Tuesday, July 22, 2008

ജാതിയുടെ മര്‍മ്മം- സവര്‍ണ്ണാഭിമാനം!


ഇന്നു പ്രസിദ്ധീകരിച്ച മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ (2008ജൂലായ് 27ലക്കം)വായനക്കാരുടെ കത്തുകളുടെ കൂട്ടത്തില്‍ ശാസ്ത്രീറ്യമായി ജാതിയതയെ വിശകലനം ചെയ്യുന്ന ഒരു കത്തു കണ്ടു. ഡോ.പി.കെ.സുകുമാരന്‍ എഴുതിയ ആ കത്തിന്റെ സ്കാന്‍ ചെയ്ത കോപ്പി ഇവിടെ ചേര്‍ക്കുന്നു.

സര്‍പ്പയജ്ഞം

കുട്ടിക്കാലത്ത്..
മുള്ളുവേലികളിലും,മരക്കുറ്റികളിലും,
ഉറയഴിച്ചുവച്ച് പാമ്പുകള്‍
ഭയപ്പെടുത്തിയിരുന്നു.

വെളുത്തു നരച്ച പാമ്പുറക്ക്
ഒരു പ്രേതത്തിന്റെ രൂപമുണ്ടായിരുന്നു.
ഒരു ഞെട്ടലിന്റെ തരിപ്പുണ്ടായിരുന്നു.
കാല്‍പ്പാദത്തില്‍നിന്നും...
പിടലിയിലേക്ക് ഒരു കൊള്ളിയാനായി
ആഞ്ഞു കൊത്തുന്ന ഭയം
നാവിലെ പുളിപ്പായി...
ദേഹാസകലം വിയര്‍പ്പായി..
മരണത്തിന്റെ പടിപ്പുര കാണിക്കുമായിരുന്നു.

ഇന്ന്..
ആലിന്റെ വേടുപോലെ..
കൂട്ടമായൊഴുകുന്ന
പാംബുകളെ കണ്ട്
ഞാന്‍ ഞെട്ടിക്കൊണ്ടിരിക്കുന്നു.
തറയിലും,ആകാശത്തും,
വായുവിലും,ഉറക്കത്തിലും,
സ്വപ്നങ്ങളിലുംവരെ
പാമ്പുകള്‍ നിറഞ്ഞു കവിഞ്ഞിഴയുന്നു.

ഈ ചിന്തകളെല്ലാം
പാംബുകളാണെന്ന് ..
ജീവിതം സര്‍പ്പയജ്ഞമാണെന്ന്..
അറിയാത്ത ബാല്യത്തെയോര്‍ത്ത്
കളിയാക്കി ചിരിക്കാം !!!

Wednesday, July 16, 2008

ദേവകി നിലയങ്ങോടിന്റെ “എച്ചില്‍“

മാതൃഭൂമിയിലെ ഒരു കുറിപ്പ് - 5-7-08 (മുകളില്‍). ദേവകി നിലയങ്ങോടിന്റെ എച്ചില്‍ എന്ന ലേഖനം ഉള്‍ക്കൊള്ളുന്ന യാത്ര കാട്ടിലും,നാട്ടിലും എന്ന വായിക്കപ്പെടേണ്ട പുസ്തകത്തിന്റെ കവര്‍ചിത്രം താഴെ:
ദേവകി നിലയങ്ങോടിന്റെ “യാത്ര കാട്ടിലും നാട്ടിലും”എന്ന ആത്മകഥാപരമായ കൃതി ചിത്രകാരന്‍ കുറേ മാസങ്ങള്‍ക്കുമുന്‍പേ വായിച്ചിരുന്നു. സാധാരണ ചിമ്മിനി വിളക്കോ, മെഴുകുതിരി നാളമോ ആയി സമൂഹത്തിന്റെ പൊതു നിരപ്പില്‍ കഴിഞ്ഞുകൂടുന്ന സാധാരണ ജനത്തില്‍നിന്നും വിഭിന്നമായി ചിലര്‍ പ്രകാശ ഗോപുരങ്ങളും, ഊര്‍ജ്ജ്യ സ്രോതസ്സുകളുമായിത്തീരുന്നത് സത്യത്തെ സാക്ഷാത്ക്കരിക്കുന്നതില്‍ അവര്‍ കാണിക്കുന്ന മനശുദ്ധിയും, അതു നല്‍കുന്ന ദൈ‌ര്യവും കാരണമാണ്. ഒറ്റക്കൊറ്റക്കുള്ള കുടുസു മുറികളില്‍ കാലയാപനം നടത്തുന്ന ജനങ്ങള്‍ക്ക് തങ്ങളുടെ ഇടുങ്ങിയ വിശ്വാസത്തിന്റെ അരണ്ട വെളിച്ചം തന്നെ തങ്ങളുടെ കുടുസ്സു മുറിയുടെ ചക്രവാളം വരെ പരന്നുകിടക്കുന്നതിനാല്‍ ദുരഭിമാനപൂര്‍വ്വം ജീവിതം ജീവിച്ചു തീര്‍ക്കാവുന്നതാണ്.

