Sunday, May 25, 2008

ഇതാണ് പത്രധര്‍മ്മം !...കലക്കി മാതൃഭൂമി !!


മാത്രുഭൂമിയുടെ ഇന്നത്തെ(25-5-08) സണ്‍‌ഡേ സപ്ലിമെന്റ് കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി. മാത്രുഭൂമിയില്‍ പത്രധര്‍മ്മത്തിന്റെ മൂല്യബോധവും, നന്മയും തിരിച്ചു വരികയാണെന്നു തോന്നുന്നു. മാത്രുഭൂമിയില്‍ പി.പി.ശ്രീജിത്ത് എഴുതിയിരിക്കുന്ന നികത്താന്‍ ആവാത്ത നേട്ടങ്ങള്‍ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ലേഖനത്തില്‍ ആലുവക്കടുത്ത് എടത്തല പഞ്ചായത്തിലെ നാലാം വര്‍ഡ് പ്രതിനിധി സൂസന്‍ തങ്കപ്പന്റെ ഇച്ഛാശക്തിയുടെയും, നമയുടേയും വിജയഗാഥ എങ്ങിനെ ഒരു നാടിന്റെ ആത്മാഭിമാനത്തിന്റെ വികാസമായിരിക്കുന്നു എന്ന് സവിസ്തരം വിവരിച്ചിരിക്കുന്നു. ജാതി-മത-രാഷ്ട്രീയ വിശ്വാസങ്ങള്‍ക്ക് അതീതമായി ഒരു വ്യക്തിയുടെ നന്മയിലുള്ള അചഞ്ചല വിശ്വാസം മറ്റുള്ളവരുടെകൂടി ജീവിക്കാനുള്ള അവകാശമായി പ്രതിഫലിക്കപ്പെടുന്നു എന്നതിന്റെ ഉത്തമോദാഹരണമാണ് ശ്രീജിത്തും,മാത്രുഭൂമിയും നമുക്കു കാണിച്ചു തരുന്നത്. ഒഴുക്കിനെതിരെ നീന്തുന്നവരെ നഷ്ടത്തിന്റെ കഥ പറഞ്ഞ് ഭയപ്പെടുത്തി തിന്മയുടെ സഹയാത്രികരാക്കുന്ന പതിവു ശൈലിയില്‍ നിന്നും നമ്മുടെ പത്രമാധ്യമങ്ങള്‍ വേറിട്ടു ചിന്തിക്കാന്‍ തുടങ്ങുന്നത് അഭിനന്ദനീയമായ മാറ്റമാണ്.


കേരളത്തില്‍ പിടിമുറുക്കിയിരിക്കുന്ന ഭൂമി മാഫിയക്കെതിരെ ചെറുത്തു നിന്നതിന്റെ പേരില്‍ സ്വന്തം വീട്ടില്‍ പോലും സമാധാനമായി ജീവിക്കാന്‍ അനുവദിക്കില്ലിന്ന് ഭീഷണി നിലനില്‍ക്കെ , നന്മക്കും ആത്മാഭിമാനത്തിനും വേണ്ടി പൊരുതാന്‍ ഉറക്കുന്ന ഒരു കുടുംബത്തിന്റെ ആവേശ്വജ്വലമായ കഥകൂടിയാണ് മാത്രുഭൂമി ഈ ക്രിയാത്മക പത്രപ്രവര്‍ത്തന മാതൃകയിലൂടെ മുന്നോട്ടുവക്കുന്നത്.


ഇക്കഴിഞ്ഞ ഏപ്രില്‍ 23 ന് രാത്രി 10 മണിക്ക് ഇവരുടെ വീട്ടിലേക്ക് കയറിവന്ന ഭൂമാഫിയയുടെ ഗുണ്ടകള്‍ സൂസന്റെ ഭര്‍ത്തവ് തങ്കപ്പനേയും, സൂസനേയും വടിവാളുകൊണ്ടും,കംബിപ്പാരകൊണ്ടും ആക്രമിച്ചിരുന്നു. ഈ ആക്രമണം ഇവരെ കുറച്ചുകൂടി ആവേശത്തോടെ സമൂഹത്തിലെ തിന്മക്കെതിരെ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിച്ചു എന്നല്ലാതെ , ഭീരുത്വം പേറി തിന്മയുടെ ആശ്രിതത്വത്തില്‍ അഭിമാനിക്കുന്നവരാക്കി മാറ്റുന്നില്ല.

