും.
പ്രതിഷ്ടിക്കാം നമുക്കവിടെ പവിത്രമാം
വിശ്വാസത്തിന്റെ കറുത്ത കുള്ളനെ.

പറ്റുമോ?!!!!
ഒത്തുപിടിച്ചൊന്നു ശരണം വിളിച്ചാല്‍..
ഹരഹരോ ഹര...
അല്ലാഹു അക്ബര്‍...
അല്ലേലൂയ...

Thursday, December 27, 2007

നാല്‍ക്കവലയുടെ ചിരി

അയാള്‍ക്കറിയാം...
അപരിചിതനെ നോക്കി
ഓരോ നാല്‍ക്കവലയും
ഒരു സര്‍വ്വജ്ഞ വേശ്യാചിരിയുമായി
കാത്തുനില്‍ക്കുന്നുണ്ടാകുമെന്ന്.

അവള്‍ക്കറിയാത്ത സ്ഥലമുണ്ടോ?
അവള്‍ കാണാത്ത വഴിയുണ്ടോ?,അറിവുണ്ടോ?
അവളുടെ മുന്നില്‍ പതറാത്ത ശങ്കരനുണ്ടോ?

അയാളെ മഥിക്കുന്നത് അവളുടെ
അറിവുകളെക്കുറിച്ചുള്ള അറിവാണ്.
പരിഹാസം സഹിക്കില്ല.
സ്ഥലജലഭ്രമപരിഹാസത്തിന്റെ പേരില്‍
കേവലം ഒരു വഴിക്കടചൂലിനോട്
ഇനിയൊരു കുരുക്ഷേത്രയുദ്ധം!!
...ഒരിക്കലുമുണ്ടായിക്കൂട.

അവളെ ഗൌനിക്കാതെ...
ഇടം വലം നോക്കാതെ, നേരെ...മുന്നോട്ട്.
എവിടെയെങ്കിലും ഒരു കൈചൂണ്ടി
പുഴമീനുമായി കാത്തുനില്‍ക്കുന്നുണ്ടാകും.
ഭൂമി ഉരുണ്ടതാണല്ലോ!
(അവള്‍ ഇപ്പോള്‍ കണ്ണാടിയില്‍ നോക്കി നെടുവീര്‍പ്പിടുന്നുണ്ടാകും!!!)

അയാള്‍ എത്ര നാല്‍ക്കവലകള്‍
കണ്ടിരിക്കുന്നു...എത്ര പുഞ്ഞച്ചിരികളും!

Monday, December 24, 2007

മരക്കുരിശ്

മാലോകരെ,

ചിന്തകളുടെ മുള്ളുവേലി
കാലില്‍ കുരുങ്ങി...
എനിക്കൊട്ടും നടക്കാന്‍ വയ്യ.

അടുത്തെവിടെയെങ്കിലും
ഒരു മരക്കുരിശുകിട്ടുമോ ?...
സ്വസ്ഥമായൊന്നു വിശ്രമിക്കാന്‍.

Sunday, December 23, 2007

ക്രിസ്തുവിനെ നമുക്കു മറന്നൂടെ?


തെണ്ടിയും, തല്ലുകൊള്ളിയും, ഹീനകുലജാതനുമായ ആ ആശാരി ചെക്കനെ നമുക്ക് മറന്നുകൂടേ ? അവനൊരു വീടുണ്ടോ? കുലമുണ്ടോ ആ തെരുവു തെണ്ടിക്ക് ? ഒരു നാലുകെട്ടോ എട്ടുകെട്ടോ കാണാന്‍ പോലും യോഗമില്ലാതിരുന്ന നാല്‍ക്കാലികളുടെ തൊഴുത്തില്‍ മൂത്രത്തിലേക്കും,ചാണകത്തിലേക്കും ജനിച്ചുവീണ ആശാരിച്ചെക്കനെ കുലീനവും,തറവാട്ടില്‍ ജനിച്ചവരും, മഹത്തായ പാരംബര്യമുള്ളവരുമായ കേരളത്തിലെ നസ്രാണികളായ നമ്മള്‍ ആരാധിക്കുന്നത് എന്തു വിവരക്കേടാണ് .
(നായന്മാരുടെ ആത്മീയാചാര്യനായ ചട്ടംബിസാമിയെ വേറെ ഏതെങ്കിലും സമുദായക്കാര്‍ ആചാര്യനായി ബഹുമാനിക്കാറുണ്ടോ?
സിമന്റു നാണു എന്ന് നമ്മളൊക്കെ വിളിച്ചു കൊഞ്ഞനം കുത്തുന്ന ശ്രീ നാരായണഗുരുവിനെ ഈഴവരല്ലാതെ ആരാണ് ആരാധിക്കുന്നത് ?
അയ്യങ്കാളി പട്ടികകളുടെ മാത്രം നേതാവായിരുന്നില്ലേ...?
അതുപോലെ മുക്കുവരുടേയും, ആശാരിമാരുടേയും ആത്മീയ നേതാക്കളെ നമ്മള്‍ ആരാധിക്കുന്നത് അധപ്പതനമല്ലേ?)


