Showing posts with label mathrubhumi weekly. Show all posts
Showing posts with label mathrubhumi weekly. Show all posts

Sunday, February 27, 2011

വാമനന്മാരുടെ RSSകാലുകള്‍ !

ആര്‍.എസ്സ്.എസ്സ്.ഭീകരത ഇന്ത്യയെ വിഴുങ്ങുമോ എന്നാണ് മാതൃഭൂമി ആഴ്ചപ്പതിപ്പ് ഈ ആഴ്ച്ചത്തെ(27.02.2011) കവര്‍ സ്റ്റോറിയിലൂടെ ചോദിക്കുന്നത്.
ഹൈന്ദവ വര്‍ഗ്ഗീയത, സവര്‍ണ്ണത ,ബ്രാഹ്മണ്യഅജണ്ട  തുടങ്ങിയ വാക്കുകളൊക്കെ നമുക്ക് അലര്‍ജ്ജിയാണ്.
ജനത്തിനു പിടികിട്ടാത്ത ഇറക്കുമതി ചെയ്ത ഫാസിസമേ നമ്മള്‍ ഇപ്പോള്‍ ഉച്ചരിക്കു. കൂടാതെ, സവര്‍ണ്ണ മൂല്യങ്ങളെല്ലാം നമുക്ക് പാല്‍പ്പായസവുമാണ്. അതിന്റെ നെറികേടൊ, അധാര്‍മ്മികതയോ, വര്‍ഗ്ഗീയ അജണ്ടകളോ നമ്മേ അശേഷം ആകുലപ്പെടുത്തുന്നില്ല. കാരണം, നമ്മുടെ സാംസ്ക്കാരികത ഇപ്പോഴും പവിത്രമായി കരുതുന്നത് ബ്രാഹ്മണ-സവര്‍ണ്ണ രാഷ്ട്രീയ താല്‍പ്പര്യം അടിച്ചുറപ്പിക്കുന്ന  കള്ള ചരിത്രങ്ങളായ പുരാണ-ഇതിഹാസങ്ങളേയാണ്. നമ്മുടെ കവികളും, കഥാകാരന്മാരും ഇപ്പോഴും ചവച്ചുകൊണ്ടിരിക്കുന്നത് രാമന്റേയും, കൃഷ്ണന്റേയും, ഭീമന്റേയും,സീതയുടേയും,ദ്രൌപതിയുടേയും മനോവ്യാപാരങ്ങളുടെ ചില്ലകളും ഇലകളും തന്നെയാണ്. നമ്മുടെ സാംസ്ക്കാരികത സവര്‍ണ്ണ രാഷ്ട്രീയത്തിന്റെ അടിമ മാത്രമാണ്. അത്തരമൊരു സാഹചര്യത്തില്‍ ആര്‍.എസ്സ്.എസ്സ്. ഇന്ത്യയെയും അതിലെ 80 ശതമാനത്തിലധികം വരുന്ന അവര്‍ണ്ണ ജനതയേയും വിഴുങ്ങുമ്പോള്‍ വാപൊളിച്ചു നില്‍ക്കാനേ നമുക്ക് കഴിയു.

മഹാത്മാഗാന്ധിയുടെ ചോര കുറച്ചു കാലമെങ്കിലും ഹൈന്ദവ വര്‍ഗ്ഗീയതയെ തടുത്തു നിര്‍ത്തി. എന്നാല്‍, ആ സമയത്ത് ഭീകരമായ ബ്രാഹ്മണ വര്‍ഗ്ഗീയതയുടെ വൈറസ്സുകള്‍ പേറുന്ന ആര്‍.എസ്സ്.എസ്സിനെ ശാശ്വതമായി തള്ളിപ്പറയാന്‍ നമ്മളൊന്നും ചെയ്തില്ല. കോണ്‍ഗ്രസ്സിലും, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളിലുമുള്ള നേതൃത്വം സവര്‍ണ്ണ ബ്രാഹ്മണ്യത്തിന്റേ മറ്റൊരു ഫ്ലേവര്‍ മാത്രമായിരുന്നതിനാല്‍ അവര്‍ക്കാര്‍ക്കും ബ്രാഹ്മണ്യത്തേയോ, സവര്‍ണ്ണ രാഷ്ട്രീയത്തേയോ തള്ളിപ്പറയാനാകുമായിരുന്നില്ല. ഫലത്തില്‍ എല്ലാ പാര്‍ട്ടികളുടേയും ആത്മാവായി, മുന്‍ നിരയായി സവര്‍ണ്ണ രാഷ്ട്രീയം ഇന്ത്യയെ മൊത്തമായി വിഴുങ്ങിയിരിക്കുന്നു. ഇനി ഔദ്ദ്യോഗികമായി ആര്‍.എസ്.എസ്. സ്ഥാനമേറ്റെടുക്കേണ്ട ചടങ്ങേ ബാക്കിയുള്ളു.

മുസ്ലീമല്ലാത്തവര്‍ എല്ലാം ഹിന്ദു എന്നൊരു ലളിത സമവാക്യത്തിലൂടെയാണ് ഇന്ത്യയില്‍ 15 ശതമാനം പോലുമില്ലാതിരുന്ന സവര്‍ണ്ണത 85 ശതമാനം അവര്‍ണ്ണരെ അണിചേര്‍ക്കുന്നത്. ശത്രുഭയമുയര്‍ത്തി, ഹൈന്ദവരല്ലാത്ത അവര്‍ണ്ണ മനുഷ്യരെ തങ്ങളുടെ വരുതിയില്‍ നിര്‍ത്താനും, അവരെ ചാവേറുകളാക്കാനും അവര്‍ക്കു കഴിയുന്നു. ഇസ്ലാമിന്റെ പേരില്‍ നടക്കുന്ന വെടിക്കെട്ടുകള്‍ ആര്‍.എസ്.എസിന്റെ മാര്‍ഗ്ഗമാകുന്നത് അങ്ങനെയാണ്. പുരോഗമനവാദികളും,യുക്തിവാദികളും, ബുജികളുമെല്ലാം സവര്‍ണ്ണ പശ്ചാത്തലമുള്ളവരായതിനാല്‍ എന്താണ് അവര്‍ണ്ണത, എന്താണു സവര്‍ണ്ണത എന്ന് വേര്‍ത്തിരിച്ച് ഒന്നു പറഞ്ഞുകൊടുക്കാന്‍ പോലും ആരും മിനക്കെടുന്നില്ല. ആകെ ചെയ്യുന്നത് അപ്പുറത്താണോ ഇപ്പുറത്താണോ എന്ന് അടയാളപ്പെടുത്തി, അകല്‍ച്ചയും, ശത്രുതയും, അധികാരവും,അടിമത്വവും,പക്ഷങ്ങളും പ്രഖ്യാപിക്കുകയാണ് നമ്മള്‍. ഗ്ലോബലൈസേഷന്റെ ഭാഗമായി പണമുണ്ടാക്കല്‍ മാത്രമാണ് ഇപ്പോള്‍ എല്ലാവരുടേയും രാഷ്ട്രീയം. 

