Thursday, April 2, 2015

തലശ്ശേരിയിലെ ഭട്ടന്മാര്‍, മൂകാംബികയിലെതും !!തലശ്ശേരിക്കടുത്ത ധര്‍മ്മടത്തെ ആണ്ടല്ലൂര്‍ കാവില്‍ നൂറ്റാണ്ടുകള്‍ക്ക് മുന്പ്(8 - 11 നൂറ്റാണ്ടിനിടക്ക് ) കോലത്തിരി രാജാവിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന ഒരു പണ്ഡിത തര്‍ക്ക മത്സരത്തില്‍ ബൌദ്ധ പണ്ഡിതര്‍(തിയ്യ/ഈഴവ ഭട്ടന്മാര്‍) സവര്‍ണ്ണ മത പ്രചാരകരായ ഭട്ടന്മാരോട്(ബ്രാഹ്മണ പണ്ഡിതര്‍) തോറ്റതായി കോലത്തു പഴമ എന്നാ പുസ്തകത്തില്‍ (കേരള സാഹിത്യ അക്കാദമി പ്രസിദ്ധികരിച്ച കെ.പി. കുമാരന്‍ മാസ്ടരുടെ പുസ്തകം) വായിച്ചിട്ടുണ്ട്. ബൌദ്ധ ഭട്ടന്മാര്‍ തര്‍ക്കത്തില്‍ തോറ്റതിനെത്തുടര്‍ന്നു തര്‍ക്ക വ്യവസ്ഥ പ്രകാരം ജയിച്ച ബ്രാഹ്മണ ഭട്ടന്മാര്‍ക്ക് തോറ്റ ബൌദ്ധ ഭട്ടന്മാരുടെ നാവുകള്‍ അറുത്തെടുത്തു നല്‍കേണ്ട ചുമതല തര്‍ക്ക മത്സരത്തിന്‍റെ അദ്ധ്യക്ഷനായ കോലത്തിരി രാജാവിനാണ്. വാക്കുപാലിക്കാന്‍ ബാധ്യതപ്പെട്ട രാജാവ് തന്‍റെ ഗുരുക്കന്മാരായിരുന്ന ബൌദ്ധ ഭട്ടന്മാരുടെ നാവുകള്‍ അരിഞ്ഞെടുത്ത് ബ്രാഹ്മണ ഭട്ടന്മാര്‍ക്ക് നല്‍കാനായി ഏര്‍പ്പാടുചെയ്ത് , മനസ്ഥപത്താല്‍ രാജ്യം വിട്ടെന്നും , മക്കത്തുപോയി ഇസ്ലാം മതം സ്വീകരിച്ചെന്നും സൂചനയുണ്ട്. എന്നാല്‍, അന്യ ദേശത്തുനിന്നും വന്നു ബൌദ്ധ ഭാട്ടന്മാരെ തര്‍ക്കത്തില്‍ തോല്‍പ്പിച്ച് അവരുടെ നാവുകള്‍ മുറിച്ചു വാങ്ങിയ ബ്രാഹ്മണ ഭട്ടന്മാര്‍ പിന്നീട് അണ്ടല്ലൂര്‍ കാവിനു മേലുള്ള അവരുടെ അവകാശം സ്ഥപിക്കാന്‍ മടങ്ങിയെത്താത്തത് കാരണം ബൌദ്ധ പണ്ഡിതരുടെ പിന്തുടാര്‍ച്ച്ചക്കാരുടെ ഉടമസ്ഥതയില്‍ തന്നെ അണ്ടല്ലൂര്‍ കാവ് ഇപ്പോഴും നിലനില്‍ക്കുന്നു.
ഇവിടെ വിഗ്രഹ പ്രതിഷ്ട്കളില്ല എന്നാണു കഴിഞ്ഞ മാസം ഉത്സവത്തിന് അണ്ടല്ലൂര്‍ കാവ് സന്ദര്‍ശിച്ച പ്ലസ്സര്‍ സുഹൃത്തുക്കളായ +Greta oto , +Sundaran Kannadath എന്നിവര്‍ ചിത്രകാരനോട് പറഞ്ഞത്. (ചിത്രകാരനും കൂടെ പോയിരുന്നെങ്കിലും ശ്രീകോവിലിനു മുന്നില്‍ പോയില്ല).

