കപ്യാര്‍ ചാണ്ടിച്ചേട്ടന്‍ നിലവിളിക്കാന്‍ ശ്രമിച്ചു.ശബ്ദമുണ്ടായില്ല.
കിതപ്പു മാത്രം.
പിന്നെ, വിയര്‍ത്തു കുളിച്ച് ഇടറുന്ന കാലുകളുമായി.. അരമനയിലേക്കോടി.
അച്ഛന്റെ കൂര്‍ക്കം വലി അതിന്റെ ഉച്ചാവസ്ഥയിലാണ്.
അച്ഛന്റെ ഉറക്കത്തിന് ഭംഗം വരുത്തിയാലുണ്ടായേക്കാവുന്ന ഭവിഷ്യത്തുക്കളോര്‍ത്തപ്പോള്‍ ധൈര്യം വന്നില്ല.
ഒരു പക്ഷെ... തനിക്കു തോന്നിയതായിരിക്കും.- ചാണ്ടിച്ചേട്ടന്‍ തന്റെ ബോധത്തെ അവിശ്വസിക്കാന്‍ ശ്രമിച്ചു.അയാള്‍ ജീവിതത്തിലാദ്യമായി ആത്മാര്‍ത്ഥതയോടെ കര്‍ത്താവിനെ വിളിച്ചു പ്രാര്‍ത്ഥിച്ചു.
"കര്‍ത്താവെ, ഈ പാവം ചാണ്ടിയെ ഇങ്ങനെ പരീക്ഷിക്കരുതേ"
അരമന വാതിലില്‍ മുട്ടാനോങ്ങിയ കൈ പിന്‍വലിച്ച് ,പള്ളിയിലേക്ക് തിരിച്ചു നടന്നു.
വീണ്ടും കുരിശിനു മുന്നിലെത്തിയപ്പോള്‍ ചാണ്ടിച്ചേട്ടന്‍ നിന്നു വിറച്ചു.
കുരിശിലേക്ക് നോക്കാന്‍ ധൈര്യം വരുന്നില്ല. കനത്ത ഭാരം കൊണ്ട് തല മാറില്‍ അമര്‍ന്ന് വേദനയുണ്ടാക്കുന്നു. കണ്‍ പോളകള്‍ ആരോ വലിച്ചടക്കുന്നു.
ഒരു നിമിഷം.... ഹൃദയത്തിന്റെ മൂലയിലെവിടെയോ ഊറിക്കൂടിയ ശക്തി സംഭരിച്ച് അയാള്‍ കുരിശ്ശിലേക്കു നോക്കി.
"എന്റെ കര്‍ത്താവേ"
ചാണ്ടിച്ചേട്ടന്‍ ഞെട്ടി... വീണ്ടും ഞെട്ടി.
കാരണം ചാണ്ടിച്ചേട്ടനു തെറ്റു പറ്റിയിട്ടില്ല -
സത്യമായും ദൈവപുത്രന്റെ അഭാവത്താല്‍ കുരിശ്ശ് ശൂന്യമായിയിരിക്കുന്നു.
ശൂന്യമായ കുരിശ് ചാണ്ടിച്ചേട്ടനെ ഭയപ്പെടുത്തി.ശൂന്യമായ കുരിശ് കൈകള്‍ നീട്ടി ശുദ്ധനായ ചാണ്ടി ചേട്ടനു സ്വാഗതമോതി. ശൂന്യമായ കുരിശില്‍ ചാണ്ടിച്ചേട്ടനെ ചേര്‍ത്തമര്‍ത്തി കത്തനാരും, കമ്മിറ്റിക്കാരും ആണിയടിക്കുന്ന രംഗം ഒരു ദുസ്വപ്നത്തിലെന്നപോലെ ചാണ്ടിച്ചേട്ടന്റെ മനോമുകുരത്തില്‍ തെളിഞ്ഞു. തന്റെ പ്രിയതമ അന്നാമ്മ അതു കണ്ടു നില്‍ക്കുന്ന രംഗം കൂടിയായപ്പോള്‍ ചാണ്ടിച്ചേട്ടന് ഒന്നിടവിട്ട് ഞെട്ടാതിരിക്കാന്‍ തരമില്ലാതായി.
ഞെട്ടിക്കൊണ്ടു നിന്ന ചാണ്ടിച്ചേട്ടനു ദൈവാനുഗ്രഹത്താല്‍ വെളിപാടുണ്ടായി. വെളിപാടിന്റെ ധൈര്യത്തില്‍ അയാള്‍ കുരിശിനടുത്തേക്കു ചെന്നു.