ആര്‍.എസ്.എസ്. ബ്രാഹ്മണ സവര്‍ണ്ണ വര്‍ഗ്ഗീയതയുടെ വൈറസ് ബാധിച്ച നമ്മുടെ സഹോദരങ്ങള്‍ തന്നെയാണ്.  ബ്രാഹ്മണ സവര്‍ണ്ണ വര്‍ഗ്ഗീയ പ്രത്യയശാസ്ത്രമെന്ന വൈറസ്സിനെ ചരിത്രപരമായി പുറത്തെടുത്ത് തള്ളിപ്പറയുക എന്നതാണ് ഈ പ്രശ്നപരിഹാരത്തിനുള്ള പ്രായോഗികമായ സാംസ്ക്കാരിക മാര്‍ഗ്ഗം. ആര്‍.എസ്.എസിന്റെ ശക്തി ബ്രാഹ്മണ്യത്തില്‍ നിന്നും നിര്‍ഗളിച്ചുകൊണ്ടിരിക്കുന്ന സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള സവര്‍ണ്ണ വര്‍ഗ്ഗീയ വിഷമാണെന്ന് നമുക്ക് എന്നെങ്കിലുംതിരിച്ചറിയാന്‍ കഴിയട്ടെ എന്നു മാത്രം ആശിക്കുന്നു.

Friday, September 3, 2010

പ്രഫസര്‍ ടി.ജെ.ജോസഫിന്റെ വാക്കുകള്‍ മാതൃഭൂമിയില്‍


 കേരളത്തിലെ മത നിരപേക്ഷ ജനാധിപത്യ സമൂഹത്തിനു നെരെ ഇസ്ലാമിക മതഭ്രാന്തന്മാരുടെ കൈവെട്ടല്‍ കോടതി വിധി നടപ്പാക്കല്‍ ഏറ്റുവാങ്ങിയ ഒരു മനുഷ്യന്റെ ഹൃദയ സ്പന്ദനങ്ങള്‍ പോലുള്ള നനുത്തതും ആധികാരികവുമായ വാക്കുകള്‍ ..... മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ പ്രഫസര്‍ ടി.ജെ. ജോസഫിന്റെ ഹൃദയസ്പര്‍ശിയായ വെളിപ്പെടുത്തലുകള്‍ . ലേഖനം തയ്യാറാക്കിയ ജസ്റ്റിന്‍ പാതാലില്‍ പ്രഫസറുടെ വാക്കുകള്‍ ഹൃദയംകൊണ്ടുതന്നെ ഒപ്പിയെടുത്തിരിക്കുന്നു. ചിത്രകാരന്റെ അഭിനന്ദനങ്ങള്‍ !!!

Sunday, August 29, 2010

കെ.പി.രാമനുണ്ണി മൌദൂതിസന്ദേശമെഴുതുകയാണ് !

പോപ്പുലര്‍ ഫ്രണ്ടന്മാരുടെ 12 കുപ്പി രക്തം സ്വീകരിക്കേണ്ടിവന്ന പ്രവാചക നിന്ദകപട്ടം ചാര്‍ത്തപ്പെട്ട പ്രഫസര്‍ ജോസഫിന് സ്വന്തമായി ഒരു ഒപ്പിടാനോ, കേട്ടെഴുതി തയ്യാറാക്കിയ കോളേജ് മാനേജുമെന്റിനുള്ള വിശദീകരണ കത്തിനടിയില്‍ കൈ വിരലടയാളം പോലും നേരൊമ്പോലെ പതിപ്പിക്കാനോ കഴിയില്ലെങ്കിലും, കെ.പി.രാമനുണ്ണിയുടെ സന്ദേശകാവ്യവുമായി ആനന്ദിനെ കാണേണ്ട ധാര്‍മ്മിക ബാധ്യതയില്‍ നിന്നും ഒരിക്കലും ഒഴിവാകാനാകുമെന്ന് തോന്നുന്നില്ല. കാരണം, കെ.പി.രാമനുണ്ണി എന്ന നിയമ നീതി ബോധമുള്ള മഹാസാഹിത്യകാരന്‍ ബ്ലോഗിലല്ല എഴുതിയിരിക്കുന്നത്. മലയാളത്തിന്റെ സാംസ്ക്കാരിക ഹൃദയത്തുടിപ്പായ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലാണ് കെ.പി.രാമനുണ്ണി ആനന്ദിനുള്ള കൈവെട്ട് സന്ദേശകാവ്യം ജോസഫ് വശം കൊടുത്തേല്‍പ്പിക്കുന്നതായി പാരമ്പര്യവിധിപ്രകാരം തയ്യാറാക്കി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കെ.പി.രാമനുണ്ണിയുടെ സന്ദേശകാവ്യരൂപത്തിലുള്ള മൌദൂതി കോടതി ഉത്തരവ് ജോസഫിനെ ദൂതനാക്കി ആനന്ദിനെ വിരട്ടി വിറപ്പിക്കുന്ന ഗുണ്ടാമുന്നറിയിപ്പായി മലയാള സാഹിത്യത്തില്‍ എന്നും പ്രശോഭിച്ചു നില്‍ക്കാന്‍ തക്ക ചരിത്ര പ്രാധാന്യമുള്ളതാണ്. താഴെ അതങ്ങ്ട്ട് ഉദ്ദരിക്കുന്നു:


“ പ്രിയപ്പെട്ട പ്രഫസര്‍ ജോസഫ്,
വിശ്വാസിയും അന്യമത സ്നേഹിയുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞ താങ്കളുടെ ശരീരത്തിലൂടെ ഓടിക്കൊണ്ടിരിക്കുന്ന മുസ്ലീങ്ങളുടെ പന്ത്രണ്ടു കുപ്പി രക്തം മതങ്ങളുടെ സഹജീവന സാധ്യതയെയാണ് ജൈവമായി ആവിഷ്ക്കരിച്ചുകൊണ്ടിരിക്കുന്നത്. നബി തിരുമേനിയെ മാത്രമല്ല,യേശുദേവനേയോ ശ്രീകൃഷ്ണനേയോ ആരെങ്കിലും നിന്ദിച്ചാലും ജനാധിപത്യ വ്യവസ്ഥയില്‍ വിവിധ ജനവിഭാഗങ്ങളുടെ മാനാഭിമാനം സംരക്ഷിക്കാനായി സര്‍ക്കാരിന് അവര്‍ക്കു പിറകെ പോലീസിനെ വിടേണ്ടിവരുമെന്ന് താങ്കള്‍ ദയവായി ആനന്ദിനോട് പറയണം.” -കെ.പി.രാമനുണ്ണി

