Monday, February 26, 2018

നങ്ങേലിയെ മായ്ച്ചുകളയാന്‍ ആകുമോ ?"നങ്ങേലി" എന്ന പേരില്‍ മുലമുറിച്ച് ആത്മത്യാഗം ചെയ്ത ഒരു സ്ത്രീ കേരളത്തില്‍ ജീവിച്ചിരുന്നിരിക്കാന്‍ യാതൊരു സാധ്യതയുമില്ലെന്ന് ഒരു അലോപ്പതി ഡോക്ടര്‍ ചരിത്ര രേഖകള്‍ പരിശോധിച്ച്, ഉദ്ദരിച്ച്  തീരുമാനിച്ചതായി അയാളുടെ FB പോസ്റ്റിലൂടെ പ്രഖ്യാപിച്ചിരിക്കുന്നു.

കഷ്ടകാലത്തിന്  ഈ  ചിത്രകാരന്‍ 2012-'13 കാലത്ത്  "മുലച്ചിപ്പറബ്" എന്നൊരു സ്ഥലനാമം ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍ ഉണ്ടെന്നറിഞ്ഞു "മുലച്ചി പറമ്പ്" പലപ്രാവശ്യം സന്ദര്‍ശിച്ചിരുന്നു.  നങ്ങേലിയുടെ തമസ്ക്കരിച്ച ചരിത്രത്തെ  പോതുബോധത്തിലെത്തിക്കാന്‍ നങ്ങേലി ചിത്ര പരമ്പരയില്‍ മൂന്നു ചിത്രങ്ങളും വരച്ചിരുന്നു. വരയ്ക്കുന്ന ചിത്രങ്ങളെല്ലാം അപ്പപ്പോള്‍ "ചിത്രകാരന്‍" ബ്ലോഗിലും, ഫേസ് ബുക്കിലും പോസ്റ്റു ചെയ്തതിനാല്‍ ടൈംസ് ഓഫ് ഇന്ത്യ മുബൈ (2016 മാര്‍ച്ച് 7), ദില്ലിയിലെ  BBC യില്‍ നിന്നടക്കം  (2017 ജൂലായ് 28 ) മാധ്യമ രംഗത്തുനിന്നും   തുടര്‍ ചലനങ്ങളുണ്ടാകാന്‍ ഇടവന്നു.


കേരള  ലളിതകല അക്കാദമി ഗ്യാലറികള്‍, തിരുവനന്തപുരത്തെ ഫ്രഞ്ച് എംബസിയുടെ കള്‍ച്ചറല്‍ സെന്‍റര്‍, എന്നിവിടങ്ങളിലായി കേരളത്തില്‍ 17 ഗ്യാലറികളിലായി നങ്ങേലി ചിത്രങ്ങള്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടക്ക് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വെറും മൂന്നു  നങ്ങേലി ചിത്രങ്ങള്‍ മാത്രമല്ല, കഴിഞ്ഞ 1200 വര്‍ഷക്കാലം  കേരളത്തെ ഒരു  ജാതി ഭ്രാന്താലയമാക്കിയ ബ്രാഹ്മണ പൌരോഹിത്യത്തിന്‍റെ പുരുഷാധിപത്യ സാമൂഹ്യ ചൂഷണങ്ങളുടെ മനുഷ്യത്വ രഹിതമായ  ചരിത്രം വരച്ചു കാട്ടുന്ന നാല്‍പ്പതോളം ചിത്രങ്ങള്‍ പ്രദര്‍ശനങ്ങളില്‍ അടങ്ങിയിരുന്നു. ആദ്യ ഘടു എന്ന നിലയില്‍  അവയില്‍  35 ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി "അമണ" എന്ന പേരില്‍ ഒരു ചിത്ര സമാഹാരവും 2016 മാര്‍ച്ചില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍,  ഇതെല്ലാം തൃ കാല  ജ്ഞാനിയായ  ഒരു  ഡോക്ടര്‍ കണ്ണിമവെട്ടാതെ നോക്കിയിരിക്കുന്നുണ്ടായിരുന്നു എന്ന സത്യം ഇപ്പഴാണ് അറിയുന്നത്  !!
ഞാനിനി എന്ത് ചെയ്യും, ശ്രീ.ശ്രീ.ഡിംങ്ക ഭഗവാനെ  !!

"നങ്ങേലി ചിത്രങ്ങള്‍ വേസ്റ്റ്"

നങ്ങേലി ഒരു  ഈഴവ  സ്ത്രീ ആയിരുന്നു എന്നതിനോടാണ് ഡോക്ടര്‍ക്ക് സഹിക്കാനാകാത്ത കലിപ്പ്. വേറെയും ധാരാളം കണ്ണകിമാരുടെ ഡ്യൂപ്പുകളും, ഒറ്റമുലച്ചിമാരും, മലഅരയരിലെ മുലക്കരത്തിനെതിരെ പോരാടിയ മഹാ ത്യാഗികളായ മഹിളകളും തിരുവിതാംകൂറിന്‍റെ കിരാത സവര്‍ണ്ണ ശൂദ്ര രാജാക്കന്മാരുടെ ഭരണ വാഴ്ച്ചക്കാലത്ത് മുല മുറിച്ചവരായി  ഗതികിട്ടാത്ത ആത്മാക്കളായും പാതി വെന്ത  മിത്തുകളയും ചരിത്രത്തിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ട്, സവര്‍ണ്ണ ചരിത്രകാരന്മാരാല്‍ അംഗീകരിക്കപ്പെടാതെ പൊതുബോധത്തില്‍  ഉണ്ടെന്നു "നിസ്പച്ചതയുടെ" പേരില്‍ സമ്മതിക്കാന്‍ ഡോക്റ്റര്‍ തന്‍റെ FB പോസ്റ്റില്‍ വിശാല മനസ്ക്കത കാണിക്കുന്നുണ്ട്.എന്നാല്‍,  നങ്ങേലി അങ്ങനെയല്ല.  മറ്റുള്ള മിത്തുകളെപ്പോലെ പിടിയിലൊതുങ്ങുന്നതല്ല നങ്ങേലി മുലമുറിച്ച ചരിത്രം. അതുകൊണ്ടു തന്നെ നങ്ങേലിയെ ഡോക്ടര്‍ക്ക് ഉള്‍ക്കൊള്ളാനാകുന്നില്ല. ഇനി ചരിത്രത്തില്‍ ബലംപ്രയോഗിച്ച് ഉള്‍ക്കൊള്ളിക്കണമെന്ന് ഉണ്ടെങ്കില്‍ തന്നെ നങ്ങേലിയുടെ ജനന- മരണ  സര്ട്ടീഫിക്കട്ടുകളുടെ ഒറിജിനല്‍ ഡോക്ടറെ  കാണിക്കണം. ബ്രാഹ്മണ സംബന്ധത്തില്‍ കുറയാത്ത ജന്മ പുരാണം കയ്യിലുള്ള  മുന്തിയ സവര്‍ണ്ണ ചരിത്രകാരന്മാരാരെങ്കിലും നങ്ങേലിയുടെ ചരിത്രം 1960 നു മുന്‍പ് എഴുതിയതിന്‍റെ തെളിവ് വേണം. ( സി. കേശവന്‍, കെ.ആര്‍. ഗൌരി, എസ്.എന്‍. സദാശിവന്‍ , സുഗതന്‍,.. തുടങ്ങിയ സ്വന്തം അച്ഛനു പിറന്ന അവര്‍ണ്ണര്‍ / വിസ്മൃത ബൌദ്ധ പാരംബര്യമുള്ളവരുടെ പുസ്തകങ്ങള്‍ നങ്ങേലിയുടെ ചരിത്രത്തെ സാധൂകരിക്കാനുള്ള തെളിവുകളായി പരിഗണിക്കപ്പെടുന്നതല്ല.) കൂടാതെ , സവര്‍ണ്ണ ചരിത്രകാരന്മാരാല്‍ രേഖപ്പെടുത്തിയ   തെളിവിനെ ബലപ്പെടുത്തുന്ന തിരുവിതാംകൂര്‍ ആര്‍ക്കേവ് രേഖകള്‍ ഹാജരാക്കണം. ബ്രിട്ടീഷ് സര്‍ക്കാര്‍ രേഖകളോ, മിഷണറിമാരുടെ ചരിത്ര രേഖകളോ ഹാജ
രാക്കിയാല്‍ ഡോക്ടര്‍ തംബ്രാന് മുഷിയില്ല ! .... അഥവാ മേമ്പോടിക്ക്  നന്നായിരിക്കും എന്ന് മാത്രം.