ഒരു ആഘോഷം എന്ന നിലയില്‍ ഹര്‍ത്താലിനെപ്പോലും നമ്മുടെ ജീവിതത്തില്‍നിന്നും നമുക്കു പറിച്ചെറിയാനാകില്ലായിരിക്കാം. അതുകൊണ്ട് നമുക്ക് ഡിസംബര്‍ 25 ആഘോഷിക്കുകതന്നെ വേണം. എന്നാല്‍ അതിന്റെ പിന്നിലുള്ള ആ കഴുവേറിയുടെ കഥ നമുക്കൊന്നു പരിഷ്ക്കരിക്കരുതോ ? വിശ്വകര്‍മ്മജരുടെ നീചകുലത്തില്പെട്ട ഒരു ആശാരിച്ചെക്കന്റെയും അവന്റെ ശിഷ്യരായ തനി തറകളായ മുക്കുവന്മാരുടേയും ആത്മീയ ദാസ്യം ഇനിയും തുടരുന്നത് ഗോഡ്‌സ് ഓണ്‍ കണ്ട്രിയില്‍ അന്തസ്സുള്ള പാരംബര്യത്തില്‍ ജീവിക്കുന്ന സവര്‍ണ്ണ ക്രിസ്ത്യാനികളായ നമുക്ക് തീരാകളങ്കം സൃഷ്ടിക്കുന്നുണ്ടെന്നകാര്യം സഭാനേതൃത്വം ജാഗ്രതയോടെ കാണേണ്ടിയിരിക്കുന്നു.

പട്ടികയില്‍ തറച്ചിരിക്കുന്ന ആശാരി ചെക്കന്റെ രൂപവും പേറി ഇനിയും റോഡിലൂടെ ഘോഷയാത്രയായി നടക്കാന്‍ വിഷമമുണ്ട്. ആശാരിച്ചെക്കന്റെ ജന്മദിനത്തിനു പകരം ആഢ്യന്‍ മുഖവും വേഷഭൂഷാധികളുമുള്ള, നല്ല നംബൂതിരി കുടവയറുള്ള സാന്റക്ലോസ്സ് അപ്പൂപ്പനെ സംബന്ധിച്ച വര്‍ണ്ണാഭമായ ഒരു കഥയുണ്ടാക്കി ... ക്രിസ്തുമസ്സ് അന്തസ്സുള്ള, അഭിമാനം പകരുന്ന ഒരു ഉത്സവമാക്കിത്തീര്‍ക്കാവുന്നതാണ്.

സാന്റക്ലോസ്സിനെ ഒരു പൂണൂല്‍ കൂടി അണിയിപ്പിച്ചാല്‍ സഭാചരിത്ര പ്രകാരമുള്ള 27 ബ്രാഹ്മണരെ കൊടുങ്ങല്ലൂരുവച്ച് ആട്ടിപ്പിടിച്ച് മാര്‍ഗ്ഗം കൂട്ടിയതിന്റെ ചരിത്രത്തെ സാധൂകരിക്കുന്ന ദീര്‍ഘദൃഷ്ടിയായി ഭാവിയില്‍ വാഴ്ത്തപ്പെടുന്നതുമാണ്.

ചരിത്രം തിരുത്തി എഴുതാന്‍ നൂറോ ഇരുന്നൂറോ കൊല്ലം മുന്‍പ് ശ്രമിച്ചു തുടങ്ങിയാലെ സാധിക്കു. അതിനാല്‍ ഇപ്പോള്‍ തന്നെ ആ ശ്രമം തുടങ്ങുന്നതാണ് ബുദ്ധി.