എന്നാല്‍, സമൂഹത്തെ മൊത്തം പ്രകാശത്തിലാഴ്ത്താന്‍ സത്യത്തെ ഹൃദയത്തിലണിയാന്‍ തക്ക ശക്തിയും, തന്റേടവും,ശുദ്ധിയുമുള്ള മനുഷ്യര്‍ തന്നെ വേണം. അത്തരമൊരു മഹതിയാണ് ദേവകി നിലയങ്ങോട്. ബുദ്ധമതത്തിന്റെ ഉറങ്ങിപ്പോയ നന്മ ആ അമ്മയിലൂടെ കേരളത്തിന്റെ സാമൂഹ്യ ചക്രവാളത്തിലേക്ക് കെട്ടഴിച്ചുവിടുന്നു... അവരുടെ ഓര്‍മ്മക്കുറിപ്പുകളിലൂടെ.

ഇതിപ്പോള്‍ എഴുതാന്‍ കാരണം, ജുലായ് 5 നു പുറത്തിറങ്ങിയ മാതൃഭൂമി പത്രത്തില്‍ “എച്ചില്‍” എന്ന പേരില്‍ ഒരു ലേഖനം കണ്ടതുകൊണ്ടാണ്. എച്ചില്‍ എന്ന ലേഖനത്തിന്റെ കുറച്ചു ഭാഗങ്ങള്‍ ഏഴാം ക്ലാസ്സിലെ സാമൂഹ്യ പാഠപുസ്തകത്തില്‍ ഉദ്ദരിച്ചിട്ടുണ്ട് എന്നതത്രേ സത്യത്തില്‍ മതമില്ലാത്ത ജീവനെക്കുറിച്ച് വിവാദം കുത്തിപ്പൊക്കി പുസ്തകത്തെ നിരോധിക്കാന്‍ നടക്കുന്നവരുടെ വിഭ്രാന്തിക്കു കാരണം. കേരളത്തില്‍ സവര്‍ണ്ണരെന്ന് ദുരഭിമാനിച്ചു നടക്കുന്നവരുടെ ചരിത്രം 60 കൊല്ലം മുന്‍പുവരെയുള്ള എച്ചിലിലകളില്‍ നിന്നുമാണ് ഉയര്‍ന്നു വന്നതെന്ന സത്യം അവരുടെ ജാത്യാഭിമാനത്തിനു ഇടിവുണ്ടാക്കുമെന്ന് അറിവുള്ള ജാതിക്കോമരങ്ങള്‍ കൃസ്ത്യന്‍ പാതിരിമാരേയും,മുസ്ലീം വര്‍ഗ്ഗീയ പാര്‍ട്ടിയേയും,സവര്‍ണ്ണ കോണ്‍ഗ്രസ്സ് പാര്‍ട്ടിയേയും തെരുവിലിറക്കി മതമില്ലാത്ത ജീവനെതിരെ ഒളിയുദ്ധം ചെയ്യിക്കുകയായിരുന്നത്രേ ! പാവം മതമില്ലാത്ത ജീവന്‍.!!
ദേവകി നിലയങ്ങോടിന്റെ എച്ചിലിലയിലേക്ക് ശ്രദ്ധവീഴാതെ, മതമില്ലാത്ത ജീവന്റെ ചെവിക്കു പിടിച്ച് ഏഴാം ക്ലാസ്സ് പാഠ പുസ്തകമൊന്നു നശിപ്പിച്ചു കിട്ടണം... ജാതി നേതാവായ പണിക്കര്‍ക്ക് !!!

Saturday, July 12, 2008

സൌന്ദര്യ ചരക്കു മത്സരം !