ഇങ്ങനെയുള്ള  ജനന മരണ സര്ട്ടീഫിക്കട്ടുകള്‍ നങ്ങേലിക്ക് വേണ്ടി ഹാജരാക്കാന്‍   ആര്‍ക്കും കഴിയില്ലെന്ന് ഡോക്ടര്‍ക്ക് ഉറപ്പുള്ളതിനാല്‍ ചിത്രകാരന്‍ വരച്ച  നങ്ങേലി ചിത്രങ്ങള്‍ "വേസ്റ്റ്" ആണെന്നാണ്‌ ഡോക്ടര്‍ തമ്പ്രാന്‍റെ   പ്രഖ്യാപനം.  നോക്കണേ, നങ്ങേലി ചിത്രങ്ങള്‍ വരച്ച ഈ ചിത്രകാരന്‍റെ ഒരു കഷ്ടപ്പാട് !!
അത് കേട്ട്  കുരവയിടാനും FB യില്‍ അദ്ദേഹത്തിനു കുറെ ബുദ്ധിമാന്മാരായ തമ്പ്രാന്‍ കുട്ടികളെ അകമ്പടിയായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫലത്തില്‍ ഞാന്‍ വരച്ച നങ്ങേലി ചിത്രം വേസ്റ്റ് ആണെന്ന് തീരുമാനിക്കപ്പെട്ടിരിക്കുന്നു !
ആപല്‍ ബാന്ധവനായ ഡിങ്ക ഭഗവാനെ ഈ അപമാനത്തില്‍ നിന്നും ഈ ചിത്രകാരനെ രക്ഷിക്കണേ ...ഡോക്ടറുടെ നങ്ങേലി ഭയത്തിന്‍റെ കാരണം

നാല് വര്‍ഷത്തിനിടയില്‍  കേരളത്തിനകത്ത്‌ 17 നങ്ങേലി- നവോദ്ധാന ചിത്ര പ്രദര്‍ശനങ്ങള്‍ പൂര്‍ത്തിയാക്കിയതിന്‍റെ ഫലമായി  നങ്ങേലി ചിത്രങ്ങള്‍ക്ക് വിവിധ  മാധ്യമങ്ങളിലൂടെ ലഭിച്ച വാര്‍ത്ത പ്രാധാന്യത്തിന്‍റെ ഫലമായി ചേര്‍ത്തലയില്‍ കഴിഞ്ഞവര്‍ഷം (2017) ഒരു നങ്ങേലി കൂട്ടായ്മ രൂപീകരിക്കപ്പെട്ടിരുന്നു.  കഴിഞ്ഞ വര്‍ഷം ലോക വനിതാദിനമായ മാര്‍ച്ച് 8 നു ചേര്‍ത്തലയില്‍ നങ്ങേലി കൂട്ടായ്മ വലിയ തോതില്‍ ജനങ്ങള്‍ പങ്കെടുത്ത "നങ്ങേലി അനുസ്മരണവും പ്രഭാഷണവും " നടത്തിയിരുന്നു. കൊടുങ്ങല്ലൂരില്‍ നിന്നും പ്രത്യേക ബസ്സ്‌ വാടകക്കെടുത്ത് തീര്‍ഥടന സംഘമായോക്കെയാണ് നങ്ങേലി കൂട്ടായ്മക്ക് ആളെത്തിയത്.  നങ്ങേലി അനുസ്മരണ പ്രഭാഷണം നടത്തിയത് എഴുത്തുകാരനായ ജെ.ആര്‍ രഘു ആയിരുന്നു. അനുസ്മരണ ചടങ്ങിന്‍റെ വീഡിയോ സ്ടീമിംഗ് നെറ്റില്‍ തത്സമയം ലഭ്യമാക്കിയിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ "നങ്ങേലി കൂട്ടായ്മ" ഇപ്പോള്‍ നിലവിലുണ്ടോ എന്ന് അറിയില്ല. കഴിഞ്ഞ വര്‍ഷത്തെ നങ്ങേലി കൂട്ടായ്മയില്‍ പങ്കെടുത്ത ചില    യുക്തിവാദികള്‍ ഈ വര്‍ഷം ചേര്‍ത്തലയില്‍ നങ്ങേലി കൂട്ടായ്മ സംഘടിപ്പിക്കാന്‍ പോകുന്നതിന്‍റെ  അറിയിപ്പ് രണ്ടു ദിവസം മുന്‍പ് FB പോസ്റ്റ്‌ ആയി  വന്നപ്പോഴാണ് സവര്‍ണ്ണ യുക്തി വാദിയായ നമ്മുടെ തമ്പ്രാന്‍ ഡോക്ടര്‍ക്ക്‌ തന്‍റെ ആസനത്തില്‍ ഇത്രയും കാലം ഒളിപ്പിച്ച് വച്ച സവര്‍ണ്ണ ജാതി താല്‍പ്പര്യങ്ങളുടെ കുരു വികാരപ്പെട്ടു  വ്രണമാകുന്ന വിവരം യുക്തിവാദികളുടെ അറിവിലേക്കായി വെളിപ്പെടുത്തേണ്ടി വന്നത്.

തംബ്രാന് കുറച്ച് മുന്തിയ  യുക്തിവാദത്തിന്‍റെ  അസ്ക്യതയുണ്ട്. നമ്മുടെ പൊതു ബോധം അനുസരിച്ചു  സവര്‍ണ്ണ യുക്തിവാദി സാധാരണ യുക്തിവാദിയല്ല എന്നോര്‍ക്കണം. ആസനത്തില്‍ ആന തഴംബുണ്ടെന്നു അഭിമാനിക്കുന്ന സവര്‍ണ്ണ യുക്തിവാദിയെ ആര്‍ക്കും നിസാരമായി കാണാനാകില്ല. നല്ല കുടുംബത്തില്‍ പിറന്നവരാ. കണ്ട ചോവന്‍/ഈഴവര്‍ , നസ്രാണി, ആശാരി, മുസ്ലീം സമുദായങ്ങളില്‍  നിന്നുള്ള  സാധ  യുക്തിവാദിയല്ല !! പത്തര മാറ്റ് സവര്‍ണ്ണ യുക്തിവാദിയാണ് തമ്പ്രാന്‍.

നങ്ങേലി ചരിത്രമായാല്‍ ... 

ഡോക്ടര്‍ തമ്പ്രാന്‍റെ യുക്തി ബോധം സാധാരണ യുക്തി വാദികള്‍ക്ക് അപ്രാപ്യമാണ്. ഭാവികാലത്തെ അടക്കം ഉള്ളം കയ്യിലെ നെല്ലിക്ക പോലെ മനനം ചെയതെടുക്കാനുള്ള അപൂര്‍വ്വ ശേഷിയുള്ളതാണ് സവര്‍ണ്ണ യുക്തി ബോധം. നങ്ങേലിയുടെ കഥ ഭാവിയില്‍  ചരിത്രമാകുമെന്ന്‍ സംശയമില്ല.

ഈഴവ സ്ത്രീയായ നങ്ങേലിയുടെ മുല മുറിക്കേണ്ടി വന്ന ത്യാഗ ചരിത്രം അബദ്ധത്തിലെങ്ങാനും സ്കൂള്‍ പാഠപുസ്തകങ്ങളില്‍ സ്ഥാനം പിടിച്ചാല്‍ കഥ തീര്‍ന്നു !!  ഈഴവര്‍ കേരളത്തിലെ ഭൂരിപക്ഷ സമുദായമായതിനാല്‍ ചാതുര്‍വര്‍ണ്യ പാരമ്പര്യ ജാതി  തഴംമ്പില്‍ അഭിമാനിക്കുന്നവര്‍ക്ക് പൊറുതികേടിനു വേറെ ഒന്നും വേണ്ട. ബ്രാഹ്മണര്‍ക്ക് വേണ്ടി മഴു എറിഞ്ഞും, ചതിച്ചും, കൊന്നും, മൂത്രമൊഴിച്ചും, സംബന്ധം ചെയ്തും കടലിന്‍റെ  അടിത്തട്ടില്‍ നിന്നും ഉയര്‍ത്തിക്കൊണ്ടുവന്ന കേരളത്തിന്‍റെ  വ്യാജ ചരിത്രമായ  കേരളോല്പ്പത്തിയും കേരള മാഹാത്മ്യവും, ദേവസ്വവും, ബ്രഹ്മസ്വവും, രാജഭരണ കീര്‍ത്തനങ്ങളായ സകല  സവര്‍ണ്ണ ചരിത്രവും കടലിനടിയിലേക്ക് തിരിച്ച് ഒഴുകി പോകും. ഭാര്‍ഗ്ഗവ കേരളം ഇല്ലാതാകും.

തിരുവിതാംകൂര്‍ രാജ്യത്തെ  80 ശതമാനത്തില്‍  ഏറെ വരുന്ന അവര്‍ണ്ണ/വിസ്മൃത ബൌദ്ധ പാരമ്പര്യമുള്ള  സാധാരണ ജനം തങ്ങളുടെ സത്യത്തിലുള്ള ചരിത്രം മനസ്സിലാക്കാന്‍ ഇടയുള്ള ഒരു രക്തസാക്ഷി ചരിത്രമാണ് നങ്ങേലി എന്ന ഈഴവ സ്ത്രീക്ക് പറയാനുള്ളത്. നങ്ങേലി ചിത്രങ്ങളിലൂടെ അത് ജനമനസ്സിലേക്ക് പ്രവേശിക്കാനിടവന്നാല്‍ ജാതി ദുരഭിമാനത്തിന്‍റെ സവര്‍ണ്ണ നമ്പരുകളും പാരമ്പര്യ ജാത്യാവകാശങ്ങളും  എല്ലാം ഒറ്റയടിക്ക് മോഡി നിരോധിച്ച കറന്‍സി നോട്ടുകളെപ്പോലെ അസാധുവാകും.

