Monday, February 9, 2009

നളിനി ജമീലയുടെ ആത്മകഥ/സീതായണം

ഒരു ജീവിതത്തെ മഹനീയമാക്കുന്നത് നമ്മുടെ വ്യക്തി ബന്ധങ്ങള്‍, പിടിപാടുകള്‍, അധികാരങ്ങളിലെ സ്വാധീനം, പണം , പ്രശസ്തി, പരിചയം, നമുക്കുപിന്നില്‍ അനുയായികളെപ്പോലെ അച്ചടക്കത്തോടെ നില്‍ക്കുന്ന കുടുംബാംഗങ്ങള്‍,നമ്മുടെ തൊഴില്‍, സാമൂഹ്യ-സാംസ്ക്കാരിക-രാഷ്ട്രീയ ബന്ധങ്ങള്‍ , മികച്ച സാംബത്തിക അടിത്തറ, കുടുംബത്തിലേയും ബന്ധത്തിലേയും പ്രമുഖരുടെ സാന്നിദ്ധ്യം ..... അങ്ങിനെ അങ്ങിനെ നൂറുകൂട്ടം പൊങ്ങച്ചങ്ങളാണെന്ന് നാം ആത്മാര്‍ത്ഥമായും വിശ്വസിക്കുകയും, അതിനനുസരിച്ച് ജീവിച്ച് മഹത്തായ പാരംബര്യങ്ങളും, പ്രസ്ഥാനങ്ങളുമായി മാറുകയുംചെയ്യുന്നു.

ആരും ചൂണ്ടുവിരലുയര്‍ത്താതെ, അയ്യ്യേ... എന്നു പരിഹസിക്കാതെ , കുറിക്കുകൊള്ളുന്ന തെറിയൊന്നും വിളിക്കാതെ സൌജന്യം കാണിച്ചാല്‍ നമ്മുടെ അന്തസ്സിന് ഇളക്കമൊന്നും തട്ടാനിടയില്ല. പക്ഷേ, അത് ഇനി എത്രകാലം ? കാലം മാറുകയാണ്. ഇതുവരെ ഉദയാസ്തമനങ്ങള്‍ പോലും നിയന്ത്രിച്ച് , നമ്മുടെ താല്‍പ്പര്യങ്ങളുടെ കോട്ടകളായി നിന്ന പാരംബര്യത്തിന്റെ പായല്‍ പിടിച്ച ചുവരുകള്‍ക്കുനേരെ കാലത്തിന്റെ തിരമാലകള്‍ അടിച്ചുയരുംബോള്‍ കണ്ണടടച്ച് ഇരുട്ടാക്കാനാകില്ല.