സ്ത്രീ സ്വാതന്ത്ര്യത്തിനും,പെണ്‍ പക്ഷ ചിന്തക്കും വേണ്ടി മോങ്ങുന്ന സംബന്നതയുടെ ഒളിത്താവളങ്ങളിലും,ദന്തഗോപുരങ്ങളിലും ഇരിക്കുന്നവര്‍ ,ആത്മപരിശോധന നടത്താന്‍ ഈ സ്ത്രീരത്നത്തിന്റെ ജീവിതം പഠിക്കുന്നത് ഉചിതമായിരിക്കും. തിന്മയുടെ സാമ്രാജ്യത്തിലെ സ്ഥാനമാനങ്ങള്‍ക്കു വേണ്ടി മോങ്ങിക്കൊണ്ടിരിക്കുന്നവര്‍ക്ക് നന്മയുടെ സിംഹാസനങ്ങള്‍ ആളെക്കിട്ടാതെ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്ന വിവരം കാണിച്ചു തരുന്നു ഈ ലേഖനം. പക്ഷെ, വിയര്‍ക്കണം., മണ്ണു പിനയണം.പൊങ്ങച്ചവും,വിടുവായത്വവും,ഭീരുത്വവും,അടിമത്വവും ജാതീയതയുടെ വായ്നാറ്റവുമായി പൊതുധാരയായി വഴിമുടക്കുന്ന നമ്മുടെ സമൂഹത്തിനെ ഉടച്ചുവാര്‍ക്കാനുള്ള ഇച്ഛാശക്തിയുടെ ഉറവിടങ്ങളായി,പ്രചോദന കേന്ദ്രങ്ങളായി പത്ര മാധ്യമങ്ങള്‍ മാറിയിരുന്നെങ്കില്‍ എന്നാശിച്ചുപോകുന്നു.
മാത്രുഭൂമിയുടെ ഒന്നാം പേജില്‍ ഇത്തരം വാര്‍ത്തകള്‍ സ്ഥിരമായി വരട്ടെ എന്നാശംസിക്കുന്നു.
അനില്‍ശ്രീ കമന്റായി നല്‍കിയ ഈ ലേഖനത്തിന്റെ മാത്രുഭൂമി ഓണ്‍ലൈന്‍ ലിങ്ക് ഇവിടെ നല്‍കുന്നു.


ചിത്രകാരന്റെ കണ്ണു നനയിച്ച ധീരോജ്വലമായ കഥ പ്രസിദ്ധീകരിച്ച മാത്രുഭൂമിക്കും,ലേഖകന്‍ പി.പി.ശ്രീജിത്തിനും അഭിവാദ്യങ്ങളര്‍പ്പിക്കുന്നു.

Saturday, May 10, 2008

പിച്ച വാങ്ങുന്ന കാവാലത്തെ നാടകാചാര്യന്‍ !

