Tuesday, February 19, 2008

ചിരിക്കുന്ന ബുദ്ധന്‍

ഇതൊരു ബുദ്ധനാണെന്ന് ചിത്രകാരന് അറിയുമായിരുന്നില്ല. അഞ്ചാറു വര്‍ഷം മുന്‍പ് തിരുവനന്തപുരത്ത് ഒരു സ്റ്റേഷനറിക്കടയില്‍ നിന്നും അതിന്റെ ശില്‍പ്പഭംഗിയും വിലക്കുറവും കണ്ട് അകൃഷ്ടനായി വാങ്ങിപ്പോയതാണ്. പിന്നീട് ഏതോ മാഗസീനില്‍ വന്ന ഫുങ്ഷെ വാസ്തുശാസ്ത്രത്തെക്കുറിച്ചുള്ള ലേഖനത്തില്‍നിന്നും ഇതു ചിരിക്കുന്ന ബുദ്ധനാണെന്നും, വാതിലിനെ അഭിമുഖീകരിച്ചു നില്‍ക്കുന്ന നിലയില്‍ ഇവനെ വച്ചാല്‍ സാംബത്തികാഭിവൃദ്ധിയുണ്ടാകുമെന്നും തിരിച്ചു വച്ചാല്‍ നമ്മുടെ പണം നാട്ടുകാര്‍ കൊണ്ടോകുമെന്നൊക്കെ വായിച്ചറിഞ്ഞു. വിശ്വാസി അല്ലെങ്കിലും പണത്തോടുള്ള ലോഹ്യം അവസാനിപ്പിക്കാന്‍ ഇഷ്ടമില്ലാത്തതിനാല്‍ ചിരിക്കുന്ന ബുദ്ധനെ പ്രവേശനമാര്‍ഗ്ഗത്തിന് പുറംതിരിഞ്ഞ് വക്കാന്‍ ഒരു വല്ലായ്മ. വിശ്വാസം സ്വാര്‍ത്ഥമോഹങ്ങളുടെ അരികുപറ്റി മനസ്സിനകത്തേക്ക് ഇഴഞ്ഞുകയറുന്നതിന്റെ ഒരു ഉദാഹരണമായി ഈ ബുദ്ധനെ ഇവിടെ സൂക്ഷിക്കുന്നു.
ഒരു ആത്മ വിമര്‍ശനം!

Sunday, February 17, 2008

ചലച്ചിത്രകാരന്‍ പി.എന്‍.മേനോന്‍


പാലിശ്ശേരി നാരായണന്‍‌കുട്ടിമേനോന്‍ എന്ന പി.എന്‍.മേനോന്‍ മലയാള സിനിമയെ ക്രിത്രിമ സ്റ്റുഡിയോ അകത്തളങ്ങളില്‍നിന്നും പച്ചയായ ജീവിതത്തിന്റെ പകല്‍‌വെളിച്ചത്തിലേക്ക് പിടിച്ചിറക്കികൊണ്ടുവന്ന മലയാളത്തിന്റെ വിപ്ലവകാരിയായ ചലച്ചിത്രകാരനാണ്. ഇന്നത്തെ മാതൃഭൂമി വാരാന്ത്യപ്പതിപ്പില്‍ (17-2-08) ഓര്‍മ്മകള്‍ നഷ്ടപ്പെട്ട് കൊച്ചിയിലെ ഒരു ഫ്ലാറ്റില്‍ ശയ്യാവലംബനായിരിക്കുന്ന കഴിഞ്ഞുകൂടുന്ന പി.എന്‍.മേനോനെക്കുറിച്ച് നല്ലൊരു ലേഖനം സംജദ് നാരായണന്‍ എഴുതിയിരിക്കുന്നു. റോസി,ഓളവും തീരവും,കുട്ട്യേടത്തി,ചെംബരത്തി....തുടങ്ങി നല്ലമലയാള സിനിമകളിലൂടെ മലയാള ചലച്ചിത്രത്തിന്റെ ചരിത്രമായിമാറിയ പി.എന്‍. മേനോനെ അദ്ദേഹത്തിന്റെ വാര്‍ദ്ധക്യകാലത്ത് വേണ്ടവിധം മലയാളി ശ്രദ്ധിക്കുന്നില്ലല്ലോ എന്നു ചിന്തിച്ചിരിക്കെ വന്ന ഈ ലേഖനത്തിന് മതൃഭൂമിയോട് നന്ദി. കേരളത്തിന്റെ സാംസ്കാരിക വകുപ്പു് ആ മഹാനായ മലയാളിചലച്ചിത്രകാരനെ വേണ്ടവിധം പരിഗണിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

(ഭരതന്‍ വരച്ച പി.എന്‍.മേനോന്റെ ഛായചിത്രവും, അടുത്ത റൂമില്‍ ഓര്‍മ്മയറ്റുകിടക്കുന്ന പി.എന്‍.മേനോനുമാണ് ചിത്രത്തില്‍)