( അങ്ങനെയൊന്നും നടക്കില്ലെന്ന്‍ അറിയാം. 1200 വര്ഷം അദ്ദ്വാനിക്കാതെ/ പാരസൈറ്റുകളെപ്പോലെ, ഉണ്ട്, വൃകോദരങ്ങളായി, കൂറ്റം കുത്തി, നായര്‍ സ്ത്രീകളെ യഥേഷ്ടം  വ്യഭിചരിച്ച് (മഹത്വവല്‍ക്കരിക്കപ്പെട്ട വ്യഭിചാരമായ "സംബന്ധം" എന്ന ആചാരത്തിലൂടെ), വെടിപറഞ്ഞു  നടന്ന പാരമ്പര്യമുള്ള പൌരോഹിത്യത്തെ കൂട്ടത്തോടെ സ്കൂള്‍ മാഷന്മാരുടെ ജോലി ചെയ്യാന്‍ സ്വമേധയ  പ്രേരിപ്പിച്ച ഒരു ഭൂത കാലം വളരെ അകലെയല്ല.  പല്‍പ്പു, നാരായണ ഗുരു, സഹോദരന്‍ അയ്യപ്പന്‍, അയ്യങ്കാളി, വിടി ഭട്ടതിരിപ്പാട്  ... തുടങ്ങിയ ഒട്ടേറെ മഹാത്മാക്കള്‍ നടത്തിയ നവോദ്ധാന പ്രവര്‍ത്തനത്തിന്‍റെ മാനവിക സാംസ്ക്കാരിക  വികാസത്തെ  എത്ര നിഷ് പ്രയാസമായാണ് തിരുവിതാംകൂര്‍ തലസ്ഥാനത്തില്‍ ജാഗ്രതയോടെയിരുന്ന  സവര്‍ണ്ണ ജാതീയ  രാഷ്ട്രീയ ബോധം ചവിട്ടി തേച്ച് ചരിത്രത്തിന്‍റെ ചവറ്റു കുട്ടയിലേക്ക് വലിച്ചെറിഞ്ഞത് ! )

തലക്കും, മുലക്കും, മീശക്കും, മൂക്കുത്തിക്കും, കാതിലക്കും, തലേക്കെട്ടിനും, അലക്ക് കല്ലിനും, ഏണിക്കും, തളപ്പിനും,വലക്കും,.. തുടങ്ങി എല്ലാ തൊഴിലുകള്‍ക്കും,... ജീവന്‍ നിലനിര്‍ത്താനുള്ള എല്ലാ ആവശ്യങ്ങളുടെ മേലിലുമായി നൂറുകണക്കിന് നികുതികള്‍ അടിച്ചേല്‍പ്പിച്ച് ശൂദ്ര-നായ്ന്മാരല്ലാത്ത പ്രജകളെ (ഈഴവ, സുറിയാനി കൃസ്ത്യന്‍ , നാടാര്‍,ആശാരി, അരയ,...തുടങ്ങിയ ചാതുര്‍ വര്‍ണ്യത്തിന് പുറത്തു നില്‍ക്കുന്ന എല്ലാ സമുദായങ്ങളെയും) കൂലിയില്ലാത്ത  "ഉഴിയം" എന്ന പേരിലുള്ള തിരുവിതാംകൂര്‍ സര്‍ക്കാരിന്‍റെ നിര്‍ബന്ധിത അടിമത്വ ജോലിയുടെ നുകത്തിലേക്ക് പാകമാക്കിയിരുന്ന ബ്രാഹ്മണ ചാതുര്‍വര്‍ണ്യ ഭരണകൂടത്തിന്‍റെ വെറും കാവല്‍ നായ്ക്കള്‍ മാത്രമായിരുന്നു തിരുവിതാംകൂറിലെ പത്മനാഭാ'ദാസ'ന്മാരായ പോന്നുതംബുരാക്കന്മാര്‍  എന്ന ചരിത്ര സത്യം പുതുതലമുറ  സ്കൂളില്‍ പഠിച്ചാലുള്ള  അവസ്ഥ എന്തായിരിക്കും ?

ബ്രാഹ്മണരെ ഊട്ടിപ്പോറ്റി സ്വര്‍ണ്ണക്കട്ടികള്‍ (രാജാക്കന്മാര്‍ക്ക് വര്‍മ്മ എന്ന താല്‍ക്കാലിക ക്ഷത്രിയ പദവി ലഭിക്കാനുള്ള "ഹിരണ്യ ഗര്‍ഭം" എന്ന പൌരോഹിത്യ  തട്ടിപ്പ് നോക്കുക)  പാരിതോഷികങ്ങളായി നല്‍കി, സന്തോഷിപ്പിക്കുന്നതിനായി നായന്മാരല്ലാത്ത മറ്റു  പ്രജകളെ നൂറിലധികം നരാധമ നികുതികളാല്‍ നിരന്തരം കൊള്ളയടിച്ചു നിര്‍ദ്ദനരാക്കിയിരുന്നതിന്‍റെ ഉത്തരവാദികളായ  തിരുവിതാംകൂറിലെ  പൊന്നു തമ്പുരാക്കന്മാരുടെ ഉടുതുണി നഷ്ടപ്പെട്ട  പ്രതിമകളെ വെള്ളയമ്പലത്ത് നിന്നും സ്റ്റാച്ച്യു വഴി ഊളംപാറയിലെ മനോരോഗാശുപത്രിയിലേക്ക് ജനങ്ങള്‍ അടിച്ചോടിക്കുന്ന  സീന്‍ ആലോചിച്ചു നോക്കു. ജനാധിപത്യ സര്‍ക്കാരിന്‍റെ സെക്രട്ടരിയേട്ടില്‍ പോലും  തൂണിലും, തുരുമ്പിലും, അധികാര കസെരകലിലുമായി ഇന്നും നിലനില്‍ക്കുന്ന സവര്‍ണ്ണ മേധാവിത്വപരമായ ജീര്‍ണ്ണ മൂല്യങ്ങള്‍ ഇല്ലായ്മചയ്യാന്‍ സാധാരണ ജനങ്ങള്‍ പോന്നു തമ്പുരാക്കന്മാരുടെ കീര്‍ത്തന  സവര്‍ണ്ണ ചരിത്രങ്ങള്‍ നിരാകരിച്ച്, ജനകീയ ചരിത്രം നിര്‍മ്മിച്ച്  പഠിക്കുക തന്നെ വേണം.

നങ്ങേലി ചിത്രങ്ങളും ചിത്രകാരനും

നങ്ങേലി ചിത്രകാരനായ എന്നെ സംബന്ധിച്ച് "നങ്ങേലി" കേവലം മുല മുറിച്ച് ആത്മഹത്യ ചെയ്ത ഒരു സ്ത്രീയുടെ വെറും വീര കഥ മാത്രമല്ല. തിരുവിതാംകൂര്‍ രാജ ഭരണകാലത്തെ നൂറിലേറെ നരാധമ നികുതികളാല്‍ അതിജീവനത്തിനാകാതെ വീര്‍പ്പുമുട്ടിയിരുന്നതും നിരന്തരം ജാതീയമായി ഇകഴ്ത്തപ്പെടുകയും ദ്രോഹിക്കപ്പെടുകയും ചെയ്തുകൊണ്ടിരുന്ന എണ്‍പത് ശതമാനത്തിലേറെ വരുന്ന   പ്രജകളില്‍ നിന്നും ഉയര്‍ന്നുവന്ന   പ്രതിഷേധത്തിന്‍റെയും നശിക്കാതെ  ജീവിച്ചിരുന്ന നന്മയുടെയും സ്ത്രീത്വത്തിന്‍റെയും ഉജ്ജ്വല   പ്രതീകം തന്നെയാണ്  "നങ്ങേലി".

മുലച്ചി പറമ്പ്

ഭൂമിക്ക് ലക്ഷങ്ങളുടെയും കോടികളുടെയും വിലയുള്ള ഇക്കാലത്ത് ചേര്‍ത്തലയിലെ റോഡ്‌ സൈഡിലുള്ള  മുലച്ചിപ്പറമ്പ് എന്ന സ്ഥലത്ത് ഏതാണ്ട് 75 വര്‍ഷം മുന്‍പ് നങ്ങേലിയുടെ ബന്ധുക്കള്‍ മുലച്ചി പറമ്പ് ഒട്ടേറെ തുണ്ടുകളായി വിറ്റൊഴിവാക്കിയിട്ടും ആരും വാങ്ങാതെയും ബന്ധുക്കള്‍ക്ക് പ്രേത  ഭയമുള്ളതിനാല്‍ ഉപേക്ഷിച്ചതുമായ കുറഞ്ഞത്‌ പത്തു പതിനഞ്ചു സെന്‍ണ്ടു സ്ഥലം ഇപ്പോഴും നങ്ങേലിയുടെ വീടും കുളവും നിന്നിരുന്ന സ്ഥലമായി ചരിത്രത്തിലേക്കുള്ള ഒരു പൊക്കിള്‍ക്കൊടി പോലെ കാടുകെട്ടി  നിലനില്‍ക്കുന്നുണ്ട്. തൊട്ടടുത്ത് പ്രശസ്തരായ ഒരു വൈദ്യ കുടുംബത്തിലെ രണ്ടു സഹോദരങ്ങള്‍ വീടെടുത്ത് താമസിക്കുന്നുണ്ട്. അവരുടെ അതിര്‍ത്തി പങ്കിടുന്ന സ്ഥലത്തിലൂടെ നങ്ങേലിയുടെ വീടും കുളവും നിന്നിരുന്ന അനാഥ സ്ഥലത്തിലേക്ക് മൂന്നടി വീഥിയില്‍ ഒരു വഴിയും വിട്ടിട്ടുണ്ട്. നങ്ങേലി ചിത്രത്തിലൂടെ ചരിത്രം തിരുത്താനായി ഞാന്‍ പണം മുടക്കി വാങ്ങിയ സ്ഥലമല്ല അത്. പരശുരാമന്‍ മഴു എറിഞ്ഞു കേരളം സൃഷ്ടിച്ഛപോലെ, ബ്രഷ് എറിഞ്ഞു സൃഷ്ടിച്ചതും അല്ല മുലച്ചി പറമ്പിലെ നങ്ങേലിയുടെ വീട് നിന്ന ഇടം.