ബഹു. മൌദൂതി സന്ദേശകാവ്യ കര്‍ത്താവായ കെ.പി.രാമനുണ്ണി ഉദ്ദേശിക്കുന്ന “മുസ്ലീങ്ങളുടെ പന്ത്രണ്ടു കുപ്പി രക്തം” നമ്മുടെ മാധ്യമം പരസ്യങ്ങളിലൊക്കെ കാണാറുള്ള “മുസ്ലീം കിഡ്നി” എന്നൊക്കെ പറയപ്പെടുന്ന പച്ച പെയിന്റടിച്ച് ചന്ദ്രക്കല സീല്‍ കുത്തി, പടച്ചോന്‍ മുസ്ലീങ്ങള്‍ക്ക് മാത്രമായി ഉണ്ടാക്കി വിടുന്ന പച്ച കിഡ്നി പോലുള്ള പച്ചരക്തമായിരിക്കുമോ ?എന്നൊരു സംശയമില്ലാതില്ല !!! നബി തിരുമേനിയെ മാത്രമല്ല, ആശാരി ചെക്കന്‍ യേശുവിനേയും, പോത്തിനെ നോക്കുന്ന യാദവ ചെക്കന്‍ കൃഷ്ണങ്കുട്ടിയെയും ആരെങ്കിലും നിന്ദിച്ചാല്‍ പോലും ധര്‍മ്മ സംസ്ഥാപനാര്‍ത്ഥം സര്‍ക്കാരിന് അവര്‍ക്കു പിറകെ പോലീസിനെ അഴിച്ചുവിടേണ്ടിവരുമെന്ന് താങ്കള്‍ ആനന്ദിനോട് പറയണമെന്നാണ് കെ.പി.രാമനുണ്ണിയുടെ മാടംബി ഉത്തരവിലുള്ളത് !!! ഹോ... എന്തൊരു വിനയം !! എന്തൊരു മുടിഞ്ഞ നീതിബോധം !!!

ഇയ്യാളൊക്കെ എന്ത്  കോപ്പിലെ ബുജിസാഹിത്യകാരനാണെന്നാണ് ചിത്രകാരന്‍ അതിശയിച്ചുപോകുന്നത് !!! മലയാള സാഹിത്യവും,ബുജിസാഹിത്യ ജീവികളും ഇത്ര ജീര്‍ണ്ണാവസ്ഥയിലായിരിക്കുമോ ? വല്ല ഇഫ്ത്താര്‍ വിരുന്നിലും മുഖ്യാതിഥിയാകാനായിരിക്കുമോ നാവുകൊണ്ട് അടിച്ചുതളി നടത്തുന്ന ഈ സന്ദേശകാവ്യം കക്ഷി രചിച്ച് , എണീറ്റ് നടക്കാന്‍ കഴിയാത്ത, ആ പാവത്തെ ഉന്തിത്തള്ളി, ആനന്ദിനുള്ള വാറോല കൊടുക്കാന്‍ നിര്‍ബന്ധിക്കുന്നത് !! ആ മനുഷ്യന്റെ കൈ അറുത്തെടുത്ത മനുഷ്യ പിശാചുക്കളോ, അതിനാവശ്യമായ മത കോടതി വിധി തയ്യാറാക്കിയ മത ഭ്രാന്തന്മാരോ, ഒരു ടെസ്റ്റ് പേപ്പര്‍ ചോദ്യത്തില്‍ മതനിന്ദ മനപ്പൂര്‍വ്വം കുത്തിവച്ച് പഴുപ്പിച്ച് മതവികാരവൃണമാക്കി വലുതാക്കിയെടുത്ത് , മതസൌഹാര്‍ദ്ദം തകര്‍ക്കാനുള്ള സംഭവ പരംബരകളുടെ തിരക്കഥ രചിക്കുകയും, അത് പണം മുടക്കി ഡയറക്റ്റ് ചെയ്ത് വര്‍ഗ്ഗീയ വിളവെടുക്കുകയും, പന്ത്രണ്ടു കുപ്പി ചോര എണ്ണികൊടുത്ത് സെന്റിയുടെ ഗ്ലിസറിന്‍ കണ്ണീര്‍ മഴ പൊഴിപ്പിക്കുകയും ചെയ്ത സംഘടിത വര്‍ഗ്ഗീയ കുറ്റവാളികളേക്കാള്‍ കെ.പി.രാമനുണ്ണി മ്ലേച്ഛനായ കുറ്റവാളിയാകുന്നു...എന്ന് ചിത്രകാരന്റെ നീതിബോധം രേഖപ്പെടുത്തുന്നു.

ചെയ്യാത്ത കുറ്റത്തിന് മതഭ്രാന്തന്മാരുടെ തൃപ്തിക്കും ആശ്വാസത്തിനുമായി പ്രഫസര്‍ ജോസഫിനെതിരെ പ്രവാചക നിന്ദ ആരോപിച്ച് കള്ളകേസെടുത്തതിനും, അയാളുടെ മകനെ പോലീസ് തടങ്കലില്‍ വച്ച് മാനസികമായി പീഢിപ്പിച്ചതിനും കേരള സാംസ്ക്കാരിക സമൂഹം സര്‍ക്കാരിനു വേണ്ടി മാപ്പുപറയ്യേണ്ട ധാര്‍മ്മിക ബാധ്യത നിലനില്‍ക്കുമ്പോഴാണ്... കെ.പി.രാമനുണ്ണി ഒരു ലേഖനം മാതൃഭൂമി വീക്കിലിയില്‍ പ്രസിദ്ധീകരിച്ചു കാണാനായി കോടാലിയുമായി പ്രഫസറുടെ ഹൃദയം കൂടി വെട്ടിനുറുക്കുന്ന ഈ മനുഷ്യത്വഹീന ക്രൂരതക്ക് ഇറങ്ങിത്തിരിച്ചതെന്നു തോന്നുന്നു. അവിശ്വാസികളോടും, യുക്തിവാദികളോടും ആനന്ദിനോടും രാമനുണ്ണിക്ക് വല്ല കെറുവുമുണ്ടെങ്കില്‍ അത് സ്വതന്ത്രമായ വിഷയമായി അവതരിപ്പിക്കാമായിരുന്നു. ശയ്യാവലംഭിയായ ഒരു ക്രൂശിതന്റെ മുറിപ്പാടുകളില്‍ പിക്കാസുകൊണ്ട് കിളച്ചുകൊണ്ട് അത് വേണ്ടായിരുന്നു... രാമനുണ്ണ്യേ !!!