മാതൃഭൂമി കണ്ണൂര്‍ എഡിഷനില്‍ കലാ-സാഹിത്യ കേരളത്തിനു നാണക്കേടു തോന്നേണ്ട ഒരു വാര്‍ത്തയും ചിത്രവും കണ്ടുകൊണ്ടാണ് ചിത്രകാരന്റെ ഇന്നത്തെ(10-5-08) പ്രഭാതം ആരംഭിച്ചത്. കാവാലം നാരയണ പണിക്കര്‍ക്ക് ഏതൊ ഒരു ബ്രാഹ്മണ്യത്തിന്റെ പാരംബര്യ ഹൈന്ദവന്‍ നംബൂതിരി ജാതിക്കാരന്‍ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന്റെ അടുക്കള ചായ്പ്പില്‍ നിന്നും കാവാലം നാരയണപ്പണിക്കര്‍ എന്ന ഉഗ്രപ്രതാപിയായ നാടക വിദഗ്ദന് നാടകാചാര്യ പട്ടംവും, രാജ പ്രതാപത്തിന്റെ ചിഹ്നമായ പട്ടും വളയും എച്ചിലുപോലെ എറിഞ്ഞുകൊടുക്കുന്ന ചിത്രം ദയനീയമായ ഒരു കാഴ്ച്ചയാണ്.
കാവാലം നാരായണപ്പണിക്കര്‍ തന്റെ അടിമത്വത്തിന്റെ വിനീത വിധേയമായ ബോഡി ലാഗ്വേജിന്റെ അകംബടിയോടെ താണു തൊഴുത് പ്രസ്തുത വര്‍ഗ്ഗീയ-ജന്മിത്വ പുരസ്കാരം കൈപ്പറ്റുന്നത് സഹതാപത്തോടെ മാത്രമേ ആത്മാഭിമാനമുള്ളവര്‍ക്ക് കാണാനാകു.
ഒരു കാലത്ത് ഹിന്ദു മതത്തിന്റെ പ്രചരണത്തിനുവേണ്ടി ബുദ്ധമത വിശ്വാസികളായവരെ അംഗീകാരങ്ങളും,പാരിതോഷികങ്ങളും,പദവികളും നല്‍കി സ്വന്തം വരുതിയിലാക്കുകയും,അവരുടെ സാമൂഹ്യ ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തി ഹിന്ദുമതം എന്ന നീച സംസ്കാരത്തിനു പ്രചാരം കൂട്ടുകയും ചെയ്തിരുന്ന ബ്രാഹ്മണ അജണ്ടയുടെ തുടര്‍ച്ചതന്നെയാണ് കാവാലത്തിനു ലഭിച്ച ബഹുമതി എന്ന ഈ നാണം കെട്ട പരിപാടിയും എന്ന് ചിത്രകാരന്‍ വിശ്വസിക്കുന്നു.

Wednesday, May 7, 2008

അക്ഷയതൃതീയക്കുപിന്നിലെ ഭൂതം!

പണവും സ്വര്‍ണ്ണവും സ്വന്തമാക്കുന്നതിലൂടെ സത്യത്തില്‍ ദൈവവും, അതിന്റെ ആത്മാവായ നന്മയും നമ്മുടെ മനസ്സില്‍ നിന്നും പുറത്താക്കപ്പെടുകയാണ് ചെയ്യാറുള്ളത്. സ്വര്‍ണ്ണം നമ്മുടെ ഐശ്വര്യത്തിന്റേയും,സ്നേഹത്തിന്റേയും പ്രതീകമായി പ്രതിഷ്ടിക്കുന്നത് ആരാണെന്നും പൊതുജനത്തിനറിയില്ല. അരാണ് വേള്‍ഡ് ഗോള്‍ഡ് കൌണ്‍സില്‍ എന്ന് നമ്മുടെ പത്രമാധ്യമങ്ങളും പറയില്ല.
കാരണം ഇന്ത്യന്‍ മാധ്യമലോകത്തിനും,ജ്വല്ലറിവ്യവസായത്തിനും ഉദാരമായി കോടികള്‍ ഒഴുക്കിക്കൊടുക്കുന്ന വേള്‍ഡ് ഗോള്‍ഡ് കൌണ്‍സില്‍ ചെറിയൊരു പ്രസ്ഥാനമല്ല.

ലോക സ്വര്‍ണ്ണ ഖനി ഉടമകളുടെ സംഘടനയാണ് വേള്‍ഡ് ഗോള്‍ഡ് കൌണ്‍സില്‍ എന്നറിയുമ്പോഴേ നമ്മെക്കൊണ്ട് അക്ഷരതൃതീയ ആഘോഷിപ്പിച്ച് , നമ്മുടെ ജീവിതം ഐശ്വര്യപൂര്‍ണ്ണമാക്കി കുളിപ്പിച്ചു കിടത്താനുള്ള ഈ പ്രസ്ഥാനത്തിന്റെ ഉത്സാഹത്തിന്റെ കാരണം ചിലര്‍ക്കെങ്കിലും മനസ്സിലാകുകയുള്ളു.