ഇവിടത്തെ ഉത്സവത്തോടനുബന്ധിച്ച് 40 ലേറെ തെയ്യങ്ങള്‍ കെട്ടിയാടാരുന്ടെങ്കിലും മുഖ്യ തെയ്യമായ ദൈവത്താര്‍, അങ്കക്കാരന്‍, ബാപ്പൂരാന്‍ എന്നീ മൂന്നു തെയ്യങ്ങളാണ്‌ മിക്കവാറും ഉത്സവ ദിവസങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഇതില്‍ ദൈവത്താര്‍ എന്ന തെയ്യമാണ്‌ ഏറ്റവും പ്രധാന മൂര്‍ത്തി. ഈ തെയ്യത്തിന്റെ പ്രത്യേകത ശ്രദ്ധിക്കപ്പെടേണ്ടതാണ് . കാരണം ദൈവത്താര്‍ ഭക്തരെ അനുഗ്രഹിക്കുമെങ്കിലും,ശബ്ദമുണ്ടാക്കില്ല. അതായത് സംസാര ശേഷിയില്ലാത്ത ദൈവമാണ്. കോലത്തു പഴമയിലെ തര്‍ക്കമത്സരത്തില്‍ ബ്രാഹ്മണരോട് തോറ്റ് നാവു നഷ്ടപ്പെട്ട ബൌദ്ധ ഭട്ടന്മാരുടെ തെയ്യ രൂപമായി ദൈവത്താറിനെ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

അടുത്തകാലത്ത് അണ്ടല്ലൂര്‍ കാവില്‍ ക്ഷേത്ര കമ്മിറ്റി യിലൂടെ സംഭവിച്ചുപോയ സവര്‍ണ്ണ കാവിവല്‍ക്കരനത്തിലൂടെ ഇവിടത്തെ ദൈവങ്ങള്‍ ശ്രീരാമനും, ലക്ഷ്മണനും , സുഗ്രീവനുമാണെന്ന് പുരാണങ്ങള്‍ പടചച്ചുണ്ടാക്കാന്‍ കാരണമായിട്ടുണ്ട്. അതിന്റെ ഫലമാണെന്ന് തോന്നുന്നു, ദൈവത്താര്‍ സംസാരിക്കാതിരിക്കാനുള്ള കാരണം വളരെ നിന്ദ്യമായ ഒരു കഥ പ്രാപല്യത്തിലാകാന്‍ ഇടവരുത്തിയിട്ടുണ്ട്. ബാലി സുഗ്രീവ യുദ്ധത്തിനുശേഷം ശ്രീ രാമനും ലക്ഷ്മണനും മടങ്ങുമ്പോള്‍ ശ്രീരാമന് കലശലായ ദാഹമുണ്ടായെന്നും അടുത്തുകണ്ട പുലയ കുടിയില്‍ നിന്നും ശ്രീരാമന്‍ വെള്ളം കുടിച്ചെന്നും, അതില്‍ അരിശം പൂണ്ട ലക്ഷ്മണന്‍ ശ്രീരാമന്‍റെ നാവ് ചവിട്ടി പറിച്ചെന്നും !!! അങ്ങനെയാണ് ദൈവത്താറിനു ശബ്ദമില്ലാതായതെന്നും ... പുലയ ജനങ്ങളോടുള്ള അവജ്ഞയും അയിത്തവും, വിദ്ധ്വേഷവും വര്‍ദ്ധിപ്പിക്കുന്നതും, ഒരു സംഘിക്കുപോലും ഉള്‍ക്കൊള്ളാനാകാത്തതുമായ ഈ പുരാണ രചനയൊക്കെ ആരാണ് നടത്തുന്നതാവോ ??