പണ്ടു പണ്ട് ... അതായത് ഒരു എണ്ണൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് കേരളത്തെ ബുദ്ധമതത്തിന്റെ മാവേലി ഭരണത്തില്‍ നിന്നും മോചിപ്പിച്ച് സാക്ഷാല്‍ വാമനന്‍(കുള്ളന്‍)മഹാവിഷ്ണുവിന്റെ ഹൈന്ദവ ഭരണം കൊണ്ടുവരുന്നതിനായി ബ്രാഹ്മണ്യം നമ്മുടെ പുലയ സ്ത്രീകളെ ശൂദ്രസ്ത്രീകളാക്കി പരിവര്‍ത്തനം ചെയ്യുന്ന കാലത്തിങ്കല്‍ ... നല്ല അടിപൊളി സാഹിത്യകൃതികള്‍ സംസ്കൃതത്തിലും, മണിപ്രവാളം മലയാളത്തിലുമൊക്കെ രചിച്ചുകൂട്ടിയിട്ടുണ്ട്.

അതില്‍ പ്രധാനപ്പെട്ട ഒന്നത്രേ “വൈശിക തന്ത്രം” !! എങ്ങിനെ നല്ലൊരു വേശ്യയാകാം. എങ്ങിനെ പുരുഷന്റെ ദൌര്‍ബല്യങ്ങള്‍ ചൂഷണം ചെയ്യാം ? ...എന്നിങ്ങനെ വേശ്യാവൃത്തിയുടെ മഹത്വവല്‍ക്കരണത്തെയും, പ്രചാരത്തേയും ഉദ്ദേശിച്ച് രചിക്കപ്പെട്ടതായിരുന്നു “വൈശിക തന്ത്രം“ .
(കേരളത്തിലെ പ്രമുഖ വേശ്യകളുടെ കൊട്ടാരങ്ങളിലേക്കുള്ള വഴി പറഞ്ഞുകൊടുക്കുന്ന സന്ദേശ കാവ്യങ്ങളും അക്കാലത്തെ മഹത്തായ സാഹിത്യ സൃഷ്ടികളത്രേ!സാഹിത്യ പ്രസ്ഥാനമെന്ന് പറയുന്നതാകും കൂടുതല്‍ ശരി. )
നന്മനിറഞ്ഞിരുന്ന മാവേലി രാജ്യമായിരുന്ന നമ്മുടെ സമൂഹത്തെ മൂല്യബോധത്തിന്റെ താളം തെറ്റിച്ച് അധീനതയിലാക്കാനുള്ള ബ്രാഹ്മണ്യത്തിന്റെ കുടില തന്ത്രങ്ങളായിരുന്നു വൈശിക തന്ത്രത്തിന്റെ മുഖ്യ ലക്ഷ്യം. വൈശിക തന്ത്രം എന്ന കൃതിക്കു പുറമേ വേശ്യാവൃത്തിയുടെ പരിശീലന കളരികളായി പ്രായം ചെന്ന പ്രമുഖ ആണ്‍-പെണ്‍വേശ്യകള്‍ പരിശീലകരായുള്ള കോച്ചിങ്ങ് സെന്ററുകളും,കൊട്ടാരങ്ങളും അക്കാലത്ത് ഹിന്ദു മത പ്രചാരകര്‍ കേരളത്തില്‍ സ‌മൃദ്ധമായി നടത്തിയിരുന്നു. പൊലിപ്പിക്കപ്പെടുക,അഥവ പൊലിയാടുക(കന്യകയെ ദൈവത്തിനു സമര്‍പ്പിക്കുന്ന ചടങ്ങ്.) എന്ന ചടങ്ങ് ആഘോഷമായി ബ്രാഹ്മണ്യം തങ്ങളുടെ കുടുക്കില്‍ വീണ ജനങ്ങളെക്കൊണ്ട് അന്ന് ചെയ്യിച്ചിരുന്നു.വീട്ടിലും,നാട്ടിലും,സമൂഹത്തിലും മൂല്യച്യുതിയുണ്ടാക്കി ദേവസ്വവും, ബ്രഹ്മസ്വവുമായി പ്രഖ്യാപിച്ച് ജനങ്ങളുടെ സ്വത്തും അധികാര അവകാശങ്ങളും തട്ടിയെടുക്കുക എന്ന കുടില ലക്ഷ്യത്തെ അന്ന് നമുക്ക് തിരിച്ചറിയാനോ പ്രതിരോധിക്കാനോ ആയില്ലെന്നത് കേരളത്തെ ഭ്രാന്താലയമാക്കന്‍ കാരണമാക്കിയ ചരിത്രമാണ്.

