Monday, March 30, 2015

മരണമില്ലാത്ത നങ്ങേലിയെക്കുറിച്ച് കേരളശബ്ദം

ഇന്ന് പുറത്തിറങ്ങിയ കേരളശബ്ദം വാരികയില്‍ ( Keralasabdam weekly 2015 April 12) തിരുവിതാംകൂറിലെ നരാധമ നികുതികളിലൊന്നായിരുന്ന 'മുലക്കര'ത്തിനെതിരെ പ്രതിഷേധിച്ച് സ്വന്തം മുലയരിഞ്ഞു രക്തസാക്ഷിത്വം വരിച്ച വീര വനിതയായ ചേര്‍ത്തലയിലെ നങ്ങേലിയെക്കുറിച്ച് ശങ്കരനാരായണന്‍ മലപ്പുറത്തിന്റെ ഒരു സചിത്രലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നു.നങ്ങേലിയെക്കുറിച്ച് 2013 ല്‍ ചിത്രകാരന്‍ വരച്ച 'നങ്ങേലിയുടെ ത്യാഗം' 1&2 സീരിസിലെ രണ്ടു ചിത്രങ്ങള്‍ ഈ ലേഖനത്തിന്‍റെ ഭാഗമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാടമ്പികളുടെ അനുചരന്മാരായ  ചരിത്രകാരന്മാര്‍  ചരിത്രത്തില്‍ നിന്നും മറച്ചുവെച്ച നങ്ങേലിയുടെ ത്യാഗോജ്വലമായ സമരത്തെ പൊതുജന മനസാക്ഷിക്കുമുന്നില്‍ പുനരുജ്ജീവിപ്പിക്കുന്നതിനായി ചിത്രകാരന്‍ വരച്ച നങ്ങേലി ത്യാഗവും, ഗ്രേറ്റ് നങ്ങേലിയും അതിന്റെ ലക്‌ഷ്യം  നിറവേറ്റുന്നതില്‍ സത്യാന്വേഷികളെ സഹായിക്കുന്നു എന്ന് കാണുന്നതില്‍ സന്തോഷമുണ്ട്.കേരളശബ്ദം വാരികയിലെ ശ്രീ. ശങ്കരനാരായണന്‍  മലപ്പുറത്തിന്റെ ഈ ലേഖനത്തിലെ നങ്ങേലിയുടെ മുലമുറിക്കല്‍ രക്തസാക്ഷിത്വം നടന്ന കാലഘട്ടം 200 വര്‍ഷം മുന്‍പാണ് എന്ന പരാമര്‍ശത്തോട് ചിത്രകാരന്‍ വിയോജിക്കുന്നുണ്ട് എന്ന് രേഖപ്പെടുത്താതിരിക്കാനാകില്ല. സംഭവം നടന്ന ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല പട്ടണത്തിനടുത്തുള്ള മുലച്ചിപറമ്പില്‍ മൂന്നാല് പ്രാവശ്യം സന്ദര്‍ശിക്കുകയും സ്ഥലവാസികളോടും, നങ്ങേലിയുടെ ബന്ധുക്കളോടും സംസാരിച്ചപ്പോള്‍ ബോധ്യമായത് സംഭവം നടന്നത് ശ്രീ മൂലം തിരുനാള്‍ രാജാവായിരുന്ന കാലത്താണെന്നാണ്.  അതായത് നൂറു വര്‍ഷം മാത്രം മുന്പ്. എന്നാല്‍, അതിനു വ്യക്തമായ രേഖാമൂലമുള്ള തെളിവുകള്‍ ഇല്ലാത്തതിനാല്‍ കൂടുതല്‍ അന്വേഷണത്തിലൂടെ സത്യം കണ്ടെത്തുന്നതുവരെ സംഭവം നടന്ന വര്‍ഷത്തെക്കുറിച്ച് അഭിപ്രായ ഭിന്നതയുണ്ടെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളുന്നു. മുലച്ചിപ്പറമ്പിലെ ഇപ്പോഴത്തെ താമസക്കാരായ വൈദ്യ കുടുമ്പം 67 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ആ സ്ഥലം നങ്ങേലിയുടെ ബന്ധുക്കളില്‍ നിന്നും വിലക്ക് വാങ്ങിയത് എന്നാണ്‌ വൈദ്യ കുടുമ്പത്തില്‍ നിന്നും അറിയാനായത്. കേരളസബ്ദം  ലേഖനത്തില്‍ സൂചിപ്പിച്ചിട്ടുള്ള സ്ഥലത്തെ ഒരു കോണ്ഗ്രസ്സ് നേതാവായ ശ്രീ. സുഗതന്റെ പുസ്തകത്തില്‍ 200 വര്‍ഷം മുന്‍പാണ് സംഭവം നടന്നത് എന്ന് പരാമര്‍ശമുള്ളതിനാലാണ് പിന്നീട് എഴുതുന്നവരെല്ലാം ഇരുനൂറു വര്‍ഷം പുറകോട്ടു പോകുന്നതെന്ന് തോന്നുന്നു. ഏതായാലും സര്‍ക്കാര്‍ രേഖകള്‍ പരതി, നിചസ്ഥിതി കണ്ടുപിടിക്കുന്നതുവരെ തിയ്യതി അവിടെ നില്‍ക്കട്ടെ. തിയ്യതിക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും നങ്ങേലിയെ തമസ്ക്കരിച്ച ചരിത്രത്തില്‍ നിന്നും വീണ്ടെടുക്കാനുള്ള ശങ്കരനാരായണന്‍ മലപ്പുറത്തിന്റെ മഹനീയ ശ്രമത്തിനു ചിത്രകാരന്‍റെ അഭിവാദ്യമാര്‍പ്പിക്കുന്നു.