ഇന്ത്യയിലെയും,ഗള്‍ഫിലേയും പല പ്രമുഖ ജ്വല്ലറികള്‍ക്കും തങ്ങളുടെ പരസ്യചിലവിന്റെ 33% സബ്സിഡിയായി- കോടികള്‍ തന്നെ -നല്‍കുന്ന ഈ സംഘടന പൊങ്ങച്ചം മാത്രം കൈമുതലായുള്ള മലയാളിയെക്കൊണ്ട് സ്വര്‍ണ്ണം തീറ്റിച്ചാലും അതിശയപ്പെടാനില്ല.

കേരളത്തിലെ സ്വര്‍ണ്ണക്കടകളുടെ ശൃഘലകള്‍ വ്യാപിപ്പിക്കുന്നതിനു പിന്നിലും, സ്വര്‍ണ്ണം ആന നെറ്റിപ്പട്ടം കെട്ടിയതുപോലെ അണിഞ്ഞാല്‍ മാത്രമേ സ്ത്രീക്ക് അന്തസ്സും കുലമഹിമയും ഉണ്ടാകു എന്ന് വിശ്വാസം പടര്‍ത്തുന്നതിലും നിശബ്ദം പ്രവര്‍ത്തിച്ച വേള്‍ഡ് ഗോള്‍ഡ് കൌണ്‍സിലിനെ നമുക്ക് ,നമ്മുടെ സാമൂഹ്യ ശാസ്ത്രജ്ഞ്ഞര്‍ക്കും,രാഷ്ട്രതന്ത്രജ്ഞര്‍ക്കും,രാഷ്ട്രീയക്കാര്‍ക്കും കാണാനാകാത്തത് കാഴ്ച്ചക്കുറവിന്റെ പ്രശ്നം മാത്രമാണ്.

ഗള്‍ഫ് രാജ്യങ്ങളില്‍ നമ്മുടെ പാവപ്പെട്ട പ്രവാസികള്‍ അദ്ധ്വാനിച്ചുണ്ടാക്കുന്ന പണത്തിന്റെ പകുതിയും പൊങ്ങച്ചം കാണിക്കാനല്ലാതെ ഒന്നിനും ഉപയോഗിക്കാനാകാത്ത ഈ മഞ്ഞലോഹം തന്ന് വാങ്ങിക്കൊണ്ടുപോകുന്ന സ്വര്‍ണ്ണ ഖനി ഉടമകളെ കാണാനാകില്ല. എന്നാല്‍ അവരുടെ ഏജന്റുമാരാണ് നമ്മുടെ പ്രമുഖ സ്വര്‍ണ്ണക്കടകളെല്ലാം.