ഒന്ന് രണ്ടു കിലോമീറ്റര്‍ മാറി ശാസ്താം കവലക്ക്‌ സമീപം 75 വര്‍ഷം മുന്‍പ് നങ്ങേലിയുടെ മുലച്ചി പറമ്പില്‍ നിന്നും സ്ഥലങ്ങള്‍ വിറ്റൊഴിഞ്ഞുപോയ നങ്ങേലിയുടെ ബന്ധുക്കളില്‍ കുറച്ചു പേരെ ഞാന്‍ നേരില്‍ കാണുകയും അവരുടെ ഫോട്ടോകള്‍ നെറ്റിലും എന്‍റെ പുസ്തകമായ അമണയിലും പ്രകാശിപ്പിക്കയും ചെയ്തിട്ടുണ്ട്. 2016 ല്‍ "വേഗ ബോംബ്‌" എന്ന ഓണ്‍ ലൈന്‍ മാഗസിനില്‍ നങ്ങേലി ചിത്രം വൈറലായതിനെ തുടര്‍ന്ന്‍, മുംബെയില്‍ നിന്നെത്തിയ ടൈംസ് ഓഫ് ഇന്ത്യ സീനിയര്‍ എഡിറ്റര്‍ വിജയ്‌ സിങ്ങും ഈ കുടുംബത്തെ തേടിപ്പിടിച്ചു കണ്ടിരുന്നു. കേരളത്തിലോഴിച്ച് ഇന്തയിലെ എല്ലാ എഡിഷനുകളിലും 2016 ലെ ലോക വനിതാദിനത്തിന്‍റെ തലേന്ന് (മാര്‍ച്ച് 7 നു) ടൈംസ് ഓഫ് ഇന്ത്യ ഒന്നാം പേജില്‍ തന്നെ വാര്‍ത്ത കൊടുത്തിരുന്നു. കേരളത്തിലെ ടൈംസ്  എഡിറ്റോറിയല്‍ ബോര്‍ഡില്‍ ഡോക്ടരെപ്പോലെ ആരോ സവര്‍ണ്ണ ജാഗ്രതയോടെ ഇടപെട്ടതിനാലാകാം കേരളത്തില്‍ ആ വാര്‍ത്ത വന്നില്ല. പക്ഷെ, ആ വാര്‍ത്ത ദില്ലി പത്രത്തില്‍  കണ്ട  ബിബിസി ടീം തിരഞ്ഞെടുപ്പിനോട് അനുബന്ടിച്ച് കേരളത്തില്‍ വരികയും, നങ്ങേലിയുടെ ഞാന്‍ പരിചയപ്പെട്ടിട്ടില്ലാത്ത ബന്ധുക്കളെപ്പോലും ഇന്റര്‍വ്യു ചെയ്ത് നങ്ങേലിയുടെ ചരിത്രം ലോകത്തെ അറിയിച്ചു. എന്‍റെ രണ്ടു നങ്ങേലി ചിത്രങ്ങളും BBC ക്രെഡിട്ടോടെ ലേഖനത്തോടൊപ്പം ചേര്‍ത്തിട്ടുണ്ട്.

കണ്ണൂരില്‍ നിന്നും ഒരു ചിത്രം വരക്കാനുള്ള ആശയത്തിന്‍റെ പിന്നിലെ ചരിത്രത്തിന്‍റെ സത്യം വ്യക്തിപരമായി  നേരിട്ട് ബോധ്യപ്പെടാന്‍ ആലപ്പുഴയിലെ ചേര്‍ത്തല - മുലച്ചിപ്പരമ്പിലേക്ക് നിരവധി യാത്രകള്‍ നടത്തിയ നങ്ങേലി ചിത്രങ്ങളുടെ രചയിതാവ് എന്ന നിലയില്‍ എനിക്ക്  ആരെയും പണവും സമയവും നഷ്ടപ്പെടുത്തി  ചരിത്രം ശേഖരിച്ച് സ്പൂണ്‍ ഫീഡ് ചെയ്തു ബോധാവല്‍ക്കരിക്കേണ്ട  ധാര്‍മ്മിക ബാധ്യത ഇല്ലാത്തതാണ്.

ആര്‍ക്കും തെളിവ് നല്‍കാനല്ല, ഞാന്‍ മുലച്ചിപ്പരമ്പ് പലവുരു സന്ദര്‍ശിച്ചത്.
ക്രൂരമായ ബ്രാഹ്മണിക്കല്‍ ജാതീയ ഭരണ  പീഡനങ്ങളാല്‍ പൊറുതിമുട്ടിയ വിസ്മൃത ബൌദ്ധ പാരമ്പര്യമുള്ള ഈഴവ  ജനതയിലെ ഒരു ധീര സ്ത്രീയുടെ സ്മരണയെ എന്‍റെ മനസ്സുകൊണ്ട് ആത്മാര്‍ഥമായി സ്പര്‍ശിച്ചു അറിയാനുള്ള വ്യക്തിപരമായ ശ്രമം മാത്രമാണ്.

ചരിത്രം കണ്ടെത്തി സമൂഹത്തെ സത്യസന്ധമാക്കേണ്ടതും അതിലൂടെ സമൂഹത്തെ സംസ്ക്കാരമുള്ളവര്‍ ആക്കിമാറ്റെണ്ടതുമായ  ചുമതല ചരിത്രകാരന്മാര്‍ക്കും, പുരാവസ്തു ശാസ്ത്രജ്ഞാര്‍ക്കും, ഭാഷാ- സാംസ്ക്കാരിക - രാഷ്ട്രീയ പഠിതാക്കള്‍ക്കും മറ്റു മാനവീയ ശാസ്ത്ര തല്‍പ്പരര്‍ക്കുമെല്ലാം ഉള്ള കര്‍ത്തവ്യമാണ്.

ആരില്‍ നിന്നെങ്കിലും പണം വാങ്ങി അവരുടെ ആവസ്യത്തിനനുസരിച്ച്ചുള്ള ചിത്രം വരച്ചു കൊടുക്കുന്നവര്‍ക്ക്  പണം നല്‍കുന്നവരേ ത്രുപ്തിപ്പെടുത്തെണ്ട ബാധ്യത ഉണ്ടാകും. ജീവിതം ആസ്വദിക്കുന്നതിനായി സ്വന്തം പണം ചിലവഴിച്ച് ഇഷ്ടമുള്ള ചിത്രം രചിക്കുന്ന എനിക്ക് എന്‍റെ ബോധ്യങ്ങളോടല്ലാതെ മറ്റാരോടും ബാധ്യത ഇല്ല.

നങ്ങേലി ചിത്രങ്ങളെയോ ചരിത്രത്തെയോ "വേസ്റ്റ്" കൂടയില്‍ എറിഞ്ഞ് ഇല്ലാതാക്കാന്‍ ഇനി കഴിയില്ല ഡോക്റ്ററെ....
സോഷ്യല്‍ മീഡിയ അത്രക്ക് വളര്‍ന്നു കഴിഞ്ഞു.

ചിത്രങ്ങളെ ഇത്രക്ക് ഭയക്കേണ്ടാതുമില്ല.

ഡോക്ടര്‍ തമ്പ്രാന്‍  മനുഷ്യനാകാന്‍ നോക്ക്  !!


ലിങ്കുകള്‍:
1) കേരള യുക്തിവാദി സംഘത്തിന്‍റെ ആഭിമുഖ്യത്തില്‍ ചേര്‍ത്തലയില്‍ മാര്‍ച്ച് 10 നു നടക്കുന്ന നങ്ങേലി സ്മൃതി സംഘമം വാര്‍ത്ത കണ്ടു വിഷണ്ണനായ ഒരു FB പോസ്റ്റ്‌

2) കേരള യുക്തിവാദി സംഘത്തിന്‍റെ നങ്ങേലി അനുസ്മരണ FB പോസ്റ്റ്‌.