ചിത്രകാരന്‍ ഇന്നലെയാണ് നളിനി ജമീലയുടെ ആത്മകഥ വാങ്ങിയത്. ഒറ്റയിരുപ്പിന് വായിച്ചു തീര്‍ത്തു.
ഒരു തരി അശ്ലീലമോ , ലൈംഗീകതയോ ആയി വിശേഷിപ്പിക്കപ്പെടുന്ന വാക്കുകളൊന്നും ആ പുസ്തകത്തിലില്ല. പകരം ആത്മാഭിമാനത്തിന്റെ തീക്കറ്റും,
മാനവികതയുടെ കാലവര്‍ഷ മേഘങ്ങളും,വ്യക്തിബഹുമാനത്തിന്റെ ശുദ്ധിയും,കര്‍ക്കശമായ ജീവിത മൂല്യങ്ങളും അക്ഷര വിത്തുകളുടെ രൂപത്തില്‍ അവിടെ വരികള്‍ക്കിടയില്‍ കാത്തുനില്‍ക്കുന്നു. കാലത്തെക്കുറിച്ച് തിരിച്ചറിവുനേടിയവരുടെ ആജ്ഞക്കായി.
നളിനി തന്റെ ജീവിത സത്യാന്വേഷണ പരീക്ഷണങ്ങളിലൂടെ ആര്‍ജ്ജിച്ചെടുത്ത ജീവിതത്തിന്റെ വ്യക്തമായ കാഴ്ച്ചപ്പാട് ഒരു സാധാരണ വ്യക്തിയുടേതല്ല. അതിന്റെ പരപ്പും ആഴവും നമ്മുടെ സമൂഹത്തെ ലജ്ജിപ്പിക്കുന്ന തരത്തില്‍ വിശാലവും, നിര്‍മ്മലവുമാണ്. സത്യസന്ധതയാണ് അതിനെ ഊഷ്മളമാക്കുന്നത്, പ്രകാശമാനമാക്കുന്നത്. സമൂഹത്തിന് മാനവികതയുടെ അനോട്ടമി (ശരീരശാസ്ത്രം) പരിശോധിക്കാനും, പഠിക്കാനും,അറിയാനും തന്റെ സ്വന്തം ജീവനുള്ള ആത്മാവിനെ അവര്‍ നമുക്കു ദാനം ചെയ്തിരിക്കുന്നു. ഇത്രക്കു ധൈര്യമുള്ള,സത്യമുള്ള ഒരു വ്യക്തിയെ ചിത്രകാരനു നമിക്കാതിരിക്കാനാകില്ല.

ചരിത്രവും, അറിവുകളും ഇനി ദരിദ്രരേയും നിരാലംബരേയും കാലത്തിന്റെ ഇരുട്ടുകുഴിയില്‍ ഉപേക്ഷിക്കില്ലെന്നാണ് അവരുടെ ആത്മകഥ നമ്മോട് മന്ത്രിക്കുന്നത്. നളിനി ജമീലയുടെ കഥ വെറും ഒരു ലൈംഗീക തൊഴിലാളിയുടെ ശ്രദ്ധപിടിച്ചുപറ്റാനുള്ള കോഴികൂവലല്ല. മറിച്ച്, നമ്മുടെ സമൂഹത്തിലെ
മൂല്യരാഹിത്യത്തിന്റെ കാരണങ്ങള്‍ , നമ്മുടെ കാപട്യങ്ങളുടെ കാഠിന്യം, മനുഷ്യത്വത്തിന്റെ അന്തസ്സ്
എന്നിവ അന്വേഷിക്കുന്ന ഒരു വ്യക്തിയുടെ കണ്ടെത്തലുകളാണ്. കണ്ടുമടുത്ത പകര്‍ത്തിയെഴുതലുകളല്ല. വൈക്കം മുഹമ്മദ് ബഷീറിനുശേഷമുള്ള മലയാളിയുടെ ദാര്‍ശനിക വളര്‍ച്ച ഇവരിലൂടെയാണെന്ന് ചിത്രകാരനു തോന്നുന്നു. ബഷീറിന്റെ പാവപ്പെട്ടവരുടെ വേശ്യ എന്ന വളരെ ചെറിയ കഥയിലെ മനുഷ്യന്റെ അന്തസ്സിന്റെ കാരണങ്ങളെക്കുറിച്ചുള്ള തത്വശാസ്ത്രവിചാരങ്ങളുടെ
വിശാലമായ ഒരു പഠനമായി നളിനി ജമീലയുടെ ആത്മകഥ നിലകൊള്ളുന്നു. അന്തസ്സോടെ !
അവരുടെ പ്രായോഗിക ബുദ്ധിയും, ആത്മാഭിമാനവും, ക്രിയാത്മകതയും പഠിക്കപ്പെടേണ്ടതാണ്.