അധിക വായനക്ക്  നങ്ങേലിയെക്കുരിച്ചുള്ള പോസ്ടുകളിലെക്കുള്ള ലിങ്കുകള്‍ ചുവടെ കൊടുക്കുന്നു :

നങ്ങേലി-മുലക്കരത്തിന്റെ രക്തസാക്ഷി 

നങ്ങേലിയും മുലക്കരവും

നങ്ങേലിയുടെ ത്യാഗം ചിത്രം - 3

ഭാര്യയുടെ ചിതയില്‍ ചാടി സതി അനുഷ്ടിച്ച കണ്ടപ്പന്‍

Sunday, March 1, 2015

ഇനി മുഴുവന്‍ സമയവും ചിത്രകല !

1995ലാണ് മാതൃഭൂമിയിലെ ജോലിക്കൊപ്പം ഒരു ബിസിനസ്സ് സംരംഭം ചിത്രകാരന്‍ കണ്ണൂരില്‍ ആരംഭിക്കുന്നത്. സാങ്കേതികമായി ഭാര്യയുടെ പേരിലായിരുന്നു സ്ഥാപനം. പ്രമുഖ വ്യാപാര സ്ഥാപനങ്ങള്‍ക്കു വേണ്ടി പത്രങ്ങളില്‍ പരസ്യം ചെയ്യുന്ന ഒരു പരസ്യ ഏജന്‍സി. രേഖ ക്രിയേറ്റീവ് ഡിസൈനേഴ്സ് എന്നു സ്ഥാപനത്തിന്റെ പേര്‍. രേഖ ക്രിയേഷന്‍സ് എന്നപേരില്‍ ഡിസൈന്‍ ആര്‍ട്ടുവര്‍ക്കുകളും, പ്രിന്റിങ്ങ്, സ്ക്രീന്‍ പ്രിന്റിങ്ങ് വര്‍ക്കുകളും ചെയ്യുന്ന ഒരു ഉപ സ്ഥാപനവുമുണ്ട്. രാവിലെ 9 മണി മുതല്‍ വൈകീട്ട് 5.30 വരെ പുതുതായി തുടങ്ങിയ സ്വന്തം സ്ഥാപനത്തിലും,വൈകീട്ട് 6 മണി മുതല്‍ പുലര്‍ച്ചെ 1.30 വരെ മാതൃഭൂമി കണ്ണൂര്‍ യൂണിറ്റില്‍ പത്രപേജുകളുടെ ലേ-ഔട്ട് ജോലിയുമായി മൂന്നു വര്‍ഷം കഠിനദ്ധ്വാനം ചെയ്തതിന്റെ ഫലമായി 1998ല്‍ സ്വന്തം സ്ഥാപനം സ്വയം പര്യാപ്തമായി. അങ്ങനെ, 1998ല്‍ മാതൃഭൂമിയിലെ ജോലി ഉപേക്ഷിച്ച്, മുഴുവന്‍ സമയ ബിസിനസ്സുകാരനായി.