എന്നാല്‍ , ഇക്കാലത്തും അതേ ചരിത്രം ആവര്‍ത്തിക്കപ്പെടുംബോള്‍ നാം തിരിച്ചറിവില്ലാത്ത സമൂഹമായി തുടരുന്നത് ആത്മഹത്യാപരമാണെന്ന് ചിത്രകാരന്‍ ഓര്‍മ്മിപ്പിക്കുന്നു.

കംബോള സംസ്ക്കാരവും ആഗോളീകരണവും നല്‍കുന്ന വികസന പാതയിലൂടെ ആദ്യം നമ്മുടെ വീട്ടു വാതില്‍ക്കലും, സ്വീകരണ മുറിയിലും എത്തിച്ചേരുന്നത് ലോകത്തിലെ ഏറ്റവും കുടില ബുദ്ധികളായ കച്ചവടക്കാരുടെ ഹൃദ്യമായ സന്ദേശങ്ങളോ ആശയങ്ങളോ തന്നെയായിരിക്കും.
ലോക സുന്ദരിപട്ടങ്ങള്‍ കംബോളം നമുക്കു മുന്നിലേക്ക് ഇട്ടുതരുന്ന ഒരു ഇരയാണ്. ആ ഇരയില്‍ നൊട്ടിനുണഞ്ഞ് ആഘോഷിക്കുംബോള്‍ നമുക്ക് നഷ്ടപ്പെടുന്നത് നമ്മുടെ മനസ്സിന്റെ താക്കോലും, ബോധത്തിന്റെ കടിഞ്ഞാണുമാണ്.
കബളിപ്പിക്കാന്‍ എളുപ്പമാണെന്നതിനാല്‍ ഇത്തരം ആഘോഷങ്ങള്‍ നമ്മുടെ സ്ത്രീ മനസ്സുകളെയാണ് ഉന്നംവക്കുന്നതും പിടിച്ചടക്കുന്നതും. വീട്ടിലെ സ്ത്രീയെ വരുതിയിലാക്കിക്കഴിഞ്ഞാല്‍ പുരുഷനെ കാവല്‍ പട്ടിയുടെ സ്ഥാനത്തേക്ക് മാറ്റിനിര്‍ത്താമെന്ന് ബിസിനസ്സ് വിദഗ്ദന്മാര്‍ക്കറിയാം. ഇതിനായി നമ്മുടെ പത്ര-ദൃശ്യമാധ്യമങ്ങളേയും,സ്ത്രീ പ്രസിദ്ധീകരണങ്ങളേയുമാണ് കംബോളം വാടകക്കെടുക്കുന്നത്.