വേശ്യകളുടെ തൊഴില്‍ പ്രശ്നങ്ങള്‍ക്കോ, അവകാശങ്ങള്‍ക്കോ അല്ല, സമൂഹത്തിന്റെ ജീര്‍ണ്ണതക്കും,കാപട്യത്തിനുമാണ് അവരുടെ ആത്മകഥ മരുന്നാകാന്‍ പോകുന്നത്. ഇതാണ് നളിനി ജമീലയെ മഹത്വപ്പെടുത്തുന്ന ഘടകവും. എല്ലാ മനുഷ്യരും മനുഷ്യരായി തിരിച്ചറിയപ്പെടുംബോള്‍
വേശ്യകള്‍ക്കു മാത്രമായി സങ്കുചിത വര്‍ഗ്ഗ സംരക്ഷണത്തിന്റെ പ്രശ്നമുദിക്കുന്നില്ലല്ലോ. എന്താണ് ഒരു മനുഷ്യന്റെ മാന്യത ? എന്താണ് ഒരു കുടുംബിനിയും, ഒരു ലൈംഗീക തൊഴിലാളിയും തമ്മിലുള്ള ശുദ്ധിവ്യത്യാസം ? നമ്മുടെ മനസ്സിന്റെ അറപ്പിന്റെ കാരണങ്ങള്‍ മനസ്സിലെ അഴുക്കാണെന്ന തുറന്ന അറിവുതരുന്ന ഈ പുസ്തകം പ്ലസ്സ് വണ്‍ പ്ലസ്സ് ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള പാഠപുസ്തകമാക്കിയാല്‍ ഒരു പത്തുകൊല്ലം കൊണ്ട് നമ്മുടെ നാട്ടില്‍ സ്ത്രീപീഢനങ്ങളും , കൊലപാതകങ്ങളും, ആത്മഹത്യയും,രാഷ്ട്രീയ അക്രമങ്ങളും,വര്‍ഗ്ഗീയതയും കുറയുമെന്നു മാത്രമല്ല, ജീവിതത്തോട് സത്യസന്ധതയും ആത്മാര്‍ത്ഥതയും പുലര്‍ത്തുന്ന ആത്മാഭിമാനമുള്ള സമൂഹം രൂപപ്പെടാനും അതു കാരണമാകുമെന്ന് ചിത്രകാരന്‍ വിശ്വസിക്കുന്നു. (അടുത്തകാലത്തൊന്നും നടക്കാത്ത കാര്യമാണെങ്കിലും സ്വപ്നം കാണാമല്ലോ!)

നമ്മുടെ പ്രാര്‍ത്ഥനാമുറികളില്‍ ഇരുന്ന് രാമായണത്തിനും, മഹാഭാരതത്തിനും, ഖുറാനും,ബൈബിളിനും പകരം
വായിക്കപ്പെടേണ്ട സത്യത്തിന്റെ (ദൈവത്തിന്റെ) കയ്യൊപ്പുള്ള പുസ്തകമാണ് “ഞാന്‍ ലൈംഗീക തൊഴിലാളി” എന്ന നളിനി ജമീലയുടെ ആത്മകഥ. സമൂഹത്തിന്റെ മൂല്യബോധത്തെ പരിഷ്ക്കരിക്കാന്‍ ശേഷിയുള്ള പുസ്തകം. സീതായണം എന്നും വിളിക്കാം.

മനുഷ്യന്‍ എന്നത് വെറും ഇറച്ചിയാണെന്നു വിശ്വസിക്കുന്നവര്‍ ഇതൊന്നും വായിച്ചിട്ടു കാര്യമില്ല.
പ്രസിദ്ധീകരിച്ചിരിക്കുന്നത് ഡി.സി.ബുക്സ്. ആദ്യ പ്രസാധനം 2005. അഞ്ചാമത് പുനപ്രസാധനം 2008.വില രൂപ 75/-
DC Books web site : http://www.dcbooks.com/
e-mail : info@dcbooks.com
(ചിത്രകാരനു കമ്മീഷനില്ല :)