വര്‍ഗ്ഗീയ ഭ്രാന്തന്മാരുടെ അജ്ഞതയുടേയും ഭീകര ലക്ഷ്യങ്ങളുടേയും ക്രൂരതക്ക് പാത്രീഭവിച്ച , കേരള മത നിരപേക്ഷ സമൂഹത്തിനുവേണ്ടി കൈവെട്ട് ശിക്ഷ ഏറ്റുവാങ്ങേണ്ടിവന്ന പ്രഫസര്‍ ജോസഫ് ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന വ്യക്തിപരമായ പ്രശ്നങ്ങളിലേക്ക് സൂചന നല്‍കുന്ന ഒരു റിപ്പോര്‍ട്ടും, മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ കെ.പി രാമനുണ്ണി എഴുതിയ സന്ദേശ കാവ്യത്തിന്റെ ഇമേജുകളും ചിത്രകാരന്റെ വായനാ സൌകര്യത്തിനായി താഴെ സൂക്ഷിച്ചുവക്കുന്നു.
ഈ വിഷയത്തിലേക്ക് ചിത്രകാരന്റെ ശ്രദ്ധതിരിയാന്‍ കാരണമായ ബ്ലോഗര്‍ ഇ.എ.ജബ്ബാറിന്റെ പോസ്റ്റിലെക്കുള്ള ലിങ്ക് :
രാമനുണ്ണിയുടെ മതപ്രേമം !


മംഗളം 26.8.10



Friday, March 19, 2010

മാതൃഭൂമിയിലെ ചിത്രലേഖ

വ്യക്തിപരമായ അസൌകര്യങ്ങള്‍ കാരണം ബ്ലോഗ് വായനയും, എഴുത്തും, പത്ര-മാധ്യമ നിരീക്ഷണവും കട്ടപ്പുറത്തിരിക്കുന്ന സ്ഥിതിവിശേഷത്തിലൂടെയാണ് ചിത്രകാരന്‍ ഇപ്പോള്‍ പൊയ്ക്കൊണ്ടിരിക്കുന്നത്. മാര്‍ച്ച് 12ന് ബ്ലോഗര്‍മാരായ ചാര്‍വാകനും നിസ്സഹായനും പയ്യന്നൂരില്‍ കണ്‍‌വെന്‍ഷനില്‍ പങ്കെടുക്കാനായി വന്നതുകൊണ്ട് കുറച്ചു സമയമുണ്ടാക്കി ചിത്രകാരനും അവിടെ എത്തിപ്പെട്ടു.
അതിന്റെ ഭാഗമായി ഒരു പോസ്റ്റുമിട്ടു:വ്യക്തിബഹുമാനത്തിനായി ഒരു കണ്‍‌വെന്‍ഷന്‍(നിസ്സഹായന്‍ മാനവിക നിലപാടുകള്‍ എന്നബ്ലോഗില്‍ ഇതിന്റെ ഭാഗമായുള്ള മറ്റൊരു പോസ്റ്റിന്റെ ലിങ്ക്:ചിത്രലേഖയ്ക്ക് മനുഷ്യസ്നേഹികളുടെ ഐക്യദാർഡ്യം.)
കണ്‍‌വെന്‍ഷനില്‍ പങ്കെടുക്കുകയും ചിത്രലേഖക്കെതിരെയുള്ള ജാതിപീഢനത്തിന്റെ തീവ്രത മനസ്സിലാക്കുകയും ചെയ്തതിന്റെ ഫലമായി ജാതീയ-സ്ത്രീവിവേചനങ്ങള്‍ക്കെതിരെയുള്ള സമരത്തിന്റെ മുന്നണി പോരാളിയായ ചിത്രലേഖയെ ഒരു ഒറ്റപ്പെട്ട ഇരയായി സവര്‍ണ്ണതക്കുമുന്നില്‍ ഉപേക്ഷിച്ചുപോരാന്‍ മാനുഷികതയില്‍ വിശ്വസിക്കുന്ന ആര്‍ക്കും കഴിയില്ലെന്നും ബോധ്യപ്പെട്ടു.

സവര്‍ണ്ണത ഇന്ത്യന്‍ ജനതയെ ആകമാനം ഗ്രസിച്ചിരിക്കുന്ന ബ്രാഹ്മണ്യത്തിന്റെ കുടില രാഷ്ട്രീയത്തിന്റെ വിഷമയമായ സാംസ്ക്കാരിക വായുമണ്ഡലമാണെന്നാണ് ചിത്രകാരന്‍ മനസ്സിലാക്കിയിട്ടുള്ളത്. ആ സാംസ്ക്കാരികതയില്‍ നിന്നും ഒഴിഞ്ഞുമാറി നില്‍ക്കാന്‍ ഏത് ജാതി-മതവിഭാഗത്തിനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും പെട്ടെന്നു കഴിയുമെന്ന് തോന്നുന്നില്ല.എന്നാല്‍ സമയമെടുത്തെങ്കിലും മനുഷ്യത്വ വിരുദ്ധമായ സവര്‍ണ്ണ സാംസ്ക്കാരികതയെ ശുദ്ധീകരിക്കേണ്ടത് സാമൂഹ്യ സമത്വത്തിനും മാനുഷിക മൂല്യങ്ങള്‍ക്കും സാമൂഹ്യ നവോത്ഥാനത്തിനും അവശ്യം വേണ്ട പ്രവര്‍ത്തനമാണ്.അതിന്റെ ഭാഗമായുള്ള, തൊഴിലെടുത്ത് ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള ചിത്രലേഖയുടേ സമരത്തെ ധീരമെന്ന് വിശേഷിപ്പിക്കേണ്ടിയിരിക്കുന്നു.