അന്ന് പത്രങ്ങളിലെ പരസ്യനിരക്ക് വളരെ കുറവായിരുന്നതിനാല്‍ പത്ര പരസ്യ രംഗത്ത് മലയാളത്തിലുള്ള കോപ്പി എഴുത്തും, കാര്‍ട്ടൂണ്‍ , ചിത്രകല എന്നിവ ഉള്‍പ്പെടുത്തിയുള്ള പരീക്ഷണങ്ങളും നടത്തി, ചില സാഹസികരായ ക്ലൈന്റ്സിന്റെ സഹകരണത്തോട പത്രപരസ്യരംഗത്ത് ഒരു ഉടച്ചുവാര്‍ക്കല്‍ തന്നെ കാഴ്ച്ചവെക്കാനായതിനാല്‍ ബിസിനസ്സില്‍ അസൂയാവഹമായ വളര്‍ച്ച നേടാനായെന്നത് ഭാഗ്യമായി.ഒന്നുമില്ലായ്മയില്‍നിന്നും തുടങ്ങിയതാണെന്നു പറയാനാകില്ല.എങ്കിലും, മാതൃഭൂമി ജീവനക്കാരുടെ സഹകരണ സംഘത്തില്‍നിന്നും 20000 രൂപ ലോണെടുത്തു തുടങ്ങിയ ബിസിനസ്സിലൂടെ സ്വന്തമായ വീടും, സ്ഥലവും,വാഹനങ്ങളും, മികച്ച ഓഫീസും സമ്പാദിക്കാനായി.

20 വര്‍ഷത്തിനു ശേഷം, അതായത് 2015 ഫെബ്രുവരി 28 ന് ബിസിനസ്സുകാരന്റെ കുപ്പായം പൂര്‍ണ്ണമായും അഴിച്ചുവക്കാനുള്ള തീരുമാനം നടപ്പാക്കിയതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് ഈ പോസ്റ്റ് എഴുതുന്നത്. ഏതാണ്ടു നാലു വര്‍ഷം മുന്‍പ് എടുത്ത തീരുമാനപ്രകാരമാണ് ബിസിനസ്സില്‍ നിന്നുള്ള ഈ പിന്മാറ്റം. 2012 ല്‍ ഇടക്കുവച്ച് ഉപേക്ഷിച്ച ചിത്രകലാരംഗത്തേക്ക് ചുവടുമാറ്റം ആരംഭിച്ചിരുന്നു. അതിന്റെ ഫലമായി കേരളത്തിന്റെ വിവിധ ജില്ലകളിലായി 9 ചിത്രപ്രദര്‍ശനങ്ങള്‍ നടത്തി. ഇനി കേരളത്തിനു പുറത്തേക്കും ചിത്രപ്രദര്‍ശനങ്ങളുമായി പോകണമെന്ന് ആഗ്രഹമുണ്ട്.

പണമുണ്ടാക്കാന്‍ ബിസിനസ്സു തന്നെയാണു നല്ലത്. പക്ഷേ ടെന്‍ഷന്‍ പിടിച്ച ജീവിതമാണ് ബിസിനസ്സ് സമ്മാനിക്കുന്നത്. അതിനിടക്ക് സ്നേഹത്തിന്റെ ഭാഷയില്‍ ചിന്തിക്കുന്ന ക്രിയേറ്റീവായ സ്വതന്ത്രജീവിതം ഒരു ബാത്ത്ടബ്ബിലപ്പുറം വിസ്തൃതമല്ല ! സാംബത്തികമായി വളരെ നഷ്ടമുണ്ടാക്കുമെങ്കിലും കൂടുതല്‍ സ്വാതന്ത്ര്യത്തിനായി ബിസിനസ്സ് ഉപേക്ഷിക്കാന്‍ തീരുമാനിച്ചത് അതുകൊണ്ടാണ്. വിഢിത്തമായിരിക്കാം ! പക്ഷേ ഒരു മാറ്റം അനിവാര്യമാണ്. ത്യാഗ‌മില്ലാതെ,റിസ്ക്കെടുക്കാതെ മാറ്റം സാധ്യമല്ല.  വളരെ കുറഞ്ഞ കാലയളവിലുള്ള ഈ ജീവിതത്തില്‍ കൂടുതല്‍ ഇഷ്ടപ്പെടുന്ന ചിത്രകലയുടെ ലോകത്തേക്ക് സ്വതന്ത്രമായി സഞ്ചരിക്കാനുള്ള ആഗ്രഹം നിറവേറ്റാന്‍ ഇപ്പോള്‍ തീരുമാനമെടുത്തില്ലെങ്കില്‍ പിന്നെ ഒരിക്കലും സാധിക്കില്ല.

ഈ തീരുമാനമെടുക്കാന്‍  സഹായിച്ചത്  നവമാധ്യമങ്ങളുടെ സാങ്കേതികവും സാമൂഹികവുമായ വളര്‍ച്ചയും ജീവിതത്തിലേക്കുള്ള അതിന്റെ വ്യാപനവുമാണെന്നു പറയാം. ആ ഒഴുക്കില്‍ സ്വാതന്ത്ര്യത്തിന്റെ പുതിയ ആകാശങ്ങളന്വേഷിച്ച് ഈ ചിത്രകാരനും ഒഴുകുന്നു...

ഇനി മുഴുവന്‍ സമയവും ചിത്രകല !