ദൈവത്താര്‍ നിശബ്ദനായത്തിനു പിന്നിലും, മൂകാംബികയിലെ മൂകാംബിക മൂകയായത്തിനു പിന്നിലും സവര്‍ണ്ണ ബ്രാഹ്മണ മതത്തിന്‍റെ ദിഗ്വിജയ ശ്രമങ്ങള്‍ അല്ലാതെ മറ്റു കാരണങ്ങളൊന്നും കാണുന്നില്ല. ചിത്രകാരന്‍ മൂകാംബികയെക്കുരിച്ച് വരച്ച പെയിന്റിങ്ങില്‍ മൂകാംബിക ദേവിയുടെ മൂല വിഗ്രഹമായ ദേവിയുടെ ഉടല്‍ നഷ്ടപ്പെട്ട ഒരു തല വരച്ചിട്ടുണ്ട്. മൂകാംബിക ദേവസ്വത്തിന്‍റെ വെബ് സൈറ്റില്‍ തന്നെയുള്ളതും, എട്ടാം നൂറ്റാണ്ടില്‍ ഇന്ത്യിലോട്ടുക്ക് ബ്രാഹ്മണരുടെ ദിഗ്വിജയ പടയോട്ടം സംഘടിപ്പിച്ച ആദി ശങ്കരാ ചാര്യരാണ് മൂകാംബിക ദേവിയുടെ മുറിച്ചെടുത്ത തലമാത്രമുള്ള വിഗ്രഹം പ്രതിഷ്ടിച്ചത് എന്ന് പറയുന്നുണ്ട്. ജൈന പണ്ഡിതയാണ് എന്ന് നിസംശയം പറയാവുന്ന ഐകണോഗ്രാഫി വിളിച്ചോതുന്ന മൂകാംബികയുടെ മൂല വിഗ്രഹത്തിന്‍റെ നെറ്റിയില്‍ ഒരു റിബ്ബന്‍ (Ribbon) കാണാനുണ്ട്.
 പാണ്ടിത്യ തര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവര്‍ അണിഞ്ഞിരുന്ന സ്ഥാനചിഹ്നമായ ഈ റിബ്ബന്‍ (Ribbon) പട്ടം/ ഭട്ടം /വട്ടം 2011 ല്‍ അണ്ടല്ലൂര്‍ കാവില്‍ ഉത്സവത്തിന് പോയ ചിത്രകാരന്‍ ശ്രദ്ധിച്ചിരുന്നു. അന്ന് എടുത്ത ഫോട്ടോയില്‍ ആണ്ടല്ലൂരിലെ സ്ഥാനികാരായ നാല് അച്ഛന്മാര്‍ നെറ്റിയില്‍ പട്ടം/വട്ടം കെട്ടിയാണ് തങ്ങളുടെ നിലപാട് മണ്ടപത്തില്‍ അദ്ധ്യക്ഷരായിരിക്കുന്നത്. ഇപ്രാവശ്യം (2015) ഉത്സവത്തിന് പോയപ്പോഴും ഈ സ്ഥാനികരായ നാല് അച്ഛന്മാരും നെറ്റിയില്‍ സ്ഥാന ചിഹ്നമായ വട്ടം ധരിച്ചിട്ടുണ്ടായിരുന്നു. ഫോട്ടോ എടുക്കാന്‍ കഴിഞ്ഞില്ല. നെറ്റിയില്‍ അണിയുന്ന ഈ പട്ടം അസാധാരണമായ ചരിത്രത്തിന്‍റെ അവശേഷിക്കുന്ന ഒരു വിലപ്പെട്ട തെളിവാണെന്ന് മനസ്സില്‍ ഒരു വെളിപാടായി നിലനിന്നതിനാല്‍ പഴയ ചിത്രങ്ങള്‍ പരിശോധിച്ച് 2011 ലെ സ്ഥാനികരുടെ ചിത്രം കണ്ടെത്തി ഇവിടെ സൂക്ഷിക്കുന്നു. നശിപ്പിക്കപ്പെട്ട ചരിത്രവും സംസ്ക്കാരവും വീണ്ടെടുക്കാന്‍ ഇത്തരം തെളിവുകള്‍ സംരക്ഷിക്കേണ്ടതുണ്ട്.