തിന്മയുടെയും തന്തയില്ലായ്മയുടേയും മൂല്യരാഹിത്യത്തിന്റേയും പ്രതിരൂപമായ സവര്‍ണ്ണതയാണ് നമ്മുടെ സദാചാരത്തിന്റെ സൂക്ഷിപ്പുകാര്‍ എന്നതിനാല്‍ ... സവര്‍ണ്ണതക്കെതിരെയുള്ള ഏതു ചെറുത്തുനില്‍പ്പും തകര്‍ക്കുന്നതിനായി ബ്രാഹ്മണ്യം ചില സൂത്രവിദ്യകള്‍ ആയിരക്കണക്കിനു വര്‍ഷങ്ങളായി ഉപയോഗപ്പെടുത്തിവരുന്നുണ്ട്. ലൈഗീക ആരോപണങ്ങളിലും,ദൈവ നിഷേധം,മദ്യപാനം,അഹങ്കാരം,ബ്രാഹ്മണ ദ്രോഹം തുടങ്ങിയ കഥകള്‍ മെനഞ്ഞെടുത്ത് സവര്‍ണ്ണതക്കെതിരെയുള്ള നന്മയുടെ ചെറുത്തുനില്‍പ്പിനെ തിന്മയായി ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ് ആ തന്ത്രം. ചിത്രലേഖക്കെതിരെ അപവാദം പ്രചരിപ്പിച്ച് സമൂഹനന്മയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച പയ്യന്നൂരിലെ ഓട്ടോ ഡ്രൈവര്‍മാരും ആ ചിരപുരാതനമായ സവര്‍ണ്ണ തന്ത്രം തന്നെയാണ് പ്രയോഗിച്ചത്.ദുര്‍നടപ്പ്,മദ്യപാനം,പുലച്ചിയുടെ ശബ്ദക്കൂടുതല്‍....കീഴടങ്ങാനുള്ള വിമുഖത!!! അതായത് സവര്‍ണ്ണ കുലീനത്വമില്ലായ്മ ! ഒരാളെക്കുറിച്ച് പരാമര്‍ശിച്ചു തുടങ്ങുംബോഴേ ലൈഗീക അപവാദത്തിന്റേയോ,കള്ളുകുടി,ചീട്ടുകളി,തെറിവിളി,...തുടങ്ങിയ ലേബലുകള്‍ ബോധപൂര്‍വ്വം ചാര്‍ത്തി തമസ്ക്കരിക്കുക എന്ന വിദ്യ അയാളുടെ മിത്രങ്ങളെപ്പോലും അകറ്റിനിര്‍ത്താനും അതിലൂടെ ഒറ്റപ്പെടുത്തി നശിപ്പിക്കാനുമുള്ള നമ്മുടെ സവര്‍ണ്ണ ശീലത്തിന്റെ ഭാഗമാണ്. ആ ശീലത്തെ വേരോടെ പിഴുതെടുത്ത് പ്രതിരോധിക്കുകതന്നെവേണം.

മാതൃഭൂമി വീക്കിലിയില്‍ 2010 മാര്‍ച്ച് 7 ലക്കത്തില്‍ ജെ.ദേവിക ചിത്രലേഖയെക്കുറിച്ച് ഒരു ലേഖനമെഴുതിയത് ഇപ്പോഴാണ് ചിത്രകാരന്റെ ശ്രദ്ധയില്‍ പെട്ടത്. ഒരു പൊതുധാര മാധ്യമത്തിന്റെ നന്മക്കുവേണ്ടിയുള്ള സംഭാവന എന്ന നിലയിലുള്ള ഈ അംഗീകാരത്തെ ആദരിക്കേണ്ടിയിരിക്കുന്നു. ചിത്രലേഖ പ്രശ്നത്തിന്റെ മനുഷ്യത്വപരമായ വിസ്തൃതി മനസ്സിലാക്കേണ്ടവര്‍ക്കായി അത് സ്കാന്‍ ചെയ്ത് ഇവിടെ ചേര്‍ക്കുന്നു. താഴെക്കൊടുത്ത മാതൃഭൂമി പേജുകളില്‍ ക്ലിക്ക് ചെയ്താല്‍ വായിക്കാവുന്ന വിധം വലുതായി കാണാം.

Wednesday, November 7, 2007

നംബൂതിരി ഫലിതത്തിലെ വിഷം



ചിത്രകാരന്‍ മലയാളം ബ്ലൊഗുകളില്‍ (അവിദഗ്ദമായതും,അക്ഷമയോടെയുള്ളതുമായ) പൊസ്റ്റുകളിലൂടെയും, കമന്റുകളിലൂടെയും പറയാന്‍ ശ്രമിച്ച വളരെ പ്രധാനപ്പെട്ട ഒരു സാമൂഹ്യ യാഥാര്‍ത്ഥ്യം വളരെ മനോഹരമായും,വ്യക്തമായും , ധൈര്യപൂര്‍വ്വം... ശാസ്ത്രീയമായി .... എസ് . ശാരദക്കുട്ടി എഴുതിയിരിക്കുന്നു. “ചിരിയുടെ തീണ്ടല്‍“ എന്ന പേരില്‍ നമ്മുടെ സമൂഹത്തില്‍ ആചാരവല്‍ക്കരിക്കപ്പെട്ട നിന്ദ്യമായ നംബൂതിരിപരിഹാസത്തിന്റെ വ്യക്തമായ ചിത്രം അവര്‍ മാത്രുഭൂമി ആഴ്ച്ചപ്പതിപ്പില്‍ (2007 നവംബെര്‍4) വരച്ചുവച്ചിരിക്കുന്നു.


ശുദ്ധവും,നിഷ്ക്കളങ്കവുമെന്നപേരില്‍ നമ്മുടെ ബോധതലങ്ങളിലേക്ക് പടയോട്ടം നടത്തുന്ന നംബൂതിരി ഫലിതങ്ങള്‍ നിര്‍മ്മിക്കുന്ന മേല്‍ക്കോയ്മയുടെ അശുദ്ധവും, നികൃഷ്ടവും, മനുഷ്യത്വരഹിതവുമായ ചരിത്രം അനാവരണം ചെയ്യുന്ന ശാരദക്കുട്ടി വലിയൊരു സാമൂഹ്യ വിപ്ലവത്തിനുള്ള വിത്തുകളാണ് പാകിയിരിക്കുന്നത്.

ബ്രഹ്മാണ്യത്തിന്റെ ശുദ്ധ നര്‍മ്മത്തിന്റെ തുടര്‍ച്ചയായി ... ഇ.കെ.നായനാരുടെ വിഢി ഫലിതങ്ങളിലൂടെയുള്ള ഭരണവും, കെ. കരുണാകരന്റെ കണ്ണിറുക്കലിലൂടെ നല്‍കുന്ന ചവിട്ടിത്താഴ്ത്തലും നാം അസ്വാഭാവികതയൊന്നും കാണാതെ വിഴുങ്ങുന്നതിലെ അപകടത്തെപ്പോലും ശാരദക്കുട്ടി മനസ്സിലാക്കിയിരിക്കുന്നു.