സ്ത്രീയെ കച്ചവടക്കാരനു വിലയിടാവുന്ന ശരീരമായി,ഒരു പ്രദര്‍ശന വസ്തുവായി,സുഖഭോഗത്തിന്റെ ഒരിനമായി ചുരുക്കിയെടുക്കുക എന്നതാണ് ഒരു സമൂഹത്തെ മൊത്തമായി കൈക്കുള്ളിലാക്കാനുള്ള എളുപ്പവഴി. ഇങ്ങനെ ഇവരുടെ കൈക്കുള്ളിലാകുന്ന സ്ത്രീ ഒരു ചരക്കായി മാറുന്നു. കശുവണ്ടി തരം തിരിക്കുന്നതുപോലെ ശരീര ഭാഗങ്ങളുടെ വലിപ്പമനുസരിച്ചും,ആകൃതിയനുസരിച്ചും, നിറമനുസരിച്ചും, ഉപയോഗിക്കുംബോളുള്ള രുചിയനുസരിച്ചും സ്ഥാന നിര്‍ണ്ണയം ചെയ്യപ്പെടുന്ന(തരം തിരിക്കപ്പെടുന്ന) ഈ ചരക്കുകള്‍ക്ക് വന്‍ സമ്മാനങ്ങളും, ആഡംഭര ജീവിതവും നല്‍കി പൊലിപ്പിച്ചെടുക്കുക എന്നതാണ് ഇവരുടെ രീതി. ഒരു വര്‍ഷത്തേക്കെങ്കിലും ഈ ചരക്കുകളുടെ സര്‍വ്വ നിയന്ത്രണാവകാശവും ചരക്കു മത്സരം സംഘടിപ്പിക്കുന്ന സംഘാടകര്‍ക്കായിരിക്കും. ആ കാലയളവില്‍ ഉടുക്കുന്ന തുണിയും, ഉപയോഗിക്കുന്ന പേസ്റ്റും, പൌഡറും,ഷഢിയും,ഭക്ഷണവും, അഭിമുഖം ചെയ്യുന്ന ആളും, കിടക്കുന്ന മെത്തയും,സര്‍വ്വോപരി ഈ ചരക്കുകളുടെ ചിന്തയും... നിയന്ത്രിക്കാനും എല്ലാം നിശ്ചയിക്കാനുമുള്ള കുത്തകാവകാശം സംഘാടകര്‍ക്കായിരിക്കും.മാന്യത നല്‍കുന്ന ഘടകം ഇവര്‍ക്കു ലഭിക്കുന്ന പ്രതിഫലത്തിന്റെ വലിപ്പവും,വിലകൊടുത്തുവാങ്ങുന്ന പ്രശസ്തിയും മാത്രമാണ്. സ്ത്രീ ശരീരത്തിന്റെ വില ഇങ്ങനെ ലക്ഷങ്ങളും , കോടികളുമാണെന്നാകുംബോള്‍ സമൂഹം ആ സംസ്കാരത്തിലേക്ക് ഒന്നിച്ച് ആകര്‍ഷിക്കപ്പെടുകയായി. സത്യത്തില്‍ ഇത്രയൊക്കെ വിലയുണ്ടായിരുന്ന ചരുക്കുകളേയായിരുന്നു ഇത്രകാലം നയാപൈസ പ്രതിഫലം നല്‍കാതെ നമ്മുടെ നാടന്‍ ഭര്‍ത്താക്കന്മാര്‍ കഴുതകളെപ്പോലെ ചുമടെടുപ്പിക്കുകയും, സൌന്ദര്യത്തെക്കുറിച്ച് ഒരു ഭംഗിവാക്കുപോലും പറയാതെ,അംഗീകരിക്കാതെ പീഢിപ്പിക്കുകയും ചെയ്തിരുന്നത് എന്നോര്‍ക്കുംബോള്‍ ഏതു സ്ത്രീപക്ഷക്കാരിക്കു മാത്രമല്ല വര്‍ഗ്ഗീയ ശ്പര്‍ശമേല്‍ക്കാത്ത നന്മനിറഞ്ഞ കുടുംബസ്നേഹമുള്ള സ്ത്രീക്കുപോലും സ്വന്തം കുടുംബമെങ്കിലും കുളംകോരാനുള്ള പ്രചോദനം ലഭിക്കും. ഇങ്ങനെ തകര്‍ക്കപ്പെടുന്ന കുടുംബങ്ങളിലേക്ക് വിപണിക്ക് ഇരച്ചുകയറാനാകുന്നു എന്നതാണ് സൌന്ദര്യ ചരക്കുമത്സരത്തിന്റെ നേട്ടം.
(ഈ വിഷയത്തില്‍ അടുക്കും ചിട്ടയോടെ ഒരു പോസ്റ്റിടണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും, വ്യക്തിപരമായ തിരക്കുകള്‍ അനുവദിക്കാത്തതിനാല്‍ വ്യസനിക്കുന്നു. ഇതുതന്നെ ഒരു വെപ്രാളത്തില്‍ ചെയ്യാനായതില്‍ ആശ്വാസം !!!)

Friday, July 11, 2008

വെളിച്ചത്തിന്റെ സ്നേഹം

ദൈവം നാണം മറക്കാന്‍
ഒരു തുണിത്തുണ്ടിനായി
വെറുതെ യാചിക്കുന്നു.
വെളിച്ചം ചോദിച്ചു:
ഞാന്‍ കുറച്ച് ഇരുട്ട് തരട്ടേ ?
...നാണം മറക്കാന്‍ !
വെളിച്ചം ദൂരേക്കു നടന്നു.
ദൈവത്തെ സ്നേഹിക്കരുതായിരുന്നു.
സ്നേഹം ദുഖമാണല്ലോ !
(18-12-06 ന് ചിത്രകാരന്റെ ബ്ലോഗിലിട്ടത്.)