Wednesday, February 21, 2018

തെളിവ് നശിപ്പിക്കാനായി നാരദ ന്യൂസ് കള്ള വാര്‍ത്ത തിരുത്തി !!
നാരദ ന്യൂസ് പോര്‍ട്ടല്‍  ചിത്രകാരന്‍ ടി.മുരളിയുടെ "അമണ" പുസ്തകത്തിന്‍റെ കര്‍തൃത്വത്തെക്കുറിച്ച് 2018 ഫെബ്രുവരി ഒന്നാം തിയ്യതി പ്രസിദ്ധീകരിച്ച വാര്‍ത്തയിലെ സത്യവിരുദ്ധമായ പരാമര്‍ശം 20 ദിവസത്തിനു ശേഷം (20-02-2018 നു വൈകീട്ട്, ഏഴ് മണിയോടെ) തെളിവ് നശിപ്പിച്ചു കൊണ്ട് പഴയ വാര്‍ത്താ പേജില്‍ തിരുത്തല്‍ നടത്തി തെളിവില്ലാത്ത വെറും ആരോപണമാണ് എന്ന്‍ വരുത്താന്‍ ശ്രമിച്ചിരിക്കുന്നു.

നാരദയില്‍ ഗസ്റ്റ് റൈറ്റര്‍ ആയി "അമണ" എന്ന പുസ്തകമെഴുതിയത് താനാണെന്ന് അവകാശപ്പെടുകയും, അതിന്‍റെ പേരില്‍ ഏതാണ്ട് രണ്ടു വര്‍ഷം മുന്‍പ് ഇരുമ്പ് ദണ്ടുകള്‍, കൊടുവാള്‍... തുടങ്ങിയ മാരകായുധങ്ങളുമായി മൂന്നു ഗുണ്ടകള്‍ പാതിരാത്രി വാടക വീട്ടില്‍ വച്ച് താന്‍ ഭീകരമായി ആക്രമിക്കപ്പെട്ടിട്ടുണ്ട് എന്നിങ്ങനെയുള്ള  കള്ള ന്യൂസാണ് കാലിക്കറ്റ് യൂനിവേഴ്സിട്ടിക്കടുത്ത് പുസ്തക കട നടത്തുന്ന തോലില്‍ സുരേഷ് നാരദയിലൂടെ പ്രച്ചരിപ്പിച്ച് സത്യമാക്കാന്‍ ശ്രമിച്ചിരുന്നത്.

വാര്‍ത്ത പ്രസിദ്ധീകരിച്ച് 19 ദിവസത്തിനു ശേഷം "അമണ"യുടെ യഥാര്ഥ കര്‍ത്താവായ ചിത്രകാരന്‍ ടി. മുരളി "നാരദ"യുടെ കള്ള വാര്‍ത്തക്കെതിരെ പത്രാധിപര്‍ക്ക് തന്‍റെ ബ്ലോഗിലൂടെയും, ഗൂഗിള്‍ പ്ലസ്സിലൂടെയും  ഫേസ് ബുക്കിലൂടെയും കത്തെഴുതിയിരുന്നു. അതെ തുടര്‍ന്നാണ്‌ നാരദ ന്യൂസ് പോര്‍ട്ടല്‍ പത്രം തങ്ങളുടെ 20 ദിവസം പഴക്കമുള്ള പത്രത്തിലെ കള്ള വാര്‍ത്തയിലെ തെളിവുകള്‍ നശിപ്പിച്ച്ചുകൊണ്ട് തിരുത്തല്‍ വരുത്തി, തോലില്‍ സുരെഷിന്‍റെ "ഉടായിപ്പ്" വാര്‍ത്തയെ വെള്ളപൂശി നാരദയുടെ മുഖം രക്ഷിക്കാന്‍ ശ്രമിച്ചിരിക്കുന്നത്.

രണ്ടു വര്ഷം മുന്‍പ് (2016 മാര്‍ച്ച് അവസാനത്തില്‍ ) "അമണ" പുസ്തകത്തിന്‍റെ പ്രകാശന കര്‍മ്മവും, വില്‍പ്പനയും തടസ്സപ്പെടുത്തുന്നതിനായി സുരേഷ് ഒരു ഗുണ്ട  ആക്രമണ നാടകത്തിലൂടെ  ശ്രമിച്ചിരുന്നു. "അമണ"യുടെ  പേരില്‍ "കൊടുവാള്‍ ഗുണ്ടകളുടെ"  ആക്രമണ കഥ കെട്ടി ചമച്ച് ആശുപത്രിയില്‍ അഡ്മിറ്റ്‌ ആയി, പോലീസ് കേസുണ്ടാക്കുകയും, പ്രാദേശിക പത്രങ്ങളെ സ്വാധിനിച്ച് ആശുപത്രി വാസത്തിന്‍റെ കഥന കഥ ഫോട്ടോ സഹിതം പ്രസിദ്ധീകരിക്കാന്‍ ഉത്സാഹിക്കുകയും ചെയ്തിരുന്നു. പോസ്റ്റര്‍ പ്രചാരണവും, പ്രതിഷേധ യോഗങ്ങളും, ആശുപത്രിയില്‍ കിടന്ന്‍ നിയന്തിക്കുന്നത് നേരില്‍ കണ്ട അമണയുടെ യഥാര്‍ത്ഥ എഴുത്തുകാരനായ ചിത്രകാരന്‍ ടി. മുരളി ഇയാളോട് ഇത്തരം തരം താണ വ്യാജ വിവാദങ്ങളില്‍ നിന്നും പിന്മാറണം എന്ന്‍ അഭയാര്‍ഥിച്ചിരുന്നതുമാണ്.

നാരദയിലെ ഫെബ്രുവരി ഒന്നാം തിയ്യതിയിലെ സുരേഷിന്‍റെ ലേഖനം ഗുരുതരമായ കര്‍തൃത്വ മോഷണ/ അപഹരണമാണേന്നു സുരേഷിന് തന്നെ 100% ബോധ്യമുള്ളതാകുമല്ലോ ? എന്നിട്ടും, അയാള്‍ നാരദയിലെ ഗുരുതരമായ  തെറ്റ് തിരുത്താനായി "തെളിവ് നശിപ്പിക്കാന്‍" വൈദഗ്ദ്യമുള്ള പത്രാധിപന്‍റെ സഹായം തേടാതിരുന്നത് വ്യാജമായ കര്‍തൃത്വത്തില്‍ അദ്ദേഹം അഭിമാനിക്കുന്നതുകൊണ്ടും, വ്യാജ വാര്‍ത്ത മനപ്പൂര്‍വം സുരേഷ് സൃഷ്ടിച്ച് എടുത്തതാണ് എന്നതിന്റെ വ്യക്തമായ  തെളിവാണല്ലോ. മാത്രമല്ല, ഇത്രയും ദിവസമായിട്ടും, കര്‍തൃത്വ ചോരണമെന്ന ഗുരുതരമായ ഒരു കുറ്റം തന്നില്‍ നിന്നും സംഭവിച്ചിട്ടുണ്ട് എന്ന് സുരേഷ് അമണ പുസ്തകത്തിന്‍റെ യഥാര്‍ത്ഥ കര്‍ത്താവിനെ ഫോണില്‍ വിളിച്ചെങ്കിലും അറിയിക്കേണ്ടതായിരുന്നു. അതുണ്ടായില്ല.

ഒരു സുഹൃത്തില്‍ നിന്നും കേട്ടറിഞ്ഞു നാരദയിലെ വ്യാജ  ന്യൂസ് കണ്ട ഉടന്‍ തന്നെ ചിത്രകാരന്‍  ടി. മുരളി പത്രാധിപര്‍ക്ക് കത്തെഴുതുന്നതിനു മുന്‍പ് തന്നെ (18 - 02 - 2018 നു രാവിലെ 10.36 നു ) ശ്രീ. സുരേഷിനെ ഫോണില്‍ ബന്ധപ്പെടുകയും "അമണ" പുസ്തകങ്ങള്‍ വിട്ട വകയില്‍ ഉള്ള ബാക്കി തുകയും വില്‍ക്കാത്ത കൊപ്പിയുണ്ടെങ്കില്‍ അവയും ഉടന്‍ നല്കണമെന്ന്/തിരിച്ചെല്‍പ്പിക്കണമെന്നു  ആലോഹ്യമോന്നും പ്രകടിപ്പിക്കാതെ  ആവശ്യപ്പെടുകയും ചെയ്തിരുന്നു. ആ സമയത്തും സുരേഷ് തന്‍റെ മോഷണത്തിന്‍റെ കുറ്റസമ്മതം നടത്താനോ താന്‍ ചെയ്ത കളവില്‍ പശ്ചാത്തപിക്കാനോ സ്വമേധയ തയ്യാറാകുന്നില്ല. ഇയ്യാള്‍ കുറ്റം എറ്റു പറയാന്‍ സത്യത്തില്‍  ആഗ്രഹിക്കുന്നുണ്ടോ എന്ന്‍ അറിയാന്‍ വേണ്ടി തന്നെയായിരുന്നു ഫെബ്രുവരി 18  ലെ ഫോണ്‍ കാള്‍.

മോഷണം ആരും അറിഞ്ഞില്ലെങ്കില്‍ തന്‍റെ സാമര്‍ത്ഥ്യം ആണെന്ന് വിശ്വസിക്കുന്ന ഈ ഉടായിപ്പ് രക്തസാക്ഷിയെയും ഇയാള്‍ക്ക് കഞ്ഞി വെക്കുകയും, പിടിക്കപ്പെടുമെന്ന ഘട്ടത്തില്‍ തെളിവ് നശിപ്പിച്ച് വിശുദ്ധരാകാനും ശ്രമിക്കുന്ന നാരദ ന്യൂസ് -കേരള പത്രാധിപരെയും ഏതു ഗണത്തിലാണ് പെടുത്തെണ്ടത് ?
 