നംബൂതിരി ഫലിതങ്ങളിലൂടെ ആചാരവല്‍ക്കരിക്കപ്പെട്ട് മാന്യതയുടെ പ്രൌഢിയോടെ ജാതീയ മേല്‍ക്കോയ്മ സാഹിത്യത്തിലും, ഇന്നത്തെ സിനിമയിലും വിദഗ്ദമായി അലിയിച്ചു ചേര്‍ത്ത് പഴയ ബ്രാഹ്മണ്യം വര്‍ഗ്ഗ വിഭജനത്തിന്റെ വിഷബീജങ്ങള്‍കൊണ്ട് വര്‍ത്തമാന കാലത്തിന്റെ മനസ്സില്‍ വിപുലമായി കൃഷിയിറക്കുന്നുണ്ടെന്ന വിവരം സോദോഹാരണം ശാരദക്കുട്ടി നമുക്കു കാണിച്ചു തരുന്നുണ്ട്.

ലേഖനം തുടങ്ങുന്നതുതന്നെ ഒരു നംബൂതിരി ഫലിതം പറഞ്ഞുകൊണ്ടാണ്.


“ഒരു നായര്‍ ഒരിക്കല്‍ തന്റെ മകളെ ദൂരെയുള്ള ഒരു നൃത്ത വിദ്യാലയത്തില്‍ പഠിക്കാന്‍ ചേര്‍ത്തു. അവിടെ പെണ്‍കുട്ടികള്‍ക്കു താമസിക്കുവാനുള്ള സൌകര്യമില്ലാത്തതിനാല്‍ അടുത്തുള്ള ഒരു മനയ്ക്കല്‍ ചെന്നപേക്ഷിച്ചപ്പോള്‍ അവിടുത്തെ നംബൂതിരി: ഇവിടെ താമസിപ്പിച്ചാ വെഷമാവില്ലേന്നൊരു ശങ്ക. എന്താച്ചാല് ,ഇവള് മാസം മാസം തീണ്ടാരിയാകും. അപ്പൊക്കെ മാറി താമസിക്കണം. അത് ഇവള്‍ക്ക് വെഷമാവില്ലേ? ഇനി അഥവാ ഇവിടെ താമസിച്ചിട്ട് തീണ്ടാരിയാവാണ്ടായീന്ന്‌ച്ചാല് അത് അതിലേറെ വെഷമാവില്ലേ വള്‌ക്ക്.”


ഇതിലെ ഫലിതത്തിന്റെ നികൃഷ്ടവും മനുഷ്യത്വ രഹിതവുമായ തലത്തിലേക്ക് ചിന്തിക്കാനുള്ള കഴിവൊന്നും ബൂലോകത്തെ 90% ബ്ലോഗേഴ്സിനും ഉണ്ടെന്ന് ചിത്രകാരനു തോന്നുന്നില്ല. പകരം വാക്കുകള്‍കൊണ്ട് ആ പെണ്‍കുട്ടിയെ അവളുടെ അച്ഛന്റെ മുന്നിലിട്ട് അവകാശാധികാരങ്ങളോടെ ബലാല്‍കാരം ചെയ്ത് ഗര്‍ഭിണിയാക്കുന്ന നംബൂതിരിയുടെ സാമര്‍ത്ഥ്യത്തെ ഒരു സ്ത്രീപീഢനം കാണാന്‍ അവസരം നല്‍കിയതിന് വാലുചുരുട്ടി നിന്ന് സവര്‍ണ ചേഷ്ടകളിലൂടെ ശ്ലാഘിക്കുന്ന എച്ചിലുണ്ടു നടക്കുന്ന പട്ടികളുടെ വിധേയത്വമാണ് മലയാളികളായ നമുക്കുള്ളത്.


നംബൂതിരി സംബന്ധത്തിനു പോകുന്ന ശൂദ്രഗൃഹത്തിലെ കാവല്‍ക്കാരനായ നായ എന്ന അര്‍ത്ഥത്തില്‍ എടാ നായരേ ... എന്ന് പരിഹസിച്ച് വിളിച്ച ക്രൂരമായ വിളിപ്പേരുപോലും നമുക്ക് അഭിമാനം നല്‍കുന്ന ആഢ്യചിഹ്നമായി കൊണ്ടാടാന്‍ തോന്നുന്നത് എത്രമാത്രം അധമമായ അടിമത്വത്തിന്റെ ലക്ഷണമാണെന്ന് നമുക്ക് തിരിച്ചറിവു ലഭിക്കുന്നില്ല. (തിരുവിതാംകൂറിലുള്ള നായന്മാര്‍ ശൌര്യം കുറഞ്ഞവരാണെങ്കിലും, അവരുടെ ഭാര്യമാരുടെ ശൌര്യം കാരണമായിരിക്കാം നായ എന്ന വാക്ക് അവിടെ നിരോധിക്കപ്പെട്ടതുപോലെയാണ്. പകരം ആണ്‍ പട്ടിയും പെണ്‍ പട്ടിയുമേ തിരുവനന്തപുരത്തുള്ളു.)


ദക്ഷിണേന്ത്യക്കാരായ മനുഷ്യ സ്ത്രീ പ്രസവിക്കുന്നതിനെ “കുരങ്ങിടുക” എന്നു വിശേഷിപ്പിക്കുന്ന നംബൂതിരിയുടെ ഭാഷപ്രയോഗത്തിലെ മുഖത്തു ചവിട്ടി ഉരതുന്ന നീചത്വം തന്നെയാണ് ഇവിടത്തെ നാടുവാഴികളെയ്യും രാജാക്കന്മാരേയും വാനരന്മാരായും, സേവകന്മാരെ നായ്ക്കളായും വിശേഷിപ്പിക്കാന്‍ ബ്രഹ്മണനെ പ്രേരിപ്പിച്ചിരിക്കുക.


മുകളില്‍ പറഞ്ഞ ചിത്രകാരന്റെ ജല്‍പ്പനങ്ങള്‍ പോലെയല്ല... ശാരദക്കുട്ടിയുടെ ലേഖനം. കേരളത്തിന്റെ സാമൂഹ്യമായ ഇരുട്ടിനെ കീറിമുറിച്ച് മുന്നേറാന്‍ ശക്തിനല്‍കുന്ന മഹനീയമായ സംഭാവന തന്നെയാണ് അവരുടെ ലേഖനം . എല്ലാവരും വായിച്ചിരിക്കേണ്ടതായ ആ ലേഖനത്തിന്റെ സ്കാന്‍ ചെയ്ത പേജുകളു ടെ ലിങ്കുകള്‍ പ്രവാസികളുടെ സൌകര്യാര്‍ത്ഥം താഴെ കൊടുക്കുന്നു.