മന്ദബുദ്ധികളുടെ നാടായ ഇന്ത്യയില്‍ ബുദ്ധിയുള്ളവര്‍ പറയുന്നതാണ് ചരിത്രം. ജനം തോണ്ടതോടാതെ എന്തും വിഴുങ്ങിക്കൊള്ളും. യൂറോപ്പിലും അമേറിക്കയിലുമൊക്കെ.. അവര്‍ക്ക് നാണക്കേടില്ലെങ്കില്‍ ആശാരിമാരുടെ ഈ ദൈവത്തെ ആരാധിക്കട്ടെ . നമുക്ക് പൂണൂലിട്ട സന്റക്ലോസ്സിനെ മതി.


ഇന്ത്യയില്‍ ബുദ്ധനെ നോക്കു... കറിവേപ്പിലപോലെ വലിച്ചെറിയാന്‍ ബ്രാഹ്മണര്‍ക്കു കഴിഞ്ഞില്ലേ ? ബുദ്ധനെന്താ ജന്മദിനമില്ലാഞ്ഞിട്ടാണോ ? ബുദ്ധന്റെ ജന്മദിനം പത്തുദിവസത്തിലേറെ ഒരുകാലത്ത് ഇന്ത്യയില്‍ ആഘോഷിച്ചിരുന്നില്ലെ? ഒക്റ്റോബര്‍ മാസത്തിലെ നവരാത്രി ആരംഭവും, പൂജാദിനങ്ങളും,നവമിയും ബുദ്ധന്റെ ജന്മദിനമായ വിജയദശമിയുമൊക്കെ എത്ര ഭംഗിയായാണ് നമ്മുടെ ബ്രാഹ്മണ ശ്രേഷ്ടന്മാര്‍ വിദ്യാരംഭ ദിനമായി മറിച്ചെടുത്തത് !!!

മഹാബലിയുടെയും വാമനന്‍ നംബൂതിരിയുടേയും കഥയുണ്ടാക്കി തിരുവോണത്തിന്റെ അപ്പനായിരുന്നിട്ടുകൂടി അവര്‍ക്ക് ബുദ്ധനെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്താനായില്ലേ...?

ബുദ്ധനെ ഇന്ത്യന്‍ മനസ്സില്‍ നിന്നും കറിവേപ്പിലപോലെ വലിച്ചെറിയാന്‍ കുറച്ചു ഐതിഹ്യങ്ങള്‍ ഉണ്ടാക്കേണ്ടിവന്നു എന്നല്ലാതെ എന്തു ചിലവാണ് അവര്‍ക്കുണ്ടായത് ? നാളത്തെ നിയമമുണ്ടാക്കാന്‍ ഇന്ന് കുറച്ച് ആചാരങ്ങളുണ്ടാക്കുക, അതിന്റെ പുലിപ്പാല്‍ കഥകളും.അത്രേ വേണ്ടു.


സാന്റക്ലോസ്സ് സ്വര്‍ഗ്ഗത്തില്‍ നിന്നും വിദേശ മദ്യവും,പന്നിയിറച്ചിയും,മധുരപലഹാരങ്ങളുമായി ... ക്രിസ്ത്യാനികളെ കാണാന്‍ വരുന്ന സന്തോഷത്തിന്റേയും സ‌മൃദ്ധിയുടേയും ദിനമായി ആഘോഷിക്കുക. സന്റാക്ലോസ്സിന്റെ വരവിനെ അറിയിച്ചുകൊണ്ട് ദിവ്യനക്ഷത്രം വാനില്‍ ഉദിച്ചുനില്‍ക്കുന്നു. ഇനി സാന്റാക്ലോസ്സിന്റെ ചിത്രം ആരു വരക്കുംബോളും ഒരു പൂണൂല്‍ വരച്ചുചേര്‍ക്കണമെന്ന് അരമനകളില്‍ നിന്നും ഉടന്‍ അറിയിപ്പുണ്ടാകും.

ആമേന്‍....
ഇനിപറയു... ബുദ്ധനെ ഇന്ത്യ മറന്നതുപോലെ നമുക്ക് ആ ആശാരി ചെക്കനേയും മറന്നൂടെ ?!


ഏവര്‍ക്കും ചിത്രകാരന്റെ ക്രിസ്തുമസ്&പുതുവര്‍ഷ ആശംസകള്‍ !!!

Friday, December 14, 2007

ടിന്നിലാക്കിയ മത്തി, അരവണ, സൌന്ദര്യം...