കളവു നടത്തി പിടിക്കപ്പെടുമെന്ന്‍ ഉറപ്പാകുമ്പോള്‍ ഭവന ഭേദനം, ജ്വല്ലറി കൊള്ള തുടങ്ങിയ കുറ്റകൃത്യം നടത്തുന്നവര്‍ക്കും 20 ദിവസം കഴിഞ്ഞു കളവു മുതല്‍ തിരിച്ചേല്‍പ്പിച്ച് കുറ്റ വിമുക്തരാകാന്‍ കഴിയുമോ ബഹുമാന്യനായ  നാരദാ പത്രാധിപരെ ?

ബലാത്സംഘം വീഡിയോ എടുത്ത് സ്ത്രീ പീഡന കുറ്റ ത്തില്‍ നിന്നും രക്ഷപ്പെടാനായി  20 ദിവസം കഴിഞ്ഞു ഡിലെറ്റ് ചെയ്യാം എന്ന് സമ്മതിക്കാന്‍ തയ്യാറാകുന്ന വിശാല മനസ്കതയെ സംസ്ക്കാരം എന്ന് വിളിക്കണോ പത്രാധിപരെ.

മാധ്യമ ധാര്‍മ്മികതയും സത്യസന്ധത എന്ന ബോധവും   നാരദ പത്രപ്രവര്‍ത്തകര്‍ക്കിടയില്‍  അല്പമെങ്കിലും ഉണ്ടെങ്കില്‍ ഫുബ്രുവരി ഒന്നിലെ പഴയ തെറ്റായ ഫ്രോഡ് വാര്‍ത്ത തെറ്റ് ചൂണ്ടിക്കാണിക്കുന്ന കുറിപ്പ് സഹിതം  പുനസ്ഥാപിക്കുകയും. തെറ്റ് പറ്റിയ വിവരം സത്യസന്ധമായി  സമ്മതിച്ച് വായനക്കാരോട് പുതിയ നാരദ വാര്‍ത്തയിലൂടെ  ക്ഷമാപണം നടത്തി മാന്യത കാണിക്കുക.
 
താങ്ക്യു !1)  തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിച്ച നാരദ ന്യൂസ് തങ്ങളുടെ 20 ദിവസം പഴക്കമുള്ള വാര്‍ത്തയില്‍ നിന്നും തെറ്റായ ഭാഗം 20.02.2018നു തെളിവ് നശിപ്പിച്ച് കൊണ്ട് നീക്കം ചെയ്തതിനാല്‍ മുകളില്‍ കൊടുത്ത  സ്ക്രീന്‍ ഷോട്ട് ന്യൂസില്‍ മാത്രമേ തെളിവ് നിലനില്‍ക്കുന്നുള്ളു. നാരദ ന്യൂസ് ക്ഷമാപണം നടത്തിക്കൊണ്ടു പ്രസിദ്ധീകരിച്ച തിരുത്ത് പോസ്റ്റില്‍ എല്ലാം വിവരിച്ചിട്ടുണ്ട്.     നാരദ ന്യൂസ് തിരുത്ത്/ക്ഷമാപണ ലിങ്ക്.

Monday, February 19, 2018

വ്യാജ വാര്‍ത്തക്ക് എതിരെ പത്രാധിപര്‍ക്ക് ഒരു കത്ത്

പ്രിയപ്പെട്ട നാരദ പത്രാധിപരെ,

വളരെ വേദനയോടെ  പറയട്ടെ, 2018 ഫെബ്രുവരി ഒന്നിന് നാരദ ന്യൂസ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചതും  തോലില്‍ സുരേഷ് എഴുതിയതുമായ
"ഒരു സവര്‍ണ്ണ മൃത ദേഹത്തോടാണെങ്കില്‍ 
അവര്‍ അത് കാണിക്കില്ലായിരുന്നു" 
(കേരളത്തില്‍ ജാതിയുണ്ട്, എന്നെ അവര്‍ കൊല്ലാന്‍ വരെ നോക്കിയിട്ടുണ്ട് എന്ന ഉപ ശീര്‍ഷകമുള്ളത്)
എന്ന  വാര്‍ത്ത/ലേഖനം  വസ്തുതാപരമായി ഗുരുതരമായ  തെറ്റുകള്‍ ഉള്ളതും, സത്യത്തിനു നിരക്കാത്തതും, എനിക്ക് വ്യക്തിപരമായി അപകീര്‍ത്തികരവുമാണ്.

വലിയൊരുവിഭാഗത്തിന്‍റെ മനസ്സില്‍  എന്‍റെ ചിത്ര സമാഹാരമായ "അമണ" യുടെ കര്‍തൃത്വത്തെക്കുറിച്ച്  സംശയം ജനിപ്പിക്കുന്നതും, ഫലത്തില്‍, ഒരു 'തീവെട്ടി കൊള്ള' പോലെ നിന്ദ്യമായ കര്‍തൃത്വ അപഹരണ ശ്രമം നടത്തുന്നതുമാണ് നാരദയില്‍ ശ്രീ തോലില്‍ സുരേഷ് എഴുതിയിരിക്കുന്ന ലേഖനം എന്ന്‍ വ്യസനത്തോടെ അറിയിക്കട്ടെ !

നാരദയുടെ ഫെബ്രുവരി ഒന്നിലെ ലേഖനത്തില്‍ പറയുന്നത്,  ചിത്രകലയുമായി ബന്ധപ്പെട്ടു താന്‍  എഴുതിയ " ................ " എന്ന പുസ്തകം പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് തനിക്കെതിരെ 2016 ല്‍  കൊലപാതക ശ്രമം നടന്നു എന്നാണ്.
കുറുക്കുവഴിയിലൂടെ പ്രശസ്തി ആഗ്രഹിക്കുന്ന ഒരുവന്‍റെ  എട്ടുകാലി മാമ്മൂഞ്ഞാകാനുള്ള നാണംകെട്ട ശ്രമമായി മാത്രമേ  ആ അവകാശവാദത്തെ കാണാനാകു.
 
                                                     
1 ) ഒന്നാമതായി ...

ടി. മുരളി എന്ന ഞാന്‍ എഴുതിയതും, എന്‍റെ 1990 മുതല്‍ 2015 ഡിസംബര്‍ വരെയുള്ള   35 ചിത്രങ്ങളുടെയും ചിത്ര വിവരണങ്ങളുടെയും  സമാഹാരവുമായ "അമണ" -ചരിത്രത്തിലില്ലാത്ത ചിത്രങ്ങള്‍ - എന്ന പുസ്തകത്തിന്‍റെ രചയിതാവ് താനാണെന്നുള്ള ശ്രീ തോലില്‍ സുരേഷിന്‍റെ അവകാശവാദം 100 %  പച്ചക്കള്ളവും ദുരുദ്ദേശപരവുമാണ്.

ഒരു  എട്ടുകാലി മമ്മൂഞ്ഞിനോളം തരംതാണ നിലവാരത്തിലുള്ളതാണ് തോലില്‍ സുരേഷിന്‍റെ  അവകാശവാദമെങ്കിലും  നാരദ ന്യൂസ് വായനക്കാരിലും ഫേസ് ബുക്ക് വായനക്കാര്‍ക്കിടയിലും പ്രസ്തുത വാര്‍ത്തയിലൂടെ എനിക്കെതിരെയും 'അമണ' എന്ന എന്‍റെ പുസ്തകത്തിനെതിരെയും  തെറ്റിദ്ധാരണ ജനിപ്പിക്കാന്‍ നാരദയിലെ  തെറ്റായ വാര്‍ത്തക്ക് കഴിയുമെന്നു ഞാന്‍  മനസ്സിലാക്കുന്നു.

ഡോ. എ.ടി.മോഹന്‍രാജ് , ഡോ. അജയ് എസ്. ശേഖര്‍ , പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകനും പത്രപ്രവര്‍ത്തകനുമായ ബി.ആര്‍. പി. ഭാസ്ക്കര്‍  എന്നീ മൂന്നു പ്രഗത്ഭ വ്യക്തികളുടെ  ചിത്ര പഠന ലേഖനങ്ങള്‍ മാത്രമേ 'അമണ'യില്‍ എന്‍റെതല്ലാത്ത  ഉള്ളടക്കമായി ഉള്ളു.

മാത്രമല്ല, അമണ പുസ്തകത്തിന്‍റെയോ ചിത്രങ്ങളുടെയോ  കോപ്പി റൈറ്റ് ഞാന്‍ ആര്‍ക്കും കൈമാറിയിട്ടില്ല. ഗ്രന്ഥ രചയിതാവായ എന്‍റെ പേരില്‍ തന്നെയാണ് പകര്‍പ്പാവകാശം പ്രിന്‍റു ചെയ്തിരിക്കുന്നതും. അങ്ങനെയിരിക്കെ, തോലില്‍ സുരേഷ് 'അമണ' എന്ന എന്‍റെ പുസ്തകത്തിന്‍റെ ഗ്രന്ഥ കര്‍ത്താവായി സ്വയം അവകാശപ്രഖ്യാപനം നടത്തുന്നത് എനിക്ക് മാത്രമല്ല, താങ്കളുടെ നാരദ ന്യൂസിന്‍റെ  വിശ്വസ്യതയെയും കളങ്കപ്പെടുത്തുന്ന കുറ്റകൃത്യമാണ്.നാരദ ന്യൂസ് പോര്‍ട്ടലില്‍ സുരേഷ്  എഴുതിയ
ലേഖനത്തിലെ വ്യാജ അവകാശ വാദങ്ങള്‍ 
ഇമേജില്‍ ക്ലിക്ക് ചെയ്ത് വലുതാക്കി വായിക്കാം 2) രണ്ടാമതായി...