ദൈവപുത്രന്റെ കാലില്‍ തറച്ചിരുന്ന ആണി താഴെ ചുവന്ന ഇനാമല്‍ പെയിന്റില്‍ കുളിച്ചു കിടക്കുന്നു.പതിവായി ആഴ്ച്ചപ്പതിപ്പുകളിലെ അപസര്‍പ്പക നോവല്‍ വായിക്കാറുള്ള ചാണ്ടിച്ചേട്ടന്‍ കാര്യത്തിന്റെ ഗൌരവം മനസ്സിലാക്കി, അവസരത്തിനൊത്തുയര്‍ന്നു.
ചാണ്ടിച്ചേട്ടന്‍ നിലത്തോടു ചേര്‍ന്നു കിടന്നു. ദൈവ പുത്രന്റെ പാദരേണുക്കള്‍ പരിശോധിച്ച് ദൈവപുത്രന്‍ പുറത്തുപോയ വഴി ഗണിച്ചുണ്ടാക്കി. ആ വഴിയിലൂടെ ചാണ്ടിച്ചേട്ടന്‍ ഇഴഞ്ഞു. വരാന്തയും,ചെമ്മണ്ണു പുരണ്ട നിരത്തും നീന്തി ദേശീയ പാത സന്ധിക്കുന്ന വിശാല വീഥിയിലെത്തി. മെര്‍ക്കുറി വിളക്കുകളുടെ പ്രഭയില്‍ കണ്ണുകള്‍ ദൈവപുത്രന്റെ നിഴലിനുവേണ്ടി അലഞ്ഞു.
അവസാനം.... ട്രാഫിക് കുടക്കു കീഴിലിരുന്ന് തിരുമുറിവുകളില്‍ തുപ്പല്‍ പുരട്ടിക്കൊണ്ട് ഖിന്നനായിരിക്കുന്ന ദൈവപുത്രനെ ചാണ്ടിച്ചേട്ടന്‍ കണ്ടുപിടിച്ചു.
ചാണ്ടിച്ചേട്ടനുവന്ന അരിശത്തിനു കണക്കില്ല.കാല്‍മുട്ടും, ഉള്ളം കയ്യും പൊട്ടി നീറ്റലടിക്കുന്നു.
"ഈ ചെക്കന്റെ ഓരോ തോന്നിവാസങ്ങള്‍ ... മനുഷ്യനെ മെനക്കെടുത്താന്‍..."
ദൈവപുത്രന്റെ കൈക്ക് പിടിച്ചുവലിച്ചുകൊണ്ട് ചാണ്ടിച്ചേട്ടന്‍ പള്ളിയിലേക്ക് നടന്നു. തേങ്ങിക്കൊണ്ട് ദൈവപുത്രനും. കളവു കാണിച്ചു നടക്കുന്ന സ്കൂള്‍ കുട്ടിയോട് രക്ഷിതാവ് ആജ്ഞാപിക്കുന്നതുപോലെ ചാണ്ടിച്ചേട്ടന്‍ ഉത്തരവിട്ടു:" ഉം... കുരിശീകേറ്"
ദൈവപുത്രന്‍ കരഞ്ഞു.. തിരുമുറിവുകളിലേക്കും ചാണ്ടിച്ചേട്ടന്റെ മുഖത്തേക്കും മാറി മാറി നോക്കി. കൈത്തണ്ടകൊണ്ട് ചീരാപ്പു തുടച്ചു.ചാണ്ടിച്ചേട്ടന്‍ കണ്ണുരുട്ടി. ഗത്യന്തരമില്ലാതായപ്പൊള്‍ ദൈവപുത്രന്‍ കുരിശില്‍ കയറി നിന്നു. ആണികളെല്ലാം യഥാസ്ഥാനത്ത് ഉറപ്പിച്ചശേഷം ചാണ്ടിച്ചേട്ടന്‍ നെടുതായി നിശ്വസിച്ചു.പിന്നെ ദൈവത്തോടു പ്രാര്‍ത്ഥിച്ചു:
"കര്‍ത്താവേ, ഇങ്ങനൊരു പരീക്ഷണം ചാണ്ടീടെ ജീവിതത്തിലാദ്യ.... ഈ കുഞ്ഞാടിന്റെ കഞ്ഞിമുട്ടിക്കല്ലെ"
ചാണ്ടിച്ചേട്ടന്‍ പ്രഭാത കുര്‍ബാനക്കുള്ള മണി മുഴക്കി.
ദൈവപുത്രന്റെ മുറിവുകളില്‍നിന്നും പതിവുപോലെ രക്തമൊലിച്ചു.