തേക്കിലയില്‍ പൊതിഞ്ഞ
മത്തിക്കു പോലും
ചെറിയൊരു കുലീനത്വമുണ്ട്.
കടലാസില്‍ പൊതിഞ്ഞാല്‍ തറവാടിത്വമായി.
പാക്കറ്റിലാക്കിയാല്‍ ആഢ്യത്വമായി.
വെറും കയ്യില്‍ മലര്‍ത്തിപ്പിടിച്ചു
നടന്നാല്‍...നാണക്കേടായി.
കാക്ക കൊണ്ടോവും മാനം.

അരവണ ടിന്നിലാക്കുംബോള്‍
കോടികളൊഴുകും.
പരിപാവന പ്രസാദമാകും-
പാതിവെന്ത അരി,
ഈച്ച,പാറ്റ,എലിവാല്‍... !!!
കയ്യിലൊഴിച്ചുകൊടുത്താല്‍...
നക്കിയ മിച്ചം തൂണില്‍ തേക്കും,
കല്ലിലും,ദ്വാരപാലകന്റെ തുടയിലും.
വേണ്ടായിരുന്നു..ഈ പണ്ടാര പായസം ..
കയ്യിലൊട്ടുന്നു.
പവിത്രതക്ക് ടിന്നും,
പണവും,കരിഞ്ചന്തയും അകംബടി.

പാക്കറ്റില്ലെങ്കില്‍ സൌന്ദര്യമില്ല...
മൂല്യമില്ല.
പാക്കറ്റാണു മൂല്യം;
മൂല്യമാണു പാക്കറ്റ്.
സ്നേഹത്തിനു: കാപട്യം മൂല്യം;
സൌഹൃദത്തിനു: വഞ്ചന;
കലക്കും,സാഹിത്യത്തിനും: ധ്വനി,മൌനം,നിരൂപകന്‍;
ആത്മീയതക്ക്:മനുഷ്യ ദൈവങ്ങള്‍,പൂജാരിമാര്‍;
ദൈവത്തിന്:മതങ്ങള്‍,ദേവാലയങ്ങള്‍;
ജോലിക്ക് : ശംബളക്കവറുകള്‍, കഴുത്തിലെ കയറുകള്‍........

സത്യത്തിനു മാത്രം പൊതിയില്ല...!!
സത്യം... അതാര്‍ക്കും വേണ്ടാത്ത,
പൊതിയാത്ത വസ്തു.
മൂല്യമില്ലാത്ത വസ്തു !
കണ്ടാലും,തൊട്ടാലും...
പൊള്ളുന്ന,മാനം‌പോക്കുന്ന,
അയിത്തമാക്കുന്ന സത്യം.

(ജീവിത വിജയത്തിന് -?-ആവശ്യമായ പാഠങ്ങള്‍ അഥവ പാക്കറ്റ് വിജ്ഞാനം.)

Thursday, December 6, 2007

ഭ്രാന്ത്

കെട്ടുവിട്ട പട്ടങ്ങള്‍ക്ക്
സാന്ത്വനം നല്‍കുന്ന
അത്താണിയാണ് ഭ്രാന്ത്.

പ്രതിബദ്ധതകളില്ലാതെ,
പ്രതിബന്ധങ്ങളില്ലാതെ,
തുടക്കവും ഒടുക്കവുമില്ലാതെ...
കാലത്തിന്റെ തൊട്ടിലില്‍
തലപൂഴ്ത്തിക്കിടക്കുന്ന ഭ്രാന്ത് !

ലൈംഗീകതയുടെ വര്‍ണ്ണച്ചുവയുള്ള
ബിംബങ്ങളുടെ ഈച്ചയാര്‍ക്കുന്ന
സൂര്യഗോളത്തിനുചുറ്റും
കറങ്ങുന്ന വസ്തുക്കള്‍...
ബിംബങ്ങള്‍,ചപ്പുചവറുകള്‍,
ആശയ ശവക്കഷ്ണങ്ങള്‍.

മിനുമിനുത്ത ആകാശം,
പ്രകാശവേഗം
വഴുതി നീങ്ങുന്ന വഴികള്‍.
ബ്രേക്കില്ലാത്ത ഒഴുക്കില്‍
നിലവിളിച്ച്.

എന്നാലും ഭ്രാന്ത്...
ഉറങ്ങാതെ...തല ചായ്ക്കാന്‍
പറ്റിയ സ്ഥലമാണ്.

ഉണര്‍ന്നിരുന്ന്
ഭ്രാന്തില്‍ ഊളിയിടുന്ന
ചിത്രകാരന്റെ ഭ്രാന്ത്.
(ആരും പരീക്ഷിക്കരുതേ....!!!)