എന്‍റെ  'അമണ' ചിത്ര സമാഹാര പുസ്തകം പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് ശ്രീമാന്‍ തോലില്‍ സുരേഷിന് എതിരെ 2016 ല്‍ കൊലപാതക ശ്രമമുണ്ടായി എന്ന നാരദ  വാര്‍ത്ത എന്‍റെ അറിവിനും മനസാക്ഷിക്കും അനുസരിച്ച് വിശ്വാസയോഗ്യമല്ല. കാരണം, ആ 'നാടകം' അയാള്‍  അനര്‍ഹമായ പ്രശസ്തി നേടിയെടുക്കാന്‍  വേണ്ടി നടത്തിയ  നിന്ദ്യമായ പ്രചാരണ കൌശലമായെ എനിക്ക് ബോധ്യപ്പെട്ടിട്ടുള്ളു.

ഏതാണ്ട് രണ്ടു വര്ഷം മുന്‍പ്, അതായത്,  2016 മാര്‍ച്ച് അവസാന വാരത്തിലെ  ഒരു പാതിരാത്രി ഗുണ്ടാ ആക്രമണ സംഭവം /വധ ശ്രമം  (?) നടന്നതിന്‍റെ തൊട്ടടുത്ത ദിവസം വൈകുന്നേരം ആക്രമണത്തില്‍ പരിക്കേറ്റു ആശുപത്രിയില്‍ കഴിയുന്ന ശ്രീ തോലില്‍ സുരേഷിനെ ഞാന്‍ നേരില്‍ പോയി കണ്ടിട്ടുണ്ട്.
നാരദ ലേഖനത്തില്‍ സുരേഷ് എഴുതി പൊലിപ്പിച്ച മാരകായുധങ്ങളായ ഇരുമ്പ് വടി, കൊടുവാള് തുടങ്ങിയവ കൊണ്ടുള്ള 'തലോടലിന്‍റെ' അവശതയൊന്നും  എനിക്ക് അന്ന്  കാണാനായിട്ടില്ല.

നാരദയില്‍ സുരേഷ്  പറഞ്ഞിരിക്കുന്ന വാചകം ഇതാണ് : " എന്‍റെ മകളുടെ മുന്നില്‍ വച്ചു ഇരുമ്പ് വടികള്‍ കൊണ്ട് അടിക്കുകയും, വാളുകൊണ്ട് വെട്ടുകയും ചെയ്തു."

മൂന്നു ഗുണ്ടകളുടെ നേതൃത്വത്തില്‍ ഇത്രയും മനുഷ്യപ്പറ്റില്ലാത്ത ഇരുമ്പ് വടി ദണ്ടനവും വാളുകൊണ്ടുള്ള വെട്ടുകളും ശരീരത്തില്‍ ഏറ്റുവാങ്ങിയ സുരേഷ്  തുണികൊണ്ടുള്ള ഒരു ബാന്‍ടെജുപോലുമില്ലാതെ ആശുപത്രി കട്ടിലില്‍  ശരീരം തടവി  ഇരിക്കുന്നതാണ് ഞാന്‍ കണ്ടത്. പരിക്ക്, ഷര്‍ട്ടിനകത്തുള്ള ഏതോ അജ്ഞാത സ്ഥലത്ത് ഉണ്ടെന്നു മാത്രം ഗ്രഹിച്ചു. അന്യന്‍റെ സ്വകാര്യത ബഹുമാനിക്കണമല്ലോ !! രഹസ്യ സ്വഭാവമുള്ള ഇരുമ്പുവടി -വാള്‍ പ്രയോഗ  പരിക്ക് നിര്‍ബന്ധിച്ച്  നേരില്‍ കാണാന്‍ ഞാനും കൂടുതല്‍ ഉത്സാഹിച്ചില്ല. എന്‍റെ അമണ പുസ്തകം വില്ക്കാമെന്നേറ്റ ഒരു ബുക്ക് സ്റ്റാള്‍ ഉടമയായതിനാല്‍  സഹതാപം പ്രകടിപ്പിച്ചു. "അമണ" പുസ്തകത്തിലെ ഉള്ളടക്കം  കാരണമുണ്ടായ സംഘി  ആക്രമണമാണ് എന്ന്‍ സുരേഷ് ആവര്‍ത്തിച്ചു കൊണ്ടിരുന്നതിനാല്‍ ,   ദയവായി അമണ പുസ്തകവുമായി ഈ മര്‍ദ്ദന ആരോപണത്തെ ബന്ധപ്പെടുത്തരുതെന്ന്‍ അന്ന് അയാളോട് അഭ്യര്‍ത്ഥിച്ചു.

അക്രമം നടന്നതായി പറയുന്ന ദിവസത്തിന്‍റെ മൂന്നാല് ദിവസം മുന്‍പ്
അമണ പുസ്തകത്തിന്‍റെ കുറച്ചു കോപ്പികള്‍ (മൂന്നു ബണ്ടിലുകളിലായി 180 എണ്ണം.)  ഞാന്‍ വില്‍ക്കാനായി സുരേഷിന്‍റെ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കടുത്ത പുസ്തക കടയില്‍ എത്തിച്ചു  കൊടുത്തിട്ടുണ്ട്. (അതില്‍ ഒരു കോപ്പി പോലും അക്രമ സംഭവം നടന്നെന്നു പറയുന്ന ദിവസത്തിനിടക്ക്  വിറ്റ്‌ പോയിട്ടുമില്ല.) ആ  ഒരൊറ്റ വസ്തുതയെ മാത്രം  ബന്ധപ്പെടുത്തി സുരേഷിന്‍റെ വാടക വീട്ടില്‍ നടന്ന (ബുക്ക് സ്റ്റാളിലല്ല എന്ന് പ്രത്യേകം ശ്രദ്ധിക്കുക.) ഏതോ ഒരു വ്യക്തിഗത  തര്‍ക്കത്തിന്‍റെയോ വഴക്കിന്‍റെയോ വിഴുപ്പ് എന്‍റെ 'അമണ' പുസ്തകത്തിനു മുകളില്‍ കയറ്റി വെക്കുന്നതും അതിന്‍റെ പേരില്‍ ജീവിക്കുന്ന  രക്തസാക്ഷിയായി സ്വയം അവരോധിതന്‍ ആകുന്നതുമായ   അയാളുടെ  ശ്രമം ലജ്ജാകരമാണ് എന്നെ പറയാനാകു.

പുതിയൊരു പുസ്തകം പ്രസിദ്ധീകരിക്കുമ്പോള്‍ ഒരു വിവാദം ഉണ്ടാകുന്നത് പുസ്തക വില്‍പ്പനയെ സംബന്ധിച്ച് നല്ലതാണെന്നറിയാം. പക്ഷെ, ആ വിവാദം വ്യാജമായി നിര്‍മ്മിച്ചെടുക്കുന്നതാകരുത് എന്ന് എനിക്ക്  നിര്‍ബന്ധം ഉണ്ട്. പുസ്തകം വില്‍ക്കുന്ന ബുക്ക് സ്റ്റാള്‍ ഉടമകളാരെങ്കിലും തങ്ങളുടെ   വ്യക്തിഗതമായ പ്രശ്നത്തിന്‍റെ  പേരിലുള്ള ഒരു അക്രമത്തെ വഴിതിരിച്ച് എന്‍റെ പുസ്തകവുമായി ബന്ധപ്പെട്ട  വിവാദമാക്കുന്നത് കൊടിയ അക്രമവുമാണ്.

ഒരു വിവാദവും ഇല്ലാതെ തന്നെ 2016 മാര്‍ച്ചില്‍ പ്രിന്‍റു ചെയ്ത  അമണ പുസ്തകത്തിന്‍റെ ആയിരം കോപ്പിയില്‍ ഇപ്പോള്‍  കഷ്ടി നൂറോളം കോപ്പിയെ എന്‍റെ കൈവശം ശേഷിപ്പുള്ളു.

ഇനി അമണ പുസ്തകത്തിന്‍റെ പേരില്‍ വെട്ടോ കുത്തോ വധമോ നടന്നാലേ എന്‍റെ പുസ്തകം വില്‍ക്കപ്പെടൂ എന്ന് പുസ്തകത്തിന്‍റെയും അതിലെ ഉള്ളടക്കത്തിന്‍റെയും ഒറിജിനല്‍ അച്ഛനായ എനിക്ക് തോന്നുന്ന പക്ഷം  ഞാന്‍ തന്നെ അതിനായി വല്ല കഥകളി സംഘത്തിനും കൊട്ടേഷന്‍ കൊടുത്തോളാം. സുരേഷും, സുരേഷിന്‍റെ പുസ്തക കടയും ഇങ്ങനെ വ്യാജമായ  വധശ്രമ  ത്യാഗ വാര്‍ത്തകള്‍  രചിച്ച് ഓണ്‍ ലൈന്‍ പത്രങ്ങളെയും പ്രാദേശിക പത്രങ്ങളെയും കഷ്ടപ്പെടുത്തെണ്ടതില്ല.
 