24 കാരട്ട് സ്വര്‍ണ്ണത്തെ തങ്കമെന്നാണ് പറയുക. ബിസ്ക്കറ്റുപോലെ പൊട്ടുന്നതിനാല്‍ 24 കാരറ്റില്‍ ആഭരണമുണ്ടാക്കാറില്ല. ഈ തങ്കത്തില്‍നിന്നും 24 ല്‍ 2ഭാഗം മാറ്റി അത്രയും കോപ്പര്‍(ചെമ്പ്)ചേര്‍ക്കുംബോഴാണ് 91.6%സ്വര്‍ണ്ണം അഥവ 22 കാരട്ട് ശുദ്ധ സ്വര്‍ണ്ണം ഉണ്ടാക്കുന്നത്. പൊതുവെ 22 കാരറ്റ് ശുദ്ധ സ്വര്‍ണ്ണവും വളരെ ബലം കുറഞ്ഞതാണ്. അതുകൊണ്ട് ആഭരണമുണ്ടാക്കിയാല്‍ വേഗം പൊട്ടുകയും,ഒടിയുകയും ചെയ്യും.16, 18, 20 കാരറ്റ് ഉപയോഗിക്കേണ്ട കാര്യമേയുള്ളു ആഭരണ നിര്‍മ്മാണത്തിന്. പവന് ആയിരങ്ങളുടെ വിലക്കുറവുമുണ്ടാകും. പക്ഷേ , വേള്‍ഡ് ഗോള്‍ഡ് കൌണ്‍സില്‍ കുറഞ്ഞ കാരട്ടുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ലെന്നു മാത്രമല്ല,നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു. കാരണം സ്വര്‍ണ്ണത്തില്‍ ബലത്തിനുവേണ്ടി ചെമ്പോ,വെള്ളിയോ ചേര്‍ത്താണ് കാരട്ടു കുറക്കുക. അപ്പോള്‍ ആഭരണത്തില്‍ അവരുടെ സ്വര്‍ണ്ണത്തിന്റെ അളവു കുറയും. സ്വര്‍ണ്ണത്തിനു വിലയും കുറയും. വേള്‍ഡ് ഗോള്‍ഡ് കൌണ്‍സിലിന് അതു സഹിക്കാനാകില്ല.
(ഇത്രയും പറഞ്ഞതുകൊണ്ട് സ്വര്‍ണ്ണത്തെക്കുറിച്ച് സംശയങ്ങളൊന്നും ചിത്രകാരനോട് ചോദിക്കരുതേ... കുറച്ചുവര്‍ഷങ്ങള്‍ ഒരു ജ്വല്ലറുടെ മാര്‍ക്കറ്റിങ്ങ് കണ്‍സല്‍ട്ടന്റായിരുന്നതുകൊണ്ടുണ്ടായ വിവരമാണ് ഇവിടെ എഴുതിയത്)

നമ്മുടെ അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കാനും,അതിനുവേണ്ടി പ്രചരണങ്ങള്‍ പത്രക്കാരെക്കൊണ്ട് എഴുതിക്കാനും ധാരാളം ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇതിനെ അഡ്വെര്‍റ്റോറിയല്‍ എന്നാണ് ഓമനപ്പേരിട്ടു വിളിക്കുന്നത്. ഇന്ത്യയിലെ ഏതു പത്രത്തെവേണമെങ്കിലും പണം കൊടുത്ത് വിലക്കെടുക്കാം. ടൈംസ് ഓഫ് ഇന്ത്യപോലുള്ള പത്രങ്ങളാണ് വായനക്കാരന്റെ വിശ്വാസത്തെ കുത്തക ഭീമന്മാര്‍ക്ക് വ്യഭിചരിക്കാന്‍ സൌകര്യം ചെയ്തുകൊടുക്കുന്നതില്‍ മുന്നിലുള്ളത്.

ഇത്തരം സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് വേള്‍ഡ് ഗോള്‍ഡ് കൌണ്‍സിലും നമ്മുടെ മനസ്സിലേക്ക് ശ്രീകൃഷ്ണന്റേയും, മഹാലക്ഷ്മിയുടേയും,ശ്രീരാമന്റേയും വേഷം ധരിപ്പിച്ച് തിന്മയുടെയും,പൊങ്ങച്ചങ്ങളുടേയും,പ്രതീകങ്ങളെ വേഷപ്രച്ഛന്നരാക്കി കടത്തിവിടുന്നത്.
ഈ കള്ളത്തരത്തിന്റെ ഒരോ ബ്രാന്‍ഡ് നെയ്മുകള്‍ മാത്രമാണ് അക്ഷയതൃതീയയും,മറ്റു ദൈവീക മുഹൂര്‍ത്ത ദിനങ്ങളും !!!

ഇത്തരം വിഷയങ്ങള്‍ പത്രമാധ്യമങ്ങളിലൂടെ പ്രചരിക്കില്ല എന്നതിനാല്‍, നമ്മള്‍ പരസ്പര സംസാരത്തിലൂടെ കൈമാറുകയേ നിവൃത്തിയുള്ളു.