Wednesday, February 13, 2008

ബ്ലൊഗിലെ പൂച്ചക്കുട്ടി വനിതയില്‍ !


em എന്ന മീനാക്ഷിയെക്കുറിച്ച് ഈ മാസത്തെ വനിതയില്‍ (2008ഫെബ്രുവരി 15-29)ഒരു ലേഖനം കാണാനിടയായി. ചൂടോടെ അതു ബൂലോകരെ അറിയിക്കുന്നു.കംബത്സ്സീവ് കണ്‍ഫെസ്സര്‍ എന്ന ബ്ലോഗെഴുതുന്ന മീനാക്ഷി പ്രശസ്ത മലയാള സാഹിത്യകാരനായ എന്‍.എസ്.മാധവന്റേയും,ഔട്ട്‌ലുക്ക് വാരികയില്‍ പത്രപ്രവര്‍ത്തകയായ ഷീല റെഡ്ഡിയുടേയും മകളാണ്. ജീവിതത്തോടും,ലോകത്തോടും സത്യസന്ധത പുലര്‍ത്തുന്നതില്‍ മീനാക്ഷി പ്രകടിപ്പിക്കുന്ന ആര്‍ജ്ജവത്വം ഇന്നത്തെ സമൂഹത്തിന് ഞെട്ടലുണ്ടാക്കുന്ന വിധം നിര്‍മ്മലമാണെന്നതാണ് മീനാക്ഷിയുടെ വ്യക്തിത്വമഹിമ. ആ മഹിമ നമ്മുടേ സദാചാരവാദികള്‍ക്ക് ആര്‍ക്കും സ്വപ്നംകാണാന്‍പോലും കഴിയില്ല എന്നതാണ് സമൂഹത്തിന് മീനാക്ഷിയില്‍നിന്നും പലതും പഠിക്കാനണ്ട് എന്ന് നമ്മേ ഓര്‍മ്മിപ്പിക്കുന്നത്. മീനാക്ഷിയുടെ കമ്പത്സ്സീവ് കണ്‍ഫെസ്സര്‍ ബ്ലോഗിലേക്കുള്ള ലിങ്ക്.
വനിതയിലെ സാധാരണമായ ഒരു അഭിമുഖമാണെങ്കിലും ബ്ലോഗിങ്ങിനു പ്രചാരം ലഭിക്കാന്‍ കാരണമാക്കുന്ന ഒരു സംഗതിയായതിനാല്‍ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപത്തിന്റെ ലിങ്കുകള്‍ താഴെ കൊടുക്കുന്നു. ചിത്രകാരന്‍ ഇതില്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നതിന് മീനാക്ഷി എന്ന വ്യക്തി/ബ്ലോഗര്‍ ഒരു മാതൃകയാണെന്ന് ഉയര്‍ത്തിക്കാട്ടുന്നു എന്ന് തോന്നരുത്. മീനാക്ഷിയുടെ സത്യസന്ധതയിലാണ് ചിത്രകാരന്റെ സൌന്ദര്യ ദര്‍ശനം. മറ്റെല്ലാം അവരുടെ വ്യക്തി സ്വാതന്ത്ര്യം!
വ്യക്തി സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നു. സത്യസന്ധതയെ വിലമതിക്കുന്നു.

Tuesday, February 5, 2008

സംവരണ വിരുദ്ധരുടെ പുതിയ യുദ്ധമുറ

സംവരണ വിരുദ്ധരുടെ പീഡിതവേഷംകെട്ടലിനെക്കുറിച്ച് വളരെ കാലികപ്രസക്തമായ ഒരു ലേഖനം മാത്രുഭൂമി ആഴ്ച്ചപ്പതിപ്പില്‍ പി.സായിനാഥിന്റെ ലേഖനത്തിന്റെ പരിഭാഷയായി ശ്രീ.കെ. ആനന്ദ് എഴുതിയിരിക്കുന്നു. ഇന്ത്യന്‍ സവര്‍ണ്ണത തങ്ങളുടെ ഭീകരമായ മുഖം മാനവികതയുടെ മുഖാവരണംകൊണ്ട് ജന സ്വീകാര്യമാക്കുന്ന സൂത്രവിദ്യ നടത്തുംബോള്‍ ഇന്ത്യയിലെ ദളിത ജനതയുടെ രക്തം ഇനിയും ഊറ്റിക്കുടിക്കാനുള്ള അടങ്ങാത്ത സവര്‍ണ്ണ ദാഹമാണ് പ്രകടിപ്പിക്കുന്നത്. സംവരണത്തിനെതിരെയുള്ള സവര്‍ണ്ണരുടെ യോഗ്യതാവാദത്തിന് പ്രത്യക്ഷത്തില്‍ ന്യായത്തിന്റെ വശമുണ്ടെന്ന് സംവരണ സമുദായങ്ങളില്‍ പെട്ട ജനങ്ങള്‍തന്നെ തെറ്റിദ്ധരിച്ചുപോകുന്നവിധമുള്ള ഈ പുതിയ ജാതിയുദ്ധം ചെറുക്കപ്പെടേണ്ടതുതന്നെയാണ്.
ഇന്നു പുറത്തിറങ്ങിയ(5-2-08 ) മാത്രുഭൂമിവീക്കിലിയിലെ സായിനാഥിന്റെ ലേഖനം വായിക്കാന്‍ താഴെക്കൊടുത്ത ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക.
വരേണ്യതയുടെ വിവേചന സൂത്രം- പേജ് രണ്ട്
വരേണ്യതയുടെ വിവേചന സൂത്രം- പേജ് മൂന്ന്
വരേണ്യതയുടെ വിവേചന സൂത്രം - പേജ് നാല്