അമണ പ്രസിദ്ധീകരണം

കേരളത്തിലുടനീളമായി പതിനെട്ടോളം ചിത്ര പ്രദര്‍ശനങ്ങളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട എന്‍റെ  35 ചിത്രങ്ങളും ഞാന്‍ എഴുതിയ  വിവരണങ്ങളുമാണ് "അമണ"യിലെ ഉള്ളടക്കം. 2014ന്‍റെ  തുടക്കം  മുതല്‍ തന്നെ  ചിത്ര പ്രദര്‍ശനത്തോടൊപ്പം പ്രിന്‍റു ചെയ്ത  ചിത്ര വിവരണവും ആര്‍ട്ട് ഗ്യാലറികളില്‍ ചിത്രത്തോടൊപ്പം   പ്രദര്‍ശിപ്പിക്കാന്‍ ഞാന്‍  തുടങ്ങിയിരുന്നു. അതിനാല്‍  എന്‍റെ ചിത്ര സമാഹാരമായ "അമണ" പുസ്തകത്തിന്‍റെ പ്രസിദ്ധീകരണ ജോലി എന്നത് ടെക്സ്റ്റ് ഫയലുകള്‍ പേജ് മേക്കര്‍  പുസ്തക ലെ-ഔട്ടിലെക്ക് മാറ്റുക എന്ന വെറും സാങ്കേതിക ജോലി മാത്രമായിരുന്നു.

സാമൂഹ്യ ചരിത്രം പഠിക്കുകയും വരക്കുകയും ചെയ്യുന്നതിന്‍റെ ഭാഗമായുണ്ടായ ദളിത സ്നേഹമാണ് കാലിക്കറ്റ് യൂനിവേഴ്സിറ്റിക്ക് സമീപം മുദ്ര ബുക്സ് എന്ന പേരില്‍ പുസ്തക കട നടത്തുന്ന  ശ്രീ. സുരേഷുമായി ബന്ധപ്പെടുത്തുന്നത്. (ഒരു ദളിത്‌ കവിയാണ്‌ ഇയാളെ പരിചയപ്പെടുത്തുന്നത്).  ആദ്യമായി പുസ്തകം പ്രസിദ്ധീകരിക്കുമ്പോള്‍ പുസ്തകത്തില്‍  ഒരു പബ്ലിഷറുടെ പേര് വേണമല്ലോ എന്നതുകൊണ്ട്‌ മാത്രം സുരേഷിന്‍റെ അനുവാദത്തോടെ  മുദ്ര ബുക്സ് എന്ന് പേര് വച്ചതാണ്. ആ ഉപകാരത്തിനു ബദലായി കവര്‍ ഡിസൈന്‍ ക്രെഡിറ്റും അയാള്‍ക്ക്‌  നല്‍കി. "അമണ"പുസ്തകം പബ്ലിഷു ചെയ്യാനുള്ള സാമ്പത്തിക  ചിലവുകള്‍ക്ക് ആരോടും എനിക്ക്  കടപ്പാടില്ല.


ആര്‍ട്ടിസ്റ്റ് അശാന്തന്‍റെ മൃദദേഹ വിവാദത്തിന്‍റെ 
ചിലവില്‍ ഒരു രക്തസാക്ഷി വേഷം കെട്ടല്‍ !! 

ഇയ്യിടെ അന്തരിച്ച തനതായ കഴിവുകളുള്ള നന്മനിറഞ്ഞ ഒരു   ചിത്രകാരനായിരുന്ന അശാന്തന്‍ (മഹേഷ്‌) മാഷിന്‍റെ മൃതദേഹം  കൊച്ചി ദര്‍ബാര്‍ ഹാളിന്‍റെ  മുറ്റത്ത് പൊതു  പ്രദര്‍ശനത്തിനു വെക്കാന്‍  ശ്രമിച്ചപ്പോള്‍ തൊട്ടടുത്ത അമ്പല കമ്മിറ്റിക്കാര്‍ ഗുണ്ടകളെപ്പോലെ ഗ്യാലറി മുറ്റത്ത് അഴിഞ്ഞാടിയതിനെ തുടര്‍ന്നു ഉയര്‍ന്നു വന്ന  വിവാദത്തിന്‍റെ കാറ്റില്‍ ബുദ്ധിപൂര്‍വ്വം തന്‍റെ  ദളിത്‌ രക്തസാക്ഷിത്വ കഥ  വീണ്ടും തൂറ്റാനിറങ്ങിയ ശ്രീ. തോലില്‍ സുരേഷ് ദളിത്‌ രാഷ്ട്രീയത്തെതന്നെ അസ്ലീലമാക്കുന്നു എന്ന് പറയേണ്ടി വന്നിരിക്കുന്നു.

സുഹൃത്തിന് നന്ദി

നാരദയില്‍ ഈ വാര്‍ത്ത വായിച്ചു കണ്ഫ്യൂഷനായ കേരളത്തിനു പുറത്തുള്ള  ഒരു സുഹൃത്ത്  നാലഞ്ചു ദിവസം മുന്‍പ് എന്നെ നേരില്‍ വിളിച്ച്  സുരേഷ് എന്‍റെ അമണ പുസ്തകത്തിന്‍റെ കര്‍തൃത്വം അവകാശപ്പെട്ടത് ശ്രദ്ധയില്‍പ്പെടുത്തിയിരുന്നില്ലെങ്കില്‍ ഞാന്‍ ഈ തട്ടിപ്പ്  അറിയില്ലായിരുന്നു. ഈ കത്ത് നാരദ എഡിറ്റര്‍ക്ക് എഴുതാനും ഇടവരില്ലായിരുന്നു. ആ സുഹൃത്തിന് നന്ദി.
എന്‍റെ 35 ചിത്രങ്ങളുടെയും ചിത്ര വിവരണങ്ങളുടെയും
സമാഹാരമായ "അമണ" പുസ്തകം.

ചിത്രകാരന്‍ ടി.മുരളി എന്ന ഞാന്‍ അന്വേഷിച്ചും, ചിന്തിച്ചും, വരച്ചും, യാത്രചെയ്തും, എഴുതിയും, പ്രദര്‍ശിപ്പിച്ച്ചും രചിച്ചെടുത്ത എന്‍റെ  കലാ സമാഹാരമായ "അമണ" -ചരിത്രത്തിലില്ലാത്ത ചിത്രങ്ങള്‍ എന്ന പുസ്തകം ആര്‍ക്കും അത്ര വേഗത്തില്‍ മോഷ്ടിക്കാനാകുന്ന സംഭവമല്ല.

എന്നാല്‍, വിവാദ പുകമറയുടെ മാത്രം സഹായത്തോടെ  രക്തസാക്ഷികളും, ചിത്രകാരന്മാരും, എഴുത്തുകാരും, സെലിബ്രിട്ടികളും ആകാന്‍ കച്ചകെട്ടി ഇറങ്ങുന്ന അതി വെളവന്മാരെ ഇതൊന്നും അലട്ടുന്നില്ല.  നാരദയെപ്പോലുള്ള ന്യൂസ് പോര്‍ട്ടലുകളും, പ്രസിദ്ധീകരനങ്ങളും ജാഗ്രത കാണിച്ചാല്‍ നന്നായിരുന്നു.
ഈ വിഷയത്തില്‍ നാരദ പത്രാധിപ സമിതി  അവരുടെ മാധ്യമ  സത്യസന്ധതക്കനുസരിച്ച പരിഹാര നടപടികള്‍ സ്വീകരിക്കും എന്നു പ്രതീക്ഷിക്കുന്നു.

എന്ന്,
സ്നേഹാദരങ്ങളോടെ,

മുരളി ടി.
(ചിത്രകാരന്‍)
കക്കാട് (Post)
കണ്ണൂര്‍-670005

19-02-2018.

ലിങ്കുകള്‍

1)  തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിച്ച നാരദ ന്യൂസ് തങ്ങളുടെ 20 ദിവസം പഴക്കമുള്ള വാര്‍ത്തയില്‍ നിന്നും തെറ്റായ ഭാഗം 20.02.2018നു തെളിവ് നശിപ്പിച്ച് കൊണ്ട് നീക്കം ചെയ്തതിനാല്‍ മുകളില്‍ കൊടുത്ത  സ്ക്രീന്‍ ഷോട്ട് ന്യൂസില്‍ മാത്രമേ തെളിവ് നിലനില്‍ക്കുന്നുള്ളു. നാരദ ന്യൂസ് ക്ഷമാപണം നടത്തിക്കൊണ്ടു പ്രസിദ്ധീകരിച്ച തിരുത്ത് പോസ്റ്റില്‍ എല്ലാം വിവരിച്ചിട്ടുണ്ട്.     നാരദ ന്യൂസ് തിരുത്ത്/ക്ഷമാപണ ലിങ്ക്.

2) ചിത്രകാരന്‍റെ ഫേസ് ബുക്ക് പോസ്റ്റ്‌ ലിങ്ക് (20.02.2018) 

3) ചിത്രകാരന്‍റെ ഫേസ് ബുക്ക് പോസ്റ്റ്‌ ലിങ്ക് (21.02.2018)