Saturday, February 7, 2009

ബഷീര്‍ കണ്ട നായര്‍ മുലകള്‍

മുലകള്‍ക്ക് ജാതിയുണ്ടോ എന്നറിയില്ല. ജാതിയില്ലെങ്കിലും വിവിധ ഇനം മുലകളുള്ളതിനാല്‍ മറ്റെല്ലാത്തിനുമുള്ളതുപോലെ മുലകള്‍ക്കും ജാതിയുണ്ടെന്നു പറയുന്നതില്‍ സാങ്കേതിക പിശകുണ്ടെന്നു തോന്നുന്നില്ല.
മുലകളെക്കുറിച്ച് ദരിദ്ര ചിന്ത പുലര്‍ത്തുന്നവരുടെ സദാചാരആക്രാന്തവും മുലവിരുദ്ധ മനോഭാവവും
മാറ്റിയെടുക്കാനായി ബഷീറിന്റെ മുലസ‌മൃദ്ധിയിലൂടെ ഒന്നു കടന്നുപോകാനുള്ള മനസ്സുണ്ടായാല്‍മതിയാകും. (സ്കൂള്‍ പാഠപുസ്തകങ്ങള്‍ മാത്രം വായിച്ച് ജീവിതവിജയം നേടിയവര്‍ക്ക് ബഷീറല്ല , വാസുദേവന്‍ നായരു പറഞ്ഞാലും മനസ്സിലാകില്ല!!!)

ബഷീര്‍ പറയുന്നു: “ഞാന്‍ കുറെ ഏറെ മുലകള്‍ കണ്ടിട്ടുണ്ട്. പേട്ടുമുല, നെല്ലിക്കാ മുല, സൂചിമുല, അടക്കാമുല, മരോട്ടിക്കായ് മുല,വഴുതനങ്ങാമുല, പംബരമുല,പപ്പായമുല,ചക്ക മുല. എല്ലാം മുഖമ്മൂടി,സോറി,മുലമൂടി ഇട്ടതാണു കണ്ടിട്ടുള്ളത്. അമ്മയുടെ മുലയെപ്പറ്റി ഓര്‍മ്മയില്ല. മുലകള്‍ കാണുംബോള്‍ -അത്ഭുതത്തോടെ തോന്നാറുണ്ട്: ജീവന്റെ ആധാരം!....ആത്മാവിനോ? ...ആത്മാവിന്റെ
വിശപ്പും ദാഹവും ശമിപ്പിക്കാനുള്‍ലതാണല്ലോ പവിത്രമായ വേദഗ്രന്ഥങ്ങള്‍.”

ബഷീറിന്റെ മുലനിരീക്ഷണം ആത്മീയമാകുന്നത് അവസാനത്തെ വരിയില്‍ നിന്നും ചിത്രകാരനു മനസ്സിലാകുന്നുണ്ട്. പക്ഷേ, ബ്ലോഗിലെ വാനര-രാമസേനക്കാര്‍ക്കു മനസ്സിലാകുമോ ?!!!

മുലപോലെത്തന്നെ വികാരങ്ങളെ വൃണപ്പെടുത്തുന്ന സാധനമാണത്രേ ജാതിപ്പേരുകള്‍ !
ജാതി അഭിമാനം കൊണ്ട് റ പോലെ വളഞ്ഞ് ആകാശത്തേക്കു നോക്കി നില്‍ക്കുന്ന കേരളത്തിലെ
ചോറ്റുപട്ടാളമെന്നോ ഗുണ്ടകളെന്നോ വിശേഷിപ്പിക്കപ്പെടുന്ന ശൂദ്രന്മാരുടെ അഭിമാനമാണ് വികാരം കൊണ്ട് പഴുത്തുപൊട്ടി ഒലിക്കുന്നത്. അതിനുള്ള ഓയിന്മെന്റായി ബഷീറിന്റെ ചരിത്രത്തിന്റെ ഡെറ്റോളൊഴിച്ച വാക്കുകളും ഉപയോഗിക്കാം.
ബഷീര്‍ ദേശമംഗലം മനയിലെത്തിയപ്പോള്‍ കണ്ട കാഴ്ച്ചയാണ് വര്‍ണ്ണിക്കുന്നത്:

“ഞങ്ങള്‍ ഇല്ലത്തിന്റെ ഗേറ്റില്‍ ചെന്നു കാറില്‍ നിന്നിറങ്ങി നടന്നു. കുറെ അങ്ങു ചെന്നപ്പോള്‍ ഓര്‍ക്കാപ്പുറത്ത് അടി കിട്ടിയതുപോലുള്ള ഒരു കാഴ്ച്ച!
ഒരു പത്തിരുപത് നായര്‍ യുവതികള്‍. പതിനേഴ്,പതിനെട്ട്,പത്തൊന്‍പത്,ഇരുപത്. ഈ വയസ്സുകളിലുള്ളവര്‍. എല്ലാം വെളുത്ത സുന്ദരികള്‍. വെള്ള മുണ്ടുടുത്തിട്ടുണ്ട്;താറും.പിന്നെ മോളിലേക്ക്
വസ്ത്രങ്ങളൊന്നുമില്ല. എല്ലാവരുടേയും തലയില്‍ വിറകു കെട്ടുണ്ട്. അതു രണ്ടു കൈകൊണ്ടും പിടിച്ചു നെഞ്ചുകള്‍ മുന്നോട്ടു തള്ളിവരുന്നു. ...! മുലകള്‍! മുലകള്‍ ! നഗ്ന മുലകള്‍ ! എത്ര മുലകള്‍ ! എന്തിനെണ്ണുന്നു എല്ലാം ജീവന്റെ ആധാരം ! .......................
............... നമ്പൂതിരിയില്ലങ്ങളില്‍ പ്രവേശിക്കുമ്പോള്‍ നായര്‍ സ്ത്രീകള്‍ ബ്ലൌസോ റൌക്കയോ ബോഡീസോ ഇടാന്‍ പാടില്ല.നമ്പൂതിരിയുടെ മുമ്പിലും ദേവന്റെ മുമ്പിലും രാജാവിന്റെ മുമ്പിലും മുലകള്‍ കാണിക്കണം! നമ്പൂതിരിയും ദേവനും രാജാവും കൂടി പത്തെണ്ണൂറുകൊല്ലം കേരളം ഭരിച്ചു. നമ്പൂതിരിയും ദേവനും രാജാക്കന്മാരും ഒരു പാകത്തിലായെങ്കിലും പഴയ ആ നല്ല കാലത്തിന്റെ മധുരമായ ഓര്‍മ്മകളാകുന്നു ഈ സുന്ദരമുലകള്‍ !”

ബഷീറിന്റെ ഒരു ഭഗവത് ഗീതയും കുറെ മുലകളും എന്ന പുസ്തകത്തില്‍ നിന്നുമാണ് ഈ ഭാഗം കോട്ടിയിരിക്കുന്നത്. സംഭവബഹുലമായ ബാക്കി വായിച്ച് ഉദ്ബുദ്ധരാകുന്നതിന് ഡി.സി ബുക്സില്‍ നിന്നും പുസ്തകം വാങ്ങി വായിക്കാം. 12 കഥകളുടെ ഈ സമാഹാരത്തിന് 45 രൂപ മാത്രം.
ഈ കഥയെക്കുറിച്ച് ഇതുവരെ കേട്ടിരുന്നേ ഉള്ളു. ബ്ലോഗില്‍ മുലയും,ജാതിയും വല്ലാതെ വികാരപ്പെടാന്‍
തുടങ്ങിയതിനാല്‍ ചിത്രകാരനും ഇതു വായിച്ചു. വായനക്കു പ്രേരിപ്പിച്ച എല്ലാ മൂരാച്ചികള്‍ക്കും നന്ദി,നമസ്ക്കാരം.