Friday, February 1, 2008

കൊലപാതങ്ങളുടെ കാരണങ്ങള്‍ പഠിക്കുകതന്നെ വേണം

കൊലപാതകങ്ങള്‍ കണ്ണൂരിലായാലും മാറാടിലായാലും അതിന്റെ കാരണങ്ങളെക്കുറിച്ച് പഠിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. ഉരുക്കുമുഷ്ടികൊണ്ട് എത്ര മൂടിവച്ചാലും കാരണങ്ങള്‍ അവശേഷിക്കുന്ന കാലത്തോളം കൊലപാതകങ്ങള്‍ ആവര്‍ത്തിക്കപ്പെടുമെന്നതിനാല്‍ സാമൂഹ്യ ശാസ്ത്രജ്ഞര്‍ ഇത്തരം പ്രശ്നങ്ങളില്‍ ആഴത്തില്‍ ഇറങ്ങേണ്ടതും, അവരുടെ കണ്ടെത്തലുകള്‍ സമൂഹത്തിന്റെ മുന്നില്‍ സമൂഹത്തിനു നല്‍കേണ്ടതും കൊലപാതക പരംബരകളുടെ അര്‍ത്ഥശൂന്യത ജനത്തിനു ബോധ്യപ്പെടാന്‍ ആവശ്യമാണ്.

കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിനുപിന്നില്‍ സാമൂഹ്യവും,സാംസ്കാരികവുമായ കാരണങ്ങളുണ്ട്. കണ്ണൂരിലെ കൊലപാതക പരംബരകളുടെ 1968 മുതല്‍ 2002 വരെയുള്ള ചരിത്രം (166 പേര്‍ കൊല്ലപ്പെട്ടു.) വിശകലനം ചെയ്ത് പഠിച്ച കണ്ണൂര്‍ എസ്.എന്‍.കോളേജിലെ പൊളിറ്റിക്സ് വിഭാഗം മേധാവി ഡോ.ടി.ശശിധരന്‍ മഹത്തായ സാമൂഹ്യ സേവനമാണു ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ ഗവേഷണ വിഷയത്തെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച മാത്രുഭൂമിയേയും(ഫെബ്രുവരി ഒന്ന് 2008) അഭിനന്ദിക്കേണ്ടിയിരിക്കുന്നു. മാതൃഭൂമി ലേഖകന്‍ വി.യു.മാത്യുക്കുട്ടിയേയും.

ഈ കൊലപാതക പരംബരകള്‍ കണ്ട് സഹിക്കാനാകുന്നത് എങ്ങിനെയാണെന്ന് ചിത്രകാരന്‍ അതിശയിക്കുന്നു. അത്രയും ജനസംഖ്യയുള്ളതുകൊണ്ടാണോ അതോ, ജനങ്ങള്‍ക്കിടയിലെ ജാതീയമായ മതിലുകളുടെ കാഠിന്യകാരണമാണോ ? നമുക്കിത് നാല്‍പ്പതു വര്‍ഷമായിട്ടും നിര്‍ത്താന്‍ കഴിയാത്തത് !! ജനത്തിന്റെ മനസ്സക്ഷി ഉണരാത്തതിന്റെ കാരണം തേടേണ്ടത് കലാ-സാഹിത്യകാരന്മാരുടെ(അങ്ങിനെയൊരു ജന്തുവിഭാഗം ഇല്ലാത്തതുകൊണ്ടായിരിക്കുമോ?) കര്‍ത്തവ്യമാണ് .
ചിത്രകാരന് കണ്ണൂരിലെ കൊലപാതക പരംബരകളിലുള്ള ആശങ്ക രേഖപ്പെടുത്തുന്നതിനായി 1993 ല്‍ വരച്ച ചിത്രമാണ് ബോംബേന്തിയ മനുഷ്യന്‍ എന്ന പെയിന്റിങ്ങ്.