ചിരിയുടെ തീണ്ടല്‍ ഒന്നാം പേജ്
ചിരിയുടെ തീണ്ടല്‍ രണ്ടാം പേജ്
ചിരിയുടെ തീണ്ടല്‍ മൂന്നാം പേജ്
ചിരിയുടെ തീണ്ടല്‍ നാലാം പേജ്
ചിരിയുടെ തീണ്ടല്‍ അഞ്ചാം പേജ്
ചിരിയുടെ തീണ്ടല്‍ ആറാം പേജ്(അവസാന ഭാഗം)

Monday, October 29, 2007

അഴീക്കോട് ശരശയ്യയില്‍ !!!



"ഒരു മൈക്കു കിട്ടിയാ‍ല്‍.........!!!"
പ്രഭാഷണങ്ങള്‍ നടത്തുന്നതിനുവേണ്ടി മാസം 9000 കി മി.ദൂരം സഞ്ചരിക്കണമെന്ന് നിര്‍ബന്ധ മുള്ള അഴീക്കോടിനെ പെട്രോളിന്റെ കാശു നല്‍കാന്‍ ശേഷിയുള്ള ആര്‍ക്കും പ്രസംഗിക്കാന്‍ വിളിക്കാം. ഒരേയൊരു കണ്ടീഷനേയുള്ളു. എം.എന്‍. വിജയന്റെ ചിന്തകളെ ബഹുമാനിക്കുന്നവരോ,ശിക്ഷ്യന്മാരോ ആകരുത് .

ചിത്രകാരന്‍ വര്‍ഷങ്ങള്‍ക്കുശേഷം ഒരു കാര്‍ട്ടൂണ്‍ വരച്ചുനോക്കിയതാണ്.കൂടുതല്‍ എഴുതാന്‍ സമയമില്ലാത്തതിനാല്‍ ഒന്നും പറയുന്നില്ല.മതൃഭൂമി വിക്കിലിയില്‍ അഴീക്കോടിനെ കുത്തുന്ന കത്തിയായും വിജയന്‍ മാഷേ ഉണക്കുന്ന കത്തിയായും വിശേഷിപ്പിച്ചുകൊണ്ടുള്ള അതിശക്തമായ ലേഖനങ്ങളെഴുതിക്കോണ്ട് എം.എ. റഹ്‌മാനും,എന്‍.എം.പിയേഴ്‌സണും അഴീക്കോടിനെ ശരശയ്യയില്‍ കിടത്തിയിരിക്കുന്നു. ചിത്രകാരന് വളരെ ഇഷ്ടപ്പെട്ടു.സാഹിത്യ-രാഷ്ട്രീയ-സിനിമ താരങ്ങളായി സ്വയം അവരോധിച്ച് ജനങ്ങളെ വഴിതെറ്റിക്കുന്ന സകലരേയും ഇതുപോലെ ഭേദ്യം ചെയ്യേണ്ടത് പത്ര ധര്‍മ്മമാണെന്ന് ചിത്രകാരന്‍ വിശ്വസിക്കുന്നു.നന്മയുള്ള ,കരുത്തുള്ള ജനനായകര്‍ ഏതു വിമര്‍ശന സരങ്ങളേയും പുഷ്പമാക്കി അതിജീവിക്കും.

Wednesday, October 3, 2007

മാതൃഭൂമി ഊതി വലുതാക്കുന്ന ബൂലോകം?


മാത്രുഭൂമി പത്രം കഴിഞ്ഞവര്‍ഷം ഇതേ കാലത്തു പ്രസിദ്ധീകരിച്ച സണ്‍‌ഡേ സപ്ലിമെന്റിലെ ലേഖനം വായിച്ചാണ് അന്നു തന്നെ ഒരു ബ്ലൊഗ് ഉണ്ടാക്കി ചിത്രകാരന്‍ ഈ ബൂലോകത്ത് എത്തിപ്പെട്ടത്. ഇപ്പോള്‍ മാത്രുഭൂമി ആഴ്ച്ചപ്പതിപ്പും ബ്ലൊഗുകളെക്കുറിച്ച് ഒരു കവര്‍ സ്റ്റോറി പ്രസിദ്ധീകരിച്ചുകൊണ്ട് ബ്ലൊഗ് എന്ന ജനാധിപത്യ മാധ്യമത്തിന് കനത്ത പ്രോത്സാഹനം നല്‍കിയിരിക്കുന്നു.

വിശാലമനസ്കനുമായുള്ള ഓണ്‍ലൈന്‍ ഇന്റര്‍വ്യുവും, അദ്ദേഹത്തിന്റെ തന്നെ ഒരു സാബിള്‍ ബ്ലൊഗ്കഥയും പുറമെ വി.കെ ആദര്‍ശ് എന്ന ബ്ലൊഗറുടെ ബ്ലൊഗിനെക്കുറിച്ചുള്ള ലേഖനവും,അദ്ദേഹം തന്നെ എഴുതിയ ബ്ലൊഗ് തുടങ്ങാനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളടങ്ങിയ കുറിപ്പും വളരെ പ്രാധാന്യത്തോടെ ധാരാളം ഇലസ്ട്രേഷനുകള്‍ സഹിതം പ്രസിദ്ധീകരിച്ചിരിക്കുന്നു.
മാത്രുഭൂമി ആഴ്ച്ചപ്പതിപ്പിന്റെ മുഖച്ചിത്രവും ബ്ലൊഗുതന്നെ. ഇത്രയും പ്രാധാന്യം ബ്ലൊഗിനു മാതൃഭൂമി നല്‍കുംബോള്‍ ബ്ലൊഗിന്റെ വികസന സാദ്ധ്യതയാണ് വ്യക്തമാകുന്നത്. ആ ദീര്‍ഘദര്‍ശിത്വത്തിനു നന്ദി പറയുക. (വിശാല മനസ്കന്റെ കഥയൊഴിച്ച് -സെപ്തംബര്‍ 16ന്റെഓര്‍മ്മ...-മറ്റെല്ലാം നോക്കുകയല്ലാതെ,വായിക്കാന്‍ ചിത്രകാരന്റെ ക്ഷമ അനുവദിച്ചില്ലെന്നും,അതേക്കുറിച്ചുള്ള കമന്റുകള്‍ക്ക് മറുപടിപറയാന്‍ ബാധ്യതയില്ലെന്നും മുങ്കൂര്‍ ജാമ്യമെടുത്തിരിക്കുന്നു)

ഈ ആഴ്ച്ചയിലെ (2007ഒക്ടോബര്‍7)മാത്രുഭൂമി വീക്കിലി വായിക്കാത്തവര്‍ വായിക്കുക.

അച്ചടി മാധ്യമ രംഗത്തിന് ബ്ലൊഗ് വെല്ലുവിളിയാകുന്നു എന്ന വെളിപാടുകള്‍
മാത്രുഭൂമി കവര്‍പ്പേജുമുതല്‍ ഉള്‍പ്പേജില്‍ വരെ വാരി വിതറിയിരിക്കുന്നു. നമ്മുടെ ബ്ലൊഗ്ഗേഴ്സിന്റെ മിഥ്യാധാരണകളും അമിത പ്രതീക്ഷകളും വെല്ലുവിളിയായി കവിഞ്ഞൊഴുകുന്നുണ്ടായിരിക്കുമെങ്കിലും അച്ചടി രംഗത്തിന് ഒരു വെല്ലുവിളി ബ്ലൊഗില്‍ നിന്നും ഉണ്ടാകുമെന്ന് ചിത്രകാരന്‍ കരുതുന്നില്ല.(അങ്ങനെ ഒരു ഭയം ഉണ്ടായിരുന്നെങ്കില്‍ കൂടുതല്‍പേരെ ബ്ലൊഗിലേക്ക് പരിചയപ്പെടുത്തിക്കൊണ്ട് ഒരു നഷ്ടക്കച്ചവടത്തിന് മാതൃഭൂമി മുതിരില്ലല്ലോ!) സത്യം പുലരുന്നതിനായി നിലവിലുള്ള മാധ്യമങ്ങളെക്കാള്‍ ബ്ലൊഗിന് ഉണര്‍ന്നിരിക്കാന്‍ കഴിയുമെന്നാല്ലാതെ സത്യത്തിന്റെ വഴിയില്‍ സഞ്ചരിക്കുന്ന ആര്‍ക്കും വെല്ലുവിളി ഉയര്‍ത്താന്‍ ബ്ലൊഗിനാകില്ലെന്നുതന്നെ ചിത്രകാരന്‍ ഉറച്ചു വിശ്വസിക്കുന്നു.

മാത്രുഭൂമി വീക്കിലിയില്‍ മുഖച്ചിത്രമായിവന്ന ആര്‍ട്ടിസ്റ്റ് മുരളീധരന്റെ ചിത്രം ചിലബ്ലൊഗ്ഗേഴ്സ് ഉയര്‍ത്തിക്കാണിക്കുന്ന വെല്ലുവിളിയെ നീരസത്തോടെ പരിഹസിക്കുന്ന ഒന്നാണെന്ന് ശ്രദ്ധിച്ചു നോക്കിയാല്‍ മനസ്സിലാകും. സ്വന്തം ആസനത്തില്‍നിന്നും കിളിര്‍ത്തുവന്ന ചെംബരത്തി തറയില്‍ പച്ചനിറമായി ഒഴുകിപ്പരന്ന് ആ പച്ചപ്പില്‍നിന്നും പൂവ്വും ഇലയുമായി ഉയിര്‍ത്തേണീറ്റ് തന്റെ സ്രഷ്ടാവായ ബ്ലൊഗ്ഗറുടെ നാസാരന്ധ്രങ്ങള്‍ക്ക് സുഗന്ധാനുഭൂതിനല്‍കുന്ന വിരേചനകൃത്യം മാത്രമാണ് ബ്ലൊഗെന്ന് ധ്വനിപ്പിക്കുന്ന കഴിവുറ്റ ആ ചിത്രകാരന്‍ ... തന്റെ മനസ്സിലെ പരിഹാസവിഷം ഭാവനയില്‍ ചേര്‍ത്ത് പ്രിന്റു മീഡിയയോട് കൂറു പ്രഖ്യാപിക്കുന്നത് ചിത്രകാരന്റെ മാത്രം തോന്നലാകട്ടെ എന്ന് ആശിക്കട്ടെ!!!!! ഹ ഹ ഹ ഹ ഹ ......

ആര്‍ക്കുവേണം ഇനി പത്രാധിപരേ എന്ന വാചകത്തിലെ പുച്ഛരസം ബ്ലൊഗിനിട്ടൊരു കുത്തുതന്നെയല്ലേ?
പത്രാധിപരെ പത്ര ഉടമക്കു വേണ്ടാതെ വരില്ല... എന്നുത്തരം.
ബ്ലൊഗറെക്കൊണ്ട് എന്തായാലും പത്രം നടത്താനാകില്ലല്ലോ!

മാത്രുഭൂമിക്കും, ബൂലോകത്തെ പുതിയ കൂട്ടുകാര്‍ക്കു പരിചയപ്പെടുത്താന്‍ സഹായിക്കുന്ന ബ്ലൊഗ് സുഹൃത്തുക്കള്‍ക്കും ബ്ലൊഗറെന്നനിലയില്‍ ചിത്രകാരന്‍ നന്ദി പറയുന്നു.
.............................................................................................................
ഇന്നലെ (10-10-07)മാത്രുഭൂമി ആഴ്ച്ചപ്പതിപ്പ് അലസമായി മറിച്ചുനോക്കുന്നതിനിടയില്‍ ... അതാകിടക്കുന്നു രണ്ടു ബ്ലോഗ് രചനകള്‍ കൂടി !!!
കുറുഞ്ഞി ഓണ്‍ ലൈനിലെ ജോസഫ് അഗസ്റ്റിന്റെ കൊട്ടുവടി നിര്‍മ്മാണ രഹസ്യത്തെക്കുറിച്ചുള്ള ചാരായനിരോധനമെന്ന കണ്ടുപിടിത്തം എന്ന അതീവ രസകരമായ പോസ്റ്റും,വണ്‍ സ്വാളോയുടെ മാര്‍ക്കേസിന്റെ മലയാളി പിതാവ് വിജ്ഞാനപ്രദമായ പൊസ്റ്റും.
ഈ രണ്ടു പോസ്റ്റും ചിത്രകാരന്‍ വീക്കിലിയില്‍ കാണാതിരുന്നത് കഷ്ടമായി തോന്നുന്നു. മറ്റു മൂന്നു ലേഖനങ്ങള്‍ തന്നെ വളരെ കൂടുതലായി തോന്നിയതിനാല്‍ ഇനിയും ബ്ലൊഗ് സൃഷ്ടികള്‍ ഉണ്ടാകുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല.ഇനി ഇതൊന്നും കൂടാതെ മറ്റുവല്ലതും ആ ലക്കത്തില്‍ ഉണ്ടെങ്കില്‍ ക്ഷമിക്കുക. സത്യമായും ചിത്രകാരന്റെ ശ്രദ്ധക്കുറവുകോണ്ടാണ്.